എന്നും എപ്പോഴും, പാർട്ട് 3(അവസാന ഭാഗം)

Valappottukal Page



രചന: മരീലിൻ തോമസ്
കുറച്ച് സമയം ഞങ്ങൾ രണ്ടു പേരും അവിടെ തന്നെ നിന്നു.. സൂരജ് ഏട്ടന് എന്നെ തനിയെ അവിടെ നിർത്തിയിട്ട്, അകത്തേക്ക് കയറാനും വയ്യ.. അമ്മയും അച്ഛനും ഇപ്പോഴും എന്നെ ഉൾക്കൊണ്ടിട്ടില്ല എന്ന സത്യം എനിക്ക് ഏറെക്കുറെ ബോധ്യപ്പെട്ടു.. അവരുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങണം എന്നുണ്ടായിരുന്നു മനസ്സിൽ.. അത് നടന്നില്ലല്ലോ എന്ന വിഷമത്തിൽ പതിയ ഞാൻ തിരിഞ്ഞ് നടക്കാൻ തുടങ്ങി..

പെട്ടെന്നാണ്  അകത്ത് നിന്നും എന്തോ വലിയ ശബ്ദം കേട്ടത്.. സുരജേട്ടൻ ഓടി അകത്തേക്ക് പോകുന്നത് കണ്ടൂ.. അകത്ത് നിന്ന് അച്ഛന്റെയും എട്ടന്റെയും ഉച്ചത്തിൽ ഉള്ള സംസാരം കേൾക്കാം... ഒരു നിമിഷം ശങ്കിച്ച് നിന്നിട്ട് ഞാനും അകത്തേക്ക് ഓടി കയറി..അകത്തേക്ക് ചെല്ലുമ്പോൾ കാണുന്നത് പൂജാമുറിയിൽ വീണു കിടക്കുന്ന അമ്മയെ ആണ്.. തലയിൽ നിന്ന് രക്തം ഒലിച്ചിറങ്ങുന്നുണ്ട്... ഏട്ടനും അച്ഛനും അമ്മയെ എടുത്തു കൊണ്ട് പുറത്തേക്ക് ഓടി വരുന്നതു കണ്ട്, ഞാൻ മുൻപേ ഓടി കാറിന്റെ ഡോർ തുറന്നു.. അപ്പോഴാണ് അച്ഛൻ എന്നെ കാണുന്നത്.. ആ അവസ്ഥയിലും അച്ഛൻ ഒന്ന് ഞെട്ടി... അമ്മയെ കാറിന്റെ പുറകിലത്തേ സീറ്റിലേക്ക് കിടത്തി... അച്ഛനും പുറകിൽ കയറി, അമ്മയുടെ തലയിലെ മുറിവിൽ, അമ്മയുടെ സാരിയുടെ ഒരറ്റം അമർത്തി പിടിച്ച് ഇരുന്നു.. സൂരജേട്ടൻ വേഗം ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.. ഞാൻ സൈഡിലും.. 

അടുത്തുള്ള ഒരു ആശുപത്രിയിലേക്ക് ആണ് പോയത്.. അമ്മയെ കാഷ്വലിട്ടി യിലേക്ക് കയറ്റി.... പെട്ടെന്ന് ഡോക്ടറെ വിളിച്ചു വരുത്തി.... പരിശോധന കഴിഞ്ഞ് ഡോക്ടർ വരുന്നത് കണ്ട് ഏട്ടൻ പെട്ടെന്ന് അങ്ങോട്ടേക്ക് നടന്നു..

"പേടിക്കണ്ട.. പെട്ടെന്ന് എക്‌സൈറ്റഡ് ആയതുകൊണ്ട് ബി പി ഷൂട്ട് ചെയ്തതാണ്.. മുറിവ് ഡ്രസ്സ് ചെയ്തിട്ടുണ്ട്.. എന്നാലും ഒരു ദിവസം ഇവിടെ തന്നെ കിടക്കട്ടെ.. നാളെ ഡിസ്ചാർജ് ചെയ്യാം..മുറി റെഡി ആയിക്കഴിഞ്ഞ് അങ്ങോട്ടേക്ക് മാറ്റാം..."

