എന്തിനാ മോളെ ഉണ്ണിയേട്ടൻ എന്നോട് ഇങ്ങനെ ചെയ്യണത്. കല്യാണത്തിന് ഇനി ഒരാഴ്ച കൂടിയേ ഉള്ളൂ.

Valappottukal
എന്റെ മായപെണ്ണ്...


രചന: അഭി

"കുഞ്ഞേട്ടാ..."

  "എന്താ മോളെ..."

  "ഞാനൊരു കാര്യം പറയട്ടെ."

      "മ്മ്....."

"കുഞ്ഞേട്ടൻ മായേച്ചിയെ ഇങ്ങട് കൂട്ടിയിട്ട് വാ, ഇല്ലെങ്കിൽ മറ്റെവിടേക്കെങ്കിലും കൂട്ടിയിട്ട് പോകുമോ?"

    "എന്തേ ഇങ്ങനെ പറയാൻ?"

  "ഞാൻ ആദ്യായിട്ടാ ഇങ്ങനെ പറയണേ?"

   "അതല്ല ഇതിനുമുമ്പും നീ എന്നോട് ഒരുപാട് പ്രാവശ്യം പറഞ്ഞിട്ടുള്ളതാണിത്.പക്ഷേ എന്റ വേണിമോള് കണ്ണ് കലങ്ങി പറയണത് ആദ്യായിട്ടാ."

   "വയ്യെട്ടാ  മായേച്ചിടെ കണ്ണീര് കാണാൻ വയ്യെനിക്ക്..."

  "അവളെ കണ്ടുവോ?"

"മ്മ്.....ഇന്നലെ കാവിൽ തൊഴാൻ പോയപ്പോൾ."

    "എന്തേലും പറഞ്ഞുവോ?"

            "മ്മ്..."
  **************************


     "എന്തിനാ മോളെ ഉണ്ണിയേട്ടൻ എന്നോട് ഇങ്ങനെ ചെയ്യണത്. കല്യാണത്തിന് ഇനി ഒരാഴ്ച കൂടിയേ ഉള്ളൂ. ഓരോന്ന് ആലോചിക്കുന്തോറും എന്റെ ഹൃദയം തകർന്നു പോവാ.ഞാൻ ആദ്യമേ പറഞ്ഞതല്ലേ ഉണ്ണിയേട്ടനോട് ഏട്ടന്റെ അമ്മക്ക് എന്നെ സ്വീകരിക്കാൻ കഴിയില്ലെന്ന്.എന്റെ സ്നേഹം പിടിച്ചു മേടിച്ചത് ഇങ്ങനെ പകുതികിട്ട് ഉപേക്ഷിക്കാനാണോ.
    എന്നെ എങ്ങോട്ടെങ്കിലും കൂട്ടിക്കൊണ്ടു പോകാൻ പറമോളെ. ഉണ്ണിയേട്ടന്റ കൂടെ എവിടെക്കായാലും ഞാൻ വരാം.താങ്ങാൻ പറ്റണില്ല വേണി ചേട്ടന്റെ സ്ഥാനത്ത് മറ്റൊരാളെ കാണാൻ.മരിക്കാൻ ഭയം ഉണ്ടായിട്ടല്ല,ഞങ്ങളുടെ ബന്ധം അറിയാവുന്നവർ ഉണ്ണിയേട്ടനെ കുറ്റക്കാരനാക്കും.അത് ഞാൻ ആഗ്രഹിക്കുന്നില്ല...
         വിളിച്ചാൽ ഫോൺ എടുക്കില്ല എന്നെ കാണുമ്പോൾ ഒഴിഞ്ഞു മാറി നടക്കും.ഇതിനു വേണ്ടി ഞാൻ എന്ത് തെറ്റാണ് ചെയ്തത്.    എന്റെ ജീവനുതുല്യം സ്നേഹിച്ചതോ.
ഏഴെട്ടു വർഷം പരസ്പരം ഇഷ്ടപ്പെട്ടിട്ട്,
    വീട്ടിൽ വിവാഹം നോക്കുന്നു എന്ന് പറഞ്ഞപ്പോൾ അമ്മയുമായി വരാം എന്ന് പറഞ്ഞു പോയതാ.പിന്നെ ഒരു മാസകാലം ഞാൻ കണ്ടിട്ടില്ല.കല്യാണം ഇപ്പോൾ വേണ്ടാന്ന് ഒരുപാട് പറഞ്ഞു നോക്കി ആരും കേട്ടില്ല.ഈ കല്യാണം മുടക്കാൻ അവസാനം ഉണ്ണിയേട്ടന്റെ
കാര്യം പറഞ്ഞുനോക്കി. അതിന് എനിക്കും അമ്മയ്ക്കും കിട്ടി അച്ഛന്റെ കയ്യീന്ന്. അമ്മയെ തല്ലണ കണ്ടിട്ടാ അവസാനം സമ്മതിച്ചത്.

       രണ്ട്ദിവസം മുമ്പ് ലൈബ്രറിയിൽ പോയപ്പോൾ കണ്ടിരുന്നു ഏട്ടനെ..കണ്ടപ്പോൾ തന്നെ വണ്ടിയെടുത്ത് പോകാൻ നോക്കി,
    ബലമായിപിടിച്ച് നിർത്തി ചോദിച്ചു എന്തിനാ  എന്നോട് ഇങ്ങനെ ചെയ്യുന്നതെന്ന്,അപ്പൊൾ  പറയുവാ..എനിക്ക് ഇതൊക്കെ ഒരു തമാശയായിരുന്നു, നീ ഇപ്പോൾ വന്ന പ്രൊപ്പോസൽ സമ്മതിക്കണം എന്നുപറഞ്ഞ് ഒറ്റ പോക്കായിരുന്നു.

