സ്വപ്നങ്ങൾകഥപറയുമ്പോൾ, ഭാഗം: 2

Valappottukal Page


രചന: ഉണ്ണി കെ പാർത്ഥൻ
"ഈ ഉറക്കം കഴിഞ്ഞു ഉണർന്നിട്ട് താൻ എന്നേ മറന്നാൽ.. 
ഒരിക്കലും പിന്നീട് എനിക്കൊരു മോക്ഷമുണ്ടാവില്ല ട്ടോ..."

"ന്റെ ഗന്ധർവ്വോ... 
ദേ എനിക്ക് ദേഷ്യം വരുന്നു ട്ടോ.. 
മനുഷ്യനെ കളിപ്പിക്കാതെ വേം മുഖം കാണിക്കാൻ നോക്ക് മിസ്റ്റർ ഗന്ധർവ്വൻ..."

"മ്മ്... 
എന്റെ ഇനിയുള്ള ജീവിതം തന്റെ കയ്യിലാണ് എന്നുള്ള ഓർമ തനിക്കു ഉണ്ടാവുമെന്ന് വിശ്വസിച്ചു കൊണ്ട്... 
ഞാൻ വരാം..."

"മ്മ് വാ..."
തലയിണ ഒന്നുടെ മുറുകെ പിടിച്ചു കൊണ്ട് വൈശാലി പറഞ്ഞു... 

"ഇനിയുള്ള കാലം.. 
പ്രണയത്തിന്റെ.. 
വിശ്വാസത്തിന്റെ... 
കൂടിച്ചേരലിന്റെ നിമിഷങ്ങളാവട്ടെ... 
വാക്കുകൾ കൊണ്ട് സ്വയം മുറിവേൽപ്പിക്കാൻ കഴിയാതെ.. 
കാഴ്ചയുടെ ലോകത്തേക്ക് ഞാൻ വരുന്നു... 
എന്റെ പ്രിയപ്പെട്ടവളുടെ കണ്ണുകളിലേക്ക്... 
ഹൃദയത്തിലേക്ക്.. 
ജീവിതത്തിലേക്ക്... 
മാപ്പ് തരണം എനിക്ക് എല്ലാം അറിയുമ്പോൾ ഒടുവിൽ..."

ഗന്ധർവ്വന്റെ വാക്കുകൾ കേൾക്കുന്നതിനൊപ്പം നെഞ്ചിലേക്ക് ഒരു വിങ്ങൽ പടരുന്നത് വൈശാലി അറിഞ്ഞു തുടങ്ങി... 

"ന്താണ് മനുഷ്യാ... 
നെഞ്ചിലൊരു വിങ്ങൽ തരുന്നുലോ.. 
ഈ വാക്കുകൾ..."
വൈശാലി തലയിണയിലെ പിടുത്തം ഒന്നുടെ മുറുക്കി കൊണ്ട് പറഞ്ഞു... 

"ആ വിങ്ങൽ താൻ മാത്രമല്ല ഡോ അറിയുന്നത്.. 
ഞാനും അറിയുന്നു.. 
ഇനി പറ.. 
ഇനിയും തനിക്കെന്നെ കാണണോ.."
ഗന്ധർവ്വൻ പതിയെ ചോദിച്ചു... 

"മ്മ്..."
വൈശാലി മൂളിയതും.. 
കണ്ണുകളിൽ തെളിയുന്ന ഒരു രൂപം.. 
ആദ്യമാദ്യം.. 
തെളിച്ചമില്ലാതെ.. 
പിന്നെ.. 
കണ്ണുകൾ... 
കവിളുകൾ.. 
മുടി... 
കഴുത്ത്... 
ചുണ്ട്.... 
ഒടുവിൽ ആ മുഖം... 
തെളിഞ്ഞു വന്നു... 

