രചന: ശിവ
"ലക്ഷ്മി ഇതാണെന്റെ പെങ്ങൾ പൂജ .. ഞാൻ അമ്പലത്തിലേക്ക് ആണെന്ന് അറിഞ്ഞപ്പോൾ പരീക്ഷ അടുത്തു എന്നും പറഞ്ഞു ഭഗവാനെ മണിയടിക്കാൻ ഇവളും കൂടെ കൂടി..
"ഓ പെങ്ങൾ ആയിരുന്നല്ലേ എന്നു മനസ്സിൽ പറഞ്ഞു കൊണ്ടു ഞാൻ ദീർഘനിശ്വാസം വിട്ടു..
പൂജ എന്നെ നോക്കി ചിരിച്ചു.
"ചേച്ചിയെപറ്റി ചേട്ടൻ പറഞ്ഞിട്ട് ഉണ്ട് പിന്നെ പാർവതിക്ക് ആണെങ്കിൽ ചേച്ചിയെ പറ്റി പറയാനേ നേരം ഉള്ളൂ...
അതുകേട്ടു ഞാനും ചെറു പുഞ്ചിരി പാസ്സാക്കി..
"ശെരിയെന്നാൽ നിങ്ങൾ സംസാരിക്ക് ഞാൻ പോയി കൃഷ്ണനെ മണിയടിച്ചിട്ട് വരാം എന്നു പറഞ്ഞവൾ പോയി..
മാഷെന്നെ നോക്കിയൊന്നു ചിരിച്ചു..
"അല്ല മാഷേ.. മാഷ് ഇതെവിടായിരുന്നു..
കണ്ടിട്ട് ഒരാഴ്ച്ച ആയല്ലോ..
"ഒന്നും പറയേണ്ട ലക്ഷ്മി ഞാൻ അമ്മയുടെ തറവാട് വരെ പോയിരുന്നു.. അവിടെ അമ്പലത്തിൽ ഉത്സവം ആയിരുന്നു..
അതെല്ലാം കഴിഞ്ഞു ഇന്നലെ വൈകുന്നേരം ആണ് വന്നത്...
"മ്മം എന്നിട്ട് ഉത്സവം എങ്ങനെ ഉണ്ടായിരുന്നു..
"അത് ഇപ്പോൾ എങ്ങനെയാ പറയുക താളമേള വാദ്യഘോഷങ്ങളുമായി അങ്ങ് അടിച്ചു പൊളിച്ചു..
പിന്നെ നല്ല കിടിലൻ പെൺകുട്ടികൾ ഉണ്ടായിരുന്നത് കൊണ്ടു സമയം പോയതും അറിഞ്ഞില്ല..
മാഷ് പെൺകുട്ടികളെ കുറിച്ച് പറഞ്ഞത് എനിക്കത്ര സുഖിച്ചില്ല..
"ഓ അപ്പോൾ വായിനോട്ടം ആയിരുന്നല്ലേ പണി..
"ഹാ ആണെന്നും പറയാം..
"ഓ അപ്പോൾ മാഷ് ആരെയോ പ്രേമിക്കുണ്ടെന്നു പറഞ്ഞിട്ട് അവളെ നോക്കാതെ വായിനോക്കി നടക്കുവാണോ..
"അതിനിപ്പോൾ എന്താ കുഴപ്പം ഒരു നേരം പോക്കിന് ചുമ്മാ രണ്ടു പെൺപിള്ളേരെ നോക്കി എന്നു വെച്ചു മനസ്സിൽ ഉള്ള പ്രണയം എവിടെയും പോവത്തില്ല..
"എന്നാലും അതൊന്നും ശെരിയല്ല മാഷേ..
അതുകേട്ടു മാഷ് ഒന്നു ചിരിച്ചു..
"അതേ മാഷേ.. മാഷ് ആ പെണ്ണിനോട് ഇഷ്ടം ആണെന്ന് പറഞ്ഞോ..
