രചന: അഖില അനീഷ്
ഇച്ചേച്ചി ഫ്രണ്ട്സുമായി കത്തിവെയ്ക്കുവാണ്. ഞാൻ ചേച്ചിയോട് പറഞ്ഞ് അകത്തേക്ക് നടന്നു. ബന്ധുജനങ്ങളാണ് മുഴുവൻ.എല്ലാവരോടും നന്നായി ചിരിച്ചു കാട്ടി കുട്ടിപട്ടാളത്തിന് അടുത്തേക്ക് നടന്നു. എല്ലാം കസിൻസ് പിള്ളേരാണ് കൂടാതെ ആൺ കുട്ടികളും. പെൺകുട്ടികളായി ഞാനും ഇച്ചേച്ചിയും മാത്രമേയുളളൂ കുടുംബത്തിൽ..
ഫോണിൽ തകർപ്പൻ ഗെയിമിങ്ങിലാണ് അവർ. തൊട്ടടുത്ത് പോയി ഞെട്ടിച്ചപ്പോഴാണ് അവരറിഞ്ഞത്. ഇനി താഴെ പോകുമ്പോ ഈ കുട്ടികളേയും കൂടെ ഒപ്പം നിർത്തണം. അല്ലേൽ പണി പാളും...
ശിവേട്ടനെ ഓർക്കുമ്പോ വല്ലാത്തൊരു പേടി....
ഞങ്ങളെ കാണാഞ്ഞ് ഇച്ചേച്ചിയും കൂട്ടരും മുകളിലുമെത്തി.
"നീ എന്തേ ഇവിടെ നിന്ന് കളഞ്ഞത്..
പാട്ടും ഡാൻസൊന്നുമില്ലേ...."
ഡാൻസെന്ന് കേൾക്കേണ്ട താമസം കുട്ടിപട്ടാളം താഴേക്ക് ഓടി..
ഇച്ചേച്ചിയും ഡ്രസ്സ് ഒക്കെ ചെയ്ഞ്ച് ചെയ്ത് പെട്ടെന്ന് വന്നു..
"വാ പോകാം ..."
ഇച്ചേച്ചിയാണ്.
"ഞാനില്ല ഇച്ചേച്ചിയേ..
നിങ്ങളൊക്കെ കൂടെ അവിടെ മഴപാട്ട് മത്സരമായിരിക്കും എല്ലാന്നത്തേയും പോലെ..
ഞാനില്ല ആ ബോംബേക്കാരുടെ മുന്നിൽ ചമ്മി നിൽക്കാൻ.."
"അതൊക്കെ ഒരു രസോല്ലേടീ..
നീ വാ..."
"അതേ..
കണ്ടു നിൽക്കുന്ന നിങ്ങൾക്കൊക്കെ രസാണ്..
പക്ഷെ കേൾക്കണ എനിക്കത്ര സുഖം തോന്നണില്ല്യ..
പ്രത്യേകിച്ച് നിങ്ങളുടെ കൂടെ വന്നവരുടെ മുന്നിൽ..."
ശരി ഞാനവരോട് പറയാം..
നീ ഒന്ന് വന്നേ...
ഞങ്ങൾ മുറ്റത്തെത്തിയപ്പോഴേ കണ്ടു
മുന്നിൽ കുറച്ചു സ്ഥലം ഒഴിച്ചു വിട്ട്
അവരൊക്കെ ഓരോ ഗ്യാങ്ങുകളായി വട്ടത്തിൽ ചെയറിട്ട് ഇരുന്നത്. വീടിനടുത്തുളള കുട്ടികളും കസിൻസും പിന്നെ ചേച്ചീടേ ബോംബേക്കാര് ഫ്രണ്ട്സും നാട്ടിലെ കുറച്ചു പേരും മാത്രമേയുളളൂ...
