ഭാര്യ

Valappottukal


"ഗിരിയേട്ടാ അമ്മൂന് പനി കൂടിട്ടോ... ഇന്നലെ മരുന്ന് കൊടുത്തു കിടത്തിയിട്ടും കുറവില്ല... ഹോസ്പിറ്റൽ പോണെങ്കിൽ തന്നെ അവിടെ  വരെ എങ്ങനെ പോവും....ലോക്ക് ഡൗൺ ആയോണ്ട് ബസ് ഒന്നും ഓടുന്നില്ലല്ലോ...ഓട്ടോ ആണെങ്കിൽ കിട്ടാനുമില്ല....എന്താ ചെയ്യുക ഇനി"

ആശങ്കയോടെ ഉണ്ണിമായ ഗിരിയോട് ചോദിച്ചു

"നീ ഇങ്ങനെ ടെൻഷൻ ആവല്ലേ മായേ....ഞാൻ അരുണിനോട് ബൈക്ക് ഒന്ന് തരുവോന്ന് ചോദിച്ചു നോക്കട്ടെ"

അഴയിൽ കിടന്ന ടി ഷർട്ട് കുടഞ്ഞു ധരിച്ചു കൊണ്ട് ഗിരി അരുണിന്റെ വീട്ടിലേക്ക് നടന്നു

"നിക്ക് ഗിരിയേട്ടാ ഞാൻ വരുന്നു...ഇന്നലെ കറന്റ്‌ പോയപ്പോ  അരുണിന്റെ അമ്മ ഇവിടുന്ന് ടോർച് വാങ്ങി കൊണ്ട് പോയിരുന്നു...അതൊന്നു വാങ്ങണം." ഉണ്ണിമായ പറഞ്ഞു

രണ്ടാളും ചെല്ലുമ്പോൾ അരുൺ സിറ്റ്ഔട്ടിൽ ഇരുന്നു പത്രം വായിക്കുകയായിരുന്നു

"അരുണേ.... മോൾക്ക് നല്ല പനി ഓട്ടോ ഒന്നും കിട്ടുന്നില്ല ബൈക്ക് ഒന്ന് തരുവോ വേഗം പോയിട്ട് തിരിച്ചു തരാം" ഗിരി പറഞ്ഞു

അതിനെന്താ ഗിരിയേട്ടാ....നിങ്ങള് ഹോസ്പിറ്റലിലൊക്കെ പോയിട്ട്  സാവധാനം തന്നാൽ മതി അരുൺ ചിരിയോടെ പറഞ്ഞു

ഒരു മിനുട്ട് കീ ഇപ്പൊ തരാം... അരുൺ അകത്തേക്ക് നടന്നു

"ഗിരിയേട്ടാ അവൻ താക്കോലും എടുത്തു വരുമ്പോഴേക്കും  ഞാൻ ടോർച് വാങ്ങിയിട്ട് വരാം"

ഉണ്ണിമായ അടുക്കളഭാഗത്തേക്ക് നടന്നു

അവൾ അരുണിന്റെ അമ്മയെ വിളിക്കാൻ തുടങ്ങിയപ്പോഴാണ് അടുക്കളയിലെ അരുണിന്റേയും അമ്മയുടെയും സംഭാഷണം അവൾ കേട്ടത്

"എടാ അരുണേ...ബൈക്ക് ഇപ്പൊ കൊടുക്കണ്ട.....വാങ്ങിയിട്ട് മൂന്ന് മാസമല്ലേ ആയുള്ളൂ...അവർക്ക് വേണമെങ്കിൽ വേറെ എങ്ങനെയെങ്കിലും പോട്ടെ"

"അത് അമ്മേ ഞാൻ കൊടുക്കാന്നു പറഞ്ഞു പോയി" അരുൺ പറഞ്ഞു

നീ ഞാൻ പറയുന്നത് കേട്ടാൽ മതി  ചെന്നു ഗിരിയോട് എന്തെങ്കിലും നുണ പറ അരുണിന്റെ അമ്മ പറഞ്ഞു

എല്ലാം കേട്ട് നിന്ന ഉണ്ണിമായയുടെ കണ്ണ് നിറഞ്ഞു

"എന്തൊരു സാധനമാണ് ഇവര്.... ഇവിടെ എന്തെങ്കിലും തീരുമ്പോൾ അവിടെ വന്നല്ലേ വാങ്ങാറ്‌....ഒരു മടിയുമില്ലാതെ താൻ കൊടുക്കാറുമുണ്ട്....എന്നിട്ടിപ്പോ പറയുന്ന കേട്ടില്ലേ"

