പ്രിയമാനവളേ, ഭാഗം: 2

Valappottukal Page
🌺 🦋പ്രിയമാനവളേ  🦋🌺02
 

രചന: Gayathri Vasudev 

" ക്യാൻ ഐ ഹഗ് യൂ ജഗൻ ?  " 

അവളുടെ ചോദ്യത്തിന് അവൻ ഇരുകൈകളും നിവർത്തിപിടിച്ചു.. അവൾ പതിയെ അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തുവെച്ചു.. അവന്റെ ഹൃദയമിടിപ്പ് ചെവിയിൽ മുഴങ്ങി കേട്ടതും തനു കണ്ണുകൾ ഇറുകെ അടച്ചു.. 

""ഈയൊരു ജന്മം മുഴുവൻ ഓർക്കാൻ എനിക്കിത് മാത്രം മതി ജഗൻ..ഒരാൾക്ക് വേണ്ടി  മാത്രം ജീവിക്കുന്നതിൽ ഒരു സുഖമുണ്ടെന്നു ഞാനറിഞ്ഞത് നീ കൂടെ ഉണ്ടായിരുന്ന ദിവസങ്ങളിൽ ആയിരുന്നു... ""

  അവളുടെ മനസ് മന്ത്രിച്ചുകൊണ്ടിരുന്നു.. പതിയെ അവന്റെ നെഞ്ചിൽ നിന്നും അടർന്നുമാറി അവൾ അവനെ നോക്കിനിന്നു... എയർപോർട്ടിനകത്തേക്ക് അകന്നു പോകുന്ന ജഗന്റെ രൂപം അവ്യക്തമായാണ് അവൾ കണ്ടത്.. തുടച്ചുമാറ്റും തോറും കണ്ണുകൾ നിറഞ്ഞിരുന്നു .. 

റെസിഗ്‌നേഷൻ ലെറ്റർ മെയിൽ ചെയ്യുമ്പോൾ ഉള്ളിൽ ഒരു തിടുക്കം ആയിരുന്നു.. എത്രയും വേഗം ഇവിടെ നിന്നും പോകണം എന്ന് മാത്രമേ ഉള്ളിൽ ഉണ്ടായിരുന്നുള്ളു.. നാലാഴ്ച്ച  കഴിഞ്ഞേ കൺഫേം ചെയ്ത് പോകാൻ പറ്റൂ.. ജഗൻ അത് കഴിഞ്ഞേ വരികയുള്ളു എന്നതൊരു ആശ്വാസം ആയിരുന്നു.... ഇനി ഒരുവട്ടം കൂടി ജഗനെ കണ്ടാൽ ഉള്ളിൽ ഉള്ളതെല്ലാം ആ നെഞ്ചിൽ വീണു കരഞ്ഞു പറഞ്ഞുപോകുമോ എന്ന ഭയം ആയിരുന്നു.. 

രണ്ട് ദിവസങ്ങൾക്കു ശേഷം ജഗന്റെ മെസ്സേജ് വന്നതും തുടിക്കുന്ന നെഞ്ചുമായി അത് ഓപ്പൺ ചെയ്ത് നോക്കി.. ഒരു കുരുന്നിനെ കയ്യിലെടുത്തു നിൽക്കുന്ന ജഗന്റെ ചിത്രം ആയിരുന്നു അത്.. അവന്റെ മുഖത്ത് നിറഞ്ഞുനിൽക്കുന്ന സന്തോഷം കണ്ട് കണ്ണീർപ്പാടിനിടയിലും വെറുതെ ഒന്ന് ചിരിച്ചു.. ഒരു ലവ് ഇമോജി തിരികെ അയച്ചു ഫോൺ ബെഡിലേക്ക് എറിഞ്ഞു... 

