""അപ്പുവേട്ടൻ..."" ചുണ്ടുകൾ മന്ത്രിച്ചു ശ്വാസം നിലച്ചതുപോലെ അൽപനേരം പകച്ചുനിന്നു..... അച്ഛന്റെ കൈകളെ കുടഞ്ഞുമാറ്റി ചെളിയിലൂടെ ഇറങ്ങിയോടി .... കാല് തെന്നി വീണപ്പോ ആരൊക്കെയോ താങ്ങി പിടിച്ചെഴുന്നേല്പിച്ചു..... ഓടിച്ചെന്നാ മാറിലേക്ക് വീണ് വരിഞ്ഞുചുറ്റി ഉറക്കെ ഉറക്കെ കരഞ്ഞു..... ആ കൈകൾ തന്റെ തലമുടിയിഴകളിലൂടെ തലോടുന്നുണ്ട്.....
ആംബുലൻസിൽ നിന്നും വെള്ളത്തുണിയിൽ പൊതിഞ്ഞുകെട്ടിയ ഒരു ശരീരം പുറത്തേക്കെടുത്തു.....
ഇടറിത്തുടങ്ങിയ ചുവടുകളോടെ നടന്നുചെന്ന് മുഖം മറച്ചിരുന്നു തുണിയെടുത്തുമാറ്റി.....
"ബേ...ബിയമ്മ...." ബോധം മറിഞ്ഞു വീഴുമ്പോൾ കരുത്തുറ്റ രണ്ട് കൈകൾ താങ്ങി നിർത്തിയിരുന്നു.....
❇️❇️❇️❇️
മരണാനന്തര ചടങ്ങുകൾ കഴിഞ്ഞപ്പോൾ എല്ലാവരും തിരികെപ്പോയി..... വീട്ടിൽ താനും അമ്മുവും അപ്പുവേട്ടനും മാത്രമായി..... ഓരോരുത്തരും ഓരോ മൂലയിൽ ഇരിക്കും.... അപ്പുവേട്ടൻ എപ്പോഴും മുകളിലെ ദിവാൻകോട്ടിൽ കിടക്കുന്നതുകാണാം.... അരികിലേക്ക് ചെല്ലുമ്പോൾ കയ്യെടുത്ത് കണ്ണിനെ മറച്ചുകിടക്കും..... ഊണ് കഴിക്കാൻ വിളിച്ചാൽപോലും വരില്ല എല്ലാവരും കഴിച്ചുകഴിഞ്ഞാൽ എന്തൊക്കെയോ വന്നിരുന്ന് നുള്ളിപ്പെറുക്കി കഴിച്ചെന്നു വരുത്തി എഴുന്നേറ്റ് പോകും..... രാത്രിയിലൊക്കെ പുസ്തകവും തുറന്ന് വച്ച് മറ്റെങ്ങോട്ടോ നോക്കിയിരിക്കുന്നത് കാണാം.... അമ്മുവാണെങ്കിൽ എപ്പോഴും മുറിക്കകത്തുതന്നെ..... ആകെ സന്തോഷം മാളൂട്ടിക്കും അമ്മൂന്റെ മോനും മാത്രമായിരുന്നു അവർക്ക് ഒന്നിച്ചുകളിച്ചുനടക്കാൻ കിട്ടിയ അവസരമായതുകൊണ്ട് ആർത്തുല്ലസിച്ചവർ നടന്നു.....
ആ വീട്ടിൽ തനിച്ചായതുപോലെ....
❇️❇️❇️❇️
"അപ്പുവേട്ടാ.... ചായ..."
""അവിടെ വച്ചേയ്ക്ക്....""
കുടിക്കുന്നില്ലേ തണുത്ത് പോവും....
""കുടിച്ചോളാം താൻ പൊയ്ക്കോ എനിക്കൊരു തലവേദനപോലെ....""
