നീ വരുവോളം - 28

Valappottukal


'സിദ്ധാർഥ്...'
ഒരു പോലീസുകാരൻ.. തന്നെ കാണാൻ വരുന്നവരൊക്കെ അയാളെ അപ്പൂന്നാ വിളിച്ച് കേട്ടത്......

""അ...പ്പുവേട്ടൻ....""  ഇടറിക്കൊണ്ട് ആ ചുണ്ടുകൾ മന്ത്രിച്ചു....

"""ആഹാ... ഓർമ്മവന്നല്ലോ... ധ്വനി ഇത്രയുംനാൾ സിദ്ധാർത്ഥിനെ വിച്ചേട്ടൻന്നാ വിളിച്ചോണ്ടിരുന്നേ....""" ഒരു നടുക്കത്തോടെയാണ് അവളത് കേട്ട് നിന്നത്.... കട്ടിലിലേക്ക് എങ്ങനെയൊക്കെയോ ചെന്നിരുന്ന് കാൽമുട്ടിലേക്ക് മുഖം ഒളിപ്പിച്ചുവച്ചു....

""ഇറങ്ങാം...."" പരിചിതമായ ശബ്ദം.. ഒരുനിമിഷം കൊണ്ട് തിരിച്ചറിഞ്ഞു അപ്പുവേട്ടനാണെന്ന്... പതിയെ തലയുയർത്തി അവനെനോക്കി കണ്ണുകൾ കലങ്ങിമറിഞ്ഞ് ചുവന്നിരുന്നു....

"പോവാം ദച്ചു...." കട്ടിലിലായുള്ള   ബാഗെടുത്ത് എല്ലാരോടും യാത്രപറഞ്ഞ് തന്റെ കയ്യിൽ പിടിച്ച് നടക്കുന്ന അപ്പുവേട്ടന്റെ പിന്നാലെ കാലുകൾ ചലിച്ചു.... കാറിന്റെ മുന്നിലെ ഡോർ തുറന്ന് തന്നു.... കണ്ണുകളടച്ച് സീറ്റിലേക്ക് ചാരി.. ഒരു തരം ഒഴിഞ്ഞുമാറ്റം.....  ഓർമകളിൽ മങ്ങിയ കാഴ്ചകളാൽ വിച്ചേട്ടനും മീനൂട്ടിയും സന്തോഷം തീർത്തു....  റൂമിലെ ചുമരിലെ മാലയിട്ട അവരുടെ ഫോട്ടോയ്‌ക്കൊപ്പം ചിരിച്ച് നിൽക്കുന്ന തന്റെ പടവും തെളിഞ്ഞു കണ്ടു...... മനോനില കൈവിട്ടാലല്ലേ ആത്മഹത്യയെ കുറിച്ച് ചിന്തിക്കാതിരിക്കൂ....  "ഞാനും വരുന്നു വിച്ചേട്ടാ...." മനസ്സ് അത് തന്നെ ആവർത്തിച്ചുകൊണ്ടിരുന്നു....

""താൻ ഉറങ്ങിയോ...??  ദച്ചൂ..."" കൈകൾ തോളിൽത്തട്ടി വിളിച്ചു....

മ്മ്മ്ഹ്ഹ്.... ഇതെന്താ ഈ വഴി....??? മംഗലത്തേക്ക് അല്ലേ.....??

ഒരുതരം ഞെട്ടലോടെയാണവൻ ആ ചോദ്യം കേട്ടത്.... "കുറച്ച് കാലായിട്ട് താൻ എന്റെ വീട്ടിലായിരുന്നു...."

ഞാൻ....???

""അതേ വിച്ചുവായിട്ടായിരുന്നു എന്നെ കണ്ടിരുന്നത്...""

ഞാൻ വിട്ടിട്ടുണ്ടാവില്ല ല്ലേ...???  അവൻ പറയാതെ തന്നെ ഏകദേശ ധാരണ അവൾക്ക് കിട്ടിക്കഴിഞ്ഞിരുന്നു....