എന്നെ കണ്ടപ്പോഴേ കുട്ടി പട്ടാളം "മഴ മഴ
കുട കുട മഴ വന്നാൽ പോപ്പി കുട" പാടാൻ തുടങ്ങി. അതങ്ങനെയാണ് എവിടെ ഗാനമേള നടത്തിയാലും ഞാനവിടെ ഉണ്ടേൽ മഴപാട്ടിൽ തുടങ്ങി മഴപാട്ടിലേ അവസാനിപ്പിക്കൂ എന്റെ പീക്കിരികൾ..
ഓടി പോയി അതിലൊന്നിന്റെ കഴുത്തിന് തന്നെ പിടിച്ച് പാട്ട് നിർത്തിച്ചു. എന്നെ കളിയാക്കിയാൽ നാളെ രാവിലെ ഒറ്റെണ്ണത്തിനേയും അമ്പലത്തിൽ കൂട്ടില്ലാന്ന് പറഞ്ഞപ്പോ അവർ മിണ്ടാപൂച്ചകളായി മാറി..
കുറച്ചു ദൂരേ ഒരു തെങ്ങോട് ചാരി നിന്ന് ചുറ്റും നടക്കുന്ന കഥകളിയൊക്കെ വീക്ഷിക്കുന്ന ശിവേട്ടനെ കണ്ടു.അടുത്ത് തന്നെ ഇച്ചേച്ചി ഉണ്ണിയേട്ടനുമായി കാര്യമായി എന്തോ ഡിസ്കഷനിലാണ്.
മുന്നിൽ പാട്ട് പാടാനായി വന്നവർ മൈക്ക് ഒക്കെ സെറ്റ് ചെയ്യുന്നു....
പാട്ട് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേ കുട്ടിപട്ടാളം ഇരുന്ന ചെയറൊക്കെ തട്ടി തെറിപ്പിച്ച് തുളളാൻ തുടങ്ങി. കൂടെ എന്നേയും വലിച്ചു നടുക്കിട്ടു. അല്ലേലും നല്ല തകർപ്പൻ പാട്ടുകേൾക്കുമ്പോ പരിസരം മറന്ന് ആരാണ് ഒന്ന് ആടി പോകാത്തത്. ...
കുറച്ചു കഴിഞ്ഞപ്പോഴേ എല്ലാവരും ആ പാട്ടിലും ഡാൻസിലും മതി മറന്നു പോയിരുന്നു.
തുളളി തുളളി പലതുളളീന്ന് പറഞ്ഞ പോലെ കുട്ടിപ്പട്ടാളം തുടങ്ങിവെച്ച ഡാൻസ് എല്ലാവരും പ്രായം മറന്ന് ഏറ്റുപിടിച്ചു.
കുറച്ച് അമ്മമാര് മാത്രമേ ആടാതായുളളൂ..
ഡാൻസ് കളിക്കുന്നതിനിടേയാണ് അപ്പൂട്ടന്റെ കാല് ചെറുതായി കല്ലോട് തട്ടി ചോര പൊടിയാൻ തുടങ്ങിയത്. ഞാൻ അവനേയും കൂട്ടി പുറകുവശത്തേക്ക് നടന്നു.
കാല് ഒന്ന് കഴുകണം..
കാലു കഴുകി തിരിച്ചു വരുമ്പോഴാണ് പുറകിൽനിന്നുളള രണ്ടു പേരുടെ സംസാരം കേട്ടത്...
"അമ്മയില്ലാത്ത പെണ്ണല്ലേന്നും കരുതി എല്ലാവരും കൊഞ്ചിച്ചു വഷളാക്കിയതോണ്ടാ ഇങ്ങനെയും അഴിഞ്ഞാടുന്നത്..
കുഞ്ഞിപിള്ളേരുടെ കൂടെ ആൺകുട്ടികളുടെ നടുക്കൂന്നാ ഡാൻസ്...
ഇതൊന്നും കാണാൻ അവളില്ലാത്തത് നന്നായി....
