രചന: മരീലിൻ തോമസ്
നിഷയുടെ കയ്യും പിടിച്ച് സൂരജ് ഡോക്ടറിന്റെ മുറിയിലേക്ക് കയറി ചെന്നു..
അവരേ കണ്ടപ്പോൾ ഡോക്ടർ മെല്ലെ പുഞ്ചിരിച്ചു..
ഡോക്ടറിന്റെ മുൻപിൽ ഇരിക്കുമ്പോഴും തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്ന നിഷയുടെ കൈ സൂരജ് വിട്ടിരുന്നില്ല..
എത്രയോ ദമ്പതികൾ തന്റെ മുൻപിൽ ഈ കാലത്തിനിടയിൽ വന്നിരിക്കുന്നു.. പലർക്കും ട്രീറ്റ്മെന്റ് തുടങ്ങി കുറച്ചായി കഴിഞ്ഞാൽ മനസ്സ് മടുത്ത് പോകുന്ന അവസ്ഥ ആണ്.. പങ്കാളിയുടെ കരുതലും സ്നേഹവും ഒരു അറ്റം വരെ അവരെ പിടിച്ച് നിർത്തും.. സൂരജിന്റെ നിഷയോടുള്ള കരുതൽ കണ്ടപ്പോൾ ഡോക്ടർ ഓർത്തു..
നിഷയുടെ മുഖത്ത് നിന്നും അവളുടെ ദുഃഖത്തിന്റെ ആഴം അവർക്ക് വായിച്ചെടുക്കാൻ പറ്റുമായിരുന്നു..
"ഒരു വിശ്വാസത്തിലും പ്രതീക്ഷയിലും ഒക്കെ അല്ലെഡോ നമ്മൾ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്...ചിലപ്പോൾ നമ്മൾ പ്രതീക്ഷിക്കുന്നത് അല്ലായിരിക്കാം സംഭവിക്കുന്നത്.. എങ്കിലും നമ്മൾ വീണ്ടും പ്രതീക്ഷിക്കുന്നു...അല്ലെ.. എല്ലാം അതിന്റേതായ സമയത്ത് സംഭവിക്കും...
തൽക്കാലം ഇതുപോലെ തന്നെ മുന്നോട്ടു പോകാം... ഒരു ടെസ്റ്റ് എഴുതിയിട്ടുണ്ട്... അതിന്റെ റിസൾട്ട് കൊണ്ടുവന്നു കാണിച്ചിട്ടെ പോകാവൂ. .. .. "
"സലോമി..."
"യെസ് ഡോക്ടർ"..
"ദാ.. ", പ്രിസ്ക്രിപ്ഷൻ നോട്ട് അവർക്ക് നേരെ നീട്ടി ഡോക്ടർ..
"വരൂ.."
മങ്ങിയ ഒരു ചിരി ഡോക്ടർക്ക് നൽകി നിഷ നഴ്സിന്റെ കൂടെ പുറത്തേക്കിറങ്ങി...
" മടുത്തു ഡോക്ടർ ഈ മരുന്നുകളും ഇഞ്ചക്ഷനും എല്ലാം.... എത്ര നാൾ എന്ന് വെച്ചാണ് നിഷ ഈ വേദനയോക്കെ സഹിക്കുന്നത്..
ആ പാവത്തിന്റെ വയറിൽ ഇനി സൂചി കുത്താൻ ഇടമില്ല.. അതിന്റെ വേദന... നീര്.. ഇതൊക്കെ പോരാഞ്ഞിട്ട് മൂഡ് സ്വിങ്സ്.. എത്ര നാളായി .....ഇതെല്ലാം അവൾ ഒറ്റക്കല്ലെ അനുഭവിക്കുന്നത്..., ഈയിടെ ആയിട്ട് എപ്പോഴും എന്തോ ആലോചനയിലാണ് ആള്.. ബാങ്കിൽ ആണെങ്കിലും ആരോടും അധികം സംസാരം ഒന്നുമില്ല എന്ന് ,കൂടെ ജോലി ചെയ്യുന്ന ഒരാളെ ഇടക്ക് കണ്ടപ്പോൾ പറഞ്ഞു.. ഇനി അവൾ ഡിപ്പ്രേഷനിലേക്ക് പോകുന്നത് കൂടെ കാണാൻ വയ്യ ഡോക്ടർ..." സൂരജ്, ഡോക്ടറോട് തന്റെ ആകുലതകൾ എല്ലാം പങ്കു വെച്ചു...
