വൃന്ദാവനം (part-2)

Valappottukal Page



രചന: ശിവ

അമ്പലത്തിൽ നിന്നും നേരെ ഞാൻ പോയത് അമ്പലത്തിന്റെ കിഴക്ക് വശത്തുള്ള അമ്പലകുളത്തിനു അടുത്തേക്കാണ്.. 
അവിടെ നിറയെ താമരകൾ പൂവിട്ടു നിൽപ്പുണ്ടായിരിക്കും.. 
മനോഹരമായ ആ കാഴ്ചയും കണ്ടു കൊണ്ട് കുളത്തിന്റെ കൽപ്പടവിൽ കുറച്ചു സമയം എന്നും ഞാൻ ഇരിക്കാറുണ്ട്.. 
നടന്നു നടന്നു  ഞാൻ അമ്പല കുളത്തിന്റെ അടുത്തെത്തി.. 
പതിയെ പതിയെ ഞാനാ കൽപ്പടവുകൾ ഇറങ്ങി താഴത്തെ പടവിൽ ചെന്നു വെള്ളത്തിലേക്ക് കാലുകൾ വെച്ചിരുന്നു.. 

പകലിന്റെ രാജകുമാരനായ പ്രഭാതസൂര്യനെ പ്രണയിച്ചു കൊണ്ടു നിറയെ താമരകൾ കുളത്തിൽ വിരിഞ്ഞു നിൽപ്പുണ്ട്.. 
കാമുകന്റെ കരസ്പർശം ഏറ്റു  നാണത്താൽ മുഖം ചുവന്ന കാമുകിയെ പോലെ പ്രഭാതകിരണങ്ങൾ ഏറ്റു  ചെന്താമര പൂക്കൾ നാണത്താൽ കൂടുതൽ ചുവന്നിരുന്നു.. 
ഇനി സൂര്യാസ്തമയം വരെ അവരുടേത് മാത്രമായൊരു ലോകമാണ്..  പരാതികളും പരിഭവങ്ങളു മൊക്കെ  നിറഞ്ഞ അവരുടെ പ്രണയാർദ്ര നിമിഷങ്ങളാണ്.. 
ഒരു നിമിഷം എങ്കിലും ആ താമരകളിൽ ഒന്നായി മാറാൻ എനിക്കും  കഴിഞ്ഞിരുന്നു എങ്കിലെന്നു വെറുതെ ഞാനും മോഹിച്ചു പോയി.. 
കാരണം പ്രണയിക്കാനും പ്രണയിക്കപ്പെടാനും ഉള്ള ഭാഗ്യം ഇന്നേവരെ എനിക്ക് ഉണ്ടായിട്ടില്ല.. 
സങ്കടങ്ങൾ കുന്നു കൂടുമ്പോൾ നെഞ്ചോടു ചേർത്ത് പിടിക്കാൻ ഒരാളുണ്ടാവുക എന്നത് ഒരു ഭാഗ്യം തന്നെയാണ് പക്ഷേ അതിനുള്ള ഭാഗ്യം പോലുമില്ലാത്ത ഭാഗ്യദോഷിയായൊരു പെണ്ണാണ് ഞാൻ എന്നോർത്തപ്പോൾ ചെറുതായി എന്റെ കണ്ണുകളിൽ നിന്ന് കണ്ണീർ പൊടിഞ്ഞു.. 
ഒരുപാട് ഒന്നും ഓർക്കാതെയും സ്വപ്നം കാണാതെയും ഇരിക്കുന്നത് തന്നെയാണ് എനിക്ക് നല്ലതെന്നു മനസ്സിൽ പറഞ്ഞു കൊണ്ട് പടവിൽ കിടന്നിരുന്ന ചെറുമണി കല്ലുകൾ പെറുക്കി ഞാൻ കുളത്തിലേക്ക് ഇട്ടതും ചെറു മീനുകൾ തീറ്റി ആണെന്ന് കരുതിയിട്ടാവണം അങ്ങോട്ടേക്ക്  ഓടിയടുത്തു.. 
ഞാൻ കളിപ്പിച്ചു എന്നു മനസ്സിലായത് കൊണ്ടാവണം അവരുടെ പ്രതിഷേധം അവരെന്റെ കാലിൽ തീർത്തു തുടങ്ങി.. 
അതു ആസ്വദിച്ചു കൊണ്ടു ഇരുന്നപ്പോളേക്കും ലക്ഷ്മി എന്നൊരു വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കുമ്പോൾ പുഞ്ചിരിയോടെ എന്റെ അരികിലേക്ക് നടന്നു വരുന്ന  നന്ദനെ കണ്ടു.. 
"ലക്ഷ്മി.. ലക്ഷ്മിക്ക്  എന്നെ മനസ്സിലായോ..
"ഹാ ഓർമ്മയുണ്ട് മാഷേ അന്നെന്നെ പെണ്ണു കാണാൻ വന്ന രാജീവേട്ടന്റെ കൂടെ വന്ന ആളല്ലേ.. 