അതിന് നിങ്ങൾക്കെന്താ എന്ന് ചോദിക്കാനായി തിരിഞ്ഞപ്പോഴാണ് അവരുടെ അവസാനത്തെ ഡയലോഗ്...
"എന്തു പറഞ്ഞിട്ടെന്താ അമ്മേ കൊന്ന മോളല്ലേ...."
എന്ത് വന്നാലും കരയില്ലാന്ന് പറഞ്ഞു പഠിപ്പിച്ച കണ്ണുകൾ അനുസരണയില്ലാതെ പെയ്യാൻ തുടങ്ങി. ആ ഇരുട്ടിൽ അപ്പൂട്ടൻ അത് കാണാതിരിക്കാൻ നന്നായി ശ്രമിച്ചൂ.
അവനെങ്ങാനും കണ്ടാൽ പിന്നെ എല്ലാരോടും പറയും....
പിന്നെ നടന്ന് അവരുടെ കൂടെ കൂടിയെങ്കിലും തുളളിക്കോണ്ടിരുന്ന മനസ്സൊക്കെ തളർന്നു വീണിരുന്നു ...
പതുക്കെ ആ ബഹളമയങ്ങളിൽ നിന്നും പുറത്തേക്ക് നടന്നു.ആരും കാണാതെ മുകളിലേക്ക് കയറി . മുകളിൽ ടെറസിലെത്തിയപ്പോഴാണ് നിന്നത്.
താഴെ എല്ലാവരും ആഘോഷരാവിലാണ്.
ഞാനവിടെ തറയിൽ ചുമരോട് ചേർന്ന് കാൽമുട്ടിനുളളിൽ മുഖം ഒളിപ്പിച്ച് കൂനി കൂടി ഇരുന്നു...
അമ്മയേ തന്നെ ഓർത്തു പോയി.
അന്ന് ഞാൻ ചെയ്ത കുട്ടിത്തരമാണ് എന്റെ തീരാ നഷ്ടത്തിന് കാരണം.
അമ്മ പറയണത് അനുസരിക്കാതെ റോഡിൽ നിന്നും അമ്മയുടെ കൈ തട്ടി മാറ്റി ഓടിയപ്പോ ഒന്നും നോക്കാതെ പുറകേ ഓടി വന്ന അമ്മയേ ഒരു ലോറി ഇടിച്ചിടുകയായിരുന്നു. അന്നാണ് അമ്മ എന്നന്നേക്കുമായി ഞങ്ങളെ തനിച്ചാക്കി പോയത്.
ഒരു മൂന്നു വയസ്സുകാരിയുടെ കുസൃതിയാണെന്ന് ഓർക്കാതെ മുറിവേറ്റ മനസിനെ വീണ്ടും ചില്ലെടുത്ത് കുത്തി ഓർമ്മിപ്പിക്കുന്ന ചിലർ...
അതോർത്ത് കരയാൻ കണ്ണുനീര് പോലും ബാക്കി കാണില്ല. ബുദ്ധിയുറച്ച നാളുമുതൽ മനസ്സിനെ വേട്ടയാടുന്ന കാര്യം..
അത് അറിയാവുന്നത് കൊണ്ട് തന്നെ വീട്ടുകാരൊക്കെ എന്റെ കാര്യത്തിൽ ഒരിത്തിരി അയവു തന്നിരുന്നു. അതിനേയാണ് അഴിഞ്ഞാടി നടക്കാനുളള ലൈസൻസെന്ന് പറയുന്നത്...
എന്നെ കാണാഞ്ഞ് ഉണ്ണിയേട്ടൻ അപ്പോഴേക്കും നോക്കി വന്നിരുന്നു.
ഉണ്ണിയേട്ടൻ അടുത്ത് വന്നിരുന്നത് അറിയാൻ കഴിയുന്നുണ്ട്. പറയാതെ തന്നെ അറിയാം എന്റെ മാറ്റത്തിന് പിന്നിൽ എന്താണെന്ന്. കാരണം കാലം കുറേ ആയി ഈ കുത്തുവാക്കും അത് കേട്ടിട്ടുളള എന്റെ ഇരുത്തവും അവരൊക്കെ കാണാൻ തുടങ്ങിയിട്ട്...