"ആരു പറഞ്ഞു നിഷ ഇതൊക്കെ തനിയെ ആണ് അനുഭവിക്കുന്നത് എന്ന്....നിഷ ശരീരത്തിൽ അനുഭവിക്കുന്നത് താൻ മനസ്സിൽ അനുഭവിക്കുന്നില്ലെ.. ഈ കാലവും കടന്ന് പോകുമെടോ.. പ്രതീക്ഷ കൈവെടിയരുത്...ഒപ്പം ഇതേ സ്നേഹവും കരുതലും ഒരിറ്റു പോലും കുറയാതെ നിഷക്ക് നൽകി കൊണ്ടെ ഇരിക്കുക....ഇപ്പൊ തന്നെ ചാക്കോച്ചന്റെയും പ്രിയയുടെയും കാര്യം എടുത്തു നോക്കൂ..ഒരു പ്രതീക്ഷയും ഇല്ലാതിരുന്ന അവർക്ക് ഒരു പൊന്നുംകുടത്തിനെ കൊടുത്ത് അനുഗ്രഹിച്ചില്ലെ.. സൂരജിന്റെ സപ്പോർട്ടും സ്നേഹവും ഉണ്ടെങ്കിൽ നിഷ ഇതൊക്കെ നിഷ്പ്രയാസം തരണം ചെയ്യും....."
ട്രീറ്റ്മെന്റ് ന്റെ കൂടെ തന്നെ അത്രയും പ്രധാനം ആണ് നിങ്ങളുടെ രണ്ടുപേരുടെയും മാനസികാവസ്ഥ.. സന്തോഷമായി ഇരിക്കുക.. പരസ്പരം താങ്ങാകുക..
ഒന്ന് രണ്ടു സൈക്കിൾ കൂടെ നമുക്ക് ഇത് തന്നെ തുടർന്ന് കൊണ്ടുപോകാം. ഇല്ലെങ്കിൽ നമുക്ക് ഐ യു ഐ നോക്കാം.. അതും പറ്റിയില്ലെങ്കിൽ ഐ വി എഫ് .. അങ്ങനെ എത്രയോ സാധ്യതകൾ നമ്മുടെ മുന്നിൽ കിടക്കുന്നു"..
അപ്പോഴേക്കും ടെസ്റ്റ് കഴിഞ്ഞ് നിഷ എത്തിയിരുന്നു..
റിസൾട്ട് വരാൻ കുറച്ച് താമസിക്കും എന്നതിനാൽ രണ്ടു പേരും കാന്റീനിലേക്ക് പോയി.. ഓരോ ചായയും പഴംപൊരിയും കഴിച്ച് തിരിച്ച് വന്നപ്പോഴേക്കും റിസൾട്ട് വന്നിരുന്നു..
അതുമായി വീണ്ടും ഡോക്ടറിന്റെ അടുക്കലേക്ക്.....
ഡോക്ടർ കുറിച്ച മരുന്നുകളും വാങ്ങി , അടുത്ത കൺസൾട്ടേഷന് ഉള്ള അപ്പോയിന്റ്മെന്റും എടുത്ത് അവർ ആശുപത്രിയിൽ നിന്നും ഇറങ്ങി..
തിരിച്ച് വീട്ടിലേക്കുള്ള യാത്രയിൽ സൂരജിന്റെ തോളിൽ തല ചായ്ച്ച്, നിഷയുടെ മനസ്സ് പഴയ ഓർമ്മകളിലേക്ക് സഞ്ചരിച്ചു..
