രചന: സോണി അഭിലാഷ്
ഓ..ഇത് എന്ത് മഴയാണ് ദൈവമേ...ഒന്ന് കേറി നിൽക്കാം എന്ന് വച്ചാൽ ഇവിടെ ഒരു കടയും കാണുന്നില്ലല്ലോ..ബൈക്ക് ഓടിച്ചു മഴയും നനഞ്ഞു വരുന്നതിനിടയിൽ ഷാഹുൽ പിറുപിറുത്തു..
കുറച്ചു മുന്നോട്ട് പോയപ്പോൾ ഒരു മെഡിക്കൽഷോപ് കണ്ടു..അവൻ വേഗം വണ്ടി അങ്ങോട്ട് വിട്ടു..അവിടേ ചെന്നു ഇറങ്ങി വണ്ടി സ്റ്റാൻഡിൽ ഇട്ടു..എന്നിട്ട് കടയുടെ ഉള്ളിലേക്ക് കയറി നിന്നു..ആ കടയിൽ അപ്പോൾ ഒരു പെൺകുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളു..
ഷാഹുൽ വേഗം പോക്കറ്റിൽ നിന്നും അഞ്ചു രൂപ എടുത്തിട്ട് കടയിൽ നിന്ന ആ പെൺകുട്ടിയോട് ചോദിച്ചു
വിക്സ് ഗുളിക ഉണ്ടോ...?
ഉണ്ടല്ലോ..എത്രണം വേണം..? ആ പെൺകുട്ടി ചോദിച്ചു..
ഒരു അഞ്ചു രൂപക്ക് തന്നേക്ക്..അതും പറഞ്ഞിട്ട് അവൻ പൈസ കൊടുത്തു..ആ കുട്ടി വിക്സ് ഗുളിക കവറിൽ ഇട്ട് കൊടുത്തു..ഷാഹുൽ അതും വാങ്ങി ഒരെണം പൊട്ടിച്ചു വായിലിട്ടിട്ട് കുറച്ചൂ നീങ്ങി നിന്നു..
അപ്പോ ഒരാൾ റോഡിൽ നിന്നും കയറി വന്നു.
അല്ല ശാലിനി നീ ഇതുവരെ പോയില്ലേ..? അയാൾ ചോദിച്ചു
ഇല്ല ചേട്ടാ..ദിവാകരേട്ടൻ ഇതുവരെ വന്നില്ല..അവൾ വിഷമത്തോടെ പറഞ്ഞു.
ഇനി എങ്ങിനെ പോകും.മോളേ..അവൻ എന്താ വൈകുന്നത്..ലാസ്റ്റ് ബസും പോയി..രാത്രി ഇത്രയും വൈകി നിന്നെ ആകിയിട്ട് ഇവനിത് എവിടെ പോയതാ..
അപ്പോൾ ആണ്..അവരെ ശ്രെധിച്ചു നിക്കുന്ന ഷാഹുലിനെ അയാൾ കണ്ടത്..
മ്മ്..താൻ ഏതാ..മുൻപ് ഇവിടെ കണ്ടിട്ടുള്ളതല്ലല്ലോ..? അയാൾ ചോദിച്ചു..
ശാലിനിയെ ഒന്ന് നോക്കിയിട്ട് അവൻ മറുപടി പറഞ്ഞു തുടെങ്ങി
ചേട്ടാ..ഞാൻ ഇവിടെ ഒരു ഗവണ്മെന്റ് ജോലിക്കു സ്ഥലം മാറി വന്നതാണ്..
അവർ സംസാരിച്ചിരുന്നപ്പോൾ ദിവാകരൻ എത്തി..
ശാലിനി സോറി ഹോസ്പിറ്റലിൽ ചെന്നപ്പോൾ അമ്മയെ അവർ അഡ്മിറ്റാക്കി അതാണ് ഞാൻ വൈകിയത്..അയാൾ ക്ഷമാപണം നടത്തി..
സാരമില്ല ചേട്ടാ..മനഃപൂർവം അല്ലല്ലോ..അവൾ പറഞ്ഞു.
നീ ഇനി എങ്ങിനെ പോകും..വണ്ടി ഒന്നുമില്ലല്ലോ..നല്ല മഴയാണ്..അയാൾ വിഷമത്തോടെ പറഞ്ഞു..
പെട്ടന്നു ഷാഹുൽ മുന്നോട്ട് വന്നു എന്നിട്ട് അവരോട് പറഞ്ഞു..ചേട്ടന്മാരെ ആ കുട്ടിക്ക് ബുദ്ധിമുട്ടില്ലങ്കിൽ ഞാൻ വീട്ടിൽ കൊണ്ടാക്കാം..ഞാൻ ഇവിടെ പുതിയത് ആണ് എന്നാലും എന്റെ കൂടെ വിശ്വസിച്ചു വിടാം..
അത് ഒന്നും വേണ്ടാ..ഏതാ എന്താ എന്നറിയാത്ത ഒരു വരുത്തന്റെ കൂടെ വിട്ടിട്ട് വേണം ഇവളുടെ അമ്മാവൻ എന്നെ തല്ലാൻ..ഞാൻ തന്നെ കൊണ്ടുപോയി ആക്കികൊള്ളം..അതും പറഞ്ഞു ദിവാകരൻ കട അടച്ചു..എന്നിട്ട് ശാലിനിയെയും കൂട്ടി അയാളുടെ കാറിൽ കയറി പോയി..
