സ്വപ്നങ്ങൾകഥപറയുമ്പോൾ.., അവസാനഭാഗം...

Valappottukal Page


രചന: ഉണ്ണി കെ പാർത്ഥൻ
"ആള് ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നു... 
നീ വരുന്നതിന് തൊട്ട് മുൻപ് ഇവ്ടെന്നു ഇറങ്ങിയുള്ളൂ..."

"ങ്കിൽ ശരി.. 
വരുമ്പോൾ ന്റെ അന്വേഷണം പറ.."
അതും പറഞ്ഞു വൈശാലി ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് എടുക്കുന്ന സമയം മുറ്റത്തേക്ക് ഒരു ബൈക്ക് കേറി വന്നു.. 

"വൈശാലിയുടെ ഉള്ളിൽ ഒരു പിടച്ചിൽ... 
ഈ മുഖമല്ലേ ഞാൻ ഇന്നലെ കണ്ടത്.."
അവൾ സ്വയം ചോദിച്ചു.... 

"ന്താണ് പെണ്ണേ... 
ങ്ങനെ തുറിച്ചു നോക്കുന്നത്.. 
എന്നേ ആദ്യമായാണോ കാണുന്നത്..."
ബൈക്ക് വൈശാലിയുടെ തൊട്ട് മുന്നിൽ കൊണ്ട് നിർത്തി പ്രവീൺ ചോദിച്ചു... 

"ങ്ങേ.. 
ന്താന്ന്.."
ഓർമ്മയിൽ നിന്നും ഞെട്ടിയുയർന്നു  വൈശാലി.. 

"നീ ന്താ സ്വപ്നം കാണേണോ.."
പ്രവി ചോദിച്ചു.. 

"അത് പിന്നേ ഏട്ടാ.. 
ഞാൻ വേറെന്തോ ആലോചിച്ചു നിന്നുപോയി.. 
അതാണ്.."
വൈശാലി പറഞ്ഞൊപ്പിച്ചു... 

"എന്നാ ഞാൻ പോട്ടെ രേഷ്മേ.."
തിരിഞ്ഞു രേഷ്മയേ നോക്കി കൊണ്ട് വൈശാലി പറഞ്ഞു.. 

"ആഹാ... 
താൻ പോവേണോ..."
പ്രവി ചോദിച്ചു.. 

"മ്മ്.. 
കുറച്ചു നേരമായി ഏട്ടാ വന്നിട്ട്.. 
അതാണ്.."
വൈശാലി മറുപടി കൊടുത്തു... 

"എന്റെ അമ്മ ന്തേലും പറഞ്ഞോ നിന്നോട്.."
പ്രവി ചോദിച്ചു... 

"രേഖാന്റി ഇവിടെ ഇല്ല ഏട്ടാ... 
പുറത്തു പോയേക്കുവാ.."
വൈശാലി പറഞ്ഞു.. 

"മ്മ്... 
ആണോ... 
എങ്ങോട്ടാ പോയേ മോളേ അമ്മ.."
രേഷ്മയെ നോക്കി പ്രവി ചോദിച്ചു.. 

"ബാങ്കിൽ ആണെന്ന് തോന്നുന്നു ഏട്ടാ.."
രേഷ്മ മറുപടി കൊടുത്തു... 

"ന്താ ഏട്ടാ കാര്യം.."
വൈശാലി ചോദിച്ചു... 

"അതേ ഞാൻ തന്റെ അച്ഛനെ കണ്ടിട്ടുള്ള വരവാണ്... 
തന്നേ എന്റെ ജീവിതത്തിലേക്ക് തരുമോ എന്ന് ചോദിച്ചു.. 
അപ്പോളാ അറിഞ്ഞത് നാളെ ഒരു കൂട്ടർ തന്നേ കാണാൻ വരുന്നുണ്ടെന്നു.."
പ്രവിയുടെ വാക്കുകൾ വൈശാലിയിടെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി... 

"ന്താ.. 
തനിക്കു സമ്മതാണോ..."
വൈശാലിയുടെ കണ്ണുകളിലേക്ക് നോക്കി പ്രവി ചോദിച്ചു... 