""മ്മ്ഹ്ഹ്..."" കാർ അപ്പുവിന്റെ വീട്ടിന്റെ മുറ്റത്തെത്തിയതും അമ്മുവും അവിടത്തമ്മ ബേബിയമ്മയും ഉമ്മറത്തേക്ക് വന്നു.... ഒരുതരം അത്ഭുതമായിരുന്നു സന്തോഷത്തിനൊപ്പം ആാാ കണ്ണുകളിൽ... എന്നിലും അത് തന്നെ ആയിരുന്നു....
വീർത്തുന്തിയ വയറുമായി അമ്മു നിൽക്കണത് കണ്ടപ്പോ സന്തോഷത്തിനൊപ്പം  അടിവയർ കുത്തികീറുന്ന നോവ് പോലെ.... ഓടിച്ചെന്നാ വയറിൽ കൈകൾ വച്ചു കുഞ്ഞിക്കാലുകൾ വച്ച് ആാാ കുരുന്നവളെ ചവിട്ടി.....

"തടിച്ച് തള്ളച്ചിയായല്ലോടി.... കല്യാണമൊക്കെ കഴിഞ്ഞല്ലേ" ആനന്ദകണ്ണീരോടെ അമ്മു ദച്ചുവിനെ പുൽകി.....

""അമ്മൂറ്റേ...."" അകത്തേക്ക് കാലെടുത്ത് വച്ചപ്പോൾ ഒരു കുഞ്ഞുസ്വരം... കണ്ണുകൾ അതിന്റെ ഉറവിടംതേടി പാഞ്ഞു... ഒരു കൊച്ച് കാ‍ന്താരി തുടയ്ക്കുമേൽ നിൽക്കുന്ന കറുത്ത നിറമുള്ള  കുട്ടി ട്രൗസറും അവളെക്കാൾ വലിയ കയ്യുള്ള വെള്ള ബനിയനും ഇട്ട് നിൽക്കുന്നു.... കുഞ്ഞുമുടി അലസമായി പാറി കിടക്കുന്നു... അവള് അമ്മുവിന്റെ അടുത്തേക്ക് ഓടിയോടി വന്നു.... അപ്പുവേട്ടനെ കണ്ടപ്പോൾ കണ്ണുകൾ വിടർന്നു....

""ച്ഛാ..."" കുഞ്ഞു ചുണ്ടുകൾ പിളർന്നു... അവളോടിച്ചെന്ന് അപ്പുവേട്ടന്റെ കാലുകളെ  വാരിപിടിച്ചു.... കൗതുകത്തോടെ ദച്ചു അത് നോക്കി കണ്ടു.... അക്ഷമയോടെ ഉള്ളിലേക്ക് നോക്കി.... മറ്റാർക്കും വേണ്ടിയല്ല ആാാ കുസൃതികുരുന്നിന്റെ അമ്മയെ കാണാൻ അപ്പുവേട്ടന്റെ ഭാര്യയെ കാണാൻ....

""അതാരാണെന്ന് അറിയാവോ മാളൂഷിന്..??""" എന്നെ ചൂണ്ടിക്കാണിച്ചാണ് അപ്പുവേട്ടൻ അത് ചോദിച്ചത്....
""""അമ്മയാ.... മോളുവാവേടെ സ്വന്തം അമ്മ....""" ഒരു നിമിഷം ഹൃദയം നിലച്ചു ശ്വാസം കുരുങ്ങി വലിഞ്ഞു.... ചെന്നിയിലൂടെ വിയർപ്പൊഴുകിയിറങ്ങി.... ഒന്നുകൂടെ സൂക്ഷിച്ചുനോക്കി....
അതേ തന്റെ മീനൂട്ടിയെപോലെ അവളുടെ അച്ഛനെപ്പോലെ..... കണ്ണിലൂടെ കണ്ണുനീർ ചാലിട്ടൊഴുകി....

മുട്ടുകുത്തി നിലത്തേക്ക് ഇരുന്നു.....
കൈകൾ തുറന്നുപിടിച്ച് നീട്ടി... അപ്പുവിന്റെ കാലുകൾക്ക് പിറകിൽ ഒളിച്ചുനിന്നവൾ ഏന്തി നോക്കി... ചിരിയോടെ അടുത്തേക്ക് ഒന്നുകൂടെ  മാടി വിളിച്ചു... കുണുങ്ങി ചിരിച്ചവൾ ദച്ചുവിന്റെ  കൈക്കുള്ളിലേക്ക് ഓടി കയറി.....കുഞ്ഞുമുഖം കൈക്കുള്ളിൽ പിടിച്ച് മതിയാവോളം നോക്കി....  താടിയിൽ അതേ കുഞ്ഞുചുഴി... കരഞ്ഞുകൊണ്ട് ആാാ ചുഴിയിൽ അമർത്തി മുത്തി.... ആാാ ചുംബനം അവൾക്ക് മാത്രമല്ലായിരുന്നു ഓർമ്മകൾ മാത്രമായ മീനുട്ടിക്കും വിച്ചുവിനും കൂടെ ആയിരുന്നു...
ഉച്ചത്തിൽ കരഞ്ഞു....

