എൻ ജീവൻ❤️[The Conclusionl ഭാഗം- 15

Valappottukal
എൻ ജീവൻ❤️[The Conclusionl
ഭാഗം- 15

"നിവി... ദേ നിന്റെയടുത്ത് ഒരാൾ വന്നു നിൽക്കുന്നു. കുറച്ചു ഇങ്ങോട്ട് നീങ്ങി ഇരുന്നേ... കണ്ടിട്ട് മുട്ടിയുരുമ്മി നിൽക്കാൻ വന്നതെന്ന് തോന്നുന്നു"
മരിയ പതിയെ നിവിയുടെ ചെവിയിൽ പറഞ്ഞു. അടുത്ത് നിൽക്കുന്ന ആളെ നിവിയൊന്നു നോക്കി. എന്നിട്ട് നീങ്ങിയിരുന്നു.

"മോളെ... മോൾക്കെന്നെ അറിയാമോ?"
നിവിയോട് അയാൾ ചോദിച്ചു. അവൾ ഇല്ലെന്ന് തലയാട്ടി.

"മോളുടെ ചെറിയച്ഛനാ ഞാൻ..."

"ചെറിയച്ഛനോ?!"

"അതെ. മണികണ്ഠന്റെ ചേട്ടനാ ഞാൻ..."

"ഏഹ്?! മണികണ്ഠൻ ചെറിയച്ഛന് ചേട്ടനുണ്ടോ? അപ്പൊ മുകുന്ദൻ അപ്പൂപ്പന്റെ??"

"ആഹാ... അച്ഛനെയൊക്കെ ഓർമ്മയുണ്ടല്ലോ... അച്ഛന്റെ മൂത്ത മകനാ ഞാൻ... പേര് മനോജ്‌... ബാക്കി പിന്നെ പരിചയപ്പെടാം... നമ്മള് ഒരു സ്റ്റോപ്പിൽ തന്നെയാണല്ലോ ഇറങ്ങുന്നെ"
എന്ന് പറഞ്ഞുകൊണ്ട് മനോജ്‌ നിവിയെ നോക്കി ചിരിച്ചുകൊണ്ട് പുറകിലേക്ക് നീങ്ങി നിന്നു.

"ഡി നിവി... രഞ്ജുവേട്ടനെ വിളിക്കുന്ന കാര്യം നീ മറന്നോ?"

"അയ്യോ..."
നിവി ഉടനെ രഞ്ജുവിനെ കാൾ ചെയ്തു.

"ഹെലോ രഞ്ജുവേട്ടാ... കുഴപ്പമൊന്നും ഇല്ലാലോ അല്ലേ..."

"ഞാനിപ്പോൾ നിന്നെ വിളിക്കാൻ പോയതാ... എനിക്ക് കുഴപ്പമൊന്നും ഇല്ല. പിന്നെ, പ്രിൻസിപ്പലിനോട്‌ ഞാൻ സംസാരിച്ചു"

"പ്രിൻസിപ്പൽ എന്ത് പറഞ്ഞു?"

"അവൻ ഇവിടെ മിക്കവാറും തല്ലുണ്ടാക്കുന്നവനാ. കള്ളും കഞ്ചാവുമൊക്കെ യൂസ് ചെയ്യും"

"ആഹ്... അതൊക്കെ ഞാൻ അറിഞ്ഞിരുന്നു. ഇന്നെന്തിനാ അവൻ രഞ്ജുവേട്ടനെ തല്ലാൻ വന്നേ?"

"അത്‌ ഇന്നലെയൊന്നു ഉരസി. അതിന്റെയാ. നീയിപ്പോൾ ബസ്സിലല്ലേ? ബാക്കി ഞാൻ നൈറ്റ് മെസ്സേജ് ചെയ്യാം. നീ കാൾ വെച്ചോ. ഞാൻ ബൈക്കെടുക്കാൻ പോവാ..."

"മ്മ്... ഓക്കേ"
നിവി കാൾ കട്ട്‌ ചെയ്ത് മൊബൈൽ ബാഗിനകത്ത് വെച്ചു.

"രഞ്ജുവേട്ടൻ എന്ത് പറഞ്ഞെടി?"

"വീട്ടിൽ ചെന്നിട്ട് ഞാൻ വിളിക്കാം"

"മ്മ്... ശെരി"

നിവിയും മരിയയും സ്റ്റോപ്പ്‌ എത്താറായപ്പോൾ ഇറങ്ങി. കൂടെ മനോജും... മരിയ യാത്ര പറഞ്ഞ് പോയി.

"മോളുടെ പേര് നിവി എന്നല്ലേ?"
നിവി അതെയെന്ന് തലയാട്ടി.

"മ്മ്... ഞാൻ ദാസപ്പനോട് ചോദിച്ചായിരുന്നു. ദേ ഇപ്പോൾ കടയിൽ ഞാനും കൂടിയുണ്ട്"

"ആണോ? ഞാൻ ശ്രദ്ധിച്ചില്ല. അല്ലാ... ഇങ്ങനെയൊരു ചെറിയച്ഛൻ ഞങ്ങൾക്കുണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. ഇവിടെ ഇല്ലായിരുന്നോ?"