അയാളുടെ  ചിരി തന്നെ കൊല്ലാതെ കൊല്ലുകയാണ് എന്ന് അവൾ തിരിച്ചറിഞ്ഞു..മൂന്ന് നാല് ദിവസം കഴിഞ്ഞ് ഒരു വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു തിരികെ വരുമ്പോഴാണ് ജഗന്റെ ഫ്ലാറ്റിന്റെ ഡോർ തുറന്നു കിടക്കുന്നത്  കണ്ടത്.. നെഞ്ചൊന്നു പിടഞ്ഞെങ്കിലും വേഗം സ്വന്തം ഫ്ലാറ്റിൽ കയറി വാതിൽ അടച്ചു അതിൽ ചാരിനിന്നു... 

"ഇതെന്താ നേരത്തെ വന്നത് ?  ചാരുവും കുഞ്ഞും കാണുമോ കൂടെ ? "" തുടങ്ങി ഒരായിരം ചോദ്യങ്ങൾ അവളുടെ ഉള്ളിൽ ഉയർന്നുകൊണ്ടിരുന്നു.. ഉയർന്നുവന്ന ശ്വാസഗതിയെ ഒരുനിമിഷം കൊണ്ട് ശാന്തമാക്കി... കുറച്ച് വെള്ളമെടുത്തു കുടിച്ച് സോഫയിലേക്ക് ചാഞ്ഞു... മനസൊന്നു ശാന്തമായെന്നു തോന്നിയതും പതിയെ എഴുന്നേറ്റു പോയി കുളിച്ചുവന്നു.. തണുത്ത വെള്ളം മനസിനെ ഒന്ന് തണുപ്പിച്ചുവെന്നു ഒരുവേള അവൾക്ക് തോന്നി... 

നേരം ഏറെ കഴിഞ്ഞതും പറഞ്ഞറിയിക്കാനാവാത്ത ഒരു അസ്വസ്ഥത മനസിനെ തഴുകുന്നത് പോലെ.. ഡോർ തുറന്നു നോക്കിയപ്പോ കണ്ടു ഇപ്പോഴും ജഗന്റെ ഫ്ളാറ്റിലെ ഡോർ തുറന്നു കിടക്കുന്നത്...

 ഏതോ ഓരോ നിമിഷത്തിൽ തോന്നിയ ധൈര്യത്തിൽ അവിടേക്ക് നടന്നു.. ഹാളിലും കിച്ചണിലും ഒന്നും ആരെയും കണ്ടില്ല.. മൂന്ന് ട്രാവൽ ബാഗുകൾ ഒരു മൂലയിൽ കിടക്കുന്നുണ്ട്.. ജഗന്റെ മുറിയിൽ നോക്കിയപ്പോൾ കമിഴ്ന്നു കിടക്കുകയാണ് അയാൾ.. വന്ന വേഷം പോലും മാറ്റിയിട്ടില്ല എന്ന് തോന്നി.. ടേബിളിൽ പാതി കാലിയായ മദ്യക്കുപ്പിയും... പിന്തിരിഞ്ഞു പോകാൻ ഒരുങ്ങിയെങ്കിലും അവളുടെ കാലുകൾ ചലിച്ചില്ല.... 

""  ജഗൻ.."" അവന്റെ അരികിൽ ഇരുന്നു അവൾ പതിയെ അവന്റെ പുറത്ത് തട്ടി... അവന്റെ കവിളിൽ കൂടി കണ്ണുനീർ ഒഴുകിയിറങ്ങിയ പാട് കണ്ട് തനുവിന്റെ ഉള്ളം പിടഞ്ഞു... 

"ജഗൻ.. " അവൾ ഒന്നുകൂടി വിളിച്ചു... അവൻ അവളെ നോക്കാതെ തിരിഞ്ഞു കിടന്നതും അവൾ എഴുന്നേറ്റ് അപ്പുറത്തെ സൈഡിൽ വന്നിരുന്നു അവന്റെ കൈ എടുത്തു അതിൽ പതിയെ തടവിക്കൊണ്ടിരുന്നു .. അവൻ നല്ല ഉറക്കത്തിൽ ആണെന്ന് കണ്ട് പതിയെ അവന്റെ നെറുകയിൽ തഴുകി .... 