"ഹാ അതേ അപ്പോൾ എന്നെ മറന്നിട്ടില്ല അല്ലേ.. 
"മറവി വരാനും മാത്രം അത്ര പ്രായം ഒന്നും എനിക്ക് ആയിട്ടില്ല മാഷേ..
"ഓ തമാശ.. മ്മം.. ലക്ഷ്മിയുടെ കല്യാണം പിന്നെ ഒന്നും ശെരിയായില്ല അല്ലേ.. 
"ഓ അതൊക്കെ എവിടെ ശെരിയാവാനാണു മാഷേ..  എല്ലാവരും മാഷിന്റെ കൂട്ടുകാരനെ പോലെ തന്നെ സ്ത്രീധനം മോഹിച്ചു വരുന്നവരാണ്.. 
"മ്മ്മം..  അന്ന് അതിന്റെ പേരിൽ ഞാൻ അവനോട് വഴക്കിട്ടിരുന്നു.. 
"വഴക്കോ..  എന്തിന്..? 
"അതുപിന്നെ എനിക്ക് ഈ സ്ത്രീധനത്തിൽ ഒന്നും ഒട്ടും താല്പര്യമില്ല.. 
പെണ്ണിന്റെ അച്ഛനോ അമ്മയോ എല്ലുമുറിയെ പണിതു വിയർപ്പൊഴുക്കി സമ്പാദിച്ച കാശ് എന്ത് അവകാശത്തിന്റെ പേരിൽ ആണ്  സ്ത്രീധനമായി ചോദിക്കുന്നത്.. 
അതിന്റെ ലോജിക് മാത്രം എനിക്ക് ഇനിയും മനസ്സിലായിട്ടില്ല.. 
"ഇതൊക്കെ പറയാൻ കൊള്ളാം മാഷേ.. മാഷ് കെട്ടുമ്പോൾ കാണാം.. 
"അതെന്താ ലക്ഷ്മി അങ്ങനെ പറഞ്ഞത്.. 
"ഇതിനേക്കാൾ വലിയ ഡയലോഗ് അടിച്ചവരൊക്കെ വലിയ സ്ത്രീധനം വാങ്ങി തന്നെയാണ് കെട്ടിയത്.. 
"ഓ എന്നു വെച്ച് എല്ലാവരും അങ്ങനെ ആവണം എന്നുണ്ടോ.. 
"എന്നു ഞാൻ പറയില്ല..  എന്റെ കണ്മുന്നിൽ  ഞാൻ കണ്ട അനുഭവങ്ങൾ വെച്ച് പറഞ്ഞതാണ്..  എന്തായാലും ഇനി  ഇതും പറഞ്ഞു  മാഷിനോട് തർക്കിക്കാൻ ഞാനില്ല എനിക്ക് പോവാൻ സമയമായി ഞാൻ പോണു .. 
"ഓ ശെരി ശെരി.. അതേ ഇത്രയും നേരം സംസാരിച്ചിട്ടും ലക്ഷ്മി എന്റെ പേര് പോലും ചോദിച്ചില്ലല്ലോ.. 
"അതുപിന്നെ മാഷിന്റെ പേര് നന്ദൻ എന്നാണെന്നു എനിക്കറിയാം  അതുകൊണ്ടാണ് ചോദിക്കാഞ്ഞത്.. 
"ങേ എന്റെ പേര് എങ്ങനെ അറിയാം.. 
"അതുപിന്നെ അന്ന് പെണ്ണു കാണാൻ വന്നപ്പോൾ പറഞ്ഞിരുന്നല്ലോ..
"ഓ അപ്പോൾ അതും ഓർത്തു വെച്ചേക്കുവാണല്ലേ.. 

