""വേണ്ടെടോ ആ വേദന തനിക്ക് സുഖവും സന്തോഷവും നൽകുമെങ്കിൽ അത് ഉണങ്ങാതെ കരിഞ്ഞുപോകാതെ അവിടെത്തന്നെ നിന്നോട്ടെ.... എനിക്കൊന്നും വേണ്ട... കണ്മുന്നിൽ നിങ്ങളെ രണ്ടുപേരെയും സന്തോഷത്തോടെ കണ്ടാൽ മാത്രം മതി....
അല്ലെങ്കിൽ തന്നെ തിരിച്ചെന്തെങ്കിലും പ്രതീക്ഷിച്ചുകൊണ്ടുള്ള സ്നേഹത്തിന് എന്ത് അർത്ഥമാണുള്ളത്.... ഇയാള് ചെന്ന് കിടന്നോ..."" അരികിലെത്തി കവിളിൽ ഒന്ന് തട്ടി തിരിഞ്ഞുനടന്നു...... പ്രണയത്തിന്റെ മറ്റൊരു രൂപം തളർച്ചയോടെ കട്ടിലിലേക്ക് ഇരുന്നുപോയി.... എത്രനേരമെന്നറിയില്ല മോളൊന്ന് ചിണുങ്ങിയപ്പോൾ വെളിച്ചം കെടുത്തി തുറന്നിട്ട വാതിൽപൊളി അടയ്ക്കാനായി ചെന്നു.... ദിവാൻകോട്ടിൽ കണ്ണിൽ കൈവച്ച് മലർന്നു കിടക്കുന്ന അപ്പുവേട്ടനെ ചില്ലുജനല്പാളിയിലൂടെ അരിച്ചെത്തിയ നിലാവെളിച്ചത്തിൽ വ്യക്തമായി കണ്ടു.....
ഒരച്ഛന്റെയും മകളുടെയും സ്നേഹം അടുത്തറിയുകയായിരുന്നു..... അപ്പുവേട്ടന് എത്രമാത്രം പ്രിയപെട്ടവളാണ് മാളൂട്ടിയെന്ന് മനസ്സിലാക്കുകയായിരുന്നു....
അവളുടെ കുഞ്ഞു കുഞ്ഞു പൊട്ടത്തരങ്ങൾക്ക് വരെ കൂടിക്കൊടുക്കുന്ന ആ വലിയ മനുഷ്യനെ കണ്ടപ്പോൾ ആശ്ചര്യമായിരുന്നു....
""മോളിത് മാളൂട്ടിക്ക് കൊണ്ടുപോയി കൊടുക്ക്.... നേരത്തെ ഞാൻ കൊടുത്തപ്പോ ചൂടാണെന്നും പറഞ്ഞ് ബഹളംവച്ച് ഒരിറക്കുപോലും കുടുക്കാതെ അവന്റെ കൂടെ ആന കളിക്കാൻ പോയി...."" ഒരു ഗ്ലാസ് പാൽ മറ്റൊരു ഗ്ലാസ്സിലേക്ക് ഉയർത്തിപിടിച്ചൊഴികൊണ്ട് ബേബി ദച്ചുവിന് നേരെ നീട്ടി....
ദേഷ്യം തോന്നുന്നില്ലേ ബേബിയമ്മേ???
""എന്തിന്...?? എന്റെ മോൻ ഇതുപോലെ സന്തോഷായിട്ട് ചിരിച്ച് ഇരിക്കണത് കണ്ടാമതി എനിക്ക്.... മോള് ചെല്ല് അല്ലേൽ ഇനി ഇത് വല്ലാതെ തണുത്തെന്നും പറഞ്ഞ് കുറുമ്പി മടക്കി അയക്കും ലോകത്തുള്ള സകലമാന അടവും അതിന്റെ കയ്യിലുണ്ട്....."" ചുണ്ടുകളിൽ ഇളം പുഞ്ചിരി നിറഞ്ഞു....