     പക്ഷേ മോളെ നിന്റെ ചേട്ടനോട് പറയണം അദ്ദേഹത്തിന്റെ കണ്ണുകൾ എന്നോട് പറയുന്നുണ്ടായിരുന്നു എന്നെ ഒരിക്കലും പിരിയാൻ സാധിക്കില്ലെന്ന്, ആ കണ്ണുകൾ നിറയുന്നത് ഞാൻ കാണാതിരിക്കാനാണ് വേഗം പോയതെന്ന് എനിക്കറിയാം.ഉണ്ണിയേട്ടൻ ഒരിക്കലും എന്നെ വേണ്ടെന്ന് പറയില്ലെന്ന് എനിക്കറിയാം. നീയെങ്കിലും പറ ലക്ഷ്മിഅമ്മയ്ക്ക് ആണോ ഞങ്ങൾ ഒന്നിക്കുന്നതിൽ പ്രശ്നം.   
         അങ്ങനെയാണെങ്കിൽ മോള് അമ്മയോട് പറയണം,അമ്മ പറയണത് എല്ലാംകേട്ട് ഒ..രു വേ..ലക്കാരിയെ പോലെ ഞാൻ.. അവിടെ ജീ...ജീവിച്ചോളാം.ഉ..ണ്ണിയേട്ട...ന്റെ കൂടെ ജീവിക്കാ.ൻ അനുവ...ദിച്ചാൽ മ..മതിയെ..ന്ന്.
   വിറയാർന്ന ചുണ്ടുകളോടെ പറയുന്ന ഓരോ വാക്കുകളും മുറിഞ്ഞുപോയി കണ്ണുകൾ നിറഞ്ഞൊഴുകി. കൈ കുമ്പിളി മുഖമമർത്തി ഏങ്ങിയേങ്ങി അവൾ കരഞ്ഞു. വേണി മായയെ ഇറുകെ പുണർന്നു അവളുടെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു."

    "മായേച്ചി...ഇങ്ങനെകരയാതെ.
എനിക്കൊന്നുമറിയില്ല ചേച്ചി. കുഞ്ഞേട്ടനോട്‌ ഞാൻ ഒരുപാട് പ്രാവശ്യം ചോദിച്ചു എന്താ ചേട്ടന്റെ പ്രശ്നമെന്ന്, ഒന്നും പറയാൻ കൂട്ടാക്കിയില്ല. ചേച്ചി വിഷമിക്കേണ്ട ഞാൻ ഏട്ടനോട് പറയാം."
    മായെതോളിൽ നിന്ന് അടർത്തിമാറ്റികൊണ്ട് വേണിപറഞ്ഞു.

    "മോൾ ഒന്ന് പറയുമോ...നിന്റെ കുഞ്ഞേട്ടനോട് എന്നെ എങ്ങോട്ടെങ്കിലും കൂട്ടിക്കൊണ്ടുപോകാൻ."
   പ്രതീക്ഷയോടെ തന്നെ നോക്കുന്ന മായയുടെ കണ്ണുകളിൽ നോക്കി എന്ത് പറയണം എന്നറിയാതെ അവൾ നിന്നു.

  "ഞാൻ....ഞാൻ പറയാം ചേച്ചി..."

    "സമ്മതിച്ചില്ലെങ്കിലും നീ പറയണം, ഈ മായപെണ്ണിന് ഉണ്ണിയേട്ടനെ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന്. വെറുക്കാനോ ശപിക്കാനോ സാധിക്കില്ലെന്ന്. അത്രയ്ക്ക് സ്നേഹിച്ചു പോയി ഞാൻ ആ മനുഷ്യനെ..."
എന്ന് പറഞ്ഞുകൊണ്ട് വലം കയ്യാൽ കണ്ണുകൾ അമർത്തി തുടച്ചുകൊണ്ടവൾ  തിരിഞ്ഞു നടന്നു.

  "മായേച്ചി....."

"എനിക്ക് മനസ്സിലായി വേണി നീ എന്തിനാ വിളിച്ചതെന്ന് അബദ്ധം ഒന്നും ഞാൻ കാണിക്കില്ല. എന്റെ അമ്മയ്ക്ക് ഞാൻ കൊടുത്ത വാക്കാണ്."
    എന്ന് പറഞ്ഞു കൊണ്ട് എല്ലാം തകർന്നവളെപോലെ തനിക്കായി ഒരു മങ്ങിയ ചിരി നൽകിക്കൊണ്ട് നടന്നകലുന്ന ആ രൂപത്തെ നോക്കി നില്ക്കവേ വേണിയുടെ കണ്ണുകൾ നിറഞ്ഞു.
        **********************

      "അതൊരു പാവമാണ് കുഞ്ഞേട്ടാ..അതിനെ ഉപേക്ഷിക്കരുത്. അമ്മ കാരണമാണ് കുഞ്ഞേട്ടൻ മായേച്ചിയെ വേണ്ടാന്ന് പറഞ്ഞതെന്ന് ഞാൻ പറയാത തന്നെ ചേച്ചിക്ക് അറിയാം. എന്നിട്ടുപോലും ചേച്ചി നമ്മുടെ അമ്മയെ കുറ്റംപറഞ്ഞിട്ടില്ല.
   അമ്മയോട് പറയണം ഒരു വേലക്കാരിയെ പോലെ ഇവിടെ കഴിയാം എന്നാണ് ഇപ്പോഴും എന്നോട് പറഞ്ഞത്.
     അമ്മയുടെ ശത്രുതയ്ക്ക് വേണ്ടി ഇല്ലാതാക്കാൻ ഉള്ളതല്ല നിങ്ങൾ രണ്ടുപേരുടെയും സ്നേഹം. ചേട്ടൻ ആലോചിച്ച് ഒര് തീരുമാനം എടുക്കു.    മായേച്ചിടെ കല്യാണത്തിന് നാലുദിവസം കൂടിയേ ഉള്ളൂ.