അമ്മേടെ കുട്ടീടെ പേരെന്താ മ്മ്മ്ഹ്ഹ്...?? ഒരുപക്ഷെ സ്വന്തം കുഞ്ഞിന്റെ പേരറിയാത്ത അവൾക്ക് ജന്മം കൊടുത്തത്  പോലും ഓർക്കാത്ത അമ്മ താനായിരിക്കും.... വീണ്ടും ഉള്ള് നീറി....
ആാാ കുറുമ്പി അമ്മുവിനെ തിരിഞ്ഞു നോക്കി...

"പറഞ്ഞുകൊടുക്ക്..... മാളവികാ...." തുള്ളിച്ചാടി വീണ്ടുമവൾ ദച്ചുവിനെ നോക്കി..

"മാലവികാ..."  കൊഞ്ചിക്കൊണ്ടവൾ പറഞ്ഞു... ദച്ചു ആ കുഞ്ഞുമുഖത്ത് തുരുതുരെ ചുംബിച്ചു.... പേടിച്ചവൾ ദച്ചുവിനെ തട്ടിമാറ്റി അപ്പുവിന്റെ മേലേക്ക് ഓടിക്കയറി......  """ച്ഛാ...""

""അച്ചോടാ അച്ഛെടെ മാളൂഷെന്തിനാ പേടിച്ചണെ അത് വാവേടെ അമ്മയല്ലേ... നല്ല അമ്മയാട്ടോ...."" ആാാ കുറുമ്പി അവന്റെ കഴുത്തിലൂടെ കൈകൾ ചുറ്റി തോളിൽ ചാഞ്ഞു... അപ്പു നടന്ന് ദച്ചുവിനരുകിൽ എത്തി...

""സംസാരം തുടങ്ങിയ നാള് തൊട്ട് എന്നെ അച്ഛാന്നാ വിളിച്ചത് പിന്നേ അത് തിരുത്താനും തോന്നിയില്ല...."""
അവൻ മാളൂട്ടിയെ ദച്ചുവിന്റെ കൈകളിലേക്ക് കൊടുത്ത് ഉള്ളിലേക്ക് പോയി...

മോൾക്ക് കിടക്കണമെങ്കിൽ പോയി കിടന്നോ കുറെ യാത്ര ചെയ്ത് വന്നതല്ലേ... ബേബിയമ്മ പറഞ്ഞപ്പോൾ അവരെ നോക്കിയൊന്ന് ചിരിച്ചു....

""മുകളിലാ നിന്റെ മുറി...."" വീണ്ടും ഞെട്ടലോടെ അമ്മുവിനെ നോക്കി...

"""പേടിക്കണ്ട ഏട്ടന്റെ മുറി തന്നെയാ പക്ഷേ മുകളിലത്തെ നടുമുറിയിലെ ദിവാൻകോട്ടിലാ ഏട്ടൻ കിടക്കാറ്.....""" എന്തോ മനസ്സിൽ ആശ്വാസം വന്ന് നിറഞ്ഞു....  അമ്മുവിനൊപ്പം സാവധാനം മോളെയുമെടുത്ത് മുകളിലേക്ക് കയറി... മുകളിലെ നടുമുറിയിലെ ദിവാൻ കോട്ടിൽ കണ്ണിൽ കൈവച്ച് കിടക്കുന്നുണ്ടായിരുന്നു അപ്പുവേട്ടൻ....

കിടക്കയിൽ ഇരുന്ന് വിശ്രമമില്ലാത്ത കളിയിലായിരുന്നു മാളൂട്ടി.... അത് കാണെ ദച്ചുവിന്റെ കണ്ണുകൾ ഈറനായി ജീവിക്കാനുള്ള പ്രതീക്ഷ... ആ കുരുന്നിനായി ജീവിക്കണം എന്ന തീരുമാനവും ചുരുങ്ങിയ സമയം കൊണ്ട് എടുത്ത് കഴിഞ്ഞിരുന്നു.... പക്ഷേ ഇവിടെയല്ല മംഗലത്ത് അല്ലെങ്കിൽ ബാംഗ്ലൂരിൽ സുഭദ്രാപ്പയ്‌ക്കൊപ്പം.....

