പ്രിയമാനവളേ, തുടർക്കഥ 2 ഭാഗങ്ങൾ ഒരുമിച്ചു വായിക്കൂ...

Valappottukal Page
🌺🦋 പ്രിയമാനവളേ 🦋🌺 01


രചന:  Gayathri Vasudev  
""ഞങ്ങൾ തമ്മിൽ പിരിയുമ്പോൾ ചാരുവിന്റെ വയറ്റിൽ ഞങ്ങളുടെ കുഞ്ഞും ഉണ്ടായിരുന്നു..""

ജഗന്റെ വാക്കുകൾ കേട്ടതും ശ്വാസം വിലങ്ങിയത് പോലെ തോന്നി അവൾക്ക്.. ഇനി കേട്ടത് ശെരിയായിരുന്നില്ലേ എന്നറിയാൻ അവൾ ഒന്നുകൂടി അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി.. വിയർപ്പ് പൊടിഞ്ഞ അവന്റെ നെറ്റിത്തടങ്ങളും,  വിരലുകളുടെ ചലനവും ഒക്കെ അവന്റെ മനസ് എത്രത്തോളം അസ്വസ്ഥമാണെന്ന് അവൾക്ക് മനസിലാക്കി കൊടുത്തു... 

പെട്ടന്ന് തന്നെ അവൾ അവൻ കാണാതെ അവനായി കൊണ്ടുവന്ന സമ്മാനം പിന്നിലേക്ക് മറച്ചുപിടിച്ചു.. അവളുടെ കയ്യിൽ ഇരുന്നാ  കാർഡ് ചുളുങ്ങിക്കൂടി... 

"ജഗൻ ഇതെങ്ങനെ  ?  " 
സ്വരം പതറാതെയിരിക്കാൻ അത്രക്കും ശ്രെദ്ധിച്ചാണ് അവൾ ചോദിച്ചത്.. 

"" ഇന്ന് അവൾ എന്നെ വിളിച്ചിരുന്നു തനൂ .. എന്റെ ഏതോ കൂട്ടുകാർ വഴി നമ്പർ സംഘടിപ്പിച്ചത് ആണത്രേ..ആ കുഞ്ഞിന് അച്ഛനെ വേണം എന്നാണ് അവൾ ഫോൺ വെക്കുന്നതിനു മുൻപ് അവൾ ആവശ്യപ്പെട്ടത്.. അല്ല അപേക്ഷിച്ചത്..""

" എന്നിട്ട് ജഗൻ എന്ത് പറഞ്ഞു .?  "

ഉള്ളിൽ എവിടെയോ ഒരു പ്രതീക്ഷ വരുത്തിക്കൊണ്ട് അവൾ ചോദിച്ചു... 

" എനിക്കെന്ത് ചെയ്യണം എന്നറിയില്ല തനൂ. .. കല്യാണം കഴിഞ്ഞ് എട്ട് മാസമാണ് ഞങ്ങൾ ഒന്നിച്ചു താമസിച്ചത്.. ആ നാളുകളിൽ ഞാൻ നല്ലൊരു ഭർത്താവ് ആയിരുന്നു എന്ന് തന്നെയാണ് അന്നും ഇന്നും എന്റെ വിശ്വാസം.. പിന്നെ എന്തിനാണ് അവൾ എന്നെ ഉപേക്ഷിച്ചു മറ്റൊരുവന്റെ കൂടെ ഇറങ്ങിപ്പോയത് എന്നെനിക്ക് അറിയില്ല ഇന്നും.. അവൾക്ക് വേണ്ടിയാണ് ഞാൻ ഡിവോഴ്സ് കൊടുത്തത്.. അവൾ എവിടെ ആണെങ്കിലും സന്തോഷമായി ജീവിക്കാൻ വേണ്ടി.. 