"മനപ്പൂർവം ഓർത്തു വെച്ചത് ഒന്നുമല്ല ചില പേരുകൾ ഒരു തവണ കേട്ടാൽ പിന്നെ മനസ്സിൽ നിന്നും അത്ര പെട്ടെന്ന് പോവില്ല.. പോരാത്തതിന് മാഷിനെ ഞാൻ ഇടക്കിടെ കാണാറുമുണ്ടല്ലോ.. 
"മ്മം..  എന്തോ ഈ ക്ഷേത്രത്തോടും ഇവിടത്തെ കൃഷ്ണനോടും വല്ലാത്തൊരിഷ്ടമാണ്.. 
ഈ വയലും ആൽത്തറയും പിന്നെ ഈ  ചെന്താമര പൂക്കൾ വിരിഞ്ഞു  നിൽക്കുന്ന അമ്പലകുളവും എല്ലാം എന്റെ മനസ്സിൽ അങ്ങ് കേറി പറ്റി..
അതുകൊണ്ട് ഇതൊക്കെ കാണാതിരിക്കാൻ എനിക്കാവുന്നില്ല അതാണ് എന്നും ഇങ്ങു പോരുന്നത്.. 
"മ്മം.. ശെരി മാഷേ എന്നാൽ പിന്നെ ഞാൻ പോവാണ്  നമുക്ക് പിന്നെ എപ്പോഴെങ്കിലും കാണാം എന്നും പറഞ്ഞു ഞാൻ അവിടെ നിന്നും എഴുന്നേറ്റു കൽപടവുകൾ മെല്ലെ കേറി തുടങ്ങി.. എന്റെ പിന്നാലെ മാഷും വന്നു.. 
"അതേ മാഷേ.. മാഷിനോട് ഞാൻ  ഒരു  കാര്യം ചോദിച്ചോട്ടെ .. വേറൊന്നും വിചാരിക്കല്ലേ..
"ഇല്ല ചോദിച്ചോളൂ.. 
 "അതുപിന്നെ മാഷ് ഏതോ ഒരു പെണ്ണിനെ വളക്കാൻ കൃഷ്ണനോട്‌ ഐഡിയ ചോദിക്കുന്നത് കേട്ടു, ഏതാ മാഷേ ആ പെണ്ണ്.. 
എന്റെ ചോദ്യം കേട്ടു മാഷിന്റെ ചുണ്ടിൽ ഒരു കള്ള ചിരി വിടർന്നു.. 
"അതുപിന്നെ അതിപ്പോൾ പറഞ്ഞാൽ ശെരിയാവില്ല.. സമയം ആവട്ടെ ഞാൻ പറയാം..
"ഓ ആയിക്കോട്ടെ മാഷേ എന്നും പറഞ്ഞു മാഷിന് ചെറിയൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട്   അവിടെ നിന്നും ഞാൻ  നടന്നു നീങ്ങി .. 
--------------------------------------------------------
അമ്പലത്തിൽ നിന്നും നടന്നു  ഞാൻ തറവാട്ടിൽ  എത്തി.. 
"മീനാക്ഷി കുട്ട്യേ ഞാൻ വന്നൂട്ടോ.. 
"ഹാ വന്നോ എന്റെ കാന്താരി.. മോളെ  നിന്നോട് ഞാൻ പറഞ്ഞതല്ലേ കുറുമ്പിയുടെ കുഞ്ഞിനെ അതിന്റെ അടുത്ത് നിന്നും മാറ്റി കെട്ടണം എന്ന്  നീ അതുകേട്ടില്ലല്ലോ .. 

"അതിനിപ്പോൾ എന്താ ഉണ്ടായേ അമ്മേ.. 
"എന്താ ഉണ്ടായതെന്നോ നീ നോക്ക് കുറുമ്പിയെ കറന്നു കഴിഞ്ഞപ്പോൾ ദേ  പാൽ കുറവാണ്..  ഇതിപ്പോൾ  എല്ലാർക്കും കൊടുക്കാൻ തികയില്ല.. 
"അതു സാരമില്ല അമ്മേ അൽപ്പം വെള്ളം ചേർത്തങ്ങു കൊടുക്കാം.. 
"പോടീ അവിടുന്ന് എന്നിട്ടു വേണം ഉള്ള വരുമാനം ഇല്ലാത്തവാൻ.. 
"ആരും ഒന്നും അറിയാൻ പോവുന്നില്ല   ഇങ്ങു കൊണ്ടുവാ ഞാൻ കൊണ്ട് പോയി കൊടുത്തോളം എന്നും പറഞ്ഞു പാൽ വാങ്ങി വെള്ളം ചേർത്ത് ഓരോരുത്തർക്കും കൊടുക്കാൻ പാകത്തിന് ആക്കി വെച്ചു.. 
ഒരു കാര്യം പറയാൻ വിട്ടു പോയിരുന്നു അമ്മക്ക് വയ്യാതായതിൽ പിന്നെ വീട്ടു ജോലിക്ക് ഒന്നും പോവാറില്ല ഇവിടിപ്പോൾ രണ്ടു പശുവുണ്ട് അതിന്റെ പാലു വിറ്റും പിന്നെ ഞാൻ തുണി തുന്നി കൊടുത്തുമൊക്കെയാണ്   ഞങ്ങൾ ഇപ്പോൾ  പട്ടിണിയില്ലാതെ  ജീവിച്ചു പോവുന്നത് തന്നെ.. 

