മഴമിഴി, ഭാഗം: 4

Valappottukal Page



രചന: അഖില അനീഷ്
എനിക്ക് നേരെ എതിർവശത്തായി എന്നെതന്നെ കാണുന്ന രീതിയിലാണ് ശിവേട്ടൻ ഇരുന്നത്...
ചുണ്ടുകളിൽ പവിഴ മഴയേ നീ പോരുമോ തത്തി കളിയ്ക്കുന്നുണ്ടായിരുന്നു....

അങ്ങോട്ടേക്ക് നോട്ടം പോകാതെ പുറത്തേക്ക് തന്നെ നോക്കി ഇരിക്കാനും സന സമ്മതിക്കുന്നില്ല....

"ഡീ എന്റെ മാവും പൂക്കാൻ പോകുവാടീ...
ആ ചേട്ടൻ ഇടയ്ക്കിടേ ഇങ്ങോട്ടേക്ക് തന്നെ നോക്കുന്നുണ്ട്...."

നിന്റെ മാവ് അതിന് കൊല്ലത്തിൽ രണ്ടു വട്ടം പൂക്കുന്നതല്ലേടീ...
അതിനെന്ത്  പുതുമയാ....

അവൾ ശിവേട്ടനേ തന്നെ നോക്കുമ്പോ എനിക്ക് വല്ലാതെ അരിശം വരുന്നു...
ഒന്നും പറയാനും കഴിയുന്നില്ല...
പിന്നേയും തോണ്ടി വിളിച്ചപ്പോഴാണ് കൈകൂപ്പി ഇനി ഒന്നും എന്റോട് പറയല്ലേടീ കേട്ടു നിൽക്കാൻ പറ്റില്ലെന്ന് പറഞ്ഞത്....

കാര്യം പെട്ടെന്ന് അവൾക്ക്   കത്തിയില്ലെങ്കിലും
പിന്നേയും തിരിഞ്ഞ് എന്നേ തന്നെ നോക്കി.....

" എന്തേ  മഞ്ഞുമല ഉരുകാൻ തുടങ്ങിയോ....
പ്രണയം ദുഃഖമാണുണ്ണീ വായി നോട്ടമല്ലോ സുഖപ്രദം എന്നു പറഞ്ഞിടത്ത് ആരേലും ഇടിച്ചു കയറിയോ.. ."

അതും ചോദിച്ച് അവളെന്നെ കുർപ്പിച്ചൊന്ന് നോക്കി.......

ഞാനവൾക്ക് ഒരു ചമ്മിയ ചിരി പാസാക്കി..

പിന്നെ അവളെനിക്ക് ഇരിക്കപ്പൊറുതി തരുന്നില്ല..
ആരാണ്...
എങ്ങനെയാണ്..
എപ്പോഴാണ്...
അങ്ങനെ നൂറു ചോദ്യങ്ങൾ..

എല്ലാത്തിനും കൂടെ മറുപടിയായി ചുണ്ടിൽ വിരൽ നീട്ടിപിടിച്ച് മിണ്ടാതിരീക്കൂന്ന് ആക്ഷൻ കാട്ടി....

എന്റെ മുഖത്തെ നറുപുഞ്ചിരി അവളിലേക്കും ബാധിച്ചു....

"നിന്നെ  ഞാനെടുത്തോളാം പെണ്ണേ....."

ശിവേട്ടന്റെ ഓരോ നോട്ടോം വന്നണയുമ്പോ എന്നുളളിൽ സന്തോഷത്തിന്റെ വേലിയേറ്റമുണ്ടാകുന്നു.....

എന്റെ മുഖത്തെ നറുചിരി മൂപ്പർ കാണാതിരിയ്ക്കാൻ വേണ്ടി  പുറത്തേക്ക് മാത്രമാക്കി നോട്ടം മാറ്റി....

എല്ലാവരും എത്തിയപ്പോ തന്നെ ബസ്സ് സ്റ്റാർട്ട് ചെയ്തു.കുട്ടിപട്ടാളത്തിന്റെ റിക്ക്വസ്റ്റ് കാരണം ആദ്യം തന്നെ നല്ല അടിപൊളി ധമാക്കാ പാട്ടാണ്..

