മഴമിഴി, തുടർക്കഥ 4 ഭാഗങ്ങൾ ഒരുമിച്ച് വായിക്കൂ...

Valappottukal Page




രചന: അഖില അനീഷ്
"എടീ മഴപെണ്ണേ......."

സെമിനാർ ഹാളിൽ നിന്നും ഇറങ്ങി  തിരക്ക് പിടിച്ചിറങ്ങി ഓടുന്നതിനിടേയാണ് പുറകിൽ നിന്നും വന്ദനയുടെ വിളി...

വന്ദന കൂട്ടുകാരിയാണ്. ഞാൻ പയ്യന്നൂർ എഞ്ചിനീയറിംഗ് കോളേജ് സിക്സ്ത്ത് സെംമ് വിദ്യാർത്ഥിനി. കോളേജിൽ നിന്നും കുറച്ചു നേരത്തേ ഇറങ്ങണമെന്ന് കരുതിയതാണ്. സെമിനാർ ലേറ്റായി തുടങ്ങിയത് കാരണം അത് നടന്നില്ല . അവതാരിക ഞാനായത് കൊണ്ട് തന്നെ മുങ്ങാനും പറ്റിയില്ല. സെമിനാർ കഴിയാതെ HOD ബുൾസൈ മാമൻ ലീവും സൈൻ ചെയ്ത് തരില്ല. 

എല്ലാം കഴിഞ്ഞ് പേപ്പറൊക്കെ വാരി എടുത്ത് ഓടുമ്പോഴാണ് പുറകിൽ നിന്നും വന്ദനയുടെ വിളി. 

ഇനി നീ ഓടി ഹോസ്റ്റലിൽ കയറാൻ  നിൽക്കേണ്ട.  ഇപ്പൊ തന്നെ ലേറ്റായി.. നാട്ടിലോട്ടുളള ട്രയിൻ കിട്ടുവോന്ന് തോന്നുന്നില്ല. 
അവൾ വാരി എടുത്ത് കൊണ്ടു വന്ന ലേഗജുമെടുത്ത് പോകാൻ ഇറങ്ങി. 

"ഡീ നിനക്ക് ഇന്ന് തന്നെ പോകണമെന്ന് നിർബന്ധം ഉണ്ടോ.."
കല്യാണം നാളെയല്ലേ...
ട്രെയിൻ കിട്ടിയില്ലേ തിരിച്ചു പോന്നേ..
പുലർച്ചെ പോകാം...
ബസ്സിന് പോയാൽ നീ ലേറ്റ് ആകും...

അവളോട് തലയാട്ടി സമ്മതമറിയിച്ച്  ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു. 
നാളെ ഇച്ചേച്ചിയുടെ കല്ല്യാണമാണ്. അതിനായിട്ടാണ് ഓടി പിടിച്ചു പോകുന്നത് ഒരാഴ്ച മുന്നേ എത്തൂന്ന് പറഞ്ഞതാ ഇച്ചേച്ചിയോട് ..
എവിടെ...
ബുൾസൈ മാമൻ ലീവ് സൈൻ ചെയ്തു തരണ്ടേ..
പോരാത്തതിന് സെമിനാറിന്റെ തിരക്കും...

കിട്ടിയ ഓട്ടോ പിടിച്ച് ഓടി ചാടി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോ കാണുന്നത് പ്ളാറ്റ്ഫോമിൽ നിന്നും തെന്നിനീങ്ങുന്ന ട്രയിൻ ആണ്. പിന്നെ അതേ സ്പീഡിൽ നേരെ ബസ് സ്റ്റാന്റിലേക്ക്. 

ഇന്നു കഴിഞ്ഞു വീട്ടിലെത്തിയിട്ട് പിന്നെ വലിയ കാര്യമൊന്നുമില്ല. കല്യാണത്തിന് കൂടാനായി നാലുവഴിക്കുളള മുഴുവൻ കസിൻസും വീട്ടിൽ എത്തിചേർന്നിട്ടുണ്ട്. അവസാനം ഞാൻ മാത്രമേ എത്താതായുളളൂ. കല്യാണവീട്ടിലെ കാര്യങ്ങൾ ആലോചിച്ചപ്പോ എങ്ങനേയേലും വീട്ടിൽ എത്തിയാൽ മതി എന്ന ചിന്ത മാത്രമേ മനസ്സിൽ വന്നുളളൂ..

