രചന: ശിവ
പാറുവായിരുന്നു അതു.. എനിക്ക് ആകെയുള്ള അറുത്തകൈക്കു ഉപ്പു തേക്കാത്ത ആളെന്ന് ഞാൻ മുൻപ് പറഞ്ഞിരുന്ന ശങ്കരമ്മാവ ന്റെയും ദാക്ഷായണി അമ്മായിയുടെയും മകളാണ്..
പാർവതി എന്നാണ് അവളുടെ മുഴുവൻ പേരെങ്കിലും ഞാൻ പാറു, കുറുമ്പി പാറു എന്നൊക്കെയാണ് വിളിക്കാറുള്ളത്..
അമ്മ കഴിഞ്ഞാൽ പിന്നെ ഈ ലോകത്ത് എന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ഒരേ ഒരാൾ ഇവൾ ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്..
ഞാനെന്ന് വെച്ചാൽ അവൾക്കു അത്രക്ക് ഇഷ്ടമാണ്..
അവളുടെ മുന്നിൽ വെച്ച് ആരും എന്നെ കളിയാക്കാനോ വഴക്ക് പറയാനോ ഒന്നും അവൾ സമ്മതിക്കില്ല.. അവർക്ക് ചുട്ട മറുപടി അവൾ കൊടു ക്കാറുണ്ട് ..
അതുകൊണ്ട് തന്നെ അമ്മാവനും അമ്മായിയും അവളുടെ കേൾക്കെ എന്റെ കുറ്റം പറയാൻ നിൽക്കാറില്ല.. ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്നു..
"ഹാ ഡി കുറുമ്പി പാറു നീയായിരുന്നോ..
പതിവില്ലാതെ ഇത്ര രാവിലെ കുളിച്ചൊരുങ്ങി നീ ഇതെങ്ങോട്ടാ ..
"അതുപിന്നെ അമ്പലത്തിൽ പോവാനാണ് ചേച്ചി .. അല്ലാതെ ഞാനൊക്കെ എവിടെ പോവാനാണ്.. ചേച്ചി വേഗം റെഡിയായി വാ നമുക്കൊരുമിച്ചു പോവാം..
"ങേ അമ്പലത്തിലോ നീയോ..
ഈശ്വരാ കാക്ക മലർന്നു പറക്കുമല്ലോ..
"അതെന്താ ചേച്ചി അങ്ങനെ പറഞ്ഞത്..
"അല്ല പതിവില്ലാത്ത ഓരോന്നു കണ്ടത് കൊണ്ടു പറഞ്ഞു പോയതാണ്..
സത്യം പറ നിന്റെ പരീക്ഷ അടുക്കാറായല്ലേ ..
"ഹഹഹ അതെങ്ങനെ ചേച്ചിക്ക് മനസ്സിലായി..
"അതൊക്കെ മനസ്സിലായി.. അല്ലാതെ നീയൊന്നും അമ്പലത്തിന്റെ പടി കേറാറില്ലല്ലോ..
"ഓ നമ്മൾ അല്ലെങ്കിലും ഭവതിയെ പോലെ അത്ര വലിയ കൃഷ്ണ ഭക്തയൊന്നും അല്ലേ..
"അത് നീ എനിക്കിട്ട് ഒന്നു താങ്ങിയത് ആണല്ലോടി..
"അതേ ചുമ്മാ കണകുണാ പറഞ്ഞോണ്ട് ഇരിക്കാതെ വേഗം എഴുന്നേറ്റു വാ ചേച്ചി..
"ഓ ഈ പെണ്ണിന്റെ ഒരു കാര്യം എന്നും പറഞ്ഞു ഞാൻ വേഗം പോയി കുളിച്ചു വന്നു..
അലമാരയിൽ നിന്നും നീല ബ്ലൗസും നീല കരയുള്ള സാരിയും എടുത്തു ഉടുത്തു..