"ഇല്ലായിരുന്നു. അതോണ്ട് എല്ലാവരും എന്നെ മറന്നതായിരിക്കും മോളെ... ഞാനിപ്പോൾ ഇവിടെ വന്നിട്ട് കുറച്ചു ദിവസങ്ങളേ ആയുള്ളു"

"ചെറിയച്ഛൻ എവിടെയായിരുന്നു?"

"അത്‌..."

മനോജ്‌ മറുപടി പറയും മുന്നേ കൃഷ്ണൻ നിവിയെ അടുത്ത് വിളിച്ചു.

"ഞാൻ പോകുവാണേ...."
നിവി ഉടനെ അങ്ങോട്ട്‌ പോയി.

"എന്താ അച്ഛാച്ചാ?"

"മോളോട് അവനെന്താ പറഞ്ഞേ?"

"അതെന്റെ ചെറിയച്ഛനല്ലേ... ഒരു ചെറിയച്ഛൻ കൂടിയുണ്ടെന്ന് ആരും പറയാത്തതെന്താ അച്ഛാച്ചാ?"

നിവി പറഞ്ഞത് കേട്ട് കൃഷ്ണൻ മനോജിനെ നോക്കി. അവൻ അപ്പോഴേക്കും റോഡ് ക്രോസ്സ് ചെയ്ത് കടയിലേക്ക് കേറിയിരുന്നു.

"അച്ഛാച്ചാ... എന്താ ഒന്നും പറയാത്തെ?"

"അത്‌ മോളെ... ഇവൻ നിങ്ങളുടെ മണികണ്ഠൻ കൊച്ചച്ഛനെ പോലെയല്ല. സ്വഭാവം കുറച്ചു മോശമാ. ഇപ്പൊ എങ്ങനെയാ എന്നനിക്കറിയില്ല"

"ആണോ? മ്മ്മ്... എവിടെയായിരുന്നു ഇത്രയും വർഷമെന്ന് അച്ഛാച്ചന് അറിയോ?"

"ഇല്ല മോളെ... അച്ഛൻ വരുമ്പോൾ ചോദിച്ചു നോക്ക്‌. അവന് ചിലപ്പോൾ അറിയാമായിരിക്കും"

"മ്മ്... ശെരി"

"മ്മ്... എന്നാൽ മോള് വീട്ടിൽ പൊയ്ക്കോ. ഇവനുമായി അത്ര അടുക്കാനാനൊന്നും പോണ്ടാട്ടോ..."

നിവി ശെരിയെന്ന് തലയാട്ടിക്കൊണ്ട് വീട്ടിലേക്ക് നടന്നു.
.....
ഈ സമയം ഷിന്റോ വീട്ടിലെത്തിയിരുന്നു...

"എടി മേരി... അബിൻ കോളേജിൽ നിന്നും വന്നോ?"

"ഇല്ലാ. എന്താ ഇച്ചായാ?"

"ഒന്നുല്ല..."

"ആഹ്... ഒന്നുല്ലെന്ന് പറഞ്ഞ് പറഞ്ഞ് അവൻ ഇത്ര മേലായി. പുതുതായി എന്തേലും അവൻ ഒപ്പിച്ചോ മനുഷ്യാ?"

"ഒന്നുല്ലെന്ന് പറഞ്ഞില്ലേടി... നീ നിന്റെ കാര്യം നോക്കി പോ..."

"ആഹ്... ഇനി ഞാൻ എന്റെ കാര്യം നോക്കാൻ തന്നെയാ പോകുന്നെ... ഞാനെന്റെ മോളെയും കൂട്ടി എന്റെ അപ്പച്ചന്റെ അടുത്ത് പോകാൻ പോവാ... നിങ്ങള് തന്തയും മോനും കൂടി എന്താന്ന് വെച്ചാൽ ആയിക്കോ..."

"അതിന് നീ നിന്റെ വീട്ടിന്ന് കൊണ്ടു വന്നതാണോ എന്റെ മോളെ? അവളുടെ തന്ത ഞാൻ
ആണെങ്കിൽ അവളിവിടെ കഴിയും. അവൾക്കും കൂടി വേണ്ടിയിട്ടാ ഇത്ര വലിയ വീട് ഞാനുണ്ടാക്കി ഇട്ടേക്കുന്നെ. നിനക്കിവിടെ പറ്റില്ലെങ്കിൽ നിന്റെ വീട്ടിൽ പൊയ്ക്കോ. എന്റെ മോളെ ഞാൻ നോക്കിക്കോളാം"

"ഓ... നിങ്ങള് കുറേ നോക്കും. ഒരു മോനെ നോക്കി നോക്കി വഷളാക്കി. അതുപോലെ തുലക്കാൻ ഞാനെന്റെ കൊച്ചിനെ ഇവിടെ നിർത്തിയിട്ട് പോകണമല്ലേ? അങ്ങനെ പോയാൽ നിങ്ങൾ രണ്ടും കൂടി അതിനെ കൊന്നു വെക്കും"

"എന്ത് പറഞ്ഞെടി??"