തനിക്കറിയോ അവളെ ഞാൻ എത്രമാത്രം സ്നേഹിച്ചത് ആണെന്ന് ?  എന്റെ ആദ്യപ്രണയം.. അവളോട് പോലും പറയാതെ ഞാൻ വീട്ടുകാരുമായി പോയത് അവളുടെ വീട്ടിലേക്ക് ആയിരുന്നു.. എല്ലാവരുടെയും ആശീർവാദത്തോടെ ചാരുവിനെ എന്റെ പാതിയാക്കുമ്പോൾ ഞാൻ കരുതിയത് ഞാനാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ എന്നാണ്.. അവളുടെ ഓരോ കുറുമ്പും വാശികളും ഞാൻ ആസ്വദിക്കുകയായിരുന്നു.. പക്ഷെ പെട്ടന്നൊരു നാൾ എന്നെ തഴഞ്ഞു ഒരുവനൊപ്പം അവൾ പോകുമ്പോൾ എന്റെ കണ്ണിൽ നിന്നു പൊടിഞ്ഞത് കണ്ണുനീർ ആയിരുന്നില്ല രക്തമായിരുന്നു...  ആ വീട്ടിലെ ഓരോ മുക്കിലും മൂലയിലും അവളുടെ ഓർമ്മകൾ നിറഞ്ഞുനിന്നിരുന്നു.. ഒടുവിൽ സഹിക്കാൻ പറ്റില്ല എന്ന് തോന്നിയപ്പോളാണ് ഇവിടേക്ക് ഈ അന്യനാട്ടിലേക്ക് ഞാൻ എന്റെ ജീവിതം പറിച്ചു നട്ടത്.... 

പക്ഷെ എന്റെ കുഞ്ഞിനെക്കുറിച്ചു അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒരിക്കലും ഡിവോഴ്സിന് സമ്മതിക്കുമായിരുന്നില്ല.. കാലുപിടിച്ചാണെങ്കിലും എന്റെയൊപ്പം അവളെ നിർത്തിയേനെ.. ""

അവന്റെ വാക്കുകൾ തീർത്ത മുറിപ്പാടിൽ നിന്നവളുടെ ഹൃദയം നീറിപ്പുകഞ്ഞുകൊണ്ടിരുന്നു.. എന്നിട്ടും അവൾ അവന്റെ മുൻപിൽ ഒരു പുഞ്ചിരി അണിഞ്ഞു.. ആദ്യമായി ഇഷ്ടം തോന്നിയ ആളോട് തന്റെ പ്രണയം തുറന്നു പറയാൻ എത്തിയതാണ്.. പക്ഷെ...... 

മുന്നോട്ട് നടന്നവൾ അവന്റെ തോളിൽ കൈവെച്ചു.. അവനൊന്നും പറയാതെ കടലിലേക്ക് തന്നെ നോട്ടം അയച്ചു നിന്നു.. 

"ജഗന്റെ മനസ്സിൽ ഇപ്പോഴും ചാരു ഉണ്ട്... അതിനിയും ജഗൻ മനസിലാക്കിയിട്ടില്ല എന്ന് തോന്നുന്നു... താൻ പോകണം നാട്ടിലേക്ക് . അമ്മ ചെയ്ത തെറ്റിന് ആ കുഞ്ഞെന്ത്‌  പിഴച്ചു  ?  ആ കുഞ്ഞിന് ഒരച്ഛന്റെ സ്നേഹവും കരുതലും കൊടുക്കാൻ ജഗൻ ഉണ്ടാവണം.. മറ്റൊരു തൻവി  ആവാതെ ഇരിക്കട്ടെ ആ കുഞ്ഞ്... ""

മറുത്തൊന്നും പറയാതെ അവൻ നിക്കുമ്പോൾ അവൾ അവനെ ഒന്നുകൂടി നോക്കി.. അവളുടെ കണ്ണുകളും ഹൃദയവും ഒരുപോലെ വേദനിക്കുന്നുണ്ടായിരുന്നു.. 

"വാവയുടെ പേരെന്താ ?  "
വിഷയം മാറ്റാൻ എന്നതുപോലെയാണവൾ ചോദിച്ചത്... 

" അദ്രിക " ഫോണിൽ ഒരു കുഞ്ഞിന്റെ ഫോട്ടോ എടുത്തു കാണിച്ചുകൊണ്ടവൻ പറഞ്ഞപ്പോൾ അവളാ പിഞ്ചുമുഖത്തേക്ക് ഒന്ന് നോക്കി.. വാത്സല്യത്തോടെ അവളാ ഫോട്ടോയിൽ വിരലുകൾ ഓടിച്ചു.. 