നടുമുറിയിലെ സോഫയിൽ കിടക്കുന്നുണ്ടായിരുന്നു അപ്പുവേട്ടൻ... തല സോഫയുടെ ഹാൻഡ്‌റെസ്റ്റിൽ ചായ്ച്ച് വച്ചിട്ടുണ്ട്... മാളൂട്ടി അപ്പുവേട്ടന്റെ മേല് മലർന്നുകിടന്നിട്ടുണ്ട്.... കയ്യിൽ ഒരു ബാലരമയും... അതിലെ കഥകളൊക്കെ വായിച്ചു കൊടുക്കുകയാണ് അച്ഛൻ ..... വല്യ ആകാംക്ഷയിൽ ഉണ്ടകണ്ണും വിടർത്തി അച്ഛന്റെ വായിൽനിന്നും വീഴുന്ന വാക്കുകൾക്കായുള്ള കാത്തിരിപ്പാണ്....
""അച്ഛന്റെ മോള് തന്നെ.... പുസ്തകം തീറ്റ..."" കുളിക്കാൻ പോകുമ്പോ നടുമുറിയിലേക്ക് ഒന്ന് ഏന്തിനോക്കിക്കൊണ്ട് അമ്മു പറഞ്ഞു... അറിയാതെ ചുണ്ടുകൾ അകത്തേക്കാക്കി ചിരിച്ചുപോയി....
അടുത്തേക്ക് ചെന്ന് വിളിച്ചപ്പോൾ എഴുന്നേറ്റ് വന്നില്ല അപ്പുവേട്ടന്റെ വയറിൽ നിവർന്നിരുന്നു പാൽ ഒരുവലിക്ക് കുടിച്ച് വീണ്ടും അച്ഛന്റെ നെഞ്ചിലേക്ക് തന്നെ ചാഞ്ഞുകിടന്നു....
""ദച്ചൂ...""" പിറകിൽ നിന്നുമുള്ള വിളികേട്ടു...
""മോളെയൊന്ന് ഒരുക്കാമോ നല്ലൊരു ഉടുപ്പ് ഇട്ട് കൊടുക്കണം പിന്നെ ഒരു രണ്ട് ഉടുപ്പ് കവറിലാക്കിയും തരണം...."" കാര്യമെന്തെന്നു മനസിലാവാതെ തിരിഞ്ഞപ്പുവേട്ടനെ നോക്കി.....
സ്റ്റുഡിയോയിലേക്കാ മോൾടെ കുറച്ച് ഫോട്ടോ എടുക്കണം റൂമിലെ ചുമരിൽ തൂക്കാൻ....
""മ്മ്മ്ഹ്ഹ്...."" മാളൂട്ടിയെ എടുത്ത് നിലത്തേക്കിറക്കി.... കുഞ്ഞുടുപ്പ് ഇടുവിച്ച് സുന്ദരിയാക്കികൊടുത്തു.... അച്ഛന്റെ കയ്യിൽ തൂങ്ങി ചാടി ചാടി നടന്നുപോവുന്ന കുരുന്നിനെ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.....
ഒരു നിമിഷം മഹിയെ ഓർത്തു ഓരോ മനുഷ്യനും എത്ര വ്യത്യാസം.....
രാത്രി മുറിയിൽ ചെല്ലുമ്പോ മാളൂട്ടിയെ കെട്ടിപിടിച്ച് കിടക്കുന്ന അപ്പുവേട്ടനെ കണ്ടു... പിന്നിലെ അനക്കം കേട്ട് ഞാനാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അവൾക്ക് ഒരു മുത്തം നൽകി സാവധാനം എഴുന്നേറ്റ് പുറത്തേക്കിറങ്ങി..... തലപൊക്കി ഒരു വട്ടംപോലും ആാാ മനുഷ്യന്റെ മുഖത്തേക്ക് നോക്കിയില്ല.... അറിയാതെപോലും മോഹിപ്പിക്കാൻ തോന്നിയില്ല....