അതിനു ചേർച്ച എന്നോണം അലമാര കണ്ണാടിയിൽ ഒട്ടിച്ചു വെച്ചിരുന്നു കുഞ്ഞു നീല വട്ട പൊട്ടും തൊട്ട് അലമാരയുടെ കണ്ണാടിയിൽ നോക്കി കണ്ണും എഴുതി പോവാൻ ഒരുങ്ങി റെഡിയായി വന്നു..
"എന്റെ പൊന്നോ എന്തൊരു ഗ്ലാമർ ആണെന്റെ ചേച്ചി കുട്ടിക്ക് .. ഈ വേഷത്തിൽ ആരു കണ്ടാലും ചേച്ചിയെ അപ്പോൾ കെട്ടിക്കൊണ്ടു പോവും..
"ഒന്നു പോടീ പെണ്ണേ മനുഷ്യനെ കളിയാക്കാതെ എന്നൊരു ചെറു ചിരിയോടെ ഞാൻ പറഞ്ഞു..
"ഞാൻ കളിയാക്കിയതൊന്നും അല്ല അന്നെന്റെ കൂട്ടുകാർ വന്നപ്പോഴും പറഞ്ഞിരുന്നു നിന്റെ ചേച്ചിയെ കാണാൻ എന്തൊരു ഭംഗിയാണെന്നു..
ചേച്ചിയുടെ കണ്ണിന്റെയും മുടിയുടെയും ഫാൻസ് ആണവർ..
ചേച്ചിയുടെ മുട്ടോളം നീണ്ട മുടി അഴകിന്റെ രഹസ്യംഎന്താണെന്നും ചോദിച്ചോണ്ട് എന്റെ പിന്നാലെ അവളുമാർ കുറെ നാളായി നടക്കുന്നു..
അതുകേട്ടു ഉള്ളിൽ എവിടെയോ സന്തോഷത്തിന്റെ പൂത്തിരി കത്തി..
"എന്നിട്ട് നീ എന്ത് പറഞ്ഞു..
"ഞാനെന്തു പറയാൻ ആണ്. ഞാൻ പറഞ്ഞു എന്നോടും ചേച്ചി അത് പറഞ്ഞു തന്നിട്ടില്ലെന്നു..
അതേ ചേച്ചി സത്യം പറ ചേച്ചി മുടിയിൽ എന്താ തേക്കുന്നത്..
"അതു ആഴ്ചയിൽ ഒരിക്കൽ കുളിക്കുന്ന നിന്നോട് പറഞ്ഞിട്ട് എന്തിനാടി..
"ഓ എനിക്കിട്ട് ആക്കിയല്ലേ.. വാ വാ സമയം പോവുന്നു വേഗം അമ്പലത്തിൽ എത്തണം എന്നും പറഞ്ഞവൾ ഇറങ്ങി.. പിന്നാലെ ഞാനും..
വഴി നീളെ അവളുടെ കോളേജിലെ വിശേഷങ്ങൾ ഇടതടവില്ലാതെ അവൾ പറഞ്ഞു കൊണ്ടിരുന്നു അതു കേട്ടു മൂളി കൊണ്ടു നടന്നു നടന്നു ഞങ്ങൾ അമ്പലത്തിനു മുന്നിലെ ആൽത്തറക്കു മുന്നിൽ എത്തിയതും ഞാനാകെ അത്ഭുതത്തോടെ നിന്നു പോയി.. സ്വപ്നത്തിൽ ഞാൻ കണ്ടത് പോലെ തന്നെ മുണ്ടും ഷർട്ടും അണിഞ്ഞു നന്ദൻ നിൽക്കുന്നു . കാറ്റിൽ പാറി പറക്കുന്ന മയിൽപ്പീലികൾക്കു പകരം ആലിലകൾ കാറ്റിൽ പാറി പറന്നു നിലത്തേക്ക് വീണു കൊണ്ടിരുന്നു.. ചുറ്റും തുമ്പികൾ പാറി പറന്നു കളിച്ചു നടക്കുന്നു.. അകലെ എവിടെയോ ഇരുന്നു ഇണയെ മാടി വിളിക്കുന്ന കുയിലിന്റെ കൂവൽ ശബ്ദം കേൾക്കാം.. ഒരു സ്വപ്നത്തിൽ എന്നപോലെ ഞാൻ നടന്നു നന്ദന്റെ അരികിലെത്തി..
