മഴമിഴി, ഭാഗം: 3

Valappottukal Page



രചന: അഖില അനീഷ്
നേരം ഒത്തിരി വൈകി എങ്കിലും നിദ്രാദേവി കടാക്ഷിക്കുന്നില്ല....
എന്നാലും ആരായിരിക്കും...
എനിക്ക് ചുറ്റും പുതുമഴയുടെ മണം  വന്നു നിറയുന്നത് പോലെ...
സ്വപ്നങ്ങൾക്ക് ചിറക് വിരിക്കുന്നുണ്ടോ...
യ്യോ വേണ്ട...
അതൊന്നും എനിക്ക് പറ്റിയ പണിയല്ല...

പതിയേ ചിന്തകളിൽ നിന്നും  ഉറക്കത്തിലേക്ക് വഴുതി വീണു......
       
💦💦💦💦💦💦💦💦

ഉണ്ണിയുടെ വീട്ടിൽ ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കളിക്കുവാണ് ഒരാൾ കൂടെ അവസാനം ബെഡിൽ നിന്നും എഴുന്നേറ്റ്  ബാൽക്കണിയിലേക്ക് നടന്നു....

ഇന്ന് കുറച്ചു മണിക്കൂറ് മുന്നേ നടന്ന സംഭവങ്ങൾ തന്നെ മനസ്സിന്  ഒരു മോചനമില്ലാത്ത പോലെ ഉരുണ്ടു മറിയുന്നു. 
ബസ്സ് മാറി കയറിയപ്പോ നേരെ കണ്ടക്ടറിന് മുന്നിൽ തന്നെ എത്തിപ്പെട്ടത് കൊണ്ട് സ്പോട്ടിൽ ഇറങ്ങി അടുത്തുളള ബസ്സിൽ കയറാൻ പറ്റി. കയറിയപ്പോഴേ കണ്ടു എന്നെ പറ്റിച്ച കുട്ടിപിശാചിനെ...

പിന്നെ അറിയാത്ത നാടായത് കൊണ്ട്മാത്രമാണ് സൈലന്റ് ആയത്. 
കണ്ടക്ടറോട് സ്ഥലപ്പേര് പറഞ്ഞ് ടിക്കറ്റെടുത്തതിന് ശേഷം സ്ഥലമെത്തിയാൽ പറയാനും കൂടെ ഏൽപ്പിച്ചു . അവൾക്ക് പുറകിൽ അവളെ കാണാൻ കഴിയുന്ന  തരത്തിലുളള ഒരു സീറ്റിൽ പോയിരുന്നു....

അവൾക്കിട്ട്  ഒന്ന് കൊടുക്കണമെന്ന് ആഗ്രഹിച്ചിട്ടും പെട്ടെന്ന് അവളുടെ പേടിച്ചരണ്ട മുഖം കണ്ടപ്പോഴാണ് അവനെ തട്ടിമാറ്റി അവളുടെ അടുത്ത് പോയിരുന്നത്. ഒറ്റപെട്ട് പോയ മാൻപേടയേ പോലെ പേടിച്ചരണ്ട കണ്ണുകൾ കണ്ടപ്പോ കുസൃതിയാണ് തോന്നിയത്....

ഇവിടെ എത്തി മേഘയുടെ മഴപെണ്ണ് അവളാണെന്ന് അറിഞ്ഞപ്പോ തിരിച്ചൊരു പണി കൊടുക്കണമെന്നേ ആഗ്രഹിച്ചിരുന്നുളളൂ....
അതിന് വേണ്ടിയാണ് പാട്ട് പാടുന്ന ചെറുക്കനെ കൊണ്ട് ഞാൻ പറഞ്ഞു കൊടുത്ത വരികൾ എഴുതിപ്പിച്ചതും  പവിഴമഴയേ പാടിയതിന് ശേഷം ഈ ലെറ്റർ അവൾക്കായി കൊടുക്കാൻ ഏൽപ്പിച്ചതും..

രണ്ടു ദിവസം ആരാണെന്ന് അറിയാതെ അവൾ ആ കത്തിനു പുറകേ അലയണം. അത്രയേ ആഗ്രഹിച്ചുളളൂ....

പക്ഷെ പാട്ടിന് ഇടയിൽ അവൾ വീടിനുളളിലേക്ക് കയറി പോകുന്നത് കണ്ടിരുന്നു.തിരിച്ചു വരാത്തത് കണാതായപ്പോ  പണി പിന്നെയും പാളൂല്ലോന്ന് ഓർത്താണ്   തേടി  ഇറങ്ങിയത്. മുകളിൽ ഒരു മൂലയിൽ കാൽമുട്ടുകൾക്കിടയിൽ മുഖം ഒളിപ്പിച്ച് ഏങ്ങലടിക്കുന്ന അവളെയാണ് കണ്ടത്.  എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നപ്പോഴാണ്  വേഗം പോയി ഉണ്ണിയേ കൂട്ടി വന്നത് .

എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന മുഖത്തിനുളളിൽ ഒളിപ്പിച്ച സങ്കടകടലാണ് അവളവിടെ ഇരുന്ന് ഒഴുക്കിയതെന്ന് അറിഞ്ഞപ്പോൾ പിന്നെ എന്നെ പേരറിയാത്തൊരു വികാരം വന്നു മൂടുന്നത് പോലെ...

ഇതിപ്പോ അവൾക്കിട്ട് പണിയാൻ നിന്നിട്ട് വീണ്ടും എനിക്ക് പണികിട്ടിയോ....
ഞാനാ വരികളിൽ എഴുതിയത് പോലെ അവൾ എന്റെ മാത്രം എനിക്ക് നനയാനുളള മഴയായിമാറി എങ്കിൽ.....

അവളേ കുറിച്ച് ഓർക്കുമ്പോഴൊക്കെ ഒരു നനുത്ത പുഞ്ചിരി ചുണ്ടിൽ വിരിയുന്നു....
രാത്രിയുടെ ഏതോ യാമങ്ങളിൽ അവളേയും സ്വപ്നം കണ്ടുകൊണ്ട് അവനും ഉറക്കിനെ പുൽകീ.....

💦💦💦💦💦

പുലർച്ചെ എഴുന്നേറ്റ് റൂമിൽ ഉറങ്ങിക്കിടന്നവരെ ഒക്കെ തട്ടി വിളിച്ചു. അമ്പലത്തിൽ പോകണം.
ഇച്ചേച്ചി നേരത്തേ ചെല്ലാൻ പറഞ്ഞിട്ടുണ്ട്.
ഞങ്ങൾ എല്ലാവരും കുളിച്ചൊരുങ്ങി ഇറങ്ങിയപ്പോഴേക്കും അഞ്ചര മണിയായി. 

നേരം പുലർന്നു വരുന്നതേയുളളൂ..മഞ്ഞുകണങ്ങൾ പുല്ലിൽതുഞ്ചത്തിരുന്ന് ഊഞ്ഞാലാടുന്നുണ്ട്. കൂടെയുളള ചേച്ചിമാർക്ക് ഇതൊന്നും ശീലമില്ലാത്തോണ്ട് തണുത്ത് വിറക്കുന്നു.
ഇച്ചേച്ചി ഞങ്ങളേയും കാത്ത് വീടിനുമുന്നിൽ നിൽക്കുന്നത് കണ്ട് വേഗം അങ്ങോട്ടേക്ക് പോയി.......

അവരൊക്കെ ഒന്നിച്ച് കൂടിയതിൽ പിന്നെ നമ്മള് തനിച്ചായി. അവർ അവരുടേതായ കളിചിരികളിലാണ്. കുട്ടിപട്ടാളങ്ങളൊക്കെ ഉണ്ണിയേട്ടന്റെ കൂടെ അമ്പലത്തിൽ എത്തിക്കോളും...

ഞാൻ എന്റേതായ ലോകത്ത് കൂട് കൂട്ടി തനിയേ നടന്നു. ഇന്നലത്തെ ലെറ്ററാണ് പിന്നെയും മനസ്സിലേക്ക് ഓടി എത്തിയത്. എന്നാലും അതാരായിരിക്കും...
ഇച്ചേച്ചിയോട് ഒന്ന് ചോദിക്കാനും പറ്റിയില്ല. എല്ലാവരും കൂടെയുളളപ്പോ ചോദിച്ചാൽ ശരിയാകില്ല....
ആ...എന്തേലും വഴി കാണിച്ചു തരും....

ഈറനണിഞ്ഞു നിൽക്കുന്ന പുൽനാമ്പുകൾക്കിടയിലൂടെ ഇട്ടിരുന്ന പാവാടതുഞ്ചം പൊക്കി പിടിച്ച് നടന്നു. 
നടത്തത്തിനിടയിലും ചിന്ത മുഴുവൻ കത്തായിരുന്നു.നടന്നു നടന്ന് അമ്പലമെത്തിയത് അറിഞ്ഞില്ല..

ചുറ്റമ്പലത്തിന് സൈഡിലൂടെ നടന്ന് കുളത്തിലിറങ്ങി കാലും മുഖവും കഴുകി. ഇച്ചേച്ചിയും കൂട്ടരും മുന്നിൽ നടന്നു. കുളത്തിൽ നിറയേ താമരയാണ്. വിടർന്നു നിൽക്കുന്നതും പാതി വിടർന്നതുമായ താമരകൾ...