   "വേണി... ചേട്ടന് കുറച്ചുനേരം തനിച്ചിരിക്കണം."

         "മ്മ്..."

                  🔸🔸🔸🔸

       മായ.. എന്റ "മായപെണ്ണ്.

    എന്റമ്മ ലക്ഷ്മിയുടെ ആജന്മശത്രുവാണ്
അവളുടെ അമ്മ ശ്രീദേവി. പഠിപ്പിലും ഡാൻസിലും സൗന്ദര്യത്തിലും മുൻപിലായിരുന്ന ശ്രീദേവിയോട് ലക്ഷ്മിക്ക് അസൂയ ആയിരുന്നു. എന്തിനും ഏതിനും ദേവിയെകണ്ടുപടി എന്ന പ്രയോഗം അമ്മയിൽദേഷ്യം വളർത്തി.കുഞ്ഞുനാളിൽ തുടങ്ങിയ ഈ ദേഷ്യം വളർന്നു വലുതായപ്പോൾ ശത്രുതയിലേക്ക് എത്തി. തനിക്ക് വേണ്ടി കണ്ടുവെച്ച പ്രമാണിയുടെ ആലോചന ദേവിയിക്ക് ചെന്നപ്പോൾ അത് പൂർണ്ണമായി.

     സ്കൂളിലേക്കുള്ള  ഇടവഴിയിൽ വെച്ച് ഇഷ്ടം പറഞ്ഞ പതിനൊന്നാം ക്ലാസ്സ് കാരനോട് ആ പത്താംക്ലാസുകാരി ഒന്നേ പറഞ്ഞുള്ളൂ.
    "ഉണ്ണിയേട്ടന്റെ അമ്മയ്ക്ക് എന്നെ ഇഷ്ടമാകില്ല. മുല്ലശ്ശേരിയിലെ ശ്രീദേവിയുടെ മകളാണ് ഞാൻ"എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയ അവളിൽ നിന്നാണ് എന്റെ അമ്മയുടെ ശത്രുതയുടെ കഥ ഞാൻ അറിയുന്നത്. പിന്നെയും മൂന്നുവർഷം പുറകെ നടന്നാണ് ഇഷ്ടം പറയിപ്പിച്ചത്.അവളുടെ അമ്മ ഞങ്ങളുടെ ഇഷ്ടം അറിഞ്ഞപ്പോൾതന്നെ എന്നെ കാണാൻ വന്നിരുന്നു.
 
     ലക്ഷ്മിയെ ഞാൻ ഒരു സഹോദരി ആയിട്ടാണ് കണ്ടിരുന്നത്.എന്നാൽ അവൾക്ക് ഞാനിന്നും ശത്രുവാണ്.അതുകൊണ്ട് എന്റെ മോളെയാണ് നീ സ്നേഹിക്കുന്നതെന്ന് അവളോട് പറയണം ലക്ഷ്മി സമ്മതിക്കുകയാണെങ്കിൽ മാത്രം ഈ ബന്ധം തുടർന്നാൽ മതി എന്റെ മോൾ കരയുന്നത് കാണാൻ എനിക്ക് വയ്യ. എന്ന് പറഞ്ഞ് കണ്ണുനീർ തുടച്ചുകൊണ്ട് അവർ പോയി..
     ഞാനും മായയും തമ്മിലുള്ള ഇഷ്ടം അറിഞ്ഞപ്പോൾ അമ്മ എതിർക്കാതിരുന്നതിൽ  അത്ഭുതം തോന്നിയെങ്കിലും ഞങ്ങളുടെ ഇഷ്ടം അംഗീകരിച്ചത് കൊണ്ടാവാം എന്ന് കരുതി.

"  ഉണ്ണിയേട്ടാ... സത്യായിട്ടും ഉണ്ണിയേട്ടന്റെ അമ്മയ്ക്ക് എന്നെ ഇഷ്ടമാണോ?
     കുളപ്പടവിൽ ഇരിക്കുമ്പോൾ എന്റെ  മടിയിൽ തലവെച്ച് കിടന്നുകൊണ്ട് അവൾ പലപ്പോഴും ചോദിക്കുന്ന ചോദ്യമാണ്.

      അപ്പോഴൊക്കെ അവളെ ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ പറയുമായിരുന്നു.
    "ഒന്നുമില്ലേലും എന്റെ അമ്മയല്ലേടി... എന്റെ ഇഷ്ടങ്ങളാണ് എന്റെ അമ്മയുടെയും.......

     എന്നാൽ കുറച്ച് നാളുകൾക്ക് മുമ്പാണ് അതൊക്കെ എന്റെ വെറും തോന്നലായിരുന്നുവെന്ന് മനസ്സിലാത്.

                            🔹🔹

   അമ്മയും അച്ഛനുംകൂടി മുല്ലശ്ശേരിവരെ ഒന്ന് പോകണം.അമ്മ അച്ഛനോടോന്നു പറയുമോ?