ഷിന്റോ മേരിയുടെ അടുത്ത് വന്ന് അവരുടെ കഴുത്തിനു കുത്തി പിടിച്ച് ചുമരിന്മേൽ മുട്ടിച്ചു നിർത്തി.

"ഇനി ഇതുപോലെ എന്തേലും നിന്റെ വായിൽ നിന്നും വന്നാൽ..."
അത്രയും പറഞ്ഞിട്ട് ഷിന്റോ കൈ അയച്ചു.
മേരി ഉടനെ ചുമച്ചു.  അവരുടെ കണ്ണിൽ നിന്നും വെള്ളം വരാൻ തുടങ്ങി.

"ഇച്ചായാ... എന്റെ സങ്കടം കൊണ്ട് ഞാൻ പറഞ്ഞു പോയതാ... അബിൻ... അവന് വേണ്ടാത്തതൊക്കെ കൊടുത്ത് തുലച്ചത് നിങ്ങളല്ലേ മനുഷ്യാ... അന്നക്കൊച്ച് അബിനെയോർത്ത് എത്ര മാത്രം വിഷമിക്കുന്നുണ്ടെന്ന് അറിയാമോ? അവൾക്കിനി ഇവൻ കാരണം നല്ല ജീവിതം കിട്ടോ? പിള്ളേരുടെ ഭാവിയോർത്ത്  എനിക്കുള്ള ആധി പറഞ്ഞാൽ ഇച്ചായന് മനസ്സിലാകുമോ? മനസ്സിലാകുമായിരുന്നെങ്കിൽ ഇങ്ങനെയൊന്നും ചെയ്യത്തില്ലായിരുന്നു"
എന്നും പറഞ്ഞുകൊണ്ട് അവർ ഷിന്റോയുടെ നെഞ്ചിൽ തല വെച്ച് പൊട്ടിക്കരഞ്ഞു. അയാൾ സമാധാനിപ്പിക്കാനെന്ന വണ്ണം അവരുടെ തലയിൽ തലോടി.

അപ്പോഴാണ് അബിൻ വീട്ടിലേക്ക് വന്നത്.

"നീ അകത്തു പോ മേരി..."

സാരിത്തുമ്പു കൊണ്ട് മുഖം തുടച്ചിട്ട് മേരി അബിനെയൊന്നു നോക്കിയ ശേഷം അവരുടെ മുറിയിലേക്ക് പോയി.

"ഡാ അബിനേ... നീ റൂമിലേക്ക് പോകാൻ വരട്ടെ. അപ്പച്ചന് നിന്നോടൊരു കാര്യം പറയാനുണ്ട്"

"എന്നാ അപ്പച്ചാ?"

"നീയിനി കോളേജിലേക്ക് പോകണ്ട"

"ങേ? അതെന്താ? ഇന്ന് കോളേജിൽ അടിയുണ്ടായത് അറിഞ്ഞത് കൊണ്ടാണോ?"

"അതെന്തേലും ആയിക്കോട്ടെ... നീ ഞാൻ പറയുന്നത് അനുസരിച്ചാൽ മതി"

"പോകാതിരിക്കാൻ പറ്റില്ല അപ്പച്ചാ... ഞാൻ പോകും..."

"നീ എന്തെടുക്കാനാ കോളേജില് പോണേ? പഠിച്ചു അങ്ങ് കളക്ടറൊന്നും ആകാൻ പോണില്ലല്ലോ. ഇനി നിന്റെ കാര്യത്തിൽ തലവേദനയെടുത്തിരിക്കാൻ എനിക്ക് വയ്യാ..."

"ഓഹ്... കമ്മീഷണറുടെ കാര്യം അറിഞ്ഞോണ്ടായിരിക്കും. എന്തൊക്കെ ആയാലും ഞാൻ കോളേജിൽ പോകും"

"ഞാൻ പറഞ്ഞത് അനുസരിക്കാതെ നീ ഈ വീട്ടിൽ നിന്ന് ഇറങ്ങിയാൽ നിന്റെ രണ്ടു കാലും ഞാൻ വെട്ടിക്കളയും. എന്റെ പണത്തിന്റെ അഹങ്കാരത്തിൽ നീ ഇനി ഒന്നും കാണിക്കണ്ട. നീ ചോദിച്ചതൊക്കെ ഞാൻ തന്നിട്ടുണ്ട്. ഇനിയും വേണമെങ്കിൽ തരാം കള്ളോ കഞ്ചാവോ.... നീ നിന്റെ റൂമിലിരുന്നാൽ മതി. നിനക്ക് ആവശ്യമുള്ളതൊക്കെ ഞാൻ അവിടെയെത്തിക്കും"

"അപ്പൊ എന്നെ വീട്ടിൽ തന്നെ തളച്ചിടാനാണോ അപ്പച്ചന്റെ പ്ലാൻ?"

