രചന: മരീലിൻ തോമസ്
ഇൻഫർടിലിട്ടി ക്ലിനിക്കിൽ തങ്ങളുടെ ഊഴം കാത്ത് ഇരിക്കുകയായിരുന്നു സൂരജും നിഷയും.. നിഷയുടെ വലത് കൈ തന്റെ കൈകൾക്കുള്ളിൽ പൊതിഞ്ഞ് പിടിച്ചിരുന്നു സൂരജ്... 'എന്നും എപ്പോഴും' നിന്റെ കൂടെ ഞാൻ ഉണ്ട് എന്ന്, പറയാതെ പറയുന്നത് പോലെ..
പക്ഷേ നിഷയുടെ മുഖത്ത് ഒരുതരം നിർവികാരത തളം കെട്ടി നിന്നിരുന്നു..
കുറച്ചെറെ നാളുകളായി ഉള്ള ചികിത്സയും ആശുപത്രി കയറി ഇറക്കവും അവളെ മാനസികമായും ശാരീരികമായും ഒരുപാട് തളർത്തിയിരുന്നു.. ഓരോ മാസവും പ്രതീക്ഷയോടെ ഉള്ള കാത്തിരിപ്പ്.. അവസാനം പ്രതീക്ഷകൾ എല്ലാം അസ്ഥാനത്താക്കി തന്റെ വരവ് അറിയിക്കുന്ന ചുവപ്പ് അടയാളം... ഇന്നിപ്പോൾ കുറച്ച് ദിവസങ്ങൾ ആയി തങ്ങൾക്ക് ഉണ്ടായിരുന്ന പ്രതീക്ഷയും സ്വപ്നവും ആണ് ചിന്നി ചിതറിയത്.. ഫോൾസ് പോസിറ്റീവ് ആയിരുന്നു പോലും.. ഇങ്ങനെ ഒരു സാധ്യത ഉണ്ടെന്ന് അറിയാമായിരുന്നു എങ്കിലും പെട്ടെന്ന് റിസൾട്ട് കണ്ടപ്പോൾ ഒരു ഷോക്ക്..
കുറച്ചു നേരത്തേക്ക് എങ്കിലും നിഷയെ അവളുടെ ലോകത്തേക്ക് വിട്ട് സൂരജിന്റെ ഓർമ്മകൾ കുറച്ചു പുറകോട്ടു പോയി..
ഒരു ചുമന്ന ചുരിദാർ ഇട്ട് കൂട്ടുകാരികളും ആയി കലപില സംസാരിച്ചു കൊണ്ട് തന്റെ മുൻപിൽ കൂടെ കടന്ന് പോയ ഒരു 18 വയസുകാരി അവന്റെ കൺമുന്നിൽ തെളിഞ്ഞു.. ഉണ്ടക്കണ്ണോ,മുട്ടോളം നീണ്ട തലമുടിയോ, തൂവെള്ള നിറമോ ഒന്നുമില്ലാത്ത ഒരു സാധാരണ പെൺകുട്ടി.. പക്ഷേ എന്തോ ഒന്ന്, തന്നെ അവളിലേക്ക് ആകർഷിച്ചു.. അവള് തന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത് താൻ പോലും അറിയാതെ കൂട് കൂട്ടി..
തന്റെ ജൂനിയർ ആയിരുന്നെങ്കിലും ആർട്സ് ക്ലബ്ബിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് അവളെ ഇടക്ക് കാണുമായിരുന്നു.. പതിയെ പതിയെ നല്ലൊരു സൗഹൃദം ഞങ്ങളുടെ ഇടയിൽ രൂപം കൊണ്ടു..
എന്ത് കാര്യത്തിനും സൂരജേട്ടാ സൂരജേട്ടാ എന്ന് വിളിച്ച് പുറകെ വന്നിരുന്നവൾ...