ഞങ്ങളെ കണ്ടതും നന്ദൻ ഒന്നു പുഞ്ചിരിച്ചു..
"ഹാ മാഷ് ഇവിടുണ്ടായിരുന്നോ..
"മ്മം ഞാൻ വന്നു തൊഴുതു ഇറങ്ങിയതേ ഒള്ളൂ..
ഇതാരാ കൂടെ പുതിയൊരു അതിഥി..
"ഇത് പാറു.. എന്റെ അനിയത്തിയാണ്.
"നന്ദേട്ടൻ അല്ലേ എന്നെ മനസ്സിലായോ എന്ന പാറുവിന്റെ ചോദ്യം കേട്ട് ഇവൾക്കെങ്ങനെ മാഷിനെ അറിയാമെന്ന സംശയത്തിൽ ഞാൻ അവളെ നോക്കി..
"ഇല്ല.. എന്നെ എങ്ങനെ അറിയാം..
"നന്ദേട്ടാ ഞാൻ ചേട്ടന്റെ അനിയത്തി പൂജയുടെ കൂടെയാണ് പഠിക്കുന്നത്.. ഞാൻ ഒരിക്കൽ നിങ്ങളുടെ വീട്ടിലൊക്കെ വന്നിട്ടുണ്ട് പക്ഷേ അന്ന് ചേട്ടൻ അവിടെ ഇല്ലായിരുന്നു.. അന്ന് അവിടെ വെച്ചു ചേട്ടന്റെ ഫോട്ടോ കണ്ടൊരു ഓർമ്മയുണ്ട് അതാ ഞാൻ കണ്ട ഉടനെ ചോദിച്ചത് ..
"ഓ അപ്പോൾ അവൾ പറയാറുള്ള കോളേജ് ഗാങ്ങിന്റെ ലീഡർ പാറു താൻ ആണല്ലേ..
"അതേ അതേ.. അല്ല ചേട്ടനും ചേച്ചിയും തമ്മിൽ എങ്ങനെയാണ് പരിചയം..
"ഓ അതെന്റെ കൂട്ടുകാരൻ തന്റെ ചേച്ചിയെ പെണ്ണു കാണാൻ വന്നിട്ടുണ്ട് ആ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു.. പിന്നെ എന്നും അമ്പലത്തിൽ വെച്ചു ഞങ്ങൾ കാണാറുണ്ട്.. അങ്ങനെ അങ്ങനെ പരിചയപ്പെട്ടു അല്ലെടോ എന്നും പറഞ്ഞു മാഷെന്നെ നോക്കി..
ഞാനൊന്ന് പുഞ്ചിരിച്ചു...
"ഡി വാടി പെണ്ണെ പോയി തൊഴുതിട്ട് വരാമെന്നും പറഞ്ഞു ഞാൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് ക്ഷേത്രത്തിലേക്ക് കേറി..
ഉഷഃപൂജ കഴിഞ്ഞു ശ്രീകോവിൽ തുറന്നിരുന്നു.. മുന്നിൽ ഭക്തിയോടെ നിറ കണ്ണുകളുമായി നിൽക്കുന്നവർ ഉന്തും തള്ളും ഉണ്ടാക്കുന്നില്ല..
അമ്പലത്തിലെ തിരുമേനി നൽകിയ ഇലക്കീറിലെ ചന്ദനം നെറ്റിയിൽ തൊട്ടു കണ്ണനെ മതിവരുവോളം കണ്ണിൽ കണ്ടു തൊഴുതവർ അങ്ങനെ നിൽക്കുകയാണ്..