"അല്ല തനൂ  ഇന്നെന്തോ പറയാൻ ഉണ്ടെന്നു പറഞ്ഞിട്ട്  ?  എന്താത് ? "

അവന്റെയാ ചോദ്യത്തിൽ അവളുടെ ഉള്ളം ഒന്ന് പിടഞ്ഞു.. കയ്യിലെ കാർഡ് ബാഗിലേക്ക് ഇട്ടുകൊണ്ടവൾ അവനെ നോക്കിയൊന്നു കണ്ണ് ചിമ്മി.. 

""ഏയ്‌ ഒന്നുല്ല ജഗൻ.. വെറുതെ... 

അല്ല നാളെകഴിഞ്ഞു കൊണ്ടുപോകാനുള്ള സാധനങ്ങൾ ഒക്കെ വാങ്ങിയോ?  ""

"ഇല്ലെടോ.. നാളെ പോകാം എന്ന് വിചാരിക്കുന്നു... താനും വരുന്നോ ?  "

ആ ചോദ്യം കേൾക്കാൻ കാത്തിരുന്നു എന്നപോലെ അവൾ അവനെ നോക്കി തലയാട്ടി... 

""എങ്കിൽ പോകാം ?  തന്നോട് സംസാരിച്ചപ്പോ ടെൻഷൻ ഒക്കെ മാറിയത് പോലെ.. ""

കാറിൽ നിന്നു ഫ്ലാറ്റിലേക്കുള്ള യാത്രയിൽ തനു നിശ്ശബ്ദയായിരിക്കുന്നത് ജഗൻ ശ്രെദ്ധിച്ചു.. 

"എന്താടോ എന്ത് പറ്റി ?  "

"ഏയ്‌ ഒന്നുല്ല.. ചെറിയൊരു തലവേദന.. ""

ലിഫ്റ്റ് ഇറങ്ങി അവൾ നേരെ അവളുടെ ഫ്ലാറ്റിലേക്ക്  പോയി.. ഓപ്പോസിറ്റ് ഫ്ലാറ്റിൽ ആണ് ജഗനും തനുവും. 

"ഡോ തനു., താൻ ദാ ബാഗ് കാറിൽ വെച്ച് മറന്നിരുന്നു . "

ജഗൻ നീട്ടിയ ബാഗ് വാങ്ങി അയാൾക്കൊരു പുഞ്ചിരി നൽകി അവൾ വാതിൽ അടച്ചു... 

 അവളുടെ തേങ്ങലുകൾ ആ മുറിയിൽ മുഴങ്ങുമ്പോൾ തലയിണയാകെ നനഞ്ഞു കുതിർന്നിരുന്നു... 

വയ്യാ ജഗൻ... വിട്ടുകൊടുക്കാൻ എന്നെക്കൊണ്ട് വയ്യടോ..  തന്റെ മുന്നിൽ സന്തോഷം  അഭിനയിക്കാൻ... എന്നെക്കൊണ്ട് ആവുന്നില്ല..  അവൾ പുലമ്പിക്കൊണ്ടിരുന്നു.. 

എന്നാണ് താൻ ആദ്യമായി ജഗനെ ശ്രെദ്ധിക്കുന്നത് ?  അറിയില്ല.. ഹോസ്പിറ്റലിൽ പുതിയ മലയാളി ഡോക്ടർ വന്നു എന്നറിഞ്ഞപ്പോൾ ഒരു കൗതുകം ആയിരുന്നു ആദ്യം.. പരിചയപ്പെടാൻ ചെന്നപ്പോൾ ആദ്യമേ രണ്ട് ചാട്ടമായിരുന്നു ഇങ്ങോട്ട്.. താനും എന്തൊക്കെയോ തിരിച്ചു പറഞ്ഞു..  പിന്നെപ്പിന്നെ കാണുമ്പോൾ ഒക്കെ മുഖം തിരിച്ചു പോകുമായിരുന്നു.. മറ്റുള്ളവരുടെ സംസാരങ്ങളിൽ  അയാൾ ഒരു സ്ത്രീവിരോധി ആയിരുന്നു.. ഒരു ദിവസം ഡോക്ടർ ഡ്യൂട്ടിക്ക്  വന്നില്ല.. എന്ത് പറ്റിയെന്നു ഓർത്തെങ്കിലും പിന്നെ തിരക്കിനിടയിൽ താനത് മറന്നിരുന്നു.. വൈകിട്ട് ആയപ്പോൾ എന്തോ ഒരു അസ്വസ്ഥത പോലെ. ഫ്ലാറ്റിന്റെ ഡോർ അടഞ്ഞു കിടക്കുന്നത് കണ്ട് ഫോണിലേക്ക് വിളിച്ചു നോക്കി.. അകത്ത് നിന്നു ഫോൺ റിങ് കേട്ടപ്പോൾ സെക്യൂരിറ്റിയേ വിളിച്ചു ഡോർ തുറപ്പിച്ചു അകത്ത് കടന്നപ്പോൾ കണ്ടത്  പനിച്ചു വിറച്ചു കിടക്കുന്നതാണ് കണ്ടത്.. പിന്നെ പനി മാറുന്നത് വരെ താൻ ആണ് ജഗനെ  പരിചരിച്ചത്..  കണ്ണുകൾ തുറന്നപ്പോൾ ആദ്യം ആ കണ്ണുകളിൽ അത്ഭുതം ആയിരുന്നു.. 