അവൾ കണ്ണ് തുടച്ചു തിരിച്ചു ഉമ്മറത്തേക്ക് നടന്നു

അരുൺ അവിടെ നിന്ന് പരുങ്ങുന്നുണ്ടായിരുന്നു

"അതേ ഗിരിയേട്ടാ...ഒരു കാര്യം പറയാൻ മറന്നുട്ടോ....അമ്മയെയും കൊണ്ട് പെങ്ങടെ വീട്ടിൽ പോവാന്ന് ഇന്നലെ പറഞ്ഞായിരുന്നു..... ഞാനത് മറന്നു" അരുൺ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു

"ങാ... ശരി എന്ന വേണ്ടടാ... ഞാൻ ഒരു ഓട്ടോ കിട്ടുമോന്ന് നോക്കട്ടെ" ഗിരി ചിരിയോടെ പറഞ്ഞു

"മായേ....നീ വീട്ടിലേക്ക് ചെല്ല്... അവിടെ അമ്മയും അമ്മുവും മാത്രമല്ലെ ഉള്ളൂ....ഞാൻ ഓട്ടോ വല്ലതും കിട്ടുമോന്ന് നോക്കട്ടെ....ഞാൻ വരുമ്പോഴേക്കും ഒരുങ്ങി നിക്ക്ട്ടോ" ഗിരി ഉണ്ണി മായയോട് പറഞ്ഞു

"ഉം...." അവൾ ഉള്ളിലെ വിങ്ങൽ പുറത്ത് കാണിക്കാതെ മൂളി കൊണ്ട് തിരിച്ചു വീട്ടിലേക്ക് നടന്നു

***************

തിരിച്ചു വന്നു കുഞ്ഞിനെ ഒരുക്കുമ്പോഴും ഉണ്ണിമായയുടെ കണ്ണ് നിറഞ്ഞു കൊണ്ടിരുന്നു...

പാവം ഗിരിയേട്ടൻ...എല്ല് മുറിയെ പണിയെടുക്കുന്നുണ്ട്...പ്രായമായ അമ്മയെയും തന്നെയും കുഞ്ഞിനേയുമെല്ലാം നോക്കുന്നത് ആ പാവം എരിവെയിലിൽ പണിയെടുത്താണ്....എന്നിട്ടും ഒന്നിനും തികയുന്നില്ല..അതിന്റെ ഇടയിൽ എങ്ങനെ ആണ് ഒരു ബൈക്ക് വാങ്ങാൻ പണം തികയുക....

പെട്ടന്നാണ് കുഞ്ഞിന്റെ അരയിൽ കിടന്ന അരഞ്ഞാണത്തെ കുറിച്ച് അവൾക്ക് ഓർമ വന്നത്.... അമ്മുവിന്റെ 28കെട്ടിന് തന്റെ അച്ഛൻ  കെട്ടിയതാണ്... ഒന്നര പവൻ കാണും....അവൾ ശ്രദ്ധയോടെ അത് ഊരിയെടുത്തു..... ഇത് തികയുമോ

അവൾ കുനിഞ്ഞു കാലിലെ കൊലുസും കൂടി  അഴിച്ചെടുത്തു ....കുഞ്ഞിനാളിൽ ഒരുപാട് കൊതിച്ചിട്ടുണ്ട് ഒരു സ്വർണകൊലുസ് ഇടണമെന്ന്....നടന്നില്ല....കല്യാണം കഴിഞ്ഞു അമ്മുവിനെ ഗർഭിണി ആയിരിക്കുമ്പോൾ ഗിരിയേട്ടന്റെ അമ്മ അമ്മയുടെ പെൻഷൻ കാശ് ചേർത്ത് വെച്ചു വാങ്ങി തന്നതാണ് ഈ കൊലുസ്.... ഇട്ടു കൊതി തീർന്നില്ല...അവൾക്ക് സങ്കടം തോന്നി

ഇത് ഇങ്ങനെ കൊടുത്താൽ ഗിരിയേട്ടൻ വാങ്ങില്ലെന്ന് ഉണ്ണിമായക്ക് അറിയാമായിരുന്നു.... അവൾ കുഞ്ഞിനെ അമ്മയുടെ കയ്യിൽ കൊടുത്തു അടുക്കള ഭാഗത്തേക്ക് നടന്നു..