വൈകാതെ അമ്മയെ മുറിയിലേക്ക് മാറ്റി.. ഡ്രിപ് ഇട്ടിട്ടുണ്ടായിരുന്നു.. അതുകൊണ്ടാവണം നല്ല മയക്കത്തിൽ ആയിരുന്നു.. പതിയെ ഞാൻ അമ്മയുടെ കാൽക്കൽ ചെന്നിരുന്നു..

അപ്പോഴേക്കും  അടുത്തുള്ള ഒന്ന് രണ്ടു ബന്ധുക്കൾ ആശുപത്രിയിലേക്ക് എത്തിയിരുന്നു.. അച്ഛൻ  വിളിച്ച് പറഞ്ഞതാണ്..എന്നെ അവിടെ കണ്ടപ്പോൾ നെറ്റി ചുളിച്ച് എന്തോ തമ്മിൽ പറഞ്ഞുകൊണ്ട് അച്ഛന്റെ അടുത്തേക്ക് പോകുന്നത് കണ്ടൂ.. 

സൂരജ് ഏട്ടൻ എന്റെ അടുത്തേക്ക് വന്നു..

"നിനക്ക് വിശക്കുന്നില്ലെ??? വാ വല്ലതും കഴിച്ചിട്ട് വരാം.. ഈ സമയത്ത് ഇങ്ങനെ വിശന്നു ഇരിക്കുന്നത് നല്ലതല്ല.. ഞാൻ അച്ഛനോട് പറഞ്ഞിട്ട് വരാം.. "

വിശപ്പ് ഇല്ലായിരുന്നിട്ടും ഞാൻ സൂരജ് ഏട്ടന്റെ കൂടെ പോയി..
ആശുപത്രിയുടെ അടുത്ത് ഒരു ശരവണ ഹോട്ടൽ ഉണ്ട്..അവിടേക്കാണ് പോയത്.. കഴിച്ചുകൊണ്ടിരുന്നപ്പൊഴും ഞങ്ങൾ തമ്മിൽ അധികം ഒന്നും സംസാരിച്ചില്ല.. 
അമ്മയെ കാണാൻ വന്നത് അപ്പച്ചിമാർ ആണെന്ന് മാത്രം ഏട്ടൻ പറഞ്ഞു..

ഇങ്ങനെ ഒക്കെ ആവും എന്ന് സ്വപ്നത്തില് പോലും വിചാരിച്ചതല്ല.. വന്ന് എല്ലാവരെയും കണ്ട്, വിശേഷം പറഞ്ഞ് അനുഗ്രഹം വാങ്ങി തിരിച്ച് പോകണം എന്ന് കരുതിയാണ് വന്നത്.. ഇതിപ്പോ.. ഇനി എന്തൊക്കെ ആയിരിക്കും നടക്കുക എന്നാലോചിച്ച് ഉള്ളിൽ ഒരു ആളൽ.. അവിടുന്ന് ഇറങ്ങിയപ്പോൾ അച്ഛനുള്ള ഭക്ഷണം പാർസൽ വാങ്ങി..

തിരിച്ച് റൂമിൽ എത്തിയപ്പോഴേക്കും അമ്മ എണീറ്റിരുന്നു..അമ്മയുടെ മുഖം കണ്ടിട്ട്, തലക്ക് നല്ല വേദന ഉണ്ടെന്ന് തോന്നുന്നു..അച്ഛൻ റൂമിൽ ഇല്ല.. അപ്പച്ചിമാരിൽ ഒരാള് അമ്മയോട് എന്തൊക്കെയോ പറയുന്നുണ്ട്.. 