   അതെന്തിനാ ഞങ്ങൾ മുല്ലശ്ശേരിൽ  പോകുന്നത്?

    മായക്ക് ഒരുമാസത്തിനുള്ളിൽ കല്യാണം നടത്തണമെന്ന് ഒരു ജോത്സ്യൻ പറഞ്ഞത്രേ..   എനിക്ക് വേണ്ടി അച്ഛനും അമ്മയും അവിടെ പോയി ഒന്ന് സംസാരിക്കണം.

   നിനക്ക് വേണ്ടിയോ അതെന്തിനാ?.

   അമ്മയെന്താ.. ഒന്നുമറിയാത്തപോലെ സംസാരിക്കുന്നത്.ഞാനും മായയും തമ്മിൽ ഇഷ്ടത്തിലാണെന്ന് അമ്മയോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ?

   അതിന് നിനക്ക് വേണ്ടി ഞാനാ ദേവിയുടെ കാലു പിടിക്കണം എന്നാണോ?

    അങ്ങനെയാണോ ഞാൻ പറഞ്ഞത്. നാട്ടുനടപ്പനുസരിച്ച് പെണ്ണ് ചോദിക്കണം എന്നല്ലേ ഞാൻ പറഞ്ഞുള്ളൂ.

    നടക്കില്ല.....എന്റെ സമ്മതത്തോടെ ഈ വിവാഹം നടക്കില്ല. ദേവിയുടെ മകളെ എന്റെ മരുമകൾ ആക്കാൻ എനിക്ക് സാധിക്കില്ല.

    അമ്മ എന്തൊക്കെ പറഞ്ഞാലും ഞാൻ വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അത് മുല്ലശ്ശേരിൽ മായാമഹാദേവനെ ആയിരിക്കും.

     അങ്ങനെ എന്തെങ്കിലും നടന്നാൽ ഈ അമ്മയെ പിന്നെ നീ ജീവനോടെ കാണില്ല.
ലക്ഷ്മിക്ക് ഒരേ ഒരു വാക്കേയുള്ളൂ അവളുടെ മുമ്പിൽ ഈയൊരു കാര്യത്തിലെങ്കിലും എനിക്ക് ജയിക്കണം.
     അമ്മ ഒരുവിധത്തിലും ഈ വിവാഹത്തിന് സമ്മതിക്കില്ല എന്ന് എനിക്ക് മനസ്സിലായി.

   അമ്മയെയും അച്ഛനെയും കൂട്ടിട്ട് ഇന്ന് വരുമോ നാളെവരുമോ എന്നുള്ള അവളുടെ ചോദ്യങ്ങൾക്ക് മനപ്പൂർവം മറുപടി നൽകാതെയായി. ആ പാവം ഇതറിഞ്ഞാൽ തകർന്നുപോകും, ഒഴിഞ്ഞു മാറിനടന്ന അവളെ ബലമായി പിടിച്ച് എന്നിലേക്ക് ചേർത്തുനിർത്തിയത് ഞാനാണ്. ആ ഞാൻതന്നെ  എങ്ങനെ അവളോട് പറയും എന്നിൽ നിന്ന് അകന്നു  പോകണമെന്ന്.
     അവസാനം എല്ലാം അവളുടെ അമ്മയോട് തന്നെ തുറന്നു പറയാൻ തീരുമാനിച്ചു

  " നിങ്ങളുടെ കല്യാണം നടക്കാനും,എന്റെ മോളുടെ സന്തോഷത്തിനുവേണ്ടി ഞാൻ വേണെങ്കിൽ ലക്ഷ്മിയുടെ കാലു പിടിക്കാം മോനേ.

    ഒന്നും വേണ്ട അമ്മേ. അവൾക്ക് മറ്റൊരു വിവാഹം നോക്കിക്കോളൂ.
    എന്ന് പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോൾ കണ്ണുകൾ നിറഞ്ഞ് വഴിക്കാഴ്ചകൾ മങ്ങിയിരുന്നു.
                   
    രണ്ടാഴ്ച മുമ്പ് ഒരു കൂട്ടുകാരൻ വഴി അറിഞ്ഞു അവളുടെ കല്യാണം ഉറപ്പിച്ചു എന്ന്. അതിനുശേഷം എവിടെ വെച്ച് കണ്ടാലും ഒഴിഞ്ഞു മാറി പോകുകയാണ് ചെയ്തത്. ലൈബ്രറിക്കു മുന്നിൽവെച്ച് ബലമായി പിടിച്ചു നിർത്തി ചോദിച്ചപ്പോൾ ഇതെല്ലാം ഒരു തമാശയാണെന്ന് പറയുമ്പോഴും എന്റെ മനസ്സ് നിലവിളിക്കുന്നുണ്ടായിരുന്നു
"നീ എന്റെ ജീവനാണ് പെണ്ണേ "എന്ന്

    ഒരു പാവമാണവൾ. വേണിയോട് തെറ്റായി ഒന്നും ചെയ്യില്ലെന്ന് പറഞ്ഞെങ്കിലും.ദുഃഖം താങ്ങാനാകാതെ അവൾ എന്തെങ്കിലും കടുംകൈ ചെയ്താൽ.അങ്ങനെ എന്തെങ്കിലും അവൾ ചെയ്തുവെന്ന് അറിയുന്ന ആ നിമിഷം ഞാനും അവൾക്കൊപ്പം പോയിരിക്കും.അതിനെനിക്ക് അമ്മയുടെ അനുവാദം വേണ്ടല്ലോ.
                          🔹🔹
   ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു വീണുകൊണ്ടിരുന്നു.
നാളെയാണ് മായയുടെ കല്യാണം..