ഞാൻ പാറുവുമായി ശ്രീകോവിലിന് മുന്നിൽ എത്തി..
ചന്ദനത്തിന്റെ മാസ്മരിക ഗന്ധം എല്ലായിടത്തും തങ്ങി നിൽപ്പുണ്ട്..
ഞാൻ ശ്രീകോവിലിനു ഉള്ളിലേക്കു നോക്കി..
കത്തിയെരിയുന്ന വിളക്കിന്റെ നേരിയ വെട്ടത്തിൽ ചെറു പുഞ്ചിരിയോടെ നിൽക്കുകയാണ് നീല കാർവർണ്ണനായ എന്റെ കള്ള കണ്ണൻ..
ഞാൻ കണ്ണുകളടച്ചു പ്രാത്ഥിക്കാൻ തുടങ്ങിയതും കണ്മുന്നിൽ തെളിഞ്ഞത് മാഷിന്റെ പുഞ്ചിരിക്കുന്ന മുഖമായിരുന്നു.. ഇതെന്തു മറിമായം ഇതെന്താ ഇപ്പോൾ ഇങ്ങനെ കാണുന്നത്.. എന്നു വിചാരിച്ചു കൊണ്ട് വീണ്ടും കണ്ണുകൾ അടച്ചതും തെളിഞ്ഞു വന്നത് മാഷിന്റെ മുഖമായിരുന്നു..
എന്റെ കൃഷ്ണാ ഇതെന്തു പരീക്ഷണമാണെന്നും ചോദിച്ചു ഞാൻ കണ്ണനെ നോക്കിയപ്പോൾ ശ്രീകോവിലിനുള്ളിൽ ഒരു കുസൃതി ചിരിയോടെ കണ്ണൻ നിൽക്കുന്നതായി എനിക്ക് തോന്നി.. നിന്റെ കുസൃതി എന്റെ അടുത്ത് വേണ്ട എന്നു മനസ്സിൽ പറഞ്ഞുകൊണ്ട്
കണ്ണനെ കൺകുളിർക്കെ കണ്ടു തൊഴുതു തിരുമേനി തന്ന ഇലക്കീറിലെ ചന്ദനം നെറ്റിയിൽ ചാർത്തിയപ്പോള് ശരീരവും മനസ്സും ചന്ദനത്തിന്റെ കുളിരിൽ അലിഞ്ഞു ചേർന്നത് പോലൊരു സുഖമായിരുന്നു..
പ്രാത്ഥനയും കഴിഞ്ഞു ശ്രീ കോവിലിനു ചുറ്റും പ്രദക്ഷിണവും വെച്ചു നേരെ കൊടി മരത്തിനു മുന്നിലെ കൽവിളക്കിനു മുന്നിൽ എത്തി.. അവിടെ നിന്നു ഒരിക്കൽ കൂടി ഭഗവാനെ തൊഴുതു പുറത്തേക്കു ഇറങ്ങിയതും നന്ദൻ ആൽത്തറയിൽ ഇരിപ്പുണ്ടായിരുന്നു..
"ഹാ മാഷ് ഇതുവരെ പോയില്ലായി രുന്നോ..
"ഹേ ഇല്ല ഇവിടെ ഇങ്ങനെ കാഴ്ചകളും കണ്ട് കാറ്റും ഏറ്റു ഇരുന്നാൽ സമയം പോവുന്നത് അറിയില്ല..
"എന്നാൽ മാഷ് കാഴ്ചയും കണ്ട് കാറ്റും കൊണ്ടിരുന്നോളു ഞങ്ങൾ പോവാണെന്നും പറഞ്ഞു ഞാനും അവളും നടന്നു..
"ഹേ ഇനി ഇരിക്കുന്നില്ല ഞാനും വരുവാണെന്നും പറഞ്ഞു മാഷും ഞങ്ങളുടെ പിന്നാലെ വന്നു..