"ഇല്ല പറയണം..
അതുകേട്ടു ഉള്ളിൽ ഒരൽപ്പം സന്തോഷം തോന്നിയെങ്കിലും അതൊന്നും ഞാൻ പുറത്തു കാണിച്ചില്ല..
"എന്തിനാ മാഷേ ഇങ്ങനെ വെച്ചു താമസിപ്പിക്കുന്നത് അത് അങ്ങ് പറഞ്ഞു കൂടെ..
"അതുപിന്നെ പറയണം എന്നും പറഞ്ഞു അവളുടെ അടുത്ത് ചെല്ലുമ്പോൾ അവളെങ്ങാനും ഇഷ്ടമല്ലെന്ന് പറയുമോ എന്നോർത്തു ഉള്ളിൽ ഒരു ടെൻഷൻ ആണ്..
"അയ്യേ അപ്പോൾ മാഷ് ആളൊരു പേടി തൊണ്ടനാ അല്ലേ..
"അതേ ലക്ഷ്മി പ്രേമിക്കുന്നവനെ അതിന്റെ ടെൻഷൻ അറിയൂ.. സ്നേഹിക്കുന്ന പെണ്ണിന്റെ മുന്നിൽ ചെന്നു നിന്ന് ഇഷ്ടം ആണെന്ന് പറയാൻ ഏതൊരാണിനും അൽപ്പം ടെൻഷൻ കാണും. അത് അവളെ പേടിച്ചിട്ടല്ല ഇഷ്ടമല്ല എന്ന മറുപടി കേൾക്കേണ്ടി വരുമോ എന്ന ടെൻഷൻ ആണ്..
"ഉവ്വ ഉവ്വേ.. മാഷ് എപ്പോഴാണെന്ന് വെച്ചാൽ പോയി പറ ഞാൻ പോവുന്നു എന്നും പറഞ്ഞു ഞാൻ കൽപ്പടവുകൾ കേറി മുകളിൽ എത്തി.. എന്റെ പിന്നാലെ മാഷും വന്നു.. അപ്പോഴേക്കും പൂജയും അവിടേക്കു വന്നു..
"ഹാ ചേച്ചി പോവാണോ..
"ഹാ പോവാണ് ചെന്നിട്ട് കുറച്ചു പണിയുണ്ട്..
"ശെരി ചേച്ചി പാർവതിയെ തിരക്കിന്നു പറഞ്ഞേക്ക്..
"ഹാ പറയാം എന്നും പറഞ്ഞു ഞാൻ നേരെ തറവാട്ടിലേക്ക് നടന്നു..
-----------------------------------------------------
മാഷിനെ കണ്ട സന്തോഷവുമായി തറവാട്ടിൽ എത്തിയ എന്നെ കാത്ത് താടകയെ പോലെ അമ്മായി നിൽപ്പുണ്ടായിരുന്നു..
"ഓ ഒന്നര കാലും വെച്ചവൾ രാവിലെ തന്നെ തെണ്ടാൻ ഇറങ്ങിയിരുന്നോ..
"ദേ അമ്മായി ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് കുത്തി നോവിക്കാൻ ഈ പടി കടന്നു വന്നേക്കല്ലെന്നു..
"ഓ അവളുടെ കാലും വയ്യ ഒരു ഗതിയും പരഗതിയും ഇല്ല എന്നാലും അഹങ്കാരത്തിനു ഒരു കുറവും ഇല്ല..
"ഹാ എനിക്ക് അഹങ്കാരം ഇത്തിരി കൂടുതൽ ആണ്.. ഇനി എന്റെ വായിൽ നിന്നും വല്ലതും കേൾക്കും മുൻപ് ഇറങ്ങി പോവാൻ നോക്ക്..
"അല്ലെങ്കിലും ഇവിടെ കിടക്കാൻ അല്ല ഞാൻ വന്നത് നിന്റെ അമ്മയോട് ഒരു കാര്യം പറയാൻ വന്നതാണ്...