എന്റെ കുട്ടിപട്ടാളം ബസിനുളളിൽ ഒരു ടൂറിനു പോകുന്ന ഫീൽ തന്നെ നിറച്ചു....

ഇടയ്ക്ക് അവരെന്നേയും കൂട്ടിന് വിളിച്ചെങ്കിലും ആദ്യമായി ഞാനാ ക്ഷണം നിരസിച്ചു. എപ്പോഴും ബസ്സ് കുത്തിമറിച്ചിടാൻ അവരുടെ കൂടെ ഞാനാണ് മുൻപന്തിയിൽ ഉണ്ടാകാറ്.
ഇത്തിരി മുഖോം വീർപ്പിച്ചാണ് അവർ തിരിച്ചു  പോയത്..

ഇന്ന് പക്ഷെ വയ്യ...
എന്നെ മാത്രം നിറച്ചുവെയ്ക്കുന്ന ആ മിഴികൾക്ക് മുന്നിൽ പോയി നിൽക്കാൻ കൂടെ മടിയാകുന്നു....
സനയ്ക്ക് പിന്നെ എന്തൊക്കെയോ കത്തിയത് കൊണ്ട് ഒന്നും ചോദിച്ചില്ല അല്ലേൽ അവളും ഞങ്ങളുടെ കൂടെ കൂടിയേനേ.....

അങ്ങേരെ മാത്രം മനസ്സിൽ നിറച്ചു വെക്കുന്നതിനിടേയാണ് വീണ്ടും ഒരു മഴപാട്ട് തന്നെ വന്നത്.. 
പെട്ടെന്ന് കണ്ണോടിയതും ശിവേട്ടന്റെ മുഖത്തേക്കാണ്... 

നീ ഹിമമഴയായ് വരൂ...
ഹൃദയം അണിവിരലാൽ തൊടൂ...
ഈ മിഴിയിണയിൽ സദാ...
പ്രണയം മഷിയെഴുതുന്നിതാ...
ശിലയായി നിന്നിടാം... 
നിന്നെ നോക്കീ...
യുഗമേറെയെന്റെ കൺ... 
ചിമ്മിടാതെ...
എൻ ജീവനേ...
അകമേ... 
വാനവില്ലിനേഴു വർണ്ണമായ്...
ദിനമേ...
പൂവിടുന്നു നിൻ മുഖം...
അകലേ...
മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ...എന്നോമലേ...

നീ ഹിമമഴയായ് വരൂ...
ഹൃദയം അണിവിരലാൽ തൊടൂ...
വെൺ ശിശിരമേ പതിയെ നീ തഴുകവേ...
എൻ ഇലകളെ പെയ്തു ഞാനാർദ്രമായ്...
നേർ നെറുകയിൽ ഞൊടിയിൽ നീ മുകരവേ...
ഞാൻ വിടരുമേ വാർമയിൽപീലി പോൽ...
ഒരേ ചിറകുമായ് ആയിരം ജന്മവും...
കെടാതുണരണേ നമ്മളിൽ നമ്മളാവോളം...
നീ ഹിമമഴയായ് വരൂ...
ഹൃദയം അണിവിരലാൽ തൊടൂ...
ഈ മിഴിയിണയിൽ സദാ...
പ്രണയം മഷിയെഴുതുന്നിതാ...
ശിലയായി നിന്നിടാം... 
നിന്നെ നോക്കീ...
യുഗമേറെയെന്റെ കൺ... 
ചിമ്മിടാതെ...എൻ ജീവനേ...അകമേ... 
വാനവില്ലിനേഴു വർണ്ണമായ്...
ദിനമേ...പൂവിടുന്നു നിൻ മുഖം...അകലേ...മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ...
എന്നോമലേ...

പാട്ടിനിടയിൽ എത്ര നിയന്തിച്ചിട്ടും ഇടയ്ക്കിടെ ഓടിക്കൊണ്ടിരിക്കുന്ന മിഴികളെ തടഞ്ഞു നിർത്താൻ കഴിയാതെ ആ മിഴികൾക്കുളളിലേ സാഗരത്തിനുളളിൽ വീണുപോയി ഞാൻ...

പാട്ട് കഴിഞ്ഞപ്പോഴും ആ നോട്ടത്തിന്റെ പിടിയിൽ നിന്നും രക്ഷയില്ലാതെ ഞാൻ നിന്നപ്പോഴാണ് അടുത്ത് നിന്നും സനയുടെ പാട്ട് പൊന്തിവന്നത്...

