മഴമിഴി, അവസാനഭാഗം

Valappottukal Page



രചന: അഖില അനീഷ്

ഇച്ചേച്ചീടെ അടുത്ത് പോയി ചേർന്നു നിന്നു. 
ചേച്ചീടെ മുഖത്തും യാത്ര പറയുമ്പോഴുളള ടെൻഷൻ വന്നു നിറയുന്നുണ്ട് . എത്ര പേടിയില്ലാന്ന് പറഞ്ഞാലും വളർന്ന നാടും വീടും ഉപേക്ഷിച്ച് വേറൊരു വീടിന്റെ മകളായി കയറുമ്പോ ഒരിറ്റു പേടി കാണും...

അവരുടെ യാത്ര പറച്ചിൽ കഴിഞ്ഞു. ഇനി ബോംബേക്കാരുടെ  യാത്രയയപ്പ് ആണ്. അവരും കുറച്ചു കഴിഞ്ഞാൽ തിരിച്ചു പോകും..അതുകൂടെ ആലോചിച്ചപ്പോ വല്ലാത്തൊരു സങ്കടം വന്നു നിറഞ്ഞു മനസ്സിനുളളിൽ. 

സനയുടെ കൂടെ ബസ്സിലേക്ക്  പോകുമ്പോഴേ മൗനം വന്നു കൂട്ട് കൂടിയിരുന്നു. ദൂരേന്നേ കണ്ടു ബസ്സിന് അടുത്തായി നിന്ന് സംസാരിക്കുന്ന ശിവേട്ടനേയും ഉണ്ണിയേട്ടനേയും....

ബസ്സിന്റെ സ്റ്റപ്പിനടുത്ത് എത്തിയപ്പോഴേ ഉണ്ണിയേട്ടൻ എന്നെ വിളിച്ചിരുന്നു....

സനയോട് കയറി ഇരുന്നോളാൻ പറഞ്ഞു ഞാൻ  അവർക്ക് അടുത്തേക്ക് നടന്നു......

"എന്നാൽ പറഞ്ഞതു പോലെ അളിയാ.."
എന്നും പറഞ്ഞു ഉണ്ണിയേട്ടന്റെ കൈയ്യിൽ നിന്നും ബൈക്കിന്റെ കീ വാങ്ങിക്കുന്ന ശിവേട്ടനേയാണ് കണ്ടത്...

ഉണ്ണിയേട്ടൻ ഞങ്ങൾക്ക് രണ്ടു പേർക്കും നല്ലൊരു ചിരിയും തന്ന് ബസ്സിൽ കയറി. ബസ്സ് സ്റ്റാർട്ട് ചെയ്യുന്നത് കണ്ട് അതിലേക്ക് കയറാൻ പോയ എന്നെ പോകാൻ സമ്മതിക്കാതെ അവിടെ തന്നെ പിടിച്ചു നിർത്തി ശിവേട്ടൻ..

"അപ്പോ മേഡം എങ്ങനെയാ കാര്യങ്ങൾ....ടൈം  എന്തായി....."
ശിവേട്ടൻ പുരികമുയർത്തി കൊണ്ട് എന്നോട് ചോദിച്ചു.....

"സമയം   മൂന്നര കഴിഞ്ഞു...."

"എങ്കിൽ ഞങ്ങൾക്ക് ഏഴ് മണിക്കാണ്  ഫ്ലൈറ്റ്...
ആറുമണിയുടെ മുന്നേ വീട്ടീന്ന് ഇറങ്ങണം...

  "എന്റെ പൊന്നളിയന്റെ കാല് പിടിച്ചു കിട്ടിയതാട്ടാ ഒരിത്തിരി സമയം....."

"അപ്പോ എവിടേ പോയാൽ  സ്വസ്തമായി ഇരിക്കാൻ കഴിയും....
വേഗം പറ..
ആകെ കിട്ടിയ രണ്ടു മണിക്കൂർ ആണ്...."

മൂപ്പര് അതൂം ചോദിച്ചോണ്ടാണ്  എന്നേയും കൂട്ടി ബൈക്കിന് അടുത്തേക്ക് നടന്നത്...

സ്കേർട്ട് ഇട്ടതിനാൽ വൺസൈഡ് ആയിട്ടാണ് ബൈക്കിന്  പുറകിൽ ഇരുന്നത് .നേരേ സാന്റ് ബേങ്ക്ലേക്കുളള വഴിയാണ് ഞാൻ പറഞ്ഞു കൊടുത്തത്. ബൈക്കിന് പുറകിൽ ഇരിക്കുമ്പോ അധികം ബഹളങ്ങളില്ലാതെ എന്തൊക്കെയോ ചിന്തകളിലായിരുന്നു ഞാൻ..

വെയിലാറി തുടങ്ങിയില്ല. ബീച്ചിനോരം ബൈക്ക് നിർത്തി ഞങ്ങൾ പാർക്കിലോട്ട് കയറി. കുറച്ചു പേരെ മരത്തിനുചോലയിൽ കണ്ടു.അധികവും കപ്പ്ൾസ് തന്നെ. കുറച്ചു കുട്ടികൾ അതിനിടയിലൂടെ ഓടി കളിക്കുന്നുണ്ട്. 

ആ കാഴ്ചകൾക്കിടയിലൂടെ ശിവേട്ടൻ എന്റെ കൈയ്യും കോർത്തു പിടിച്ചു നടന്നു. പറയാൻ രണ്ടു പേർക്കും വാക്കുകളൊന്നും കിട്ടുന്നില്ല..