അവളോട് അടുത്ത് ഇടപഴകും തോറും, എന്റെ മനസ്സിൽ അവൾ കൂടുതൽ കൂടുതൽ ആഴത്തിൽ പതിയാൻ തുടങ്ങി.. എല്ലാവരോടും ഒരേപോലെ ചിരിച്ചു കളിച്ചു മിണ്ടിയിരുന്നു അവൾ.. എന്നാൽ, വല്ലാത്ത ഹൃദയബന്ധം ഉള്ള ഒരു കൂട്ടുകെട്ടും അവൾക്കില്ലായിരുന്നു താനും... ഒരുപാട് ആളുകൾക്കിടയിൽ ശ്രദ്ധാകേന്ദ്രമായി അവളെ എപ്പോഴും കാണാമായിരുന്നു.. ഒറ്റക്ക് എവിടെയെങ്കിലും ഇരിക്കുന്നത് ഒരിക്കലും കണ്ടിട്ടില്ല.. അതുകൊണ്ട് തന്നെ അവളോട് എന്റെ ഹൃദയം തുറക്കാൻ ഒരു അവസരം ഒരിക്കലും എനിക്ക് കിട്ടിയിരുന്നില്ല...
പതിയെ പതിയെ ,എവിടെയൊക്കെയോ അവളുടെ കണ്ണുകളിലും , എന്നെ കാണുമ്പോൾ ഉള്ള ഒരു തിളക്കം, ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി....
ഞാൻ അവളുടെ അടുത്തേക്ക് ചെല്ലുമ്പോൾ ഒരിക്കലും ഇല്ലാത്ത ഒരു വെപ്രാളം പോലെ.. എന്നെ കാണുന്നത് വരെ കലപില സംസാരിച്ചുകൊണ്ട് ഇരിക്കുന്നവൾക്ക്,എന്നെ കണ്ട് കഴിഞ്ഞാൽ, പെട്ടെന്ന് സംസാരിക്കാൻ വാക്കുകൾ കിട്ടാത്തത് പോലെ...ഒരുമിച്ച് ഇരിക്കുമ്പോൾ കണ്ണുകൾ തമ്മിൽ കൊരുത്താൽ കുറച്ച് സമയം ചുറ്റുമുള്ളതോന്നും ഓർമ്മയിൽ തെളിയാത്തുപോലെ...
ഞങ്ങൾ തമ്മിൽ നല്ലൊരു സൗഹൃദം രൂപം കൊണ്ടിരുന്നു എങ്കിലും അവളുടെ നാടോ വീടോ ഒന്നും എനിക്കറിയില്ലായിരുന്നു.. എന്തെങ്കിലും അതേപ്പറ്റി ചോദിക്കുമ്പോൾ "ഒഹ് അതെന്തിനാ ഏട്ടാ.. കല്യാണം ഒന്നും ആലോചിച്ച് വരുന്നില്ലല്ലോ" എന്ന് കളിയായി പറയുമായിരുന്നു... "കല്യാണം ആലോചിച്ച് വരാൻ വേണ്ടി തന്നെയാണ് കാന്താരി" എന്ന് എനിക്ക് പറയണം എന്നുണ്ടായിരുന്നു എങ്കിലും , പറയാതെ മാറ്റി മാറ്റി വെച്ചു...
അങ്ങനെ എന്റെ ഡിഗ്രീക്കാലം അവസാനിച്ചു..മൂന്ന് വർഷത്തെ കലാലയ ഓർമ്മകൾ ഹൃദയത്തില് ഒളിപ്പിച്ചുകൊണ്ട് ഞാൻ ആ കോളേജിൽ നിന്നും വിട പറഞ്ഞു..
ഒരുപക്ഷേ എന്റെ മനസ്സിൽ ഏറ്റവും കൂടുതൽ നിറഞ്ഞു നിന്നത് നിഷയുമായി ഞാൻ ചിലവിട്ട നിമിഷങ്ങൾ തന്നെ ആയിരുന്നു..
കോളേജിന്റെ അവസാന ദിവസം നിഷയെ അന്വേഷിച്ച് നടന്ന ഞാൻ കാണുന്നത് ഞങ്ങൾ സ്ഥിരം ഒത്തുകൂടിയിരുന്ന ഇടത്ത്, ഒറ്റക്കിരിക്കുന്ന അവളെയാണ്.. നിറയെ പൂത്തു നിൽക്കുന്ന വാകമരച്ചോട്ടിൽ .... മനോഹരമായ പൂക്കൾകിടയിൽ, എന്റെ കണ്ണിൽ ഏറ്റവും സുന്ദരിയായവൾ , എന്തോ ആലോചനയിലാണ്ട് ഇരിക്കുന്നു...