"അതേടാ... നിനക്ക് എപ്പോൾ വേണമെങ്കിലും മദം പൊട്ടാം... കുറച്ചു നാൾ മുമ്പ് മദം പൊട്ടി നടന്ന് കാട്ടിക്കൂട്ടിയതൊക്കെ മറന്നോ? ഇനി അതുപോലെ വയ്യാ... നിനക്ക് മദം പൊട്ടും മുൻപ് നിന്നെ തളക്കണം. നീ കാരണം ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്വത്തുവകകളൊക്കെ മറ്റുള്ളവർക്ക്‌ കൊടുത്തു തുലക്കാൻ ഇനി ഈ ഷിന്റോയെ കിട്ടത്തില്ല. ആ കമ്മീഷണറുടെ  തലയ്ക്കു മുകളിൽ ഉള്ളവരെ വിളിച്ചാലും ഒരു കാര്യവുമില്ലെന്നാ ഷിബുവിന്റെ സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലായത്. ഞാൻ പറഞ്ഞത് കേട്ട് അടങ്ങിയൊതുങ്ങി ഇവിടെ കഴിഞ്ഞാൽ നിനക്ക് കൊള്ളാം അബിനേ..."

അത്രയും പറഞ്ഞിട്ട് ഷിന്റോ തന്റെ കാറിൽ കയറി പുറത്തേക്ക് പോയി. അബിന് ദേഷ്യം വന്നിട്ട് അവിടെ ടേബിളിന് പുറത്തു വെച്ചിരുന്ന ഫ്ലവർ വേസ് എടുത്ത് നിലത്തെറിഞ്ഞ് പൊട്ടിച്ചു. എന്നിട്ടവൻ മുകളിലുള്ള അവന്റെ റൂമിലേക്ക് ചെന്നു.
........
വൈകുന്നേരം രഞ്ജു പ്രിൻസിപ്പലിനോട്‌ പറഞ്ഞതൊക്കെ മെസ്സേജ് ആയി നിവിക്ക് അയച്ചു. അവളത് മരിയയെ വിളിച്ച് പറഞ്ഞു. എന്നാൽ രശ്മിയോടൊന്നും പറയാൻ പോയില്ല. കാർത്തി വന്നപ്പോൾ നിവി അവന്റെ അടുത്തേക്ക് ചെന്നു.

"അച്ഛാ... എനിക്കൊരു കാര്യം പറയാനുണ്ട്"

"അച്ഛനിപ്പോൾ വന്നതല്ലേ ഉള്ളു നിവിയേ... ഏട്ടൻ പോയി ഫ്രഷ് ആയിട്ട് വന്നേ..."

കോളേജിൽ ഉണ്ടായ അടിയെ കുറിച്ചാണ് നിവി പറയാൻ വരുന്നതെന്ന് വിചാരിച്ച് ഒന്നും പറയരുതെന്ന് അവൻ കണ്ണുകൊണ്ട് ആംഗ്യം കാട്ടി.

"അച്ഛൻ ഫുഡൊക്കെ കഴിച്ചിട്ട് മോൾടെ അടുത്ത് വരാട്ടോ... മോള് കഴിച്ചായിരുന്നോ?"

"ഞാൻ കഴിച്ചു അച്ഛാ..."

"മ്മ്... നിക്കു എവിടെ രെച്ചു? അവൻ ഉറങ്ങിയോ?"

"അവൻ അമ്മയുടെ അടുത്തിരുന്ന് ഏതോ പടം വരച്ചുകൊണ്ടിരിക്കുവാ"

"മ്മ്... ശെരി. ഞാനിതാ വരുന്നു... ഫുഡ്‌ എടുത്ത് വെക്ക് എന്റെ ശ്രീമതി..."

കാർത്തി ചിരിച്ചുകൊണ്ട് രശ്മിയുടെ കവിളിലൊന്നു തട്ടിക്കൊണ്ട് റൂമിലേക്ക് പോയി. നിവി നിക്കുവിന്റെ അടുത്തേക്കും...

"ഡാ... നീയെന്ത് പടമാ
ഇരുന്ന് വരയ്ക്കുന്നേ?"

"ഇന്ത്യയുടെ മാപ്പ് വരക്കുവാ ചേച്ചി... ഓണം വെക്കേഷൻ കഴിഞ്ഞു വരുമ്പോൾ ഒരു എക്സിബിഷനുണ്ട്. അതിന് വേണ്ടിയാ... ഇതിനി കട്ടിയുള്ള ബോർഡിൽ ഒട്ടിക്കണം"

"ഏഹ്?! അപ്പൊ എക്സിബിഷന് ഇനിയും ദിവസങ്ങളുണ്ടല്ലോ... നിനക്കിത് വെക്കേഷന് വരച്ചാൽ പോരെ?"