അവർ പോയതിന്റെ പിന്നാലെ ഷാഹുലും വണ്ടി വിട്ടു..ചെറിയ മഴ ഉണ്ടായിരുന്നു അവനത് കാര്യം ആക്കാതെ വണ്ടി ഓടിച്ചു അതിനിടയിൽ ആരോടൊക്കെയോ ഫോൺ ചെയ്ത് എന്തൊക്കയോ ചോദിച്ചു കൊണ്ടിരുന്നു..
അവസാനം ശാലിനിയുടെ വീട് കഴിഞ്ഞുള്ള രണ്ടാമത്തെ വീടിന്റെ മുന്നിൽ അവൻ വണ്ടി നിർത്തി...അവനെ കണ്ടതും ഒരാൾ ഓടിവന്ന് ഗേറ്റ് തുറന്നു കൊടുത്തു..ഷാഹുൽ ബൈക്ക് അകത്തേക്ക് കയറ്റി നിർത്തിയിട്ട് ഇറങ്ങി..
കിട്ടുണ്ണിഏട്ടൻ അല്ലേ..അവൻ ചോദിച്ചത് കേട്ട് അയാൾ തലകുലുക്കി..
മഴ ആയത് കൊണ്ടാണ് വൈകിയത്..വഴിയിൽ നിന്നും ഒന്നും കഴിച്ചില്ല ..ഇവിടെ എന്തെങ്കിലും ഉണ്ടോ ചേട്ടാ..ഷാഹുൽ ചോദിച്ചു..
ഉണ്ട് കുഞ്ഞേ കഞ്ഞിയും ചമ്മന്തിയും ആണ്..കുഞ്ഞു ഇന്ന് വരുമെന്ന് അറിയില്ലായിരുന്നല്ലോ..അയാൾ പകുതിയിൽ നിർത്തി..
അത് സാരമില്ലാ..ഞാൻ ഒന്നു കുളിച്ചിട്ട് വരാം..അപ്പോഴേക്കും അത് ഒന്നു ചൂടാക്കി വച്ചേക്ക് കേട്ടോ..അതും പറഞ്ഞവൻ കുളിക്കാൻ കയറി..
തണുത്ത വെള്ളം തലയിലൂടെ ഒഴുകി ഇറങ്ങിയപ്പോൾ അവന് വല്ലാത്തൊരു സുഖം തോന്നി..ആ തണുപ്പിൽ മറ്റൊരു തണുപ്പായി ശാലിനിയുടെ മുഖം അവന്റെ മനസിലേക്ക് ഓടി വന്നു..അവനിൽ അതൊരു ചിരിയായി മാറി..
കുളികഴിഞ്ഞു വന്ന് ചൂട് കഞ്ഞിയും ചമ്മന്തിയും അവൻ വയറ് നിറച്ചു കഴിച്ചു..
അല്ല കുഞ്ഞിന്.എന്നാ ജോലിക്കു കയറേണ്ടത്..? കിട്ടുണ്ണി ചോദിച്ചു
തിങ്കളാഴ്ച്ച പോണം..ഇവിടെ അടുത് ആണോ പോലീസ് സ്റ്റേഷൻ ഷാഹുൽ ചോദിച്ചു
അതേ..വണ്ടിക്കാണെങ്കിൽ ഒരു പത്തുമിനിറ്റ് മതി..അയാൾ പറഞ്ഞു..കുറച്ചു നേരം സംസാരിച്ചിരുന്നിട്ട് അവൻ ഉറങ്ങാൻ പോയി..
നല്ല ഉറക്കത്തിൽ ആയിരുന്നു ഷാഹുൽ..എവിടെ നിന്നോ വരുന്ന പാട്ട് കേട്ടാണ് ഉണർന്നത്..
ഇതിപ്പോ ആരാ പാട്ടുപാടുന്നത്..ആ ചിലപ്പോൾ അടുത്തെങ്ങാനും അമ്പലം കാണുമായിരിക്കും..അത് ചിന്തിച്ചുകൊണ്ട് അവൻ തലവഴി പുതപ്പ് വലിച്ചിട്ട് കിടന്നുറങ്ങി..
വാതിലിൽ ആരോ തട്ടുന്നത് കേട്ടാണ് ഷാഹുൽ ഉണർന്നത്..വാച്ചിൽ നോക്കിയപ്പോൾ സമയം ഒൻപത് മണി ആയി..അവൻ ചാടി എഴുനേറ്റ് ഡോർ തുറന്നു..കിട്ടുണ്ണി ആയിരുന്നു അത്..
കുഞ്ഞു എണീക്കാൻ വൈകിയത് കൊണ്ടാ ഞാൻ വന്നു വിളിച്ചത്..റെഡി ആയി താഴേക്ക് വന്നാൽ ചായ കുടിക്കായിരുന്നു..അയാൾ പറഞ്ഞു..
ചേട്ടൻ താഴെപ്പോയി എല്ലാം എടുത്തു വെക്കുമ്പോഴേക്കും ഞാൻ റെഡി ആയി വരാം..അതും പറഞ്ഞവൻ ബാത്റൂമിലേക്ക് കയറി..