"ആഹാ.. 
ഇതാണോ ങ്ങളുടെ മുഖം.."
തലയിണ എടുത്തു നെഞ്ചോട് ചേർത്ത് കൊണ്ട് വൈശാലി ചോദിച്ചത് കേട്ട് ഗന്ധർവ്വൻ ചിരിച്ചു.. 

"ഹ ഹ... 
അതെന്താടോ... 
താൻ ഇതിനു മുന്നേ എന്നേ കണ്ടിട്ടുണ്ടോ..."

"കണ്ടിട്ടുണ്ടോ ന്നു ചോദിച്ചാൽ കണ്ടിട്ടുണ്ട്.."
വൈശാലിയുടെ മറുപടി കേട്ട് ഗന്ധർവ്വൻ ഒന്ന് ഞെട്ടി.. 

"എന്നെയോ.."

"മ്മ്..."
കണ്ണുകൾ അടച്ചു വൈശാലി മൂളുമ്പോൾ അവളുടെ ചുണ്ടിൽ കുസൃതിയുള്ള ഒരു പുഞ്ചിരി വന്നിരുന്നു... 

"ദുൽക്കർ സൽമാനെ അറിയോ... 
ആൾടെ ഒരു ലുക്ക്‌ ണ്ട് ലോ ങ്ങൾക്ക്... 
കിടു ആണ്ലോ.. 
ഗന്ധർവാ ങ്ങള്.. 
ന്തായാലും എനിക്ക് ഇഷ്ടായി ട്ടോ..."

"ഇഷ്ടങ്ങളേ ചേർത്ത് പിടിക്കുമ്പോൾ.. 
അറിയുക.. 
ആ ഇഷ്ടം മറ്റുള്ളവരെ വിഷമിപ്പിക്കാൻ വേണ്ടി ആവരുത് ട്ടോ.."
ഗന്ധർവൻ പറഞ്ഞു... 

"ജീവിതത്തിൽ പോരെ.. 
ഞാൻ കൂടെയുണ്ടാവും എന്നും.. 
കാരണം ഈ മുഖം എവിടെയോ ന്റെയുള്ളിൽ കൂടു കൂട്ടിയിരുന്നു ഞാൻ അറിയാതെ... 
നേരത്തെ പറഞ്ഞ ദുൽക്കറിന്റെ മുഖം സാമ്യമായി പറഞ്ഞതാ.. 
ഈ മുഖം എവിടെയോ ഞാൻ കണ്ടിട്ടുണ്ട്.. 
പാതിയിൽ.. 
തെളിച്ചമില്ലാതെ ഒരു കയ്യകലത്തിൽ എന്നിൽ നിന്നുമൂർന്നു പോയതും ഞാൻ അറിയുന്നു ഈ നിമിഷം.."
ശബ്ദം വല്ലാതെ നേർത്തിരുന്നു വൈശാലിയുടെ... 

"അതൊക്കെ തന്റെയൊരു തോന്നലാവും.. 
പക്ഷേ.. 
ഒന്നോർക്കുക.. 
ഇനിയുള്ള രാത്രിയിൽ തനിക്ക് ചാരെ ഞാനുണ്ടാകും.. 
പുലരും വരേ..
മറ്റൊരു കാര്യം കൂടി... 
ഞാൻ ഭൂമിയിൽ എവിടെയോ മനുഷ്യനായി പിറന്നിട്ടുണ്ട്.. 
എവിടെയാണെന്നോ... 
എങ്ങനെണെന്നോ എനിക്കറിയില്ല.. 
പക്ഷേ.. 
ഒന്നറിയാം... 
ഒരു നാൾ ഞാൻ തനിക്ക് മുന്നിൽ വരും.. 
ഞാൻ അറിയാതെ... 
താൻ അറിയാതെ.. 
നമ്മളിരുവരുമറിയാതെ... 
ചിലപ്പോൾ താൻ പറഞ്ഞത് ശരിയാകാം... 
കയ്യെത്തും ദൂരെ ഊർന്നു വീഴുന്നത് നാം ഇരുവരും അറിയില്ല ചിലപ്പോൾ..."