"ഇപ്പോളിത് വരച്ചാൽ വെക്കേഷന് ചുമ്മാ ഇരിക്കാലോ..."

"ഓഹോ... നിനക്കെന്നാ ഓണം എക്സാം?"

"അടുത്ത ആഴ്ചയാ..."

"മ്മ്... അമ്മമ്മ  ഉറങ്ങുന്നില്ലേ?"

"മോനിരുന്ന് വരക്കുവല്ലേ... ഇത് കഴിയട്ടെ. എന്നിട്ടുറങ്ങാം. മോള് പോയി കിടക്ക്‌"

"ഞാൻ കുറച്ചു കഴിഞ്ഞേ കിടക്കുന്നുള്ളു. അച്ഛനോടൊരു കാര്യം ചോദിക്കാനുണ്ട്. ഞാൻ പോയി അച്ഛൻ കഴിക്കാൻ വന്നോയെന്ന് നോക്കട്ടെ..."

"ശെരി മോളെ..."

"ഗുഡ് നൈറ്റ് ചേച്ചി..."

"ഗുഡ് നൈറ്റ് ടാ..."

നിവി ഹാളിലേക്ക് ചെന്നപ്പോൾ കാർത്തിക്കുള്ള ചോറും കറികളും എടുത്തു വെക്കുവാണ് രശ്മി. കുറച്ചു കഴിഞ്ഞപ്പോൾ കാർത്തി താഴേക്ക് വന്നു. അവൻ കഴിക്കുന്നതും നോക്കി നിവി അവിടെയിരുന്നു.

"നിവിയുടെ ഇരിപ്പ് കണ്ടിട്ട് എന്തോ കാര്യം സാധിക്കാനുണ്ടെന്ന് തോന്നുന്നല്ലോ ഏട്ടാ..."

കാർത്തി  രശ്മിയെ നോക്കി ചിരിച്ചിട്ട് കഴിക്കാൻ തുടങ്ങി. അവൻ ഭക്ഷണം കഴിച്ചു കൈ കഴുകാനായി പോയപ്പോൾ നിവി എണീറ്റു...

"അച്ഛാ..."

"മ്മ്... അമ്മ അവിടെ നില്പുണ്ടോ?"

"ഇല്ല. അടുക്കളയിൽ പോയി"

"മ്മ്... മോള് വാ..."

കാർത്തി നിവിയെ വിളിച്ചുകൊണ്ട്  മുകളിലേക്ക് പോയി. അവർ ബാൽക്കണിയിൽ ചെന്ന് നിന്നു.

"കോളേജിൽ അടി ഉണ്ടായതിനെ കുറിച്ചാണോ മോൾക്ക്‌ പറയാനുള്ളത്. അതിനെ പറ്റി മോള് ടെൻഷനടിക്കണ്ട. അച്ഛൻ നോക്കിക്കോളാം. രണ്ടു മൂന്ന് കേസിലെ പ്രതിയാണവൻ. ഒരു കേസിലും കൂടി അവൻ ആണോ എന്നെനിക്ക് ഡൌട്ട് ഉണ്ട്. പിന്നെ,  രെച്ചുവിനോട് ഇതിനെ കുറിച്ച് പറയാൻ പോകണ്ട"

"അതല്ല അച്ഛാ... രഞ്ചുവേട്ടൻ അപ്പോൾ തന്നെ അച്ഛനെ വിളിച്ചു പറഞ്ഞുവെന്ന് എന്നോട് പറഞ്ഞിരുന്നു. ഞാൻ വേറെ ഒരു കാര്യം ചോദിക്കാനാ വന്നത്. അച്ഛാച്ചൻ പറഞ്ഞു അച്ഛനോട് ചോദിക്കാൻ..."

"അങ്ങനെ പറഞ്ഞോ? എന്ത് കാര്യമാ മോളെ?"

"അത്‌... ഇന്നൊരാളെ കണ്ടു അച്ഛാ... എന്റെ ചെറിയച്ഛൻ ആണെന്നാ പറഞ്ഞത്. പേരെന്തോ... ആഹ്... മനോജ്‌..."

"മനോജോ?!"

കാർത്തി ചെറുതായൊന്നു ഞെട്ടി നിവിയുടെ മുഖത്തേക്ക് നോക്കി.

"മോളോട് അവൻ വേറെന്തൊക്കെയാ പറഞ്ഞേ?"

"മനോജ്‌ ചെറിയച്ഛൻ ഇത്രയും വർഷം നമ്മുടെ ഇവിടെ വരാത്തെ എന്താ അച്ഛാ?"

"അത്‌..."

"അച്ഛാച്ചനോട്‌ ചോദിച്ചപ്പോൾ ആൾടെ സ്വഭാവം കുറച്ചു മോശമാണെന്ന് പറഞ്ഞു. ആണോ അച്ഛാ..."