ഡീ പെണ്ണേ നീയേത് സ്വപ്നലോകത്താ.... അമ്മു വിരൽ ഞൊടിച്ച് വിളിച്ചപ്പോ ശ്രദ്ധ അങ്ങോട്ടേക്കായി.....

നീ ഈ വല്യ വയറും വച്ച് ഇങ്ങനെ നിൽക്കാതെടി എനിക്ക് കണ്ടിട്ട് ശ്വാസം മുട്ടണു.. ഇവിടെ ഇരിക്ക്.... എന്നിട്ട് പറ എപ്പഴായിരുന്നു കല്യാണം ആരാ ആ ഹതഭാഗ്യൻ...??? ഉള്ളിൽ വേദനനിറഞ്ഞിട്ടും ഇവൾ എങ്ങനെയാ പിടിച്ച് നിൽക്കുന്നതെന്ന അത്ഭുതമായിരുന്നു അമ്മുവിന്...

""പറയെടി....""

""ഹാ... കല്യാണം കഴിഞ്ഞിട്ട് രണ്ട് വർഷം ആകുന്നു എന്നെ കെട്ടിയ ഭാഗ്യവാൻ അങ്ങ് കുവൈറ്റിലാ പേര് ഹരിശങ്കർ... എഞ്ചിനീയർ ആണ്.... കഴിഞ്ഞ വരവിലെ മൂപ്പരുടെ സമ്മാനമാ ദേ ഇതിനകത്ത്....""
ദച്ചുവിന്റെ കൈകളെടുത്ത് വയറിലേക്ക് വച്ചുകൊണ്ട് പറഞ്ഞു....  പിന്നെയും കുറേനേരം എന്തൊക്കെയോ സംസാരിച്ചിരുന്നു.....

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

വൈകുന്നേരം എല്ലാരും ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവളത് പറഞ്ഞത്......

ഞങ്ങള് മംഗലത്തേക്ക് പോകുവാ... അപ്പുവേട്ടൻ കൊണ്ടാക്കി തരില്ലേ...??? കേട്ടത് വിശ്വസിക്കാനാകാതെ കുടിച്ചുകൊണ്ടിരുന്ന ചായ നെറുകിൽ കയറി ചുമച്ചു.... ഒരുനിമിഷം എല്ലാരും നിശ്ചലമായി....

ഇന്ന് തന്നെ പോണോ മോളെ....???

പോണം ബേബിയമ്മേ.... വെറുതെ ന്തിനാ ആളോളെ കൊണ്ട് പറയിക്കണെ... ഇപ്പം തന്നെ ഞാൻ  കുറെ ബുദ്ധിമുട്ടിച്ചു... കണ്ണുകൾ നിറയുന്നത് അവള് കാണാതിരിക്കാൻ അപ്പു തലകുമ്പിട്ട് എഴുന്നേറ്റ് നടന്നു....

നീയിതെങ്ങോട്ടാ അപ്പൂ???

""ഞാനൊന്ന് വായനശാലയ്ക്ക്.. വായിക്കാൻ എടുത്ത കുറച്ച് പുസ്തകങ്ങൾ കൊടുക്കാനുണ്ട്.... ഞാൻ വരാം ഇയാള് മാറ്റി നിന്നോളൂ.... തിരിഞ്ഞുനോക്കാതെ പറഞ്ഞു....""" ബൈക്കിൽ കയറി അവൻ പോകുന്നത് നോക്കി നിന്നു.....
മുറിയിൽ കയറി അവളുടേതും മോളുടേതുമായ എല്ലാം ബാഗിലേക്ക് മാറ്റി.....

ബാഗുമായി വരാന്തയിൽ മോളോടൊപ്പം അവനെയും കാത്തിരുന്നു....

""മാലൂറ്റീ.... മാലൂ.....""

ശബ്ദം കേട്ട് ദച്ചു മുറ്റത്തേക്ക് നോക്കി...

"ചിക്കൂട്ടൻ....."  മാളൂട്ടി തുള്ളിച്ചാടി

ഒരു കുഞ്ഞി തടിയൻ ചെക്കൻ ഉമ്മറത്തേക്ക് കയറി വന്നു....