പാട വരമ്പിലൂടെ മുന്നിൽ പാറുവും തൊട്ട് പിന്നിൽ ഞാനും എനിക്ക് പിന്നിലായി മാഷും നടന്നു..
അതിനിടയിൽ ഞാൻ തട്ടി വീഴാൻ ഒരുങ്ങിയതും.. ഒന്നു നോക്കി നടക്കെന്റെ ലക്ഷ്മി എന്നും പറഞ്ഞു മാഷെന്നെ കേറി പിടിച്ചു.. ഞാൻ മാഷിന്റെ മുഖത്തേക്ക് നോക്കി..
മധുരമൂറുന്ന പുഞ്ചിരിയുമായി കണ്ണിൽ കുസൃതി നിറച്ചുള്ള മാഷിന്റെ നോട്ടം പതിച്ചത് എന്റെ ഹൃദത്തിലായിരുന്നു.. ഏതോ പൂർവ്വജന്മ ബന്ധം ഉള്ളിൽ അലയടിക്കുന്നത് പോലെ തോന്നി..
എനിക്കെന്താണ് സംഭവിക്കുന്നത് എന്നു പോലും മനസ്സിലാവാതെ ഞാൻ മാഷിനെ നോക്കി നിന്നു..
എന്റെ കൈയിൽ തട്ടി ചേച്ചി എന്ന് പാറു വിളിച്ചപ്പോളാണ് എനിക്ക് പരിസരബോധം വന്നത്..
മാഷിന്റെ മുഖത്തു അപ്പോഴും ആളെ മയക്കുന്ന വശ്യമായ ആ പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു..
നാണത്തിൽ പൊതിഞ്ഞൊരു പുഞ്ചിരി മാഷിന് തിരിച്ചു സമ്മാനിച്ചു കൊണ്ട് ഞാൻ നടന്നു..
റോഡിൽ എത്തിയതും മാഷിനോട് യാത്ര പറഞ്ഞു ഞങ്ങൾ തറവാട്ടിലേക്ക് നടന്നു..
"ചേച്ചി നന്ദേട്ടനെ കാണാൻ എന്താ ഭംഗി അല്ലേ.. കോളേജിൽ പഠിച്ചിരുന്ന കാലത്ത് ഒരുപാട് ആരാധികമാർ ഒക്കെയുള്ള അവിടത്തെ വലിയ സ്റ്റാർ ആയിരുന്നു നന്ദേട്ടൻ എന്നാണ് പൂജ പറഞ്ഞിട്ടുള്ളത് ..
അവൾ അവളുടെ ഏട്ടനെപറ്റി വെറുതെ തള്ളി മറിച്ചത് ആണെന്നാണ് ഞാൻ വിചാരിച്ചിരുന്നത് പക്ഷേ ആളെ നേരിട്ട് കണ്ടപ്പോൾ മനസ്സിലായി അവൾ പറഞ്ഞതൊക്കെ സത്യമാണെന്നു..
അവളത് പറയുമ്പോൾ എനിക്കെന്തോ പെട്ടെന്ന് ദേഷ്യം വന്നു..
"ഡി പെണ്ണെ കിടന്നു ചിലക്കാതെ വേഗം നടക്കാൻ നോക്ക് എനിക്ക് തറവാട്ടിൽ ചെന്നിട്ടു ഒരുപാട് പണിയുണ്ട്..
"അല്ലെങ്കിൽ ഞാൻ എന്തെങ്കിലും പറഞ്ഞു വന്നാൽ ഈ ചേച്ചി എപ്പോഴും ഇങ്ങനെയാണ് എന്നും പറഞ്ഞു അവളും ദേഷ്യം കേറി നടന്നു..
അങ്ങനെ ഞങ്ങൾ തറവാട്ടിലെത്തി അവൾ അവളുടെ തറവാട്ടിലേക്കു പോയി.. ഞാനെന്റെ പതിവ് ജോലി തിരക്കുകളിലേക്ക് ഇറങ്ങി..