ഓടി ചെന്ന് കെട്ടിപ്പിടിച്ച് ആ നെറുകയിൽ ഒരു ഉമ്മ കൊടുക്കാനാണ് ആദ്യം തോന്നിയത്.. അത്രയും, അവളോടുള്ള സ്നേഹം, എന്റെ ഹൃദയത്തില് നിറഞ്ഞു തുളുമ്പി നിന്നിരുന്നു..
പതിയെ അവളുടെ അടുത്തേക്ക് ചെന്നപ്പോൾ കണ്ടൂ, അവളുടെ കണ്ണിൽ ചെറിയ ഒരു നീർത്തിളക്കം..എന്നെ പെട്ടെന്ന് അവിടെ കണ്ടപ്പോൾ, അവൾ നോക്കിയ ഒരു നോട്ടം ഉണ്ട് .... ഹൃദയം തുളച്ചു കയറുന്ന ഒരു നോട്ടം.. സ്നേഹവും വാത്സല്യവും പരിഭവവും വിഷമവും എല്ലാം കൂട്ടിക്കലർന്ന ഒരു നോട്ടം.. ഒരുപക്ഷേ ഞാൻ അവളെ തേടി വരും എന്ന് അവൾ പ്രതീക്ഷിച്ചില്ലായിരിക്കാം..
കൂടുതൽ സമയം കളയാതെ ധൈര്യം സംഭരിച്ച് എന്റെ ഹൃദയം അവളുടെ മുൻപിൽ തുറന്നു.. അവളോട് എന്റെ ഇഷ്ടം തുറന്നു പറഞ്ഞു.. കണ്ണിമ വെട്ടാതെ ഞാൻ പറയുന്നതെല്ലാം അവൾ കേട്ടുകൊണ്ടിരുന്നു..
പക്ഷേ ഞാൻ വിചാരിച്ചതുപോലെ, എന്റെ നെഞ്ചിലേക്ക് വീണ്, "ഇഷ്ടമാണ് സൂരജേട്ടാ നൂറ് വട്ടം..." എന്ന് അവൾ പറഞ്ഞില്ല..
പകരം അവളുടെ ജീവിതം , എന്റെ മുൻപിൽ തുറന്നു കാട്ടി..ആദ്യമായി..
അവൾ ഒരു അനാഥ ആയിരുന്നുവെന്നും, ഒരു സന്നദ്ധ സംഘടനയുടെ കീഴിൽ ഉള്ള അനാഥാലയത്തിലെ അന്തേവാസി ആയിരുന്നുവെന്നും, അന്നാണ് ഞാൻ മനസ്സിലാക്കിയത്..
കിട്ടുന്ന സമയം തുണികൾ തുന്നി യും അലങ്കാര വസ്തുക്കൾ ഉണ്ടാക്കി വിറ്റും തന്റെ പഠന ചിലവിനുള്ള പണം കണ്ടെത്തിയിരുന്ന
അവളോട് എനിക്ക് അളവറ്റ സ്നേഹം മാത്രമല്ല, ബഹുമാനവും തോന്നി തുടങ്ങിയത് അന്ന് മുതലായിരുന്നൂ..
സാമാന്യം ഉയർന്ന നിലയിൽ ജീവിക്കുന്ന തനിക്ക് അവൾ ചേരില്ല എന്ന് പറഞ്ഞ്, അവളുടെ കൺകളിൽ ഉരുണ്ടു കൂടിയ നീർമുത്തുകൾ ഞാൻ കാണാതെ, തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവളെ ഒരു കൈ കൊണ്ട് എന്റെ നെഞ്ചിലേക്ക് വലിച്ചിട്ട് പൊതിഞ്ഞു പിടിച്ചു.. ഇത്രയും നന്മ ഉള്ള ഒരു പെൺകുട്ടിയെ, ഒന്നിന്റെ പേരിലും വിട്ടു കളയാൻ ഞാൻ തയ്യാറായിരുന്നില്ല..
പതിയെ അവൾ എന്റെ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാകുകയായിരുന്നൂ...പോസ്റ്റ് ഗ്രാജുവേഷൻ അകലെ ഉള്ള ഒരു കോളേജിൽ ആണ് ഞാൻ ചെയ്തത്.. അതുകൊണ്ട് തന്നെ, തമ്മിൽ കാണൽ വളരെ ചുരുക്കം ആയിരുന്നു.. ഒരിക്കലും ഒരു മരം ചുറ്റി പ്രണയം ആയിരുന്നില്ല ഞങ്ങളുടെ..