കുളിച്ചു കഴിഞ്ഞു ഷാഹുൽ താഴെ വന്നപ്പോൾ കിട്ടുണ്ണി നല്ല പുട്ടും കടലകറിയും കട്ടൻകാപ്പിയും റെഡി ആയിരുന്നു..ടേബിളിന്റെ അടുത്തേക്ക് കസേര വലിച്ചിട്ട് അവനിരുന്നു..പ്ലേറ്റിലേക്ക് വിളമ്പാൻ പോയ കിട്ടൂണിയെ തടഞ്ഞു കൊണ്ട് അവൻ തന്നെ ഭക്ഷണം എടുത്തു..
കിട്ടുണ്ണിയേട്ടാ...ചേട്ടനും ഇരിക്ക് നമുക്ക് ഒന്നിച്ചു കഴിക്കാം..അല്ലാതെ ഞാൻ കഴിച്ചിട്ട് കഴിക്കാൻ ഇരിക്കേണ്ട..ഒരു പാത്രം എടുത്തു വച്ചുകൊണ്ട് ഷാഹുൽ പറഞ്ഞു..അവർ കഴിച്ചു കൊണ്ടിരുന്നപ്പോൾ അവൻ ചോദിച്ചു
അല്ല ചേട്ടാ...ഇവിടെ ആരാണ് ഈ വെളുപ്പാൻ കാലത്തേ പാട്ട് പാടുന്നത്..എന്തായാലും കൊള്ളാം കേൾക്കാൻ നല്ല രസം ഉണ്ടായിരുന്നു..
ഓ..അത് ആ ശാലിനി കൊച്ചാണ്..അത് എന്നും രാവിലെ എണീറ്റ് നിലവിളക്ക് കൊളുത്തി നാമം ചൊല്ലാറുണ്ട്..കിട്ടുണ്ണി പറഞ്ഞു
അത് ഏതാ ചേട്ടാ ആ കുട്ടി..ഇത്ര നന്നായി പാടുന്നത്..ഷാഹുൽ ചോദിച്ചു..
അവരുടെ വീട് നമ്മുടെ രണ്ടാമത്തെ തെക്കേ വീടാണ്..അവിടേ അതിന്റെ അമ്മാവന്റെ കൂടെ ആണ് താമസം..ഭദ്രൻ അതാണ് അവന്റെ പേര് ഈ നാട്ടിലെ അറിയപ്പെടുന്ന റൗഡി ആണ്..നെൽസൺ എന്നൊരു മുതലാളി
ഉണ്ട് അവന്റെ വലം കൈ ആണ്..അയാൾ പറഞ്ഞു നിർത്തി.
അപ്പോൾ ആ കുട്ടിക്ക് അച്ഛനും അമ്മയും.ഒന്നും ഇല്ലേ..? ഷാഹുൽ ചോദിച്ചു.
അതിന്റെ ചെറുതിലെ ഉപേക്ഷിച്ചു പോയതാ..പിന്നേ ഭദ്രനും ഭാര്യ രുക്മണിയും ചേർന്ന അതിനെ വളർത്തിയത്..അവർക്കു മക്കൾ ഇല്ലാത്തത് കൊണ്ട് അതിനെ വലിയ കാര്യം ആണ്..പഠിപ്പിച്ചു ഇപ്പോൾ ഇവിടെ ഉള്ള ടൗണിൽ ഒരു മെഡിക്കൽ ഷോപ്പിൽ ആണ് ജോലി..കിട്ടുണ്ണി പറഞ്ഞു.
അപ്പോൾ എല്ലാം ഷാഹുൽ ഇന്നലെ നടന്ന സംഭവങ്ങളുടെ ഓർമയിൽ ആയിരുന്നു..
ഷാഹുൽ കഴിച്ചു എഴുന്നേറ്റു..ചേട്ടാ ഞാൻ ഒന്ന് പുറത്തിറങ്ങിയിട്ട് വരാം..ഈ നാട് ഒക്കെ ഒന്ന് കാണട്ടേ..അതും പറഞ്ഞു വണ്ടിയുടെ താക്കോലുമായി വന്നു..ബൈക്ക് സ്റ്റാർട്ട് ചെയ്ത് പുറത്തേക്ക് ഇറങ്ങി..ശാലിനിയുടെ വീടിന്റെ മുൻപിൽ എത്തിയപ്പോൾ അങ്ങോട്ട് ഒന്ന് നോക്കി.പക്ഷേ ആരെയും കണ്ടില്ല..
അവൻ നേരെ ടൗണിൽ എത്തി..ഇന്നലെ മഴ നനഞ്ഞത് കൊണ്ടു ചെറിയ ഒരു തുമ്മൽ ഉണ്ടായിരുന്നു അതുകൊണ്ട് അവൻ നേരെ മെഡിക്കൽ ഷോപ്പിലേക്ക് പോയി..വണ്ടി വച്ചിട്ട് ഇറങ്ങുന്ന ഷാഹുലിനെ ശാലിനി കണ്ടു..