ചായക്കപ്പവിടെ വച്ച് മുറിയിലേക്ക് വേഗത്തിൽ നടന്നു.... മേശയിൽനിന്നും അമൃതാഞ്ജൻ എടുത്ത് അടുത്തുചെന്ന് മുട്ടുകുത്തി ഇരുന്നു... കണ്ണിനെ മറച്ചിരുന്ന അപ്പുവേട്ടന്റെ കൈ നെറ്റിക്ക് മുകളിലേക്ക് കയറ്റി വച്ചു... വിരലിൽ തോണ്ടിയെടുത്ത ബാം സാവധാനം നെറ്റിയ്ക്കുമേൽ പുരട്ടികൊടുത്തു.... കൗതുകത്തോടെ നോക്കുന്നുണ്ടേട്ടൻ... എഴുന്നേല്പിച്ചിരുത്തി ചായ കയ്യിലേക്ക് വച്ചുകൊടുത്തു.... ബാം അരികിലെ സ്റ്റൂളിലേക്ക് വച്ച് തിരിഞ്ഞു നടന്നു.... പിന്നിൽ നിന്നും തന്നെത്തന്നെ നോക്കിയിരിപ്പുണ്ടെന്ന് മനസിലായി.... മുഖത്തപ്പോൾ മായാത്ത പുഞ്ചിരി വിരിഞ്ഞു...... ഒരു ചെമ്പരത്തി ചുവപ്പ് കവിൾത്തടങ്ങളിലും.....
രാത്രി മാളൂട്ടിയെ അപ്പുവേട്ടന്റെ ഒപ്പം കിടത്തി.... അല്ലെങ്കിൽ പഴയതൊക്കെ ഓർത്ത് ഉറങ്ങില്ല.... ഇതാവുമ്പോ മോളോട് വായയിട്ടലച്ച് മോള് ഉറങ്ങിവരുമ്പോഴേക്കും അച്ഛൻ ക്ഷീണിക്കും.....
ഇന്ന് ബേബിയമ്മ മരിച്ചിട്ട് പന്ത്രണ്ടാം ദിവസമാണ്.... ചടങ്ങുകൾക്കൊടുവിൽ അമ്മുവിനെ ഇന്ന് തിരികെ കൊണ്ടുപോകും.... അമ്മുവിന്റെ മുറിയിലേക്ക് ചെന്നു.... കുളി കഴിഞ്ഞിട്ടുണ്ട് നനഞ്ഞ മുടിയിൽ നിന്നും കിടക്കയിലേക്ക് വെള്ളം ഇറ്റു വീഴുന്നു.... ഉണങ്ങിയ ഒരു തോർത്തെടുത്ത് അരികിലിരുന്ന് മുടിയിലെ വെള്ളം കളഞ്ഞുകൊടുത്തു..... കരഞ്ഞുകൊണ്ടിരിക്കുന്ന അവളെ മാറിലേക്ക് ചേർത്തുപിടിച്ചു..... കുറേനേരം ഒന്നും മിണ്ടാതെ കരഞ്ഞു.....
""തനിച്ചാക്കല്ലെടി എന്റെ ഏട്ടനെ.... അതിന് നോവുന്നുണ്ടാവും... ഇനിയുള്ള കാലമത്രയും ആരുമില്ലാതെ തനിയെ ജീവിക്കേണ്ടി വരുമോ എന്നോർത്ത്.... എനിക്കും ഏട്ടനെ ഓർക്കുമ്പോ വേദന മാത്രമേ ഉള്ളൂ.... വന്ന് വന്ന് നിന്നോട് ദേഷ്യവും തോന്നുന്നു ദച്ചൂ...."" കണ്ണ് തുടച്ചുകൊണ്ടവൾ ദച്ചുവിന്റെ മുഖത്തേക്ക് നോക്കി.... ദച്ചു ചിരിച്ചുകൊണ്ട് അമ്മുവിന്റെ നെറ്റിയിൽ മുത്തി....