"ന്താ... 
ന്താ പറഞ്ഞത്... 
ങ്ങള് ഭൂമിയിൽ ണ്ട് ന്നോ.. 
പിന്നെ ങ്ങനെ... 
എന്നോട് ഈ രാത്രിയിൽ.. 
ഇവിടെ ന്റെ കൂടെ.. 
എന്നേ ഭ്രാന്തിയാക്കാനാണോ ഈ വരവ്... 
ശാപങ്ങളുടെ മേലട പുതപ്പ് എനിക്ക് സമ്മാനിച്ചു മടങ്ങനാണോ ഈ വരവ്... 
ജീവിതത്തിൽ.. 
സ്വപ്നത്തിൽ.. 
ഈ നിമിഷം ഞാനറിയുന്നു... 
നിങ്ങളെന്നോ.. 
ന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്നു.. 
ഇന്ന്.. 
ഞാനറിയുന്നു ആ സാമിപ്യം..."
തലയിണയിലെ പിടുത്തം വിട്ടു വൈശാലി കൈകൾ രണ്ടും ഉയർത്തി ഗന്ധർവന്റെ കയ്യിൽ പിടിച്ചു... 
പെട്ടന്ന് വൈശാലി ഞെട്ടി പിടഞ്ഞു എഴുന്നേറ്റു.... 
ചുറ്റിനും നോക്കി.. 
മുറിയിൽ ഇരുട്ട് മാത്രം.. 
അവൾ വേഗം കൈയ്യെത്തിച്ചു ലൈറ്റ് ഇട്ടു.. 
സ്വപ്നമായിരുന്നോ എല്ലാം... 
വിശ്വാസം വരാതെ അവൾ ചുറ്റിനും നോക്കി... 
************************************
"ആഹാ.. 
ഇന്ന് നേരത്തെ എണീറ്റോ മോള്..."
അടുക്കളയിലേക്ക് കേറി വന്ന വൈശാലിയേ നോക്കി ചിരിച്ചു കൊണ്ട് ശ്രീവിദ്യ ചോദിച്ചു... 

"ഓ.. 
കളിയാക്കല്ലേ അമ്മേ.. 
ഇന്നെന്തോ നേരത്തെ എണിറ്റു ന്നേ.. 
അതോണ്ട് ഇപ്പൊ ന്താ കുഴപ്പണ്ടാ.."
അടുപ്പിന്റെ സ്ലാബിൽ കയറി ഇരിന്നു കൊണ്ട് വൈശാലി ചോദിച്ചു... 

"താഴേക്ക് ഇറങ്ങി ഇരി പെണ്ണേ.. 
രാവിലേ തന്നേ കൊമ്പത്തു കയറി ഇരിക്കുന്നേ.."
കാപ്പി ഒരു ഗ്ലാസിലേക്ക് പകർത്തി  വൈശാലിയുടെ നേരെ നീട്ടി ശ്രീവിദ്യ പറഞ്ഞു.. 

"അമ്മ ഒന്ന് പോയേ.. 
രാവിലെ തന്നെ ഈ അടുപ്പിന്റെ ചൂട് മൂട്ടിൽ തട്ടുമ്പോ കിട്ടുന്ന സുഖം വേറെ എവിടേം കിട്ടില്ല..."
കാപ്പി വാങ്ങി ഒന്നുടെ അനങ്ങി ഇരുന്നു കൊണ്ട് വൈശാലി പറഞ്ഞു.. 

"പിന്നേ.. 
ഇന്നു മുറ്റം അമ്മ അടിക്കണം ട്ടോ..."

"അതെന്താ പെണ്ണേ.. 
ഈ മാസം നേരത്തെ ആയോ.."

"ഹേയ് അതുകൊണ്ടല്ലമ്മേ.. 
ഇന്നെന്തോ.. 
ഒരു സുഖമില്ല.."
ഗ്ലാസ് ചുണ്ടിലേക്ക് ചേർത്ത് കൊണ്ട് വൈശാലി പറഞ്ഞു.. 

