നീ വരുവോളം - 39

Valappottukal


കാർ മുറ്റത്ത് നിന്നും അനങ്ങിത്തുടങ്ങിയ ശബ്ദം കേട്ടപ്പോൾ ഓടി കിതച്ച് ഉമ്മറത്തെ വാതിൽക്കൽ ചെന്ന് വീണു....
കണ്ണാടിയിലൂടെ തന്നെത്തന്നെ നോക്കുന്ന അപ്പുവേട്ടനെ കണ്ടു.... പാതി മറഞ്ഞ മുഖം മെല്ലെ മെല്ലെ പൂർണമായും വാതിലിന്റെ മറവിലേക്ക് ഒളിച്ചു.....

എന്തോ ഒന്ന് തന്നിൽ നിന്നും അകന്ന് പോയതുപോലെ....
തനിക്ക് അത്രമേൽ പ്രിയപെട്ടതെന്തോ...
കുറേനേരം വാതിലിൽ തൂങ്ങി ശൂന്യമായ വഴിയിലേക്ക് നോക്കിനിന്നു.....
വൈകുന്നേരങ്ങളിലെ വിളി അമ്മു പോയതോടെ നിന്നു.... ഒന്നും സംസാരിക്കാറില്ല ഒരു ചെറുവിരൽ പോലും കാണാറില്ല എന്നിട്ടും വല്ലാത്തൊരു വീർപ്പുമുട്ടൽ....

""അമ്മയില്ലേ അമ്മയെന്തെടുക്കുവാ അമ്മ... അമ്മ... അമ്മാ...."" മാളൂട്ടിയോടുള്ള ആ ചോദ്യത്തെ ആ ശബ്ദത്തെ കേൾക്കാൻ കൊതി തോന്നുന്നത് പോലെ....കയ്യിലുള്ള ഫോണിൽ ശബ്ദം കേൾക്കാം എന്നല്ലാതെ ഒന്നിനും കഴിയില്ല.... ഇതിൽ അപ്പുവേട്ടൻ വിളിക്കും ബേബിയമ്മയോടും മോളോടും സംസാരിക്കും പക്ഷേ  തനിക്കൊന്നും കേൾക്കാൻ പറ്റില്ല....  ഫോൺ ഒരെണ്ണം വാങ്ങിത്തരാം എന്ന് പറഞ്ഞതാ.. വേണ്ടാന്ന് പറഞ്ഞതും താൻ തന്നെയാ.... എന്തോ... എന്തൊക്കെയോ... തോന്നുന്നു...

കയ്യിലിരുന്ന ഫോൺ ശബ്‌ദിച്ചു... 'അപ്പുവേട്ടൻ...' കുഞ്ഞ് സ്‌ക്രീനിൽ പേര് മിന്നിത്തിളങ്ങി......

""അച്ഛാ.... അച്ഛാ വിളിച്ചേ...."" ശബ്ദം കേട്ട് പതിവുപോലെ കുറുമ്പി ഓടിയെത്തി കയ്യിൽ നിന്നും ഫോൺ തട്ടിപറിച്ചുവാങ്ങി എവിടെയൊക്കെയോ പിടിച്ചുകുത്തി സംസാരിക്കുന്നത് കണ്ടു.... സാവധാനം അടുക്കളയിലേക്ക് നടന്നു....
സാരി തുമ്പിൽ പിടിവലി പോലെ തോന്നിയപ്പോഴാണ് തിരിഞ്ഞുനോക്കിയത്.... ഫോണും ഉയർത്തി നീട്ടിപിടിച്ച് മാളൂട്ടി.... സംശയത്തോടെ കയ്യിലേക്ക് വാങ്ങി... ഫോൺ കട്ട്‌ ആയിട്ടില്ല... എടുത്ത് ചെവിയോട് ചേർത്തു.....

""ദച്ചൂ ഞാൻ ഓൺലൈനിൽ ഒരു ഫോണിന് ഓർഡർ കൊടുത്തിട്ടുണ്ട്.... എനിക്ക് മോളെ കാണണമെടോ.... നാളെ അതവിടെ എത്തും താൻ സിം അതിലേക്ക് മാറ്റി ഇടണേ...""