"ഡോക്ടർ തൻവി.. .. "

കൈനീട്ടിപ്പിടിച്ചു താൻ പറയുമ്പോൾ അവശതയ്ക്കിടയിലും അയാൾ കൈനീട്ടി.. 

"  ജഗന്നാഥൻ.. "

പിന്നീടങ്ങോട്ട് നല്ല സുഹൃത്തുക്കൾ ആയിമാറി രണ്ടാളും... ജഗൻ ഡിവോഴ്സി ആണെന്നും ഒക്കെ അറിയുന്നത് പിന്നീടാണ്.. വെറുതെയല്ല പെണ്ണുങ്ങളേ കണ്ണെടുത്താൽ കണ്ടൂടാത്തത് എന്ന് താൻ പിറുപിറുത്തപ്പോൾ കണ്ണുരുട്ടി നോക്കിയ ജഗന്റെ മുഖം ഇപ്പോഴും മനസ്സിൽ ഉണ്ട്.. 

എപ്പോഴൊക്കെയോ ജഗന്റെ സാമീപ്യം,  അയാളുടെ കരുതൽ ഒക്കെ താനും ആഗ്രഹിച്ചു തുടങ്ങിയിരുന്നു.. ഒരുവളാൽ മുറിവേറ്റ ആ ഹൃദയത്തിൽ കയറിപ്പറ്റുന്നത് അത്രയ്ക്ക് എളുപ്പം അല്ലെന്നു അറിയാമായിരുന്നു എങ്കിലും അയാളിലേക്കെത്താൻ മനസ് കൊതിക്കുകയായിരുന്നു ഓരോ നിമിഷവും...

അയാളെ നോക്കുന്ന ഓരോ നോട്ടത്തിലും തന്റെ ഉള്ളിലെ സ്നേഹം നിറഞ്ഞുതുളുമ്പുന്നത് അയാൾ അറിയും എന്ന് പ്രതീക്ഷിച്ചെങ്കിലും ജഗന് താൻ നല്ലൊരു സുഹൃത്തായിരുന്നു.. ഒടുവിൽ ഈ ഒളിച്ചുകളി അവസാനിപ്പിച്ചു ഇന്ന് പ്രണയം പറയാൻ താൻ കാത്തുവെച്ച ദിനം ആയിരുന്നു... 

പക്ഷെ അതിന് മുൻപേ....  

തന്റെ പ്രണയത്തേക്കാൾ വലുത് ഒരു കുഞ്ഞിന് അതിന്റെ അച്ഛനെ ലഭിക്കുക എന്നതാണ്... മനസ്സിൽ ഉറപ്പിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും ഉള്ളിലെ നോവ് അനുനിമിഷം കൂടുന്നത്പോലെ... സഹിക്കാൻ കഴിയാത്ത വേദനയാൽ അവൾ ഒന്നുകൂടി തലയിണയിലേക്ക് മുഖം അമർത്തി... 