എന്തായാലും ഇനി താമസിച്ചാൽ ശെരിയാവില്ല ഞാൻ ഈ പാല് കൊണ്ടു പോയി കൊടുക്കട്ടെ.. 
"വിലാസിനിയേടത്തിയെ ദേ പാല്.. 
"ഡി കൊച്ചേ ഇന്നത്തെ പാലിന് എന്താടി ഒരു കൊഴുപ്പില്ലാത്തതു.. മൊത്തോം വെള്ളം ആണെന്ന് തോന്നുന്നല്ലോ.. 
"അതുപിന്നെ പശു ഇന്നലെ ഒരുപാട് വെള്ളം കുടിച്ചിരുന്നു അതുകൊണ്ടാവും പാല് അങ്ങനെ ഇരിക്കുന്നത്.. 
"ങേ പശു വെള്ളം കൂടുതൽ കുടിച്ചെന്നും പറഞ്ഞു പാല് ഇങ്ങനെ ആവുമോ.. 
"പിന്നെ ആവും ഇതൊക്കെ നിങ്ങൾ ഇനി എന്നു പഠിക്കാനാണ് എന്റെ വിലാസിനിയേടത്തിയെ എന്നും പറഞ്ഞു ഞാൻ അവിടെ നിന്നും വേഗം സ്ഥലം കാലിയാക്കാൻ നോക്കി.. 
"അതേ മോളെ ഇന്നു പാല് കുറവാണെന്നു അമ്മ പറഞ്ഞിരുന്നു..  എന്തായാലും നീ ഇതിൽ വെള്ളം ചേർത്തത് നന്നായി ഇനിയിപ്പോൾ എനിക്ക് ചേർക്കേണ്ടി വരില്ലല്ലോ എന്നും പറഞ്ഞു വിലാസിനിയേടത്തി ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി..
ചമ്മിയ മുഖവുമായി ഒരു അവിഞ്ഞ ചിരി കൂടി മുഖത്തു വരുത്തി അവിടെ നിന്നും ഞാൻ വേഗം സ്ഥലം കാലിയാക്കി..

"അമ്മേ അമ്മ എന്ത് പണിയാണ് കാണിച്ചത്..  അമ്മ അവരോടൊക്കെ പറഞ്ഞിരിന്നോ പാല് കുറവാണെന്നു വെറുതെ വെള്ളം ചേർത്ത് ഞാനാകെ ചമ്മി  പോയി.. 
"എന്റെ മോളെ ഇതു ഈശ്വര നായിട്ട്  നമുക്ക് തന്ന  വരുമാന മാർഗം ആണ് ഇതിൽ കള്ളത്തരം കാണിച്ചാൽ ആ ഭഗവാൻ പോലും നമ്മളോട് പൊറുക്കില്ല.. 
"പിന്നെ നമ്മൾ പാലിൽ വെള്ളം ചേർക്കുന്നതും നോക്കിയിരിക്കൽ ആണല്ലോ ഭഗവാന്റെ പണി ഒന്നു പോ അമ്മേ.. 
"ഓ അല്ലെങ്കിലും നിന്നോട്  ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ലെടി എന്നും പറഞ്ഞു ദേഷ്യപ്പെട്ടു കൊണ്ട് അമ്മ അകത്തേക്ക് കേറി പോയി.. 
"അയ്യേ എന്റെ മീനാക്ഷി മോള് പിണങ്ങിയോ എന്നും ചോദിച്ചു അമ്മയുടെ പിന്നാലെ പോയി കെട്ടിപിടിച്ചൊരുമ്മ കൊടുത്തു..
---------------------------------------------------------