"മ്മ്മ്ഹ്ഹ്..." നീണ്ട മൗനം.... എന്തൊക്കെയോ കേൾക്കാനുള്ള കൊതിയോടെ താനും... ഒന്നും പറയാനാവാതെ അപ്പുറവും നിശബ്ദത തളം കെട്ടി...  സുഖമുള്ള മൗനം....

ഊണ് കഴിച്ചോടോ...?? നിശ്ശബ്ദതയെ കീറിമുറിച്ച് അപ്പുവേട്ടൻ തന്നെ ചോദിച്ചു...

മ്മ്ഹ്ഹ്.... അവിടെ...?? ചോദിക്കുമ്പോൾ സ്വരം തീരെ നേർത്തിരുന്നു... കുഞ്ഞുഫോണിൽ കൈകൾ ഞെരിഞ്ഞമർന്നു.....

""കഴിച്ചു...."" പിന്നെയും വാക്കുകൾക്ക് ക്ഷാമം....
""ന്നാ കിടന്നോളു നാളെ വിളിക്കാം..."" ഫോൺ കട്ടായെങ്കിലും അല്പനേരംകൂടെ ചെവിയോട് ചേർത്തുവച്ചു....

രാത്രിയിലെ ഇരുട്ടിൽ തന്നിലെ മാറ്റത്തെ കുറിച്ച് ചിന്തിക്കുകയായിരുന്നു.....
കണ്ണ് ഇറുകെ മൂടിനോക്കി... വിച്ചേട്ടൻ മാത്രം.... മറ്റാരെയും  കാണുന്നില്ല.... പ്രണയമല്ല ഉറച്ചു വിശ്വസിച്ചു...  അരികിലെ വിച്ചേട്ടന്റെ ഫോട്ടോയെ കയ്യെത്തി എടുത്തു കുറേനേരം തഴുകി.... മീനൂട്ടിടെ പൊട്ടിച്ചിരിക്കുന്ന ചുണ്ടുകളിൽ വിരൽകൊണ്ടൊന്ന് തൊട്ടു.... രണ്ടുപേർക്കും രണ്ടുമ്മകൾ നൽകി.... ചെരിഞ്ഞു കിടന്ന് മാളൂട്ടിയെ മാറോട് അടക്കി പിടിച്ചു.....

കാലത്തെ പതിവിലും നേരത്തെ എഴുന്നേറ്റു...  പണികളോരോന്നും തീർത്തു... മുകളിലെ ദിവാൻ കോട്ടിനരുകിൽ വച്ചിരുന്ന അപ്പുവേട്ടന്റെയും മാളൂട്ടിടെയും ഫോട്ടോയിലെ പൊടി തട്ടിമാറ്റി തുടച്ചു വച്ചു കുറച്ച് നേരം അതിലേക്ക് തന്നെ നോക്കിയിരുന്നു.... അപ്പോഴേക്കും ഉമ്മറത്ത് പുതിയ ഫോൺ എത്തിയിരുന്നു... തുറന്ന് സിം ഇടുന്നതും സ്വിച്ച് ഓൺ ചെയ്യുന്നതും നോക്കി ബേബിയമ്മയും മാളൂട്ടിയും അപ്പുറവും ഇപ്പുറവും ഇരുന്നു.... ഓൺ ആയി വെളിച്ചം വന്നപ്പോൾ രണ്ടാളുടെ മുഖത്തും ട്യൂബ് ലൈറ്റ് കത്തിയ പ്രകാശം.... കുറച്ച് നേരം ചാർജിലിട്ടു... ഫോൺ കിട്ടിയ വിവരം പറയാൻ അങ്ങോട്ട് വിളിച്ചു.... അത് കട്ട് ചെയ്ത് അപ്പോഴേക്കും അപ്പുവേട്ടൻ വീഡിയോ കാളിൽ തിരിച്ചു വിളിച്ചിരുന്നു.... 