ഉറങ്ങുന്ന മോളെയൊന്ന് നോക്കി.... മീനുട്ടിക്കും വിച്ചുവിനും ഒരുമ്മ കൊടുത്തു... ഫോട്ടോ കുഞ്ഞുമേശയിലേക്ക് തന്നെ തിരികെവച്ചു.... കണ്ണ് മേശയിൽ അടച്ചുവച്ചിരിക്കുന്ന എം.ടി യുടെ "മഞ്ഞ്" എന്നെഴുതിയ പുസ്തകത്തിൽ ചെന്നെത്തിനിന്നു.... വെറുതെ ഒന്ന് മറിച്ചു.... വായിച്ചുമടക്കിവച്ച പേജ് നിവർത്തി നോക്കി....
"""എനിക്ക് നിങ്ങളെ ഇഷ്ടമാണ്
കാരണമൊന്നുമില്ല...
വഴിയിൽ തടഞ്ഞുനിർത്തില്ല...
പ്രേമലേഖനം എഴുതില്ല....
ഒന്നും ചെയ്യില്ല...
ഒരു ബന്ധവും സങ്കല്പിക്കാതെ
വെറുതെ.....
വെറുതെ എനിക്ക് നിങ്ങളെ ഇഷ്ടമാണ്.."""
"""വരും വരാതിരിക്കില്ല... """പ്രതീക്ഷയുടെ കാത്തിരിപ്പിന്റെ കഥ
വരികളിലേക്ക് ഒരുതുള്ളി കണ്ണുനീർ ഇറ്റുവീണു..... വിരലുകൾ വരികളിലൂടെ ഓടിച്ചു.... പുസ്തകം അടച്ചുവെച്ച് മോൾക്കരുകിൽ വന്നു കിടന്നു.....
ഹൃദയം ഏങ്ങലടിച്ചു.... അപ്പുവേട്ടനെയോർത്ത് ആാാ പ്രണയത്തെ ഓർത്ത്.... അറിയാനാവുന്നുണ്ട് പ്രണയത്തിന്റെ വേദന കാരണം ഞാനുമെന്റെ പ്രാണനെ അത്രയേറെ പ്രണയിക്കുന്നു.....
അറിയാം തന്റെ പ്രിയപ്പെട്ടവൻ ഇന്നില്ല....
മറക്കേണ്ടതാണ് പക്ഷേ സാധിക്കുമോ ഈ ജന്മം ഈയുള്ളവൾക്കതിന്.....
രണ്ട് പുരുഷനാൽ അവരുടെ സ്നേഹത്താൽ വീർപ്പുമുട്ടുന്ന ഒരു സ്ത്രീ ജന്മം.... രണ്ടും പ്രണയം തന്നെ... ഒന്ന് മനസിന് ആശ്വാസം നൽകുമ്പോൾ മറ്റൊന്ന് മനസ്സിനെ ചുറ്റിവരിഞ്ഞ് വീർപ്പുമുട്ടിക്കുന്നതുപോലെ.... ഓരോനിമിഷവും പൂർവ്വാധികം ശക്തി പ്രാപിക്കുകയാണ് തന്റെ പ്രിയപെട്ടവനോടുള്ള പ്രണയം... അപ്പോഴൊക്കെ അതേസമയം മറ്റൊരുവൻ അതേ പ്രണയത്തിനായി യാചിക്കുന്നതുപോലെ..... ആരിൽ നിൽക്കും ആർക്ക് പകർന്നുനല്കും ഈയുള്ളവളത്.....
മനസ്സിലപ്പോഴും പ്രണയത്തിന്റെ രൂപം അവന്റേതായിരുന്നു തന്നിലെ സ്ത്രീയെ ആദ്യമായ് അറിഞ്ഞവന്റെ......
ഉറങ്ങാനായില്ല ഒഴുകിയിറങ്ങുന്ന കണ്ണുനീർ കിടക്കവിരിയേയും തലയിണയെയും നനച്ചുകൊണ്ടിരുന്നു....