"മിഴിയിൽ നിന്നും..
മിഴിയിലേക്ക് തോണി തുഴഞ്ഞേ പോയീ രണ്ടും.....
മഴയറിഞ്ഞില്ലിരരവറിഞ്ഞില്ല ഒന്നുമറിഞ്ഞില്ലല്ലോ...ആരും...
മായാ...മിഴീ ...
മായാ ..മിഴീ..."

അവളുടെ പാട്ട് കേട്ട് പകച്ചു പണ്ടാരമടങ്ങി എന്നുളളിലേ കിളികളൊക്കെ ഏതെല്ലോ വഴിയേ പറന്നു പോയി...

ഒരിത്തിരി ദേഷ്യത്തോടെയാണ് അവളോട് എന്നാടീന്ന് ചോയിച്ചത്...

"പിന്നല്ലാണ്ട്..
പ്രായപ്രൂർത്തിയായ എന്നേയും അടുത്ത് നിർത്തി തോണി തുഴയാൻ പോയാൽ ഞാൻ പിന്നെ പാട്ട് പാടണ്ടേ...
മിഷൻ തുടങ്ങണതിന് മുന്നേ എന്റെ ലക്ഷ്യമോ നീ വെളളത്തിലാക്കി...
ഇനി നെക്സ്റ്റ് ചോയിസ് സൂക്ഷിച്ച് സെലക്ട് ചെയ്യേണ്ടി ഇരിക്കുന്നു....
നീയോ സെറ്റായി..
ഒന്ന് എന്നേയും കൂടെ ഹെൽപ്പടീ...."

അവളുടെ പറച്ചിൽ കേട്ട് എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല..
ഒരു പിടക്കോഴിയുടെ ദീനരോധനം...

കാർത്തി ഏട്ടനെ ചൂണ്ടി ആ ചേട്ടനേ നോക്കിയിട്ട് കാര്യമില്ലാന്ന് പറഞ്ഞു...
പിന്നെ നിനക്ക് പറ്റിയത് റോഷൻ ചേട്ടനാ..
ദതാ ഇങ്ങോട്ട് തന്നെ നോക്കുന്ന ആ ബ്ലൂ കളർ ഷേർട്ട്....

എന്റെ അതേ സ്വഭാവം തന്നെയാ അല്ലേ...
അല്ലാതെ നീ എനിക്ക് ഇത്രയും സ്നേഹായിട്ട് കാട്ടിതരില്ലാലോ....

അവൾക്ക് നന്നായി ചിരിച്ചു കാണിച്ചു കൊടുത്തു..

ഓഡിറ്റോറിയത്തിൽ എത്തി എല്ലാവരുടേ കൂടെ നടക്കുമ്പോഴും മിഴികൾ ഇടയ്ക്കിടെ  ശിവേട്ടനേ തേടി അലഞ്ഞു...

ഇച്ചേച്ചീടെ കല്ല്യാണ ചടങ്ങുകൾ പോലും ശ്രദ്ധിക്കാൻ കഴിയുന്നില്ല..
മനസ്സ് വടംവലി മത്സരത്തിലാണ്...
ഒരു തീരുമാനം എടുക്കാൻ കഴിയാതെ കുഴഞ്ഞമനസ്സുമായി ഇരിക്കുമ്പോഴാണ് സന എന്നേയും കൂട്ടി പുറത്തെ ചെറിയ പാർക്കിംഗ് സൈഡിലോട്ട് മാറിയത്...

"പറഞ്ഞേ....
എന്തൊക്കെയാ നടന്നതെന്ന്..."

അവിടെ നിന്നും വളളിപുളളി തെറ്റാതെ ഇന്നലെ രാത്രി മുതൽ ഇപ്പോ   നടന്നതൊക്കെ ഞാനവളോട് കൂടെ പറഞ്ഞു.....

ഇതൊക്കെ കേട്ട്  കാര്യമായിട്ടെന്തോ ചിന്തയിലാണ് പെണ്ണ്....