"അത് പിന്നേ ഏട്ടാ... 
ഇങ്ങനെയൊക്കെ പെട്ടന്ന്..."
വാക്കുകൾ കിട്ടാതെ വൈശാലി നിന്നു പരുങ്ങി... 

"ഇഷ്ടാണേൽ അങ്ങട് തുറന്നു പറ പെണ്ണേ.."
രേഷ്മ പതിയെ അവളുടെ ചെവിയിൽ പറഞ്ഞു.. 

"അത് പിന്നെ...
എല്ലാർക്കും ഇഷ്ടമാണേൽ.. 
എനിക്കും.."
വീണ്ടും പാതിയിൽ നിർത്തി വൈശാലി... 

"ഞാൻ പോവാ..."
ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു കൊണ്ട് വൈശാലി പറഞ്ഞു... 

"ദേ അവിടെ ചെല്ലുമ്പോ അച്ഛനുമമ്മയും ചോദിക്കും... 
അപ്പോളും ഇത് തന്നേ പറഞ്ഞേക്കണേ..."
ബുള്ളറ്റ് മുന്നോട്ട് എടുക്കും മുൻപേ പ്രവി ഉറക്കെ വിളിച്ചു പറഞ്ഞു.. 
അത് കേട്ടു ഉള്ളിൽ ഒരു സുഖമുള്ള നോവ് പെയ്തിറങ്ങുന്നത് വൈശാലിയറിഞ്ഞു.. 

"എന്നാലും ഏട്ടാ.. 
ഇതെപ്പോ.. 
ഞാൻ പോലുമറിഞ്ഞില്ല ലോ.."
രേഷ്മ പ്രവിയുടെ കൈയ്യിൽ നുള്ളി കൊണ്ട് ചോദിച്ചു... 

"ഇന്ന് രാവിലെ.. 
അമ്മയാണ് ഈ കാര്യം എടുത്തിട്ടത്.. 
നിന്നോട് പറയാന്ന് കരുതി പക്ഷേ നീ പുറത്തു പോയേക്കുവല്ലായിരുന്നോ.. 
അതാണ്.. 
പിന്നെ ആലോചിച്ചു നോക്കിയപ്പോൾ നല്ല കുട്ടി... 
നല്ല വീട്ടുകാർ.. 
വെച്ച് താമസിപ്പിച്ചില്ല.. 
നേരെ പോയി അരവിന്ദേട്ടനോട് കാര്യം പറഞ്ഞു... 
വേറെ ആലോചന വന്നിട്ടുണ്ട് എന്നാലും അത് വേണ്ടാന്ന് പറയാം ന്ന് ആളും.. 
പിന്നെ വൈശാലിയുടെ സമ്മതം ചോദിച്ചിട്ട് പറയാമെന്നും പറഞ്ഞു.. 
പിന്നേ അവൾ ഇങ്ങോട്ടാണ് വന്നതെന്നും പറഞ്ഞു.. 
അതോണ്ട് വേഗം തിരിച്ചു പോന്നു..."
ചിരിച്ചു കൊണ്ട് പ്രവി പറഞ്ഞു... 

"എന്നാലും ചെക്കാ.... 
ബംബറാണ് ലോ അടിച്ചത്... 
എന്നാലും... 
അമ്മ ഇതെന്തു കണ്ടിട്ടാ... 
ഈ മരങ്ങോടനു ആ പാവം കൊച്ചിനെ തലയിൽ വെച്ച് കൊടുത്തത് എന്നോർത്തിട്ടാ എനിക്ക്..."
രേഷ്മ പറഞ്ഞത് കേട്ട് പ്രവി കണ്ണുരുട്ടി അവളെ നോക്കി.... 

"എടീ കുരുപ്പേ... 
നിന്നേ ഞാൻ..."
കയ്യെത്തിച്ചു രേഷ്മയേ പിടിക്കാൻ ശ്രമിച്ചു പ്രവി... 

"ഒന്ന് പോയി പണി നോക്ക് മോനേ.."
അതും പറഞ്ഞു രേഷ്മ തിരിഞ്ഞോടി.. 