പിന്നെ എഴുന്നേറ്റ് അവിടെയെല്ലാം അടിച്ചുവാരി ഇട്ടു സ്വന്തം ഫ്ലാറ്റിലേക്ക് വന്നു കഴിക്കാൻ ഉണ്ടാക്കി അതെടുത്തു കാസറോളിൽ പകർന്നു ജഗനരുകിലേക്ക് നടന്നു... അപ്പോഴേക്കും അയാൾ ഉണർന്നു കുളിക്കാൻ കയറിയിരുന്നു.. അവൾ വേഗം പോയി ചായ ഉണ്ടാക്കി ഡൈനിങ്ങ് ടേബിളിൽ അവനെയും കാത്തിരുന്നു... 

തലയും തോർത്തി ഇറങ്ങിവന്ന ജഗൻ കാണുന്നത് ഫോണിൽ എന്തോ നോക്കിക്കൊണ്ട് ഇരിക്കുന്ന തനുവിനെയാണ്.. 
അവൻ വന്നത് അറിഞ്ഞതും അവൾ ചായ എടുത്തു അവനു നേരെ നീട്ടി.. അവൻ ഒന്നും മിണ്ടാതെ അത് വാങ്ങി അവിടെ ഇരുന്നു... 

"എന്തേ നേരത്തെ വന്നത് ?  ചാരുവും കുഞ്ഞും എവിടെ ? അവരെയും കൂടെ കൊണ്ടുവരും എന്നല്ലേ പറഞ്ഞത് ?  "

അവളുടെ ചോദ്യം കണ്ട് അവൻ അവളുടെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി.. 

"എന്താ ജഗൻ ഇങ്ങനെ നോക്കുന്നത് ?  "

"എന്നെ കണ്ടിട്ട് ഒരു പൊട്ടൻ ആയി തോന്നുന്നുണ്ടോ തനു ?  എല്ലാവർക്കും പറഞ്ഞ് പറ്റിക്കാൻ പാകത്തിന് ഒരുവൻ ആയി തോന്നുന്നുണ്ടോ ?  "
അവന്റെ സ്വരം ഇടറിയിരുന്നു... 

" എന്താ ജഗൻ ഇങ്ങനെയൊക്കെ പറയുന്നത് ?  അതിനുമാത്രം എന്താ ഉണ്ടായത്  ?  ചാരു എവിടെ ?  "

" അവൾ വീണ്ടും എന്നെ പറ്റിക്കുകയായിരുന്നു തനു.. ഞാനൊരു പമ്പരവിഡ്ഢി. "

ടേബിളിലേക്ക് തലവെച്ചു അവൻ പറഞ്ഞതും തനു എഴുന്നേറ്റ് ചെന്നു അവന്റെ തലയിൽ തടവി.. പെട്ടന്നവൻ അവളുടെ അരയിലൂടെ കയ്യിട്ട് അവളുടെ വയറിൽ മുഖം പൂഴ്ത്തി.. പെട്ടന്നായത്കൊണ്ട് തനു ഒന്ന് പുളഞ്ഞുപോയി... അയാൾ കരയുകയാണ് എന്ന് കണ്ടതും വാത്സല്യത്തോടെ അവൾ അവന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചുകൊണ്ടിരുന്നു... അല്പനേരത്തിനൊടുവിൽ അവൻ നോർമൽ ആയി എന്ന് കണ്ടതും അവൾ കസേര വലിച്ചിട്ടു അവന്റെ അരികിലായി ഇരുന്നു.. അവന്റെ കൈപിടിച്ചു.. 