രാവിലെ എഴുന്നേൽക്കുമ്പോൾ കൺപീലികൾക്ക് നന്നേ കനം വെച്ചതുപോലെ തോന്നി അവൾക്ക്.. തണുത്ത വെള്ളത്തിൽ മുഖം കഴുകി അമർത്തിത്തുടച്ചു പുറത്തിറങ്ങി... ഓരോ ഷോപ്പിലും ജഗനോടൊപ്പം കയറിയിറങ്ങുമ്പോൾ, അവൻ കുഞ്ഞിനായി അതീവസന്തോഷത്തോടെ ഓരോന്നും വാങ്ങിക്കൂട്ടുന്നത് കാണുമ്പോൾ ഒക്കെയും അവളുടെ നെഞ്ചം പൊള്ളിപ്പിടയാൻ തുടങ്ങിയിരുന്നു... ഓരോന്നിനും അവൻ അഭിപ്രായം ചോദിക്കുമ്പോൾ അവൾ ഉള്ളിൽ കരഞ്ഞുകൊണ്ട് പുറമെ ചിരിച്ചു.. 

ഒടുവിൽ തിരികെ ഫ്ലാറ്റിലെത്തി ജഗന് വേണ്ടതെല്ലാം പാക്ക് ചെയ്ത് കൊടുത്തത് അവളാണ്.. എല്ലാം കഴിഞ്ഞപ്പോഴേക്കും പാതിരാത്രി ആയിരുന്നു... ജഗൻ നീട്ടിയ കോഫി വാങ്ങി അവൾ ബാൽക്കണിയിലെ ബീൻ ബാഗിലേക്ക് ഇരുന്നു... താഴെ നിരത്തുകളിൽ അപ്പോഴും വാഹനങ്ങൾ ചീറിപ്പായുന്നുണ്ടായിരുന്നു..  അരികിലായി ജഗനും വന്നിരുന്നതോടെ അവൾ ഒരിറക്ക് കോഫി കുടിച്ചു.. .. 

"ഞാൻ പോകുന്നതിൽ തനുവിന് നല്ല സങ്കടം ഉണ്ടല്ലേ ?  "

അപ്രതീക്ഷിതമായി അവന്റെയാ ചോദ്യത്തിൽ അവളൊന്നു ഞെട്ടി.. 

"എന്തേ ?  "

"ഇന്നലെ ഞാൻ പോകുന്ന കാര്യം പറഞ്ഞപ്പോ മുതൽ താൻ ഗ്ലൂമി ആയിരുന്നു.. സോ... "

" ഞാൻ പെട്ടന്ന് ആരുമായും അടുക്കില്ല ജഗൻ.. പക്ഷെ ജഗനോട് ആദ്യം മുതലേ എന്തോ ഒരു അടുപ്പം തോന്നിയിരുന്നു.. തൊട്ടടുത്തു താൻ ഉള്ളപ്പോ എനിക്കൊരു ധൈര്യം ആയിരുന്നു... ""

" ഞാൻ പോയിട്ട് വേഗം ഇങ്ങു വരുമെടോ.. കൂടെ എന്റെ കുഞ്ഞും.. "" അവന്റെ മുഖത്ത് വിരിയുന്ന ആ ചിരി കാണാൻ കെല്പില്ലാതെ അവൾ മുഖം തിരിച്ചു... 

""താൻ പോയിവരുമ്പോഴേക്കും ഞാനിവിടെ ഉണ്ടാവില്ല ജഗൻ.. ആവില്ലെനിക്ക് ചാരുവിനോടും കുഞ്ഞിനോടുമൊപ്പം തന്നെ കാണാൻ.. അതിനുള്ള കരുത്തില്ല എനിക്ക്..""

 മനസ്സിൽ പറഞ്ഞുകൊണ്ട് അവൾ ദൂരേക്ക് നോക്കി ഇരിക്കുമ്പോൾ ജഗനും മനസ്സിൽ എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ചിരുന്നു. 
 

" ഞാൻ ഏതായാലും നാട്ടിൽ പോവുകയല്ലേ .. തനിക്ക് വീട്ടിലേക്ക് എന്തെങ്കിലും കൊടുക്കാൻ ഉണ്ടോ ?  "

അവന്റെയാ  ചോദ്യത്തിൽ അവളുടെ മുഖത്തൊരു വരണ്ട ചിരി വിടർന്നു... 