"ഒന്നാമതേ അവള് സൂരജിനെ വല വീശി പിടിച്ചു... ഇനിയിപ്പോ അമ്മായിയമ്മയെ കൊല്ലാൻ ആയിരിക്കും ഇങ്ങോട്ട് എഴുന്നള്ളിയിരിക്കുന്നത്.. അല്ലെങ്കിൽ അവൾ കാലെടുത്ത് വെച്ചപ്പോൾ തന്നെ ചേച്ചി തല അടിച്ചു വീണു ഇവിടെ ഈ ആശുപത്രിയിൽ വന്നു കിടക്കുമോ... ഇന്നിപ്പോ ഇതിൽ ഒതുങ്ങി.. ഇനി അടുത്തത് എന്തൊക്കെയാണോ സംഭവിക്കാൻ പോകുന്നത്.. , അടിച്ചിറക്കിക്കോണം.. എങ്ങനെ എങ്കിലും സൂരജിനെ അവളുടെ കയ്യിൽ നിന്ന് രക്ഷിക്കാൻ ഉള്ള വഴി നോക്ക് ചേച്ചി.. നാലഞ്ച് കൊല്ലം ആയില്ലേ.. പിള്ളേരും ഇല്ല.. ആ മച്ചിയെ ഉപേക്ഷിച്ചിട്ട് അവൻ വന്നാൽ, നല്ല മണി മണി പോലുള്ള പെങ്കൊച്ചുങ്ങൾ ഉണ്ട് എന്റെ കസ്റ്റഡിയിൽ..."

അവർ പറഞ്ഞ് കൊണ്ടേ ഇരുന്നു...

ഏട്ടൻ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നൂ.. എന്തോ തിരിച്ച് പറയാൻ വന്നപ്പോഴേക്കും ഞാൻ ആ കയ്യിൽ കയറി പിടിച്ചു...  വേണ്ടാ എന്ന് കണ്ണ് കൊണ്ട് പറഞ്ഞു..  

അപ്പോഴേക്കും ഇതെല്ലാം കേട്ടുകൊണ്ട് വാതിൽക്കൽ നിൽക്കുന്ന ഞങ്ങളെ അമ്മ കണ്ടൂ.. അമ്മ വാതിൽക്കലേക്ക് നോക്കി ഇരിക്കുന്നത് കണ്ട് തിരിഞ്ഞു നോക്കിയ അപ്പച്ചി ഞങ്ങളെ കണ്ട് ഒന്ന് പരുങ്ങി.. 

അമ്മ മെല്ലെ കൈ കാണിച്ച് ഞങ്ങളെ അടുത്തേക്ക് വിളിച്ചു..

ഞങ്ങൾ അടുത്തേക്ക് ചെന്നപ്പോൾ  എന്റെ കൈ പിടിച്ച് അടുത്തിരുത്തി...ഞാൻ അത്ഭുതത്തോടെ അമ്മയെ നോക്കി.. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല..കൂടുതൽ കുത്തുവാക്കുകളും കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും തന്നെയായിരുന്നു പ്രതീക്ഷിച്ചിരുന്നത്..ഒരു കൈ കൊണ്ട് എന്റെ കവിളിലെ നനവ് തുടച്ച് തന്ന്‌ അമ്മ എന്നെ ചേർത്തിരുത്തി.. എന്നിട്ട് ആ സ്ത്രീയുടെ നേരെ തിരിഞ്ഞു പറഞ്ഞു...

"ശ്രീലതേ..  ഞാൻ വീണത് ഇവൾ വന്നു കയറിയത് കൊണ്ടൊന്നും അല്ല.. ഇവളെ നിലവിളക്ക് കൊടുത്ത് കൈ പിടിച്ച് അകത്തേക്ക് കയറ്റാൻ  വേണ്ടി തന്നെയാ പൂജാമുറിയിലേക്ക് ഓടിയത്..  ഒരുപാട് സന്തോഷം പെട്ടെന്ന് വന്ന്, അത് താങ്ങാൻ വയ്യാതെ  ആവും നിലവിളക്ക് എടുത്ത് കൊണ്ടിരുന്നപ്പോൾ തല കറങ്ങി വീണത്...  അല്ലാതെ ഇതിന് വേറൊരു അർത്ഥവും ആരും കണ്ടുപിടിക്കണ്ട.... "