ബസ്സ് സ്റ്റാന്റിൽ നിന്നും ആദ്യം  വന്ന F P തന്നെ ഓടികയറി. സീറ്റൊന്നും കിട്ടിയില്ല. തലശ്ശേരിയ്ക്കൊരു ടിക്കറ്റുമെടുത്ത് ലഗേജൊക്കെ അടുത്ത് കണ്ട ചേച്ചീടെ മടിയിൽ ഇറക്കി ബസ്സിന്റെ കമ്പിയിൽ കിടന്ന് ഊഞ്ഞാലാടാൻ തുടങ്ങി. അടുത്തൊരു സ്റ്റോപ്പ് എത്തിയപ്പോ ആ ചേച്ചി ഇറങ്ങിയത് കാരണം സീറ്റ് കിട്ടി. അല്ലേലും അവരിറങ്ങാൻ വേണ്ടി അറിയാത്ത ദൈവങ്ങളേ വരെ വിളിച്ചു മുട്ടിപായി പ്രാർത്ഥിച്ചിരുന്നു.

ഒരു സീറ്റ് തരമായപ്പോഴാണ് അച്ഛനെ വിളിക്കാനായി   ഫോണെടുത്ത് നോക്കിയത്...
എവിടെ ചത്തുകിടക്കുന്നു..
ഇന്നത്തെ ന്റെ തിരക്കുകാരണം അതിന് തീറ്റ കൊടുക്കാനും മറന്നിരുന്നു..

ഇനിയിപ്പോ തലശ്ശേരി ഇറങ്ങി നാട്ടിലേക്കുളള ലൈൻ ബസ്സ് പിടിക്കലേ രക്ഷയുളളൂ..

രാത്രി ഒരു ഏഴരയോടെ  തലശ്ശേരി എത്തി . ഞാനാ നീണ്ടു നിവർന്നു കിടക്കുന്ന ബസ്സ് വെയിറ്റിംഗ് ഷെൽട്ടറിലേക്ക് നോക്കി...
ഒരാശ്വാസത്തിനായി ഒരു പെൺജന്മത്തേയും കാണാനില്ല. പത്താളുടെ കൂടെ കൂടുമ്പോഴുളള താന്തോന്നി തരമൊക്കെ എവിടെയോ ആവിയായി പറക്കാൻ തുടങ്ങി. 
എങ്ങനെയേലും വടകര ബസ്സിൽ കയറി ഇരിക്കാനുളള ത്വരയായിരുന്നു മനസ്സിനുളളിൽ..

ബസ്സ് സ്റ്റാൻഡിൽ നിന്നും കുറച്ചു ദൂരേന്നേ വടകര ബസ്സ് റിവേർസ് ചെയ്ത് വരുന്നത് കണ്ടു അങ്ങോട്ടേക്ക് നടന്നു. 

അപ്പോഴാണ് ഒരു പിൻവിളി...

"Excuse me..  
ഈ വടകര ബസ്സ്  ഇപ്പോഴുണ്ടോ...."

ഞാൻ അയാളെ സൂക്ഷിച്ചൊന്നു നോക്കി..
കണ്ടിട്ട് കുഴപ്പോന്നും കാണുന്നില്ല..
ചോദ്യവും മലയാളത്തിൽ തന്നെ...
എന്നിട്ടാണ് തൊട്ടുമുന്നിൽ വടകര ബസ്സ് കൊണ്ട് വന്നു നിർത്തിയിട്ട് അയാളുടെ ഒടുക്കത്തെ സംശയം....

എവിടെ ഒരു പെണ്ണ് ഒറ്റയ്ക്ക് നിന്നോ അപ്പോ വന്നോണം സംശയോം കൊണ്ട്..

