ഭാഗം 1
ഫോണിന്റെ ശബ്‌ദം ഉറക്കം കെടുത്തിയപ്പോൾ ഒട്ടും താല്പര്യമില്ലാതെ ശരത്ത് കിടക്കയിൽ നിന്നും എഴുന്നേറ്റു. തലക്ക് പുറകിൽ ചെറിയൊരു വേദന അവനു തോന്നി .തന്റെ മുറിയിൽ എന്തൊക്കെയോ മാറിയിരിക്കുന്നു . പുതിയ നിറം, മേശപുറത്തിരുന്ന ബുക്‌സും ബാഗും കാണാനില്ല , IIT യിൽ പഠിക്കാൻ അവസരം നേടിയത്തിന് അച്ഛൻ സമ്മാനിച്ച മൊബൈലിന്റെ സ്ഥാനത്ത് ഇൻസ്റ്റുമെന്റ് ബോക്സിന്റെ വലിപ്പമുള്ള ഫോൺ . ഒരെത്തും പിടിയും കിട്ടാതെ നിൽക്കുമ്പോൾ മുറിയുടെ വാതിലിൽ ആരോ മുട്ടിയതായി ശരത്തിനു തോന്നി.
"കണ്ണാ, ഡാ കണ്ണാ നീ ഇതുവരെ ഉണർന്നില്ലേ ?
അമ്മയുടെ ശബ്‌ദം ശരത്തിനു ചെറിയൊരു ആശ്വാസമായി.
" എഴുന്നേറ്റ വഴിക്ക് വഴക്ക് പറയാതെ എന്റെ അമ്മേ . ഇപ്പൊ തുറക്കാം വാതിൽ."
"വേണ്ട ഞാൻ താഴേക്ക് പോവുന്നു .നീ വേഗം പോയി കുളിക്ക് , അപ്പോഴേക്കും ഞാൻ നിന്റെ ഡ്രസ്സ് തേച്ച് കൊടുത്തു വിടാം .
ശരത്ത് ഡോർ തുറന്നപ്പോഴേക്കും അമ്മ താഴേക്ക് പോയിരുന്നു.താഴെ നിന്നും ആരുടെയൊക്കെയോ ശബ്‌ദം വരുന്നതായി ശരത്തിനു തോന്നി . എന്താണ് കാര്യം എന്നറിയാൻ താല്പര്യം ഉണ്ടായിരുന്നെങ്കിലും അതിനു ശ്രമിക്കാതെ ശരത്ത് തിരിച്ചു റൂമിലേക്ക് കയറി .കുളിച്ച് മാറാൻ ഡ്രെസ്സ് എടുക്കാനായി അലമാര തുറന്ന് കയ്യിൽ കിട്ടിയ ഒരു ജോഡി ഡ്രസ്സ് ശരത്ത് പുറത്തേക്ക് എടുത്തു . പുറത്തെടുത്തു നോക്കിയപ്പോഴാണ് അതു തന്റെ അല്ലെന്ന് ശരത്തിന് മനസ്സിലായത് .അവൻ അലമാരയിലേക്ക് ശ്രദ്ധിച്ചു നോക്കി , തന്റെ ഒരു വസ്ത്രം പോലും അതിനുള്ളിൽ ഉണ്ടായിരുന്നില്ല .എന്താണ് സംഭവിച്ചത് എന്ന് ശരത്തിന് എത്ര ചിന്തിച്ചിട്ടും മനസിലായില്ല. ദേഷ്യത്തിൽ ശരത്ത് അലമാര വലിച്ചടച്ചു . അലമാരയുടെ കണ്ണാടിയിൽ സ്വന്തം മുഖം കണ്ടു ശരത്ത് ഞെട്ടി . തന്റെ മുഖം അക്കെ മാറിയിരിക്കുന്നു , മുഖത്തു താടി വളർന്നിരിക്കുന്നു , മുഖത്തിനു ചെറുതായി മാറ്റം വന്നിരിക്കുന്നു . സ്വന്തം മുഖം കണ്ണാടിയിൽ അതിശയത്തോടെ നോക്കുന്നതിനിടയിലാണ് ശരത്ത് വീണ്ടും അമ്മയുടെ ശബ്‌ദം കേട്ടത്.