"മിഴി കുട്ടിയെ...
വന്നേ..
താഴെ നിന്നെ കാണാഞ്ഞിട്ട് നിന്റെ തന്തപ്പടി പരതി നടക്കുന്നുണ്ട്...
ഇതേ നിന്നെ ഈ കോലത്തിൽ കണ്ടാൽ ബാക്കി എന്താ സംഭവിക്കുവാന്ന് പറയേണ്ടല്ലോ..
ഞാൻ തല ഉയർത്തി ഏട്ടനേ നോക്കി..
വെളളമടിക്കാൻ അങ്ങേരിന്ന് കാരണം തപ്പി നടക്കുവായിരിക്കും...
ഇനി നീ കരയണകണ്ടാൽ അത് മതി വാ...
ഏട്ടൻ എന്നേയും കൂട്ടി താഴേക്ക് നടന്നു.
അതേ ഉണ്ണിയേട്ടാ ഞാനൊന്ന് മുഖോം കഴുകി പുറകുവശത്തൂടെ അങ്ങെത്തി കൊളളാം..
ഏട്ടൻ നടന്നോ...
ഏട്ടൻ തലയാട്ടി സമ്മതമറിയിച്ച് മുറ്റത്തേക്ക് പോയി..
ഞാൻ ബാത്ത്റൂമിൽ കയറി. മുഖം നന്നായി കഴുകി പുറത്തിറങ്ങി.
മുറ്റത്ത് ഗാനമേള നടക്കുന്നത് കാരണം പുറകിലൊന്നും ആരുമില്ല. ഞാൻ വേഗം മുറ്റത്തൂടെ മുന്നിലേക്ക് നടന്നു. പെട്ടെന്നാണ് കിണറിനു സൈഡിലേ ഒരു മൂലയിൽ നിഴലനക്കം കണ്ടത്. പെട്ടെന്ന് ആരും കാണാത്ത ഒരു കോർണറാണ് അത്. നിഴലനക്കം കണ്ടത് കൊണ്ട് മാത്രമാണ് ഞാനും ആ ഭാഗത്തേക്ക് നോക്കിയത്.
രണ്ടുപേർ ചേർന്നു നിൽക്കുന്ന നിഴലാണ്. ആരാണെന്ന് അറിയാൻ വേണ്ടി ഞാൻ അടുത്തേക്ക് നടന്നു..
എന്ത് പറയാനാ....
ഇമ്രാൻഹശ്മി പോലും തോറ്റ് പോകുന്ന ഫ്രഞ്ചിയാണ്....
അയ്യേ...
ഇവർക്ക് നാണോം മാനോന്നും ഇല്ലേ...
ബോംബേക്കാരല്ലേ അവർക്ക് എന്തും ആവാലോ...
എന്നാലും വീണ്ടും ഞാൻ ഒരു കണ്ണടച്ച് സൈറ്റടിക്കണ പോലെ ഒന്നൂടെ ആ സീൻ നോക്കി...
ആദ്യമായിട്ടാണ് ലൈവായി കാണുന്നത്.സിനിമേലും പട്ടിലുമൊക്കെ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെയും പരിസരം മറന്ന് ആരേലും ഉമ്മ വെക്കുവോ...
ആ..
അവരുടെ നാട്ടിൽ അങ്ങനെയായിരിക്കും...
അവർക്ക് നാണോല്ല്യങ്കിലും എനിക്കാ പറഞ്ഞത് ഒരിത്തിരി ഉളളത് കൊണ്ട് തിരിച്ച് നടക്കാൻ തുടങ്ങി...
ഏതൊക്കെയോ കിളി പറന്നു പോയ നടത്താമായിരുന്നു എന്റേത്. രണ്ടടി വെച്ചില്ല മുന്നിലാരേയോ തട്ടി നിന്നപ്പോഴാണ് സ്വബോധം വന്നത്...