"ഹ്മ്മ്... അവന്റെ മോശം സ്വഭാവം കാരണം ഇത്രയും നാള് ജയിലിൽ ആയിരുന്നു"

"ങേ?! ജയിലിലോ? എന്തിനാ അച്ഛാ ചെറിയച്ഛൻ ജയിലിൽ പോയേ?"

"കൊലക്കുറ്റത്തിന്..."

"അയ്യോ... ചെറിയച്ഛൻ ആരെയാ കൊന്നേ?"

"അവന്റെ കൂട്ടുകാരനെ തന്നെ..."

"എന്തിന്?"

"അത്‌... മദ്യപിച്ചു കൊണ്ടിരുന്നപ്പോൾ വാക്ക് തർക്കത്തിനിടെ ബിയർ ബോട്ടിൽ ഉടച്ച് കുത്തിയതാ..."

"ശോ... ഈ ചെറിയച്ഛന് വല്ല കാര്യവുമുണ്ടായിരുന്നോ? അന്ന് അങ്ങനെ നടന്നില്ലായിരുന്നുവെങ്കിൽ മണികണ്ഠൻ ചെറിയച്ഛന്റെയൊപ്പം മനോജ്‌ ചെറിയച്ഛനും നമ്മുടെ ഇവിടെ വരുമായിരുന്നു. അല്ലേ അച്ഛാ?"

"ഹ്മ്മ്..."

"എങ്കിലും എന്തിനായിരിക്കും അവർ തമ്മിൽ വഴക്കായത്??"
എന്നും പറഞ്ഞ് നിവി ആലോചിച്ചുകൊണ്ട് നിന്നു. കാർത്തി മൗനമായി അവളെ നോക്കി.

"അവൻ എന്തൊക്കെ മോളോട് പറഞ്ഞു?"

"എന്റെ പേര് നിവിയാണല്ലേ എന്ന് ചോദിച്ചു. ചെറിയച്ഛനെ എല്ലാവരും മറന്നുവെന്ന് പറഞ്ഞു. പിന്നേ..."

"പിന്നെ?"

"പിന്നെ ഒന്നുല്ലച്ഛാ..."

"മ്മ്... ഇനി അവനെ കാണുമ്പോൾ കൂടുതൽ അങ്ങോട്ട്‌ മിണ്ടാനൊന്നും പോകണ്ട. അവൻ നന്നായോ ഇല്ലയോ എന്നറിയില്ല"

"എന്നെ എന്തേലും ചെയ്യുമെന്ന് അച്ഛന് പേടിയുണ്ടോ?  എന്നെ ചെറിയച്ഛൻ എന്ത് ചെയ്യാനാ? ചെറിയച്ഛനും ഞാനും തമ്മിൽ ശത്രുതയൊന്നും ഇല്ലാലോ..."

നിവി പറഞ്ഞത് കേട്ട് കാർത്തിയൊന്നും മിണ്ടിയില്ല.

"പിന്നെ അച്ഛാ... കോളേജില് അവനിട്ട് ഞാനൊന്നു കൊടുത്തു. ഇനി അതിന്റെ പേരിൽ വീണ്ടും വരുമോ എന്തോ..."

"മോള് ടെൻഷനാകണ്ട. അച്ഛൻ നോക്കിക്കോളാം"

"മ്മ്... ശെരി അച്ഛാ... അപ്പൊ ഗുഡ് നൈറ്റേ... ഉമ്മാ..."
നിവി കാർത്തിയുടെ കവിളിലൊരു ഉമ്മ കൊടുത്തു. അവൻ ചിരിച്ചുകൊണ്ട് അവളുടെ തലയിലൊന്നു തടവി. നിവി അവളുടെ റൂമിലേക്ക് നടന്നു. കാർത്തി അവിടെ ബാൽക്കണിയിൽ തന്നെ പുറത്തേക്ക് ഇരുട്ടിൽ നോക്കിക്കൊണ്ട് നിന്നു. വൈകാതെ ഒരു കരം അവന്റെ തോളിൽ സ്പർശിച്ചു. അവനുടനെ തിരിഞ്ഞു നോക്കി.

"സാറെന്താ പുറത്ത് ഇരുട്ടിലേക്ക് നോക്കി നിൽക്കുന്നേ?

"ഞാൻ നിന്നെയോർത്ത് നിന്നു പോയതാ..."