എല്ലാം കൊണ്ടും ആകെ ഭ്രാന്ത് പിടിച്ചു നിൽക്കുന്ന സമയം....

ഒന്നും പറയാൻ നിന്നില്ല...അടുത്ത് കണ്ട പാനൂർ കൂത്തുപറമ്പ് ബസ്സ് ഞാനയാൾക്ക് ചൂണ്ടി കാണിച്ചു കൊടുത്തു...

തിരിച്ച് അയാളെന്ത് പറയൂന്ന് നോക്കി നിന്ന എന്നോട് ഒരു തേങ്ക്സും പറഞ്ഞു ഞാൻ ചൂണ്ടി കാണിച്ചു കൊടുത്ത ബസ്സിൽ അയാൾ ഓടി  കയറി.. 

ശെടാ...ഇതെന്ത് മറിമായം...
ഇയാൾക്ക് തലയ്ക്ക് നല്ല സുഖോല്ല്യേ....
കാണാൻ കുഴപ്പോന്നും ഇല്ലാലോ....

ആ...
എന്തേലും ആകട്ടേന്നും കരുതി ഞാൻ നേരെ ബസ്സിൽ കയറി. മുന്നിൽ തന്നെ ഒരു സാരിയൊക്കെ ഉടുത്ത ഒരു ചേച്ചി ഇരിക്കുന്നത് കണ്ടു. സൈഡ് സീറ്റ് പഥ്യമാണെങ്കിലും സാഹചര്യം നല്ലതല്ലാത്തതിനാൽ അവരുടെ അടുത്ത് തന്നെ പോയിരുന്നു.
പിന്നെ പ്രാർത്ഥന ഞാനിറങ്ങാതെ ആ ചേച്ചി ഇറങ്ങല്ലേ എന്നായിരുന്നു.എന്തൊരു വിരോധാഭാസം അല്ലേ...

മൂന്നാലു സ്റ്റോപ്പ് കഴിഞ്ഞപ്പോ ആ ചേച്ചി ഇറങ്ങി പോയി. ബസ്സിൽ ഞാൻ മാത്രം ആകെ ഒരു തരുണീമണിയായീ..കൈയ്യിലെ ലഗേജ് അടുത്ത സീറ്റിൽ വെച്ചു. ഇനി ആരും അവിടെ വന്നിരിക്കേണ്ട...
മെല്ലെ തലചെരിച്ച് പുറകിലോട്ട് നോക്കി. 
ഏതേലും പരിചിതമുഖം കാണുന്നുണ്ടോന്ന് തപ്പി നോക്കി. 
ഇല്ല..
അല്ലേലും ഒരാവശ്യത്തിന് ആരേയും കാണില്ല...

അപ്പോഴാണ് മുന്നിലേ സീറ്റിൽ നിന്നും ഒരു അൽ കോഴി   ഒരു വല്ലാത്ത നോട്ടം   നോക്കുന്നത് കണ്ടത്. ഇതെന്തൊരു കഷ്ടാണ്...
വല്ല കരിമ്പടവും കിട്ടിയിരുന്നെങ്കിൽ പുതച്ചിരിക്കായിരുന്നു. 
ലഗേജുകളുടെ കൂട്ടത്തിൽ നിന്നും ഒരു ഷാൾ എടുത്തിട്ടു. കാണാൻ അലുവയും മത്തികറിയും പോലെ ഉണ്ടെങ്കിലും സാരോല്ല്യ...
അല്ലേലും ഈ ചെയ്തത് ശുദ്ധമണ്ടത്തരമാണെന്ന് അറിയാഞ്ഞിട്ട് അല്ല...
പീഡിപ്പിക്കുന്നവർക്ക് എന്ത് വേഷം, പ്രായം , നേരം...

അവരൊന്നും നോക്കാതെ ചെയ്യേണ്ടതൊക്കെ ചെയ്ത് നിയമങ്ങളൊക്കെ കാറ്റിൽ പറത്തി നിയമപാലകരെ നോക്കുകുത്തികളാക്കി നിർത്തി ചെയ്യേണ്ടതും ചെയ്തങ്ങട് പോകും...
അവിടെയാണ് എന്റെ ഒരു തുക്കടാ ഷോൾ.ഇട്ട ജീൻസും ടോപ്പും തന്നെ ധാരാളം...