"ഹാ പറഞ്ഞെങ്കിൽ പൊക്കൂടെ നിങ്ങൾക്ക്..
"ഹാ ഞാൻ പോവാണ് എന്നും പറഞ്ഞു അവർ ഇറങ്ങി പോയി..
ഞാൻ നോക്കുമ്പോൾ അമ്മ ഇരുന്നു കരയുന്നു..
"എന്താ അമ്മേ എന്തുപറ്റി..
"ഒന്നുമില്ല മോളെ..
"അമ്മേ കാര്യം പറ അവരെന്താ വന്നു പറഞ്ഞിട്ട് പോയത്..
"അതുപിന്നെ മോളെ അച്ഛൻ ഈ തറവാട് പണയം വെച്ചു ഏട്ടന്റെ കൈയിൽ നിന്നും കുറച്ചു കാശു വാങ്ങിയിരുന്നു..
അന്ന് ഏട്ടൻ കാണിച്ച മുദ്രപത്രത്തിൽ ഒക്കെ അച്ഛൻ ഒപ്പിട്ടും കൊടുത്തിരുന്നു..
"അതിനെന്താ അമ്മേ ആ കാശു കൊടുത്താൽ നമുക്ക് ആ ആധാരം തിരികെ കിട്ടില്ലേ..
"എന്റെ മോളെ അതിനു ഏട്ടനിപ്പോൾ ചോദിക്കുന്ന തുക നമുക്ക് താങ്ങാൻ പറ്റുന്നതിനും അപ്പുറമാണ്..
"അതു നമുക്ക് എങ്ങനെ എങ്കിലും കൊടുക്കാം അമ്മേ, അമ്മ സമാധാനമായിരിക്ക്..
"നടക്കില്ല മോളെ നമ്മളെ കൊണ്ട് കഴിയില്ല അത് എട്ടനും അറിയാം ഏട്ടനിപ്പോൾ ആവശ്യം ഈ തറവാട് ആണ് അതിനു വേണ്ടിയിട്ട് പലിശയും പലിശയുടെ പലിശയും എന്നൊക്കെ പറഞ്ഞു വലിയൊരു തുകയാണ് കൊടുക്കാൻ പറഞ്ഞേക്കുന്നത്..
"എന്തിനാ അമ്മേ അമ്മാവൻ നമ്മളോട് ഈ ദ്രോഹം ചെയ്യുന്നത് ഇതിനു മാത്രം എന്ത് തെറ്റാണ് നമ്മൾ അമ്മാവനോട് ചെയ്തത്..
സങ്കടങ്ങൾ തന്ന് നിനക്കിനിയും മതിയായില്ലേ എന്റെ കൃഷ്ണ..
എന്നും പറഞ്ഞു ഞാനും കരഞ്ഞു..
----------------------------------------------------
പിന്നീട് കുറച്ചു ദിവസം അമ്പലത്തിൽ പോവാനേ എനിക്ക് തോന്നിയില്ല..
മാഷിനെ കാണാത്തതിൽ വിഷമം തോന്നി. പക്ഷേ അതിനേക്കാൾ വലിയൊരു പ്രശ്നം തലക്കു മുകളിൽ വാള് പോലെ തൂങ്ങി കിടന്നിരുന്നതിനാൽ എങ്ങനെയും ആ പ്രശ്നത്തിൽ നിന്നും രക്ഷപ്പെടാൻ ഉള്ള വഴിയേ കുറിച്ചുള്ള ചിന്തയിൽ ആയിരുന്നു ഞാൻ..
കളി ചിരി ഇല്ലാതെ ഒരു മൂലക്ക് ഞാൻ ഒതുങ്ങി കൂടിയത് കണ്ടിട്ടാവണം മോൾ അമ്പലത്തിൽ പോയി ഒന്ന് പ്രാത്ഥിക്ക് ഭഗവാൻ എന്തെങ്കിലും വഴി കാണിക്കും എന്നമ്മ പറഞ്ഞത്..