"നിക്കടീ അവിടെ.."
പ്രവി അവളുടെ പിന്നാലേ പാഞ്ഞു..
************************************

"എന്നിട്ട് താൻ സമ്മതിച്ചോ.. 
ആ കല്യാണത്തിന്.."
ചെവിയിലേക്ക് ആ ശബ്ദം പതിഞ്ഞു.. 

"മ്മ്... 
എനിക്ക് ഇഷ്ടായി... 
പിന്നെ പ്രവിയേട്ടനെ മുന്നേ അറിയാലോ.. 
അതോണ്ട്.."
വൈശാലി പതിയെ മറുപടി കൊടുത്തു... 

"എന്നേ ഇനി തനിക്കു കാണാൻ കഴിയില്ല ട്ടോ... 
വിവാഹം കഴിഞ്ഞാൽ 
വിവാഹതലേന്ന്  വരേ തന്റെയൊപ്പം ഞാൻ ഉണ്ടാകും.. 
പിന്നെ ഞാൻ വരില്ല..."
വല്ലാതെ നേർത്തിരുന്നു ആ ശബ്ദം.. 

"ഞാൻ ങ്ങളെയും ഒരുപാട് ഇഷ്ടപെടുന്നുണ്ട്.. 
എന്നേ വിട്ടു പോകാതെ കൂടെ കൂടിക്കൂടെ.. 
പ്രവിയേട്ടനായി.. 
അന്ന് പറഞ്ഞില്ലേ.. 
ഈ ഭൂമിയിൽ എവിടേയോ ങ്ങള് ജന്മമെടുത്തിട്ടുണ്ട് ന്ന്.. 
ശരിക്കും.. 
ഇന്ന് ആള് അകലേ നിന്നു വരുന്നത് കണ്ട് ശരിക്കും ഞാൻ ഞെട്ടി.. 
ഈ മുഖമായിരുന്നു ഞാൻ കണ്ടത്.. 
ങ്ങളായാൽ മതി... 
ങ്ങള് മാത്രമായാൽ മതി അത്... 
അത്രേം... 
അത്രേമിഷ്ടാ എനിക്കു ഇയ്യാളെ.. 
മനസ് ശരിക്കും കൈവിട്ടു പോവാ.. 
ആൾക്കൂട്ടത്തിൽ... 
ഇനി ഈ വിവാഹം കൂടെ കഴിഞ്ഞാൽ.. 
അറിയില്ലടോ... 
ഇതൊക്കെ ഒരു സ്വപ്നമായി കരുതി എനിക്കു പൊരുത്തപെടാൻ കഴിയുമെന്ന്... 
അതോണ്ട്... 
താനാണ്... 
എങ്ങനെ ഞാൻ അറിയും.. 
ഒന്ന് പറഞ്ഞു തരോ എനിക്ക്.."
കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു വൈശാലിയുടെ.... 

"ഉറപ്പില്ല പെണ്ണേ... 
പക്ഷേ.. 
ഒരു ഉറപ്പ് ഞാൻ തരാം.. 
താലി തന്റെ കഴുത്തിൽ വീഴുന്ന നേരം... 
താൻ ചിലപ്പോൾ തളർന്നു വീഴും.. 
ങ്കിൽ താൻ കരുതിക്കോ... 
ഞാൻ തന്നെയാണ് അതെന്ന്.. 
മാത്രമല്ല... 
ആദ്യരാത്രിയിൽ 
നിന്നെ ആദ്യമായി ചുംബിക്കുന്നത് നിന്റെ വലതു കൈ വിരലിലെ മോതിര വിരലിൽ ആണേൽ... 
എന്നേ ചേർത്ത് പുൽകിയേക്കണം... 
എന്നോട് ചേർന്ന് അലിഞ്ഞു ചേരണം... 
നമ്മളായി... 
ഒന്നായ്....
പിന്നീട് ഒരിക്കലും സ്വപ്നത്തിൽ ഞാൻ വരില്ല.. 
എന്നും കൂടെയുണ്ടാകും.."
വൈശാലിയുടെ വലതു മോതിര വിരലിൽ ചുണ്ട് ചേർക്കുമ്പോൾ... 
വൈദ്യുതി ശരീരത്തിലേക്ക് പ്രവഹിക്കുന്നത് പോലെ തോന്നി വൈശാലിക്ക്... 
അവൾ പെട്ടന്ന് ഞെട്ടി ഉയർന്നു... 
ചുറ്റും നോക്കി.. 