അവരൊക്കെ നിറയേ ഫോട്ടോയൊക്കെ എടുക്കുന്നുണ്ട്. ഞാൻ പിന്നെ ഫോണൊന്നും കരുതാതെ ഫ്രീ ആയാണ് വന്നത്. ഹിമചേച്ചീ അടുത്ത് വന്നു താമര പറിക്കാവോന്ന് ചോദിച്ചു. 
അമ്പലത്തിലെ ആവശ്യത്തിന് മാത്രമേ പറിക്കൂ..പുറമേ ആരും വന്നു പറിയ്ക്കലില്ലാന്ന് പറഞ്ഞു..

ഹിമചേച്ചീ പിന്നീട് എന്റെ കൂടെ തന്നെയായിരുന്നു. അമ്പലത്തിൽ കയറി പ്രാർത്ഥിച്ചോണ്ടിരിക്കവേയാണ് പുറകിൽ ഉണ്ണിയേട്ടന്റേയും പടകളേയും ബഹളം കേട്ടത്.തിരിഞ്ഞു നോക്കിയില്ല. ശിവപാർവ്വതിമാരെ  പോലെ പരസ്പരം സ്നേഹിച്ച് നല്ലൊരു ജീവിതം  ഇച്ചേച്ചിയ്ക്ക് കിട്ടാൻ വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിച്ചു. 

തിരുനടയിൽ കണ്ണടച്ച് നിന്ന് പ്രാർത്ഥിക്കുമ്പോ മനസ്സിൽ ശിവേട്ടന്റെ മുഖം തന്നെ തെളിഞ്ഞു വരുന്നു..
ഇതെന്തേ ഇങ്ങനെ....
കണ്ട ലെറ്റർ തന്നെ ആലോചിച്ചിരുന്നിട്ടാണ്  വേണ്ടാത്ത ചിന്തകൾ..
തലയ്ക്ക് സ്വയം ഒരു കൊട്ടും കൊടുത്ത് പ്രദക്ഷിണം വെച്ച് തിരുമേനിയോട് പ്രസാദവും വാങ്ങി പുറത്തേക്കിറങ്ങി. 

ഉണ്ണിയേട്ടനൊക്കെ അമ്പലത്തിനുളളിൽ കയറിയതും പെട്ടെന്ന് തന്നെ ഇറങ്ങി. കുട്ടികളേയൊന്നും കൂട്ടീട്ടില്ല  എഴുന്നേറ്റില്ല പോലും. ഇനി അവരെ വിളിക്കാതിരുന്ന പരിഭവം  എന്നോടാണ് തീർക്കുവാ....

അവരൊക്കെ ഫോട്ടോസ് എടുക്കണ തിരക്കിലാണ്. പച്ചപ്പിൽ തിളങ്ങി നിൽക്കുന്ന ഗ്രാമഭംഗി അവർ ക്യാമറകളിൽ പകർത്തുന്നുണ്ട്..
അവരുടെ ബഹളത്തിന് നടുക്ക് നിൽക്കാൻ തോന്നിയില്ല. ഞാൻ നേരെ കുളക്കടവിൽ പോയി ഇരുന്നു. ഞാൻ കുളത്തിനരികിൽ ഇരുന്നത് കണ്ടു കൂട്ടത്തിലെ റോഷൻ ചേട്ടനും എന്റെ അരികെ വന്നിരുന്നു. ....

ചേട്ടൻ ആളിത്തിരി കോഴിയാണോന്ന് സംശയം ഇല്ലാണ്ടില്ല....
ചുമ്മാ എന്തൊക്കെയോ പറഞ്ഞോണ്ടിരിക്കുന്നു
സംസാരിക്കാൻ വലിയ താൽപ്പര്യമൊന്നും തോന്നിയില്ല എങ്കിലും മുഷിപ്പിക്കാൻ നിന്നില്ല...

റോഷൻ ചേട്ടൻ ദൂരേ നിന്നും ഫോട്ടോസ് എടുക്കുന്ന ഓരോരുത്തേയും ചൂണ്ടി പേരൊക്കെ പറഞ്ഞു തരുന്നതിനിടേയാണ് ഞങ്ങളേ തന്നെ നോക്കി പേടിപ്പിക്കുന്ന രണ്ടു മിഴികൾ കണ്ടത്.അത് കണ്ടപ്പോ കത്തിലേ വരികളാണ് മനസ്സിലേക്ക് ഓടി എത്തിയത്..

ഒരു കുസൃതിയ്ക്ക് റോഷൻ ചേട്ടനുമായി നല്ല അടുപ്പമുളളത് പോലെ അടുത്ത് നീങ്ങി ഇരുന്ന് സംസാരിച്ചപ്പോ ആ കണ്ണുകളിൽ വിരിയുന്ന ഭാവങ്ങൾ ഒപ്പി എടുക്കാനും ഞാൻ മറന്നില്ല...