ഇടയ്ക്കിടെ മുഖത്തോട്ട് നോക്കി ഒരു കുസൃതി ചിരി സമ്മാനിക്കുന്നുണ്ട്...അടുത്ത് കണ്ട പേരറിയാത്തൊരു മരത്തിൻ ചോലയിൽ ബീച്ചിന് അഭിമുഖമായി ഞങ്ങളിരുന്നു.....

തിരമാല പോലെ ആർത്തിരമ്പിയിരുന്ന മനസ്സ് ഒന്ന് ശാന്തമായിട്ടുണ്ട്. കൈകളിലേ പിടി മുറുകുന്നത് കണ്ടപ്പോഴാണ് ശിവേട്ടന്റെ മുഖത്തേക്ക് ഉറ്റുനോക്കിയത്...

ഒരു വർഷം നിന്റെ കോഴ്സ് കഴിയുന്നത് വരെ ഞാൻ കാത്തിരുന്നു കൊളളാം...പിന്നെ ഞാനിങ്ങട് എത്തും .....
അതിന് മുന്നേ അമ്മയേയും അച്ഛനേയും ഇങ്ങട് വിടുന്നുണ്ട്....

ഈ മഴപെണ്ണിനെ എനിക്ക് മാത്രമായി തരുവോന്ന് ചോദിക്കാൻ...

നിനക്കെന്തേടീ ഒന്നും പറയാനില്ലേ...
ഞാൻ പറയണത് മാത്രം കേട്ടോണ്ടിരിക്കുന്നു...

എനിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. എനിക്ക് കിട്ടിയ സുന്ദര നിമിഷങ്ങളേ മനസ്സിൽ പകർത്തിവെയ്ക്കുന്ന തിരക്കിലായിരുന്നു ഞാൻ.....

എന്റെ ഇഷ്ടങ്ങളും ചെയ്തികളുമൊക്കെ മാറി മറിയുന്നത് പോലെ. എപ്പോഴും കലപില കൂട്ടുന്ന ഞാനാണ് മൗനത്തെ  കൂട്ടുപിടിച്ചത്......

ചില സമയങ്ങളിൽ വാക്കുകളേക്കാൾ ഭംഗി മൗനത്തിന് തന്നെയാണെന്ന് തോന്നി. ഞാൻ ശിവേട്ടനോട് ചേർന്ന് ആ ഷോൾഡറിൽ തലചായ്ച്ച് ഇരുന്നു. 

ഞാൻ കാണുന്ന കാഴ്ചകൾക്കൊക്കെ ഭംഗി കൂടിയത് പോലെ. ഓരോ തിര ആഞ്ഞുവന്ന് കരയേ പുൽകുന്നതും നോക്കി ഞാനിരുന്നു..

പോകാം...
ശിവേട്ടനാണ്.. ചേർത്ത് പിടിച്ച കൈകളിൽ ചുണ്ടുകൾ ചേർത്ത് ശിവേട്ടൻ എന്റെ മുഖത്തേക്ക് തന്നെ നോക്കി...

"അല്ലേ നീയും വരുന്നോ കൂടെ...."

നിന്നെ ഇവിടെ വിട്ടിട്ട് പോകാൻ തോന്നുന്നില്ലടീ പെണ്ണേ....."

ഞാനാ കൈകളിൽ ചെറുതായി നുളള് വെച്ച് കൊടുത്തു..
"വാ നടക്കാം..."

ആ തിരകളിൽ കൂടെ നടക്കുമ്പോ എന്നെ നനയിച്ച തിരയേ പോലെ എന്നുളളവും ശിവേട്ടന്റെ പ്രണയത്താൽ നനഞ്ഞിരന്നു.... 

മൗനം വാചാലമായ നിമിഷങ്ങൾ. ആ കുറച്ചു സമയം കൊണ്ട് തന്നെ പരസ്പരം അത്രമേൽ പ്രിയപ്പെട്ടതായി മാറി കഴിഞ്ഞിരുന്നു....

തിരിച്ചു ബൈക്കിന് പുറകിൽ കയറുമ്പോ വരുമ്പൊ ഇരുന്നിരുന്ന നേർത്ത അകലം പോലും ഇല്ലാതായി ഞാനാ പുറത്തേക്ക് ചാഞ്ഞു കിടന്നിരുന്നു. ശിവേട്ടന്റെ മുഖത്ത് വിരിയുന്ന ചെറു ചിരി എന്നിലേക്കും പടർന്നു. 

വീടിനടുത്ത് എന്നെ ഇറക്കി തിരിച്ചു പോകാൻ നിൽക്കുന്ന ശിവേട്ടനെ കണ്ടപ്പോ കുഞ്ഞിമക്കളുടേ മുഖം പോലെ വീർത്തിരുന്നു എന്റേയും....

ബൈക്കിൽ നിന്നും ഇറങ്ങാതെ പോക്കറ്റിൽ കിടന്ന വെൺശംഖ് എടുത്ത് എന്റെ കൈകളിൽ വെച്ചു തന്നു. 

"വെറുതെ അവിടെ കിടന്നു കിട്ടിയതാ.."

"കുട്ടികൾക്ക് കളികോപ്പ് കൊടുത്ത് സങ്കടം മാറ്റുന്നത് പോലെ ഞാനെന്തേ കുഞ്ഞോ..."

"പിന്നെ അല്ലേ...
നേരത്തേ കുട്ടികളേ പോലെ മുഖം വീർപ്പിച്ചു വെച്ചതോ.."

"എപ്പോ....
ഒന്നും അറിയാത്ത പോലെ ഞാൻ കൈമലർത്തി...."