"മോളെ നേരം സന്ധ്യയായത് കണ്ടില്ലേ വേഗം പോയി  തുളസി തറയിൽ വിളക്ക് വെക്കാൻ നോക്ക്.. 
"ഓ എന്റെ അമ്മേ ഞാനിപ്പോൾ കുളിച്ചു കേറി വന്നതല്ലേ ഉള്ളൂ ഞാൻ വെച്ചോളം അമ്മ ഒന്നു സമാധാനപ്പെടു എന്നും പറഞ്ഞു ഞാൻ പോയി വിളക്ക് കത്തിച്ചു കൊണ്ട് വന്നു തുളസി തറയിൽ വെച്ചു..  തുളസി തറക്കു ചുറ്റുംവലം വെച്ചു പ്രാത്ഥിച്ചു.. 
എന്നും സന്ധ്യക്ക്‌ തുളസിത്തറയിൽ വിളക്ക്  വെച്ചു വലം വെച്ചു വന്നാൽ പിന്നെ  ആ വീട്ടിൽ സങ്കടങ്ങൾ ഉണ്ടാവില്ല എന്നൊക്കെയാണ്  പറയാറുള്ളതെങ്കിലും ഇവിടെ സങ്കടങ്ങൾക്ക്  ഒരു കുറവും ഉണ്ടായിട്ടില്ല എന്നതാണ് സത്യം.. 
മാനത്തു രാവിന്റെ രാജകുമാരൻ പൂർണ്ണ രൂപത്തിൽ പുഞ്ചിരി തൂകി  നിൽപ്പുണ്ട്..  
ചുറ്റുപാടും ആ നിലാവെളിച്ചത്തിൽ മുങ്ങി കുളിച്ചു നിൽക്കുകയാണ്.. രാവിന്റെ രാജകുമാരനെ പ്രണയിച്ച ആമ്പൽ പൂക്കളിപ്പോൾ പ്രണയാദ്ര മനസ്സുമായി പാടത്തെ കാറ്റിൽ തത്തി കളിക്കുന്നുണ്ടാവും.. 

 നീലാകാശത്തു നിറയെ നക്ഷത്രങ്ങൾ അവരുടെ പ്രണയം കണ്ടു  നാണത്താൽ കൺചിമ്മി നിൽക്കുകയാണ്.. 
വടക്കേ പുറത്തെ മാവിൻ കൊമ്പിൽ ചേക്കേറാനായി വഴക്കിടുന്ന  പക്ഷികളുടെ കലപില ശബ്ദം കേൾക്കാം.. 
അമ്പിളി വെട്ടം പോരാ എന്ന് പറഞ്ഞു കൊണ്ടാവും 
പറമ്പിലൂടെ കുറേ മിന്നാമിനുങ്ങൾ പാറി പറന്നു നടപ്പുണ്ട്..  
 ചെമ്പക പൂവിന്റെ  ഉന്മാദ സുഗന്ധമുള്ള നേർത്ത തണുപ്പുള്ള കാറ്റും വീശി തുടങ്ങിയിരിക്കുന്നു.. 
രാത്രിയുടെ സൗന്ദര്യം ആസ്വദിച്ചു  കൊണ്ട്  സമയം പോയതറിയാതെ സ്വയം  അതിൽ അലിഞ്ഞു ചേർന്നു  നിൽക്കുമ്പോഴാണ് അമ്മ വിളിച്ചത് .. 
പിന്നെ അവിടെ നിന്നും ഞാൻ നേരെ അമ്മയുടെ അടുത്തേക്ക് പോയി.. പിന്നെ രാത്രിയിലത്തേ ക്കുള്ള ഭക്ഷണം ഒക്കെ തയ്യാറാക്കി കഴിച്ചു കിടക്കാൻ തുടങ്ങി.. 
എന്റെ കൈയിൽ ഒരു കൊച്ചു കൃഷ്ണ വിഗ്രഹം ഉണ്ട്, കുട്ടിക്കാലത്തു ഗുരുവായൂർ പോയപ്പോൾ വാങ്ങിയതാണ്, എന്നും രാവിലെ എഴുന്നേൽക്കുമ്പോഴും രാത്രി കിടക്കും മുൻപും അതിനോട് എന്തെങ്കിലും ഒക്കെ പറഞ്ഞു വഴക്ക് കൂടിയിട്ടേ ഞാൻ കിടക്കാറുള്ളൂ.. 
പതിവ് പോലെ തന്നെ  കൃഷ്ണ വിഗ്രഹത്തിന്റെ മുന്നിൽ പോയി നിന്നു ഓരോന്നു പറഞ്ഞു  വഴക്ക് കൂടിയിട്ട് ഞാൻ കിടന്നു.. 
പതിയെ പതിയെ ഉറക്കത്തിലേക്കു വഴുതി വീണു.. 
-------------------------------------------------------