"ജഗൻ ഇനിയെങ്കിലും പറയു. എന്താ കാര്യം ? "

"അവൾ പറഞ്ഞതെല്ലാം കളവ് ആയിരുന്നു ചാരു.. എന്റേതെന്നു അവൾ പറഞ്ഞ ആ കുഞ്ഞിനെ അവൾ പ്രസവിച്ചത് എന്റെ വീട്ടിൽ നിന്നും അവൾ ഇറങ്ങിപ്പോയി ഒരു വർഷവും മൂന്ന് മാസവും കഴിഞ്ഞ്.  ആദ്യം തന്നെ എനിക്കൊരു സംശയം തോന്നിയിരുന്നു...അതാണ് അത്ര തിടുക്കപ്പെട്ട് ഞാൻ നാട്ടിലേക്ക് പോയത്.. നാട്ടിലെത്തി അന്വേഷിച്ചപ്പോൾ മനസിലായി അവളുടെ ഇപ്പോഴത്തെ ഭർത്താവിന്റെ  ബിസിനസ് തകർന്നു ജീവിക്കാൻ ഒരു മാർഗവും ഇല്ലാതെ വന്നപ്പോൾ അവൾ കണ്ടുപിടിച്ച വഴി ആയിരുന്നു ഇതെന്ന്.. കുഞ്ഞിന്റെ പേരും പറഞ്ഞ് എന്റെ കയ്യിൽ നിന്നു പൈസ തട്ടാൻ ഉള്ള പ്ലാൻ ആയിരുന്നു.. അതറിഞ്ഞു ഞാൻ അവളെ കണ്ട് ചോദിച്ചു.. ആദ്യമൊന്നും പറഞ്ഞില്ല.. സഹികെട്ടപ്പോൾ രണ്ടെണ്ണം കൊടുക്കേണ്ടി വന്നു... പോലീസിനെ വിളിക്കുമെന്നും എന്റെ കുഞ്ഞിനെ ഞാൻ കൊണ്ടുപോയി വളർത്തിക്കോളാം എന്നും പറഞ്ഞപ്പോൾ അവൾ സത്യമെല്ലാം തുറന്നു പറഞ്ഞു... പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല തനു.. ""

തനുവിന് അവനെ ആശ്വസിപ്പിക്കാൻ വാക്കുകൾ ഒന്നും കിട്ടിയില്ല.. അവൾ വെറുതെ അവന്റെ കയ്യിൽ തലോടിക്കൊണ്ടിരുന്നു...ഒരു കണക്കിന് അവനതൊരു ആശ്വാസം ആയിരുന്നു.. 

എത്രനേരം അങ്ങനെ ഇരുന്നെന്നു അറിയില്ല.. നേരം ഇരുട്ടി തുടങ്ങിയതും തനു എഴുന്നേറ്റു രണ്ടാൾക്കും ഭക്ഷണം വിളമ്പിവെച്ചു.. ജഗൻ  വേണ്ട എന്ന് പറഞ്ഞെങ്കിലും അവളത് കാര്യമാക്കാതെ അടുത്തിരുന്നു അവനെ കഴിപ്പിച്ചു.... 

രാത്രി ജഗൻ ഉറങ്ങുവോളം തനു അവന്റെ കൂടെ ഉണ്ടായിരുന്നു .. അവൻ ഉറങ്ങിയെന്നു മനസ്സിലായതും അവന്റെ നെറ്റിയിൽ ഒന്ന് ചുംബിച്ചിട്ട് അവളും കിടന്നുറങ്ങി.. രാവിലെ ഫ്രഷ് ആയി തനു വേഗം ജഗന്റെ അടുത്തേക്ക് ചെന്നു.. അവൻ ഹോസ്പിറ്റലിൽ പോകാൻ റെഡിയായിരുന്നു അപ്പോഴേക്കും.. 