"ഡീ കേട്ടിട്ട് ആള് ജെന്യൂയിൻ ആണെന്ന് തോന്നുന്നു....
പക്ഷെ നിനക്കിട്ട് പണിയുന്നതല്ലായിരിക്കും അല്ലേ....
നിന്നെ സങ്കടപ്പെടുത്താൻ പറഞ്ഞതല്ല....
ഇനിയും നീ ഒരു കാര്യത്തിനും സങ്കടപ്പെട്ട് ഇരിക്കുന്നത് കാണാൻ വയ്യ അതാന്ന്..."

അതിനൊരു മറുപടി ഇല്ലാതെ ഞാനവൾക്ക് നോവാർന്നൊരു ചിരി സമ്മാനിച്ചു. 

അകത്ത് നാദസ്വര മേളമുയർന്നപ്പോളാണ് ഞാനവളേയും കൂട്ടി അകത്തേക്ക് നടന്നത്...

ചേച്ചീടെ കഴുത്തിൽ ഏട്ടൻ താലി കെട്ടുന്നതും നോക്കി നിന്നു.അടുത്ത് നിന്ന സനയേ പെട്ടെന്ന് കാണുന്നില്ല. മുന്നിൽ നിന്നും ഏതൊക്കെയോ ബന്ധുക്കൾ എന്നേയും അന്വേഷിക്കുന്നൂന്ന് പറഞ്ഞപ്പോ ചെറിയമ്മയുടെ കൂടെ അവരുടെ  അടുത്തേക്കും പോയി ...

അവരുടെയൊക്കെ പൊങ്ങച്ചത്തിന് നടുക്ക്  നിൽക്കുമ്പോ വല്ലാതെ ശ്വാസംമുട്ടുന്നു. മെല്ലെ സ്കൂട്ട് ആയി ഇച്ചേച്ചിയ്ക്ക് അടുത്തേക്ക് നടന്നു. അവിടെ ഫോട്ടോ സെഷൻ ആരംഭിച്ചിരുന്നു...ഒരുഭാഗത്തു നിന്നും ചേച്ചീടെ ഫ്രണ്ട്സ് ഒക്കെ കളിയാക്കുന്നുണ്ട്. ആ കൂട്ടത്തിലൊന്നും തേടി നടന്ന കണ്ണുകളേ മാത്രം കാണാൻ പറ്റിയില്ല...

അപ്പോഴേക്കും പുറകിലൂടെ സന അടുത്തെത്തിയിരുന്നു. ഞാൻ അവളേയും കൂട്ടി ഇച്ചേച്ചീടെ അടുത്ത് പോയി.ഏട്ടൻ നിൽക്കുന്ന സൈഡിൽ സനയും ചേച്ചീടെ അടുത്ത് ഞാനും നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴാണ് ശിവേട്ടൻ കാറ്റ് പോലെ അടുത്ത് വന്നു നിന്നത്...

എന്നുളളിലും പഞ്ചാരി മേളം കെട്ടുന്നത് പോലെ. ചുറ്റുമുളളവരൊക്കെ ഞങ്ങളേ തന്നെ ശ്രദ്ധിക്കുന്നുണ്ട്. കൈകളൊക്കെ തണുത്തുറഞ്ഞ് ചെറുതായി വിറയ്ക്കുന്നുണ്ട്. എന്റെ ഇടതുകരം അങ്ങേരുടെ വലതു കൈകൾക്കുളളിൽ അമരുന്നത് ഞാൻ അറിഞ്ഞു. 

ഫോട്ടോ എടുത്തു കഴിഞ്ഞപ്പോ എന്റെ കൈകൾ വിടാതെ തന്നെ ഇച്ചേച്ചീടെ അടുത്ത് പോയി ചെറുതായി ശിവേട്ടൻ പറഞ്ഞു...

"മേഘാ...ഈ കൈകൾ ഞാനും പിടിക്കുവാട്ടോ ഇവിടുന്ന്...
ഇനി ഇത് ഏത് ദൈവം തമ്പുരാൻ വന്നു വിട്ടുകളയാൻ പറഞ്ഞാലും വിട്ടുകളയേല്ല.....
അതിൽ നിനക്കെന്തെങ്കിലും എതിർപ്പുണ്ടോടീ....."

എന്റെ കൈയ്യും മുറുകേ പിടിച്ചു നിൽക്കുന്ന ശിവേട്ടനെ നോക്കി ഇച്ചേച്ചി നിന്നു ചിരിക്കുവാണ്... 