"രാവിലത്തെ ഒരു പണിയും കഴിഞ്ഞിട്ടില്ല ലോ മോളേ.. 
അച്ഛനാണേൽ ഇപ്പൊ വരും ഓട്ടം കഴിഞ്ഞു..."

"അതൊക്കെ ഞാൻ ചെയ്തോളാം..
അമ്മ ചെന്ന് മുറ്റമടി.."

"ഞാൻ പോണോ മോളേ.."
ശ്രീദേവി നിന്നു പരുങ്ങി.. 

"ന്താ അമ്മക്ക് ഒരു മടി.."

"അതേ.. 
മോള് രാവിലെ അടിക്കുന്നത് കൊണ്ട് ഇന്നലെ വൈകുന്നേരം ഞാൻ തെക്കേ മുറ്റം അടിച്ചില്ല വൈകുന്നേരം.. 
അതോർത്തു നിന്ന് പോയതാ..."
വിരൽ കടിച്ചു കൊണ്ട് ശ്രീവിദ്യ പറയുന്നത് കേട്ട് വൈശാലി ചിരിച്ചു.. 

"അത് ആദ്യത്തെ സംഭവമല്ല ലോ.. 
എനിക്ക് ഇടക്ക് അമ്മ തരുന്ന എട്ടിന്റെ പണിയല്ലേ.. 
ഇന്ന് അത് ബൂമറങ്ങായെന്നു കരുതിയാൽ മതി.."

"എന്നാലും.. 
മോള് ചെന്ന് അടിച്ചു വാരി വാ ന്നേ.. 
അമ്മ ദോശയും മോൾക്ക് ഇഷ്ടമുള്ള തക്കാളി ചമ്മന്തിയും ഉണ്ടാക്കി വെക്കാം അപ്പോളേക്കും..."

"സോപ്പ് പതയില്ല മോളേ അമ്മേ.. 
ഇന്ന് ഒരീസം മതി.. 
പ്ലീസ്.. 
ന്റെ പുന്നാരയമ്മയല്ലേ...
അമ്മ വരുമ്പോളേക്കും ദോശയും അമ്മക്ക് ഇഷ്ടമുള്ള മുട്ട കറിയും ഞാൻ ഉണ്ടാക്കികോളാം ട്ടോ.. 
മോള് ചെല്ല്.."
ഉന്തി തള്ളി ശ്രീവിദ്യയേ പറഞ്ഞു വിടാൻ നോക്കി വൈശാലി... 

"മോളേ.."
തിരിഞ്ഞു നോക്കി വട്ടം ചുറ്റി നിന്നു ശ്രീവിദ്യ... 

"ദേ പെണ്ണേ.. 
ഈ നിന്ന് ചിണുങ്ങാതെ പോയി മുറ്റമടിച്ചിട്ട് വാ മോളേ.."
വൈശാലി പറഞ്ഞത് കേട്ട് മുഖം കോട്ടി കൊണ്ട് ശ്രീവിദ്യ പുറത്തേക്ക് പോയി... 
***********************************

"എന്നാലും കൊള്ളാലോ മോളേ സ്വപ്നം..
ഈ ഗന്ധർവ്വൻ ങ്ങനെ ചുള്ളനാണോ.."
ദോശ എടുത്തു വായിലേക്ക് വെച്ചു കൊണ്ട് അരവിന്ദൻ ചോദിച്ചത് കേട്ട് വൈശാലി ചിരിച്ചു.. 

"ഞാൻ പറഞ്ഞില്ലേ അച്ഛാ.. 
ദുൽക്കറിന്റെ ഒരു ഛായയുണ്ട് ന്ന്.."

"ദേ പെണ്ണേ..
ഇതൊന്നും അത്ര നല്ല സ്വപ്നമൊന്നുമല്ല ട്ടോ... 
പാതിരാത്രി ഗന്ധർവനെ കാണുന്നത്...."
വൈശാലിയുടെ കൈ തണ്ടയിൽ പതിയെ നുള്ളി കൊണ്ട് ശ്രീവിദ്യ പറഞ്ഞു... 