ഇനിയും റോഷൻ ചേട്ടന്റെ പൊങ്ങത്തരം കേട്ടുനിൽക്കാൻ കഴിയില്ലാന്ന് തോന്നിയപ്പോഴാണ് ദയനീയമായി പരാജയം സമ്മതിച്ച് എഴുന്നേറ്റ് മറ്റുളളവരുടെ അടുത്തേക്ക് പോയത്....

ഇച്ചേച്ചിയും ഉണ്ണിയേട്ടനും വീട്ടിലേക്ക് പോകാൻ തുടങ്ങിയതും ബോംബേക്കാര് കുറച്ചു സമയം കൂടെ ഗ്രാമഭംഗി കണ്ടു ഫോട്ടോയൊക്കെ എടുത്ത് തിരിച്ചു വരാന്ന് പറഞ്ഞു. 

ഇച്ചേച്ചിയും ഉണ്ണിയേട്ടനുംഅവർക്ക് ഗൈഡായി  എന്നേയും നിർത്തി തിരിച്ചു പോയി. ആ കുട്ടിപട്ടാളം കൂടെയുണ്ടെങ്കിൽ ഒരു സമാധാനമായിരുന്നു. പക്ഷെ അവരൊക്കെ ഇച്ചേച്ചിയേ പോലെ തന്നെ സംസാരിക്കുകയും കൂടെ കൂടുകയും ചെയ്തപ്പോ ഭയങ്കര സന്തോഷം....

നേരത്തേ അടുത്ത് വന്നിരുന്ന് നിറയേ സംസാരിച്ച റോഷൻ ചേട്ടന് എന്ത് സംഭവിച്ചോ ആവോ.. 
അടുത്തേക്ക് വരുന്നത് പോലും ഇല്ല....
ഞാൻ അങ്ങോട്ട് സംസാരിച്ചിട്ടും ആ കുട്ടി മിണ്ടണില്ല...

നേരം നന്നായി പുലർന്ന് വെയിലിൻകണം ഇലത്തുമ്പുകളേ ചുംബിക്കാൻ തുടങ്ങുന്നത് കണ്ടപ്പോഴാണ് തിരിച്ചു പോകാൻ നിന്നത്. സമയം എട്ടുമണിയൊക്കെ കഴിഞ്ഞു കാണും. 

തിരിച്ചു വയൽവരമ്പിലൂടെ നടന്നു പറമ്പിലോട്ട് കയറുന്നിടത്താണ് നന്നായി കായ്ച്ചു നിൽക്കുന്ന പേരമരം കണ്ടത്. എല്ലാവരും കൂടെ അങ്ങോട്ടേക്ക് നടന്നു. ആരാന്റെ പറമ്പാണെന്നും കൂടെ ഓർക്കാതെ അവരൊക്കെ പഴുത്ത് നിൽക്കുന്ന പേരയ്ക്കയൊക്കെ പറിച്ച് തിന്നു. പെട്ടെന്ന് ഒന്നും ഓർക്കാതെ റോഷൻ ചേട്ടൻ കൈയ്യിലുളള പേരയ്ക്ക എനിക്ക് നേരെ നീട്ടി. ..

ഞാനത് കൈ നീട്ടി വാങ്ങുന്നതിന് മുന്നേ മൂപ്പര് കൈ പിൻവലിച്ചു. റോഷൻ ചേട്ടന്റെ കണ്ണുകൾ പോയ ദിക്കിലേക്ക് നോക്കിയപ്പോ കണ്ടു റോഷൻ ചേട്ടനേ നോക്കി ദഹിപ്പിക്കുന്ന രണ്ടു കണ്ണുകളേ...

ദേ..ശിവ ഒന്ന് മിഴിയ്ക്ക് കൂടെ എന്നും വിളിച്ചു പറഞ്ഞ് പൊന്നു പെങ്ങളേ ഒന്നും വിചാരിക്കരുതേന്നും  കൂടെ പറഞ്ഞ് മൂപ്പർ മറ്റുളളവരോടൊപ്പം കൂടി. എന്റെ ചുണ്ടിലും എന്തിനാണെന്ന് അറിയാതെ ഒരു പുഞ്ചിരി വിടർന്നു....

പാടവരമ്പത്ത് നിന്നു സ്വപ്നം കാണുന്ന ശിവേട്ടനേ കണ്ടപ്പോ ഒരു കുസൃതിയ്ക്കാണ് 
ദേ..ശിവേട്ടാ ഒരു പാമ്പെന്ന് വിളിച്ചു പറഞ്ഞത്....