ഇത് പകർച്ചവ്യാധിയാണോ..ശിവേട്ടന്റെ ചുണ്ടുകളിലേ ചിരി എന്നിലേക്കും പടർന്നു..

"ഇനിയും എത്തിയില്ലേ അവരെന്നെ പഞ്ഞിക്കിടും...so പറഞ്ഞ പോലെ...
എത്തിയിട്ട് വിളിക്കാം.."

"അതിന് ന്റെ കൈയ്യിൽ നമ്പറില്ലാലോ......"

എന്റെ കൈയ്യിലുണ്ടല്ലോ..എന്നു പറഞ്ഞു ബൈക്ക് എടുത്ത് തിരിച്ചു പൊകുമ്പോ എന്റെ  മുഖത്തേ ചിരി ബൈക്ക് അകലുന്നതിന് അനുസരിച്ച് നേർന്നു നേർന്നു വന്നു....

വിരഹം പ്രണയത്തിന് മാറ്റ് കൂട്ടുമെന്ന് പറഞ്ഞത് പോലെ ആ  ഒരു വർഷക്കാലം ഞങ്ങളുടേയും പ്രണയത്തിന്റെ മാറ്റ് കൂട്ടി.. ഇടയ്ക്കിടെ ഫോൺ ചെയ്ത് പരസ്പരം ഇണങ്ങിയും പിണങ്ങിയും ഒരു വർഷക്കാലം കടന്നു പോയി....

ഇതിനിടയിൽ സനയും റോഷൻ ചേട്ടനും അഗാധമായ പ്രണയത്തിലേക്ക് മുക്കും തല്ലി വീഉഴുകയും അവരുടെ ഭാഷയിലാണേ....
രണ്ടും കൂടേ ഒന്നും നോക്കാതെ ഒളിച്ചോടി പോകൂന്ന് ഭീഷണിപ്പെടുത്തിയത് കാരണം വീട്ടുകാർ സ്വല്ല ഒഴിഞ്ഞു പോട്ടേ എന്ന് കരുതിയോ നാട്ടുകാരുടേ മുന്നിൽ മാണിക്കോത്തേ പെണ്ണ് ഒളിച്ചോടി പോയീന്ന് പറയണത്  കേൾക്കാൻ വയ്യാഞ്ഞിട്ടോ ഒന്നും നോക്കാതെ കല്ല്യാണത്തിന് സമ്മതം മൂളി അവർ...

സ്വന്തം മോളാണെന്നൊന്നും പറഞ്ഞിട്ട് കാര്യോല്ല്യ....
ഒരവസരം വന്നാൽ അവൾ അതും  അതിന്റെ അപ്പുറോം ചെയ്യൂന്ന്  അവരേക്കാൾ നന്നായി മറ്റാർക്കും അറിയില്ല....

സനയുടെ കല്ല്യാണസമയം എനിക്ക് സവൻത്ത് സെം  എക്സാമായതിനാൽ പോകാനും കഴിഞ്ഞിരുന്നില്ല. കല്യാണത്തിന് വീണ്ടും ശിവേട്ടനെ കാണാൻ ആശിച്ചിരുന്നങ്കിലും പരൂക്ഷ കാരണം അതും വെളളത്തിലായി....

ഇതിനിടയിൽ ശിവേട്ടന്റെ അച്ഛനും അമ്മയും വന്നു എന്റെ സ്വന്തം അച്ഛായിയേ കണ്ട് മോളേ മോന് കെട്ടിച്ചു കൊടുക്കുവോന്ന് ചോയിച്ചു. ഞാൻ ആദ്യമേ ചെറിയൊരു സൂചന കൊടുത്തതിനാലും  ഉണ്ണിയേട്ടനും ഇച്ചേച്ചിയും കട്ട സപ്പോർട്ടുമായി കൂടെ കൂടിയത് കൊണ്ടും എതിർപ്പൊന്നും പറയാതെ അച്ഛനും സമ്മതിച്ചു.....

അങ്ങനെ യാതോരുവിധ തടസ്സങ്ങളുമില്ലാതെ ഞങ്ങളുടെ പ്രണയവല്ലരികൾ മൊട്ടിടുകയും പൂവിടുകയുമൊക്കെ ചെയ്തു....

ഇനിയും പ്ലേസ്മെന്റും കാര്യവുമായി നടന്ന് ജോബ് ഏതേലും ദിക്കിൽ കിട്ടിയാലോന്ന് പേടിച്ച് ജോബ്ഫെയറേ ഒഴിവാക്കി കളഞ്ഞു..
കല്ല്യാണം കഴിക്കാനായി അല്ലേ ഒന്ന് കാണാനായി മുട്ടി നിൽക്കുന്ന യുവ മിഥുനങ്ങളായതിനാൽ അധികം റിസ്ക്കെടുക്കാൻ വയ്യ...

മനസ്സിൽ ചേട്ടായീ ആരുടേയേലും  കാലുപിടിച്ച്  ബോംബേ നഗരത്തിന്റെ ഏതേലും കോണിൽ ഒരു ജോലി തപ്പി പിടിച്ചു തരുമായിരിക്കും എന്നാണ്.....

അങ്ങനെ ഞാനിവിടെ പരൂക്ഷ ചൂടിൽ വെന്ത് നിൽക്കുന്ന സമയം രണ്ടു വീട്ടുകാരും കൂടെ ചിങ്ങം ഒന്നിന് കല്യാണം നടത്താൻ തീരുമാനിച്ചു..