""ബാ കളിചാം....""

""നാൻ ടാറ്റ പോവാടാ തടിയാ... പിന്നെ  കളിച്ചാമേ..... "" അവന്റെ കുഞ്ഞി കണ്ണുകൾ സങ്കടം കൊണ്ട് താഴ്ന്നുപോയി..

""ഓ കുഞ്ഞികാമുകന് സങ്കടം ആയി..."" അമ്മു അവരെ കളിയാക്കി... ദച്ചു അതൊക്കെകണ്ട് ചിരിച്ചോണ്ടിരുന്നു.... അപ്പഴേക്കും അപ്പു എത്തിയിരുന്നു.. ചിക്കൂട്ടൻ മാളൂട്ടിടെ കവിളിൽ ഉമ്മ വച്ചുകൊണ്ട് ഓടി....

""ടാ..."" അപ്പു ചുമ്മാ വിരട്ടി വിളിച്ചെങ്കിലും അവൻ ഓടി രക്ഷപെട്ടു കളഞ്ഞു...

"ഇറങ്ങാം...."

""മ്മ്മ്ഹ്ഹ്ഹ്...""

അച്ഛെടെ പൊന്ന് ഇനിയെന്നാ വരാ...??? നല്ല കുട്ടിയായിട്ട് ഇരിക്കണം ട്ടോ.... അമ്മ പറയണതൊക്കെ കേൾക്കണം.... അച്ഛ ഇടയ്ക്ക് വരാം മാളൂഷിനെ കാണാൻ.... അച്ഛയെ... അച്ഛയെ മറന്നുപോകുവോടാ....??? അവസാനത്തെ വാചകം പറയുമ്പോഴേക്കും ശബ്ദം ഇടറി....

ആാാ കുഞ്ഞികൈകൾ അവന്റെ കവിളിൽ തലോടി..."" അച്ഛേo ബാ...""

കുഞ്ഞുനെറ്റിയിൽ ചുണ്ടുകൾ ചേർത്തവൻ ബൈക്കിന്റെ മുൻപിലേക്ക് അവളെ എടുത്തിരുത്തി.....

""പോയിട്ട് വരാം അമ്മേ... പോട്ടേടി...??"""
അമ്മു വേദനയോടെ തന്റെ ഏട്ടനെ നോക്കി.... ആ മനസ്സിൽ ഒരു കടൽ ഇളകി മറിയുകയാണെന്ന് മനസ്സിലായി..... ഇത്രയും കാലം സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചവൾ, നിഴലുപോലെ കൂടെയുണ്ടായിരുന്നവൾ, സ്വന്തമായി കണ്ട് സ്നേഹിച്ചുവളർത്തിയ കുഞ്ഞ്,  അവരാണിപ്പോ  ഒന്ന് പിടിച്ച് നിർത്താൻ പോലും സാധിക്കാതെ പെട്ടൊന്നൊരുദിവസം ജീവിതത്തിൽ നിന്നും പടിയിറങ്ങിപോകുന്നത്... ആാാ നെഞ്ചിനുള്ള് വെന്ത് നീറുന്നുണ്ടാകും.....

ഒരകലം പാലിച്ച് ബൈക്കിൽ കയറി ഇരുന്നവളെ അപ്പു ഒന്ന് നോക്കി....

""ഇങ്ങനെ ഇറുകെ പിടിക്കല്ലേ ദച്ചൂ ശ്വാസം മുട്ടിയിട്ട് ഏട്ടൻ എങ്ങനെയാ വണ്ടി എടുക്കുവാ...?? പിന്നെയും കണ്ണുകൾ മുറുക്കെ ചിമ്മിയവൾ അവന്റെമേൽ ചാഞ്ഞുകിടന്നു.... 'പേടിയാ നിക്കി'...""" നിറഞ്ഞ കണ്ണുകൾ തുടച്ചവൻ ഓർമകൾക്ക് വിട നൽകി....

 ബേബിയമ്മയും അമ്മുവും ആ കാഴ്ച കണ്ടുനിൽക്കാനാവാതെ കണ്ണീരോടെ അകത്തേക്ക് കടന്നു....

തുടരും...

©️ Anjali mohan

രചന : അഞ്‌ജലി മോഹൻ




കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top