"ഓ... ഇപ്പോഴെങ്കിലും എന്നെ പറ്റി ഓർത്തല്ലോ... അല്ലെങ്കിൽ ഏതെങ്കിലും കേസിനെ പറ്റിയായിരുന്നു"

"ഓഹ്... നീ പറയുന്നത് കേട്ടാൽ തോന്നും ഞാൻ നിന്നെ പറ്റി ഓർക്കാറേയില്ല ഏത് നേരവും കേസിന്റെ പിന്നാലെയാണെന്ന്. നീ ഉള്ളതുകൊണ്ടാ എത്ര വൈകിയാലും രാത്രി വീട്ടിലേക്ക് വരുന്നത്. വല്ല എമർജൻസി കേസും ഉണ്ടെങ്കിൽ മാത്രമേ ഞാൻ ക്വാർട്ടർസിൽ ഇരിക്കാറുള്ളു. ഇതൊക്കെ നിനക്ക് അറിയാവുന്നതല്ലേ രെച്ചു?"
കാർത്തി ദേഷ്യത്തോടെ മുഖം തിരിച്ചു നിന്നു. രശ്മിയുടനെ അവനെ പുറകിലൂടെ കെട്ടിപ്പിടിച്ചു.

"ഞാൻ ചുമ്മാ പറഞ്ഞതല്ലേ ഏട്ടാ...  ഏട്ടന് ഞാൻ ജീവനാണെന്ന് എനിക്കറിയാലോ. കഴിഞ്ഞ രണ്ടു ദിവസവും ക്വാർട്ടർസിൽ തന്നെയായിരുന്നല്ലോ... ആ വിഷമത്തിൽ പറഞ്ഞു പോയതാ... ഇനി ഇങ്ങനെ പറയില്ല. ഏട്ടനൊന്നു തിരിഞ്ഞു നിന്നേ... പ്ലീസ്..."
രശ്മി പറഞ്ഞത് കേട്ട് കാർത്തി തിരിഞ്ഞു നിന്നു.

"മുഖത്ത് തെളിച്ചം പോരല്ലോ..."

"ആഹ്... ഇങ്ങനെ എന്നെ മനസ്സിലാക്കാതെ പറഞ്ഞാൽ ഇത്ര തെളിച്ചമൊക്കെ കാണുള്ളു"

"ഏട്ടൻ ഇപ്പോഴും പഴയ ഏട്ടൻ തന്നെയാ... പിണങ്ങുമ്പോൾ ഇപ്പോഴും കുഞ്ഞുപിള്ളേരെ പോലെ തന്നെയാ മുഖം വെച്ചേക്കുന്നെ..."

"പറയുന്ന ആൾക്ക്‌ പിന്നെ നല്ല മാറ്റമാണല്ലോ..."
എന്ന് പറഞ്ഞ് കാർത്തി ചിരിച്ചു. രശ്മിയും ചിരിച്ചുകൊണ്ട് അവനെ കെട്ടിപ്പിടിച്ച് അവന്റെ നെഞ്ചിൽ തല വെച്ച് നിന്നു.

"ഏട്ടാ... നമ്മൾ ഇപ്പോഴും ഇങ്ങനെയായിരിക്കോ?"

"എങ്ങനെ?"

"ഇതുപോലെ... നമ്മളിനി അപ്പൂപ്പനും അമ്മൂമ്മയും ആകില്ലേ? "

"ആകാതെ പിന്നെ..."

"അപ്പോഴും ഇതുപോലെ മതി..."

"മ്മ്..."
കാർത്തി അവളെ ചേർത്ത് പിടിച്ചുകൊണ്ട് തലയിലൊന്നു മുത്തി. രശ്‌മി ഉടനെ മുഖമുയിർത്തി നോക്കി.

"അതേ ഏട്ടാ... നിവി എന്ത് കാര്യമാ ഏട്ടനോട് പറഞ്ഞേ?"

"അത്‌..."

"പറയ്..."

"മ്മ്മ്... പറയാം..."
മനോജ്‌ നിവിയെ കണ്ടുസംസാരിച്ച കാര്യം കാർത്തി രശ്മിയോട് പറഞ്ഞു.

"അയ്യോ ഏട്ടാ... അയാൾ നിവിയോട് മോശമായിട്ട് എന്തേലും പെരുമാറുമോ? പഴയ കാര്യങ്ങൾ എന്തേലും അവളോട് പറയോ?"

"നീയൊന്നു മിണ്ടാതെ ഇരുന്നേ... കൂടുതൽ ആലോചിച്ചു ടെൻഷൻ ആകണ്ട"

"അല്ല ഏട്ടാ... നമ്മളോടു ഇപ്പോഴും ശത്രുത കാണില്ലേ..."

"അതെനിക്കറിയില്ല. അഥവാ ഉണ്ടെങ്കിൽ അത്‌ എന്നോട് മാത്രമായിരിക്കും"

"ഏട്ടാ..."

"സമയം ഒരുപാടായി... നമുക്ക് കിടന്നുറങ്ങാം. ആവശ്യമില്ലാത്തതൊന്നും ചിന്തിക്കണ്ട. ഓക്കേ?"

"മ്മ്..."
കാർത്തി രശ്മിയെ ചേർത്ത് പിടിച്ചുകൊണ്ട് അവരുടെ റൂമിലേക്ക് പോയി.