അമ്മ പറഞ്ഞത് ശെരിയാണെന്നു എനിക്കും തോന്നി.. ഭഗവാൻ അല്ലാതെ മറ്റാർക്കും ഇനി ഞങ്ങളെ സഹായിക്കാൻ ആവില്ല..
എന്തായാലും നാളെ രാവിലെ അമ്പലത്തിൽ പോവാം, കൂട്ടത്തിൽ മാഷിനെയും ഒന്നു കാണാം എന്നും വിചാരിച്ചു ഞാൻ കിടന്നുറങ്ങി..
പിറ്റേന്ന് അമ്പലത്തിൽ എത്തി കണ്ണന് മുന്നിൽ മനസ്സർപ്പിച്ചു പ്രാത്ഥിച്ചു..
എന്റെ കണ്ണീർ തുള്ളികൾ കൊണ്ട് കണ്ണന്റെ തിരുനടയിൽ അഭിഷേകം നടത്തി ഞാൻ തിരികെ അമ്പലത്തിനു വെളിയിൽ എത്തുമ്പോൾ ആൽത്തറയിൽ മാഷ് ഇരിപ്പുണ്ടായിരുന്നു..
"ഹേ ലക്ഷ്മി താനിത് എവിടായിരുന്നടോ.. എത്ര ദിവസമായി കണ്ടിട്ട്..
"കുറച്ചു തിരക്കിലായി പോയി മാഷേ അതാണ് വരാഞ്ഞത്..
"മ്മം.. എന്താ തന്റെ മുഖം വല്ലാതിരിക്കുന്നത് , താൻ കരഞ്ഞോ..
'ഹേ ഇല്ല..
"എന്തിനാടോ എന്നോട് കള്ളം പറയുന്നത്.. തന്റെ മുഖം കണ്ടാൽ അറിയാം കരഞ്ഞെന്നു..
എന്താടോ പ്രശ്നം എന്തുപറ്റി..
"ഹേ ഒന്നുമില്ല മാഷേ..
"മ്മം.. പക്ഷേ തന്റെ മുഖം കണ്ടാൽ അറിയാം എന്തോ പ്രശ്നം ഉണ്ടെന്ന്.. എന്നോട് പറയാൻ പറ്റുന്നത് ആണെങ്കിൽ പറ..
എന്തോ മാഷിനോട് എല്ലാം തുറന്നു പറയുന്നത് ആണ് നല്ലതെന്ന് എനിക്കും തോന്നി..
ഒടുവിൽ എല്ലാം ഞാൻ മാഷിനോട് തുറന്നു പറഞ്ഞു കൊണ്ടു നടന്നു റോഡിൽ എത്തി..
"എല്ലാം ശെരിയാവുമെടോ താൻ വെറുതെ ടെൻഷൻ ആവേണ്ട..
"ഒന്നും ശെരിയാവാൻ പോവുന്നില്ല മാഷേ ഇതൊക്കെ എന്റെ വിധിയാണ് അനുഭവിച്ചേ പറ്റു..
"അതേ താൻ ബൈക്കിലോട്ട് കേറിക്കെ നമുക്ക് ഒരു സ്ഥലം വരെ പോവാം..
"എവിടെ പോവാൻ.. അയ്യോ ഞാനൊന്നും ഇല്ല..
"ഹാ പേടിക്കാതെ കേറ് ലക്ഷ്മി..
"ഹേ ശെരിയാവില്ല മാഷേ ആരെങ്കിലും കണ്ടാൽ പിന്നെ അതുമതി..
"കണ്ടാൽ ഇപ്പോൾ എന്താ താൻ കേറാൻ നോക്ക് ഇല്ലെങ്കിൽ ഞാൻ ഇവിടെ തന്നെ നിൽക്കും..