പുതുവർഷ പിറവിയുടേ അന്നു തന്നെ  പുതു ജീവിതോം തുടങ്ങട്ടേ...

പരീക്ഷയും ഫേയരവെല്ലൊക്കെയായി ഭയങ്കര തിരക്കായിരുന്നു കോളേജിലേ അവസാന നാളുകൾ..ഒരു വീതം മൂന്ന് നേരം എന്ന പോലെ ഇടയ്ക്കിടെ ഫോൺ ചെയ്തോണ്ടിരുന്ന ശിവേട്ടന് ഒരു മിസ്സ് കോൾ പോലും ചെയ്യാൻ നേരോല്യ.... 

അതു പിന്നെ നമ്മുടെ സ്വന്തം പ്രോപ്പർട്ടിയാണല്ലോ....
അതോണ്ട് നമ്മെ മനസ്സിലാക്കി കൊളളും എന്ന് കരുതി...

കരുതലുകളൊക്കെ തെറ്റായീ പോയീന്ന് മനസ്സിലാക്കിയത് എന്റെ എല്ലാ തിരക്കും കഴിഞ്ഞു ശിവേട്ടനടുത്ത് മിണ്ടാൻ പോയപ്പോഴാണ്.....

ഞാനൊന്ന് ഫോൺ ചെയ്തിട്ട് പോലും അറ്റന്റ് ചെയ്യുന്നില്ല. കുറേ വട്ടം വിളിച്ചോണ്ടിരുന്നപ്പോ മാത്രം ഒരു വട്ടം ഫോണെടുത്ത് എന്തേ എന്ന് മാത്രം ചോദിച്ചു...

ആ ഒരു "എന്തേ" യിൽ ഇത്രയും നാളത്തെ പരിഭവവും ദേഷ്യവും മൊത്തം നിറഞ്ഞു നിന്നതിനാൽ എനിക്ക്  " ഒന്നൂല്ല്യ " എന്നും പറഞ്ഞു ഫോൺ കട്ട് ചെയ്യാനേ സാധിച്ചുളളൂ...
കോളേജിൽ അവസാനനാളുകളിൽ ഫ്രണ്ട്സിനേയൊക്കെ പിരിയണ സങ്കടത്തിൽ അവരുടെ ഒപ്പം കൂടി ശിവേട്ടനേ ഞാൻ വിളിച്ചിരുന്നില്ലാ എന്നത് സത്യം തന്നെ.......

പക്ഷെ ഞാൻ കൊടുത്ത ആ അവഗണന മൂപ്പരേ എത്രത്തോളം പൊളളിച്ചൂന്ന് മനസ്സിലാക്കിയത് ആഗ്രഹിച്ചിട്ടും ശിവേട്ടനേ എനിക്ക് വിളിച്ചിട്ട് കിട്ടാതിരുന്നപ്പോളാണ്.....

പിന്നീടുളള കല്യാണതിരക്കിനിടയിലും ശിവേട്ടന്റെ പിണക്കം മാറ്റാൻ കഴിഞ്ഞിരുന്നില്ല. 
എത്ര വലിയ പിണക്കമാണേലും രാത്രി ഉറങ്ങാൻ കിടക്കണതിന് മുന്നേ ഒന്ന് വിളിക്കുകയും മൗനപ്രാർത്ഥന എങ്ങാനും പോലെ പരസ്പരം ഒന്നും മിണ്ടാതെ ഒരിത്തിരി ശ്വാസ നിശ്വാസങ്ങൾക്കിടയിൽ ഫോൺ കട്ട് ചെയ്ത് പോകുകയും ചെയ്യും മൂപ്പർ....

അതിനായി ഒരു ചെറുചിരിയോടെ കാത്തിരിക്കും ഞാൻ...

കല്യാണം വീട്ടിൽ വെച്ചു തന്നെ ആയിരുന്നു. ശിവേട്ടനും ഫാമിലിയും ബോംബെയിൽ സെറ്റിൽഡ് ആയത് കൊണ്ട് കല്യാണം കഴിഞ്ഞു വൈകുന്നേരം തിരിച്ചു ബോംബേയ്ക്ക് തന്നെ പോകും...

ശിവേട്ടനും ഫാമിലിയുമൊക്കെ തലേന്നെ സ്റ്റേ ചെയ്യാൻ ഹോട്ടലൊക്കെ ബുക്ക് ചെയ്തു വെച്ചിരുന്നു.അവിടുന്നാണ് രാവിലെ വീട്ടിലേക്ക് എത്തുക...

ഉണ്ണിയേട്ടനും ഇച്ചേച്ചിയുമൊക്കെ ഓടി നടന്നു കാര്യങ്ങൾ ചെയ്യുന്നുണ്ട്.കുട്ടി പട്ടാളം തകർക്കുന്നുണ്ട്...

തലേ ദിവസത്തെ തിരക്കൊക്കെ ഒഴിഞ്ഞ് എല്ലാവരും തളർന്ന് ഉറങ്ങുവാണ്. എനിക്ക് മാത്രം ഉറക്കൊന്നും വരുന്നില്ല. എഴുന്നേറ്റ് അച്ഛനരികേ ചെന്നു നോക്കി. അച്ഛനും ഉറക്കം വരാതെ ഹാളിൽ സോഫാസെറ്റിൽ എന്തൊക്കെയോ ആലോചിച്ച് ഇരിക്കുന്നത് കണ്ടു.....

ഞാൻ വേഗം അച്ഛനരികേ പോയിരുന്നു...

"മോള് ഉറങ്ങിയില്ലേ...."