വല്ലപ്പോഴും കാണുമ്പോൾ പോലും, ഒരു പരിധി വിട്ട് ഞങ്ങൾ ഇടപെട്ടിരുന്നില്ല.. പക്ഷേ ഞാൻ അവളുടെ ഹൃദയത്തിലും അവള് എന്റെ ഹൃദയത്തിലും ഓരോ ദിവസം ചെല്ലും തോറും കൂടുതൽ കൂടുതൽ ആഴത്തിൽ പതിഞ്ഞു കൊണ്ടിരുന്നു..
പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞ് എനിക്ക് പഠിച്ച കോളേജിൽ തന്നെ ജോലി കിട്ടി.. ആ സമയം തന്നെ അമ്മ എനിക്ക് കല്യാണ ആലോചനകൾ തുടങ്ങി..
കിലോ കണക്കിന് സ്വർണ്ണവും , കാറും , വലിയ ബാങ്ക് ബാലൻസും കൊണ്ട് വരാൻ കെൽപ്പുള്ള പെൺകുട്ടിയെ ആയിരുന്നു അമ്മക്ക് നോട്ടം..ഇനിയും മിണ്ടാതെ ഇരുന്നാൽ ശരിയാവില്ല എന്നറിയാവുന്നതുകൊണ്ട് നിഷയുടെ കാര്യം വീട്ടിൽ അവതരിപ്പിച്ചു..
പ്രതീക്ഷിച്ചത് പോലെ തന്നെ അമ്മ സർവ്വശക്തിയുമെടുത്ത് എതിർത്തു..
കാൽ കാശിനു ഗതി ഇല്ലാത്ത അനാഥ പെണ്ണിനെ കെട്ടിക്കൊണ്ടു വരാൻ അല്ലായിരുന്നത്രെ എന്നെ വളർത്തി വലുതാക്കി ജോലിക്കാരൻ ആക്കിയത്.. പട്ടിണി കിടക്കുക , ആത്മഹത്യ ഭീഷണി മുഴക്കുക ഇതൊക്കെ മുറക്ക് വീട്ടിൽ നടന്നു പോന്നു.
അച്ഛനും , അമ്മയുടെ അത്രയുമോ, അതിൽ കൂടുതലോ എതിർത്തു.. അച്ഛന് കുടുംബക്കാർ എന്ത് പറയും എന്ന ചിന്ത ആയിരുന്നിരിക്കണം കൂടുതൽ.. വിരാജ്, എന്റെ അനിയൻ മാത്രം എനിക്ക് വേണ്ടി സംസാരിച്ചു... പക്ഷേ അവനെ ആരു കേൾക്കാൻ...
അവസാനം ഒരു വഴിയും ഇല്ലാതായപ്പോൾ അവളെ വിളിച്ചിറക്കി, ഉറ്റ കൂട്ടുകാരുടെ സാനിധ്യത്തിൽ താലി കെട്ടി, അവളുടെ കയ്യും പിടിച്ച് വീട്ടിലേക്ക് ചെന്നു.. ഞങ്ങളെ അനുഗ്രഹിക്കാനോ അവളെ നിലവിളക്ക് കൊടുത്ത് സ്വീകരിക്കാനോ ആളും ആരവവും ഒന്നും അവിടെ ഇല്ലായിരുന്നു..
അനാഥ പെണ്ണിനെയും കൊണ്ട് എന്റെ മോൻ ഇവിടെ സസുഖം വാഴാം എന്ന് വിചാരിക്കേണ്ട എന്ന് അമ്മയും അച്ഛനും ഒരുപോലെ പറഞ്ഞപ്പോൾ, അവളെയും കൊണ്ട് അന്ന് അവിടുന്ന് ഇറങ്ങി.. അനിയന് കാഴ്ചക്കാരൻ ആയി നിൽക്കാൻ മാത്രമേ സാധിച്ചുള്ളൂ..
ഇതൊക്കെ ഇങ്ങനെയേ സംഭവിക്കൂ എന്ന് ഏകദേശം അറിയാമായിരുന്നത് കൊണ്ട്, നേരത്തെ തന്നെ മനസ്സിനിണങ്ങിയ ഒരു ചെറിയ വീട്, ഞാൻ എടുത്തിരുന്നു..