"ഇതും സ്വപ്നമായിരുന്നോ..."
കയ്യെത്തിച്ചു ലൈറ്റ് ഇട്ടു കൊണ്ട് ചുറ്റും നോക്കി വൈശാലി... 
പിന്നെ വിരലുകളിലേക്കും നോക്കി.. 
കുഞ്ഞൊരു അടയാളം പോലെ ന്തോ അവിടെ തിളങ്ങുന്നുണ്ടായിരുന്നു... 
*********************************

"മോളേ ഒന്നിങ്ങോട്ട് തിരിഞ്ഞേ.. 
ദേ ഈ മാല കൂടി ഇട്ടേ... 
ദേവി ചിറ്റയുടെ സമ്മാനമാണ്..."
ശ്രീവിദ്യയുടെ വിളി കേട്ട് വൈശാലി തിരിഞ്ഞു നോക്കി... 

"ആഹാ സുന്ദരിയായിലോ അമ്മേടെ മോള്..."
മാല വൈശാലിയേ അണിയിച്ചു കൊണ്ട് ശ്രീവിദ്യ പറഞ്ഞു... 

"അല്ലേലും ഞാൻ സുന്ദരിയല്ലേ.."
വൈശാലി ചിരിച്ചു കൊണ്ട് ചോദിച്ചു.. 

"ഉവ്വ്... 
ഉവ്വേ.. 
മുഹൂർത്തമാവാറായിട്ടോ.. 
ഒരുക്കം കഴിഞ്ഞു വേഗം വായോട്ടോ..
ദേ കൂട്ടുകാരികളോടാ ഞാൻ പറഞ്ഞത്.."
ശ്രീവിദ്യ വൈശാലിയുടെ കൂട്ടുകാരികളേ നോക്കി പറഞ്ഞു.. 

"കഴിഞ്ഞു ആന്റി.. 
ഇനി മണ്ഡപത്തിലേക്ക് വരാൻ നിക്കുവാ..."
കൂട്ടത്തിൽ നിന്നും ഒരു കൂട്ടുകാരി വിളിച്ചു പറഞ്ഞു.. 

"മ്മ് വേഗയിക്കോട്ടെ ട്ടോ.."
അതും പറഞ്ഞു ശ്രീവിദ്യ പുറത്തേക്ക് നടന്നു... 

"ന്താ മോളേ... 
ടെൻഷൻ ണ്ടാ..."
അഞ്ജു വൈശാലിയുടെ ചെവിയിൽ പതിയെ ചോദിച്ചു... 

"ഇപ്പൊ ന്തിനാ പേടി... 
രാത്രി ആവുമ്പോൾ അല്ലേ പെണ്ണേ പേടിക്കേണ്ടതുള്ളു.."
ഇത്തവണ മറുപടി ദേവുന്റെയായിരുന്നു... 

"ന്തായാലും.. 
മോൾക്ക് പറ്റിയ കൂട്ട് തന്നെയാണ് ട്ടോ പ്രവിയേട്ടൻ.."

അഞ്ജു പറഞ്ഞത് കേട്ട് വൈശാലി ചിരിച്ചു.. 
പക്ഷേ അവളുടെ ഉള്ളിൽ ഒരായിരം ചോദ്യങ്ങളായിരുന്നു.... 
സ്വപ്നം സ്വപ്നമായി തന്നെ തുടരുമോ... 
അതോ.. 
താലി തന്റെ കഴുത്തിൽ വീഴുമ്പോൾ തളർന്നു താൻ വീഴുമോ... 
സ്വപ്നങ്ങളേ ഇത്രമേൽ പ്രണയിക്കുന്നുവെങ്കിലും.. 
പ്രവിയേട്ടന്റെതാവുമ്പോൾ അറിയാതെ ഉള്ളിൽ സന്തോഷം അലയടിച്ചു... 
പണ്ടെപ്പോളോ ആഗ്രഹിച്ചിരുന്നു... 
പ്രവിയേട്ടനേ ആരുമറിയാതെ.. 