ചേച്ചീടെ ചിരി കാണേണ്ട താമസം ശിവേട്ടൻ എന്റെ കൈകൾ വിടാതെ എന്നേയും കൂട്ടി മുകളിലേക്ക് കയറുന്ന സ്റ്റയറിന് അടുത്തേക്കാണ് പോയത്....

എല്ലാവരും സദ്യ കഴിയ്ക്കേണ്ട തിരക്കിൽ ഹോൾ വിട്ടു പോയതിനാൽ അങ്ങേര് എന്നേയും കൂട്ടി പോകുന്നത് അധികമാരും കണ്ടിട്ടില്ല. ശിവേട്ടന്റെ ഫ്രണ്ട്സൊക്കെ ഞങ്ങളേ നോക്കി ചിരിക്കുന്നുണ്ട്....

ടെറസിനുമുകളിൽ എത്തിയിട്ടും എന്റെ കൈകൾ വിട്ടിരുന്നില്ല. ഞാൻ അഴിച്ചെടുക്കാൻ ശ്രമിക്കും തോറും ആ കൈകൾ മുറുകിയതേ ഉളളൂ... 

ഫോണെടുത്ത് ഏതോ നമ്പർ ഡയൽ ചെയ്ത് എന്റെ കൈകളിൽ വെച്ചു തന്നു...

അങ്ങേരുടെ പേടിപ്പിക്കുന്ന നോട്ടം കണ്ടപ്പോ അറിയാതെ ഫോൺ ചെവിയോട് ചേർത്തു...

ഡാ ഹർഷൂട്ടാ എന്ന വിളിയാണ് ചെവികളിൽ വന്നലച്ചത്. ഞാൻ തിരിച്ചു ഹലോ പറഞ്ഞപ്പോഴേ മിഴികുട്ടിയാണോന്ന് ചോദിച്ചു..

"അവനിപ്പോ പറഞ്ഞിരുന്നു മോളുടെ കാര്യം...
അവന്റെ ഇഷ്ടത്തിനും അപ്പുറത്തേക്ക് ഞങ്ങൾക്ക് ഒന്നുമില്ല മോളേ...."

ആ അമ്മയുടെ സംസാരം കേൾക്കുമ്പോ എന്റെ കണ്ണുകളും നിറഞ്ഞു കവിയുകയായിരുന്നു ...

അമ്മ ചോദിക്കുന്നതിനൊക്കെ മറുപടിയായി ചെറുതായി തിരിച്ചു മൂളുവാനേ കഴിഞ്ഞുളളൂ...

എന്റെ അവസ്ഥ കണ്ട് ശിവേട്ടൻ തന്നെ ഫോൺ തിരിച്ചു വാങ്ങി അമ്മയോട് പിന്നെ വിളിക്കാവേന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു...

കുറച്ചു സമയം പരസ്പരം ഒന്നും മിണ്ടിയില്ല...

പിന്നെ ശിവേട്ടൻ തന്നെയാണ് തുടക്കം കുറിച്ചത്..

"എന്റെ പേര് ശിവഹർഷ് എന്നാണ്. ഹർഷ എന്റെ അമ്മയും. പെൺകുട്ടികളോട് എങ്ങനെ പെരുമാറണമെന്നും അവരെ എങ്ങനെ കാണണമെന്നൊക്കെ എന്റെ അമ്മ എന്നെ നന്നായി പഠിപ്പിച്ചിട്ടുണ്ട്  ...

നിന്നോട് ഞാൻ ഒരിഷ്ടം കാട്ടിയിട്ടുണ്ടെങ്കിൽ അത് സത്യം തന്നെയാണ്...
എന്റെ അമ്മയേ പോലെ സത്യം....