"മാഷേ വേണ്ട മാഷേ പിന്നെ ഒരിക്കൽ ആവട്ടെ..
"പറ്റില്ല താൻ കേറാൻ നോക്ക്..
പെട്ടെന്ന് വരാം..
ഞാൻ പലതും പറഞ്ഞു ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും മാഷിന്റെ നിർബന്ധത്തിനു വഴങ്ങി ഒടുവിൽ ഞാൻ മാഷിന്റെ കൂടെ ബൈക്കിൽ കേറി എങ്ങോട്ടെന്നറിയാതെ യാത്ര തിരിച്ചു..
പൂമരങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്ന വഴിയോരത്തു കൂടി പാറി പറക്കുന്ന രണ്ടു ചിത്രശലഭങ്ങളായി ഞങ്ങൾ ആ വഴിയിൽ കൂടി ബൈക്കിൽ യാത്ര തുടർന്ന് കൊണ്ടിരുന്നു..
ഒടുവിൽ ഒരു കുന്നിൻ ചെരുവിൽ കൊണ്ട് ചെന്നു മാഷ് ബൈക്ക് നിർത്തി..
ഞാൻ ബൈക്കിൽ നിന്നും ഇറങ്ങി ചുറ്റും നോക്കി..
പച്ച പുതച്ചു നിൽക്കുന്ന പുൽമേടുകൾ.. കുന്നിൻ ചെരുവിനെ ചുംബിച്ചു കൊണ്ട് ഒഴുകുന്ന ചെറിയ നദി..
അവിടെ നിറയെ ചെടികൾ പൂവിട്ടു നിൽക്കുന്നു..
അതിനു ചുറ്റും നിറയെ ചിത്രശലഭങ്ങൾ പാറി പറക്കുന്നുണ്ട്..
കുന്നിൻ ചെരുവിനെ തഴുകി തലോടി വരുന്ന കാറ്റിന് ചെമ്പക പൂക്കളുടെ മത്തു പിടിപ്പിക്കുന്ന ഗന്ധമുണ്ട്..
അകലെ എവിടെയോ ഇരുന്നോ കണ്ണന്റെ വേണുഗാനം പോലെ കുയിൽ പെണ്ണിന്റെ സംഗീതം കേൾക്കാം..
ശെരിക്കും ഇതൊരു വൃന്ദാവനം ആണോ എന്ന് പോലും തോന്നി പോവുന്ന മനോഹരമായ പ്രകൃതിഭംഗിയായിരുന്നു ആ പ്രദേശത്തിന്..
നദിക്കരയിൽ പൂവിട്ടു നിൽക്കുന്ന ചെമ്പക മരത്തിനു അടുത്തേക്ക് ഞാൻ നടന്നു..
മരത്തിനു താഴെ നിറയെ ചെമ്പക പൂക്കൾ വീണു കിടപ്പുണ്ട്.. ഞാനതിൽ ഒന്നെടുത്തു മണത്തു നോക്കി..
ഞെട്ടറ്റു വീണിട്ടും എന്തൊരു സൗര്യഭ്യമാണ് അവക്കിപ്പോഴും..
ഞാനാ പൂവെടുത്തു തലമുടിയിൽ ചൂടി..
മനസ്സിനുള്ളിൽ ഉറങ്ങി കിടന്നിരുന്ന രാധ കൃഷ്ണ പ്രണയം എന്റെ കണ്മുന്നിൽ തെളിഞ്ഞു വന്നു..
ഒരു നിമിഷത്തേക്ക് ഞാൻ രാധയായി മാറുകയിരുന്നു..