"പിന്നെ എന്റെ കുഞ്ഞിന്റെ അംശം ഇവളുടെ വയറ്റിൽ വളരുന്നുണ്ട്.. അത് പറയാനും ഞങ്ങളുടെ അനുഗ്രഹം വാങ്ങാനും ആണ് ഇവർ ഇന്ന് വന്നത് തന്നെ...  ഇനി ഇപ്പൊ അങ്ങനെ ഒന്ന് ഇല്ലായിരുന്നെങ്കിൽ തന്നെ കെട്ടി, കൂടെ കഴിഞ്ഞ പെണ്ണിനെ ഉപേക്ഷിച്ച് വേറെ കെട്ടാൻ പറയാൻ മാത്രം ഞങ്ങൾ അധഃപതിച്ചിട്ടില്ല.. "

"മോളെ.."

അച്ഛൻ ആണ്..പുറത്തേക്ക് എങ്ങോട്ടാ പോയിരുന്ന അച്ഛൻ, തിരിച്ച് റൂമിലേക്ക് കയറി വന്നപ്പോൾ ആണ് അമ്മ പ്രഗ്നൻസി യുടെ കാര്യം പറയുന്നത് അച്ഛൻ കേട്ടത്..

 "സത്യമാണോ മോളെ... "

അച്ഛൻ എന്റെ അടുത്തേക്ക് വന്നു.. തലയിൽ കൈ വെച്ച് എന്നെ അനുഗ്രഹിച്ചു.. ഏട്ടന്റെ അടുത്ത് ചെന്ന് ഏട്ടനെ കെട്ടിപ്പിടിച്ചു.. രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു...

"നിങ്ങള് ഇപ്പൊൾ ചെല്ല്.. ഇവിടെ ഒരുപാട് പേരുടെയൊന്നും ആവശ്യമില്ലല്ലോ.. അവൾക്കിപ്പോൾ ഒരു പ്രശ്നവും ഇല്ല..." അപ്പച്ചിമാരോടായി അച്ഛൻ പറഞ്ഞു..

അവർ എന്നെ ഒന്ന് ഇരുത്തി നോക്കിയിട്ട് അവിടെ നിന്നും തിരിച്ച് പോയി...

"മോളെ.. കുറച്ച് നാൾ ആയി അമ്മയുടെ മനസ്സിൽ  നിങ്ങള് രണ്ടു പേരുടെയും ഓർമ്മ തന്നെ ആയിരുന്നു.. വന്നു കൂട്ടികൊണ്ട് വരണം എന്ന് ഒരുപാട് വട്ടം വിചാരിച്ചത് ആണ്.. അച്ഛനും അത് തന്നെ ആയിരുന്നു ആഗ്രഹം.. പക്ഷേ അവസാന നിമിഷം എന്തോ ഒന്ന് എന്നെ പുറകോട്ടു വലിക്കും.."

 "ഇവൻ ഇവിടെ വരുമ്പോൾ ഒന്നും, മോളെ പറ്റി ഒന്നും പറയാറില്ല.. എന്തോ വാശി പോലെ.. അതുകൊണ്ട് ഞാനും മോളെ പറ്റി ഇവനോട് ചോദിക്കാൻ  പോയില്ല.. അതെന്റെ തെറ്റ്.."അമ്മ സൂരജ് ഏട്ടനെ നോക്കിക്കൊണ്ട് പറഞ്ഞു..

"ഇന്നിപ്പോ പെട്ടെന്ന് നിങ്ങളെ കണ്ടപ്പോൾ.. മോളുടെ വിശേഷം അറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് മനസ്സ് കൈ വിട്ടു പോയി .. അതാ ഇപ്പൊ തലയിൽ കെട്ടും ആയി ഇവിടെ ഇങ്ങനെ കിടക്കുന്നത്.."
അമ്മ ചിരിച്ചു...