"ഇതെങ്ങോട്ടാ ?  "

"ഹോസ്പിറ്റലിലേക്ക്.. ലീവ് ക്യാൻസൽ ചെയ്ത് ഡ്യൂട്ടിക്ക് കേറാം ന്നു വിചാരിച്ചു..  ഇന്നലെ താൻ എപ്പോഴാ പോയത് ?  ഞാൻ ഉറങ്ങിപ്പോയി.., "

" ജഗൻ ഉറങ്ങിക്കഴിഞ്ഞാ പോയത്.. റെഡി ആയെങ്കിൽ വാ ബ്രേക്ഫാസ്റ്റ് കഴിക്കാം.. ജഗനും കൂടി ഉള്ളത് ഞാൻ ഉണ്ടാക്കിയിട്ടുണ്ട്... "

വേണ്ട എന്ന് പറഞ്ഞൊഴിയാൻ അവൻ ശ്രെമിച്ചെങ്കിലും അവൾ വിട്ടില്ല.. ഷർട്ടിന്റെ സ്ലീവ് മടക്കിക്കൊണ്ട് ജഗൻ അവൾക്ക് പിന്നാലെ നടന്നു.. 

"ജഗൻ എനിക്കെന്താ കൊണ്ടുവന്നത് നാട്ടിൽ നിന്നു ?  "

"അമ്മ എന്തൊക്കെയോ ബാഗിൽ കുത്തിനിറച്ചു തന്നു വിട്ടിട്ടുണ്ട്.. ഡ്യൂട്ടി കഴിഞ്ഞ് വന്നിട്ട് നമുക്ക് തുറന്നു നോക്കാം എല്ലാം... "

അവൻ  പറഞ്ഞതും തനു ചിരിച്ചുകൊണ്ട് തംബ്സ് അപ്പ്‌ കാണിച്ചു.. ജഗന് അത് കണ്ടപ്പോൾ ചിരിയാണ് വന്നത്.. 
കൈകഴുകിക്കൊണ്ട് നിൽക്കുമ്പോൾ ആണ് കിച്ചണിൽ നിന്നു എന്തോ തട്ടിമറിഞ്ഞു വീഴുന്ന ശബ്ദം കേട്ടത്.. അവൻ ഓടിച്ചെന്നു നോക്കിയപ്പോൾ കണ്ടത് നിലത്തു കിടക്കുന്ന തനുവിനെ ആണ്.. എഴുന്നേൽക്കാൻ പറ്റാതെ അവൾ വേദനകൊണ്ട് പുളയുന്നത് കണ്ടതും ജഗൻ വേഗം തനുവിനെ പൊക്കിയെടുത്തു സെറ്റിയിൽ കൊണ്ടുപോയി കിടത്തി... 

"എന്ത് പറ്റിയെടോ ?  "

"കാലൊന്നു സ്ലിപ് ആയി ജഗൻ.. എനിക്ക് നടു വല്ലാതെ വേദനിക്കുന്നു... "" അവൾ കരയാറായിരുന്നു... റൂമിൽ പോയി ഒരു പെയിൻ കില്ലർ എടുത്തുകൊണ്ടു വന്നവൻ അവളെക്കൊണ്ട് കഴിപ്പിച്ചു.. 

"ഇവിടെ ഓയിൽമെന്റ് ഉണ്ടോ ? " ജഗൻ ചോദിച്ചതും അവൾ റൂമിനു നേർക്ക് കൈചൂണ്ടി.. ഡ്രോയിലെ മെഡിസിൻ ബോക്സിൽ നിന്ന് ഓയിൽമെന്റ് എടുത്തു തിരിയുമ്പോഴാണ് ജഗന്റെ കാലു തട്ടി വേസ്റ്റ് ബാസ്കറ്റ് മറിഞ്ഞുവീണത്.. തിടുക്കത്തിൽ അതിലെ പേപ്പറുകൾ എടുത്തുവെക്കുമ്പോഴാണ് ചുളുങ്ങിക്കൂടിയ ഒരു കാർഡ് അവൻ കാണുന്നത്.. ഒന്ന് നോക്കി അതും അതിലേക്ക് നിക്ഷേപിക്കാൻ ഒരുങ്ങുമ്പോഴാണ് ജഗൻ എന്ന പേര് കണ്ടത്.. ഒട്ടൊരു സംശയത്തോടെ അവൻ അത് നിവർത്തി നോക്കി... 