"കണ്ണാ വാതിൽ തുറക്ക്. ഇന്ന നിന്റെ ഷർട്ടും മുണ്ടും."
ശരത്ത് ചെറിയൊരു ആശങ്കയോടെ വാതിൽ തുറന്നു.അമ്മയെ കണ്ടതോടെ അവന്റെ ഉള്ളിലെ പേടിയും സംശയവും പതിർമടങ്ങ് വർധിച്ചു . താനും തനിക്ക് ചുറ്റുമുള്ളവർക്കും ഒറ്റ രാത്രിയിൽ ഒരുപാട് മാറ്റം വന്നിരിക്കുന്നു .
"ഡാ നീ ഇതുവരെ കുളിച്ചില്ലേ ? ദേ ഈ ഡ്രസ്സ് പിടി എനിക്ക് അവിടെ നൂറുകൂട്ടം പണിയുണ്ട് , വെറുതെ സമയം കളയാതെ വേഗം പോയി കുളിക്കാൻ നോക്ക് …...നിനക്ക് ഇത് എന്താ പറ്റിയെ ? നീ എന്താ ഇങ്ങനെ നോക്കുന്നത് ? "
അമ്മയുടെ ചോദ്യത്തിന് ഒന്നും ഇല്ല എന്ന രീതിയിൽ ശരത്ത് ചിരിച്ചുകൊണ്ട് തലയാട്ടി ശേഷം അമ്മയുടെ കയ്യിൽ നിന്നും ആ ഡ്രസ്സ് വാങ്ങിയ ശേഷം അത് ബെഡിലേക്ക് വലിച്ചെറിഞ്ഞു ബാത്റൂമിലേക്ക് തിരിഞ്ഞപ്പോൾ ഭിത്തിയിലെ കലണ്ടറിലെ വർഷം ശരത്തിന്റെ കണ്ണിൽ പെട്ടു , 2020 . ശരത്ത് പതിയെ ബാത്റൂമിലേക്ക് കയറി . ബാത്റൂമിലെ കണ്ണാടിയിൽ വീണ്ടും അവൻ സ്വന്തം മുഖത്തെ മാറ്റങ്ങൾ നോക്കി. 18 വയസ്സിൽ നിന്നും 26 വസസ്സിലേക്കുള്ള മാറ്റം എത്ര ചിന്തിച്ചിട്ടും ശരത്തിന് മനസ്സിലായില്ല .കുളിക്കുന്നതിനിടയിൽ തലയുടെ വിൻവശം വീണ്ടും വേദനിക്കുന്നതായി ശരത്തിന് അനുഭവപെട്ടു . കുളിക്കുന്നതിന് ഇടയിൽ തലയിൽ നിന്നും ഒരു തുള്ളി രക്തം വെള്ളത്തിനൊപ്പം പതിയെ താഴെ വീണു.
കുളികഴിഞ്ഞ് അമ്മ തന്ന ഡ്രസ്സ് നിവർത്തി നോക്കാൻ തുടങ്ങിയതും അളിയാ എന്ന് വിളിച്ചുകൊണ്ട് അനുവാദം കൂടാതെ രണ്ടുപേർ മുറിയിലേക്ക് കയറി വന്നു . ഒരേ പോലുള്ള വസ്ത്രം ധരിച്ച അവർ എന്തൊക്കെയോ ചോദിച്ചു. അവരുടെ ചോദ്യത്തിന് എന്ത് പറയണമെന്ന് പോയിട്ട് അവർ ആരെന്ന് പോലും ശരത്തിന് അറിയില്ലായിരുന്നു .അതിനിടയിലേക്ക് അരുൺ കയറി വന്നു.അരുണും അതേ നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത് .തന്റെ സുഹൃത്തിന് വന്ന മാറ്റങ്ങൾ അവൻ നിരീക്ഷിച്ചു.അവരുടെ സംസാരത്തിനിടയിൽ നിന്നും ശരത്തിന് ഒരു കാര്യം മാത്രം മനസിലായി , ഇന്ന് തന്റെ കല്യാണമാണ് എന്ന് .