"ഇല്ല..
ഉറക്കം വരണില്ല...."

വാ..ഞാനച്ഛന്റെ കുഞ്ഞിപ്പെണ്ണായി മാറുകയായിരുന്നു.....

ആ മടിയിൽ തലചായ്ച്ച് കിടത്തി നെറ്റിയിലും മുടികൾക്കിടയിലും ആ പരുപരുത്ത കൈകൾ കൊണ്ട് തലോടി തന്നു.....

ഒന്നും പറയാതെ തന്നെ അറിയാം. രണ്ടു പേരുടേ മനസ്സിലും അമ്മ നിറഞ്ഞു നിൽക്കുവാന്ന്....

പരസ്പരം പറഞ്ഞു വീണ്ടും വേദനിപ്പിക്കാൻ നിന്നില്ല....

പതുക്കെ എപ്പോഴോ ഞാനാ മടിയിൽ കിടന്ന് ഉറങ്ങിപോയി.....

അങ്ങനെ ഇന്നാണാ കാത്തിരുന്ന ദിനം. രാവിലെ അമ്പലത്തിൽ പോയി ശിവഭഗവാന്റെ മുന്നിൽ പോയി നിന്ന് എന്റെ ശിവനേ എനിക്കു തന്നെ തന്നതിന് ഒരുപാട് നന്ദി പറഞ്ഞു.... തിരിച്ചുവരുമ്പോ ചെറുതായി മഴ പൊടിയുന്നുണ്ട്.....

ചിങ്ങത്തിലേ മഴ ചിണുങ്ങി ചിണുങ്ങി എന്ന് പറയണത് പോലെ മൂപ്പത്തിക്ക് ഉറക്കെ പെയ്യാനും വയ്യ എന്നാലൊട്ട് ചിണുങ്ങാതേയും വയ്യ എന്നവസ്ഥയാണ്........

എനിക്കീ ലോകത്ത് ഏറ്റവും ഇഷ്ടം മഴയായിരുന്നു. ....

ആകാശോം ഭൂമിയും തമ്മിൽ ആകെയുളള കൂടിച്ചേരൽ .......
ചെറുപ്പത്തിൽ അമ്മയേ കാണണമെന്ന് പറയുമ്പോ ആകാശംചൂണ്ടി തന്നിരുന്ന കാലം.അമ്മയുടേ കരച്ചിലാണോ മഴ എന്നുവരേ  ഞാൻ ചിന്തിച്ചു കൂട്ടീട്ടുണ്ട്.....

നല്ല മഴയുളളപ്പോ   മഴയത്തങ്ങനേ ഇറങ്ങി നിൽക്കും അമ്മയുടേ അടുത്തൂന്ന് വരുന്നതൊക്കെയും എനിക്ക് അത്രയും  പ്രിയപ്പെട്ടതാണ്....

അമ്മയുടെ കൂടെ ചേർന്ന് കരയും...ഓരോ മഴത്തുളളിയും എന്നോട് ചേർന്നു കരയും...
എന്റെ കണ്ണീരൊപ്പും.....
ഓരോ മഴ നനഞ്ഞു കുതിരുമ്പോഴും ഓരോ നിർവൃതിയായി മാറും.....

കുഞ്ഞി ചാറ്റൽ മഴ കണ്ടപ്പോ എന്റെ കണ്ണുകളും ചെറുതായി ചാറ്റാൻ തുടങ്ങി ഇരുന്നു...

ചെറിയമ്മയ്ക്ക് എന്നെ അറിയാം....

അമ്മയുടെ സന്തോഷ കണ്ണീരാ മോളേ ഇത്...
ഇതിനിങ്ങനേ സങ്കടപ്പെടാതേ....

പെട്ടെന്ന് വന്നേ...അച്ഛനവിടെ വഴക്ക് പറയുന്നുണ്ടാവും.....

ചെറുപ്പത്തിൽ എന്റെ വാശിപ്പുറത്ത് തന്നെയാണ് അച്ഛൻ ചെറിയമ്മയേ കൂടെ കൂട്ടിയത്....

അന്ന് തൊട്ട് ഇന്നേവരേ അമ്മയുടേ സ്നേഹം മുഴുവനായി പകർന്നു തന്നിട്ടുണ്ട്. അവർക്കിടയിൽ രണ്ടാമതൊരു കുട്ടി പോലും വരാതെ എന്നെ ചേർത്തു പിടിച്ചിട്ടുണ്ട്....

അമ്മയോളം അല്ലേലും അതുപോലെ തന്നെ നിറയേ ഇഷ്ടമാണ്. അച്ഛന്റെ കൂടെ ചെറിയമ്മ ഉളളതോണ്ടാണ് ധൈര്യമായി ശിവേട്ടന്റെ കൂടെ പോകാൻ പോലും കഴിയുന്നത്  ....

കല്യാണപെണ്ണിന്റെ വേഷപകർച്ച പിന്നീട് പെട്ടെന്ന് ആയിരുന്നു. നല്ല പട്ട് കാഞ്ചീപുരം സാരിയും നിറയേ ആഭരണങ്ങളും മുല്ലപ്പൂവുമൊക്കെ ചൂടി അണിഞ്ഞു നിൽക്കുമ്പോ പേരറിയാത്തൊരു പരവേശം വന്നു പൊതിയുന്നു.......

മുതിർന്നവരുടേയൊക്കെ അനുഗ്രഹം മേടിച്ച് ചെറിയമ്മ തെളിയിച്ചു പിടിച്ച  വിളക്കിന് പുറകേ താലവുമായി മണ്ഡപത്തിൽ കയറുമ്പോ ചുറ്റുമുളളവരൊക്കെ എന്തൊക്കെയോ അടക്കം പറയുന്നുണ്ടായിരുന്നു......