ഈ ശിവയ്ക്ക്  ഒരു പാർവ്വതിയുണ്ടെങ്കിൽ അത് നീയാണ് ....
നീ മാത്രം...
ഒറ്റദിവസം കൊണ്ട് ഒരാൾക്ക് ഇങ്ങനെയൊക്കെ ഇഷ്ടം തോന്നുവോന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല....പക്ഷെ നിന്നെ വിട്ടുകളയുന്നതിനേ കുറിച്ച് എനിക്ക് ചിന്തിക്കാനേ കഴിയുന്നില്ല...
അതാണ് പോകുന്നതിന് മുന്നേ ഇതിനൊരു തീരുമാനം കിട്ടാൻ വേണ്ടി ആദ്യം അമ്മയോട് തന്നെ പറഞ്ഞത്... 
അമ്മയ്ക്ക് പൂർണ്ണ സമ്മതാണ്...
ഇനി നീയും കൂടെ ഒന്നുപറഞ്ഞു കേട്ടാൽ മതി.. "

നീ പറഞ്ഞില്ലേലും നിന്റെ മിഴികൾ എന്നോട് പറഞ്ഞിട്ടുണ്ട്.....
അതോണ്ട് സമ്മതോല്ല എന്നൊന്നും പറയാൻ നിൽക്കേണ്ട.....
ഞാൻ  എന്ത് പറയണമെന്ന് അറിയാതെ ദയനീയമായി ഞാനാ മുഖത്തേക്ക് നോക്കി...

"എന്നെ പറ്റി എന്തറിഞ്ഞിട്ടാ....
അമ്മയേ ഇത്രയും സ്നേഹിക്കുന്ന നിങ്ങൾക്ക് അമ്മയെ ഇല്ലാ....."

ബാക്കി പറയാൻ എന്നെ ശിവേട്ടൻ സമ്മതിച്ചില്ല..

"എന്നോ നീയറിയാതെ പറ്റിയൊരു കാര്യം ഇനിയും എന്നോട് അത് പറഞ്ഞു എന്നെ വീണ്ടും ചെറുതാക്കി കളയല്ലേ...
ഞാനത്രയും മനസാക്ഷി ഇല്ലാത്തവനല്ല..."

ഞാനാ കണ്ണുകളിലേക്ക് തന്നെ ഉറ്റുനോക്കി .

ശിവേട്ടൻ അടുത്ത് വന്നു എന്നെ ചേർത്ത് പിടിച്ചു നെറുകയിൽ ചുണ്ടുകൾ ചേർത്തു..

വേണ്ടാന്ന് പറയല്ലേടീ പെണ്ണേ....
അത്രയ്ക്ക് ഇഷ്ടായിട്ടാ....
എന്റെ കണ്ണുകളിൽ ആഴ്നിറങ്ങി ശിവേട്ടനത് പറഞ്ഞപ്പോ ഞാനും ഒന്നുകൂടെ ചേർന്നു നിന്നു...

ഈ വാനം സാക്ഷി.....
ഈ മഴപെണ്ണിനി ശിവയുടേതാണ്.....
ശിവയുടേ മാത്രം...
ഉച്ചത്തിൽ വിളിച്ചു കൂവാൻ നിന്ന ശിവേട്ടന്റെ വായ ഞാൻ പൊത്തി പിടിച്ചു....

ഒരു കളളചിരിയോടെ ആ കൈകളിൽ ചെറുതായി മുത്തി എന്റെ മുഖത്തിന് അടുത്തേക്ക് മുഖം നീണ്ടു വരുന്നത് കണ്ടു കണ്ണുകൾ ഇറുക്കിയടച്ചു.....

നെറുകയിൽ തട്ടിനിന്ന ചെറുനിശ്വാസം താഴോട്ടു പോകുന്നൂന്ന്  അറിഞ്ഞപ്പോഴാണ് കണ്ണ് തുറന്നു മൂപ്പരുടെ കണ്ണുകളിലേക്ക് തന്നെ നോക്കിയത്...

ആ കുസൃതി ചിരിയോടെ തന്നെ കണ്ണുകൾ രണ്ടും ഇറുക്കിയടച്ചു കാട്ടി എന്നെ നെഞ്ചിലോട്ട് ചേർത്തു പിടിച്ചു....

ഇതുവരേയും കിട്ടാത്തൊരു സുഖവും സുരക്ഷിതത്വവും തോന്നി ആ നെഞ്ചോട് പറ്റിചേർന്ന് നിൽക്കുമ്പോൾ......

പെട്ടെന്ന് ഉച്ചത്തിലുളള ട്ടോ സൗണ്ട് കേട്ട്  ഞങ്ങൾ രണ്ടും ഞെട്ടിപോയി.പെട്ടെന്ന് അവരെയൊക്കെ കണ്ടപ്പോ ശിവേട്ടന് പുറകിലായി മാറി നിൽക്കാൻ ശ്രമിച്ച എന്നെ ഒപ്പം തന്നെ ചേർത്ത് നിർത്തി ഏട്ടൻ...