ഈ തുമ്മലിന് എന്താ മരുന്ന് ഉള്ളത്..? അവൻ ചോദിച്ചു
അവൾ വേഗം ഒരു ബോക്സ് തുറന്നു ഒരു ഗുളിക പുറത്തെടുത്തു..എന്നിട്ട് അവനോട് ചോദിച്ചു..
എത്രണ്ണം വേണം എന്ന്..? ശാലിനി ചോദിച്ചു
അത് എങ്ങിനെ ആണ് കഴിക്കേണ്ടത് ആ രീതിയിൽ എടുത്തോളൂ..അവൻ പറഞ്ഞു
ഇത് ദിവസവും 3 എണ്ണം ഒരു 3 ദിവസം കഴിച്ചു നോക്കൂ..ചിലപ്പോൾ കുറച്ചു ഉറക്കം വരും..പിന്നേ കുറവില്ലെങ്കിൽ ആന്റിബയോട്ടിക് കഴിക്കേണ്ടി വരും..അവൾ പറഞ്ഞു. പിന്നേ ഒന്നിച്ചു 3അല്ല 1 വീതം 3 നേരം..ആണ്.
എന്തായാലും തൽകാലം ഇത് താ..നാളെ മുതൽ ഉറക്കം പോകാനുള്ളതാ..ഇത് കഴിച്ചെങ്കിലും ഒന്ന് ഉറങ്ങാലോ..അവൻ പറഞ്ഞു..
അവൾ അത് കേട്ടെങ്കിലും.ഒന്നും മനസിലായില്ല..ഗുളികയും കുറച്ചു വിക്സ് ഗുളികയും കൂടി വാങ്ങി അവൾക്കൊരു ചിരിയും സമ്മാനിച്ചിട്ട് അവൻ ഇറങ്ങി.
നേരെ അവിടുള്ള ചായക്കടയിൽ കയറി..പുതിയ ആളെ എല്ലാവരും ഒന്നു നോക്കി.
മോൻ ഏതാ..ഇവിടെ കണ്ടിട്ടില്ലല്ലോ..പ്രായം ആയ ഒരാൾ ചോദിച്ചു
ഞാൻ ഇവിടെ ജോലിക്കു സ്ഥലമാറ്റം കിട്ടി വന്നതാണ് ചേട്ടാ..ഒരു ചായക്ക് പറഞ്ഞിട്ട് അവൻ മറുപടി കൊടുത്തു
പെട്ടന്നു ആണ് ആളുകൾ എല്ലാം ചിതറി ഓടുന്നത് അവർ കണ്ടത്..കാര്യം അറിയാൻ അവരെല്ലാം കടക്ക് പുറത്തിറങ്ങി അപ്പോൾ ആണ് ഒരാളേ കൈയിൽ വാക്കത്തിയും പിടിച്ചുകൊണ്ട് മറ്റൊരാൾ ഓടിക്കുന്നത് കണ്ടത്..
ഇത് ആ ഭദ്രൻ അല്ലേ..അവൻ എന്തിനാ അയാളെ ഓടിച്ചിടുന്നത്..? ഒരാൾ ചോദിച്ചു
ആവോ..അവന് വല്ല പണിയും വേണ്ടേ..ആ നെത്സണ് വേണ്ടി ആയിരിക്കും..വേറൊരാൾ മറുപടി കൊടുത്തു..
ആരും പോലീസിനെ വിളിച്ചില്ലന്ന് തോന്നുന്നു..അല്ല അവർ വന്നിട്ടും കാര്യം ഒന്നും ഇലല്ലോ..ആ നെൽസൺ പറയുന്നത് കേട്ട് അവൻ കൊടുക്കുന്ന നക്കാപിച്ചയും വാങ്ങി പോകാനല്ലേ..ആദ്യത്തെ ആള് പറഞ്ഞു.
അത് എന്താ ചേട്ടാ..ഇവിടെ പോലീസുകാർ ഒന്നുമില്ലേ..ഷാഹുൽ ചോദിച്ചു
ഉണ്ടായിരുന്നതാ..ഒരു സണ്ണി സാർ..അങ്ങേരെ ഇവരെല്ലാം കൂടി നാടുകടത്തി..പുതിയ ആള് എത്തിയിട്ടില്ല..ഇപ്പോൾ ആ ഹെഡ് കോൺസ്റ്റബിൾ കുട്ടപ്പന്റെ ഭരണം ആണ്..അയാൾ പറഞ്ഞു..
പോലീസ് സ്റ്റേഷനിലെ നമ്പർ ഉണ്ടോ..വിളിച്ചു പറയാനായിരുന്നു..ഷാഹുൽ പറഞ്ഞു...
എന്തിനാ മോനേ പുലിവാല് പിടിക്കുന്നത്..അത്ര നിർബന്ധം ആണെങ്കിൽ ആ കുട്ടപ്പന്റെ നമ്പർ തരാം..അതും പറഞ്ഞു അയാൾ നമ്പർ കൊടുത്തു..അയാൾ പറഞ്ഞു കൊടുത്ത നമ്പർ ഫോണിലേക്ക് ഷാഹുൽ സേവ് ചെയിതു..എന്നിട്ട് ആ നമ്പറിലേക്ക് വിളിച്ചു
ഹലോ..പോലീസ്‌സ്റ്റേഷൻ അല്ലേ..?