"പിന്നെ ആ പോയവർ പറഞ്ഞതൊന്നും മോൾ കാര്യമാക്കേണ്ട.. അവളുടെ മകളെ സൂരജിന് കൊടുക്കാൻ ഒരു ആലോചന ഉണ്ടായിരുന്നു അവർക്ക്.. ഇപ്പൊ അവള് ഭർത്താവിനെ ഉപേക്ഷിച്ച് വീട്ടിൽ വന്നു നിൽപ്പുണ്ട്..അതിന്റെയൊക്കെ ആവാം അവള് അങ്ങനെ പറഞ്ഞത്..."

വൈകിട്ട് ആയപ്പോഴേക്കും അമ്മ ഞങ്ങളെ വീട്ടിലേക്ക് പറഞ്ഞു വിട്ടു... അമ്മക്ക് കൂട്ട് ഞാൻ  നിൽക്കാം എന്ന് പറഞ്ഞിട്ടും ആരും സമ്മതിച്ചില്ല.. ഇങ്ങനെ ഉള്ള സമയത്ത് നന്നായി ഉറങ്ങണം, ആശുപത്രിയിൽ അധിക സമയം നിൽക്കണ്ട എന്നൊക്കെ പറഞ്ഞ് ഞങ്ങളെ തിരിച്ച് വിട്ടു..

വീട്ടിൽ എത്തിയപ്പോഴേക്കും ഞാനും ഏട്ടനും തളർന്ന് സോഫൈലേക്ക് വീണിരുന്നു.. എന്നാലും എന്തൊരു മനസമാധാനം.. ഭക്ഷണം , വരുന്ന വഴി വാങ്ങിയിരുന്നു.. തളർച്ച ഇത്തിരി മാറിയപ്പോൾ എഴുന്നേറ്റു കുളിച്ച് ഭക്ഷണം കഴിച്ചു.. ക്ഷീണം കാരണം കട്ടിൽ കണ്ടത് പോലും ഓർമ്മ ഇല്ല...

പിറ്റേന്ന് നേരത്തെ എണീറ്റ് രണ്ടുപേരും ഒരുങ്ങി ആശുപത്രിയിലേക്ക് പുറപ്പെട്ടു.. അവിടെ എത്തിയപ്പോഴേക്കും ഡോക്ടർ വന്നു നോക്കി അമ്മക്ക് ഡിസ്ചാർജ് എഴുതി കൊടുത്തിരുന്നു.. ഞങ്ങൾ നാല് പേരും ഏട്ടന്റെ വീട്ടിലേക്ക് തിരിച്ചു..

അങ്ങനെ വർഷങ്ങൾക്കിപ്പുറം അമ്മയുടെ കൈ പിടിച്ച് എല്ലാ അധികാരത്തോടെയും ഞാൻ ആ വീട്ടിലേക്ക് കയറി.. തിരിച്ച് വാടക വീട്ടിലേക്ക് പോകാൻ അമ്മ സമ്മതിച്ചില്ല..രണ്ടു ദിവസം കഴിഞ്ഞപ്പോൾ  സുരജേട്ടൻ തന്നെ, സാധനങ്ങൾ എല്ലാം അവിടെ നിന്ന് മാറ്റി, വീട് ഒഴിഞ്ഞു കൊടുത്തു.. അപ്പോഴേക്കും അമ്മ പഴയ ചുറുചുറുക്കുള്ള അമ്മയായി.. 

പിന്നെ അങ്ങോട്ട് അമ്മയുടെ പരിപാലനയും സ്നേഹവും ഞാൻ അനുഭവിക്കുകയായിരുന്നു... ഇഷ്ടപെട്ട ആഹാരം ഉണ്ടാക്കി തന്നും എന്റെ കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങൾക്കും വട്ടുകൾക്കും കൂടെ നിന്നും,  അമ്മ എന്നെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ചു..  