     മോനേ... എന്താടാ ഈ സമയത്ത് ഒരു കിടത്തം...
   ഞാൻ ഇന്നലെ വന്നപ്പോൾ മുതൽ നിന്നെ ശ്രദ്ധിക്കുന്നതാ.മായയുടെ കല്യാണം ഉറപ്പിച്ച വിവരം ഞാനറിഞ്ഞിരുന്നു.നിങ്ങൾ തമ്മിൽ പിരിഞ്ഞ് കൊണ്ടായിരിക്കാം എന്നാ ഞാൻ കരുതിയത്. പക്ഷേ നിന്റെ ഈ മുഖം കണ്ടിട്ട് മറ്റെന്തോ ആണ് സംഭവിച്ചത് എന്ന് തോന്നുന്നു.
ഞാൻ കഴിഞ്ഞ മാസം ഇവിടുന്ന് പോകുമ്പോൾ കണ്ട ആളല്ല നീ..

  ഒന്നുമില്ല അച്ഛാ....

  നിന്റെ കണ്ണെന്താ കലങ്ങിയിരിക്കുന്നത്.

    ഒരു കരട് പോയതാ..അച്ഛാ...

   നിന്റെ അമ്മയാണോ ആ കരട്?..
   വേണി മോൾ എല്ലാ എന്നോട് പറഞ്ഞു..
നീ നിന്റെ അമ്മയെ ഓർത്തു വിഷമിക്കണ്ട. നീ എന്ത് തീരുമാനമെടുത്താലും അച്ഛൻ നിന്റെ കൂടെയുണ്ട്. ഞാൻ ഇന്ന് വൈകിട്ട് തന്നെ ഡൽഹിക്ക് പോകും.മറ്റന്നാൾ തന്നെ തിരിച്ചെത്തുക്കയും ചെയ്യും.അവളെ നിന്റെ കൂടെ കൂട്ടാനാണ് തീരുമാനമെങ്കിൽ നാളെ ഒരു ദിവസം നീ നിന്റെ കൂട്ടുകാരുടെ വീട്ടിൽ എവിടെയെങ്കിലും നിൽക്കൂ.മറ്റന്നാൾ ഞാൻ വന്നിട്ട് ഇങ്ങോട്ട് വന്നാൽ മതി. എന്ത് തീരുമാനം ആണെങ്കിലും വേഗം എടുക്കണം അവളുടെ കഴുത്തിൽ താലി കേറുന്നത് വരെ നിനക്ക് സമയം ഉള്ളൂ.
   എന്ന് പറഞ്ഞുകൊണ്ട് മാധവൻ അവന്റെ തോളിൽതട്ടി വെളിയിലേക്ക് നടന്നു.
                          🔹🔹
   അമ്മയുടെ ഭീഷണി കാരണമാണ് അച്ഛനോട് ഞാൻ ഒന്നും പറയാതിരുന്നത്.ഇനി ഒരു നിമിഷം പോലും കളയാനില്ല അവൻ വേഗംതന്നെ ഫോണെടുത്തു മായെ വിളിച്ചു.

മായപെണ്ണേ... ഹലോ..

       ..........

   നീ എന്താ മോളെ ഒന്നും മിണ്ടാത്തെ?

    ഉണ്ണിയേട്ടന്റെ ശബ്ദംകേട്ട സന്തോഷത്തിന് എനിക്ക് വാക്കുകൾ കിട്ടുന്നില്ല.ഇനി ഒരിക്കലും കേൾക്കില്ല എന്ന് വിചാരിച്ചാ.. ശബ്ദമാണിത്.....
 
എന്നോട് ദേഷ്യമാണോ മായപെണ്ണേ?

    എന്നെ വേണ്ടെന്നുപറഞ്ഞിട്ട് പോയതല്ലേ....
ഒരു വട്ടം ഒരുവട്ടമെങ്കിലും എന്നെ വിളിക്കാൻ തോന്നിയല്ലോ,എനിക്ക് സന്തോഷമായി ഏട്ടാ...
     ഏട്ടന്റെ സ്ഥാനത്ത് മറ്റൊരാളെ കാണാൻ എനിക്ക് കഴിയില്ല അത് ഉറപ്പാ..
ഈ വിവാഹത്തിനുശേഷം എന്തായിത്തീരുമെന്ന് എനിക്ക് അറിയില്ല ഏട്ടാ...
മ..രിച്ചു പോ..പോകുന്ന പോലെ തോ..ന്നുവാ..

    ഫോണിലൂടെ ഉയർന്നുകേൾക്കുന്ന അവളുടെ ഇന്ന് ലേഡി ശബ്ദത്തിൽ അവന്റെ ഹൃദയം പൊള്ളിപിടഞ്ഞു.

കരയല്ലേ എന്റെ മായപെണ്ണേ..
  ഞാൻ വിളിച്ചാൽ എന്റെ കൂടെ വരുമോ നീ..

         ..........

നീയെന്താ ഒന്നും മിണ്ടാത്തത്..

ഇത് കേൾക്കാൻ കാത്തിരുന്ന ദിവസങ്ങൾ ഉണ്ടായിരുന്നു ഉണ്ണിയേട്ടാ...... എന്നാൽ ഇന്ന് എന്റെ അമ്മയെ കുറിച്ച് ഓർക്കുമ്പോൾ എ....
 