ആ മുഷ്യനാണെങ്കിൽ പെട്ടെന്ന് കേട്ടതിന്റെ ഞെട്ടലിൽ  തിരിഞ്ഞു നോക്കിയതാ വരമ്പിലെ ചളിയിൽ നിന്നും ഊരി കുത്തി പാടത്തേക്ക് വീണു.. 

ഈശ്വരാ..
ചെയ്തത് കുറച്ചു കൂടി പോയീന്ന് തോന്നിയത് കൊണ്ടാണ് പെട്ടെന്ന് ഓടി അടുത്ത് പോയത്. ബാക്കിയുളളത് മൊത്തം നിന്നു ചിരിക്കുന്നു...

എങ്ങനെയൊക്കെയോ എഴുന്നേറ്റ് അടുത്ത് വന്നു ചളിയിൽ പൂണ്ട കൈ രണ്ടും എന്റെ മുഖത്തേക്ക്ത തന്നെ തേച്ചു തന്നു ശിവേട്ടൻ....

നിന്നെ ഇങ്ങനെ നനഞ്ഞ കോഴിയേ പോലെ കാണാൻ കഴിഞ്ഞല്ലോടാ ഞങ്ങൾക്കെന്നും പറഞ്ഞ് ആർത്തുചിരിക്കുന്ന അവരേ കണ്ട് എന്നെ നോക്കി ദഹിപ്പിക്കുന്നുണ്ട് മൂപ്പര്...

ഞാനാണേ ഇത്തിരി പരിവത്തോടെ തോട്ടിനടുത്തേക്ക്  നടന്നു...  
ശിവേട്ടനും  കൂടെ തന്നെ പോന്നു. ഒരു കുഞ്ഞു തോടാണ്. നല്ല തെളിനീരുപോലുളള വെളളം. ഞാൻ പാവാടയൊരിത്തിരി പൊക്കി പിടിച്ച് തോട്ടിലിറങ്ങി കൈക്കുമ്പിളിൽ വെള്ളമെടുത്ത് മുഖം നന്നായി കഴുകി കയറി പോന്നു. ശിവേട്ടനും ചളിയൊക്കെ കഴുകാൻ വേണ്ടി തോട്ടിലിറങ്ങുന്നതിന് മുന്നേ കൈയ്യിലെ വാച്ചും ഫോണും എനിക്ക് നേരെ നീട്ടി...

ഞാൻ അതും കൈയ്യിൽ പിടിച്ച് മൂപ്പര് കയറിവരുന്നത് വരേ കാത്തിരിന്നു ......
ബാക്കിയുളളവരൊക്കെ വന്നവഴിയേ വീട്ടിലേക്ക് നടന്നിരുന്നു.

തോട്ടിൽ നിന്നും കയറിവന്ന് വാച്ചും ഫോണും തിരികേ വാങ്ങുമ്പോഴാണ് ശിവേട്ടന്റെ ചോദ്യം വന്നത്....

"ഡീയേ എനിക്ക് സ്വന്തമായി ഒരു ടീച്ചറേ വേണമായിരുന്നു...
ലൈഫ് ലൊംഗ് നീളുന്ന പോസ്റ്റ് ആന്നേ...
നീയായത് കൊണ്ട് ഡൊണേഷനൊന്നും വേണ്ട..ഫ്രീ പോസ്റ്റാണ്....
കയറിയാൽ പിന്നെ ഇറക്കോല്ല്യ....
ഭാവിയിൽ കുട്ടികളേയൊക്കെ ഞാൻ തന്നെ ഡൊണേറ്റ് ചെയ്തോളാം...."

വലിയ ലാലേട്ടൻ സ്റ്റൈലിൽ മൂപ്പര്  ഇതും പറഞ്ഞു എന്റെ കണ്ണുകളിലേക്ക് തന്നെ ഉറ്റുനോക്കി...

ആ കണ്ണുകളിൽ മിന്നിമറയുന്ന ഭാവം കാണുമ്പോ അതിൽ ഞാനും അലിഞ്ഞു പോകുമോ എന്ന് പേടിച്ചിട്ടാണ് 
പെട്ടെന്ന് മുഖം വെട്ടിച്ച് വേഗം നടക്കാൻ ഒരുങ്ങിയതത്......

"ഡീ എവിടേക്കാ ഓടുന്നത്....
പറഞ്ഞിട്ടു പോവന്നേ...." ശിവേട്ടൻ കൈ പിടിച്ചു നിർത്തി...
നിനക്ക് ഇതിലും നല്ലൊരു പണി തരാൻ വേറെ ഇല്ലടീ...
സത്യമായിട്ടും നിന്റെ കുറുമ്പ് കണ്ട് ഇഷ്ട്ടായിട്ടാ "...