റൂമിന് പുറത്തിറങ്ങിയ ശരത്തിന് ആരോട് ഈ കാര്യം പറയണമെന്ന് അറിയില്ലായിരുന്നു . ആരു കേട്ടാലും ഭ്രാന്ത് എന്നുമാത്രമെ പറയു എന്ന് അവന് ഉറപ്പുണ്ടായിരുന്നു.. ക്യാമറാമാൻ മാരുടെ മുൻപിൽ പാവയെ പോലെ നിന്നുകൊടുക്കുമ്പോഴും എന്തു ചെയ്യും എന്നായിരുന്നു ശരത്തിന്റെ മനസ്സിൽ.
അച്ഛനും അമ്മയും പറയുന്നപോലെ ഓരോ ചടങ്ങുകളും ശരത്ത് ചെയ്തു. കാണുന്ന ഓരോ മുഖവും ശരത്ത് തന്റെ ഓർമ്മയുമായി ഒത്തുനോക്കി.
"സമയമായി ഇപ്പോൾ ഇറങ്ങിയില്ലെങ്കിൽ മുഹൂർത്തം തെറ്റും "
ഏതോ കിളവാൻ എരിയുന്ന തീയിലേക്ക് എണ്ണ എന്നപ്പോലെ പറഞ്ഞു .
"ഏട്ടാ വാ ." എന്ന വിളി കേട്ട് ശരത്ത് തിരിഞ്ഞു നോക്കി . തന്റെ കുഞ്ഞി പെങ്ങളുടെ വളർച്ച കണ്ടു അവൻ വീണ്ടും ഞെട്ടി.ശ്രീലക്ഷ്മി ശരത്തിന്റെ കൈപിടിച്ചു പുറത്തേക്കു വലിച്ചു .പുറത്തിറങ്ങിയ ശരത്ത് ചുറ്റും ഒന്നു നോക്കി .
" എന്താ ഈ നോക്കുന്നത് , കല്യാണ ചെക്കൻ വരുന്നില്ലേ ? ശരത്തിന്റെ വയറിൽ ഇടിച്ചുകൊണ്ട് ശ്രീലക്ഷ്മി ചോദിച്ചു . തന്റെ വീടും പരിസരവും നോക്കിക്കൊണ്ടിരുന്ന ശരത്ത് ഒന്നുമില്ല എന്ന രീതിയിൽ കണ്ണടച്ചുകൊണ്ട് കാറിന്റെ സൈഡ് സീറ്റിൽ ഇരുന്നു .
" ഈ ഏട്ടൻ ഇതു എന്താ കാട്ടുന്നത് ? മീര,,,, കല്യാണം ചേട്ടന്റെ ആണോ അതോ എന്റേയോ ? "
" എനിക്കും ആ സംശയം ഉണ്ട്, എന്താ നിന്റെയൊരു മേക്കപ്പ് . "
ഒപ്പം ആരൊക്കെ കാറിൽ കയറിയെന്ന് ശരത്ത് അപ്പോഴാണ് നോക്കിയത് . ശ്രീലക്ഷ്മിയും പിന്നെ ചെറിയച്ഛന്റെ മകൾ മീരയും .