ഓടകുഴലൂതി ചുണ്ടിൽ ചെറു പുഞ്ചിരിയും കള്ള കണ്ണിൽ പ്രണയവും നിറച്ചു നിൽക്കുന്ന കൃഷ്ണനെ കണ്മുന്നിൽ പ്രതീക്ഷിച്ചു കൊണ്ട് പ്രണയാദ്രമായ മനസ്സോടെ നോക്കിയ ഞാൻ കണ്ടത് തുമ്പിയുടെ പുറകെ ഓടി നടക്കുന്ന മാഷിനെയാണ്..
"ഹേ മാഷേ മാഷിത് എന്താ ഈ കാണിക്കുന്നത്..
"ഹേ ഒന്നുമില്ല ഞാൻ ഈ തുമ്പിയെ പിടിക്കാൻ നോക്കിയതാണ്..
"തുമ്പിയെയോ എന്തിന്..
"അതുപിന്നെ കുട്ടിക്കാലം തൊട്ടു തുമ്പിയെ പിടിച്ചു അതിനെ കൊണ്ടു കല്ലെടുപ്പിക്കുന്നത് എന്റെ ഒരു ശീലം ആണ്..
ഇപ്പോഴും എന്റെ ആ കുസൃതി എന്നെ വിട്ടു മാറിയിട്ടില്ല..
ഇവിടെ വരുമ്പോൾ എപ്പോഴും ഞാൻ ഇത് ചെയ്യാറുണ്ട്.. നല്ല രസം ആണെടോ.. സമയം പോവുന്നത് അറിയില്ല..
"എന്റെ കൃഷ്ണ.. ഈ അരപ്പിരി ലൂസിനെയാണോ ഞാൻ മാഷെന്ന് വിളിച്ചു പ്രേമിച്ചത് എന്ന് ഞാൻ മനസ്സിൽ പറഞ്ഞു..
"എന്താ ലക്ഷ്മി ആലോചിക്കുന്നത്.. എനിക്കു വട്ടാണെന്ന് തോന്നി കാണും അല്ലേ..
"ഹേ ഇല്ല..
"ഉവ്വ ഉവ്വ.. ഡോ ഈ കുട്ടിക്കാലത്തെ ചില കുസൃതികൾ പ്രായം എത്രയായാലും നമ്മളെ വിട്ടു പോവില്ല..
പോത്തുപോലെ വളർന്നെങ്കിലും എന്റെ കുട്ടിക്കളി മാറിയിട്ടില്ലെന്നു അമ്മ എപ്പോഴും പറയാറുണ്ട് ..
"മ്മം മാഷ് പറഞ്ഞത് ശെരിയാണ് മാഷേ, ഇത്തരം ചില കുട്ടിത്തരങ്ങൾ ഞാനും കാണിക്കാറുണ്ട് എന്നും പറഞ്ഞു ഞാനാ ചെമ്പക ചുവട്ടിൽ ഇരുന്നു..
മാഷും വന്നെന്റെ അടുത്തിരുന്നു..
പിന്നെ മാഷ് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു..
ഞാനാ മുഖത്തു നിന്നും കണ്ണെടുക്കാതെ മാഷിന്റെ കണ്ണുകളിൽ തന്നെ നോക്കിയിരുന്നു...
പെട്ടെന്ന് മാഷെന്റെ കണ്ണുകളിലേക്ക് നോക്കി..
എന്റെ പൊന്നോ ആ ഒരു നോട്ടം എന്റെ ഹൃദയത്തിലേക്കു അങ്ങ് ആഴ്ന്നിറങ്ങി..
ചെറു പുഞ്ചിരിയോടെ നാണത്താൽ ഞാൻ മുഖം കുനിച്ചു..
അതുകണ്ടു മാഷെന്റെ മുഖം പിടിച്ചു ഉയർത്തി..
ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി..
പ്രണയാർദ്രമായ ഞങ്ങളുടെ കണ്ണുകൾ തമ്മിൽ എന്തോ മൊഴിഞ്ഞു..
എന്റെ ഹൃദയമിടിപ്പിന് വേഗതയേറുന്നതു പോലെ എനിക്ക് തോന്നി...