അതേ ഹെഡ് കോൺസ്റ്റബിൾ കുട്ടപ്പനാണ്..
അത് സാറേ..ഇവിടെ കവലയിൽ വലിയ അടി നടക്കുകയാണ്..ഷാഹുൽ പറഞ്ഞു..
മ്മ് ധാ വരുന്നു..അല്ല നീ ആരാ..? അപ്പുറത്തു നിന്നും ചോദ്യം വന്നപ്പോഴേക്കും ഷാഹുൽ ഫോൺ വച്ചു..
കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു പോലീസ് ജീപ്പ് അങ്ങോട്ട് വന്നു..ജീപ്പിൽ നിന്നും പോലീസുകാർ ചാടി ഇറങ്ങി..ഭദ്രന്റെയും അയാൾ ഓടിച്ചിട്ടിരുന്ന ആളിന്റെയും അടുത്തേക്ക് ചെന്നു..അത് കണ്ട് വലിയ ആൾക്കൂട്ടം കവലയിൽ ഉണ്ടായി..
മ്മ് എന്താടാ ഇവിടെ പ്രശനങ്ങൾ..? കുട്ടപ്പൻ ചോദിച്ചു..
അത് സാറേ ഈ ഭദ്രൻ എന്നെ വെട്ടാൻ വേണ്ടി ഓടിക്കുകയായിരുന്നു..അയാൾ പറഞ്ഞു
എന്താടാ ഭദ്ര ഇത്..അതും പറഞ്ഞു പോലീസുകാരൻ അയാളുടെ ഷർട്ടിൽ പിടിച്ചു..രണ്ടുപേരും ചെന്ന് ജീപ്പിലോട്ട് കേറിയാട്ടെ..പോലീസുകാരൻ പറഞ്ഞു..
ആരാടാ അടി നടക്കുന്ന കാര്യം എന്നെ വിളിച്ചു പറഞ്ഞത്..? കുട്ടപ്പൻ ചോദിച്ചു
ആരും മറുപടി പറിഞ്ഞില്ല..അതുകണ്ട കുട്ടപ്പൻ വേഗം ഫോൺ എടുത്തു ആ നമ്പറിലേക്ക് വിളിച്ചു..
ഉടൻ ഷാഹുലിന്റെ പോക്കറ്റിൽ കിടന്ന് ഫോൺ അടിച്ചു..അത് കേട്ട കുട്ടപ്പൻ പോലീസ് അവന്റെ അടുതെത്തി..പോക്കറ്റിൽ നിന്നും ഫോൺ എടുത്തു..
ഇത് നിന്റെ നമ്പർ ആണല്ലേ..? അയാൾ ചോദിച്ചു..
അതേ..ഷാഹുൽ പറഞ്ഞു..
അയാൾ വേഗം ഷാഹുലിന്റെ ഷർട്ടിൽ കയറി പിടിച്ചു..എന്നിട്ട് അലറി
എന്താടാ നായിന്റെ മോനേ ഞാൻ ചോദിച്ചപ്പോൾ നീ മിണ്ടാതെ ഇരുന്നത്..കേറെടാ വണ്ടിയിൽ നീ അല്ലേ പരാതിക്കാരൻ സ്റ്റേഷനിൽ വന്ന് ഒരു പരാതി എഴുതി ബോധിപ്പിച്ചിട്ട് പോന്നാൽ മതി..അവനെയും കൊണ്ടയാൾ ജീപ്പിന്റെ അടുത്തെത്തി..
ഒരു നിമിഷം നിന്നു..എന്നിട്ട് തിരിഞ്ഞു അവിടേ ഉള്ളവരോടായി പറഞ്ഞു..
എടാ..നീ ഒക്കെ നോക്കിക്കോ നാളെ പുതിയ സർക്കിൾ ഇൻസ്‌പെക്ടർ വരുന്നുണ്ട്...നെൽസന്റെ ആളാണെന്ന കേട്ടത്..നീ ഒക്കെ സൂക്ഷിച്ചോ...
അതും പറഞ്ഞു അവരെയും കൊണ്ട് ജീപ്പിൽ കയറി പോയി..
ആ കൊച്ചനു ഇതിന്റെ വല്ല ആവശ്യവും.ഉണ്ടായിരുന്നോ..? ഞാൻ അപ്പോഴേ പറഞ്ഞത് ആണ് കേട്ടില്ല..ചായ കടയിലെ ചേട്ടൻ പറഞ്ഞു..
മെഡിക്കൽ ഷോപ്പിൽ ഇരുന്നു ശാലിനിയും ഇതെല്ലാം കാണുന്നുണ്ടായിരുന്നു..ഷാഹുലിനെ പോലീസ് കൊണ്ടുപോയപ്പോൾ.എന്തെന്നറിയാത്ത ഒരു വേദന അവളുടെ ഹൃദയത്തിലും ഉണ്ടായി..