കുറച്ചുനേരം സംശയിച്ചുനിന്ന ശേഷം  അതെടുത്തു...
തന്നെ കാണിക്കാതെ ബാക്ക് ക്യാമറ ഓൺ ആക്കി... മാളൂട്ടിടെ അരികിലേക്ക് എത്തുന്നതുവരെ  അപ്പുവേട്ടനെ നോക്കികൊണ്ടിരുന്നു.... തന്നെ കാണുന്നില്ലാ എന്ന ധൈര്യത്തിൽ..... പിന്നെ അച്ഛനും മോളും തമ്മിൽ കിന്നാരമായിരുന്നു.... ഇടയ്ക്കിടെ കേട്ടുകൊണ്ടിരുന്നു അമ്മയില്ലേ അമ്മ എവിടേന്നുള്ള പതിവ് ചോദ്യങ്ങൾ....
ചുണ്ടിൽ പുഞ്ചിരി വിടർന്നു... താഴേക്ക് പടികൾ ഇറങ്ങുമ്പോൾ ദിവാൻകോട്ടിനരികിലെ ഫോട്ടോയിലേക്ക് ഒരുവട്ടം കൂടി തിരിഞ്ഞുനോക്കി....

രണ്ട് മൂന്ന് ദിവസങ്ങൾ എങ്ങനെയൊക്കെയോ പോയി.... മോളെ ഡാൻസ് ക്ലാസ്സിൽ നിന്നും കൂട്ടിയിട്ട് വരുമ്പോഴായിരുന്നു മുറ്റത്ത് കഴുകിയിട്ട അപ്പുവേട്ടന്റെ കാർ കണ്ടത്... മാളൂട്ടി കൈവിട്ട് ഓടി.... തന്റെയും കാലുകളുടെ വേഗത കൂടുന്നതുപോലെ......
ഉള്ളിൽ ഊണുമേശയ്ക്ക് അരികിൽ ഇരുന്ന് പൊക്കാവടയും ചായയും കുടിക്കുകയായിരുന്നു അപ്പുവേട്ടൻ... മാളൂട്ടി ഓടിച്ചെന്നാ മടിയിൽ ഇരുന്നു... അപ്പുവേട്ടൻ കുടിക്കുന്ന ചായയുടെ കപ്പിൽ  പിടിച്ച് വലിക്കുന്നുണ്ട്... ഒടുക്കം ഊതി ഊതി തണുപ്പിച്ച് അച്ഛനത് കുഞ്ഞ് ചുണ്ടിനോട് ചേർത്ത് വച്ചുകൊടുത്തു...  കൊതിയോടെ കുടിക്കുന്നുണ്ടവൾ മധുരവെള്ളം..
ചുമരിനോട് ചാരി അവരെ നോക്കി നിന്നു...

രാത്രി ഭക്ഷണം കഴിഞ്ഞ് കൈ കഴുകാൻ പോയപ്പോൾ തുടയ്ക്കാൻ ഒരു തോർത്തും എടുത്ത് പിന്നാലെ ചെന്നു.... മാളൂട്ടി അപ്പുവേട്ടനെ വെള്ളത്തിൽ കുളിപ്പിക്കുന്നുണ്ട്.... അച്ഛനും തിരികെ മോളെ നനച്ചുകൊണ്ടിരുന്നു...  ചെന്ന് ബലമായി അവളെ എടുത്തുപിടിച്ചു... തോർത്ത് അപ്പുവേട്ടന് നേരെ നീട്ടി... മോളെ സാരി തുമ്പുകൊണ്ട് തുടച്ചുകൊടുത്തു....
പണികളൊക്കെ ഒതുക്കി മുറിയിൽ കയറുമ്പോ കമഴ്ന്നു കിടക്കുന്ന അപ്പുവേട്ടന്റെ മേല് കേറി ചാടി തുള്ളുകയായിരുന്നു കുറുമ്പി... ചെന്ന് എടുത്ത് മാറ്റി....