'ഡിഗ്രീ കഴിഞ്ഞു വളരെ പെട്ടെന്നായിരുന്നു തങ്ങളുടെ സംഭവ ബഹുലമായ കല്യാണം..
പിന്നെ ബാങ്ക് കോച്ചിംഗ് ന് പോയി തുടങ്ങി..
പെട്ടെന്ന് ഗർഭിണി ആകണ്ട എന്നുള്ളത് രണ്ടുപേരും ആലോചിച്ചു എടുത്ത തീരുമാനം ആയിരുന്നു.. ആദ്യം ഒരു ജോലി ആയിരുന്നു തനിക്ക് വേണ്ടിയിരുന്നത്.. അതിനു വേണ്ടി കഠിനമായി അധ്വാനിച്ചു.. ഐ ബി പി എസ് ടെസ്റ്റുകൾ എഴുതി.. അവസാനം തനിക്ക് കാനറ ബാങ്കിലേക്ക് സെലക്ഷൻ ആയി.. അപ്പോഴേക്കും ഒന്ന് രണ്ടു വർഷങ്ങൾ കടന്നു പോയിരുന്നു.... ജോലിക്ക് കയറി വീണ്ടും ഒരു വർഷത്തിന് ശേഷം ആണ് ഒരു കുട്ടിയെ പറ്റി ആലോചിക്കുന്നത്.. ഓരോ മാസവും ഒരുപാട് ആഗ്രഹത്തോടെ കാത്തിരുന്നിട്ട്, കാത്തിരിപ്പിന്റെ അവസാനം അടിവയറ്റിൽ വേദനയും വിഷമങ്ങളും തുടങ്ങി , ആ ചുവപ്പിൽ പ്രതീക്ഷ ഒലിച്ചു പോകുമ്പോൾ മനസ്സും ശരീരവും ഒരുപോലെ തളരാൻ തുടങ്ങി..
സൂരജ് ഏട്ടന്റെ ഒരു കൂട്ടുകാരൻ ആണ് ഡോക്ടർ സിസ്റ്റർ ഗ്രേസിനെ കുറിച്ച് പറഞ്ഞത്.. ഒരുപാട് പേരുടെ കണ്ണുനീർ തുടച്ച് അവർക്ക് പ്രതീക്ഷ നൽകിയ മാലാഖ..
ഇതിപ്പോ ഒരു വർഷം കഴിഞ്ഞിരിക്കുന്നു അവിടെ ചികിത്സ തുടങ്ങിയിട്ട്..'
"എന്റെ ഭാര്യ ഭയങ്കര ആലോചനയിലാണല്ലോ.."
ഞെട്ടി നോക്കിയപ്പോൾ സുരജേട്ടൻ ചിരിച്ചുകൊണ്ട് എന്നെ തന്നെ നോക്കുന്നു..
ചുറ്റും നോക്കിയപ്പോൾ വീട്ടിൽ എത്തിയിട്ടുണ്ട്.. ഞാൻ അറിഞ്ഞതേയില്ല...
ഒരു ചമ്മിയ മുഖത്തോടെ ഏട്ടനെ നോക്കി..
"അധികം തല പുകക്കാതെ വീട്ടിലേക്ക് കയറൂ പ്രിയേ..."
"പ്രിയയോ.. അതാരാ.. എനിക്കിപ്പോൾ അറിയണം.."
വെറുതെ ഒരു വഴക്കുണ്ടാക്കാനെന്ന പോലെ ചോദിച്ചു..
"ഹൊ നീ അറിഞ്ഞല്ലേ.. ഹാ.. ഇനി ഇത് മൂടി വെച്ചിട്ട് കാര്യമില്ല.. പ്രിയ ഇല്ലെ.. പ്രിയ... എന്റെ...."
"കൊല്ലും ഞാൻ. ഹാ..... , ഒരു പ്രിയ.."