    ഹലോ...ഹലോ.. മായപെണ്ണേ

     ഹലോ..ഞാൻ ശ്രീദേവയാ ഉണ്ണി.നീ പറഞ്ഞതെല്ലാം ഞാൻ കേട്ടു. എന്റെയും അവളുടെയും സമ്മതപ്രകാരമല്ല ഈ വിവാഹം നടക്കുന്നത്.എനിക്ക് ഇവളുടെ കണ്ണുനീര് കാണാൻ വയ്യ.ഇവിടെ നിന്ന് ഒരു വിധത്തിലും ഇവൾക്ക് പുറത്തു കടക്കാൻ സാധിക്കില്ല എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ അത് നാളെ മണ്ഡപത്തിൽ വച്ച് മാത്രമേ പറ്റൂ.
മുഹൂർത്തത്തിന് ഒരു നിമിഷം മുൻപെങ്കിലും നീ അവിടെ എത്തുകയാണെങ്കിൽ,    ആരെതിർത്താലും ഞാൻ നടത്തിത്തരും നിങ്ങളുടെ വിവാഹം.
   എന്റെ കുട്ടികൾ സമാധാനത്തോടെ ജീവിക്കുന്നത്എനിക്ക് കാണണം.

   എങ്ങനെ നന്ദി പറയണം എന്നറിയില്ല അമ്മേ...മായയോട് ധൈര്യമായി ഇരിക്കാൻ പറയണം.നാളെ ഞാൻ വരും അവളെ കൂട്ടാൻ.

      മ്മ്.....
                         🔹🔹

   ഓഹോ അപ്പൊ എല്ലാവരും കൂടി എന്നെ ചതിക്കാനുള്ള പുറപ്പാടാണല്ലേ?.കാണിച്ചു തരാം ഞാൻ, നീ നാളെ എത്തിയാൽ അല്ലേ കല്യാണം മുടങ്ങൂ....നീ എന്നാൽ നാളെ അവിടെ എത്തില്ല....
    വാതിലിന് മറവിൽനിന്ന് ഉണ്ണിയുടെ സംസാരംകേട്ട ലക്ഷ്മി എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചു അവിടെനിന്നു പോയി.
                          🔸🔸

    തന്റെ മായപെണ്ണിനെ ഓർത്തുകൊണ്ട് കിടക്കുകയായിരുന്നു അവൻ.അപ്പോഴാണ് റൂമിലേക്ക് അമ്മഒരു ഗ്ലാസ് പാലുമായി വന്നത്.

  എന്താ അമ്മേ പതിവില്ലാതെ പാലുംകൊണ്ട്

  അതൊന്നുമില്ലെടാ മോനെ രാവിലത്തെ പാൽ കുറച്ച് അധികം വന്നു.അത് ഞാൻ നിനക്ക് ചൂടാക്കി എടുത്തിട്ട് വന്നതാ നീ ഇതു കുടിച്ചിട്ട് കിടന്നോ.

    എനിക്ക് വേണ്ട അമ്മേ....

   അതൊന്നും പറഞ്ഞാൽ പറ്റില്ല ഞാൻ നിനക്കുവേണ്ടികൊണ്ടു വന്നതാ. കുടിച്ചേപറ്റൂ എന്നു പറഞ്ഞുകൊണ്ട് അവർ ആ പാൽ മുഴുവനും അവനെ കൊണ്ട് കുടിപ്പിച്ചു.

     നാളെ നീ കൃത്യസമയത്ത് ഉണർന്നാൽ അല്ലേ കല്യാണമണ്ഡപത്തിൽ എത്തു. നീ ഉണരുമ്പോഴേക്കും കല്യാണം കഴിഞ്ഞിട്ടുണ്ടാവും.
   എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് രണ്ട്നിമിഷം അവനെ നോക്കിനിന്നിട്ട്, വെളിയിലേക്കിറങ്ങി ഡോറന്റെ ഓടാമ്പൽ ഇട്ടു

                       🔹🔹🔹

     അമ്മേ ഉണ്ണിയേട്ടൻ ഇതുവരെ വന്നില്ലല്ലോ എനിക്ക് ശരീരം എല്ലാം തളരുന്ന പോലെ.

   മോള് പേടിക്കേണ്ട താലി കെട്ടുന്നതിനു മുൻപെങ്കിലും അവൻ എത്തിയിരിക്കും.

    "മുഹൂർത്തത്തിന് നേരായി കുട്ടി വിളിച്ചോളൂ.

     അമ്മേ.....
നിറക്കുന്ന ചുണ്ടുകളോടെ അവൾ അമ്മയെ വിളിച്ചു

   ചതിച്ചോ മോളെ....

  ഇല്ല... ചതിക്കില്ല.... ഉണ്ണിയേട്ടൻചതിക്കില്ല... ചതിക്കില്ല...

  നീ എന്താ മോളെ പറയുന്നത് ഇനി അവൻ വരും എന്ന് എനിക്ക് തോന്നുന്നില്ല..(അമ്മ)

    വാ മായേ.....
   അച്ഛൻ ബലമായി ആളുടെ കൈപിടിച്ച് മണ്ഡപത്തിലേക്ക് നടന്നു..

     "താലി കെട്ടികൊള്ളുക..   കെട്ടിമേളം... കെട്ടിമേളം..