പിറ്റേന്ന് നിവി ക്ലാസ്സിൽ ചെന്നപ്പോൾ ബാക്ക് ബെഞ്ചിൽ ഇരിക്കുന്ന പെൺകുട്ടികൾ അവളെ  പേടിയോടെ നോക്കി.

"ഇവളുമാർക്ക് എന്താ പറ്റിയേ? നിവിയെ നോക്കുന്നത് വല്ലാത്തൊരു പേടി മുഖത്തുള്ളത് പോലെ...!
മരിയ അശ്വതിയോട് ചോദിച്ചു.

"ഞാൻ ഇവിടെ വന്നപ്പോൾ അവർ സംസാരിക്കുന്നത് കേട്ടു. ഇന്നലെ നീ ആ ചേട്ടനിട്ട് നല്ലത് കൊടുത്തല്ലേ... അവരത് കണ്ടെന്നാ തോന്നുന്നെ..."

"ഏഹ്? പക്ഷേ,  അവിടെ വേറെ ആരേയും കണ്ടില്ലലോ നിവി? പ്രിൻസിപ്പൽ എല്ലാവരെയും ഓടിച്ചായിരുന്നു"

"അവര് ഹിസ്റ്ററി ഡിപ്പാർട്മെന്റിന്റെ മുകളിൽ നില്പുണ്ടായിരുന്നു. ഞാനും അവിടെ ഉണ്ടായിരുന്നു. പ്രിൻസിപ്പൽ വന്നപ്പോൾ ഇവര് അങ്ങോട്ട്‌ കേറി കാണും. അവിടെ നിന്നാൽ താഴെ ഗ്രൗണ്ടൊക്കെ കാണാം"

"മ്മ്... അപ്പോൾ നിവിയോട് കളിച്ചാൽ അവർക്കും നല്ലത് കിട്ടുമെന്ന് പേടി തോന്നിക്കാണും"

"പിന്നെ,  നിവി... ആ വർഷയില്ലേ?"

"ഏത് വർഷ?"

"ദേ... ആ കണ്ണൊക്കെ വലുതായി എഴുതിയത്"

"ഓഹ്... കണ്ണിൽ വാലിട്ടെഴുതിയ യക്ഷി..."
മരിയ ചിരിച്ചുകൊണ്ട് പറഞ്ഞു.

"അതെന്നെ... അവൾക്ക് നിവിനെ വല്യ ഇഷ്ടാ... അവർ ഒരുമിച്ച് പഠിച്ചതാ... അവൻ അവളോട് പറഞ്ഞത്രേ നിവിയെ ഇഷ്ടപ്പെട്ടുവെന്ന്. അതുകൊണ്ടാ നിവിയെ അവൾക്ക് കണ്ടുകൂടാത്തത്"

"ഇത് നീ എങ്ങനെ അറിഞ്ഞു?"

"അതൊക്കെ അറിഞ്ഞു"

"ഹോ... എന്റെ അച്ചുവേ... ന്യൂസ്‌ പിടിക്കാൻ നിന്നെ കഴിഞ്ഞേ ഉള്ളു... "

"താങ്ക് യൂ താങ്ക് യൂ..."

"നീയെന്താ മിണ്ടാതെ ഇരിക്കുന്നേ നിവി?"

"ഇവളെന്ത് മിണ്ടാനാ അച്ചു? ആഹ് പിന്നെ... ആ യക്ഷിയോട് പറഞ്ഞേക്ക് ഇവൾക്ക് വേറെ ആളുണ്ടെന്ന്. അപ്പോഴൊന്നു സമാധാനമായിരിക്കട്ടെ. അല്ലേ നിവി?"
അത്‌ പറഞ്ഞപ്പോൾ നിവി ചിരിച്ചു.

"കണ്ടാ കണ്ടാ... ഇപ്പോൾ മിണ്ടാതെ ഇരുന്നവള് ചിരിച്ചത് കണ്ടോ?"
നിവിയുടനെ മരിയെ നോക്കി ഇളിച്ചു കാണിച്ചു.

ദിവസങ്ങൾ കടന്നു പോയി. അബിനെ കോളേജിലേക്ക് ഷിന്റോ വിട്ടിരുന്നില്ല. അവന്റെ മൊബൈലും വാങ്ങി വെച്ചു. മനോജ്‌ ആണേൽ നിവിയെ കാണുമ്പോഴൊക്കെ ചിരിക്കും. അവളും തിരിച്ചൊരു ചിരി കൊടുക്കും. നിവിയുടെയും രഞ്ജുവിന്റെയും പ്രണയം തളിർത്തുകൊണ്ടിരുന്നു...
അങ്ങനെ ഓണം വന്നെത്താറായി...
(തുടരും)
©ഗ്രീഷ്മ. എസ്
[കോളേജിലെ  ഓണം സെലിബ്രേഷൻ പാർട്ട്‌ രാത്രി.  കാത്തിരിക്കണേ...
ഇഷ്ടമായെങ്കിൽ സപ്പോർട്ട് ചെയ്യാൻ മറക്കണ്ട😌]

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top