"" അങ്ങനെ കാത്തിരിക്കാനൊന്നും എനിക്ക് വീടോ വീട്ടുകാരോ ഇല്ല ജഗൻ.. ""

അവൾ പറയുന്നത് മനസിലാവാതെ അവൻ അവളെ നോക്കി.. അവൾ ഒരിക്കലും പറഞ്ഞിട്ടില്ല വീടിനെക്കുറിച്ചും, വീട്ടുകാരെക്കുറിച്ചും... 

" എന്റെ അമ്മ നേഴ്‌സ് ആയിരുന്നു ഡൽഹിയിൽ.. അച്ഛൻ നാട്ടിൽ ബിസിനസും.. അവരുടെ കല്യാണം കഴിഞ്ഞ് ഏകദേശം രണ്ട് വർഷം കഴിഞ്ഞാണ് ഞാൻ ജനിക്കുന്നത്.. അപ്പോഴൊക്കെ അവർ തമ്മിൽ നല്ല സ്നേഹത്തിൽ ആയിരുന്നു.. പക്ഷെ അവർക്കിടയിൽ എന്തൊക്കെയോ പ്രശ്നങ്ങൾ.. എനിക്ക് പന്ത്രണ്ട്  വയസ് ഉള്ളപ്പോഴാണ്   അവർ തമ്മിൽ  വേർപിരിയുന്നത്..  അച്ഛൻ പിന്നെ വിദേശത്തേക്ക് പോയി.. അമ്മ തിരികെ ഡൽഹിയിലേക്കും.. ഞാൻ നാട്ടിൽ അമ്മയുടെ സഹോദരന്റെ വീട്ടിലും.. ആദ്യമൊക്കെ എനിക്കവിടെ നല്ല സുഖം ആയിരുന്നു.. വല്യച്ചനും വല്യമ്മക്കും ഒക്കെ നല്ല സ്നേഹം,  അവരുടെ മക്കളുടെ കൂടെ കളിച്ചു നടക്കാം.. ഞാൻ ഹാപ്പി ആയിരുന്നു അവിടെ... പക്ഷെ പോകെപ്പോകെ അമ്മയുടെ കാശ് മാത്രം മതി അവർക്കെന്ന ഒരു സ്റ്റാൻഡ്. 

എന്നെ അവർ ഒരു വേലക്കാരിയാക്കി കഴിഞ്ഞപ്പോഴും എനിക്കത് മനസിലാവുന്നുണ്ടായിരുന്നില്ല.. അത്രക്ക് പൊട്ടി ആയിരുന്നു ഞാൻ.. രാവിലെ എന്നെക്കൊണ്ട് ഒരുമാതിരി പണിയൊക്കെ വല്യമ്മ ചെയ്യിക്കും.. പശുവിനെ കറക്കുന്നത് ഉൾപ്പെടെ. പക്ഷെ എനിക്ക് രാവിലെയും വൈകുന്നേരവും കട്ടൻ ചായ മാത്രം..  എന്നും ചോറിനൊപ്പം  എനിക്ക് കഴിക്കാൻ  മോരുകറി മാത്രം തരും..  ഇറച്ചി വാങ്ങുന്ന ദിവസങ്ങളിൽ അതിന്റെ ചാറും.. അമ്മ വിളിക്കുമ്പോ ഒക്കെ വല്യമ്മ അടുത്തുണ്ടാവും ഞാൻ അമ്മയോട് ഒന്നും പറയാതിരിക്കാൻ.. 

ഞാൻ ഒരു കഷ്ണം ബിസ്‌ക്കറ്റിനു വേണ്ടി കൊതിച്ച ദിവസങ്ങൾ ഉണ്ട് ജഗൻ.. അത്രയ്ക്ക് മോശം ആയിരുന്നു ആ വീട്ടിലെ എന്റെ  അവസ്ഥ..അവരുടെ വീട് പണിക്ക് വേണ്ടി എന്നെക്കൊണ്ട് കല്ലും മണ്ണും ചുമപ്പിച്ചിട്ടുണ്ട് ജഗൻ...  എന്നോട് ഒന്ന് സ്നേഹത്തോടെ അവർ ആരെങ്കിലും സംസാരിച്ചിരുന്നെങ്കിൽ,  ഒന്ന് ചേർത്തുപിടിച്ചിരുന്നെങ്കിൽ,  ഞാൻ അവർക്കൊക്കെ വേണ്ടി എന്തും ചെയ്ത് കൊടുത്തേനെ..