അമ്മുവിനെ തിരിച്ചുകൊണ്ടുപോകാൻ നേരം ഉമ്മറപ്പടിയിൽ നിന്നും അവളപ്പുവേട്ടനെ കെട്ടിപിടിച്ച് ആർത്തുകരഞ്ഞു.... കണ്ടുനിന്ന എല്ലാവരുടെയും കണ്ണുകൾ ഈറനായി....
അപ്പുവേട്ടൻ അവളെ തട്ടി ആശ്വസിപ്പിക്കുന്നുണ്ട്.... അവളേട്ടന്റെ മുഖത്ത് നിറയെ മുത്തങ്ങൾ നൽകി തിരിഞ്ഞുനോക്കാതെ കാറിൽ കയറിപ്പോയി.....
വീട്ടിൽ നിന്നും ആളൊഴിഞ്ഞുപോയി കഴിഞ്ഞപ്പോ അപ്പുവേട്ടൻ ബേബിയമ്മേടെ മുറിക്കുള്ളിൽ കയറി കതകടച്ചു.....
രാത്രിയാവോളം ആാാ മുറിവാതിൽ തുറന്നില്ല... മോളെ ഉറക്കി കിടത്തി ഊണുമേശയിൽ അപ്പുവേട്ടനായിട്ട് കാത്തിരുന്ന് ഉറങ്ങിപ്പോയി.....
തട്ടി വിളിച്ചപ്പോഴാണ് കണ്ണ് തുറന്നത്......
താൻ കിടന്നില്ലേടോ....???
""മ്മ്മ്ഹ്ഹ് മ്മ്മ്ഹ്ഹ്..."" ഇല്ലെന്ന് മൂളി പ്ലേറ്റ് മുന്നിലേക്ക് എടുത്തുവച്ചു അതിൽ ചോറ് വിളമ്പിക്കൊടുത്തു.... വിളമ്പിയതിൽ പകുതി മാത്രമേ കഴിച്ചുള്ളൂ ബാക്കി പകുതി കറിപോലും നനയ്ക്കാതെ പ്ലേറ്റിന്റെ ഒരരുകിലേക്ക് നീക്കി വച്ചിട്ടുണ്ട്...
പിന്നിലേക്ക് തിരിഞ്ഞുനോക്കി ആള് മുകളിലേക്ക് കയറിപോയിട്ടുണ്ട്.... ബാക്കി അവശേഷിച്ച ചോറ് കൊതിയോടെ കഴിച്ചു......
മുകളിലേക്ക് ചെന്നപ്പോൾ അച്ഛനൊപ്പം ഉറക്കംപിടിച്ചിട്ടുണ്ട് മാളൂട്ടി..... അവരെയൊന്ന് തഴുകി മുറിയിൽ ചെന്ന് കിടന്നു.....
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
""ദച്ചൂ....""
""മ്മ്മ്ഹ്ഹ്... ചായ ഇപ്പം തരാവേ ഏട്ടാ..."" ഫ്ലാസ്ക് തുറന്നവൾ ചായ ഗ്ലാസ്സിലേക്ക് പകർന്നുകൊണ്ട് പറഞ്ഞു......
""ലീവ് കഴിഞ്ഞു.. നാളെ ഞാൻ എറണാകുളത്തേക്ക് പോകും...."" കയ്യിലിരുന്ന ഗ്ലാസിലെ ചായയിൽ മധുരം പകർന്നവൾ അവനുനേരെ നീട്ടി.. ബാക്കി കേൾക്കുവാനായി ആ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി.....
""താൻ തനിയെ മോളെയും കൊണ്ട് ഇവിടെ നിൽക്കണ്ട അത് ശെരിയാവില്ല.... നാളെ എന്റൊപ്പം ഇറങ്ങിക്കോളൂ ഞാൻ മംഗലത്ത് ആക്കി തരാം...."" ചായയുമായി അടുക്കള വിട്ടിറങ്ങുന്ന അവനെ വേദനയോടെ നോക്കി......
പിന്നാലെ ഓടി ചെന്നെങ്കിലും കയ്യിലൊരു പുസ്തകവുമായവൻ പുറത്തേക്കിറങ്ങി....