ശിവേട്ടന്റെ ഫ്രണ്ട്സ് മുഴുവനും ഞങ്ങളേ തന്നെ നോക്കി പേടിപ്പിക്കുന്നുണ്ട്....

റോഷൻ ചേട്ടനാണ് ഒരു കയ്യകലത്തിൽ മാറി നിന്ന് വിളിച്ചു ചോദിച്ചത് ....

"കല്യാണം താഴെയും  ഫേസ്റ്റ് നൈറ്റ് മുകളിലുമാണോടാ "..

അതിനുളള ഉത്തരം ഞാൻ നിനക്ക് തരാമെടാ എന്നും പറഞ്ഞ് ഷേർട്ടിന്റെ കൈയൊക്കെ മുകളിലേക്ക് കയറ്റി ഇടിക്കാനായി ആഞ്ഞപ്പോൾ റോഷൻ ചേട്ടൻ വിദഗ്ധമായി മുങ്ങി കളയുന്നതിനിടയിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു...
"എനിക്ക് രാവിലെ കിട്ടിയത് തന്നെ മതിയോ..."

ശിവേട്ടന്റെ മുഖത്തും ഒരു ചിരി വിരിഞ്ഞു.....

അവരൊന്നും ഇങ്ങനെ ഒരു കാര്യം അറിഞ്ഞില്ലേ..
ചേച്ചിമാരുടെ കണ്ണുകളിലൊക്കെ അദ്ഭുതം നിറഞ്ഞു നിൽക്കുന്നു .....

പുറകിൽ കൈയ്യും കെട്ടി നോക്കി നിൽക്കുന്ന ഉണ്ണിയേട്ടനേ കണ്ടപ്പോഴാണ് എന്റെ ധൈര്യമൊക്കെ ചോർന്നു പോയത്....

തെറ്റ് ചെയ്ത് പിടിക്കപ്പെട്ട കുട്ടിയേ പോലെ   തലയും താഴ്ത്തി നിന്നു ഏട്ടന് മുന്നിൽ....

പക്ഷെ അവിടേയും തനിച്ചാക്കാതെ ശിവേട്ടൻ എന്റെ കൈ കോർത്തു പിടിച്ച് തലയുയർത്തി തന്നെ നിന്നു.....

അപ്പോ അളിയാ... എങ്ങനേയാ കാര്യങ്ങൾ ഇന്നുതന്നെ ഈ മണ്ഡപത്തീ തന്നെ കെട്ട് നടത്താനോ അതോ നിങ്ങൾക്ക് ഒന്നൂടെ നാട്ടുകാരേ വിളിച്ച് സദ്യ കൊടുക്കാൻ താൽപ്പര്യമുണ്ടോ....."

ശിവേട്ടന്റെ പറച്ചിൽ കേട്ട് ഞാൻ അങ്ങേരുടെ മുഖത്തൊന്ന് കൂർപ്പിച്ച് നോക്കി ഏട്ടന്റെ മുഖത്തേക്ക് നോക്കി....

അവിടേ ചെറുതായി ചിരി പൊടിയുന്നുണ്ട്...
പിന്നെ അത് ഒരു പൊട്ടിച്ചിരിയിലാണ് അവസാനിച്ചത്....

"എന്നാടാ.."

"അല്ല ഈ അമിട്ടും പൊട്ടാസും ഒന്നിച്ചുചേർന്നാലുളള അവസ്ഥ ആലോചിച്ചു പോയതാ....."

ഉണ്ണിയേട്ടൻ എന്നെ ചേർത്തു പിടിച്ചു...

"നീ പേടിക്കേണ്ടടീ. ..".. എന്നും പറഞ്ഞു മുഖത്ത് ചെറുതായി രണ്ടു തട്ടു തന്നു....

വന്നേ ഫുഡൊക്കെ എല്ലാവരും കഴിച്ചു കഴിഞ്ഞു. നിങ്ങള് കഴിച്ചില്ലാന്ന് പറഞ്ഞപ്പോ തേടി വന്നതാ....