. കാർ കല്യാണം നടത്താൻ തിരുമാനിച്ചിരിക്കുന്ന സ്ഥലത്തേക്ക് യാത്ര തിരിച്ചു .പോവുന്ന വഴികൾ എല്ലാം ശരത്തിന് പുതിയതായി തോന്നി . കാർ ഏതോ ഒരു അമ്പലത്തിന്റെ മുൻപിൽ നിർത്തി. കാറിൽ നിന്നും ഇറങ്ങിയ ശരത്തിനെ ആരൊക്കെയോ അമ്പലത്തിലേക്ക് കൊണ്ടുപോയി .
"ആകെ വിരലിൽ എണ്ണാവുന്ന പരിചിതർ , പക്ഷെ കുറേപേർ എന്നോട് സംസാരിക്കുന്നുണ്ട് . ഇവരെല്ലാം ആരാണാവോ? എന്റെ പ്രശ്നം ഞാൻ ആരോട് പറയാനാ , പറ്റിയ ആരെയും കാണുന്നില്ല ? വരുന്നത് വരട്ടെ എന്തായാലും ആ കുട്ടിയോട് കാര്യം പറയാം. ഇല്ലെങ്കിൽ തിരുത്താൻ പറ്റാത്ത തെറ്റായി പോവും അത് ."
എന്തായാലും താലി കെട്ടിന് മുൻപ് കാര്യങ്ങൾ എല്ലാം കല്യാണ പെണ്ണിനോട് തുറന്നു പറയാൻ ശരത്ത് തീരുമാനിച്ചു .എല്ലാവരും ക്ഷേത്രത്തിന്റെ ഉള്ളിലേക്ക് നടന്നു . കാണുന്ന എല്ലാവരോടും ചിരിക്കുമ്പോഴും ശരത്തിന്റെ ഉള്ളിൽ നിറയെ ഭയമായിരുന്നു .എല്ലാം ദൈവത്തോട് പ്രാർത്ഥിച്ചു നിൽക്കുമ്പോൾ ഒരു കാറ്റ് ശരത്തിനെ തഴുകി നീങ്ങി , അവൻ കാറ്റുവന്ന ദിശയിലേക്ക് നോക്കി . ആളുകൾ പതിയെ വഴിമാറി , ഒരു ചെറു ചിരിയോടെ അവൾ നടന്നു വന്നു . ഒരു നിമിഷം ശരത്ത് അവളെ തന്നെ നോക്കി നിന്നു പോയി . അവളുടെ ചിരി അറിയാതെ അവന്റെ ചുണ്ടുകളിലും നിറഞ്ഞു .തനിക്ക് ആദ്യമായി ഒരു പെണ്കുട്ടിയിൽ പ്രണയം എന്ന വികാരം ഉണ്ടായി എന്ന് ശരത്തിന് മനസ്സിലായി .അവൾ പതിയെ നടന്നു അവന്റെ അരുകിൽ എത്തി .അവൾ നാണം കലർന്ന ചിരി ശരത്തിന് നൽകി .തന്റെ ഹൃദയം ആ ചിരിയിൽ നിന്നുപോയപോലെ അവനു തോന്നും.
"വരാനും വധുവും പ്രാർത്ഥിച്ചു വന്നോളൂ ."
ശാന്തിക്കാരൻ ആ വാക്കുകൾ പറഞ്ഞപ്പോൾ , ആ കുട്ടിയോട് കാര്യം പറയാനുള്ള പറ്റിയ അവസരം ഇതാണെന്ന് ശരത്ത് മനസ്സിൽ ഉറപ്പിച്ചു. അമ്പലം വലം വാക്കുന്നതിനിടയിൽ അവൾ ശരത്തിനോട് സംസാരിക്കാൻ തുടങ്ങി .
" എന്തു പറ്റി , ചിരിക്കൊരു തെളിച്ച കുറവ് . എന്താ മാഷേ ഇനി എന്നെ വേണ്ടെന്ന് വെക്കാൻ വല്ല പ്ലാനും ഉണ്ടോ ? "
അവളുടെ വാക്കുകൾ ശരത്തിൽ വേദനയും ഞെട്ടലും ഒരു പോലെ ഉളവാക്കി .