അച്ഛൻ അമ്മയുമായി പിരിഞ്ഞശേഷം ഒരിക്കൽ പോലും എന്നെ അന്വേഷിച്ചിരുന്നില്ല.. ജനിപ്പിച്ച അച്ഛനും അമ്മയ്ക്കും വേണ്ടാത്ത ജന്മം എന്നുള്ള അടക്കം പറച്ചിലുകൾ ചെവിയിൽ എത്തിത്തുടങ്ങിയപ്പോൾ സമനില തെറ്റാൻ തുടങ്ങിയിരുന്നു.. ഇനിയും അവിടെ നിൽക്കാൻ കഴിയില്ല എന്ന് വന്നപ്പോൾ ഒരു ടെലിഫോൺ ബൂത്തിൽ നിന്നു ഞാൻ അമ്മയെ വിളിച്ചു.. ഒരാഴ്ചക്കുള്ളിൽ അമ്മ നാട്ടിൽ വന്നില്ലെങ്കിൽ ചത്തു കളയും എന്ന് പറഞ്ഞ് ഞാൻ കരഞ്ഞു.. അപ്പോൾ മാത്രമാണ് അമ്മയ്ക്ക് ഞാൻ അനുഭവിച്ചതൊക്കെ മനസിലായത്.. ഉടൻ തന്നെ അമ്മ വന്നു എന്നെ കൂട്ടിക്കൊണ്ട് പോയി ഡൽഹിക്ക്.. പിന്നെ എന്റെ പഠനം ഒക്കെ അവിടെ ആയിരുന്നു..

 ഞാൻ മെഡിസിന് ചേർന്ന് ഒരു വർഷം കഴിഞ്ഞപ്പോൾ അമ്മ എന്നെ വിട്ടുപോയി.. അറ്റാക്ക് ആയിരുന്നു.. ഒറ്റയ്ക്ക് ഓടി തളർന്നിട്ടുണ്ടാവും ചിലപ്പോൾ.. പക്ഷെ എന്റെ ഭാവി സുരക്ഷിതമാക്കാൻ വേണ്ടതൊക്കെ ചെയ്ത് വെച്ചിട്ടാ കേട്ടോ അമ്മ പോയത്... ഒറ്റയ്ക്ക് ആണെന്ന ബോധ്യം ഉള്ളത്കൊണ്ട് നന്നായി പഠിച്ചു.. സ്കോളർഷിപ്പ് വാങ്ങി ദാ ഇവിടെ സായിപ്പിന്റെ നാട്ടിൽ വരെ എത്തി..  ""

ഒരു ചിരിയോടെ അവൾ പറഞ്ഞ് അവസാനിപ്പിക്കുമ്പോഴും കൺകോണിലെ തിളക്കം ജഗൻ കണ്ടു.. 

" അച്ഛൻ  ?  "

" വേറെ കല്യാണം കഴിച്ചു എന്ന് ആരോ പറഞ്ഞറിഞ്ഞു.. ഞാൻ അന്വേഷിച്ചു പോയിട്ടില്ല ജഗൻ.. അച്ഛന്റെ ഓർമയിൽ ഇങ്ങനെ ഒരു മകൾ ഉണ്ടാവില്ല.. .. ""

കുറച്ചുനേരത്തേക്ക് അവരുടെ ഇടയിൽ മൗനമായിരുന്നു... 

"ഞാൻ പോട്ടെ ജഗൻ?  ലേറ്റ് ആയി.. രാവിലെ ഞാൻ വരാം എയർപോർട്ടിൽ ആക്കാൻ.. "

" ഞാൻ പൊയ്ക്കോളാം തനു.. "

"ഡോക്ടർ കൂടുതൽ ജാഡ ഒന്നും ഇടണ്ട.. ഞാൻ വന്നോളാം.., "

അവൾ ഇറങ്ങിപ്പോകുന്നത് കണ്ട് ജഗൻ ഭിത്തിയിലേക്ക് ചാരിനിന്നു.. ദിനങ്ങൾ അവർക്കായി കാത്തുവെച്ചിരിക്കുന്നത് എന്തെന്ന് അറിയാതെ... 

രചന:  Gayathri Vasudev  


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top