ശിവേട്ടൻ അടുത്ത് വന്നു നിൽക്കുമ്പോ മനസ്സിലുണ്ടായിരുന്ന കുഞ്ഞു പിണക്കോക്കെ കാറ്റിൽ എവിടെയോ പറന്നു പോയി.......

മുടിയൊക്കെ നന്നായി ട്രിം ചെയ്ത് അന്നു കണ്ട ചുളളൻ ചെക്കനീന്നൊക്കെ മാറി ഒരിത്തിരി ഗൗരവമുളള ഒരു വലിയ ചെറുക്കനായി മാറിയത് പോലെ...

നെറ്റിയിൽ ചന്ദനത്തിന്റെ തണുപ്പ് വീണപ്പോഴാണ് ഞാൻ അങ്ങേരെ തന്നെ നോക്കി നിൽക്കുവാന്നുളള ബോധം വന്നത്..
ആ കണ്ണുകളിലേ കുസൃതി ചിരിയ്ക്ക് മാത്രം ഒരു മാറ്റവുമില്ല. കുറച്ചൊരു ജാള്യതയോടെ ഞാൻ മുഖം തിരിച്ചു കളഞ്ഞു......

കൈരണ്ടും കൂപ്പി നിന്ന് ശിവേട്ടന്റെ താലി കഴുത്തിൽ വീഴുമ്പോ ഈരേഴു ജന്മവും ശിവേട്ടന്റെ മാത്രമായി ശിവപാർവ്വതിമാരേ പോലെ ജീവിക്കാൻ  കഴിയണേന്ന് മനസ്സുരുകുകയായിരുന്നു...  

ചടങ്ങുകളൊക്കെ കഴിഞ്ഞ് ഫോട്ടോ സെഷൻ ആരംഭിച്ചപ്പോഴാണ് ഞാൻ സനയേ കാണുന്നത്..

ഒരിത്തിരി വയറൊക്കെ ഉയർന്നു വന്നിട്ടുണ്ട് . പുറകേ അവളുടെ ബാഗും താങ്ങി പിടിച്ച് റോഷൻ ചേട്ടനുമുണ്ട്. 

അവൾ ഒന്നും ഓർക്കാതെ പെട്ടെന്ന് നടന്ന് എന്റടുത്തേക്ക് വരണത് കണ്ട് റോഷൻ ചേട്ടൻ ഡീ പതുക്കെ എന്ന് വിളിച്ചു പറയുന്നുണ്ട്......

അവളുടെ വയറ്റിലാണ് വാവയെങ്കിലും അതിന്റെ യാതൊരുവിധ ടെൻഷനോ ക്ഷീണമോ അവളുടെ മുഖത്തില്ല. മുഴുവൻ റോഷൻ ചേട്ടന്റെ മുഖത്ത് എഴുതി വെച്ചിട്ടുണ്ട്..

ഇച്ചേച്ചീടെ കല്ല്യാണത്തോടെ ഒന്നൊത്താൽ മൂന്നൊക്കും എന്ന് പറഞ്ഞത് പോലെ ഞങ്ങൾ രണ്ടും കൂടെ ഒത്ത് ശ്രമിച്ചത് കൊണ്ട് ആ പഴഞ്ചൊല്ലും വെറുതേ ആയില്ല.....

റോഷൻ ചേട്ടന്റെ ദയനീയമായ നിൽപ്പ് കണ്ട് ദയ തോന്നീട്ടാണ് മൂപ്പരുടെ കൈയ്യിലേ ബേഗ് വാങ്ങി ഏട്ടൻ അവരുടെയൊക്കെ കൂടെ പോയിക്കോന്ന് പറഞ്ഞത്....

"ഇങ്ങനെ ഒന്നും അല്ലായിരുന്നെടീ....
ഞങ്ങൾ പരസ്പര ധാരണയോടെ വായിനോട്ടം ഒരു കലയായി വീണ്ടും കൊണ്ട് നടന്നതാ...
ഇതിപ്പോ ഇവളുടെ കണ്ടീഷൻ മാറിയത് കാരണം അവളെന്റേയും പെർമിഷൻ തൽക്കാലം ഡിസ്കണക്ട് ചെയ്തു..."

റോഷൻ ചേട്ടന്റെ പറച്ചില് കേട്ട് ഞാനാണ് ഞെട്ടിയത്. ചക്കിക്കൊത്ത ചങ്കരൻ തന്നെ 
രണ്ടിന്റേയും സ്വഭാവത്തിൽ ഒരു മാറ്റവുമില്ല....

സമയം ഓടിക്കോണ്ടിരിക്കുവാണ് അതിനനുസരിച്ച്  വീട് വിട്ടു പോകുന്നതിന്റെ ടെൻഷനും വന്നു നിറയുന്നു..

ശിവേട്ടന്റെ കൂടെ ഇരുന്ന് സദ്യയൊക്കെ കഴിക്കുമ്പോഴും ടെൻഷൻ കാരണം  കഴിക്കാൻ കഴിഞ്ഞില്ല. മൂപ്പരാണേ നന്നായി ആസ്വാദിച്ച് കഴിക്കുന്നത് കണ്ടു.....

പെട്ടെന്ന് കഴിച്ചെന്ന് വരുത്തി അവരുടെ കൂടെ പുറത്തേക്ക് ഇറങ്ങി....