❇️❇️❇️❇️
"""മോളെ ഞാൻ ഇന്നലെ സ്റ്റുഡിയോയുടെ അടുത്തുള്ള ഡാൻസ് ക്ലാസ്സിൽ ചേർത്തിട്ടുണ്ട്.... വെറുതെ പോയി നോക്കിക്കോട്ടെ... കുഞ്ഞിക്കുട്ടികൾ പച്ചയും ഓറഞ്ചും ചുരിദാറൊക്കെ ഇട്ട് ഷാളൊക്കെ കെട്ടി നടക്കുന്നത് കണ്ടപ്പോ എന്നോട് പറഞ്ഞതാ അവൾക്കും ഡാൻസ് കളിക്കണമെന്ന്... എല്ലാവെള്ളിയാഴ്ചയും വൈകീട്ടാണ് ക്ലാസ്സ്... താൻ ഒന്ന് കൊണ്ടുപോയിനോക്ക്.... വേണമെങ്കിൽ താനും ചേർന്നോ കുഞ്ഞുന്നാളിൽ നൃത്തം പഠിച്ചതല്ലേ.... അല്ല ഡിഗ്രി എഴുതി കംപ്ലീറ്റ് ചെയ്യണമെങ്കിൽ അതും ആവാം പറഞ്ഞാമതി പഠിക്കാനുള്ളത് ഞാൻ അയച്ചുതരാം....""" മാളൂട്ടിയെ എടുത്ത് കവിളിൽ ചുംബിച്ചവൻ ദച്ചുവിനെ ഏല്പിച്ചു.... അച്ഛൻ പോവുന്നത് കണ്ടപ്പോൾ കുഞ്ഞു മാളൂട്ടി ഉച്ചത്തിൽ പൊട്ടിക്കരഞ്ഞു....
ബേബിയമ്മയും അമ്മുവും കണ്ണുതുടയ്ക്കുന്നുണ്ട്....
പക്ഷേ തന്റെ മനസ്സിൽ മാത്രം എന്താണെന്ന് മനസിലായില്ല പറഞ്ഞറിയിക്കാൻ ആവാത്ത എന്തോ വികാരം...
പിന്നീട് മനസിലാക്കി ആ പോക്ക് ഒരു ആശ്വാസമാണെന്ന്... ഒരു കൂരയ്ക്കുള്ളിൽ അഭിനയിച്ചും പരസ്പരം കാണാതെ നടിച്ചും ജീവിക്കുന്നതിലും നല്ലത് ഇതുതന്നെയാണെന്ന് തോന്നി....
ഒരുപക്ഷെ ഇവിടെത്തന്നെ ഉണ്ടായിരുന്നുവെങ്കിൽ അപ്പുവേട്ടന് അതൊരു വേദനയായേനെ... ആാാ പ്രണയത്തിന് വല്ലാതെ നൊന്തേനെ....
രണ്ട് ദിവസം കഴിഞ്ഞപ്പോൾ സ്റ്റുഡിയോയിൽ നിന്നും ആള് വന്ന് എടുത്ത ഫോട്ടോസ് കൊണ്ടുവന്നു തന്നു...
അഞ്ചാറു ഫോട്ടോ ഫ്രെയിമുകൾ പലവലുപ്പത്തിൽ..... മാളൂട്ടി തകർത്ത് ഓരോ ഭാവങ്ങൾ ചൊരിഞ്ഞ് അത് കൂടുതൽ മനോഹരമാക്കിയിട്ടുണ്ട്.....
അമ്മുവിനോപ്പം ചേർന്ന് ഓരോന്നും മുറിയിലെ ചുമരിൽ തൂക്കി....
""അച്ഛാ ഉമ്മ... ഉമ്മാാ... ഉമ്മാാാ...."" രണ്ടുപേരും ചേർന്ന് മാളൂട്ടിയെ തിരിഞ്ഞുനോക്കി.... കയ്യിലൊരു കുഞ്ഞ് ഫോട്ടോ.... വലിയ അഞ്ചാറ് ഫോട്ടോകൾക്ക് ഇടയിൽ അത് ശ്രദ്ധിച്ചിരുന്നില്ല.... ചെന്ന് ആ കുഞ്ഞുകൈകളിൽ നിന്നും അതുവാങ്ങി നോക്കി....