ഇങ്ങനെയുളള അവസരങ്ങളിലാണ് ഒരു പെണ്ണായി പിറന്നതിൽ സങ്കടം തോന്നീട്ടുളളത്...
ചിന്തകൾ കാടുകയറുന്നുണ്ടങ്കിലും 
എങ്ങനെയേലും നാടെത്തിയാൽ മതീന്നുളള ചിന്ത മാത്രമായിരുന്നു മനസ്സിൽ...

ഓരോ സ്റ്റോപ്പ് കഴിയുമ്പോഴും പേടി കൂടി കൂടി വരാൻ തുടങ്ങി. മാഹി എത്തിയാലുളള കാര്യം ഓർക്കാൻ കൂടി വയ്യ...

"ന്റെ സാറേ അവിടുത്തെ കാറ്റിന് വരേ ഒരു പ്രത്യേക മണമാ.. .....
സന്ധ്യയായാൽ  പിന്നെ പറയുകയും വേണ്ട...
ചാകരയാണ്  ചാകര...
പല വർണ്ണങ്ങളിൽ ചില്ലുകുപ്പികളിൽ  നിറച്ചുവെച്ചിരിക്കുന്ന ദ്രാവകം ഒന്നുകൂടെ മോടി കൂട്ടാൻ കടയ്ക്കുമുന്നിൽ പലവർണ്ണങ്ങളിൽ തിളങ്ങുന്ന എൽ ഇ ഡി ബൾബുകൾ കൊണ്ട് അലങ്കരിക്കുക കൂടി ചെയ്താൽ പിന്നെ എന്ത് പറയാനാ.. ..

ക്ലീനർ മാഹി മാഹീന്ന് വിളിച്ചു പറയുമ്പോഴേ 
ബസ്സിലുളള കുറച്ചു ബോധമുളള ആൾക്കാർ ഇറങ്ങി പോകുകയും പകരം ഒരു ബോധവുല്ലാത്ത..
"താനാരാണെന്ന്  തനിക്കറിയില്ലെങ്കിൽ താനെന്നോട് ചോയിക്കെന്നും പറഞ്ഞു കുറേ എണ്ണം കയറി വരികയും ചെയ്തത്..."

ഇടിവെട്ടിയവനേ പാമ്പു കടിച്ചൂന്ന് പറയണപോലെ അതിലൊരുത്തൻ എനിക്ക് നേരെ വരികയും ന്റെ ലേഗജുമെടുത്ത് അടുത്തു തന്നെ    ഇരിക്കാനും നോക്കി.... 

പേടി കാരണം ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു. രണ്ടു തിരിച്ചു പറയാന്ന് കരുതിയാൽ തന്നെ ഇവിടെ ബോധമില്ലാത്തവരോട് എന്ത് പറയാനാ...

സെയ്ഫിറ്റിയ്ക്ക് ഒരു സെയ്ഫിറ്റി പിന്നു പോലുമില്ലാത്ത അവസ്ഥ ഭീകരമാണേ...

അപ്പോഴാണ് നേരത്തേ കേട്ട " Excuse me "
അവിടെ മുഴങ്ങി കേട്ടത്...

നേരത്തേ കണ്ട മഹാൻ  തന്നെ...

അയാൾ മറ്റയാളുടെ കൈയ്യിൽ നിന്നും എന്റെ ബാഗ് വാങ്ങി അടുത്തിരുന്നു...

ഒരു നന്ദി പറയാനായി അയാൾക്കു നേരെ മുഖം തിരിച്ചപ്പോ അയാളുടെ കൂർത്ത നോട്ടം കണ്ട് ഞാൻ എന്നോട് തന്നെ നന്ദി പറഞ്ഞ് കൃതജ്ഞത കാട്ടി...