കുഞ്ഞു ചാറ്റൽ മഴയിൽ തുടങ്ങി നല്ല ശക്തമായ മഴയായിരുന്നു പുറത്ത്..
മഴ നോക്കി നോക്കി  ഞാൻ മഴയ്ക്ക് അരികിലേക്ക് നടന്നു...
ഓരോ മഴത്തുളളിയും എന്നെ അനുഗ്രഹിക്കാൻ വേണ്ടി വന്നത് പോല....
അടുത്ത് നിൽക്കുന്നവരെ പറ്റിയൊന്നും ഓർക്കാതേ ആ മഴയിലേക്ക് കൈയ്യും നീട്ടി ഞാനെന്റെ അമ്മയേ കാണാൻ എന്നത് പോലെ മിഴി പൂട്ടി നിന്നു. എനിക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു അമ്മയുടെ സന്തോഷകണ്ണീർ...

എന്റെ കണ്ണിൽ നിന്നും അറിയാതേ പെയ്ത്ത് തുടങ്ങിയപ്പോഴാണ് ശിവേട്ടൻ എന്നേ ചേർത്തുപിടിച്ചത്....

എനിക്കീ മഴ നനയാൻ തോന്നുന്നു...
അമ്മ നമ്മളേ കാണാൻ വന്നതാ...
എന്നും പറഞ്ഞു ആ  മഴ നനയാനായി ഞാൻ ശിവേട്ടനേയും കൂടെ കൂട്ടാൻ നോക്കി....

പക്ഷെ അപ്പോഴേക്കും ഉണ്ണിയേട്ടനും ഇച്ചേച്ചിയുമൊക്കെ അടുത്തേക്ക്  വന്നു...

"നിങ്ങൾക്ക് പോവണ്ടേ .."
പെട്ടെന്ന് പോയി ഡ്രസ്സ് ഒക്കെ മാറി വാ മിഴീ...
കാത്തുനിൽക്കുന്നവരേ മുഷിപ്പിക്കാതേ.."

ഒന്നും പറയാൻ നിൽക്കാതേ ഇച്ചേച്ചീടെ കൂടെ പോയി  ഡ്രസ്സ് മാറി വന്നു...
അപ്പോഴേക്കും എല്ലാവരും പോകാനായി ഇറങ്ങി ഇരുന്നു....

പെട്ടെന്ന് ദൂരേയ്ക്കുളള ഒരു പറിച്ചുനടൽ അതിന്റേതായ വാട്ടം വന്നിരുന്നു എന്റെ മുഖത്തും....

ശിവേട്ടൻ എന്നേയും കൂട്ടി അച്ഛന്റേയും അമ്മയുടേയുമടുത്തേക്കാണ് പോയത്...
എല്ലാവരും കയറിയിട്ടും അവർ വണ്ടിയിലോട്ട് കയറി ഇരുന്നില്ല...

എന്നേ ഒന്ന് ചേർത്തു നിർത്തി  അമ്മ നെറുകയിൽ ഒരു മുത്തം തന്നു. 

"നാളെ തന്നെ രണ്ടും അങ്ങട് എത്തിക്കോളണം.."
ശിവേട്ടൻ ചെറുചിരിയോടെ രണ്ടുപേരോടും തലയാട്ടിസമ്മതം അറിയിക്കുന്നുണ്ടായിരുന്നു ...

കാറുകൾ അകന്ന് പോകുന്നത് ഒരാശ്വാസത്തോടെ നോക്കി നിന്നു ഞാൻ...

ഈയൊരു തീരുമാനം എനിക്ക് അത്രയും ആശ്വാസം നൽകിയിരുന്നു....

ദൂരേയ്ക്ക് പായിച്ച കണ്ണുകൾ ശിവേട്ടനിലേക്കോടുമ്പോൾ അവിടെ ആ കുസൃതി ചിരി മിന്നി മറയുന്നുണ്ട്..
ശരിക്കും കെട്ടിപിടിച്ച് ഒരു ഉമ്മ കൊടുക്കാൻ തോന്നുന്നു......

എന്റെ നോട്ടം കണ്ടിട്ടാണെന്ന് തോന്നുന്നു...
അടുത്ത് ചേർന്ന് നിന്നിട്ട് പറഞ്ഞു...

"ഒന്ന് കെട്ടിപിടിച്ച് ഒരുമ്മ തരാനൊക്കെ തോന്നുന്നുണ്ടേ തന്നോടീ.....
I'm ready...always welcome my dear..🥰

അച്ചോടാ ചെക്കന്റേയൊരു പൂതി...
തന്നേച്ചാലും മതി...
രണ്ടാഴ്ച എന്നോട് മിണ്ടാതിരുന്നതിന് ഞാനെന്ത് തിരികേ തരൂന്നാ ഓർക്കുന്നത്....

"അല്ല ഇത്രയും സമയം പൂച്ചകുട്ടിയേ പോലിരുന്നിട്ട്  ഒരു ദയ തോന്നിയപ്പോ തനി സ്വഭാവം കയ്യിലെടുക്കുന്നോ......"

രണ്ടാമതൊരു അടി വീഴുന്നതിന് മുന്നേ ഉണ്ണിയേട്ടനും ഇച്ചേച്ചിയും സനയുമൊക്കെ അടുത്ത് എത്തിയിരുന്നു....

സന ഇനി കുറച്ചു ദിവസം നാട്ടിൽ നിന്നേ തിരിച്ചു പോകൂ.റോഷൻ ചേട്ടൻ തിരിച്ചു പോയിരുന്നു. അതിന്റെ ഒരു സങ്കടം പെണ്ണിന്റെ മുഖത്ത് കാണാനുണ്ട്....