അതേ ഒന്നാ കൈ വിട്ടേ...
വേണ്ടട്ടോ നമ്മക്ക് അതൊന്നും ശരിയാവൂല്ലാ...
പിന്നേ മാഷിന്റെ ഈ പോസ്റ്റ് സ്വീകരിക്കാൻ ഞാനേ ടീച്ചറല്ല എഞ്ചിനീയർ ആണ്.....
എനിക്ക് ഒരു ജോബ് വേണമെന്ന് തോന്നുമ്പോ ഞാൻ തന്നെ തേടി പിടിച്ചു  കണ്ടെത്തിക്കോളും ..

ഇപ്പോ ഈ പോസ്റ്റ് മോൻ മോന്റെ കൈകളിൽ തന്നെ വെച്ചേ.ഒരിത്തിരി ദേഷ്യത്തോടെ പറഞ്ഞു ഞാൻ തിരിഞ്ഞു നിന്നു....

ഡീ...
കണ്ണിൽ നോക്കി പറയെടീ നിനക്കീ ഓഫർ വേണ്ടെന്ന്....

ഇത്തിരി കുറുമ്പോടെ ഞാൻ മുന്നിൽ നടന്നു...
നിങ്ങൾ കല്ല്യാണം കൂടാൻ വന്നതല്ലേ...
അല്ലാതെ അടുത്തതും കൂടെ നടത്താനൊന്നും അല്ലാലോ.....

"വേണേൽ നമുക്ക് ഇവരുടെ കൂടെ തന്നെ നടത്തികളയാടീ...
എനിക്കേ നോ പ്രോബ്ലം....
ആകെ ഒരച്ഛനും അമ്മയും മാത്രമേ ഉളളൂ..
അവർക്കാണെങ്കിൽ എന്റെ ഇഷ്ടത്തേക്കാൾ  വലുതായി ഒന്നൂല്ല്യ...
അതോണ്ട് ധൈര്യമായി കൂടെ കൂട്ടാം....
അമ്മ നിലവിളക്ക് തന്നു എപ്പോ നിന്നെ കൂടെ കൂട്ടീന്ന് ചോയിച്ചാൽ മതി...."

ഞാനാ മുഖത്തേക്ക് തന്നെ ദയനീയമായി നോക്കി...

അമ്മമാർക്ക് എന്നേ സ്നേഹിക്കാനൊന്നും കഴിയില്ല...പറയുമ്പോ തന്നെ എന്റെ കണ്ണുകളിൽ മിഴിനീർ മുത്തുകൾ പൊടിഞ്ഞിരുന്നു....

അതൊന്നും ശരിയാകില്ലാന്നും പറഞ്ഞ് ആ മുഖത്തേക്ക് നോക്കാൻ നിൽക്കാതെ ഞാൻ പെട്ടെന്ന് വീട്ടിലേക്ക് നടന്നു.....

പഴയതൊക്കെ അറിയുമ്പോ നിങ്ങൾക്കും എന്നെ സ്നേഹിക്കാനൊന്നും കഴിയില്ല.....
അല്ലേലും ഈ വെറുക്കപ്പെട്ടവളേ ഒന്നും നിങ്ങൾക്ക് ചേരില്ല.....

കടലിരമ്പുന്ന പോലുളള മനസ്സുമായാണ് വീട്ടിലെത്തിയത്. ശിവേട്ടനെ കണ്ടത് മുതൽ ഞാനെടുത്ത പലശപഥങ്ങളും എന്നിൽനിന്നും അകന്നു പോകുന്നത് പോലെ....

കല്യാണത്തിന് പോകാൻ വേണ്ടി ഒരുങ്ങുമ്പോഴും തെന്നിമാറുന്ന മനസ്സിനേ പിടിച്ചു കെട്ടി ഇടുന്ന തിരക്കിലായിരുന്നു....
എത്ര കെട്ടിയിടാൻ ശ്രമിച്ചിട്ടും നൂല് പൊട്ടിയ പട്ടം പോലെ അതെന്റെ കൈയ്യിൽ നിന്നും തെന്നി  പറക്കാൻ   തുടങ്ങിയ പോലെ.......

ചിന്തകളുടെ പടുകുഴിയിൽ മുങ്ങി തപ്പുമ്പോഴാണ് പുറത്തൊരു അടി വന്നു വീണത്...

സന...
ഒന്നുമുതൽ പന്ത്രണ്ട് വരേ ഒരേ പാത്രത്തിൽ ഉണ്ണിയും ഒരേ പസ്തകത്തിനുളളിൽ ഉറങ്ങിയും കൂടെ പഠിച്ച അൽചങ്കത്തി....

എന്നേ കണ്ടപ്പോഴേ അവളൊന്ന് അടിമുടി നോക്കി...
"ആഹാ കളറായല്ലോ..."