ചുറ്റുമൊന്നു നോക്കികൊണ്ട് അവൾ കയ്യിലെ കൊലുസ് അരകല്ലിൽ വെച്ചു അമ്മിപിള്ള കൊണ്ട് ഇടിച്ചു ശ്രദ്ധയോടെ അതിന്റെ കണ്ണി പൊട്ടിച്ചു....ആ ഇത് മതി അവൾ പൊട്ടിയ കൊലുസുമായി  അകത്തേക്ക് നടന്നു

അവൾ സാരിക്ക് ഞൊറിയെടുത്തു കൊണ്ടിരിക്കുമ്പോഴാണ് ഗിരി കേറി വന്നത്

"മായേ...ഇച്ചിരി ഓടിയെങ്കിലും ഓട്ടോ കിട്ടി...നീ വേഗം ഒരുങ്ങിക്കോ..." ഗിരി നെറ്റിയിലെ വിയർപ്പ് പുറംകയ്യാൽ തുടച്ചു കൊണ്ട് കുളിക്കാൻ ബാത്‌റൂമിലേക്ക് നടന്നു

ഗിരി കുളിച്ചു ഇറങ്ങുമ്പോഴേക്കും അവളും കുഞ്ഞും ഹോസ്പിറ്റലിൽ പോവാൻ റെഡി ആയി കഴിഞ്ഞിരുന്നു..

ഷർട്ട്‌ മാറുന്ന ഗിരിയുടെ അടുത്ത് ചെന്ന് ഉണ്ണിമായ അഭിനയം തുടങ്ങി

"ഗിരിയേട്ടാ എന്റെ കൊലുസ് ഇന്നലെ തുണി അലക്കാൻ നേരം  പൊട്ടി പോയി ഏട്ടാ...കൊറേ ശ്രമിച്ചിട്ടും കണ്ണി കൂടുന്നില്ല" അവൾ കയ്യിലെ പൊട്ടിയ കൊലുസ് ഗിരിയെ കാണിച്ചു കൊണ്ട് വിഷമത്തോടെ പറഞ്ഞു

"നോക്കട്ടെ...." ഗിരി കൊലുസ് വാങ്ങി നോക്കി....അത് പൊട്ടിയതല്ലെന്നും പൊട്ടിച്ചതാണെന്നും ഒറ്റ നോട്ടത്തിൽ തന്നെ ഗിരിക്ക് മനസിലായി

അവൻ ചിരിയോടെ കൊലുസ് മേശ പുറത്ത് വെച്ചു

ഗിരി ശ്രദ്ധിക്കുന്നില്ലെന്നു കണ്ടപ്പോൾ ഉണ്ണിമായക്ക് ദേഷ്യം വന്നു

"അല്ല ഗിരിയേട്ടാ... ഇനിയിപ്പോ ഇതിടാൻ പറ്റുമെന്നു തോന്നുന്നില്ല... നമുക്കിത് വിറ്റ് ഒരു ബൈക്ക് വാങ്ങിയാലോ..ഒരുപാട് വലുതൊന്നും വേണ്ട... ഒരു പഴയ മോഡൽ മതി...നമുക്കും അമ്മുവിനും യാത്ര ചെയ്യാൻ പറ്റുന്ന ഒരു സാധാരണ ബൈക്ക്....അതാവുമ്പോ നമുക്ക് ഇങ്ങനെ വല്ലവരും തരുന്നത് നോക്കി നിക്കണ്ടല്ലോ...." പ്രതീക്ഷയോടെ ഉണ്ണി മായ പറഞ്ഞു

"ഇത് തികയില്ലെങ്കിൽ അമ്മുന്റെ അരഞ്ഞാണം കൂടി കൊടുക്കാം....അതാണെങ്കിൽ കുഞ്ഞിന്റെ അരയിൽ ഇപ്പൊ പാകമല്ല... മുറുകിയിട്ട് കുഞ്ഞിന് വേദനിക്കുന്നുണ്ടാവും" ഉണ്ണിമായ പറഞ്ഞു

ഗിരി തിരിഞ്ഞു ഉണ്ണിമായയുടെ അരക്കെട്ടിൽ ചുറ്റി പിടിച്ചു അവളെ അയാളുടെ നെഞ്ചിലേക്ക് ചേർത്തു....