കുറേനേരം അനങ്ങാനാവാതെ ഉമ്മറവാതിലിൽ തന്നെ തൂങ്ങി നിന്നു....
തിരിച്ചെത്തുമ്പോൾ ഒരുപാട് ഇരുട്ടിയിരുന്നു... ഉമ്മറത്തും ഉള്ളിലും ഒന്നും വെളിച്ചം കണ്ടില്ല.... ബെല്ലടിച്ചപ്പോൾ കതക് തുറന്നത് മാളൂട്ടിയാണ്....
കരഞ്ഞു കരഞ്ഞു കുഞ്ഞുമുഖം ചുവന്നിട്ടുണ്ട്......
എന്തുപറ്റി വാവേ... അമ്മയെവിടെ..?? ചോദിക്കുമ്പോൾ കണ്ണുകൾ ഇരുട്ടിൽ പരതി....
""അമ്മയ്ക്ക് പനിയാ അച്ഛേ.... വയ്യാ..."" അവള് കുഞ്ഞിച്ചുണ്ട് പിളർത്തി സങ്കടത്തോടെ പറഞ്ഞു.... ലൈറ്റുകൾ ഇട്ടവൻ മോളെയുമെടുത്ത് മുകളിലെ മുറിയിലേക്ക് കയറി....
കമ്പിളി പുതപ്പിൽ പുതച്ചുമൂടി ഉറങ്ങുകയാണവൾ..... ചെന്ന് തൊട്ടുനോക്കിയപ്പോൾ പൊള്ളുന്ന പനി....
കൈതണുപ്പേറ്റപ്പോൾ കണ്ണുകൾ പതിയെ തുറന്നു.....
""എന്തുപറ്റിയെടോ പനിക്കാൻ??? എഴുന്നേൽക്ക് ഹോസ്പിറ്റലിൽ പോകാം...""
""വേണ്ട ഇത് മാറിക്കോളും ഒന്ന് കിടന്നാമതി....""
പറഞ്ഞപ്പോ എഴുന്നേറ്റ് പോകുന്നത് കണ്ടു... അടുക്കളയിൽ നിന്നും അച്ഛന്റേയും മോളുടെയും പാട്ടൊക്കെ കേൾക്കുന്നുണ്ട്.... കുറേനേരം വാതിൽക്കലേക്ക് നോക്കി അവരെയും കാത്തുകിടന്നു..... അപ്പുവേട്ടൻ മുറിയിലേക്ക് വരുമ്പോൾ മോള് തോളത്ത് ഉറങ്ങികിടക്കുന്നുണ്ടായിരുന്നു കയ്യിൽ ആവിപാറുന്ന കഞ്ഞിയും..... അടുത്ത് വന്ന് മോളെ ബെഡിലേക്ക് കിടത്തി... കഞ്ഞി മേശപ്പുറത്തേക്ക് വച്ച് കുനിഞ്ഞ് വന്ന് എണീപ്പിച്ചു..... കഞ്ഞി സ്പൂണിലാക്കി വായയിൽ വച്ചു തരുമ്പോൾ കണ്ണ് ചെന്ന് നിന്നത് ആ മനുഷ്യന്റെ മുന്നിലെ മുടിയിഴകളിലെ വെളുത്ത് നരബാധിച്ച രണ്ട് മുടിയിലാണ്.....
നാല്പതു വയസ്സിൽ മുടി നരയ്ക്കുമോ.... കണ്ണുകൾ വേദനിച്ചു കഞ്ഞി മതിയാക്കി കിടക്കയിലേക്ക് തന്നെ ചാഞ്ഞു....
ഉറങ്ങിക്കഴിഞ്ഞപ്പോഴും അറിഞ്ഞു ഉറങ്ങാതിരിക്കുന്ന ആാാ മനുഷ്യന്റെ സാമിപ്യം.....