ഞാൻ മുന്തിരി കളറിൽ സിംപിൾ വർക്കോട് കൂടിയ ലാച്ചയായിരുന്നു വേഷം...
മുടി അഴിച്ചിട്ട് ഒരു കുഞ്ഞി പൊട്ടും തൊട്ടു...
ഒരുക്കം പൂർത്തിയാക്കി അവളേയും കൂട്ടി താഴെ ഇറങ്ങി....

താഴെ ഇച്ചേച്ചീടെ ഫ്രണ്ട്സിനേയൊക്കെ കണ്ടപ്പോഴേ ഞങ്ങളുടെ കോൺഫിഡൻസൊക്കെ പോയി....
അവരിൽ ആര് കൂടുതൽ സുന്ദരി എന്ന മത്സരത്തിനെങ്ങാൻ എന്ന പോലെ ഓരോരുത്തരും അടിപൊളിയായി വന്നിട്ടുണ്ട്..

"ഡീ മിഴിയേ ഇവരൊക്കെ വന്നത് പറയണ്ടേ നീയ്..
ഞാനീ വഴിക്കേ വരില്ലായിരുന്നു...
ഇന്ന് ആരു നോക്കും നമ്മളേ..
ഈ ഒരുങ്ങിയതൊക്കെ വെയിസ്റ്റ്...."

അവൾ അതും പറഞ്ഞ് ഒന്ന് നെടുവീർപിട്ടു...

അവളാണ് നാട്ടിലേ ഏറ്റവും വലിയ പിടക്കോഴി.. 
അതാണ് മൂപ്പത്തിക്ക് ഇത്രയും സങ്കടം...

"നീ ഒന്ന് വന്നേടീ...
നിന്റെ ഒരു വായിനോട്ടം..
ഉളളതൊന്നും പോരേടീ നിനക്ക്..
ഇപ്പോ തന്നെ എത്രയുണ്ട്...
കോളേജിലൊന്ന് നാട്ടിലൊന്ന്..
സമ്മതിച്ചു തന്നിരിക്കുന്നു...."

"ഓ..നിനക്ക് താൽപ്പര്യമില്ലെന്ന് കരുതി നീ എന്റെ കൃഷിയേ കുറ്റം പറയാതെ...
ഒന്നൂടെ ഒന്ന് വിപുലപ്പെടുത്താൻ നോക്കുവാ ഞാൻ..."

അവളുടെ കൂടെ കൂടിയപ്പോ പഴയ മിഴിയുടെ ഊർജവും തേജസൊക്കെ മടങ്ങി വരുന്നുണ്ട്..
ഞാൻ അവളേയും കൂട്ടി പെട്ടെന്ന് കല്യാണവീട്ടിലേക്ക് നടന്നു...

ഇച്ചേച്ചിയൊക്കെ നേരത്തേ ഓഡിറ്റോറിയത്തിലേക്ക് പോയിരുന്നു...
ഞങ്ങൾക്ക് ഓഡിറ്റോറിയത്തിലേക്ക് പോകാനായി നിർത്തിയ ബസ്സിലേക്ക് ഞങ്ങളും  കയറി ഇരുന്നു. കുട്ടിപട്ടാളമൊക്കെ മുന്നേ വന്നു സീറ്റൊക്കെ തരമാക്കി ഇരുന്നിരുന്നു...

ഞാൻ സനയേയും കൂട്ടി ബസ്സിലേ പുറകിലേ  സീറ്റിൽ പോയിരുന്നു...
സന എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും ഞാനൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല...
നോട്ടം പുറത്തേ കാഴ്ചകളിലാണെങ്കിലും മനസ്സ് നിറയേ ശിവേട്ടനായിരുന്നു....
ഒറ്റ ദിവസം കൊണ്ട് ഇങ്ങനേയും മനസ്സ് മാറി ചിന്തിക്കുവോന്ന് അദ്ഭുതം തോന്നി...

ഇന്നലെ രാത്രി ബസ്സിൽ അടുത്ത് വന്നിരുന്നപ്പോഴേ അറിയാതെ ഒരിഷ്ടം തോന്നി ഇരുന്നു. പെണ്ണിന്റെ ഉടലളക്കാതെ കണ്ണിൽ നോക്കി സംസാരിച്ചപ്പോഴേ ആളുടെ സ്വഭാവം മനസ്സിലായി.
പേടിച്ചരണ്ടിരിക്കുമ്പോ കിട്ടിയ കരുതൽ...
അതൊക്കെ ഓർത്തപ്പോ അറിയാതെ ഒരു ചിരി ചുണ്ടുകളിൽ നിറഞ്ഞു....

സനയുടേ തോണ്ടിയുളള വിളിയാണ് എന്റേതായ  ലോകത്തൂന്ന് എന്നെ കൂട്ടി വന്നത്...