-------------------------------------------------------
നേരം സന്ധ്യയായി പതിവ് പോലെ തന്നെ തുളസി തറയിൽ സന്ധ്യാദീപം വെച്ച് ഉമ്മറത്തു ഞാൻ ഇരുന്നു..
രാവിന്റെ രാജകുമാരൻ പുഞ്ചിരി തൂകി നീലാകാശത്തു ഇന്നും നിൽപ്പുണ്ട്..
മണവാളനെ കണ്ട പുതു മണവാട്ടിയെ പോലെ നിലാവ് കണ്ടു രാത്രി നാണിച്ചു നിൽക്കുന്നത് പോലെ എനിക്ക് തോന്നി..
അവരുടെ പ്രണയം കണ്ടു അസൂയയയിൽ കൺചിമ്മി നിറയെ നക്ഷത്ര പൂക്കളും ആകാശത്തു വിരിഞ്ഞു നിൽപ്പുണ്ടായിരുന്നു..
കിളികൾ കലപില ശബ്ദം ഉണ്ടാക്കി കൊണ്ടിരുന്നു..
ചെമ്പക പൂക്കളുടെ ഉന്മാദഗന്ധവു മായി തണുത്ത കാറ്റെന്നെ തഴുകി കടന്നു പോയി..
ഒരു നിമിഷം എന്റെ ചിന്തകൾ വൃന്ദാവനത്തിലേക്ക് പോയി.. പ്രണയപാരാവശ്യത്താൽ വൃന്ദാവനത്തിൽ കണ്ണനെ കാത്തിരുന്ന രാധയുടെ മുഖം എന്റെ മുന്നിൽ തെളിഞ്ഞു വന്നു.. കറുകറുത്ത മുട്ടോളം നീണ്ട കാർകൂന്തൽ പിന്നി അതിൽ ഉന്മാദ ഗന്ധം പരത്തുന്ന കാട്ടു മുല്ല പൂക്കൾ ചൂടിയിരിക്കുന്നു..
കരിമഷി എഴുതിയ അവളുടെ കണ്ണുകൾ കണ്ണനെ തേടുകയാണ്..
തന്റെ പ്രിയതമന്റെ ഓടകുഴൽ നാദത്തിനായി അവളുടെ ചെവികൾ കാതോർത്തു..
അവരുടെ പ്രണയത്തിനു സാക്ഷിയാവാൻ എന്നോണം നിലാവും നക്ഷത്രങ്ങളും ആകാശത്തു ഒരുങ്ങി കഴിഞ്ഞിരിക്കുന്നു..
നിറയെ ചെന്താമരകൾ പൂവിട്ടു നിൽക്കുന്ന തീർത്ഥകുളത്തിലൂടെ അരയന്നങ്ങൾ നീന്തി തുടിക്കുകയാണ്..
രാത്രിയെന്നത് മറന്നു കിളികൾ പാട്ടു മൂളി തുടങ്ങി.. ഇടയിൽ കാറ്റ് എന്തോ സ്വകാര്യം രാധയുടെ കാതുകളിൽ മൊഴിഞ്ഞു കടന്നു പോയി..
നേരം ഏറെ കഴിഞ്ഞിട്ടും തന്റെ പ്രിയതമൻ വരാതായതോടെ അവളുടെ മുഖത്തു കാത്തിരുപ്പ് വിഫലമായതിന്റെ നിരാശ പടർന്നു എങ്കിലും അവളുടെ മനസ്സ് അപ്പോഴും പ്രണയ പരാവശ്യത്താൽ തുടിച്ചു കൊണ്ടിരിക്കുകയായിരുന്നു..
ഒരിക്കലും സ്വന്തമാക്കാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും രാധാക്കെങ്ങനെ കൃഷ്ണനെ ഇത്രമേൽ അഗാധമായി പ്രണയിക്കാനായി..
എനിക്കും രാധയായി മാറാൻ കഴിഞ്ഞിരുന്നു എങ്കിൽ..