കാലത്ത് ഉണരുമ്പോൾ തന്റെയും മോളുടെയും കാൽ ചുവട്ടിലായി കിടക്കയിൽ തന്നെ ചുരുണ്ടുകൂടി കിടക്കുന്നുണ്ട്...... കുറേനേരം വാത്സല്യത്തോടെ ആാാ മുഖത്തേക്ക് തന്നെ നോക്കി....
""അപ്പുവേട്ടാ.... അപ്പുവേട്ടാ...."" വിളിച്ചപ്പോൾ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു...
പനി വിട്ടോടോ..? വെപ്രാളത്തോടെ പുറംകൈ നെറ്റിയിൽ വച്ചുനോക്കി..... ഒരു ചിരിയോടുകൂടി മുഖം കുനിഞ്ഞു.... എന്തോ തെറ്റുചെയ്തതുപോലെ ആാാ കൈകൾ വലിഞ്ഞു.....
ഇന്ന്... ഇന്ന് പോണില്യേ അപ്പുവേട്ടാ....??? വാക്കുകളിൽ സങ്കടം തിങ്ങി നിറഞ്ഞു....
ഇല്ലാ... ഒരൂസം കൂടെ ലീവെടുത്തു നാളെ പോകും..... തനിക്ക് ബുദ്ധിമുട്ടായോടൊ....??
കണ്ണ് നിറഞ്ഞു നിഷേധാർത്ഥത്തിൽ പതിയെ തല ചലിപ്പിച്ചു.... എന്തെങ്കിലും പറയും മുൻപേ എഴുന്നേറ്റ് പോയി.....
അന്ന് മുഴുവനും ഒന്ന് അനങ്ങാൻ പോലും വിട്ടില്ല.....
വീട്ടിലെ എല്ലാ കാര്യങ്ങളും അച്ഛനും മോളും തന്നെ ചെയ്തു.... ഉച്ചയ്ക്ക് അച്ഛന് പകരം മാളൂട്ടി കഞ്ഞി സ്പൂണിലാക്കി തന്നു.... അച്ഛനെ അനുകരിക്കലാണിപ്പോ അച്ഛന്റെ മോൾടെ പ്രധാന പണി....
""കുളിക്കണ്ടാടോ മേലൊന്ന് നനച്ചോ..."" തോളിലേക്ക് ഉടുക്കാൻ വസ്ത്രവും തുടയ്ക്കാൻ തോർത്തും വച്ചുതന്നു....
സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന മനുഷ്യൻ..... കൊതിതോന്നി അങ്ങോട്ടും അത് പകർന്നുനൽകാൻ.... അളവില്ലാതെ....
രാത്രിഭക്ഷണം അന്ന് മൂന്നുപേരും ഒന്നിച്ചിരുന്ന് ഊണുമേശയിൽ തന്നെ കഴിച്ചു....
"""അച്ഛ ഇടയ്ക്ക് വരാം അച്ഛേടെ അമ്മാളൂനെ കാണാൻ മംഗലത്തേക്ക്.... കുറുമ്പൊന്നും കാണിക്കാതെ നല്ല കുട്ടിയായിട്ട് ഇരിക്കണം.... അമ്മ പറയുന്നതൊക്കെ കേൾക്കണം....""" മുറിയിലേക്ക് കയറാൻ നേരം അപ്പുവേട്ടൻ മാളൂട്ടിയോട് പറയുന്നത് കേട്ടു.... അച്ഛന്റേം മോൾടേം ഇടയിൽ നിൽക്കാതെ താഴേക്ക് തന്നെയിറങ്ങി.....
കുറേനേരം കഴിഞ്ഞാണ് പിന്നെ മുകളിലേക്ക് കയറി ചെന്നത്.... ചെല്ലുമ്പോ മാളൂട്ടി സുഖനിദ്രയിലാണ്.... അപ്പുവേട്ടൻ വലിയൊരു ബാഗിലേക്ക് അലമാരയ്ക്കുള്ളിൽ നിന്നും വസ്ത്രങ്ങൾ മാറ്റുന്നുണ്ട്.... പുസ്തക തട്ട് തുറന്ന് പുസ്തകങ്ങളെല്ലാം മറ്റൊരു ബാഗിലേക്കും.... ചെന്ന് പുസ്തകങ്ങൾ എടുത്തുവയ്ക്കാൻ സഹായിച്ചു...