"ഡീ നോക്കിയേ ചാകര...
എത്ര പേരാ...
ഇതൊക്കെ നിന്റെ ഉണ്ണിയേട്ടന്റെ ഫ്രണ്ട്സ് ആണോ...അവരെയൊക്കെ കണ്ടപ്പോ അവൾക്കുളളിലേ പിടക്കോഴി സടകുടഞ്ഞ് എഴുന്നേറ്റു..."

"ദേ മിഴി...
നീ ആ ബ്ലേക്ക് കളർ ഷേർട്ട് ഇട്ട ചേട്ടനേ നോക്കിയേ...
എനിക്കങ്ങേരെ ഇഷ്ടായി ട്ടാ..
ഇന്നത്തെ മിഷൻ ആ ബ്ലേക്കി ഫിക്സഡ്....
നിനക്ക് പേരെങ്കിലും അറിയോന്ന് നോക്കെടീ...
ബാക്കി ജാതകം തപ്പി പിടിക്കുന്ന കാര്യം ഞാനേറ്റു...."

"അവൾ പറഞ്ഞഭാഗത്തേക്ക് ഞാനൊന്ന് നോക്കിയതേ ഉളളൂ...
ശിവേട്ടൻ....."

ഇവൾക്ക് ഇങ്ങേരെയേ കിട്ടിയുളളൂ...
എന്നുളളിൽ അറിയാതെ ഒരു കുശുംമ്പ് വന്നു നിറഞ്ഞു..

ശിവേട്ടനും ഫ്രണ്ട്സും ഞങ്ങൾക്ക് അടുത്തേക്ക് തന്നെ വന്ന് അടുത്തുളള സീറ്റുകളിൽ ഇരുന്നു...

റോഷൻ ചേട്ടനും ഒന്ന് രണ്ടു ഫ്രണ്ട്സും അടുത്ത് വന്ന് എനിക്ക് നല്ലൊരു ചിരിയും പാസാക്കി സനയേ പരിചയപ്പെട്ടു. അവരുമായൊക്കെ നല്ലൊരു പരിചയം വന്നിരുന്നു രാവിലെ....

ശിവേട്ടനേ തന്നെ തേടി പോകുന്ന കണ്ണുകളേ ഞാൻ ശ്വാസിച്ച് നിലയ്ക്ക് നിർത്തി....

എനിക്ക് നേരെ എതിർവശത്തായി എന്നെ കാണുന്ന രീതിയിലാണ് ശിവേട്ടൻ ഇരുന്നത്...
ചുണ്ടുകളിൽ പവിഴ മഴയേ നീ പോരുമോ തത്തി കളിയ്ക്കുന്നുണ്ടായിരുന്നു....

അങ്ങോട്ടേക്ക് നോട്ടം പോകാതെ പുറത്തേക്ക് തന്നെ നോക്കി ഇരിക്കാനും സന സമ്മതിക്കുന്നില്ല....

"ഡീ എന്റെ മാവും പൂക്കാൻ പോകുവാടീ...
ആ ചേട്ടൻ ഇടയ്ക്കിടേ ഇങ്ങോട്ടേക്ക് തന്നെ നോക്കുന്നുണ്ട്...."

നിന്റെ മാവ് അതിന് കൊല്ലത്തിൽ രണ്ടു വട്ടം പൂക്കുന്നതല്ലേടീ...
അതിനെന്ത്  പുതുമയാ....

അവൾ ശിവേട്ടനേ തന്നെ നോക്കുമ്പോ എനിക്ക് വല്ലാതെ അരിശം വരുന്നു...
ഒന്നും പറയാനും കഴിയുന്നില്ല...
പിന്നേയും തോണ്ടി വിളിച്ചപ്പോഴാണ് കൈകൂപ്പി ഇനി ഒന്നും എന്റോട് പറയല്ലേടീ കേട്ടു നിൽക്കാൻ പറ്റില്ലെന്ന് പറഞ്ഞത്....

കാര്യം പെട്ടെന്ന് അവൾക്ക്   കത്തിയില്ലെങ്കിലും
പിന്നേയും തിരിഞ്ഞ് എന്നേ തന്നെ നോക്കി.....

" എന്തേ  മഞ്ഞുമല ഉരുകാൻ തുടങ്ങിയോ....
പ്രണയം ദുഃഖമാണുണ്ണീ വായി നോട്ടമല്ലോ സുഖപ്രദം എന്നു പറഞ്ഞിടത്ത് ആരേലും ഇടിച്ചു കയറിയോ.. ."

അതും ചോദിച്ച് അവളെന്നെ കുർപ്പിച്ചൊന്ന് നോക്കി.......
കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top