പോലീസ്‌സ്റ്റേഷൻ എത്തിയപ്പോൾ അവരെ എല്ലാം ജീപ്പിൽ നിന്നിറക്കി കുട്ടപ്പൻ പോലീസ് അകത്തേക്ക് പോയി കൂടെ ഉണ്ടായിരുന്ന.പോലീസുകാർക്ക് ഒപ്പം ഇവരും അകത്തേക്ക് കയറി..ആ സമയം തന്നെ കുട്ടപ്പൻ പോലീസ് പറഞ്ഞു
എടോ അവനോട് എന്താ പരാതി എന്ന് വച്ചാൽ.എഴുതി മേടിക്ക്..പിന്നേ ഇവന്മാർ ഇന്ന് ഇവിടെ കിടക്കട്ടെ..അല്ലങ്കിൽ നാളെ പുതിയ സർക്കിൾ വരുമ്പോൾ സെൽ എല്ലാം കാലിയായി കിടക്കും..
ഷാഹുൽ ഒരു പേപ്പറിൽ പരാതി എഴുതി കൊടുത്തു..അത് വായിച്ച കുട്ടൻപോലീസ് പറഞ്ഞു
നിന്നെ കൂടെ ഇവിടെ കിടത്തേണ്ടത് ആണ്...ഇനി ഇമ്മാതിരി പണിയും ആയിട്ട് വന്നാൽ നിന്റെ എല്ലു പോലും ഞാൻ വച്ചേക്കില്ല..വേഗം സ്ഥലം കാലി ആക്കിക്കോ..
ഇതെല്ലാം കേട്ട് തലയും ആട്ടി ഷാഹുൽ അവിടന്നിറങ്ങി..പുറത്തു നിന്നും ഒരു ഓട്ടോയിൽ അവൻ വണ്ടി വച്ചിരുന്ന ചായക്കടയിൽ എത്തി പൈസ കൊടുത്തിട്ട് ഓട്ടോ പറഞ്ഞു വിട്ടു..ചായക്ക് പറഞ്ഞിട്ട് അവൻ അവിടുള്ള ബെഞ്ചിൽ ഇരുന്നു..
ഞാൻ പറഞ്ഞത് അല്ലേ മോനേ ആവശ്യം ഇല്ലാത്ത പണിക്ക് പോകല്ലേ എന്ന്..കടയിലെ ആള് പറഞ്ഞു..
സാരമില്ല ചേട്ടാ..ആട്ടെ ചേട്ടന്റെ പേരെന്താ..അവൻ ചോദിച്ചു
ചായ കൊടുത്തുകൊണ്ട് അയാൾ പറഞ്ഞു പ്രകാശൻ..
തന്റെ പേര് എന്താ..? അയാൾ ചോദിച്ചു
ഷാഹുൽ..അവൻ പറഞ്ഞു..
.ചായ കുടിച്ചു പൈസ കൊടുക്കാൻ നോക്കിയപ്പോൾ ആണ് രാവിലെ വാങ്ങിയ മരുന്നിന്റെ പാക്കറ്റ് പോക്കറ്റിൽ.ഇല്ല എന്നവന് മനസിലായത്..പൈസ കൊടുത്തിട്ട് വണ്ടിയും എടുത്തു നേരെ മെഡിക്കൽ ഷോപ്പിലേക്ക് ചെന്നു..
അകത്തേക്ക് കയറി ശാലിനിയോട് പറഞ്ഞു
അതേ..പിന്നേ രാവിലെ തന്ന ആ മരുന്നില്ലേ അത് ഒന്നുകൂടി തരാമോ...
ശാലിനി അവനെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് ചോദിച്ചു ..
എന്തേ രാവിലെ തന്ന മരുന്ന് ഇത്ര വേഗം തീർന്നോ..?
അത് പിന്നേ അവിടുത്തെ പ്രശനങ്ങക്കിടയിൽ
എവിടേയോ പോയി..അവൻ ചമ്മലോടെ പറഞ്ഞു..
മ്മ്..ഒന്ന് അമർത്തി മൂളിയിട്ട് ശാലിനി വേഗം ഗുളിക കൊടുത്തു ഒപ്പം വിക്സ് ഗുളികയും പാക്ക് ചെയിതു..
കഴിക്കണ്ട രീതിയൊക്കെ അറിയാലോ അതോ അതും മറന്നോ..അവൾ ചോദിച്ചു
ഇല്ല അറിയാം..ഷാഹുൽ മറുപടി പറഞ്ഞു..
എന്തിനാ മാഷേ..ആ തല്ലിന്റെ ഇടയിലേക്ക് ചെന്നത്..അവൾ ചോദിച്ചു..
അത് കേട്ട് അവൻ ശാലിനിയെ ഒന്നു നോക്കി എന്നിട്ട് പറഞ്ഞു..
എന്താ ചെയ്യാ കുട്ടി..ഞാൻ ഇങ്ങനെ ഒക്കെ ആണ്..താൻ ഒരു കാര്യം ചെയ്‌തോളു കുറച്ചു വേദനയുടെ ഗുളികയും മരുന്ന് ഒക്കെ റെഡി ആക്കി വച്ചേക്ക് നാളെ തൊട്ട് വേണ്ടി വരും.
അതും പറഞ്ഞു അവൻ ഇറങ്ങി..