    ഒരു ശീല കണക്കേ മണ്ഡപത്തിൽ ഇരിക്കുന്ന മകളെ കാണും തോറും ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു
                        🔹🔹
    നിർത്താതെ അകത്തുനിന്നും തട്ടുന്ന സൗണ്ട് കേട്ടാണ് വേണി ചേട്ടന്റെ മുറിയിലേക്ക് നടന്നത്.താൻ രാവിലെ ക്ഷേത്രത്തിൽ പോകുമ്പോൾ ചേട്ടന്റെ മുറി വെളിയിൽ നിന്ന് ലോക്ക് ആയിരുന്നു.ചേട്ടൻ മായേച്ചിടെ അടുത്തേക്ക് പോയിട്ടുണ്ടാകും എന്ന് കരുതിയാണ് ഞാൻ മുറിയിൽ കയറി നോക്കാത്തത്.അത് അബദ്ധമായിയെന്ന് അവൾക്ക് മനസ്സിലായി.ഓടിച്ചെന്ന് കതകു തുറന്നു.അപ്പോഴേക്കും ഉണ്ണി വെളിയിലേക്ക് ചാടി ഇറങ്ങി.

    അമ്മയുടെ പണിയായിരിക്കും കുഞ്ഞേട്ടാ.. ഇപ്പോൾത്തന്നെ മണി പത്തര കഴിഞ്ഞു 11മണിക്കാണ് മുഹൂർത്തം. എങ്ങനെയൊക്കെ പോയാലും കുഞ്ഞേട്ടന് അരമണിക്കൂർ കൊണ്ട് അവിടെ എത്താൻ സാധിക്കില്ല ഇനി പോയിട്ട് കാര്യമുണ്ടോചേട്ടാ?

    പോണം മോളെ.ചിലപ്പോളവൾ എല്ലാരോടും സത്യം പറഞ്ഞു കല്യാണത്തിൽനിന്ന് പിന്മാറി എനിക്ക് വേണ്ടി കാത്തു നിൽപ്പുണ്ടെങ്കിലോ? ഞാൻ ചെല്ലാതിരുനാൽ... എന്റെ മായപെണ്ണ് തനിച്ചാകും.ഏട്ടൻ പോയിട്ട് വരാം...
                   🔸🔸🔸🔸
    വെളിയിൽ ബൈക്ക് സ്റ്റാർട്ട് ചെയ്തു പോകുന്ന ശബ്ദംകേട്ട് ലക്ഷ്മി അകത്തുനിന്നിറങ്ങി വന്നു.

നിന്റെ ചേട്ടൻ എത്ര സ്പീഡിൽ പോയാലും അവിടെ എത്തുമ്പോഴേക്കും എല്ലാം കഴിയും.
വെളിയിലേക്ക് നോക്കി നിൽക്കുന്ന വീണയെ നോക്കി അവർ പറഞ്ഞു.

    അമ്മയ്ക്ക് എങ്ങനെ തോന്നി കുഞ്ഞേട്ടനോട്‌ ഇങ്ങനെ ചെയ്യാൻ.മകന്റെ വിഷമം മനസ്സിലാക്കാൻ കഴിയാത്ത നിങ്ങൾ ഒരമ്മയാണോ ?
     വേണിയുടെ ചോദ്യം കേട്ടിട്ടും കേൾക്കാത്ത പോലെ അവളെ കടന്ന് അവർ അകത്തേക്ക് പോയി.

                     🔸🔸🔸🔸🔸🔸

    നീ എവിടെയാ ഉണ്ണി....

  ഗിരി ഞാൻ വന്നുകൊണ്ടിരിക്കുകയാണ് ഒരു 10 മിനിറ്റിനുള്ളിൽ അവിടെ എത്തും.

      നിന്റെ വിചാരം എന്താ കൂട്ടുകാർ എന്നാൽ മണ്ടന്മാർ എന്നാണോ?അവളെ ചതിക്കുകയായിരുന്നു അല്ലേ ഉണ്ണി...ഇനി നീ വരണ്ട ഇവിടെ എല്ലാം കഴിഞ്ഞു. നിന്റെ വാക്കുകേട്ട് നിങ്ങളെ കൂട്ടാൻ വന്ന ഞങ്ങളെ പറഞ്ഞാൽ മതിയല്ലോ.നിന്റെ അമ്മ കുറച്ചുമുമ്പ് വിളിച്ചിരുന്നു നീ അവളെ കൂട്ടാൻ വരില്ല എന്ന് പറഞ്ഞു. നീ വരുമെന്ന പ്രതീക്ഷയിൽ ഞങ്ങൾ ആരെങ്കിലും ചെന്ന് മായയുടെ കല്യാണം മുടക്കിയാൽ അതിന് നീയും നിന്റെ അമ്മയും ഉത്തരവാദി അല്ലെന്നു പറയാൻ....

ഗിരി പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.എന്നാൽ അവന് അതൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല, അമ്മ ഇവിടെയും തന്നെ തോൽപ്പിച്ചിരുന്നു.....
എന്റെ സന്തോഷത്തെ എന്നെന്നേക്കുമായി ഇല്ലാതാക്കിയത് ജന്മംനൽകിയ അമ്മ തന്നെയാണ്.
        മായെ കുറിച്ച് ഓർക്കുന്തോറും അവന്റെ കണ്ണുകൾ നിറഞ്ഞ് മുന്നിൽ ഉള്ള കാഴ്ചകൾ മങ്ങി.തനിക്ക് നേരെ പാഞ്ഞടുക്കുന്ന മരണത്തെ അവന് കാണാൻ കഴിഞ്ഞില്ല.   
     വായുവിൽ ഉയർന്നു പൊങ്ങി താഴുംപോലും മായയുടെ ചിരിക്കുന്ന മുഖം മാത്രം ആണ് അവന്റെ കണ്ണുകളിൽ തെളിഞ്ഞു നിന്നത്.
തനിക്ക് ചുറ്റും പടരുന്ന കൊഴുത്ത ദ്രാവകത്തെ നോക്കി ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് അവന്റെ കണ്ണുകൾ അടയുമ്പോൾ
"" ഈ ജന്മം നമുക്ക് ഒന്നിക്കാൻ കഴിഞ്ഞില്ലല്ലോ എന്റെ മായപെണ്ണെ....
   എന്ന് അവന്റെ മനസ്സ് മന്ത്രിച്ചു ...

