ദേവിക

Valappottukal
ദേവിക


ദേവിക, ഭാഗം: 01

രചന: ശ്രീലക്ഷ്മി സേതുമാധവൻ

"രേണു....
നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് ഇങ്ങനെ പോത്ത് പോലെ കിടന്നുറങ്ങരുതെന്ന്... നീയെന്താ എന്നെ ദേഷ്യം പിടിപ്പിച്ചേ അടങ്ങൂന്നാണോ.. "

ഇതെല്ലാം കേട്ട് പുതപ്പിൻ അടിയിൽ അനങ്ങാതെ കിടപ്പാണ് രേണു.. അവൾക്കറിയാം ഇതൊക്കെ അമ്മയുടെ നമ്പർ ആണെന്ന്..
ഉറക്കം വിട്ടെങ്കിലും അമ്മയെ കുറച്ച് കൂടെ ചൂടാക്കാൻ അവൾ അവിടെ തന്നെ കിടന്നു.. ഇന്നലെ അമ്മയോട് വലിയ കഥയിൽ പറഞ്ഞതാണ് ഇന്ന് നേരത്തെ എഴുന്നേൽക്കുമെന്ന്.. അത്കൊണ്ട് കൂടിയാണ് ഇന്ന് ഇത്രേയും ദേഷ്യം.. ഉറക്ക ചടവിൽ പുതപ്പിന്റെ അറ്റങ്ങൾ നോക്കി കിടക്കുകയായിരുന്ന രേണു പെട്ടന്നാണ് ഒരു ചട്ടുക തല്ലിന് ഇരയാകേണ്ടി വന്നത്..

"അയ്യോ.... അമ്മേ എനിക്ക് നല്ലോണം വേദനിച്ചു.. "

"വേദനിക്കാൻ തന്നെയാ തല്ലിയെ.. വേദനിക്കാതെ തല്ലിയിട്ട്‌ എന്തിനാ.."

"അമ്മയ്ക്ക് എന്താ ഇന്ന് "

"നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതാണ് കാലത്ത് ഇങ്ങനെ കിടന്നുറങ്ങല്ലേന്ന്.. എണീറ്റ് പഠിച്ചൂടെ നിനക്ക്... നല്ല നിലയിൽ എത്തിയാൽ നിനക്ക് കൊള്ളാം.. .. എനിക്ക് എന്തെങ്കിലും പറ്റിയാൽ നീ പെരുവഴിയിലാവാതിരിക്കാനാ ഞാനീ പറയുന്നെ... അത് മനസ്സിലാക്കാൻ ഇത്രേം കാലം നീ പഠിച്ച ഡിഗ്രീ ഒന്നും വേണ്ട.. നമ്മുക്ക് നമ്മളെ ഉള്ളൂ മോളെ.."

അത്രയും പറഞ്ഞപ്പോഴേക്കും ആ അമ്മയുടെ ശബ്ദം ഇടറാൻ തുടങ്ങിയിരുന്നു.. മുഖത്തെ ഗൗരവ ഭാവം പാടെ മാഞ്ഞ് പോയിരുന്നു.. പകരം നിസ്സഹായത അവരിൽ നിറഞ്ഞിരുന്നു...

"എന്റെ ദേവു പിണങ്ങിയോ.. ഞാൻ ചുമ്മാ ചെയ്തതാ ദേവൂനെ ദേഷ്യം പിടിപ്പിക്കാൻ.. എനിക്ക് അറിഞ്ഞൂടെ നമ്മുടെ അവസ്ഥ എന്താണെന്ന്.. നമ്മളീ കഴിയുന്ന മുംബൈയിൽ എന്തൊക്കെ കാര്യങ്ങളുണ്ട് പഠിപ്പിൽ നിന്ന് ഉഴപ്പാനും.. പണം ധൂർത്തടിക്കാനുമൊക്കെ.. എന്നിട്ടും അമ്മടെ കുട്ടി അതിലേക്കൊന്നും പോണില്ലല്ലോ... പകരം ചെയ്യണത് എന്താ.. അമ്മടെ സ്വപ്നം സാക്ഷാത്കരിക്കാൻ.. ഈ രേണുക.. രേണുക ഐഎഎസ് ആവാൻ.. എന്റമ്മയെ നന്നായി നോക്കാൻ.."

"അറിയാം മോളെ.. എന്നാലും ഉള്ളിൽ എപ്പോഴും ഒരു പേടിയാ.. നീ നല്ല നിലയിൽ എത്തുന്നത് കാണാൻ കഴിയണേന്നുള്ള പ്രാർഥനയാ.. "

"ഇനി അധികം കാത്തിരിക്കണ്ടല്ലോ.. ഐഎഎസ് എക്സാം നല്ല രീതിയിൽ അല്ലേ ഞാൻ പാസ്സ് ആയേ... ചെറിയൊരു റാങ്കും ഞാൻ കൊണ്ട് തന്നില്ലേ... ഇനി അധികം ദൂരം ഇല്ലല്ലോ ആ കസാരയിലേക്ക്‌.. ഒരു ഇന്റർവ്യൂ അതൂടെ കഴിഞ്ഞാ കഴിഞ്ഞില്ലേ..."