ശിവേട്ടൻ ഫ്രണ്ട്സ്ന് നേരെ നോക്കിയപ്പോ അവരൊക്കെ കഴിച്ചു കഴിഞ്ഞൂന്ന് ആഗ്യം കാട്ടി...

കൂട്ടത്തിൽ റോഷൻ ചേട്ടനുമായി കത്തിയടിക്കുന്ന സനയേ കണ്ടു ഞാൻ ഞെട്ടിപോയി....

so fast...
ഇത്രയും പെട്ടെന്ന് അവര് കമ്പിനിയായോ....

അവളും കഴിച്ചൂന്ന് പറഞ്ഞപ്പോ ഞങ്ങൾ രണ്ടും ഉണ്ണിയേട്ടന്റെ കൂടെ നടന്നു...

സ്റ്റപ്പ് ഇറങ്ങി ഹാളിലേക്ക് നടക്കുന്ന വഴിയാണ് ഉണ്ണിയേട്ടൻ ശിവേട്ടനോടായി പറഞ്ഞത്...

"ഇനിയെങ്കിലും അവളുടെ കൈയൊന്ന് വിടാവോ.....
അവളുടെ തന്തപ്പടി ആ മൂലയ്ക്ക് എവിടേലും കാണും. അങ്ങേർക്കും കാണും ആഗ്രഹം മോളേ ആരുടേ എങ്കിലും കൈകളിൽ ഏൽപ്പിക്കാൻ...
ഇതിപ്പോ അതിനു മുന്നേ കൈപിടിച്ചു കഴിഞ്ഞൂന്ന് ആ പാവത്തിനേ കൂടെ അറിയിക്കേണ്ട...

നമുക്ക് സാവധാനം പറഞ്ഞു സമ്മതിപ്പിക്കാന്നേ...

ശിവേട്ടൻ ഒരു വളിച്ച ചിരിയോടെ എന്റെ കൈകൾ വിട്ടു മാറ്റി.....

ഞങ്ങൾ മൂന്നുപേരും ഒന്നിച്ചാണ് കഴിച്ചത്. കഴിച്ചോണ്ടിരുന്ന സദ്യയ്ക്ക് പോലും ഇതുവരെ ഇല്ലാത്ത സ്വാദ് അനുഭവപ്പെട്ടു. ഇടംകണ്ണിട്ട് മൂപ്പരേ നോക്കിയപ്പോ ആസ്വാദിച്ച് ഉണ്ണുന്നത് തന്നെയാണ് കണ്ടത്....

ഫുഡൊക്കെ കഴിഞ്ഞു വന്നപ്പോ ഇച്ചേച്ചിയും ഏട്ടനുമൊക്കെ പോകാനായി ഇറങ്ങി ഇരുന്നു...

ഇച്ചേച്ചീടെ അടുത്ത് പോയി ചേർന്നു നിന്നു. 
ചേച്ചീടെ മുഖത്തും യാത്ര പറയുമ്പോ ടെൻഷൻ വന്നു നിറയുന്നുണ്ട് . എത്ര പേടിയില്ലാന്ന് പറഞ്ഞാലും വളർന്ന നാടും വീടും ഉപേക്ഷിച്ച് വേറൊരു വീടിന്റെ മകളായി കയറുമ്പോ ഒരിറ്റു പേടി കാണും...

ചുറ്റുമുളള മുഖങ്ങളിലും സന്തോഷത്തോട് കൂടിയ സങ്കടം വന്നു നിറഞ്ഞു. വല്ലയച്ഛന്റേയും വല്യമ്മയുടേയും മുഖം വലിയൊരു സ്വപ്നം നടത്തി കഴിഞ്ഞ ചാരിതാർഥ്യമാണ്........

ചെറിയ പിണക്കങ്ങളും വലിയ ഇണക്കങ്ങളുമായി ഇച്ചേച്ചീടെ ജീവിതോം മനോഹരമായി തീരാൻ എല്ലാവരും പ്രാർത്ഥിക്കുന്നുണ്ടാകും....

ആ ആൾക്കൂട്ടത്തിന് നടവിലും എന്നെ തിരയുന്ന മിഴികൾ എന്നിലും സ്വപ്നങ്ങൾ മുളപ്പിച്ചു...
നല്ല നിറമുള്ള സ്വപ്നങ്ങൾ .....

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top