ശരിക്കും ചിരി ഒന്നും വന്നില്ലെങ്കിലും രണ്ടു പേരും നല്ലപോലെ അങ്ങ് ചിരിച്ചു... ഉണ്ടാക്കി ചിരിച്ചതാണെങ്കിലും മനസ്സിന് ഒരു ആശ്വാസം പോലെ...
കുളിയൊക്കെ കഴിഞ്ഞ് രാത്രിയിലേക്കുള്ള ഭക്ഷണം പാകം ചെയ്തു..
രാത്രി ഭക്ഷണം കഴിഞ്ഞ് സൂരജേട്ടൻ എന്തോ നോട്സ് നോക്കുകയായിരുന്നൂ ... അപ്പോഴേക്കും അടുക്കളയിലെ പണി കഴിഞ്ഞ് ഞാനും എത്തി.. മേൽ കഴുകി കിടന്നു.. നല്ല ക്ഷീണം ഉണ്ടായിരുന്നതുകൊണ്ട് പെട്ടെന്ന് ഉറങ്ങിപ്പോയി..
ഉറക്കത്തിൽ എപ്പോളോ എന്നെ ചുറ്റി വരിയുന്ന കൈകളെ തടയാൻ തോന്നിയില്ല... തിരിഞ്ഞു സൂരജേട്ടന്റെ നെഞ്ചിലേക്ക് മുഖം അമർത്തി കിടന്നു.. എന്റെ മുഖം ഉയർത്തി നെറ്റിയിൽ അമർത്തി ചുംബിച്ചു.. ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ പോലും ആ കണ്ണുകളിൽ അലയടിക്കുന്ന ഭാവങ്ങൾ എനിക്ക് വ്യക്തമായി കാണാമായിരുന്നു..
കഴിഞ്ഞ കുറെ കാലമായി , ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ പോലും, മനസ്സിലെ ഏറ്റവും വലിയ ആഗ്രഹം നടക്കുമോ ഇല്ലയോ എന്ന ടെൻഷൻ ആയിരുന്നു...സൂരജേട്ടനും അങ്ങനെ തന്നെ ആയിരുന്നിരിക്കാം.. പക്ഷേ ഇന്നെന്തോ മനസ്സിൽ വേറൊന്നും വന്നില്ല.. സൂരജേട്ടനോടുള്ള സ്നേഹം മാത്രം നിറഞ്ഞ് കവിഞ്ഞു തുളുമ്പി നിന്നു... ആ സ്നേഹം ആവോളം അനുഭവിച്ചു ആ നെഞ്ചിൽ ചേർന്ന് കിടക്കുമ്പോൾ ഇത്രയും സ്നേഹനിധിയായ ഒരു പാതിയെ ഈ അനാഥ പെണ്ണിന് തന്നതിൽ സർവേശ്വരനോട് നന്ദി പറയുകയായിരുന്നു മനസ്സിൽ..
കോളേജും ബാങ്കുമൊക്കെയായി ഞാനും സൂരജേട്ടനും നല്ല തിരക്കായിരുന്നു പിന്നീട് അങ്ങോട്ട്... ഏട്ടന് കോളേജ് ഫെസ്റ്റിന്റെ തിരക്ക്... എനിക്ക് സാമ്പത്തിക വർഷം തീരുന്നതിന്റെ തിരക്ക്... 24 മണിക്കൂർ പോരാതെ വന്നപോലെ...ഓടിയലച്ച് നടക്കുന്നതിന്റെയാവും രണ്ടു പേരും ക്ഷീണിച്ച് അവശരായി ആയിരുന്നു വീട്ടിൽ എത്തുന്നത്.. അത് ഒരുപക്ഷേ ഒരു അനുഗ്രഹം ആയിരുന്നു..കുറച്ചു നാളെങ്കിലും നമ്മുടെ വിഷമങ്ങൾ ഒന്നും ഓർക്കാനുള്ള സമയം പോലും കിട്ടാത്ത അവസ്ഥ ഒരു അനുഗ്രഹം തന്നെ അല്ലെ......