"എന്താടീ..
കണ്ണില്ലേ...."
ഈശോയേ..
ശിവേട്ടൻ....
കാണാൻ പാടില്ലാത്തത് കണ്ടു തളർന്നു കിടക്കുവാ കണ്ണെന്ന് പറയാൻ പറ്റുവോ...
എന്റെ ആ ഭാഗത്തോട്ടേക്കുളള വശപ്പെശക് നോട്ടം കണ്ട് മൂപ്പരും ആ നിഴലനക്കത്തിന് അടുത്തേക്ക് ഏന്തിവലിഞ്ഞു നോക്കി...
ഒറ്റനോട്ടമേ നോക്കിയുളളൂ തിരിച്ച് ഒരലർച്ചയായിരുന്നു കൈയ്യും ചൂണ്ടി കൊണ്ട്...
"ഓട്രടീ..
ഇവിടെ കാഴ്ച കാണാൻ വന്നേക്കുന്നു..."
ഇതെന്ത് കഥ ...
ചെയ്ത അവർക്കല്ല വഴിയേ പോകുമ്പോ കണ്ട എനിക്കായോ കുറ്റം...
ഓ നിങ്ങടെ ഫ്രഞ്ചി കാണാൻ വന്നതല്ലേ ഞാൻ..
മുഖോം കൂർപ്പിച്ച് ഒരു കൊഞ്ഞനോം കുത്തി ഞാൻ അകത്തേക്ക് നടന്നു...
ആ ഒരു സംഭവത്തോടെ ഇത്തിരി മുന്നേ കരഞ്ഞിരുന്നതൊക്കെ തൽക്കാലത്തേക്ക് ഞാൻ മറന്നു പോയിരുന്നു.
വീണ്ടും ഇച്ചേച്ചിയുടേയും കുട്ടിപട്ടാളത്തിന്റേയും കൂടെ കൂടി.......
ഒരു ധമാക്കാ പാട്ടിന്റെ ക്ഷീണം തീർക്കനായി ഒരിടത്ത് ഇരുന്നിരുന്നു എല്ലാവരും.
next song for goes to Mazhamizhi..
എന്നും പറഞ്ഞാണ് അടുത്ത പാട്ടു പാടിയത്....
"ദൂരെ ഒരു മഴവില്ലിന്നേഴാം വർണ്ണം പോൽ
തൂവൽ കവിളിണയിൽ നിൻ മായാലാവണ്യം
ഇന്നെൻ ഇടവഴിയിൽ നിന്നോമൽ കാൽത്താളം
നീയാം സ്വരജതിയിൽ ഈ മൗനം വാചാലം
സാന്ധ്യരാഗങ്ങളേറ്റു പാടുന്നു ഭൂമിയും വാനവും
സാക്ഷിയായ് ഭാവുകങ്ങളേകുന്നു ശ്യാമമേഘങ്ങളും
പവിഴമഴയേ
നീ പെയ്യുമോ ഇന്നിവളെ
നീ മൂടുമോ
വെൺ പനിമതിയിവളിലെ മലരൊളിയഴകിലെ നാളങ്ങളിൽ
എൻ കനവുകൾ വിതറിയ താരകങ്ങളെ കാണുവാൻ കാത്തു ഞാൻ
ദൂരെ ഒരു മഴവില്ലിന്നേഴാം വർണ്ണം പോൽ
തൂവൽ കവിളിണയിൽ നിൻ മായാലാവണ്യം
ആരാരുമേ തേടാത്ത നിൻ ഉൾനാമ്പു തേടി
ആരാരുമേ കാണാത്തൊരാ ദാഹങ്ങൾ പുൽകി
നീ പോകും ദൂരം നിഴലായ് ഞാൻ വന്നിടാം
തീരങ്ങൾ തേടി ചിറകേറിപോയിടാം
മധുരമൂറും ചിരിയാലെ നീ പ്രിയസമ്മതം മൂളുമോ
മനതാരിൻ അഴിനീക്കി നീ ഇണയാവാൻ പോരുമോ
കാലമാകുന്ന തോണിയിൽ നമ്മളിന്നിതാ ചേരവേ
പീലിനീർത്തുന്നൊരായിരം ജാലമെന്നിലിന്നാകവേ
പവിഴമഴയേ
നീ പെയ്യുമോ ഇന്നിവളെ
നീ മൂടുമോ
വെൺ പനിമതിയിവളിലെ മലരൊളിയഴകിലെ നാളങ്ങളിൽ
എൻ കനവുകൾ വിതറിയ താരകങ്ങളെ കാണുവാൻ കാത്തു ഞാൻ..."