ദൈവമേ..ഇത് എന്ത് വട്ടാ...രാവിലെയും എന്തോ.പറഞ്ഞിട്ട് പോയി..ഇപ്പോഴും അതുപോലെ എന്തോ പറയുന്നു..ഇനി പോലീസ് പിടിച്ചു തലയിലെ സ്ക്രൂ വല്ലതും ഊരി വിട്ടോ..അവൾ പുറകിൽ നിന്നും പറയുന്നത് കേട്ട് ഷാഹുൽ ചിരിച്ചുകൊണ്ട് പോയി..
വീട്ടിലെത്തിയ ഷാഹുൽ കാണുന്നത് വഴിക്കണ്ണും ആയി അവനെ നോക്കി ഇരിക്കുന്ന കിട്ടുണ്ണിയെ ആണ്..
കുഞ്ഞു ഇത് എവിടെ പോയതാ..പുതിയ സ്ഥലം അല്ലേ വഴി തെറ്റിയോ എന്ന് ഞാൻ വിചാരിച്ചു..കിട്ടുണ്ണി പറഞ്ഞു..
ഓ ഇല്ല ചേട്ടാ..ഞാൻ എന്റെ കുടുംബ വീട് വരെ പോയി..ഷാഹുൽ പറഞ്ഞു
കുടുംബ വീടോ..? അത് എവിടെയാ..കിട്ടുണ്ണി ചോദിച്ചു..
ആ ചോദ്യം.കേട്ട് ഷാഹുൽ ഇന്നുണ്ടായ.വിശേഷങ്ങൾ എല്ലാം അയാളോട് പറഞ്ഞു..ഇത് എല്ലാം കേട്ട് താടിക്ക് കയ്യും കൊടുത്തു കിട്ടുണ്ണി ഇരുന്നു..
ഭക്ഷണം എല്ലാം കഴിഞ്ഞു ഷാഹുൽ വീട് കാണാൻ നടന്നു..ഇന്നലെ വന്നിട്ടും ഇത്ര നേരം ആയിട്ടും അവൻ ആ വീട് കണ്ടില്ലായിരുന്നു..അതൊരു രണ്ട് നില വീടായിരുന്നു..മുകളിൽ ഹാളിൽ നിന്നും ഇറങ്ങുന്നത് ഒരു ബാല്കണിയിലിലേക്കായിരുന്നു..അവൻ ഡോർ തുറന്ന് അങ്ങോട്ട് ഇറങ്ങി..
സൈഡിൽ ഉള്ള രണ്ട് വീടും ചെറുതായിരുന്നു..അവിടേ നിന്നാൽ ശാലിനിയുടെ വീട് അവന് നന്നായി കാണാൻ പറ്റുമായിരുന്നു..ആ വീട് കണ്ടപ്പോൾ അവന്റെ നെഞ്ചിൽ എന്തോ ഒരു വികാരം നിറഞ്ഞു...
ഡോർ അടച്ചു തിരിച്ചു മുറിയിൽ എത്തി അവന്റെ സാധനങ്ങൾ എടുത്തു വച്ചപ്പോഴേക്കും കിട്ടുണ്ണി ചായ കൊണ്ടുവന്നു..അപ്പോൾ ആണ് അയാൾ അവന്റെ ഫാമിലി ഫോട്ടോ.കാണുന്നത്..
അത് കൈയിൽ എടുത്തു നോക്കുന്ന കിട്ടുണ്ണിയോട് ഷാഹുൽ പറഞ്ഞു
ചേട്ടാ..ഇത് എന്റെ ബാപ്പ മുഹമ്മദ്..ഇത് എന്റെ അമ്മ ദീപ..രണ്ടുപേരും അധ്യാപകർ ആണ്..
അപ്പോൾ കുഞ്ഞു എന്ത് ജാതിയാ..? അയാൾ ചോദിച്ചു..
എല്ലാത്തിലും ഇസ്ലാം എന്നാണ് പക്ഷേ അമ്മ ഇപ്പോഴും ഹിന്ദു ആചാരങ്ങളും നോക്കാറുണ്ട്..അതുകൊണ്ട് രണ്ട് മതത്തിന്റെയും നല്ല വശങ്ങളിലൂടെ ഞാനും പോകുന്നു..ഷാഹുൽ പറഞ്ഞു..
അന്നത്തെ പകൽ അങ്ങിനെ തീർന്നു..രാത്രി ഭക്ഷണവും കഴിഞ്ഞപ്പോൾ ഫോണും ആയി.അവൻ ബാൽക്കണിയിൽ വന്നിരുന്നു..
രാത്രി ഒരു 8മണി ആയപ്പോൾ ശാലിനി വരുന്നത് കണ്ടു കുറച്ചു നേരം.കൂടി അവിടേ ഇരുന്നിട്ട് അവൻ എഴുന്നേറ്റു പോയി..
ഇന്ന് നടന്ന സംഭവങ്ങൾ അവൻ മനസിലിട്ടു ഒന്ന് കൂടി വിശകലനം ചെയിതു..നാളെ ഡ്യൂട്ടിക്ക് ജോയിൻ ചെയ്യണം..എന്തായാലും വീട്ടിലേക്ക് ഇപ്പോൾ വിളിക്കാം..നാളെ ചിലപ്പോൾ തിരക്കയാൽ വിളിക്കാൻ പറ്റില്ല..അവൻ ഫോൺ എടുത്തു നമ്പർ ഡയൽ ചെയിതു ഒറ്റ റിങ്ങിൽ തന്നെ ഫോൺ കണക്ട് ആയി..