അയാളോട് ഒന്ന്  മിണ്ടാതെ ഒരു രക്ഷയുമില്ല. അത്യാവശ്യമായി  അച്ഛനെ വിളിക്കണം. ബസ്സ് സ്റ്റോപ്പിൽ കൂട്ടാൻ വന്നില്ലേ പിന്നെയും പണിയാകും...

അയാളുടെ Excuse me ഞാനും തിരിച്ചു പറഞ്ഞു...

എന്താന്നുളള നോട്ടം കണ്ടപ്പോ ഞാൻ മെല്ലെ പറഞ്ഞു..

"if you don't mind...
നിങ്ങളുടെ ഫോണൊന്ന് തരാവോ..."

"No..."
അറുത്ത് മുറിച്ച് അയാളുടെ ഉത്തരവും കിട്ടി...

പിന്നെ ഒരഞ്ചു മിനിട്ട് കഴിഞ്ഞപ്പോ എനിക്ക് നേരെ അയാളുടെ ഫോൺ നീണ്ടു വന്നു...

"only one call...."

ആ എന്നും പറഞ്ഞ് ഒരു ഉളുപ്പുമില്ലാതെ ഞാനതും വാങ്ങി അച്ഛനെ വിളിച്ചു..

കല്ല്യാണ ബഹളത്തിനിടെ അച്ഛൻ കേട്ടില്ലെന്ന് തോന്നുന്നു...
അച്ഛൻ ഫോൺ അറ്റന്റ് ചെയ്തില്ല...

ഒന്നും മിണ്ടാതെ ഫോൺ ഞാനയാൾക്ക് തിരിച്ചു കൊടുത്തു...

"എന്താ ഇയാളുടെ പേര്...."

എന്റെ സംശയത്തോടെയുളള നോട്ടം കണ്ടിട്ടാണെന്ന് തോന്നുന്നു അയാൾ പുഛത്തോടെ പറഞ്ഞു...

മാഡത്തിന്റെ നെയിം അറിയാൻ വേണ്ടിയല്ല..
തിരിച്ചാരേലും വിളിച്ചാൽ തന്റെ പേര് പറയാൻ വേണ്ടിയാണ്...

ഒന്ന് കൂടെ ആലോചിച്ചാണ് ഞാൻ പേര് പറഞ്ഞത്.. 

" നേത്ര "

എന്ത് പാത്രോ.....

ഒന്ന് കൂർപ്പിച്ചു നോക്കി.ഇക്കണക്കിന് ശരിക്കുളള പേര് പറഞ്ഞിരുന്നെങ്കിൽ അയാളിവിടെ മഴപാട്ടു നടത്തിയേനല്ലോ...
പിന്നെ ആ ഭാഗത്തോട്ട് നോക്കിയില്ല...
വീടിനടുത്തുളള സ്റ്റോപ്പ് എത്തിയപ്പോ ബാഗുമെടുത്ത് എഴുന്നേറ്റു...

ബസ്സിൽ നിന്ന് ഇറങ്ങിയപ്പോ കുരിശു പോലെ അയാളും കൂടെ ഇറങ്ങി..
ബസ്സ് സ്റ്റോപ്പിൽ തന്നെ അച്ഛൻ നിൽക്കുന്നത് കണ്ട് ഞാനയാളെ ശ്രദ്ധിക്കാതെ അച്ഛനടുത്തേക്ക് ഓടി...

അച്ഛൻ അടുത്തെത്തിയപ്പോ തന്നെ ചെവി തിരിച്ചു പൊന്നാക്കി..
വരുന്നുണ്ടേ നേരത്തേ വരാൻ നിൽക്കണം..
അല്ലേൽ വിളിച്ചാൽ കിട്ടണം...
ഇതു രണ്ടുമില്ലാതെ നിന്റെ ഈ താന്തോന്നിത്തരമില്ലേ അത് രണ്ടു കിട്ടാഞ്ഞിട്ടാ..

ഛെ....
അച്ഛൻ വഴക്ക് പറഞ്ഞതിലും സങ്കടം ബസ്സിൽ നിന്നും ഇറങ്ങിയ മഹാൻ ഇതുകണ്ട് ചിരിയ്ക്കുന്നത് കണ്ടിട്ടാണ്...