പാട്ടിൽ മുഴുകിയ സമയത്ത് കൈയ്യിലൊരു വൈറ്റ് പേപ്പർ കൂടെ പാട്ട് പാടുന്നവരുടെ കൂട്ടത്തിലേ ഒരാൾ എനിക്ക് കൊണ്ട് തന്നിരുന്നു....
ഒരു സൈഡിൽ മാറി നിന്ന് ഞാനാ പേപ്പർ തുറന്നു നോക്കി...
" ഉണങ്ങിവരണ്ട മണ്ണിലേക്ക്
ഇടിവെട്ടി പെയ്യുന്ന പുതുമഴയില്ലേ....
അതാണ് എനിക്കിന്ന് നീ....
മഴമിഴി
എന്റെ മഴ നീയാണ് ...
എന്റെ മിഴിയും നിനക്ക് മാത്രമായി
തുടിക്കുന്നിപ്പോൾ...
നീ എന്നിൽ വന്നണയുന്നതും
കാത്ത്..
വേഴാമ്പലിനേ പോലെ
നിൽപ്പാണ് ഞാൻ....
പവിഴ മഴയേ..
നീ പോരുമോ..
എൻ ജീവനാളമായി
ചേർത്തണച്ചീടാം
എക്കാലവും.."
നിവർത്തി പിടിച്ച പേപ്പർ വായിച്ചു കണ്ണ് തളളിപോയി. ഇതെന്റെ സ്വഭാവം അറിയാത്ത എന്നെ അറിയാത്ത ആരുടേയോ പണിയാണ്..
അല്ലേൽ ഇവര് ഈ റിസ്ക്കിന് നിൽക്കില്ലാലോ..
കണ്ണ് ബോംബേ കൂട്ടത്തിന് നേരെയാണ് പോയത്..
അവരേയേ സംശയിക്കാൻ കഴിയൂ..
കാരണം ഇന്നാട്ടിലെ ഒരു ഹൃദ്ദിക്ക് റോഷനും ഇന്നേവരെ ഐ ഡബ്ല്യൂടെ "ഐ"പോലും എന്നോട് പറഞ്ഞിട്ടില്ല...
പണിതരാൻ വേണ്ടി ശിവേട്ടനായിരിക്കുമോ?
അതിന് അങ്ങേർക്ക് മലയാളം എഴുതാൻ അറിയില്ലാലോ...
കുറച്ചു കഴിഞ്ഞ് ഇച്ചേച്ചിയോട് തന്നെ ചോദിക്കാന്ന് കരുതി പേപ്പർ കൈയ്യിൽ ചുരുട്ടി പിടിച്ചു...
പിന്നെ പാട്ടിലൊന്നും വലിയ മൂഡ് കിട്ടിയില്ല. ചുറ്റമുളളവരേയൊക്കെ വാച്ച് ചെയ്തു. എങ്ങനെ മനസ്സിലാവും..
അതു തന്നെ ആയിരുന്നു ചിന്ത..
ആളെ മനസ്സിലായിട്ട് ഓടിപോയി കെട്ടാനൊന്നും അല്ല.. ഈ സാഹസത്തിന് മുതിർന്ന വ്യക്തിആരാണെന്ന് മനസ്സിലാക്കാൻ മാത്രം ....