"അതേ.. അതിനു തന്നെയാ കുഞ്ഞിലെ തുടങ്ങിയ പല്ലവി നിന്നോട് ഞാനിന്നും ആവർത്തിക്കുന്നെ.. ഇന്റർവ്യൂ നല്ല രീതിയിൽ അറ്റെന്റ് ചെയ്യാൻ കഴിയണം... ഉള്ള നേരം അതിനു തയ്യാറെടുക്കാൻ നോക്ക്.."

" ഓഹ്... ഇത്രയും കാലത്തെ അങ്കം കഴിയാറായല്ലോന്നുള്ള സമാധാനത്തിൽ ഒന്ന് ഉറങ്ങിയതാണ്.. അതിത്രയും വലിയ തെറ്റാണേ എന്നോട് ക്ഷമി..."

"പിന്നെ..... നിന്റെ വർത്തമാനം കേട്ടാ തോന്നും ഞാൻ നിന്നെ നിർബന്ധിച്ചാ ഐഎഎസ് ന് പഠിപ്പിച്ചേന്ന്... അമ്മക്ക് നേടാൻ സാധിക്കാതെ പോയത് ഞാൻ നേടിയെടുക്കുമെന്നും പറഞ്ഞ് ഇറങ്ങി തിരിച്ചത് നീയല്ലേ..."

"ആഹ് അങ്ങനെ ഒരു പറ്റ് പറ്റിപ്പോയി ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ.. ഏത് നേരത്താണോ ... ദേ അമ്മക്ക് ചിരി വരുന്നുണ്ട് ട്ടോ."

"പെണ്ണേ കളിക്കാൻ നിൽക്കല്ലെ.. എനിക്ക് അടുക്കളയിൽ പണിയുണ്ട്...എന്നിട്ട് വേണം കമ്പനിയിൽ പോകാൻ"

"ദേവു ദേഷ്യപെടുമ്പോ സുസ്മിത ആന്റിടെ അതേ കട്ടാ"

"അതാരാ"

"ഹാ നമ്മടെ സുസ്മിത സെൻ..."

"ഒാ.. ആളെ മാറ്റിപ്പിടി കൊച്ചേ.. ഇപ്പൊ അടുത്ത് ലോക സുന്ദരപ്പട്ടം കിട്ടിയൊരു കൊച്ചില്ലെ അതിനെയൊക്കെ പറ.."

"അയ്യട മനസ്സിലിരിപ്പ് കൊള്ളാലോ.. ഒരു ലോക സുന്ദരി കണ്ടേച്ചാലും മതി...
ചിരിക്കുവാ കള്ളി..."

"പോടീ പോയി വല്ല പണിയും നോക്ക്.. അമ്മയെ കളിയാക്കാൻ വന്നേക്കുവാ അവള്.."

"ഇൗ.....
ആ അമ്മേ പിന്നെയ് ഞാൻ പറഞ്ഞ കാര്യം എന്തായി.."

"ഏത് കാര്യം..."

"അമ്മടെ നാട്ടിലേക്ക് പോകുന്ന കാര്യം..."

"പോകാം നിനക്ക് ബാക്കിയുള്ള ഇന്റർവ്യൂ ഇല്ലേ അത് കഴിഞ്ഞിട്ട്… അമ്മേടെ കുട്ടി ഐഎഎസ് ഓഫീസർ ആയിട്ട്..."

"മ്മ്.. അപ്പോൾ വാക്ക് മാറരുത് ട്ടോ.. "

"ഇല്ല പെണ്ണേ"

"മ്മ് "


ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല രേണുവിന്റെ ഇൗ ആഗ്രഹം... ഓർമ്മ വെച്ചപ്പോൾ മുതൽ അവളുടെ നാട് ഇൗ മുംബൈയാണ്.. അമ്മയിൽ നിന്ന് കേട്ടറിഞ്ഞതല്ലാതെ അവൾക്ക് അമ്മയുടെ നാടോ വീടോ കാണുവാൻ കഴിഞ്ഞിട്ടില്ല... നാടിന്റെയും വീടിന്റെയും വീട്ടുകാരുടെയും നാട്ടുകാരുടെയും വിശേഷങ്ങൾ.. തന്റെ അമ്മ അനുഭവിച്ച ദുരിതങ്ങൾ... ഇതെല്ലാം കേട്ട് വളർന്ന അവളിൽ താൻ അമ്മയുടെ ആഗ്രഹമായിരുന്ന ഐഎഎസ് നേടി എടുക്കന്നതും... അതിനു ശേഷം അമ്മയോടൊത് അമ്മ ജനിച്ചു വളർന്ന ആ മണ്ണിൽ കാലു കുത്തുന്നതും .. അമ്മ അവിടെ തല ഉയർത്തി നിൽക്കുന്നതുമെല്ലാം.. അവളുടെ ഉള്ളിൽ ആഴത്തിൽ വേരോട്ടമുള്ള സ്വപ്നമായി മാറിയിരുന്നു... തന്റെ അമ്മയെ പഴിച്ചവർക്ക്‌ മുന്നിൽ അമ്മ അഭിമാനത്തോടെ നിൽക്കുന്ന കാഴ്ച കാണാൻ ആണ് രേണുവിന്റെ പരിശ്രമങ്ങൾ എല്ലാം.. ഓരോ ദിവസവും ആ കാഴ്ചയെ ഓർക്കുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ഊർജ്ജം ലഭിച്ചിരുന്നു.. ദിവസങ്ങൾ ഒന്നൊന്നായി കടന്നു പോയി.. ഇന്റർവ്യൂ അടുത്തെത്തി.. കാലങ്ങൾ ആയുള്ള പരിശ്രമങ്ങൾ അതിന്റെ ലക്ഷ്യത്തോട് അടുക്കുന്നു.. കഠിന പരിശ്രമം വിജയം കൈവരിച്ച പോലെ ഇന്റർവ്യൂവിൽ അവൾ നല്ല പ്രകടനം തന്നെ കാഴ്ച വെച്ചു... ഐഎഎസ് എന്നത് ഇനി അവൾക്ക് സ്വപ്നമല്ല യാഥാർത്ഥ്യമാണ്... ജോലിയിൽ ചാർജ് എടുക്കുന്നതിന് മുൻപ് തന്നെ നാട്ടിൽ പോകാൻ രേണു തീരുമാനിച്ചു. പോസ്റ്റിംഗ് എവിടെ ആകുമെന്ന് അറിയില്ലല്ലോ അത്കൊണ്ടാണ് അങ്ങനെ തീരുമാനിച്ചത്..

"അമ്മേ ട്രെയിനിനു സമയായി.. വാ ഇറങ്ങാം"

"പോണോ മോളെ."

"അമ്മേ.."

"ശരി..പോകാം വാ"

"നല്ല കുട്ടി.. ടാക്സി വന്നിട്ടുണ്ട് അമ്മ കയറിക്കോ ബാഗ് ഞാൻ എടുത്ത് വെച്ചോളാം.."

"മ്മ്."

കാറിൽ ഇരിക്കുമ്പോൾ ദേവികയുടെ മനസ്സ് അസ്വസ്ഥമായിരുന്നു.. ഇന്നലെ വരെയുള്ള തന്റെ ജീവിതം ഒരു സിനിമ പോലെ അവരുടെ കണ്ണുകളിൽ ദൃശ്യമായി.. രേണു കാറിൽ കയറിയതും.. കാർ മുന്നോട്ട് നീങ്ങിയതുമൊന്നും അവർ അറിഞ്ഞില്ല.. റയിൽവെ സ്റ്റേഷനിൽ ഇരിക്കുമ്പോൾ അവർ ഇന്നിലേക്ക്‌ തിരികെ എത്തി..

"രേണു..നീ അവിടെ പോയി ആരോടും മുഷിയരുത്.."

"ഇത്രയൊക്കെ അനുഭവിച്ചിട്ടും അമ്മയ്ക്ക് അവരോടൊക്കെ ഇപ്പോഴും സ്നേഹാണോ"

"അവർക്ക് അമ്മയെ അംഗീകരിക്കാൻ കഴിയില്ല മോളെ... അന്നും ഇന്നും എന്നും"

"കഴിയണം.. ഇത്രയും കാലം ദുരിതങ്ങൾക്കിടയിലാ അമ്മ ജീവിച്ചേ എന്തൊക്കെ സഹിക്കേണ്ടി വന്നു.. അവിടെയൊന്നും തോറ്റ് കൊടുക്കാതെ പൊരുതിയില്ലേ.. എന്നെ വളർത്തി വലുതാക്കി ഇൗ നിലയിൽ എത്തിച്ചില്ലേ... ഇതെല്ലാം അമ്മ തനിച്ച് ചെയ്തില്ലേ.. ആ അമ്മയെ അവർ അംഗീകരിക്കണം.."

"മ്മ് എന്തായാലും ആരുടേയും വെറുപ്പ് സമ്പാദിക്കരുത്. "

"മ്മ്.."


തുടരുന്നു...
ബാക്കി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയൂ...


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top