"അതു പിന്നെ ഞാൻ , എനിക്ക് .."
ശരത് വാക്കുകൾ കിട്ടാതെ പകച്ചു നിന്നു.
" അയ്യേ അപ്പോഴേക്കും പേടിച്ചോ , അതിനുമാത്രം ഞാൻ എന്താ പറഞ്ഞത് . എത്രനാൾ കണ്ട സ്വപ്നമാ ഇന്ന് സത്യമാവാൻ പോവുന്നത് , നമ്മളെ ഒരിക്കലും പിരിക്കരുത് എന്ന് മാത്രമേ ദൈവത്തോട് എനിക്ക് ഇനി പ്രാർത്ഥിക്കാൻ ഒള്ളു . വാ നടക്ക് അല്ലെങ്കിൽ കല്യാണ ചെക്കൻ പെണ്ണിനേയും കൊണ്ട് ചാടി പോയെന്ന് കരുത്തും ."
അവൾ വീണ്ടും ഒരു ചിരി നൽകികൊണ്ട് നടന്നു .
" ഈശ്വര ഈ കുട്ടിയോട് ഞാൻ എങ്ങനെയാ ഈ കാര്യം പറയുക , അതു ആ കുട്ടി താങ്ങുമോ ? എന്തു പരീക്ഷണമാ ഇത് . "
"മോനെ ശരത്തെ " എന്ന വിളി ശരത്തിനെ ചിന്തയിൽ നിന്നുമുണർത്തി . മുന്നിൽ ചെറുപ്പത്തിൽ എപ്പോഴോ കണ്ടുമറന്ന മുഖം .
" ഓപ്പോള് , എന്റെ ലക്ഷ്മി ഓപ്പോള് " ശരത്ത് മനസ്സിൽ പറഞ്ഞു .ശരത്ത് പതിയെ അവളുടെ കണ്ണുകളിലേക്ക് നോക്കി. അവളുടെ കണ്ണുകളിൽ അവനോടുള്ള സ്നേഹവും ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും വ്യക്തമായിരുന്നു. അതുകൊണ്ടു തന്നെ ശരത്ത് അവളോട് ഒന്നും പറഞ്ഞില്ല .
" മംഗല്യം തന്തുനാനേന മമ ജീവന ഹേതുനാ
കണ്ഠേ ബദ്ധ്നാമി ശുഭഗേ ത്വം ജീവ ശരദാം ശതം "
ശരത്ത് ചിന്തയിൽ നിന്നും ഉണർന്നു . തന്റെ കയ്യിലേക്ക് വച്ചു നീട്ടിയ താലി ഏതോ ഒരു ശക്തിയുടെ പ്രേരണ പോലെ അവൻ വാങ്ങി .
ചുറ്റുമുള്ളവരെ മുഖത്തെ സന്തോഷം ഇല്ലാതാക്കാൻ കഴിയാത്തതുകൊണ്ടോ അവളോടുള്ള ഹൃദയത്തിൽ നിന്നുമുള്ള സ്നേഹമോ ശരത്തിന് ഒന്നും പറയാൻ കഴിഞ്ഞില്ല .പ്രണയം കലർന്ന ഒരു ചെറിയ ചിരിയുമായി അവൾ തല താഴ്ത്തി നിൽക്കുന്നു . പെട്ടന്ന് ആരോ ശരത്തിന്റെ തോളിൽ തട്ടിക്കൊണ്ട് താലി കെട്ടാൻ പറഞ്ഞു . പിന്നെ ഒന്നും ചിന്തിക്കാൻ നേരം കിട്ടിയില്ല , ശരത്ത് അവളുടെ കഴുത്തിൽ താലി ചാർത്തി . അപ്പോൾ മുതൽ തന്റെ മനസിലുള്ള രഹസ്യം അതങ്ങനെ തന്നെ ഇരിക്കട്ടെ എന്നും , ശരിയായ സമയം വരുമ്പോൾ എല്ലാവരോടും പറയാമെന്നും ശരത്ത് ഉറപ്പിച്ചു .അവളെ കൈപിടിച്ചു തരുമ്പോൾ അവളുടെ അച്ഛന്റെ കണ്ണ് നിറഞ്ഞിരുന്നു .