ഓഹ്...നിങ്ങക്കൊന്നും തല്ലൊന്നും കിട്ടാറില്ലേ...
ഇങ്ങനെയുളളത് ഞാനെത്ര കണ്ടതാന്നുളള ഭാവത്തിൽ  കഴുത്തും വെട്ടിച്ച് വേഗം വീട്ടിലേക്ക് ഓടി...

വീട്ടിൽ നിന്നും ഒന്ന് ഫ്രഷായി ജീൻസും ടോപ്പും മാറി നല്ലൊരു ചുരിദാറിനുളളിൽ കയറി കൂടി.  ഇതാണ് നാട്ടിലെ നല്ലപിളള കുട്ടികളുടെ അടക്കോം ഒതുക്കോമുളള ഡ്രസ്സ്...
ഇനി നാട്ടിലെ അമ്മായിമാർക്ക്  ഞാനായി നെക്സ്റ്റ് ന്യൂസ് തപ്പി കൊടുക്കേണ്ട..
ഇതിപ്പോ രാത്രി ലേറ്റായാണ് എത്തിയതെന്നുളള വാർത്ത തന്നെ അവർ ബല്ല്യ ആനക്കാര്യമായി എടുത്തിട്ടുണ്ടാകും...

കല്യാണ വീട് തൊട്ടടുത്താണ്..
ഞാൻ നേരെ ഇച്ചേച്ചിയേ പോലും കാണാൻ നിൽക്കാതെ നേരെ ഫുഡ് കോർണറിലേക്ക്  ഓടി . അവിടെ കണ്ട ഏട്ടനോട് രണ്ടു പ്ലേറ്റ് ബിരിയാണിയും  മേടിച്ച് സ്വസ്തമായി ഇരുന്ന് കഴിക്കാനായി ഒരു മൂലയിൽ പോയിരുന്നു..

ഫുഡ് കഴിച്ചോണ്ടിരുന്നപ്പോഴാണ് ഇച്ചേച്ചിയും ഉണ്ണിയേട്ടനും കൂടെ കുറച്ചു പേരും പന്തലിലോട്ട് വന്നത്. 

ഞാൻ പെട്ടെന്ന് ഫുഡും കഴിച്ച് അവരുടെ നേരെ നടന്നു. ഇച്ചേച്ചിയും ഉണ്ണിയേട്ടനുമൊക്കെ കസിൻസാണ്. രണ്ടു പേരും ബോംബേ നഗരത്തിന്റെ സന്തതികൾ. ഇച്ചേച്ചി കുറച്ചു  കാലം വീട്ടിൽ നിന്നുമായിരുന്നു പഠിത്തം.അതോണ്ട് ചേച്ചിയുമായി നല്ല അടുപ്പമാണ്. 

അവരുടെ കൂടെയുളളത്  മുഴുവൻ ബോംബെയിൽ നിന്നും വന്നിട്ടുളള അവരുടെ ഫ്രണ്ട്സ് ആണ്. അവരൊക്കെ ഇന്നലെയേ നാട്ടിൽ എത്തിയതാണ്.

ഞാൻ വേഗം പുറകിലൂടെ പോയി ഇച്ചേച്ചിയെ കെട്ടിപിടിച്ചു. 

"ഡീ മഴ പെണ്ണേ...
എപ്പോ എത്തി "..

"ഞാനിത്തിരി മുഖം വീർപ്പിച്ചു വെച്ചു..
എല്ലാവരുമുളളപ്പോ എന്നെ അങ്ങനെ വിളിക്കരുതെന്ന് പറഞ്ഞതല്ലേ..."

അവരൊക്കെ നിന്നെ കണ്ടില്ലേലും  അവർക്കൊക്കെ  നിന്നെ അറിയാം..don't think bad...."

friends...
meet miss മഴമിഴി.....

ഇതാണ് ഞങ്ങളുടെ മഴപെണ്ണ്....