""ആരും ഇല്ലാഞ്ഞാൽ ഇതൊക്കെ നാശമായി പോകുമെടോ.. അതാ പോവുമ്പോ എല്ലാം കൊണ്ടുപോവാമെന്ന് വിചാരിച്ചേ....""
""മ്മ്മ്ഹ്ഹ്...."" പതിയെ മൂളി
"""രാവിലെ തന്നെ ഇറങ്ങണം നിങ്ങടേം കൂടെ പാക്ക് ചെയ്തേക്ക്... ഞാൻ മംഗലത്തേക്ക് വിളിച്ച് പറഞ്ഞിട്ടുണ്ട്....."""
""ഞാൻ... ഞാൻ പോവുന്നില്ല..."" ശബ്ദം ഇടറി...
""പിന്നെ... ഇവിടെ തനിച്ചോ.... അത് പറ്റില്ല..."" ബാഗടച്ചവൻ അവൾക്കുനേരെ തിരിഞ്ഞു.....
""ഞാൻ... ഞാനും വരുവാ എറണാകുളത്തേക്ക്...."" മുഖം കുനിച്ച് മിഴികൾ നിലത്തേക്കൂന്നിക്കൊണ്ട് എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു...
ആാാ കാൽപാദങ്ങൾ സാവധാനം തനിക്കരുകിലേക്ക് നടന്നടുക്കുന്നത് കണ്ടു....
""താൻ... താനെന്താടോ പറഞ്ഞേ...???"" ഇപ്പൊ ആാാ ശബ്ദത്തിനും അതേ ഇടർച്ച.... അപ്പുവേട്ടന്റെ കൈകൾ കവിളിൽ തലോടി.... മിഴികളുയർത്തി നോക്കി... നാലുകണ്ണുകളും നിറഞ്ഞിരിക്കുന്നു...... വലംകൈ ഏട്ടന്റെ നെഞ്ചിലേക്ക് എടുത്തുവച്ചു....
ഇതിനുള്ളിലെ പ്രണയം മുഴുവൻ തന്ന് തീർന്നോ അപ്പുവേട്ടാ....??? ചോദിക്കുമ്പോൾ കണ്ണിൽ നിന്നുമത് കവിൾത്തടത്തിലൂടെ ഒലിച്ചിറങ്ങി....
""തരുന്നത് മൊത്തം സ്വീകരിക്കാതെ തിരികെ തന്നെ തന്നതുകൊണ്ട് ഒരംശം പോലും കുറയാതെ അതിവിടെ തന്നെ ഉണ്ടെടോ....."" ആ കൈവിരലുകൾ കവിളിലെ വെള്ളത്തുള്ളിയെ തുടച്ചുനീക്കി....
""നിക്കി വേണം... ദച്ചൂനെ കൂടെ ഒപ്പം കൊണ്ടുപോവുമോ...."" അപേക്ഷയായിരുന്നു മുഖത്ത്...
""ദച്ചൂ... നിനക്കെന്നെ.....""
""ഇഷ്ടാണ് ഒരുപാടൊരുപാട്...."" പറഞ്ഞുകഴിഞ്ഞപ്പോ മനസിലെ ഭാരം ഒഴിഞ്ഞതുപോലെ ശബ്ദം പുറത്തേക്ക് വരാതെ ചെറുചിരിയോടെ കരഞ്ഞു....
തന്റെ കവിളിൽ വെപ്രാളത്തോടെ തലോടുന്ന അപ്പുവേട്ടന്റെ കൈകളിൽ കൈചേർത്തുവച്ചു....