ചെഞ്ചുവപ്പ് അണിഞ്ഞു അസ്തമിക്കാൻ വെമ്പുന്ന സൂര്യനെ കണ്ടു കൊണ്ടു മഞ്ഞിൻ രാവിന്റെ മഞ്ഞിൻ പുതപ്പണിയാൻ കൊതിച്ചു നിൽക്കുന്ന നെൽചെടികൾക്കിടയിൽ കൂടി പാട വരമ്പത്തു കൂടി ഞാൻ നടക്കുകയാണ്..  എന്റെ കാൽകൊലുസിൻ നാദം കേട്ടാവണം പാടത്തു നിന്നും നിറയെ മയിലുകൾ മയിൽപ്പീലികൾ പൊഴിച്ചു കൊണ്ട് പറന്നു പോയി.. 
പക്ഷേ ആ മയിൽപ്പീലികൾ കാറ്റിൽ പാറി പറന്നു നൃത്തം വെച്ചു കളിക്കുകയാണ്..
അതിലൊരു മയിൽപ്പീലിയായി മാറാൻ എന്റെ മനസ്സും വെമ്പൽ കൊണ്ടു നിന്ന നേരം അകലെ എവിടെ നിന്നോ ഒരു ഓടകുഴൽ നാദം കേട്ടു ഞാൻ നോക്കുമ്പോൾ കണ്ടത് .. പാടത്തിന് അക്കരെ ദീപാലങ്കാരത്തിൽ മുങ്ങി കുളിച്ചു നിൽക്കുന്ന ക്ഷേത്രത്തെയാണ്.. 
അതിനു മുന്നിൽ നിൽക്കുന്ന മുത്തശ്ശി ആലിന്റെ ചുവട്ടിലെ ആൽത്തറക്കു മുന്നിൽ മുണ്ടും ഷർട്ടും അണിഞ്ഞൊരാൾ നിൽപ്പുണ്ട്..  ആളുടെ മുഖം വ്യക്തമായി കാണാൻ കഴിയുന്നില്ല.. 
അതാരാണെന്ന് അറിയാനായി ഞാൻ വേഗം അങ്ങോട്ടേക്ക് നടന്നു തുടങ്ങി..  പതിയെ പതിയെ ആ മുഖം എന്റെ കണ്മുന്നിൽ  തെളിഞ്ഞു വന്നു.. നെറ്റിയിൽ ചുവന്ന കുറിയും ചെറു പുഞ്ചിരിയുമായി  കുസൃതി നിറഞ്ഞ കണ്ണുകളുമായി  നിന്നത് മറ്റാരുമായിരുന്നില്ല..  നന്ദനായിരുന്നു അത് ..   ഞാൻ നന്ദനെ തന്നെ നോക്കി നിന്നു.. അതുകണ്ടു പുഞ്ചരിയോടെ നന്ദൻ എന്റെ അരികിലേക്ക് വന്നു.. 
പെട്ടെന്ന് അമ്മയുടെ വിളി കേട്ട് ഞാൻ ഞെട്ടി ഉണർന്നു ചുറ്റും നോക്കി.. 
ശ്ശെടാ  ഞാൻ അപ്പോൾ  ഇത്രയും നേരം കണ്ടത് സ്വപ്നം ആയിരുന്നോ.. 

ഇതിപ്പോൾ മിക്കവാറും ദിവസങ്ങളിൽ  ഈ സ്വപ്നം തന്നെ  കാണാറുണ്ടല്ലോ..
എന്താ എന്റെ കൃഷ്ണ നിന്റെ ഉദ്ദേശം..   എന്തിനാ ഇങ്ങനെ ഓരോ സ്വപ്നം കാണിച്ചു  മനുഷ്യനെ വെറുതെ  വട്ടാക്കുന്നത്.. 

എന്നും പറഞ്ഞു മുടി മാടി കെട്ടി ഞാൻ  എഴുന്നേൽക്കാൻ തുടങ്ങിയപ്പോളാണ് 
"ഡി ചേച്ചി നീ ഇതുവരെ എഴുന്നേറ്റില്ലേ  എന്നൊരു ചോദ്യം കേട്ടു ഞാൻ തിരിഞ്ഞു നോക്കിയത്..
കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top