രചന: Manju Jayakrishnan
"എനിക്കിനി നിന്നെ സഹിക്കാൻ പറ്റില്ല അരുൺ നമുക്ക് പിരിയാം..ഞാൻ പോകുന്നു "
അവളതു പറയുമ്പോൾ എന്റെ മുഖം ചുവന്നു തുടുത്തു.... അവളുടെ കണ്ണുനീർ ഇടതടവില്ലാതെ ഒഴുകിക്കോണ്ടേ ഇരുന്നു......
അവളെ ഒരിക്കലും ഞാൻ തെറ്റ് പറയില്ല...
സഹനത്തിന്റെ നെല്ലിപ്പലക കഴിഞ്ഞിട്ടും അവൾ താണതാണ്...
'ഒരിക്കലും വിട്ടു പോകില്ല ' എന്ന ബലത്തിൽ അവളെ ഒരിക്കലും പരിഗണിച്ചില്ല എന്നതാണ് നേര്
***********************************
ഒന്നും അറിയാത്ത പ്രായത്തിൽ കൂടെക്കൂട്ടിയതാണ് അവൾ എന്നെ..
അഞ്ചാം ക്ലാസ്സിൽ വച്ചാണ് ആ വെള്ളാം പാറ്റയെ ഞാൻ കാണുന്നത്....
കയ്യിലിരിക്കുന്ന ഇരുപത്തി അഞ്ചു പൈസയുടെ പ്യാരി മിടായി ഞാൻ തട്ടിപറിച്ചു....ഉടനെ അവൾ ചീവീടിനെ തോല്പിക്കുന്ന ശബ്ദത്തിൽ കരയാൻ തുടങ്ങി...
കുട്ടിയമ്മ ടീച്ചറിന്റെ വക മൂന്ന് അടി ആയിരുന്നു അതിന്റ ശിക്ഷ
എന്റെ പിൻഭാഗത്തു അടിക്കാൻ ടീച്ചർ ഷർട്ട് പൊക്കിയപ്പോൾ ആണ് മൂടു കീറിയ നിക്കർ എല്ലാവരും കാണുന്നത്.... ടീച്ചറുൾപ്പെടെ എല്ലാവരും ആർത്തു ചിരിച്ചപ്പോൾ
അവൾ മാത്രം ചിരിക്കാതെ ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു
അതോടെ ആ ജന്തുവിനെ കാണുന്നതേ എനിക്ക് അറപ്പായി
പിറ്റേ ദിവസം ഉച്ച കഴിഞ്ഞു ക്ലാസ്സിൽ ചെന്നപ്പോൾ ഞാൻ ഇരിക്കുന്ന സ്ഥലത്തു കുറേ പ്യാരി മിടായികൾ ഉണ്ടായിരുന്നു...
അതെടുത്തു അവൾക്കു നേരെ എറിഞ്ഞു കൊണ്ടാണ് ഞാൻ ദേഷ്യം തീർത്തത്
ഞങ്ങൾ ഏഴാം ക്ലാസ്സിൽ എത്തിയിട്ടും ഞങ്ങളുടെ പിണക്കം തുടർന്നു കൊണ്ടേ ഇരുന്നു
കുറച്ചു നാൾ അവളെ ക്ലാസ്സിൽ കാണാതായപ്പോൾ മുതൽ എനിക്ക് എന്തോ ഒരു ബുദ്ധിമുട്ട്...
തിരിച്ചു വന്ന അവൾ വലിയ പാവാട യൊക്കെ ഇട്ടു വലിയ പെണ്ണിനെ പോലെ ആയി... അവളോടുള്ള പിണക്കം അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു...
"എന്താ കുറച്ചു നാൾ എന്തു കൊണ്ടാണ് ക്ലാസ്സിൽ വരാതെ ഇരുന്നത്"
എന്ന് ചോദിച്ചപ്പോൾ അവൾ കാലു കൊണ്ട് വൃത്തം വരയ്ക്കാൻ തുടങ്ങി...
"അവൾ വലിയ പെണ്ണ് ആയത്രേ "
ഒറ്റ ദിവസം കൊണ്ട് അവൾ എങ്ങനെ വലിയ പെണ്ണ് ആയത് എന്ന് എനിക്ക് എത്ര ആലോചിട്ടും മനസ്സിലായില്ല
ഒടുവിൽ ചേച്ചിയോട് ചോദിച്ചപ്പോൾ ആണ് ചേച്ചി ചൂല് കൊണ്ട് അതിന് മറുപടി പറഞ്ഞത്... എന്തോ അത്ര മോശം കാര്യം ആണെന്ന് എനിക്ക് മനസ്സിലായത്
ഒരിക്കൽ ഉച്ചക്ക് ചമ്മന്തിയും കൂട്ടി ചോറ് കഴിക്കുമ്പോൾ മീനിന്റെ നടുത്തുണ്ടം ആയി അവൾ വരുന്നത്... അങ്ങനെ മീൻ കഷ്ണം ആയും ചാമ്പക്ക ആയും ഒക്കെ അവൾ അവളുടെ സ്നേഹം അറിയിച്ചു കൊണ്ടേ ഇരുന്നു
കൂട്ടുകാരുടെ പ്രേരണയാൽ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് അവൾക്ക് സ്കൂളിന്റെ പുറകിൽ വച്ച് അവൾക്കൊരു ചുംബനം നൽകുന്നത്...