രാധയെ പോലെ ഒന്നും മോഹിക്കാതെ പ്രണയിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന ചിന്തയിൽ നിന്നും
എന്റെ മനസ്സ് നൂലില്ല പട്ടം കണക്കെ പാറി പറന്നു തുടങ്ങി..
കണ്ണന് പകരം പതിയെ പതിയെ
മാഷിന്റെ പുഞ്ചരിക്കുന്ന മുഖം എന്റെ മനസ്സിൽ തെളിഞ്ഞു വന്നു കൊണ്ടിരുന്നു..
മാഷിന്റെ കണ്ണുകൾക്ക് എന്തോ കാന്തിക ശക്തിയുണ്ട്.. ആ നോട്ടമെന്റെ മനസ്സിൽ നിന്നു പോവുന്നെ ഇല്ല..
ഏതോ പൂർവ്വജന്മ ബന്ധം ഉള്ളത് പോലെ ആ കണ്ണുകൾ ഇപ്പോൾ എന്റെ ഹൃദയത്തിലേക്ക് ആഴ്ന്നു ഇറങ്ങിയിരി ക്കുന്നു... മാഷിന്റെ മനസ്സിൽ മറ്റാരോ ഉണ്ടെന്ന് അറിഞ്ഞിട്ടും എനിക്കെന്തോ ഒരിഷ്ടം മാഷിനോട് തോന്നി തുടങ്ങിയിരിക്കുന്നു..
മാഷിനെ കുറിച്ച് ഓരോന്ന് ചിന്തിക്കുമ്പോൾ എന്റെ ഹൃദമിടിപ്പുകൾക്കു വേഗം കൂടുന്നത് പോലെ തോന്നി.. എന്റെ ഉള്ളിൽ ഉണ്ടായിരുന്ന സങ്കടങ്ങൾ എല്ലാം സന്തോഷത്തിന് വഴി മാറിയത് പോലെ.. ഇതുവരെ സഞ്ചരിക്കാത്ത വഴികളിലൂടെ എന്തോ തേടി എന്റെ മനസ്സ് സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു..
ഇത്രയും നാൾ തോന്നാത്തൊരടുപ്പമാണ് മാഷിനോട് എനിക്ക് ഇപ്പോൾ തോന്നി തുടങ്ങിയിരിക്കുന്നത് ..
എന്റെ ചുണ്ടിൽ ചെറു പുഞ്ചിരി വിടർന്നു.. ചുവന്നു തുടുത്തെന്റെ കവിളത്തു നാണത്തിന്റെ നുണക്കുഴി പൂവ് വിരിഞ്ഞു.. ആ ഒരു നിമിഷം കൊണ്ട് ഞാൻ നന്ദന്റെ രാധയായി മാറുകയായിരുന്നു എന്നു തോന്നി പോയി..
എനിക്ക് ചുറ്റും അപ്പോൾ പ്രണയത്തിന്റെ വർണ്ണശലഭങ്ങൾ പാറി പറന്നു കളിച്ചു കൊണ്ടിരുന്നു.
സ്വപ്നങ്ങളുടെ വർണ്ണ ചിറകു വിടർത്തി ഒരു നിശാ ശലഭമായി എന്റെ മനസ്സും പാറി പറന്നു തുടങ്ങിയപ്പോഴേക്കും എന്റെ കണ്ണുകൾ മുറ്റത്തു നിന്ന ചെമ്പക മരചുവട്ടിലേക്ക് പോയി..
ചെമ്പക മരത്തിനു പിന്നിലെ ഇരുളിൽ നിറയെ മിന്നാ മിനുങ്ങുകൾ പാറി കളിക്കുന്നു.. മിന്നാമിനുങ്ങുകളുടെയാ നുറുങ്ങു വെട്ടത്തിൽ നിന്നും നിലാവെളിച്ചത്തിലേക്കു ഒരാൾ എന്റെ മുന്നിലേക്ക് നടന്നു വന്നു കൊണ്ടിരുന്നു..