" ഇനി അനുഗ്രഹം വാങ്ങിക്കൊള്ളു ."
വധുവും വരാനും ശരത്തിന്റെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി ശേഷം വധുവിന്റെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി . അപ്പോഴാണ് ശരത് ആ സത്യം തിരിച്ചറിഞ്ഞത് , തന്റെ ഓപ്പോളുടെ മകളാണ് തന്റെ ഭാര്യ എന്ന് .ഹാളിൽ വച്ച് ഒരുപാട് പേരെ കണ്ടു , കണ്ടവരിൽ അധികവും അപരിചിതരായിരുന്നു . ആരാ അത് എന്ന അവളുടെ ചോദ്യങ്ങളിൽ നിന്നും രക്ഷപെടാൻ ശരത്ത് പഠിച്ച അടവ് പതിനെട്ടും പയറ്റി .മറ്റ് എന്തു കല്യാണത്തിനും ഭക്ഷണത്തിന് ആദ്യം സീറ്റ് പിടിക്കുന്ന ശരത്ത് അന്നാദ്യമായി ആ പതിവ് തെറ്റിച്ചു . നല്ല വിശപ്പ് ഉണ്ടെങ്കിലും ക്യാമറയും , മനസ്സിനുള്ളിലെ ഭയവും കാരണം കാര്യമായി സദ്യ കഴിക്കാൻ ശരത്തിന് സാധിച്ചില്ല .
തിരിച്ചു വീട്ടിലേക്കുള്ള യാത്രക്കിടയിൽ അവൾ ശരത്തിനോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു . അതിനൊന്നും ശരത്ത് ചിരിയല്ലാതെ മറ്റൊരു മറുപടിയും നൽകിയില്ല . പക്ഷെ അവളുടെ കണ്ണേട്ടാ എന്ന വിളി ശരത്തിനെ വല്ലാതെ ആകർഷിച്ചു. അമ്മയുടെ കൈയിൽനിന്ന് നിലവിളക്ക് വാങ്ങി അവൾ വീടിന്റെ പടികൾ കയറി . പാലും മധുരവും തന്ന ശേഷം ഡ്രസ് മാറാനായി അവർ റൂമിലേക്ക് നടന്നു . റൂമിൽ കയറിയ ഉടൻ അവൾ ശരത്തിന്റെ പുറകിലൂടെ കെട്ടിപിടിച്ചു .
"എന്താ ഭർത്താവേ ഭയങ്കര ഗൗരവം . ഒന്നു ചിരിക്ക് മാഷേ .."
ശരത്തിനു കുറ്റബോധം കൊണ്ട് ദേഹം പൊള്ളുന്നപോലെ തോന്നി . താൻ അവളെ വഞ്ചിക്കുകയാണെന്ന് ശരത്തിനോട് അവന്റെ മനസ്സ് പറഞ്ഞു . എന്ത് സംഭവിച്ചാലും സത്യം തുറന്നു പറയണമെന്ന് ശരത്ത് തീരുമാനിച്ചു .
" തന്നോട് എനിക്കൊരു കാര്യം പറയാനുണ്ട് ."
ശരത്ത് പറഞ്ഞു തുടങ്ങിയതും , പുതുപെണ്ണിനെ ഒരുക്കാൻ ശ്രീലക്ഷ്മിയും മീരയും റൂമിലേക്ക് കയറി വന്നതും ഒരുമിച്ചായിരുന്നു . സംസാരിക്കാൻ പറ്റിയ സമയമല്ല എന്ന് ശരത്ത് തിരിച്ചറിഞ്ഞു.ഒന്നും പറയാതെ അവൻ റൂമിന് പുറത്തേക്ക് നടന്നു .