അത് മുഴുവൻ വായിച്ചു തീർന്നതും അവന്റെ കയ്യിൽ നിന്നത് താഴേക്ക് വീണു... 

അപ്പോൾ തനു  ?  അവൾക്ക് തന്നോട് പ്രണയം ആയിരുന്നെന്നോ ?  ഒരിക്കലെങ്കിലും അവളിൽ അങ്ങനെ ഒരു ഭാവം കണ്ടിട്ടുണ്ടോ എന്നവൻ ഓർത്തുനോക്കി.. ഇല്ല എന്ന് തന്നെയായിരുന്നു ഉത്തരം.. സൗഹൃദത്തിനപ്പുറം താനൊന്നും അവളിൽ തേടിയിട്ടില്ല.. അവളും അങ്ങനെ തന്നെ ആയിരുന്നു എന്നായിരുന്നു വിശ്വാസം... 

ബീച്ചിൽ വെച്ച് കുഞ്ഞിന്റെ കാര്യം പറഞ്ഞപ്പോൾ നിറഞ്ഞ തനുവിന്റെ കണ്ണുകൾ ഓർമയിലേക്ക് വന്നതും അവൻ ആ നിലത്തേക്ക് ഇരുന്നുപോയി.. അവളുടെ നിറഞ്ഞ കണ്ണുകളും, വിറയ്ക്കുന്ന ചുണ്ടുകളും പറയാൻ എന്തോ ബാക്കി വെച്ചിരുന്നത്പോലെ... എയർപോർട്ടിൽ വെച്ചു തന്റെ നെഞ്ചിൽ ചേർന്നു നിൽക്കുമ്പോൾ അവൾ വല്ലാതെ വിറച്ചിരുന്നു... 

ഓരോന്നായി ഓർത്തെടുക്കും തോറും ജഗന് തല പൊട്ടിപ്പൊളിയും പോലെ തോന്നി... ശ്വാസമൊന്നു വലിച്ചുവിട്ടവൻ ഭിത്തിയിലേക്ക് ചാരി ഇരുന്നു.. 

തനുവിന്റെ ഞരക്കം കേട്ടാണ് അവൻ കണ്ണുതുറന്നത്.. തറയിൽ വീണുകിടന്ന മരുന്നുമായി വേഗം അവളുടെ അരികിലെത്തി.. അവൾ ധരിച്ചിരുന്ന ടോപ് അല്പം ഉയർത്തി അത് നടുവിലായി തേച്ചുകൊടുക്കുമ്പോൾ കണ്ണുകൾ അടച്ചു  അവൾ കൈ അവന്റെ തോളിൽ അമർത്തി.. ഹോട്ട്ബാഗിൽ വെള്ളം നിറച്ചു അവളുടെ നടുവിന് വെച്ചുകൊടുക്കുമ്പോൾ  നന്ദിയോടെയുള്ളയാ  നോട്ടം അവൻ കണ്ടില്ലെന്നു നടിച്ചു... 

അവന്റെ മനസ് മറ്റെവിടെയോ ആയിരുന്നു... അന്ന്  അവൻ അവൾക്ക് കൂട്ടിരുന്നു.. 

"സാരമില്ല ജഗൻ പൊയ്ക്കോ.. ഐ ക്യാൻ മാനേജ്.. "

"ഞാൻ ഓൾറെഡി ലീവിൽ ആണ് തനു.."

അവൻ പറഞ്ഞപ്പോഴാണ് അവളത് ഓർത്തത്..

"താനൊന്നു ഉറങ്ങിക്കോ.. ഉറങ്ങി എഴുന്നേൽക്കുമ്പോൾ ശെരിയാകും... "

അവളുടെ കണ്ണുകൾ പതിയെ അടയുമ്പോൾ ജഗൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു...