അപ്പുവേട്ടന്റെ കവിൾത്തടങ്ങൾ പിടിച്ചുവലിച്ച് അതുംനോക്കി പൊട്ടിച്ചിരിക്കുന്ന മാളൂട്ടി...... ഭംഗിയായി പകർത്തിയിട്ടുണ്ട് ക്യാമറ കണ്ണുകൾ ആ അച്ഛന്റെയും മകളുടെയും സ്നേഹം.......
കണ്ടപ്പോൾ അറിയാതെതന്നെ കണ്ണുകൾ തിളങ്ങി... ചുണ്ടുകൾ പുഞ്ചിരിച്ചു.....
അമ്മു അത് വാങ്ങി ദിവാൻകോട്ടിനരികിലെ പ്ലാസ്റ്റിക് പൂക്കൾ വച്ച മരത്തിന്റെ സ്റ്റൂളിൽ കൊണ്ട് വച്ചു.....
""ഹാ ഇത് ഇവിടെ വയ്ക്കാൻ പ്രത്യേകം ഓർഡർ ഉണ്ട് പോലീസ് ഏമാന്റെ.... അത്രപോലും ആ തിരുമോന്ത കാണിച്ച് നിന്നെ വിഷമിപ്പിക്കരുതെന്ന്..."" അതുംപറഞ്ഞ് ചിരിച്ചുകൊണ്ട് അമ്മു ഇറങ്ങിപ്പോയി..... എന്തോ പെട്ടന്ന് നിശ്ചലമായി നിന്നുപോയി....
എന്നും രാത്രിയിൽ മുടങ്ങാതെ അമ്മുവിനെ വീഡിയോ കാൾ ചെയ്യും അപ്പുവേട്ടൻ... രണ്ടുവർത്താനം അവളോടും അമ്മയോടും പറഞ്ഞ് അവളുടെ കുട്ടികുറുമ്പനെയും കണ്ടുകഴിഞ്ഞാൽ അടുത്ത ഊഴം മാളൂട്ടിടെയാണ്.... ഫോണും പിടിച്ചവൾ മുറിക്കകത്ത് കയറി ഇരിക്കും.....
ആർക്കും പ്രവേശനം ഇല്ലാത്ത അവരുടേത് മാത്രമായ ലോകം....
ഇടയ്ക്ക് കേൾക്കാം അമ്മയില്ലേ, അമ്മയെന്ത് ചെയ്യുവാ എന്നൊക്കെയുള്ള ചോദ്യങ്ങൾ... അതുകേൾക്കുമ്പോൾ മുറിവിട്ട് ഇറങ്ങും... മറ്റൊന്നും കൊണ്ടല്ല ആാാ മനുഷ്യന് തന്നോടുള്ള പ്രണയത്തിന്റെ ഒരു തരിപോലും തിരിച്ചുനൽകാൻ സാധിക്കാത്ത മനസിന്റെ വിങ്ങലാണ്.....
ഫോണിലൂടെ കളിക്കുടുക്കയിലെ കഥകളും കുഞ്ഞുപാട്ടുകളും പാടികൊടുക്കുന്ന അപ്പുവേട്ടൻ വീണ്ടും വീണ്ടും ഒരു അത്ഭുതം ആവുകയായിരുന്നു....
'സ്നേഹം തോന്നുന്നു ഇഷ്ടം തോന്നുന്നു ആരാധന തോന്നുന്നു ബഹുമാനം തോന്നുന്നു പക്ഷേ പ്രണയം മാത്രം അപ്പോഴും......'
എന്തിനെന്നറിയാതെ മനസിനൊപ്പം ശരീരവും നോവുന്നതുപോലെ..... ഇത്രത്തോളമൊക്കെ നീറാൻ അത്രത്തോളം ആരോ ആയിക്കഴിഞ്ഞിരിക്കുന്നു തനിക്കാ മനുഷ്യൻ....
തുടരും....
©️ Anjali mohan
രചന :: അഞ്‌ജലി മോഹൻ
കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