ഒരു ദിവസം വൈകിട്ട് ജോലി കഴിഞ്ഞ് വന്ന് രണ്ടാളും ചായ കുടിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് സൂരജേട്ടൻ എന്നോട് ആ ചോദ്യം ചോദിച്ചത്...
ഞെട്ടി കലണ്ടറിൽ നോക്കിയപ്പോൾ ഡേറ്റ് മിസ്സ് ആയിട്ട് രണ്ടാഴ്ചയിൽ കൂടുതൽ ആയിരിക്കുന്നു.. കുറെ ആയി ഇതൊന്നും ഓർത്തു വെക്കാറില്ല..
പിന്നെ കാത്തിരിപ്പായിരുന്നു.. നേരം പുലരാൻ...രാത്രി ഉറക്കം എന്നെ കടാക്ഷിച്ചതെ ഇല്ല.. അതിരാവിലെ പ്രഗ്നൻസി ടെസ്റ്റ് കിറ്റുമായി ബാത്റൂമിലെക്ക് നടന്നപ്പോൾ മനസ്സ് ശൂന്യമായിരുന്നു.. കിറ്റിൽ റിസൾട്ട് തെളിഞ്ഞു കാണാൻ എടുത്ത സമയം ലോകത്തിലെ ഏറ്റവും ദൈർഘ്യേമേറിയ ചില സെക്കൻഡുകൾ ആയി എനിക്ക് തോന്നി.. അവസാനം റിസൾട്ട് കണ്ടപ്പോൾ എന്തോ ഒരുതരം മരവിപ്പ് ബാധിച്ച് പുറത്തേക്ക് ഇറങ്ങി..പക്ഷേ പിന്നീട് അങ്ങോട്ട് എന്റെ നിയന്ത്രണം വിട്ടു.... ഉറക്കത്തിൽ ആയിരുന്ന സൂരജേട്ടൻ എന്റെ എങ്ങലടി കേട്ടുകൊണ്ടാണ് ഞെട്ടി കണ്ണ് തുറന്നത്..
എന്റെ കയ്യിലെ ടെസ്റ്റ് കിറ്റ് കണ്ടപ്പോൾ ഏട്ടന് കാര്യം മനസ്സിലായി.. ചാടി എഴുനേറ്റു...".പോട്ടെട സാരമില്ല" എന്ന് പറഞ്ഞു എന്റെ പുറത്ത് തഴുകി എന്നെ ആശ്വസിപ്പിച്ചു കൊണ്ടേയിരുന്നു ഏട്ടൻ..ഒന്നും സംസാരിക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആയിരുന്നു ഞാൻ.. എന്തൊക്കെയോ എട്ടനോട് പറയാൻ ഞാൻ ശ്രമിക്കുന്നുണ്ടായിരുന്നൂ.. പക്ഷേ കുറച്ച് അവ്യക്തമായ ശബ്ദങ്ങൾ അല്ലാതെ ഒന്നും പുറത്തേക്ക് വന്നില്ല..
എന്റെ കയ്യിൽ നിന്ന് കിറ്റ് വാങ്ങി മേശയിലേക്ക് വെക്കാൻ തുടങ്ങിയപ്പോൾ ആണ് അതിലേക്ക് ഏട്ടൻ നോക്കുന്നത് തന്നെ... അത് കണ്ടപ്പോൾ ആ മുഖത്ത് ഉണ്ടായ വികാരങ്ങൾ..അഞ്ച് മിനിട്ട് ഏട്ടൻ ആ ഒരു ഞെട്ടലിൽ തന്നെ ആയിരുന്നു.. പതിയെ എന്റെ തോളിലേക്ക് ചാഞ്ഞു ഏട്ടൻ.. ഒരു തരം തളർച്ച പോലെ.. വീണ്ടും വീണ്ടും കയ്യിലിരിക്കുന്ന കിറ്റ് ലേക്ക് നോക്കി.. രണ്ടു വ്യക്തമായ ചുവന്ന വരകൾ.. ഒന്നും സംസാരിക്കാൻ ആവാതെ ഞങ്ങൾ അവിടെ ഇരുന്നു.. ഇടക്ക് ഏട്ടന്റെ കൈകൾ എന്റെ വയറിനെ തഴുകുന്നുണ്ടായിരുന്നൂ.. ഞങ്ങളുടെ കുഞ്ഞൂസിന് അച്ഛന്റെ ആദ്യത്തെ സ്പർശനം..
