ചായയിലെ മധുരം രുചിച്ചവൻ അവളെ ഒന്ന് ഇടംകണ്ണിട്ട് നോക്കി

Valappottukal
രചന: മഹാ ദേവൻ

അവൻ അവളെ പെണ്ണ് കാണാൻ വന്നതായിരുന്നു,
അവൾ ഒരുങ്ങിക്കെട്ടി അന്നേരം ഒരു കാഴ്ചവസ്തുവുമായിരുന്നു.
     ചായയിലെ മധുരം രുചിച്ചവൻ അവളെ ഒന്ന് ഇടംകണ്ണിട്ട് നോക്കി " പെണ്ണിന് പഞ്ചാര ഇച്ചിരി കൂടുതൽ ആണല്ലോ " എന്ന മട്ടിൽ !
  അതേ സമയം അവൾ അവനെയും അടിമുടിയൊന്ന് അളന്നു " നോട്ടം കണ്ടാൽ ഒരു ഒലിപ്പീര് കേസ് ആണല്ലോ " എന്ന മട്ടിൽ !

    അവൻ പറഞ്ഞു പെണ്ണിനോടൊന്ന് ഒറ്റയ്ക്ക് സംസാരിക്കണമെന്ന്.

     ഇടനാഴിയോരത്ത്‌ അവൻ നിന്നു ഇച്ചിരി നാണത്തോടെ !
 ജനലഴിയിൽ തെരുപ്പിടിച്ചുകൊണ്ട് അവളും,  നാണം തൊട്ടുതീണ്ടാത്ത പോലെ !

പേര് ചോദിച്ചു,  പഠിപ്പ് ചോദിച്ചു,
അവസാനം ഒന്നുകൂടി ചോദിച്ചു..

  കുട്ടി വെർജിൻ ആണോ എന്ന്...

  കൂടെ ഒന്നുകൂടി പറഞ്ഞു " ഇന്നത്തെ കാലമല്ലേ, അതുകൊണ്ട്  ചോദിച്ചില്ലേൽ ചിലപ്പോൾ.... "

  മുഴവനാക്കിയില്ല അവൻ...
അവൾ വളയിട്ട കൈ കൊണ്ട് ഒന്ന് കൊടുത്തു മുഖത്തിട്ടു തന്നെ.
   എന്നിട്ട് പറഞ്ഞു,

 " ഇന്നത്തെ കാലമല്ലേ... പെണ്ണല്ലേ....
ഇങ്ങനെ മുഖത്തു നോക്കി കൊടുക്കുന്നത് കൊണ്ട് ഇതുവരെ വെർജിൻ ആണെന്ന്.

അവൻ ഒന്ന് ഞെട്ടി.. പിന്നെ നാലുപാടും ഒന്ന് നോക്കി... പിന്നെ ഒന്ന് സമാധാനിച്ചു.
ആരും കണ്ടില്ലല്ലോ.. താടി ഉള്ളത് കൊണ്ട് ഇനി ആരും കാണത്തും ഇല്ലന്ന് !

      അവൾ അത്‌ കണ്ട് ഒന്ന് ചിരിച്ചു.
പിന്നെ ചോദിച്ചു,
" ഇപ്പോൾ മനസ്സിലായോ വെർജിൻ ആണെന്ന്.?

  ഇങ്ങനെ ഒരു സംശയം ചോദിക്കുന്നവൻ ഇന്ന് വരെ എത്രത്തോളം വെർജിൻ ആയിരിന്നിരിക്കുമെന്ന്  മനസ്സിലാക്കാൻ വലിയ പഠിപ്പൊന്നും വേണ്ട .
 പലയിടത്തും പോയവനെ ഇതുപോലൊരിടത്ത്‌  ഇതുപോലെ ചോദിക്കാൻ തോന്നൂ എന്ന്.
       ചൂടുവെള്ളത്തിൽ വീണ പൂച്ച അങ്ങിനെയാ.. പിന്നെ പച്ചവെള്ളം കണ്ടാലും ഒന്ന് സംശയിക്കുമെന്ന്.

   ഒന്നും പറയാതെ അവൻ പുറത്തേക്ക് നടന്നു..
കൂടെ അവളും !
   
 എന്തോ  അവൻ മുന്നേ കുടിച്ച അതിമധുരം തോന്നിയ ചായയ്ക്കപ്പോൾ വായിൽ വല്ലാത്തൊരു ചവർപ്പായിരുന്നു .. !

                                 ✍️ദേവൻ


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top