ഗാനമേളയൊക്കെ കഴിഞ്ഞ് എല്ലാവർക്കും സ്റ്റേ ചെയ്യാനുളള സൗകര്യമൊരുക്കുവായിരുന്നു ഇച്ചേച്ചീ...
"മിഴി ഇവര് മൂന്നു പേര് നിന്റെ കൂടെ കൂടിക്കോട്ടെ ..
ഞങ്ങൾ ഇവിടേയും കിടന്നോളാം.."
ഇച്ചേച്ചിയാണ്.
ഇച്ചേച്ചിയുടെ കൂടെ നിൽക്കാൻ കഴിയാത്തതിൽ സങ്കടമുണ്ടങ്കിലും വേറെ വഴിയില്ലാത്തത് കൊണ്ട് അവരേയും കൂട്ടി ഞാൻ വീട്ടിലേയ്ക്ക് നടന്നു...
ആകെ അവർ ആറുപെൺകുട്ടികളും എട്ട് ബോയ്സുമാണ് ..
ബോയ്സൊക്കെ ഉണ്ണിയേട്ടന്റെ കൂടെ പോയി. അവർക്ക് പിന്നെ എവിടെ ആയാലും കുഴപ്പോല്ല്യ..
ഒരു പായും തലയണയും കിട്ടിയാൽ മതി..
ഞാൻ എന്റെ കൂടെ വന്നവരേയും കൂട്ടി വീട്ടിലേക്ക് നടന്നു.ഹിമ,നയന,റിൻസി മൂന്നു ചേച്ചിമാർ. ഇതിൽ ഹിമചേച്ചീ സയലന്റ് ആണ്.
റിൻസി ചേച്ചിയാണ് നേരത്തേ കണ്ട സീനിലെ നായിക. അവർ അറിയോന്ന് അറിയല്ല ഞാൻ കണ്ട കാര്യം..
രണ്ടുംപേരും മുടിഞ്ഞ പ്രേമാന്ന് അവരുടെ സംസാരത്തിൽ നിന്നും മനസ്സിലായി.
നാഴികയ്ക്ക് നാൽപ്പതുവട്ടം എന്ത് പറയുമ്പോഴും കാർത്തി കാർത്തീന്നേയുളളൂ ചൊല്ല്. കൂടെയുളളവർക്ക് ബോറഡിക്കുന്നില്ലേ ആവോ...
കുറച്ചു സമയം കേൾക്കുമ്പോഴേക്കും എനിക്ക് ബോറഡിച്ചു.
എന്റെ റൂം ഞാനവർക്ക് വിട്ടു കൊടുത്ത് ഫോണുമെടുത്ത് പുറത്തേക്കിറങ്ങി.നേരത്തേ ചാർജിലിട്ടായിരുന്നു ഇച്ചേച്ചിയുടെ വീട്ടിലേക്ക് പോയത്. വന്ദനയുടെ മിസ്സ് കോൾ കണ്ട്
തിരിച്ചൊരു മെസേജ് ചെയ്തു.
നേരെ ഹോളിലെ സോഫയിൽ ചുരുണ്ടു..
നേരം ഒത്തിരി വൈകി എങ്കിലും നിദ്രാദേവി കടാക്ഷിക്കുന്നില്ല....
എന്നാലും ആരായിരിക്കും...
എനിക്ക് ചുറ്റും പുതുമഴയുടെ മണം വന്നു നിറയുന്നത് പോലെ...
സ്വപ്നങ്ങൾക്ക് ചിറക് വിരിക്കുന്നുണ്ടോ...
യ്യോ വേണ്ട...
അതൊന്നും എനിക്ക് പറ്റിയ പണിയല്ല...
പതിയേ ചിന്തകളിൽ നിന്നും ഉറക്കത്തിലേക്ക് വഴുതി വീണു......