അവിടേക്ക് അവളുടെ കൈ പിടിച്ച് കയറുമ്പോൾ വീട്ടുകാരെ പിരിയേണ്ടി വന്ന ദുഃഖം മനസ്സിന്റെ ഒരു കോണിൽ ഉണ്ടായിരുന്നെങ്കിലും, ജീവന്റെ ജീവനായി മാറിയവളെ കൂടെ കൂട്ടാൻ കഴിഞ്ഞതിൽ ഉള്ള നിർവൃതി ആയിരുന്നു മനസ്സിൽ ഒരു പടി മുന്നിൽ...
ആ രാത്രിയിൽ അവളുടെ മാറിൽ തല ചായ്ച്ച് അവളെ ചുറ്റിവരിഞ്ഞ് കിടന്നതും.. പിന്നീട് എപ്പോളോ തന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളോട് ചേർന്നതും.. തന്റെ ഹൃദയത്തില് അവൾക്കായി മാത്രം ഒളിപ്പിച്ചിരുന്ന സ്നേഹം മുഴുവനും അതിന്റെ പൂർണ്ണതയിൽ അവൾക്ക് പകർന്ന് കൊടുത്തതും... ഒടുവിൽ ആ സ്നേഹക്കടലിൽ മുങ്ങി കുളിച്ച് അവളെ ചേർത്ത് പിടിച്ച് ഉറക്കം പുൽകിയതും.... എല്ലാം ഇപ്പോഴും ഒരു മിഴിവോടെ കൺമുന്നിൽ തെളിയുന്നു..
ആ മധുര ഓർമ്മകളിൽ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..
നിഷയെ പതിയെ ഒന്ന് നോക്കി അവൻ..
തല ചുമരിൽ ചാരി കണ്ണുകൾ അടച്ച് എന്തോ അഗാധ ചിന്തയിൽ ആയിരുന്നു അവൾ...മടിയിൽ വെച്ചിരുന്ന പുസ്തകം താഴേക്ക് ഊർന്നു പോകാൻ തുടങ്ങുന്നു...
പെട്ടെന്ന് ഞാൻ ആ പുസ്തകം വീഴാതെ കയ്യിലേക്ക് എടുത്തു..
'അഥിതി റാം അഥിതി' യുടെ
' മിഴി രണ്ടിലും '...അവളുടെ ബാഗിൽ എപ്പോഴും ഒന്ന് രണ്ടു പുസ്തകങ്ങൾ കാണാറുണ്ട്.. വായന അവൾക്ക് വളരെ ഇഷ്ടമാണ്...ഒരുപാട് ഫീൽ ഉള്ള പ്രണയകഥകൾ അവൾക്ക് ഒരു ഹരം ആണ്.. മിഴി രണ്ടിലും എത്ര തവണ വായിച്ചിരിക്കും എന്ന് അവൾക്കു തന്നെ ഒരു നിശ്ചയം ഉണ്ടെന്ന് തോന്നുന്നില്ല... ഓൺലൈൻ വായന ആണ് കൂടുതൽ.. ഓൺലൈൻ സാഹിത്യ ഗ്രൂപ്പ് ആയ വർണ്ണ തൂലികയിൽ ഒരു അംഗം കൂടെ ആണ് അവൾ.. വല്ലപ്പോഴും എന്തെങ്കിലും കുത്തി കുറിച്ച് അവിടെ പോസ്റ്റ് ചെയ്യും....
അവൻ പതിയെ തന്റെ കൈകൾക്കുള്ളിലായിരുന്ന നിഷയുടെ കൈയ്യിൽ, ഒരു നനുത്ത ചുംബനം കൊടുത്തു....കണ്ണുകൾ ഞെട്ടി തുറന്ന് ഒരു നിമിഷം സൂരജിനെ നോക്കി അവൾ... ആരെങ്കിലും കണ്ടോ എന്ന വെപ്രാളത്തിൽ അവിടെ എല്ലാം കണ്ണോടിച്ചു.. പതിയെ മൂടിക്കെട്ടി ഇരുന്ന അവളുടെ മുഖത്തും ഒരു പുഞ്ചിരി വിടർന്നു..
"നിഷ സൂരജ്", നഴ്സ് വിളിച്ചു..
തങ്ങളുടെ ജീവിതത്തിൽ ഇനി സംഭവിക്കാൻ പോകുന്നത് എന്തെന്ന് അറിയാതെ അവർ ഡോക്ടറുടെ മുറിയിലേക്ക് കടന്നു ചെന്നു...