ആാാ കണ്ണുകളും നിറഞ്ഞിരിക്കുന്നു , മീശ കടിച്ചുപിടിച്ചിട്ടുണ്ട്... മുഖത്ത് സന്തോഷത്തിന്റെ നിറഞ്ഞ ചിരി.... പ്രണയത്തോടെ ആാാ മുഖത്താകെ കണ്ണുകൾ പായ്ച്ചു.... പ്രണയത്തോടെ തന്നെ ആാാ വിരിഞ്ഞ നെഞ്ചിലേക്ക് ചാഞ്ഞു.... കരുത്തുറ്റ രണ്ട് കൈകൾ ചുറ്റി വരിഞ്ഞു..... കുറേനേരം നിശബ്ദമായി അതേ നിൽപ് തുടർന്നു.... മുഖമുയർത്തി നോക്കിയപ്പോൾ ഏട്ടന്റെ മുഖത്ത് എന്തൊക്കെയോ വെപ്രാളം.... മുഖം തനിക്ക് നേരെ താഴ്ന്നു വരുന്നുണ്ട്.... വേഗം തന്നെ അത് മറ്റെങ്ങോട്ടൊക്കെയോ തെന്നിമാറുന്നു....
ചിരിയോടെ കാലിലെ പെരുവിരലിൽ ഉയർന്നു നിന്നു.... തന്റെ നെറ്റിത്തടം ആാാ ചുണ്ടുകളിലേക്ക് ചേർത്തുവച്ചുകൊടുത്തു...
""ദച്ചൂ..."" ചുണ്ടുകൾ നെറ്റിയിൽ ഉരസി... ശരീരം വിറപൂണ്ടു...
""മ്മ്മ്ഹ്ഹ്..."" കണ്ണുകൾ ഇറുകെമൂടി ഷർട്ടിനുപിന്നിൽ മുറുകെ പിടിച്ചു.... ആ ചുണ്ടുകൾ നെറ്റിയിൽ അമർന്നു...
""ആദ്യചുംബനം...."" ഇരുപത്തിമൂന്ന് വർഷത്തെ ഒരു മനുഷ്യന്റെ പ്രണയം.... അപ്പുവേട്ടന്റെ കണ്ണുനീർ നെറുകയിലെ സിന്ദൂരത്തെ നനച്ചു....
മുറിക്ക് പുറത്തെ ദിവാൻ കോട്ടിൽ അവന്റെ നെഞ്ചിൽ തലചായ്ച്ചു കിടക്കുമ്പോൾ കുഞ്ഞിമാളൂട്ടി പുറത്തുനിന്നും കൊളുത്തിട്ട മുറിക്കുള്ളിൽ ഗാഢനിദ്രയിലായിരുന്നു.....
ഇത്രയും ചേർന്ന് കിടന്നിട്ടുപോലും തന്നെ മറ്റൊരർത്ഥത്തിൽ സ്പർശിക്കാത്ത അവനെ അവൾ പ്രേമത്തോടെ പുൽകി.....
രോമാവൃതമായ നെഞ്ചിൽ ചുണ്ടുകൾ ചേർത്ത് ചുംബിച്ചു.... ചുറ്റി പിടിച്ച കൈകളുടെ മുറുക്കം കൂടുന്നതല്ലാതെ നെറ്റിയിലേക്ക് വീണ് കിടക്കുന്ന കുറുനിരകൾ മാറ്റിയൊതുക്കുന്നതല്ലാതെ ഒന്നുമൊന്നും ആ കൈകൾ ചെയ്യുന്നില്ല.....
ഉയർന്നു പൊങ്ങി ആ വെളുത്ത മുടിയിഴകൾ പൊട്ടിച്ചെടുത്തു....
നിലാവെളിച്ചത്തെ ഉള്ളിലേക്ക് കടത്തിവിടുന്ന ചില്ലുജനല്പാളിയെ കർട്ടൻ കൊണ്ട് മറച്ചുവച്ചു..... ചുറ്റിലും ഇരുട്ടിന്റെ കറുപ്പ്....