"ഹോ... 
ന്തൊരു വേദനയാ അമ്മേ..."
കൈ തിരുമി കൊണ്ട് വൈശാലി ശ്രീവിദ്യയേ നോക്കി പറഞ്ഞു.. 

"പിന്നെ... 
ആ പുള്ളിയോട് ഞാൻ പറഞ്ഞിട്ട് വന്നതൊന്നുമല്ല... 
ന്റെ സ്വപ്നത്തിൽ.. 
അതൊരു സ്വപ്നമായി മാത്രമേ എനിക്ക് തോന്നിയുള്ളു.. 
അതിന് ഇപ്പൊ ന്താ കുഴപ്പം.."
കണ്ണു തുറുപ്പിച്ചു കൊണ്ട് ശ്രീവിദ്യയേ നോക്കി കൊണ്ട് വൈശാലി പറഞ്ഞു... 

"ദേ പെണ്ണേ... 
മത്തകണ്ണ് ഞാൻ കുത്തി പൊട്ടിക്കും ഇമ്മാതിരി നോട്ടം എന്നേ നോക്കിയാൽ.."

"കേട്ടോ അച്ഛാ... 
എന്നേ മത്തകണ്ണി ന്ന്..."
ചിണുങ്ങി കൊണ്ട് അരവിന്ദനെ നോക്കി വൈശാലി പറഞ്ഞു... 

"ഡീ എന്റെ മോൾടെ കണ്ണ് മത്തകണ്ണ് പോലെ ആണേലും.. 
നീ ന്തിനാ അങ്ങനെ വിളിക്കുന്നത്... 
മത്തകണ്ണി ന്ന്..."

"ദേ കാർന്നോരെ... 
പ്രായത്തിനു മൂത്തതാണ് ന്നൊനും ഞാൻ നോക്കില്ല.. 
ഈ മൊട്ടച്ചാറ് എടുത്തു കണ്ണിൽ ഒഴിക്കും ഞാൻ... 
നൈസ് ആയിട്ട് മ്മക്ക് ഇട്ടു പണിയാൻ വന്നാൽ.."
കറി പകർത്തി വെച്ച പാത്രമെടുത്തു കയ്യിൽ പിടിച്ചു വൈശാലി.. 

"ദേ പെണ്ണേ.. 
ഇങ്ങനെ കുട്ടിക്കളി ഓക്കേ നിർത്തിക്കോ.. 
നാളെ ഒരു കൂട്ടർ കാണാൻ വരുന്നുണ്ട് നിന്നെ... 
അവർക്ക് ഇഷ്ടയാൽ അതങ്ട് നടത്തും.. 
മ്മള് അറിയുന്ന കൂട്ടരാണ്.."
ശ്രീവിദ്യ പറയുന്നത് കേട്ട് വൈശാലി കഴിക്കുന്നത് നിർത്തി മുഖമുയർത്തി നോക്കി... 

"അമ്മ ഇത് എത്രാമത്തെ വട്ടമാണ് പറയുന്നത്.. 
ഞാൻ പറഞ്ഞോ എനിക്ക് കല്യാണത്തിന് താല്പര്യമില്ല ന്ന്.. 
എല്ലാർക്കും ഇഷ്ടമായാൽ നടത്തിക്കോ.. 
കൂട്ടത്തിൽ എന്റെയും ഇഷ്ടം കൂടി നോക്കണം ന്ന് മാത്രം.."

"മോൾടെ ഇഷ്ടം നോക്കാതെ ന്തായാലും കല്യാണത്തിന് അച്ഛൻ സമ്മതം മൂളില്ല പോരെ.."
അരവിന്ദൻ വൈശാലിയേ നോക്കി പറഞ്ഞു... 