                       🔹🔹🔹🔹

       എന്താ മായേ നീ ഈ കാണിക്കുന്നത് കാണിക്കുന്നത് ആരോടും ഒന്നും ചിരിക്കാതെ മിണ്ടാതെ ഇങ്ങനെ ശിലകണക്കിന് നിന്നാലെങ്ങനെയാ .. എല്ലാരും നനിന്നെ ശ്രദ്ധിക്കുന്നു മോളെ. വന്നേ ആ ഡ്രസ്സിംഗ് റൂമിൽ പോയി മുഖം കഴുകിയിട്ട് വരാം.
  ദേവി അവളെയും വലിച്ചു കൊണ്ട് റൂമിലേക്ക്ചെന്നു.ബാത്റൂമിൽ അവളെ കയറ്റി വാതിൽ ചാരി അടുത്തുകണ്ട ചെയറിൽ ഇരുന്നു. അപ്പോഴാണ് വാതിൽ തുറന്ന് തൊട്ടപ്പുറത്തെ വീട്ടിലെ പ്രിയ കയറി വന്നത്.

   "എടി ദേവി.. നിന്റെ മോൾക്ക് ഭാഗ്യം ഉണ്ട് കേട്ടോ. ആ ലക്ഷ്മമിയുടെ മകന് അവളെ കല്യാണം കഴിച്ചു കൊടുത്തിരുന്നെങ്കിൽ ഇപ്പോൾ അവൾ വിധവയായേനെ.

വേദി കാര്യം മനസ്സിലാക്കാതെ അവരെ നോക്കി.

   " അപ്പോൾ നീയൊന്നും അറിഞ്ഞില്ലേ ആ പയ്യനില്ലേ ഉണ്ണി,ആ കൊച്ച് മരിച്ചൂന്ന്. ഒരുകിലോമീറ്റർ അപ്പുറത്ത് വച്ചാണ് സംഭവം നടന്നത്. പോലീസുകാരെ വെട്ടിച്ച് വന്ന തടിലോറിയാണത്രേ. അപ്പഴേ കഴിഞ്ഞുന്നാ കേട്ടേ.
സ്തംഭിച്ചു നിൽക്കുന്ന ദേവിയെ നോക്കി അവർ പറഞ്ഞു.

   രണ്ട് നിമിഷത്തിനു ശേഷം പൊടുന്നനെ എന്തോ വീഴുന്ന ശബ്ദം കേട്ട് ദേവിയും പ്രിയയും തിരിഞ്ഞു നോക്കി.

   നിലത്ത് വീണുകിടക്കുന്ന മായക്ക് അരികിലേക്ക് ഓടിച്ചെന്ന് ദേവി അവളുടെ തലയെടുത്ത് തന്നെ മടിയിൽ വച്ചു.
പ്രിയ കൊണ്ടുവന്ന വെള്ളം മേടിച്ച് അഞ്ചാറ് പ്രാവശ്യം ശക്തിയിൽ ഒഴിച്ചതിനു ശേഷമാണ് മായ കണ്ണുകൾ തുറന്നത്.

   എന്താ എന്റെ കുട്ടിക്ക് പറ്റിയെ?എന്താ മോളെ ഒന്നും മിണ്ടാത്തെ.... ഞാൻ ചോദിക്കുന്നതോന്നും നീ കേൾക്കുന്നില്ലേ?
നിവർന്നിരുന്ന് നിശ്ചലമായി തന്നെ നോക്കി കൊണ്ടിരിക്കുന്ന മകളെ പിടിച്ചുലച്ചുകൊണ്ട് അവർ ചോദിച്ചു.


   ഉ ..ഉണ്ണിയേട്ടൻ... പോ..പോയീന്ന്....... ചുമ്മാതെ പറയുന്നതല്ലേ....
ചെവികൾക്ക് മുകളിലെമുടി ഇരു കൈയ്യാൽ താഴേക്കു വലിച്ചു കൊണ്ട് അവൾ പറഞ്ഞു

      ഉണ്ണിയേട്ടന്... ഈ മായപെണ്ണില്ലാതെ..  പറ്റില്ല...വരും....വരും..... എന്നെ കൂട്ടാൻ വരും ...
    എന്നുപറഞ്ഞുകൊണ്ട്  താളംതെറ്റിയ മനസ്സുമായി നിലത്തേക്ക് നോക്കിയിരിക്കുന്ന മകളെ കാണവേ ആ അമ്മയുടെ ഉള്ളം തേങ്ങി....

അവസാനിച്ചു.....
 
ചില പ്രണയങ്ങൾ അങ്ങനെയാണ് ജീവിതാവസാനംവരെ ഓർത്തുവയ്ക്കാൻ കഴിയുന്ന ദുഃഖങ്ങൾ നൽകി കടന്നു പോകും....
ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ, നിങ്ങളുടെ ചെറുകഥ ഈ പേജിൽ വരാൻ പേജിലേക്ക് മെസേജ് ചെയ്യുക.

വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
   
രചന: അഭി

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top