കരഞ്ഞു കൊണ്ട് അവൾ ഓടിയപ്പോൾ ഞാൻ പേടിച്ചു വിറച്ചു... വീട്ടിൽ ഏതു സമയം വേണമെങ്കിലും എത്താവുന്ന അവളുടെ അച്ഛനെ ഓർത്ത് അന്ന് ഞാൻ ഉറങ്ങിയില്ല
പിറ്റേ ദിവസം പനിച്ചു കിടന്ന എന്നെ കാണാൻ അവൾ വന്നപ്പോൾ അവൾക്കു കൊടുത്ത സമ്മാനത്തിന്റെ ഇരട്ടി അവൾ ഇരു കവിളുകളിലും തന്നിരുന്നു
പിന്നീടവൾ വന്നത് അവൾക്കിഷ്ടപെടാത്ത കല്യാണം ഉറപ്പിക്കാൻ പയ്യന്റെ വീട്ടുകാർ വന്നപ്പോൾ ആയിരുന്നു... ചീത്ത പറഞ്ഞു ഓടിക്കാൻ നോക്കിയെങ്ങ്കിലും ... അവൾ അടുക്കളയിൽ അമ്മക്കൊപ്പം ഉണ്ടായിരുന്നു....
കല്യാണം കഴിഞ്ഞു എങ്കിലും എനിക്കൊരു ജോലി ഇല്ലായിരുന്നു.. അവൾക്ക് ക്ലാർക്ക് ആയി ജോലി കിട്ടിയത് കൊണ്ട് ഞങ്ങൾ കഴിഞ്ഞു പൊന്നു..
അവൾ ശമ്പളം എന്നെ ഏല്പിക്കാൻ തുടങ്ങിയപ്പോൾ എന്റെ അലസതയും വർധിച്ചു.. കൂടെ കൂട്ടു കൂടി വെള്ളമടിയും
************************************
അവൾ പോയപ്പോൾ എന്റെ ജീവിതം ശൂന്യമായിരുന്നു...
വാശിക്ക് ഒന്നു രണ്ടു ആഴ്ച നിന്നെങ്കിലും ഞാൻ തളർന്നു... താമസിയാതെ ഞാൻ ജോലിക്ക് കേറി... അമ്മയോട് അവളെ പോയി വിളിക്കാൻ പറഞ്ഞെങ്കിലും അമ്മ കൂട്ടാക്കിയില്ല
"കൊച്ചും പീച്ചിയും ഇല്ലാത്ത കൊണ്ട് ബാധ്യത ഒന്നും ഇല്ലാലോ.. അവൾ പോയി രക്ഷപെടട്ടെ " എന്നു കൂടി പറഞ്ഞപ്പോൾ എന്റെ നിയന്ത്രണം തെറ്റി
അവളെ വീട്ടിൽ പോയി വിളിക്കാൻ ഞാൻ തീരുമാനിച്ചു... അവിടെ ചെന്നപ്പോൾ എല്ലാവരുടെയും മുഖത്തു സന്തോഷം... എന്നോട് വലിയ സ്നേഹവും
അവളെ ബലമായി ചേർത്തു പിടിക്കുമ്പോൾ 'ഇതു കൂടി പേടിച്ചാ ' ഞാൻ ഇങ്ങോട്ട് പൊന്നേ എന്ന് അവൾ കണ്ണിറുക്കി കൊണ്ട് പറഞ്ഞു...
ഞാൻ അച്ഛനാകാൻ പോകുന്ന സന്തോഷം അവൾ പറയുമ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണുകളും നിറഞ്ഞു
ഗർഭിണി ആയാൽ മൂന്നു മാസം ശ്രദ്ധിക്കണമല്ലോ ... എന്റെ വീട്ടിൽ നിന്നും ജോലിക്കു പോകാൻ നല്ല ദൂരം ഉള്ളത് കൊണ്ട് അവൾ അവളുടെ വീട്ടുകാർ മേടിച്ച പുതിയ വീട്ടിലേക്ക് പോയതാണ്.. അവിടെ നിന്നും നടന്നു പോകാൻ ഉള്ള ദൂരമേ ഉണ്ടായിരുന്നുള്ളു
എന്റെ അമ്മയ്ക്കും ഈ ഗൂഢാലോചനയിൽ പങ്കുണ്ടെന്നു എനിക്ക് മനസ്സിലായി.. എന്തായാലും അതോടെ ഞാൻ നന്നായി....
രചന; Manju Jayakrishnan
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഫേസ്‌ബുക്ക്, ഷെയർ ചാറ്റ് ഫോളോ ചെയ്യൂ....