"ന്താ പെണ്ണേ... 
ന്ത്‌ ആലോചിച്ചു കൊണ്ട് നിക്കുവാ നീ.. 
വരുന്നില്ലേ.."
മുറിയിലേക്ക് കയറി വന്ന് കൊണ്ട് രേഷ്മ ചോദിച്ചു.. 

"ആഹാ പെണ്ണ് ഇപ്പൊ തന്നേ നാത്തൂൻ പോര് എടുത്തു തുടങ്ങി ലോ..."
അഞ്ജു പറഞ്ഞത് കേട്ട് എല്ലാരും ചിരിച്ചു... 

"ഇനീം ന്തൊക്കെ കാണാൻ കിടക്കുന്നു മക്കളേ.."
അതും പറഞ്ഞു രേഷ്മ വൈശാലിയുടെ കയ്യിൽ പിടിച്ചു.. 

"സ്വപ്നം സത്യമാകുമോ പെണ്ണേ.."
പതിയെ വൈശാലിയുടെ കാതിൽ ചോദിച്ചു രേഷ്മ.. 
വൈശാലി ഒന്നു പിടഞ്ഞു.. 
പിന്നെ തല ഉയർത്തി നോക്കി... 

"വാ.."
വൈശാലിയുടെ കൈ പിടിച്ചു രേഷ്മ മുന്നോട്ട് നടന്നു... 
**********************************

"ന്താ... 
ന്താ ഉണ്ടായേ..."
അരവിന്ദന്റെ ചോദ്യം കേട്ട് എല്ലാരും ചുറ്റിനും നോക്കി.. 

"താലി കഴുത്തിൽ വീണതും ആ കുട്ടി പേടിച്ചു ന്നാ തോന്നണേ.. 
അതാണ് തല കറങ്ങി വീണത്.."
കൂട്ടത്തിൽ നിന്നും ആരോ വിളിച്ചു പറയുന്നത് കേട്ട് എല്ലാരും ചിരിച്ചു.. 

അതിന് മുന്നേ പൂജാരി തീർത്ഥം വൈശാലിയുടെ മുഖത്തേക്ക് തെളിച്ചു... 
വൈശാലി പതിയെ കണ്ണുകൾ തുറന്നു.. 
പ്രവിയുടെ മടിയിൽ കിടക്കുകയായിരുന്നു വൈശാലി അപ്പോൾ.. 

"ഓക്കേ ആണോ താൻ.."
പ്രവി പതിയെ ചോദിച്ചു.. 

"മ്മ്.."
വൈശാലി മൂളി.. 

"ദൈവമേ... 
സ്വപ്നം സത്യമാകുന്നുവോ.."
വൈശാലി സ്വയം ചോദിച്ചു... 

"ഗന്ധർവ്വാ.. 
നിങ്ങളാണോ ന്റെ പ്രവിയേട്ടൻ.."
പ്രവിയുടെ മുഖത്തേക്ക് നോക്കി വൈശാലി സ്വയം ചോദിച്ചു... 

"ന്താ പെണ്ണേ.. 
ന്താ പറ്റിയേ നിനക്ക്.."
കവിളിൽ പതിയെ തട്ടി കൊണ്ട് പ്രവി ചോദിച്ചു... 

"ഹേയ്.. 
ഒന്നുമില്ല പ്രവിയേട്ടാ.. 
ഞാൻ ഓക്കേയാണ്.. 
അമ്മേ.. 
അച്ഛാ.. 
ഞാൻ ഓക്കേ ആണ്‌ ട്ടോ..."
വൈശാലി എല്ലാരേം നോക്കി പറഞ്ഞു.. 

"എന്ന ചെക്കന്റെ മടിയിൽ നിന്നും എഴുന്നേൽക്ക് പെണ്ണേ.. 
എത്ര നേരമായി മടിയിൽ കിടക്കണ്..
ആ ചെക്കന്റെ കാല് വേദന എടുക്കുന്നുണ്ടാവും.."