മാസങ്ങൾ വളരെ വേഗം കടന്നു പോയി..

**************************************************

ഇന്നാണ് നിഷയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.. ബി പി പൊതുവെ കൂടുതൽ ആയിരുന്നു ഗർഭ കാലത്ത് ..കൂടാതെ അവസാന മാസങ്ങൾ ആയപ്പോൾ ഷുഗറും കൂടി....  കഴിഞ്ഞ തവണ ചെക്ക്‌ അപ്പിന് പോയപ്പോഴും ഡോക്ടർ പ്രത്യേകം പറഞ്ഞു നല്ലതുപോലെ സൂക്ഷിക്കണം എന്ന്... അതുകൊണ്ട് എല്ലാവർക്കും കുറച്ച് പേടിയോക്കെ ഉണ്ട്.. 

സിസേറിയൻ മതി എന്ന് ഡോക്ടർ നേരത്തെ പറഞ്ഞിരുന്നു... ഷുഗർ ഉള്ളത് കൊണ്ട് ടേം കമ്പ്ലീറ്റ് ആക്കാൻ നിന്നാൽ അത് കുഞ്ഞിന് കേടാണ്.. അവസാന ആഴ്ചകളിൽ കുഞ്ഞിന് ഭാരം വല്ലാതെ കൂടാൻ ചാൻസ് ഉണ്ട്..

 അച്ഛനും അമ്മയും ഞാനും മുറിയിൽ അത്യാവശ്യം ടെൻഷൻ അടിച്ചു ഇരിക്കുകയാണ്.. പക്ഷേ അവൾക്ക് യാതൊരു ഭാവമാറ്റവും ഇല്ല..  രാത്രി അവൾക്കുള്ള ഭക്ഷണം നേരത്തെ കൊടുത്തു.. 8 മണി കഴിഞ്ഞാൽ ഒന്നും കഴിക്കാൻ പാടില്ല എന്നു പറഞ്ഞിട്ടുണ്ട്..

ആ രാത്രി എനിക്ക് ഒട്ടും ഉറക്കമില്ലാത്ത രാത്രി ആയിരുന്നു.. നിഷക്കും കുഞ്ഞിനും ഒരു ആപത്തും വരുത്താതെ എനിക്ക് തരണേ എന്ന പ്രാർത്ഥന ആയിരുന്നു മനസ്സ് നിറയെ..

രാവിലെ  7 മണിയോട് കൂടെ അവളെ ഒരുക്കി തീയേറ്ററിലേക്ക് കൊണ്ടുപോയി... ഞാനും അമ്മയും അച്ഛനും ആ ഫ്ലോറിലെ ലിഫ്റ്റ് വരെ അവളുടെ കൂടെ ചെന്നു.. ലിഫ്റ്റിലേക്ക് അവളെ കയറ്റും മുൻപ് അവളിലേക്ക് ചാഞ്ഞ് ആ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു... 

പോയി എന്റെ കുഞ്ഞൂസിനെയും കൊണ്ട് വേഗം വാടി എന്ന് പറഞ്ഞ് അവളെ ലിഫ്റ്റിലേക്ക് കയറ്റി...

ലിഫ്റ്റ് ഡോർ അടഞ്ഞതും വല്ലാത്തൊരു പേടി.. അച്ഛൻ എന്റെ തോളിൽ കൈ വെച്ച് സമാധാനിപ്പിച്ചു.. എന്റെ അവസ്ഥ അച്ഛനെക്കാളും നന്നായി ആര് മനസ്സിലാക്കാൻ.. ഞങ്ങൾ സാവധാനം തീയേറ്ററിന്റെ മുൻപിൽ ചെന്ന് ഇരുന്നു..

ടെൻഷൻ കാരണം ഇരിക്കുമ്പോൾ നിൽക്കാൻ തോന്നും... നിൽക്കുമ്പോൾ ഇരിക്കാൻ തോന്നും.. ആകെ അസ്വസ്ഥത....

സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു.. പെട്ടെന്ന് തീയേറ്ററിലേക്ക്  കുറച്ചു പ്രായം ഉള്ള ഒരു ഡോക്ടർ ഓടിക്കയറി പോകുന്നത് കണ്ടു.. എന്തോ ഒരു പേടി മനസ്സിൽ.. നിഷക്കും കുഞ്ഞിനും ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയിൽ ഞങ്ങൾ അവിടെ ഇരുന്നു..

രണ്ടു മൂന്നു നഴ്സുമാർ തീയേറ്ററിൽ നിന്ന് ഇറങ്ങി വന്നു.. ഓടി ചെന്ന് അവരോട് കാര്യം ചോദിച്ചു... ഒന്നുമില്ല എന്ന് അവർ പറഞ്ഞെങ്കിലും മനസ്സിൽ അപ്പോഴേക്കും വല്ലാതെ പേടി വർധിച്ചിരുന്നു..

നിഷയോ കുഞ്ഞാ ഇല്ലാത്ത ഒരു ജീവിതം സ്വപ്നത്തില് പോലും വിചാരിക്കാൻ വയ്യ..

ദേഹം മുഴുവൻ തളർന്നു പോകുന്നതുപോലെ.. അര മുക്കാൽ മണിക്കൂർ എന്നാണ് നേരത്തെ പറഞ്ഞിരുന്നത്.. ഇതിപ്പോ മണിക്കൂർ ഒന്ന് കഴിഞ്ഞിരിക്കുന്നു.. 

സമയം വൈകും തോറും മനസ്സിലെ ആധിയും വർധിച്ചുകൊണ്ടെ ഇരുന്നു..

"നിഷ സൂരജ്..." തീയേറ്ററിന്റെ വാതിൽ തുറന്നു നഴ്സ് വിളിച്ചു...

സൂരജും അമ്മയും അച്ഛനും ഓടി ചെന്നു...

"കഴിഞ്ഞു കേട്ടോ..പെൺകുഞ്ഞ് ആണ്... കുഞ്ഞിനെ കുറച്ചു കഴിയുമ്പോൾ കൊണ്ടു വന്ന് കാണിക്കാം ട്ടോ.."

"നിഷ..."

"കുഴപ്പമൊന്നുമില്ല.. പക്ഷേ ചേച്ചി ഇടക്ക് ഞങ്ങളെ ഒന്ന് പേടിപ്പിച്ചു ട്ടോ ... പ്രഷർ ഇത്തിരി കൂടി.. ദൈവാധീനം കൊണ്ട് അമ്മയെയും കുഞ്ഞിനെയും ഒരു കുഴപ്പവും ഇല്ലാതെ കിട്ടി.."

മനസ്സിൽ  സകല ദൈവങ്ങൾക്കും നന്ദി പറഞ്ഞു ഞാൻ... 
മനസ്സ് ഒന്ന് തണുത്തു എങ്കിലും നിഷയെയും കുഞ്ഞിനെയും കാണാതെ സമാധാനം ഇല്ലായിരുന്നു..

കുറച്ചു കഴിഞ്ഞ്  ഇളം പിങ്ക് തുണിയിൽ പൊതിഞ്ഞ  കുഞ്ഞു മാലാഖയെ നഴ്സ് സൂരജിന്റെ കയ്യിലേക്ക് കൊടുത്തു.. ആ കുഞ്ഞിന്റെ കവിളിൽ ആദ്യമായി ഒരു ഉമ്മ കൊടുക്കുമ്പോൾ ഈ ലോകം മുഴുവൻ വെട്ടിപ്പിടിച്ച സന്തോഷം ആയിരുന്നു സൂരജിന്..  സിസേറിയൻ ബേബി ആയതുകൊണ്ട് കുഞ്ഞിനെ രണ്ട് ദിവസത്തേക്ക് എൻ ഐ സി യു വിലേക്ക് മാറ്റി..