ചേച്ചി എല്ലാവർക്കും പരിചയപ്പെടുത്തുന്നതിനിടയിലാണ്  കൂട്ടത്തിലെ ഒരാൾ എന്നെ തന്നെ നോക്കുന്നത് കണ്ടത്...

"ഈശോയേ...
ഇത് അയാളല്ലേ...
അയളെന്തേ ഇവിടേ...."

എല്ലാവരേയും പരിചയപ്പെടുത്തി തരുന്ന കൂട്ടത്തിൽ അയാളെ ചൂണ്ടിയാണ് ഇച്ചേച്ചി പറഞ്ഞത് ശിവ ഇപ്പോ എത്തിയതേ ഉളളൂ...
ബാക്കിയൊക്കെ ഇന്നലെ വന്നു...
നിങ്ങളെ രണ്ടിനേയും  നന്നായി മിസ്സ് ചെയ്തൂട്ടോ...

"പോയി ഫുഡ് കഴിച്ചു വാ..
നമ്മുടെ കലാപരിപാടി ആരംഭിക്കണ്ടേ...."

"ഞാൻ കഴിച്ചു ചേച്ചീ.."

ഉണ്ണിയേട്ടൻ ശിവയേയും കൂട്ടി ഫുഡ് കഴിക്കാനായി പോയി...

എന്റെ അരികിൽ എത്തിയപ്പോഴാണ് ശിവേട്ടൻ ഇച്ചേച്ചിയേ വിണ്ടും വിളിക്കുന്നത്...

"മേഘ്നാ....
ഒരു പാത്രം കിട്ടുവോ.. 

"എന്തിനാടാ ?..."
അല്ല ഒരാളെ പിടിച്ച് പാത്രത്തിൽ ഇടാനായിരുന്നു....
അതും പറഞ്ഞു എനിക്ക് കൂർത്തൊരു നോട്ടോം തന്നു മൂപ്പര് ഫുഡ് കഴിക്കാൻ പോയി...

അയാളെ ഇവിടെ കണ്ടത് മുതലേ എന്റെ കിളികളൊക്കെ  എവിടെയോ പറന്നു  പോയി...

ഞാൻ അടുത്ത് നിൽക്കുന്ന ഇച്ചേച്ചിയേ തോണ്ടി വിളിച്ചു...

"അതേ ഇച്ചേച്ചീ...
അങ്ങേർക്ക് മലയാളം വായിക്കാൻ അറിയില്ലേ..."

ഇല്ലടീ..
മലയാളം വായിക്കാൻ അറിയില്ല..
അമ്മ മലയാളിയാണ് അച്ഛൻ ഹിന്ദിക്കാരനും..
പഠിച്ചതൊക്കെ ബോംബെയാണ്. അമ്മയാണ് അത്യവശ്യം മലയാളം പഠിപ്പിച്ചത്. പിന്നെ ബാക്കി ഞങ്ങളുടെ കൂടെ കൂടിയും...

അല്ല മോളേ നീ എന്തേ ഇപ്പോ ഇത് ചോദിക്കാൻ...

ഞാൻ ചേച്ചിയോട്   നടന്നത് അത്രയും പറഞ്ഞു കൊടുത്തു....

ചേച്ചി നിന്ന് ചിരിക്കുവാണ്.. 

"അതേ ചേച്ചീ വ ട ക ര ഒരു വളളീം പുളളീം പോലുമില്ല..
ഇത് വായിക്കാൻ അറിയില്ലാന്ന് ഞാനെങ്ങനെ ഓർക്കാനാ.. ...."

"അത് സാരോല്ല്യ നീ വന്നേ...
അവന് ആദ്യമായിട്ടാണ് ഒരാളുടെ കൈയ്യിൽ നിന്നും പണി കിട്ടുന്നത്..
എപ്പോഴും അവനാണ് എല്ലാവർക്കും ഇട്ട് പണിയൽ ...
നീ സുക്ഷിച്ചോ ...
നിനക്കിട്ട് അടുത്ത പണി കിട്ടാതിരിക്കാൻ ..."

എന്റെ ഈശോയേ ഞാനിന്ന് ആരെയാണാവോ കണികണ്ടത്...

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top