അരവിന്ദൻ പറയുന്നത് കേട്ട് എല്ലാരും ചിരിച്ചു.. 
വൈശാലി പതിയെ എഴുന്നേറ്റു.. 
പ്രവി അവളെ പതിയെ താങ്ങി പിടിച്ചു.. 
കരുതലിന്റെ സ്പർശം വൈശാലി അറിയുകയായിരുന്നു... 
************************************
"ന്താണ് പെണ്ണേ... 
കിടക്കണ്ടേ മ്മക്ക്... 
അതോ പുലരും വരേ ഈ നിലവിൽ നക്ഷത്രങ്ങളേ നോക്കി നിക്കാനാണോ പരിപാടി..."

മട്ടുപ്പാവിൽ പുറത്തേക്ക് നോക്കി നിന്നു നിലാവിന്റെ സൗന്ദര്യം ആസ്വദിക്കുകയായിരുന്ന വൈശാലിയുടെ അടുത്തേക്ക് നടന്നു വന്ന് കൊണ്ട് പ്രവി ചോദിച്ചു.. 

"ന്തേ പ്രവിയേട്ടാ... 
എന്നേ ജീവിതത്തിലേക്ക് കൂടെ കൂട്ടിയത്.."
തിരിഞ്ഞു നിന്നു വൈശാലി ചോദിക്കുന്നത് കേട്ട് പ്രവി ഒന്നു ചിരിച്ചു... 

"മുന്നേ എനിക്ക് ഇഷ്ടമായിരുന്നു തന്നേ.. 
പക്ഷേ പെങ്ങളുടെ കൂട്ടുകാരിയോട് അങ്ങനുള്ള ഒരു റിലേഷൻ പാടില്ല എന്ന് ആരോ ഉള്ളിലിരുന്നു പറയുമായിരുന്നു.. 
അതുകൊണ്ടാണ് തുറന്നു പറയാതെയിരുന്നത്..."
പ്രവി പറഞ്ഞത് കേട്ട് ഉള്ളിൽ ഒരു സുഖമുള്ള നീറ്റലുണ്ടാവുന്നത് വൈശാലിയറിഞ്ഞു.. 

"പിന്നെന്തേ.. 
കൂടെ കൂട്ടിയത്.."

"വീട്ടിൽ അമ്മ എനിക്കായി പെണ്ണ് നോക്കുന്നുണ്ടായിരുന്നു...
രണ്ടു മൂന്നാളെ പോയി കാണുകയും ചെയ്തു.. 
പക്ഷേ എനിക്കെന്തോ ആരെയും ഇഷ്ടമായില്ല.. 
അതോടെ ഞാൻ അമ്മയോട് പറഞ്ഞു.. 
ഇനി ഞാൻ പോയി കാണില്ല.. 
അമ്മ പോയി കണ്ടിട്ട് ഇഷ്ടമാവുന്ന കുട്ടിയേ ഞാൻ കൂടെ കൂട്ടിക്കോളാം ന്ന്.. 

അങ്ങനെ ഇരിക്കേയാണ് നിങ്ങളുടെ കോളേജിൽ നിന്നും ടൂർ പോയ ഫോട്ടോസ് രേഷ്മയുടെ മൊബൈലിൽ അമ്മ കാണാനിടയായത്.. 
പല വട്ടം തന്നെ അമ്മ കണ്ടിട്ടുണ്ടെങ്കിലും.. 
ന്തോ.. 
അമ്മക്ക് അന്നാണ് തോന്നിയത്.. 
എനിക്ക് ചേരുന്നത് താനാണ് ന്ന്..
പിറ്റേന്ന് അമ്മ എന്നോട് കാര്യം അവതരിപ്പിച്ചു.. 
ശരിക്കും പറഞ്ഞാൽ അപ്പൊ ഉണ്ടായ സന്തോഷം.. 
അത് പറഞ്ഞറിയിക്കാൻ കഴിയില്ല.. 

പിന്നെ... 
തന്റെ വീട്ടിൽ വന്നു കാര്യം പറഞ്ഞപ്പോൾ.. 
വേറെ ആലോചനയുടെ കാര്യം അറിഞ്ഞു നെഞ്ചോന്ന് വിങ്ങി... 
പക്ഷേ.. 
ന്റെ ഉള്ള് തന്റെയച്ഛൻ അറിഞ്ഞു ന്ന് തോന്നുന്നു... 
തിരിച്ചിറങ്ങിയ എന്നേ ഒരു പിൻവിളിയിലൂടെ വിളിച്ചു പറഞ്ഞത്.."