ഷാഹുട്ട..ആ ശബ്‍ദം അവന്റെ കാതുകളിൽ ഒഴുകി എത്തി..
അമ്മേ..അവൻ തികഞ്ഞ സ്നേഹത്തോടെ വിളിച്ചു.. ബാപ്പ എന്തേ അമ്മേ..
ദേ ഇവിടെ ഉണ്ട്..ഫോൺ സ്‌പീക്കറിൽ ആണ് നീ പറഞ്ഞോ..എന്താ അവിടേ വിശേഷങ്ങൾ..ദീപ ചോദിച്ചു..
നല്ലത് തന്നെ..വന്നപ്പോൾ മുതൽ ഇന്ന് വരെ നടന്ന കാര്യങ്ങൾ പറഞ്ഞു കൂടെ ശാലിനിയെ പറ്റിയും സൂചപ്പിച്ചു..
മോനേ ഷാഹുട്ട..നീ നോക്കിക്കോട..പക്ഷേ ശരിക്കും നോക്കണം.അല്ലങ്കിൽ നിന്റെ അമ്മയെ ഞാൻ കെട്ടിയ പോലെ ആകരുത്..പൊട്ടിചിരിച്ചുകൊണ്ട് മുഹമ്മദ് പറഞ്ഞു..
എന്താ മനുഷ്യ എനിക്ക് ഒരു കുഴപ്പം..പിന്നേ കുറച്ചു നേരം അവരുടെ വഴക്കും കേട്ട് അവരോട് സംസാരിച്ചിട്ട് അവൻ കിടന്നു..
രാവിലെ ശാലിനിയുടെ പാട്ടുകേട്ടാണ് അവൻ ഉണർന്നത്...പതുക്കെ വാതിൽ തുറന്ന് ബാൽക്കണിയിൽ എത്തി..ഭദ്രന്റെ വീട്ടിലേക്ക് നോക്കി..കുളിച്ചു മുടിയുടെ തുമ്പ് കെട്ടി നിലവിളക്കും കത്തിച്ചു തുളസിത്തറയിൽ വെള്ളം ഒഴിക്കുന്ന ശാലിനി അവന്റെ കണ്ണുകൾക്കു കുളിർമ നൽകി..
താഴെ എത്തിയപ്പോൾ കിട്ടുണ്ണി നല്ല പാചകത്തിൽ ആയിരുന്നു..
കിട്ടുണ്ണിയേട്ടാ ഒരു ചായ..സോഫയിൽ ഇരുന്നുകൊണ്ട് അവൻ വിളിച്ചു പറഞ്ഞു..
കുഞ്ഞു എണീറ്റോ..? ചായയുമായി വന്ന കിട്ടുണ്ണി ചോദിച്ചു..
മ്മ്... ഇന്ന് ജോയിൻ ചെയ്യേണ്ടേ..രാവിലെ എണീറ്റു..ഷാഹുൽ പറഞ്ഞു..
പണി എല്ലാം തീർന്നു..ഇവിടെ അടുത്തൊരു അമ്പലം ഉണ്ട് ഞാൻ ഒന്ന് പോയിട്ട് വരട്ടേ കുഞ്ഞേ..
ഞാൻ 8മണിക്കേ പോകു..ചേട്ടൻ പോയിട്ട് വാ..അതും പറഞ്ഞു അവൻ കുളിക്കാനായി പോയി..
കിട്ടുണ്ണി പോയി വന്നിട്ടും ഷാഹുൽ താഴേക്ക് വന്നില്ലായിരുന്നു..കുറച്ചു കഴിഞ്ഞപ്പോൾ പോലീസ് യൂണിഫോമിൽ ഇറങ്ങി വരുന്ന ഷാഹുലിനെ കണ്ടു കിട്ടുണ്ണി ഇമ വെട്ടാതെ നിന്നു..
കിട്ടുണ്ണിക്ക് ഒരു ചിരിയും കൊടുത്തു രണ്ടുപേരും കൂടി ചായ കുടിച്ചു അപ്പോൾ കിട്ടുണ്ണി ചോദിച്ചു
ഉച്ചക്ക് ഉണ്ണാൻ വരോ കുഞ്ഞേ...?
നോക്കട്ടെ അവിടുത്തെ അവസ്ഥ എന്താണെന്ന്...ഞാൻ വരുകയാണെങ്കിൽ ഒരു മണി ആകുമ്പോൾ വരും അത് കഴിഞ്ഞു കണ്ടില്ലെങ്കിൽ ചേട്ടൻ കഴിച്ചോളണം കേട്ടോ..ഷാഹുൽ പറഞ്ഞു.
പോകുന്നതിനു മുൻപ് ഷാഹുൽ നന്നായി പ്രാർത്ഥിച്ചു..എന്നിട്ട് വണ്ടിയുടെ താക്കോലും തൊപ്പിയും എടുത്തു കിട്ടുണ്ണിയോട് യാത്രയും പറഞ്ഞു അവനിറങ്ങി..തൊപ്പി ബാഗിൽ വച്ചിട്ട് ഹെൽമെറ്റ് എടുത്തു വച്ചിട്ട് അവനിറങ്ങി...