പിന്നെ അവരുടെയൊക്കെ കൂടെ  സമയം പോയതറിഞ്ഞില്ല. അളിയനും അളിയനും കൂടെ റൂമിൽ പോയിരുന്നു. 

രാത്രി ഏറെ വൈകിയാണ് ഇച്ചേച്ചി തന്ന പാൽ ഗ്ലാസുമായി ഞാൻ റൂമിലോട്ട് പോയത്. അകത്തെവിടേയും കാണാത്തതിനാൽ പുറത്തേക്ക് ഇറങ്ങി. ബാൽക്കണിയിൽ ചാരി നിൽപ്പുണ്ട് ശിവേട്ടൻ...

ഇനി അടുത്തത് ഒരു യുദ്ധമാണ് നടക്കുന്നതെങ്കിൽ ഫേസ്റ്റ് നൈറ്റ് എല്ലാംകൂടെ ലാസ്റ്റ് നൈറ്റ് ആക്കേണ്ടിവരും...

അതോണ്ട് ഒന്ന് സൈലന്റ് വാലി ആയേ പറ്റൂ....

പുറത്തേക്ക് നോക്കി നിൽക്കുന്ന ശിവേട്ടന് അരികെ പോയി നിന്നു .പുറത്ത് ഇപ്പോഴും മഴ പൊടിയുന്നുണ്ട്....

"നീ ഇത് കണ്ടോ.....
ഈ പെയ്തിറങ്ങി വരുന്ന ഓരോ മഴതുളളിയ്ക്കും പ്രണയമാണ്......
തന്റെ വരവും കാത്തുനിൽക്കുന്ന 
മണ്ണിനേ പുൽകാനായി...
ദൂരങ്ങൾ താണ്ടി മരച്ചില്ലകൾക്കിടയിലൂടെ...
കാറ്റിന്റെ ഓളങ്ങൾക്കനുസരിച്ച്....
മണ്ണിലേക്കിറങ്ങുന്ന മഴ...

അവരുടേ പ്രണയം കാണാൻ കഴിയാതേ..
നാണത്താൽ കൂമ്പിയടയുന്ന...
വിണ്ണും പൂക്കളും ഇലകളും....

ഇതാണ് പ്രണയം ...
മണ്ണിന്റെ മണമുളള പ്രണയം....

ഇവിടേ ഞാൻ മണ്ണും നീ മഴയുമാണ്...
എനിക്ക് മാത്രം നനയാനായി...
എന്റേതു മാത്രമായ 
മഴപെണ്ണ്........

"ഈശോയേ...ഇതെന്തൊക്കെയാ....
ചെറുക്കന് റൊമാന്റിഫിക്കേഷൻ എങ്ങാനും വന്നാ....."

എന്റെ കണ്ണുമിഴിച്ചുളള നോട്ടം കണ്ട് ശിവേട്ടന്റെ ഒരു ഞെട്ടിക്കലാണ് എന്നേ ബോധമണ്ഡലത്തിലോട്ട്  തിരിച്ചു കൊണ്ടുവന്നത്.....

"അല്ലേതന്നേ നിങ്ങളുടെ ഭ്രാന്ത് കണ്ടിട്ട് മനുഷ്യനിവിടെ ഞെട്ടി പണ്ടാരമടങ്ങി നിൽക്കുവാ...
ഇനി കൂക്കിയിട്ട്  ബാക്കിയുളളവരേ കൂടെ ഉണർത്തുവോ...."

ഇതെന്ത് സാധനം എന്ന മട്ടിൽ നോക്കുന്നുണ്ട് എന്നേ...
കൂടുതൽ നോക്കല്ലേ ഏട്ടാ...എന്നെ കൊണ്ട് താങ്ങില്ല......
പിറകോട്ട് ഓടാൻ ശ്രമിക്കുന്നതിന് മുന്നേ ഏട്ടന്റെ കൈപ്പിടിയിൽ ഒതുക്കിയിരുന്നു എന്നേ....

മുഖത്തോട് അടുക്കുന്ന ശ്വാസനിശ്വാസങ്ങൾക്ക് അനുസരിച്ച് എന്റെ നെഞ്ചിടിപ്പിന്റേ താളവും ഏറി വന്നു....

ആ കൈകളിൽ കോരിയെടുത്ത് അകത്തേക്ക് പോകുമ്പോ എന്റെ മനസ്സും മഴപെണ്ണിന്റേതായി മാറിയിരുന്നു......
മണ്ണിലലിയാൻ കൊതിക്കുന്ന പുതു മഴപെണ്ണിനേ പോലെ.....          അവസാനിച്ചു.... 

അവരങ്ങനെ ഒന്നുചേരട്ടേ...മണ്ണിനേ സ്നേഹിക്കുന്ന മഴയേ പോലെ അവരും പരസ്പരം സ്നേഹിച്ച് ജീവിക്കട്ടേ അല്ലേ...
ഒരു കുഞ്ഞു പ്രണയകഥയായിരുന്നു. ഇഷ്ടമായാലും ഇല്ലെങ്കിലും ഒരു വരി കുറിക്കാവോ..ഇനിയും വല്ലതും കുത്തിക്കുറിക്കാൻ അതൊരു പ്രചോദനമാണ്...... ലൈക്ക് ഷെയർ ചെയ്യണേ
ഒത്തിരി സ്നേഹം നന്ദി എല്ലാവരോടും ❣
കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top