കട്ടിലിലേക്ക്  മലർന്നുകിടന്ന് ശ്വാസം വലിക്കുന്ന അപ്പുവേട്ടനെ കണ്ടപ്പോൾ ചിരിയാണ് വന്നത്....
വാ പൊത്തി ചിരിക്കുന്ന മാളൂട്ടിയെ കണ്ടപ്പോൾ കുഞ്ഞൊരടി അവൾക്ക് വച്ചുകൊടുത്തു.... കുറച്ചുനേരം കിടന്ന കിടപ്പിൽ എന്നെയും മോളെയും നോക്കി...
ആാാ കണ്ണിൽ നിറയെ സന്തോഷമായിരുന്നു.... കവിളൊക്കെ ചിരികൊണ്ട് വിടർന്നിട്ടുണ്ട്...
പതിവുപോലെ എഴുന്നേറ്റ് മുറി വിട്ടിറങ്ങി...

ദച്ചൂ നാളെ എന്റെ കൂടെ എറണാകുളത്തിന് പോരുന്നോ...??? ഞെട്ടിക്കൊണ്ട് തിരിഞ്ഞുനോക്കി.... വാതിൽക്കൽ നില്പുണ്ട് അപ്പുവേട്ടൻ

""അമ്മ കൊട്ടിയൂരും പറശ്ശിനിക്കടവും ഒക്കെ പോകുവാണെന്ന് പറഞ്ഞു.... രണ്ട് ദിവസം കഴിഞ്ഞേ വരൂന്ന്....  തനിച്ച് നിൽക്കണ്ടേന്ന് കരുതി ചോദിച്ചതാ... മംഗലത്ത് നിൽക്കണമെങ്കിൽ അവിടെ പോയി നിന്നോ....""

""അച്ഛാ കൂടെ പൂവാം അമ്മേ..."" അപ്പഴേക്കും ആള് വായിട്ടു കീറിപ്പൊളിക്കാൻ തുടങ്ങി...  സ്വര്യക്കേട് കൊണ്ട് സമ്മതിച്ചു....  അല്ലെങ്കിലും മക്കളുടെ സന്തോഷത്തേക്കാൾ വലുതായി ഒരമ്മയ്ക്ക് എന്താണുള്ളത്.....

പിറ്റേന്ന് കാലത്തെ തന്നെ ബേബിയമ്മ അടുത്തുള്ള അമ്പലക്കമ്മിറ്റിക്കാരുടെ ഒപ്പം കൊട്ടിയൂർക്ക് യാത്ര തിരിച്ചു.... പിന്നെ വീട്ടിൽ ആകെ നിശ്ശബ്ദതയായിരുന്നു.... അന്നാദ്യമായി അപ്പുവേട്ടന് ചോറും കറിയും വിളമ്പിക്കൊടുത്തു.... അരികിൽ പിടിച്ചിരുത്തി തനിക്കായും ഒരു പ്ലേറ്റിൽ ഭക്ഷണം  വിളമ്പി തന്നു... മാളൂട്ടിക്ക് ഏട്ടൻ തന്നെ വാരിയും കൊടുത്തു....
എന്തോ... എന്തോ ഒരു സന്തോഷം ചുറ്റിലും നിറഞ്ഞു നിൽക്കുന്നത് പോലെ....

ഉച്ചയ്ക്കുശേഷം വീടടച്ച് പോവാനുള്ള ഒരുക്കങ്ങൾ തുടങ്ങി..... ബാഗിലേക്ക് വസ്ത്രങ്ങൾക്കൊപ്പം വിച്ചേട്ടന്റെയും മീനൂട്ടിടെയും ഫോട്ടോയും എടുത്തുവച്ചു... മോളെയെടുത്ത് കാറിന്റെ മുൻപിൽ കയറി...
സ്വബോധത്തോടെ ആ മനുഷ്യന്റെ കൂടെയുള്ള ആദ്യത്തെ യാത്ര.....
കാറിലും അതേ നിശബ്ദത... മാളൂട്ടി ഉറങ്ങിത്തൂങ്ങി.... പിന്നെ ഞങ്ങൾക്ക് മാത്രമായി സംസാരിക്കാൻ എന്താണുള്ളത്.... സീറ്റിലേക്ക് ചാരി ഇരുന്ന് പുറത്തെ കാഴ്ചകൾ ഓരോന്നും നോക്കിയിരുന്നു..... 
ഒരു കടൽത്തീരം കണ്ടു... വിച്ചേട്ടന്റെ കയ്യിൽ തൂങ്ങി ആർത്ത് ചിരിച്ച് നടക്കുന്ന തന്നെ ഒരുനിമിഷം അവിടെ കണ്ടു.... 
ഒരുപാട് ഒരുപാട് മാറിയിരിക്കുന്നു താൻ പഴയതിൽ നിന്നും....
കണ്ണുകൾ മാറ്റി അപ്പുവേട്ടനെ നോക്കി... അപ്പഴും വിച്ചേട്ടന്റെ ഓർമ്മകൾ ആയിരുന്നു.... വിച്ചേട്ടനൊപ്പം ആയിരുന്നെങ്കിൽ വായ അടയ്ക്കാതെ എന്തേലും  പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടാവും ആ മനുഷ്യൻ.... 