"നമുക്ക് ഇതങ്ങട് ഉറപ്പിക്കാം പ്രവിയേന്നായിരുന്നു..."

"ഉള്ളിലേക്ക് വീണ ആ വാക്കുകൾ തന്ന ആശ്വാസം അത് എത്ര വലുതാണ് ന്ന് അറിയോ തനിക്കു..."

വൈശാലിയേ ചേർത്ത് പിടിച്ചു റൂമിലേക്ക് കയറി വാതിൽ കുറ്റിയിട്ട് തിരിഞ്ഞു നിന്നു കൊണ്ട് പ്രവി പറഞ്ഞു നിർത്തി.. 

വൈശാലി പതിയെ കട്ടിലിൽ ഇരുന്നു... 

"ഇഷ്ടല്ലേ തനിക്ക് എന്നേ..."

വൈശാലിയുടെ വലതു കൈ എടുത്തു നെഞ്ചോടു ചേർത്ത് പിടിച്ചു കൊണ്ട് പ്രവി ചോദിച്ചു.... 

"ഒരുപാട്... 
ഒരുപാട് ഇഷ്ടം.. 
ഇഷ്ടം മാത്രം... 
ശ്വാസം പോലെ.. 
നിഴല് പോലെ കൂടെ ചേർത്ത് പിടിക്കാൻ കൊതിയുള്ള ഇഷ്ടം..."
പ്രവിയുടെ കണ്ണിലേക്കു നോക്കി വൈശാലി പതിയെ പറഞ്ഞു... 

വൈശാലിയുടെ വലതു കയ്യുടെ മോതിരവിരലിൽ പ്രവി പതിയെ അവന്റെ ചുണ്ടമർത്തി... 
പിടിഞ്ഞു പോയി വൈശാലി... 

"ഏട്ടാ.... 
എന്റെയാ... 
എന്റെ മാത്രം.."
പ്രവിയുടെ നെഞ്ചിലേക്ക് ചേർന്നു കൊണ്ട് വൈശാലി പറയുമ്പോൾ അവളുടെ ശബ്ദം വല്ലാതെ പിടച്ചിരുന്നു.. 
നേർത്തിരുന്നു... 

"മോളേ..."
കാതിൽ പതിയെ വിളിക്കുന്നതിനോടൊപ്പം ചുണ്ടുകൾ വൈശാലിയുടെ ചെവിയിൽ ചേർത്തു പ്രവി... 
പുളഞ്ഞു പോയ വൈശാലി പ്രവിയേ ഒന്നുടെ തന്നിലേക്ക് ചേർത്തു.. 

"നന്ദി.. 
ഒരുപാട് നന്ദി പെണ്ണേ..."
ചെവിയിൽ പ്രവിയുടെ ശബ്ദം ഗന്ധർവ്വന്റെതായി മാറുന്നത് വൈശാലിയറിയുകയായിരുന്നു.. 
അകലേ ഒരു നക്ഷത്രം.. 
കൂടുതൽ ഭംഗിയോടെ തിളങ്ങുന്നുണ്ടായിരുന്നു ആ നിമിഷം... 

ശുഭം.. 
**********************************
ഇതെന്താ ഇങ്ങനെ എന്ന് മാത്രം ചോദിക്കരുത്.. 
ഈ കഥ ഇങ്ങനെയാണ്... ഒരു പരീക്ഷണം.. 
വിജയിച്ചുവോ ഇല്ലയോ അതല്ല കാര്യം... 
എഴുതാൻ കിട്ടിയ ഒരാശയം ഒന്ന് എഴുതി നോക്കി.. വിലയിരുത്തി അഭിപ്രായം പറയാം... 
വിമർശനമാണ് ഏറെയിഷ്ടം.. എല്ലാരോടും ഒരുപാട് സ്നേഹം... നന്ദി.. ലൈക്ക് കമന്റ് ചെയ്യണേ....
കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top