വൈകാതെ ആശുപത്രിയിൽ പോയി ഡോക്ടറെ കണ്ട് വിശേഷം ഉറപ്പിച്ചു.. പെട്ടെന്നുള്ള ഒരു തോന്നലിൽ ഞങ്ങൾ സൂരജേട്ടന്റെ വീട്ടിലേക്ക് തിരിച്ചു.. കല്യാണം കഴിഞ്ഞ് കുറച്ചു നാൾ കഴിഞ്ഞപ്പോൾ തന്നെ സൂരജെട്ടനോട് അമ്മ ക്ഷമിച്ചിരുന്നു... സമയം കിട്ടുമ്പോഴൊക്കെ അമ്മയെയും അച്ഛനെയും അനിയനേയും കാണാൻ സൂരജെട്ടൻ പോകുമായിരുന്നു.. തന്നോട് മാത്രം ആയിരുന്നു അവർക്ക് ദേഷ്യവും വിരോധവും..
അമ്മയെയും അച്ഛനെയും കുറ്റം പറയാനും പറ്റില്ല.. വലിയ പ്രതീക്ഷകളോടെ വളർത്തിക്കൊണ്ടുവന്ന മകൻ പെട്ടെന്ന് ഒരു ദിവസം ഒരു അനാഥ പെണ്ണിനെ വിവാഹം കഴിച്ചു വീട്ടിലേക്ക് കൊണ്ടുവന്നാൽ ഏതൊരു അമ്മയും അച്ഛനും ചെയ്യുന്നതും പറയുന്നതുമേ അവരും ചെയ്തുള്ളൂ....ഇന്നെന്തോ എന്ത് വന്നാലും അമ്മയെ കാണാനും അനുഗ്രഹം വാങ്ങാനും ഒരു തോന്നൽ....
കാർ വീട്ടിലേക്ക് എത്തിയതും സൂരജ് ഏട്ടൻ മാത്രം ആണെന്ന് ഓർത്ത് അമ്മ ഓടി ഇറങ്ങി വന്നു..പെട്ടെന്ന് എന്നെ കണ്ട് അമ്മ ഒന്ന് ഞെട്ടി.... സൂരജേട്ടൻ കാറിൽ നിന്നിറങ്ങി, അമ്മയെ കെട്ടിപ്പിടിച്ച് വിശേഷം പറഞ്ഞു.. പാവം കരഞ്ഞ് പോയി.. ഇത്രയും നാൾ എനിക്ക് വേണ്ടി സ്ട്രോങ്ങ് ആയി നിന്നിരുന്നു ഏട്ടൻ..പക്ഷേ ഈ നിമിഷം, അമ്മയുടെ വാത്സല്യം ഏട്ടന് അത്രയും ആഗ്രഹിച്ചിരുന്നിരിക്കാം... അപ്പോഴേക്കും ഞാനും കാറിൽ നിന്ന് ഇറങ്ങിയിരുന്നു.
അമ്മ സുരജേട്ടനെ പിടിച്ച് മാറ്റി, ഒരു നിമിഷം എന്നെ തന്നെ നോക്കി നിന്നു... എന്നിട്ട് ഒരക്ഷരം മിണ്ടാതെ വെട്ടി തിരിഞ്ഞു അകത്തേക്ക് പോയി.... ബാക്കി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...