അപ്പുവേട്ടൻ തട്ടി വിളിച്ചപ്പോഴാണ് കണ്ണുകൾ തുറന്നത്... നോക്കുമ്പോ ഏട്ടന്റെ തോളിൽ തലചായ്ച്ചുവച്ചായിരുന്നു അത്രയും നേരം കിടന്നിരുന്നത്...  കുറച്ച് ജാള്യത തോന്നി... ഡോർ തുറന്ന് പുറത്തേക്കിറങ്ങി.... മോളപ്പോഴും ഉറക്കംവിട്ട് ഉണർന്നിരുന്നില്ല....

ഒരു കൊച്ചു വീട്... രണ്ട് മുറിയും അടുക്കളയും ഉണ്ട്... അത്രതന്നെ ധാരാളം... നല്ല ഒതുക്കമുള്ള വീട്... മുൻപിൽ റോഡാണ്... ഇരുട്ടിയെങ്കിലും വണ്ടികളൊക്കെ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ട്.... മോളെയും എടുത്ത് ഉള്ളിലേക്ക് കയറി....
പ്രത്യേകിച്ച് പറയേണ്ടല്ലോ അപ്പുവേട്ടൻ നിന്ന വീടല്ലേ എല്ലായിടത്തും നിറയെ പുസ്തകങ്ങൾ ഉണ്ടെന്നത് ഒഴിച്ചാൽ നല്ല അടുക്കും വൃത്തിയും ഉണ്ട്....
നേരെ അടുക്കളയിലേക്ക് കയറി ഓരോ ചായ ഇട്ടു.... ഭക്ഷണം പൊതിഞ്ഞു കൊണ്ടുവന്നത് കൊണ്ട് മോളെ ഉണർത്തി മൂന്നുപേരും ചേർന്നത് കഴിച്ചു...

കിടക്കാനായി ഇഷ്ടപെട്ട ഒരു മുറിയിൽ കയറി.... ലൈറ്റ് ഓൺ ചെയ്തു തിരിഞ്ഞപ്പോ കണ്ടത് ചുമരിൽ വലുതായി ഫ്രെയിം ചെയ്ത് തൂക്കിവച്ച കല്യാണത്തിന് എടുത്ത ഞങ്ങളുടെ ഒരു ഫോട്ടോ....
അപ്പുവേട്ടൻ മോളെയും എടുത്ത് മുൻപിൽ നടക്കുന്നു കുറച്ച് വിട്ട് പിന്നിലായി തലകുമ്പിട്ട് താനും..... അരികിലേക്ക് ചെന്ന് അതിലേക്ക് തന്നെ മിഴികൾ പായിച്ചു..... തോളിൽ ഒരു കരസ്പർശം ഏറ്റപ്പോഴാണ് തിരിഞ്ഞ് നോക്കിയത്.... 

""താനും മോളും അപ്പുറത്ത് കിടന്നോടോ..."" മറുപടിയൊന്നും പറഞ്ഞില്ല പതിയെനടന്ന് മുറിവാതിൽ ചാരി പുറത്തേക്കിറങ്ങി.... എന്തോ ഒരു ഉൾപ്രേരണയിൽ തിരികെവന്ന് ചാരിയിട്ട വാതിലിനിടയിലൂടെ ഉള്ളിലേക്ക് നോക്കി....