"എടി കള്ളി.... ഈ കൊലുസ് നീ നിന്നെക്കാൾ വലിയ അമ്മിപിള്ളയെടുത്തു ഇടിച്ചു പൊട്ടിക്കുന്നത് ഞാൻ കണ്ടായിരുന്നു കേട്ടോ" ഗിരി ചിരിയോടെ പറഞ്ഞു

ഉണ്ണിമായ ആകെ ചമ്മി അവന്റെ നെഞ്ചിലൊന്നമർത്തി  നുള്ളി...

"ഉണ്ണി.....അവൻ അവളുടെ മുഖം സ്നേഹത്തോടെ കൈ കുമ്പിളിൽ കോരിയെടുത്തു... എന്റെ മോള് ഒരുപാട് കൊതിച്ചതല്ലേ ഒരു സ്വർണകൊലുസ് ഇടാൻ....അത് നമുക്ക് വിൽക്കേണ്ടട്ടോ.കടയൊക്കെ തുറന്നിട്ട് ഞാൻ അത് വിളക്കിച്ചു തരാം...നിന്റെ മെലിഞ്ഞ കാലിൽ അതങ്ങനെ പറ്റി കിടക്കുന്നത് കാണാൻ നല്ല രസമാടി പെണ്ണെ.... പിന്നെ അമ്മുവിന്റെ അരഞ്ഞാണം നിന്റെ അച്ഛൻ കഷ്ട്ടപെട്ടു പണിയെടുത്തു കുഞ്ഞിന് വാങ്ങി കൊടുത്തതല്ലേ..... ഒരു പുതിയ കണ്ണി കൂടി വാങ്ങി ഇട്ടാൽ കുഞ്ഞിന് ഇനിയും ഒരുപാട് നാള് അതിടാം

പിന്നെയുള്ളത് ബൈക്ക്.... അതോർത്ത് എന്റെ ഉണ്ണിടെ മണ്ടൻതലയിങ്ങനെ പൊകയ്ക്കണ്ട....... ഞാനേ കുറച്ചു നാള് മുൻപ് ഒരു ചിട്ടി കൂടിയത് നിനക്ക് ഓർമയില്ലേ.... അത് കിട്ടാറായി....അത് കിട്ടാൻ വേണ്ടിയാ ഞാൻ കാത്തിരുന്നത്.... ആ പൈസക്ക് നീ പറഞ്ഞ പോലെ നമുക്ക് ഒരു ചെറിയ ബൈക്ക് വാങ്ങാടി.....അത്കൊണ്ട് എന്റെ പുന്നാര ഭാര്യ വയ്യാത്ത പണിക്ക് പോയി ഈ പാവം കെട്ട്യോനെ ഇങ്ങനെ സഹായിക്കല്ലേ...... വേറെ ഒന്നും കൊണ്ടല്ല ആ അമ്മിക്കല്ലു എടുത്തു നീ നടുമിന്നിയെങ്ങാനും കിടന്നാൽ അതിനും ഞാൻ തന്നെ കിടന്നു ഓടണം...." ഗിരി ചിരിയോടെ ഉണ്ണിമായയുടെ ഇടുപ്പിൽ ഇക്കിളിയിട്ടു

"അല്ല പിള്ളേരെ നിങ്ങളിവിടെ ചിരിച്ചു കളിച്ചു നിക്കുവാണോ..... ദേ മുറ്റത്ത് ഓട്ടോ വന്നിട്ട് കൊറേ നേരമായി...." അമ്മുവിനെയും കൊണ്ട് ഗിരിയുടെ അമ്മ മുറിയിലേക്ക് കേറി വന്നു

അമ്മയുടെ കയ്യിൽ നിന്നും അമ്മുവിനെ വാങ്ങി ഉണ്ണിമായ ഗിരിയെ നോക്കി ചിരിയോടെ  കണ്ണിറുക്കി.........

സ്നേഹം ഉള്ളോളാണ്...പാവമാണ് എന്റെ പെണ്ണ്..ഗിരി ചിരിയോടെ അവരെയും ചേർത്ത് പിടിച്ചു ഓട്ടോയിലേക്ക് കേറി

ശുഭം 💙


രചന: ഭദ്ര മനു

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top