പോസ്റ്റ് ഓപ്പറേഷൻ വാർഡിലേക്ക് മാറ്റുന്നതിന് മുൻപ് നിഷയെ ഒന്ന് കാണിച്ചു.. 
പാതി അബോധാവസ്ഥയിൽ ആയിരുന്നു അവള്.. ഞാൻ ചോദിച്ചതിന് ഒന്നും അല്ല അവള് മറുപടി പറഞ്ഞത്...

പിറ്റേന്ന് രാവിലെ ആണ് നിഷയെ  മുറിയിലേക്ക് കൊണ്ടുവന്നത്..  അവളുടെ കൈയ്യും പിടിച്ച് അവളുടെ കണ്ണുകളിലേക്ക് നോക്കി അങ്ങനെ എത്ര നേരം ഞാൻ ഇരുന്നു എന്ന് എനിക്കറിയില്ല... എന്റെ കുഞ്ഞിന്റെ അമ്മ.. പറഞ്ഞറിയിക്കാനാവാത്ത ഒരു ഫീൽ..
കുഞ്ഞിനെ ഇടക്ക് ഇടക്ക് ഫീഡിങ്ങിനായി കൊണ്ട് വന്നിരുന്നു.. 

അങ്ങനെ ആശുപത്രി വാസവും കഴിഞ്ഞ് കുഞ്ഞിനെയും അമ്മയെയും വീട്ടിലേക്ക് കൊണ്ടുവന്നു.. അമ്മ ആരതി ഉഴിഞ്ഞ് അവരെ അകത്തേക്ക് കയറ്റി.. 

ബാഗുകൾ എല്ലാം മുറിയിൽ കൊണ്ട് വെച്ച് തിരികെ വന്നപ്പോൾ ഞാൻ കണ്ട കാഴ്ച..

അച്ഛന്റെ മടിയിൽ കുഞ്ഞു.. ഒരു സൈഡിൽ അമ്മ.. മറു സൈഡിൽ നിഷ... മൂന്നുപേരുടെയും മുഖത്ത് സന്തോഷം മാത്രം.. അങ്ങോട്ടും ഇങ്ങോട്ടും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട് മൂന്ന് പേരും..എന്റെ സ്വർഗ്ഗം..

"എന്നും എപ്പോഴും" ഈ സ്നേഹം ഇങ്ങനെ തന്നെ നിലനിൽക്കട്ടെ എന്ന പ്രാർത്ഥന ആണ് ഇപ്പൊ എന്റെ മനസ്സിൽ..

 വിരാജ് കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു.. അവൻ ലണ്ടനിൽ പഠിക്കുകയാണ്.. വൈകാതെ വരും കുഞ്ഞിയെയും എട്ടത്തിയമ്മയെയും കാണാൻ.. എന്നാൽ ഞാൻ കൂടെ ചെല്ലട്ടേ എന്റെ സ്വർഗ്ഗത്തിലേക്ക്... ഞങ്ങളുടെ  ഈ  യാത്രയിൽ കൂടെ നടന്ന എല്ലാവർക്കും ഒരുപാട് ഒരുപാട് സ്നേഹം.. 

ശുഭം.... ഇനി സന്തോഷമായി ജീവിക്കട്ടേ അല്ലെ സൂരജും നിഷയും അവരുടെ കുഞ്ഞിയും അമ്മയും അച്ഛനും വിരാജും..... 
"എന്നും എപ്പോഴും" വായിച്ച് പ്രോത്സാഹിപ്പിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.. ഇനിയും "എന്നും എപ്പോഴും" കൂടെ കാണും എന്ന പ്രതീക്ഷയിൽ....  ലൈക്ക് ചെയ്യണേ, അഭിപ്രായങ്ങൾ പറയണേ.... ഷെയർ ചെയ്യണേ...

സ്നേഹം
മരീലിൻ
കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top