ആാാ വലിയ ഫോട്ടോയിലൂടെ കയ്യൊടിക്കുകയാണ് അപ്പുവേട്ടൻ.... തന്നെ നിറഞ്ഞ പുഞ്ചിരിയോടെ തലോടുന്നുണ്ട്.... മാളൂട്ടിയെ തഴുകി അവൾക്കായി ആ ഫോട്ടോയിൽ ചുണ്ടുചേർത്തു..... കണ്ട് നിൽക്കാനായില്ല തിരികെ മുറിയിലേക്ക് കയറി..... കണ്ണുകൾ എന്തിനെന്നില്ലാതെ നിറഞ്ഞു... മനസിന്റെ വേദന അണപൊട്ടിയൊഴുകി...

"""ന്തിനാ അപ്പുവേട്ടാ ന്നെ ഇങ്ങനെ സ്നേഹിച്ചു വേദനിപ്പിക്കുന്നെ..... എനിക്കതിന്റെ ഒരംശം പോലും തിരികെ നൽകാൻ സാധിക്കുന്നില്ലല്ലോ...."""
അനുസരണയില്ലാത്ത മനസ്സ് വീണ്ടും വീണ്ടും കരയുന്നു.... പിന്നെയും പിന്നെയും തേങ്ങുന്നു.....
 ഉള്ളിലെ സ്നേഹം അത് അപ്പുവേട്ടന് നൽകാൻ ആരോ പറയുന്നത് പോലെ...
പക്ഷേ പ്രണയം അപ്പോഴും പ്രണയത്തെത്തന്നെ പിന്തുടർന്നുകൊണ്ടിരുന്നു.....
എനിക്ക് ചുറ്റും ശൂന്യതയാണ് വിച്ചേട്ടാ നീയില്ലായ്മയുടെ ശൂന്യത.... പൊട്ടി കരഞ്ഞു ഉറക്കെ ഉറക്കെ... കുറെ കരഞ്ഞപ്പോൾ ഹൃദയം വരണ്ടുണങ്ങിയതുപോലെ......

""പ്രണയിക്കണം.... പ്രണയം പകർന്നുകൊടുക്കണം.... വഴക്കിടണം... പിണങ്ങണം... കുറ്റപ്പെടുത്തണം ഒടുക്കം എല്ലാം മറന്ന് വീണ്ടും വീണ്ടും പ്രണയിക്കണം.....""
കണ്ണുകൾ ഇറുകെമൂടി നോക്കി ഒരു തവണയെങ്കിലും അപ്പുവേട്ടനെ കാണാൻ... തെളിഞ്ഞുകാണുന്ന വിച്ചേട്ടൻ വീണ്ടും വീണ്ടും തളർത്തി....

രാവിലെ മോളോട് കളിപറഞ്ഞിരിക്കുന്ന അപ്പുവേട്ടന് പോലീസ് യൂണിഫോം തേച്ച് കയ്യിൽ കൊണ്ടുചെന്ന് കൊടുത്തു... അത്ഭുതത്തോടെ നോക്കുന്നുണ്ട്... പതിവില്ലാത്ത ഓരോ കാഴ്ചകൾ കണ്ടിട്ടാവും.... അടുക്കളയിലേക്ക് ചെന്ന് അപ്പുവേട്ടന് കൊണ്ടുപോകാനുള്ള ഭക്ഷണം ഉണ്ടാക്കി പാത്രത്തിലാക്കി ബാഗിൽ കൊണ്ട് വച്ചു.... 
സ്റ്റേഷനിലേക്ക് പോകാൻ ജീപ്പിൽ കയറിയ ഏട്ടനെ യാത്രയാക്കാൻ മോളെയും എടുത്ത് ഉമ്മറത്ത് തന്നെ നിന്നു......
ഉത്തമ ഭാര്യ ആവാനുള്ള ശ്രമം... അല്ല അഭിനയം.... തീർത്തും അഭിനയം.....
അഭിനയിച്ച് അഭിനയിച്ചൊടുക്കം ആാാ മനുഷ്യനോട് ഒരിത്തിരി പ്രണയം തോന്നാൻ വേണ്ടിയുള്ള മനസിന്റെ പരാക്രമം....

തുടരും...

©️ Anjali mohan

രചന :: അഞ്‌ജലി മോഹൻ



കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top