പിന്നെയുള്ള ദിവസങ്ങളിൽ എല്ലാം ജഗൻ തനു അറിയാതെ അവളെ തന്നെ തേടുകയായിരുന്നു.. താൻ അരികിൽ വരുമ്പോൾ ഉള്ള  അവളുടെ ഓരോ ഭാവമാറ്റവും അവൻ അത്ഭുതത്തോടെ നോക്കിക്കണ്ടു..

അവനെ കാണുമ്പോൾ അവളുടെ തവിട്ടുനിറമുള്ള മിഴികൾ വിടരുന്നതും,  മേൽചുണ്ടിനു മുകളിൽ വിയർപ്പ് കണങ്ങൾ പൊടിയുന്നതും,  വിരലുകൾ വിറയ്ക്കുന്നതും അവനിൽ കൗതുകം നിറച്ചു..ഓരോ ദിവസം കഴിയുംതോറും ആ പെണ്ണ് ഉള്ളിൽ എവിടെയൊക്കെയോ നിറയുന്നത് അവനിൽ ഒരേസമയം സന്തോഷവും ആശങ്കയും നിറച്ചു.. ഒടുവിൽ ആ പെണ്ണിന്റെ സ്നേഹം ആവോളം അനുഭവിക്കാൻ അവന്റെ മനസ് കൊതിച്ചു തുടങ്ങിയതും അവനു തന്നെ അത്ഭുതമായിരുന്നു.. അന്നാദ്യമായി അവളെ ഓർത്തപ്പോൾ അവന്റെ ചൊടിയിൽ ഒരു നനുത്ത ചിരി വിരിഞ്ഞു.. 

                🌺🌺🌺🌺🌺🌺🌺

  

"എന്താണ് ഡോക്ടർ സാറേ ഒരു മൂഡ് ഓഫ് ?  "

"ഏയ്‌ ഒന്നുല്ലടോ.. ഞാൻ ഇവിടം വിടുകയാ.. ""
ജഗൻ പറഞ്ഞതും തനു ഒന്ന് ഞെട്ടി..  

"അതെന്താ  ?  എവിടെക്കാ പോകുന്നത് ?  " 

അവളുടെ സ്വരം ഇടറിയിരുന്നു... 

"" നാട്ടിലേക്ക്.. അമ്മയ്ക്ക് ഒരേ നിർബന്ധം മകൻ അരികിൽ വേണമെന്ന്.. അമ്മ എനിക്ക് വേണ്ടി കല്യാണം നോക്കുന്നുണ്ട്.. ഏതോ ഒരെണ്ണം ഉറച്ചു എന്നാ പറഞ്ഞത്..  താനും വരുന്നോ നാട്ടിലേക്ക് എന്റെ കൂടെ ?  കല്യാണം ഒക്കെ കഴിഞ്ഞ് തിരികെ പോരാം.. ""

" മ്മ് വരാം... " മുഖത്തൊരു ചിരി വരുത്തിക്കൊണ്ട് തനു പറഞ്ഞതും ജഗൻ അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടതും ഒന്നിച്ചായിരുന്നു.. 

" കൊന്നാലും ഇഷ്ടം ആണെന്നു പറയില്ല അല്ലെ ? ""
ചെവിയോരം അവൻ ചോദിച്ചതും അവൾ  പുളഞ്ഞുപോയി.. 

"വിട് ജഗൻ.. "

"വിടാം.. പക്ഷെ പറയ് എത്ര നാളായി ഈ അസുഖം തുടങ്ങിയിട്ട് ?  "

"ഏത് അസുഖം.? " 

" ഈ ജഗന്നാഥനോടുള്ള പ്രണയം മൂത്ത് വട്ടായ ആ അസുഖം.. "

മറുപടി ഇല്ലെന്നു കണ്ടതും ചൂണ്ടുവിരലാൽ അവൻ ആ മുഖം പിടിച്ചുയർത്തി.. അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു.. 