"ഞാനും..."
വൈശാലിയുടെ കയ്യിൽ പിടിച്ചു കൊണ്ട് ശ്രീവിദ്യയും പറഞ്ഞു... 

"ഇപ്പൊ സമാധാനമായി ല്ലോ.. 
മ്മക്ക് എല്ലാർക്കും..."
വൈശാലി പറഞ്ഞത് കേട്ട് രണ്ടാളും ചിരിച്ചു... 
ആ ചിരിയിൽ വൈശാലിയും ചേർന്നു... 

"പിന്നേ.. 
അച്ഛൻ ഇന്ന് ങ്ടേലും പോണുണ്ടോ.."
കൈ കഴുകി സോഫയിൽ വന്നിരുന്നു കൊണ്ട് വൈശാലി ചോദിച്ചു.. 

"ഇല്ല ലോ... 
ന്തേ മോളേ.."

"എനിക്ക് രേഷ്മയെ ഒന്ന് കാണാൻ പോണയിരുന്നു... 
കുറച്ചു ദിവസമായി അവളെ കണ്ടിട്ട്.. 
രണ്ടു ദിവസമായി വിളിച്ചിട്ടും കിട്ടുന്നില്ല..."

"അതിനെന്താ... 
മോള് പോയേച്ചും വാ.. 
അതൊക്കെ എന്നോട് പറഞ്ഞിട്ട് വേണോ..."
വൈശാലിയുടെ കൈയ്യിൽ പിടിച്ചു കൊണ്ട് അരവിന്ദൻ ചോദിച്ചു... 

"അതല്ല..."
വൈശാലി ഒന്ന് പരുങ്ങി.. 

"പിന്നേ...."
കയ്യിലേ പിടുത്തം പതിയെ വിട്ടു കൊണ്ട് അരവിന്ദൻ ചോദിച്ചു.. 
കാരണം അരവിന്ദന് മനസിലായി പണി വരുന്നുണ്ട് ന്ന്... 

"അച്ഛാ.."
കൈ വിടാതെ മുറുകെ പിടിച്ചു കൊണ്ട് വൈശാലി വിളിച്ചു... 

"ന്താ ഡീ മോളേ..."
ന്തിനാ ഈ ഉരുണ്ട് കളി.... 

"എനിക്ക് അച്ഛന്റെ ബുള്ളറ്റ് വേണം..."
കയ്യിലേ പിടുത്തം ഒന്നുടെ മുറുക്കി കൊണ്ട് വൈശാലി പറഞ്ഞു... 

"നടക്കില്ല മോളേ... 
ന്റെ വണ്ടി ഞാൻ ആർക്കും തരില്ല.. 
ഇന്നാള് നിന്റെ വണ്ടി ചോദിച്ചപ്പോൾ ന്താ എന്നോട് പറഞ്ഞേ... 
നേരം വണ്ണം സൂക്ഷിച്ചു കൊണ്ട് നടക്കാത്തത് കൊണ്ടാണ് ന്റെ ബുള്ളറ്റ് വഴിയിൽ കിടന്നത് ല്ലേ..."

"അത് പിന്നെ അച്ഛാ.. 
ഞാനൊരു തമാശ പറഞ്ഞതല്ലേ..."
അരവിന്ദന്റെ മീശയിൽ പിടിച്ചു പിരിച്ചു കൊണ്ട് വൈശാലി പറഞ്ഞു... 

"ബുള്ളറ്റ് ഞാൻ തരാം... 
പക്ഷേ എനിക്ക് രണ്ടു പെഗ് അടിക്കണം രാത്രി..
ന്തേ സമ്മതാണോ.."
ഇടം കണ്ണിട്ട് നോക്കി കൊണ്ട് അരവിന്ദൻ ചോദിച്ചു... 