ഇരുട്ടിലെപ്പോഴോ അധരങ്ങൾ തമ്മിൽ ചേരുന്നതിന്റെ തണുപ്പറിഞ്ഞു, ഉമിനീരിന്റെ മധുരവും, രക്തത്തിന്റെ ചവർപ്പും....
തുടക്കത്തിലെ മൃദുവായ ചുംബനം പതിയെ സ്നേഹത്തിന്റെ പ്രണയത്തിന്റെ മറ്റൊരു ഭാവം കൈവരിച്ചു..... പുതപ്പിനുള്ളിൽ കാലുകൾ തമ്മിൽ ചുറ്റിപ്പിണഞ്ഞു... ശ്വാസഗതികൾ ഉയർന്നുതാണു..... അവസാന കിതപ്പിനൊടുവിൽ നെറുകയിലെ സിന്ദൂരം ഒലിച്ചിറങ്ങി....
നെഞ്ചിലേക്ക് മുഖം പൂഴ്ത്തി വച്ചു.... നിർവൃതിയിൽ കണ്ണുകൾ പാതിയടഞ്ഞു......
വീണ്ടും മൗനം... പ്രണയത്തിന്റെ നിശബ്ദത....
""ദച്ചൂ...""
""മ്മ്ഹ്ഹ്.. ഒന്നും മറന്നിട്ടല്ല... മറക്കാൻ ശ്രമിക്കാറുമില്ല... മറവിയെനിക്ക് വേണ്ട അപ്പുവേട്ടാ.... ഓർമകളുടെ അത്രത്തോളം തന്നെ എനിക്ക് നിങ്ങളെ സ്നേഹിക്കണം... ഇപ്പൊ ഈൗ നിമിഷത്തെ ഞാൻ ഒരുപാട് ഇഷ്ടപെടുന്നു.... നിങ്ങളെ ഞാൻ അത്രയേറെ പ്രണയിക്കുന്നു...."" കൈകളുടെ മുറുക്കം കൂടി.... ചുംബിച്ച ചുണ്ടുകളിൽ വീണ്ടും ചുണ്ടുകളമർന്നു....
മോൾക്ക് ഇരുവശവും ചേർന്ന് കിടക്കുമ്പോൾ കണ്ണുകൾ പുഞ്ചിരിച്ചു....
എങ്ങനെയാ അപ്പുവേട്ടാ ഒരു പുരുഷന് ഒരു സ്ത്രീയെ ഇത്രമാത്രം സ്നേഹിക്കാൻ കഴിയുന്നത്....???
"""ഒരാളെ സ്വന്തമാക്കുക എന്ന സ്വാർത്ഥത മാത്രമല്ല പ്രണയം...
കാരണങ്ങളൊന്നുമില്ലാതെ വെറുതെ.... വെറുതെ ഒരുവളെ ഭ്രാന്തമായി സ്നേഹിക്കുന്നതും പ്രണയം തന്നെ.... തീവ്രമായ പ്രണയം....""" ഓരോ വാക്കുകളിലും പ്രണയം കവിഞ്ഞൊഴുകി... കൈകൾ മാളൂട്ടിക്ക് മുകളിലൂടെ ദച്ചുവിന്റെ മുടിയിഴകളെ തലോടിക്കൊണ്ടിരുന്നു.....
❤️❤️...അവസാനിച്ചു... ❤️❤️
©️Anjali mohan
രചന : അഞ്‌ജലി മോഹൻ
"""നട്ട ചെടിക്ക് രണ്ട് ദിവസത്തെ വാട്ടമുണ്ടാവും...
പിന്നെ അത് പുതിയ മണ്ണിനെ സ്നേഹിക്കാൻ തുടങ്ങും.... അതുപോലെ തന്നെയാണ് ഓരോ ആണിന്റെയും പെണ്ണിന്റെയും മനസ്സ്.... """
- മാധവികുട്ടി
ഒരുപാട് സ്നേഹത്തോടെ
അഞ്‌ജലി മോഹൻ ❤️
കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