"എന്നോട് നേരത്തെ പറഞ്ഞൂടായിരുന്നോ പെണ്ണേ ?  സാരമില്ല പറയാതെ ഇങ്ങനെ അറിയാനും ഒരു സുഖമുണ്ട്... എന്നെയോർത്തു ഒരുപാട് കരഞ്ഞു ല്ലേ ?  ഇനിയൊരു ജന്മം മുഴുവൻ ഈ കണ്ണുകൾ കലങ്ങാതെ കാത്തോളം ഞാൻ.. ""

ജഗന്റെ വാക്കുകൾ ആർദ്രമായതും വിതുമ്പൽ അടക്കിപ്പിടിച്ചു അവൾ അവനെ നോക്കി.. 

"ഈ രണ്ടാംകെട്ടുകാരൻ നിനക്ക് ചേരുമോ തനു ?  " എന്ന അവന്റെയാ ചോദ്യത്തിന് തനു അവനെ ഇറുകെ പുണർന്നു .... പതിയെ ഒരു ചിരിയോടെ അവന്റെ കൈകളും അവളെ വലയം ചെയ്തു... 

"നമുക്ക്  ഈ മാസം അവസാനം നാട്ടിലേക്ക് പോകാം.. ഞാനും റിസൈൻ വെച്ചിട്ടുണ്ട്.. നമുക്കിനി അവിടെ കൂടാം അല്ലെ ?  അമ്മയോട് പറഞ്ഞിട്ടുണ്ട് ഞാൻ നിലവിളക്ക് റെഡിയാക്കി വെക്കാൻ... " 

തനു കൂർപ്പിച്ചു നോക്കിയതും ജഗൻ അവളുടെ മൂക്കിൻത്തുമ്പിൽ പിടിച്ചു വലിച്ചു... 

പിന്നീടെല്ലാം പെട്ടന്നായിരുന്നു... നാട്ടിലേക്കുള്ള ഫ്ളൈറ്റിൽ ജഗന്റെ അരികിൽ ഇരിക്കുമ്പോൾ അവളാ കൈകളിൽ കൈ  കോർത്തുപിടിച്ചു ആ തോളിൽ തല ചായ്ച്ചു..കണ്ണടച്ച് കിടന്ന അവന്റെ മുഖത്തുമൊരു ചിരി വിരിഞ്ഞു ..  

" പ്രിയമാനവളേ.... " അവൻ പതിയെ അവളുടെ കാതിൽ പാടിയതും തനു അവന്റെ  നുണക്കുഴി കവിളിൽ അമർത്തി ചുംബിച്ചു... 

കുടുംബക്ഷേത്രത്തിൽ വെച്ചു ഒരു താലിച്ചരടാൽ ജഗൻ തനുവിന്റെ പ്രണയത്തെ സ്വന്തമാക്കുമ്പോൾ മനസിനൊപ്പം അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു.. 

"ഡോക്ടർ ശെരിക്കും എന്നെ ഇഷ്ടം ആയിട്ട് തന്നെയാണോ കല്യാണം കഴിച്ചത് ?  "  അവന്റെ നെഞ്ചോരം ചേർന്നു കിടന്നുകൊണ്ട് തനു ചോദിച്ചു... 

"അതിനിയും നിനക്ക് മനസിലായില്ലെടി കുഞ്ചുണ്ണൂലി ""  എന്ന് ചോദിച്ചവൻ അവളിലേക്ക് ചായുമ്പോൾ അവളുടെ കുപ്പിവള വീണുടയുന്നത് പോലെയുള്ള ചിരിയുടെ അലയൊലികൾ ആ മുറിയിൽ നിറഞ്ഞിരുന്നു... 

ഒരുനിമിഷം പാഴാക്കാതെ അവളുടെ അധരങ്ങളെ അവൻ കട്ടെടുക്കുമ്പോൾ കാലംതെറ്റി പെയ്തൊരു പാതിരാമഴയുടെ തണുപ്പും അവരെ പൊതിഞ്ഞിരുന്നു.. 
അവസാനിച്ചു.... 
വായിച്ചവർ ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ...

രചന: Gayathri Vasudev 


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top