"കാർന്നോരെ.. 
ഇത്രേം വേണോ... 
ഒരു മയത്തിലുള്ള ഉപകാരം ചോദിച്ചാൽ പോരെ മനുഷ്യാ... 
അച്ഛനാണ് പോലും.. 
അച്ഛൻ..."
കയ്യിലേ പിടുത്തം വിടുവിച്ചു കൊണ്ട് വൈശാലി മുഖം കോട്ടി തിരിഞ്ഞിരുന്നു... 

"ഡീ നീ ഒന്ന് സമ്മതിക്ക് പെണ്ണേ.. 
ഇന്ന് ശശിയേട്ടൻ വരുന്നുണ്ട് അവിടെ.. 
എന്നോട് ചെല്ലാൻ പറഞ്ഞിട്ടുണ്ട് ന്നേ.. 
അയൽവാസിയല്ലേ.. 
വിളിച്ചിട്ട് ചെന്നില്ലേൽ അത് മോശമല്ലേ... 
അതോണ്ട് ചെല്ലുമ്പോ രണ്ടെണ്ണം... 
അതിൽ കൂടില്ല.. 
ന്റെ പുന്നാര മോളാണ് സത്യം.."
വൈശാലിയുടെ തലയിൽ കൈ വെക്കാൻ വന്നു അരവിന്ദൻ... 

"യ്യോ... 
ന്റെ തല പൊട്ടിപോവും.. 
എനിക്ക് ബുള്ളറ്റും വേണ്ടാ ഒന്നും വേണ്ടാ.."
അതും പറഞ്ഞു വൈശാലി പതിയെ എഴുന്നേറ്റു.. 

"രണ്ടെണ്ണം... 
ഉറപ്പാണോ..."
കൈ രണ്ടും പിറകിൽ കെട്ടി നിന്നു കൊണ്ട് വൈശാലി ചോദിച്ചു... 

"ഉറപ്പാണോ ന്ന് ചോദിച്ചാൽ.. 
ചിലപ്പോൾ..."
അരവിന്ദൻ ഒന്ന് ചിരിച്ചു... 

"ചാവി എവടെ വണ്ടിടെ..."
വൈശാലി ചോദിച്ചു... 

"നാലെണ്ണം ട്ടോ..."
ചാവി എടുത്തു കയ്യിൽ കൊടുത്തിട്ട് അരവിന്ദൻ പറഞ്ഞു... 

"നാലോ അഞ്ചോ... 
രാത്രി വീട്ടിൽ വരുമ്പോൾ അമ്മടെ റൊമാൻസ് മിസ്സ്‌ ആവും...
അത് കൂടെ ഓർത്തിട്ട് മതി പെഗ് കൂടണോ വേണ്ടയോ ന്ന്...."
അർത്ഥം വെച്ച് പറഞ്ഞിട്ട് ചിരിച്ചു കൊണ്ട് വൈശാലി അകത്തേക്ക് നടന്നു... 

ഇടിവെട്ട് കൊണ്ട പോലെ നിന്നുപോയി അരവിന്ദൻ... 
*********************************

"എന്നാലും സ്വപ്നമാണേലും അടിപൊളി ആയിലോ കേട്ടപ്പോൾ.."
രേഷ്മ പറഞ്ഞത് കേട്ട് വൈശാലി ചിരിച്ചു... 

"ഇനി ഇതിന്റെ തുടർച്ച ഉണ്ടാവോ പെണ്ണേ ഇന്ന്..."
രേഷ്മ ചോദിച്ചു... 
വൈശാലിയുടെ ഉള്ളൊന്നു പിടഞ്ഞു... 
ആ ചോദ്യം കേട്ടപ്പോൾ... 

"അറിയില്ല ഡീ... 
പക്ഷേ.. 
ന്തോ.... 
മുന്നേങ്ങോ.. 
എവിടെയോ കണ്ടതും കേട്ടതുമായ സംഭാവങ്ങൾ പോലെ തോന്നി എനിക്ക്..
ഇപ്പോളും ആ കൈകളുടെ സ്പർശനത്തിന്റെ ഫീൽ ഉണ്ട് ഈ കൈ വിരലുകളിൽ.."
വിരലുകളിൽ പതിയെ തലോടി കൊണ്ട് വൈശാലി പറഞ്ഞു.. 

"മോളേ.. 
ഈ ഗന്ധർവ്വൻമാര് ആള് ഇച്ചിരി റൊമാന്റിക് ആണ്‌ ട്ടോ.. 
ചുമ്മാ ഓരോ ഏടക്കൂടങ്ങളിൽ ചെന്ന് തല വെച്ച് കൊടുക്കരുതേ..."

"ഹേയ്... ഇല്ലടീ.."
ഇത് ചിലപ്പോൾ ഒരു സ്വപ്നം മാത്രമായി പോകുമെന്ന് തോന്നുന്നു.."
ശബ്ദം വല്ലാതെ നേർത്തിരുന്നു വൈശാലിയുടെ... 

"മ്മ്.. 
അങ്ങനെ അയാൽ മതി.. 
അതല്ലെങ്കിൽ നീ ആ റൂമിൽ നിന്നും മാറി കിടന്നേക്ക് ട്ടോ.."

"മ്മ്.. 
പക്ഷേ.. 
അയ്യാൾ ഒരു കാര്യം പറഞ്ഞു.. 
ഈ ഭൂമിയിൽ എവിടെയോ ആളുടെ ജന്മമുണ്ടെന്നു.. 
പക്ഷേ.. 
എവിടെയാണ്.. 
എങ്ങനാണ് എന്നൊന്നും ആൾക്കറിയില്ല പോലും.. 
പക്ഷേ... 
എന്നേ തേടി നടക്കുന്നുണ്ട് പോലും...
അതോണ്ട് എനിക്കിപ്പോ.. 
ആകെ ഒരു വിറയലാ.. 
ആരേലും സംസാരിക്കാൻ വന്നാൽ.. 
അത് ഗന്ധർവ്വനാണോ ന്ന്.. 
മനസിന്റെ പിടുത്തം വിട്ട് പോണ് ഡീ..."

കണ്ണുകൾ നഞ്ഞിരുന്നു... 
വൈശാലിയുടെ.. 
"ഇന്നത്തെ രാത്രി കൂടെ ഒന്ന് കഴിഞ്ഞു കിട്ടിയാൽ മതിയായിരുന്നു എനിക്ക്... 
അറിയാലോ.. 
സത്യമാണോ.. 
സ്വപ്നമാണോ ന്ന്..
ഇതിനിടയിൽ നാളെ ഒരു കൂട്ടർ എന്നേ കാണാൻ വരുന്നുണ്ട് പോലും.. 
ഇനി അയ്യാളാണോ എന്നൊക്കെ ആണ്‌ ചിന്ത..
ന്തായാലും ഇന്ന് ഇരുട്ടി വെളുക്കട്ടെ.."
വൈശാലി പറഞ്ഞഞ്ഞത് കേട്ട് രേഷ്മ അമ്പരന്നു നിന്നു.. 

"ഇറങ്ങട്ടെ.. 
നേരം ഒരുപാടായി.. 
പ്രവിയേട്ടൻ എവിടെ രേഷ്മേ.. 
കണ്ടില്ല ലോ.. 
ആളെ ഇന്ന്.."

"ആള് ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നു... 
നീ വരുന്നതിന് തൊട്ട് മുൻപ് ഇവ്ടെന്നു ഇറങ്ങിയുള്ളൂ..."

"ങ്കിൽ ശരി.. 
വരുമ്പോൾ ന്റെ അന്വേഷണം പറ.."
അതും പറഞ്ഞു വൈശാലി ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് എടുക്കുന്ന സമയം മുറ്റത്തേക്ക് ഒരു ബൈക്ക് കേറി വന്നു.. 

"വൈശാലിയുടെ ഉള്ളിൽ ഒരു പിടച്ചിൽ... 
ഈ മുഖമല്ലേ ഞാൻ ഇന്നലെ കണ്ടത്.."
കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top