പിങ്ക് കളർ പാർട്ടി വെയറായിരുന്നു അവൾ ധരിച്ചിരുന്നത് .പാർട്ടി വെയറിൽ അവൾ മാലാഖയെ പോലെ ശരത്തിന് തോന്നി ."
പേര് എന്താണ് എന്ന് എങ്ങനെ ചോദിക്കും "
ശരത്ത് ഒരു താങ്ക്സ് കാർഡ് കൈയിൽ എടുത്ത് വായിച്ചു .
" ശരത്ത് വെഡ്‌സ് ദേവിക".
എല്ലാവരുടെയും മുന്നിൽ ശരത്ത് സന്തോഷം നടിച്ചു . എല്ലാവരും ആടിയും പാടിയും ആഘോഷിക്കുമ്പോൾ ശരത്തിന്റെ ചിന്ത മുഴുവൻ തനിക്ക് നഷ്ടമായ ഓർമ്മകളെ കുറിച്ചായിരുന്നു .
തിരക്കുകൾ പതിയെ ഇല്ലാതായി . ചെറിയൊരു നാണത്തോടെ ദേവിക കയ്യിൽ ഒരു ഗ്ലാസ് പാലുമായി മുറിയിലേക്ക് കയറി .
"തന്നോട് എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട് . അത് കേട്ട് കഴിഞ്ഞ് എന്തുവേണമെന്ന് തനിക്ക് തീരുമാനിക്കാം .എനിക്ക് എന്റെ ജീവിതത്തിലെ ചില വർഷങ്ങൾ ഓർമ്മയിൽ . പ്ലസ് ടുവിൽ പഠിക്കുന്നത് വരെ മാത്രമേ എനിക്ക് ഓർമ്മയോള്ളൂ . തന്നെയോ , ഇപ്പോൾ ഞാൻ ആരെന്നോ ഒന്നും എനിക്ക് ഓർമ്മയില്ല ."
ശരത്ത് കളിപ്പിക്കാൻ വേണ്ടി ചെയ്യുന്നതാണെന്ന മട്ടിൽ ദേവിക ചിരിച്ചുകൊണ്ട് തലകുലുക്കി . പക്ഷെ ആ ചിരി പതിയെ ഇല്ലാതായി .അധികം വൈകാതെ ദേവികയുടെ കണ്ണുകൾ നിറയാൻ തുടങ്ങി .
" എന്നെ കളിപ്പിക്കാൻ പറയുന്നതല്ലേ , എനിക്കറിയാം . വെറുതെ എന്നെ പേടിക്കാൻ വേണ്ടി ഒരു നുണകഥ ഉണ്ടാക്കിയിരിക്കുന്നു ."
ശരത്ത് സത്യമാണ് പറയുന്നതെന്ന് അറിഞ്ഞിട്ടും അത് സത്യമാവരുതെന്ന് ദേവിക ആഗ്രഹിക്കുന്നുണ്ടെന്ന് അവളുടെ വാക്കുകളിൽ നിന്നും ശർത്തിനു മനസ്സിലായി.
"ഞാൻ സത്യമാണ് പറഞ്ഞത് എനിക്ക് ഒന്നും ഓർമ്മയില്ല , തന്നെ പോലും ."
ശരത്തിന്റെ വാക്കുകൾ കേട്ട് ദേവിക തളർന്ന് തറയിൽ മുട്ട് കുത്തിയിരുന്ന് കരഞ്ഞു .
ശരത്ത് ദേവികയുടെ അരികിൽ ചെന്ന് തോളിൽ പിടിച്ചുയർത്താൻ പോയതും ദേവിക ശരത്തിന്റെ കൈകൾ തട്ടി മാറ്റി .
" തൊട്ട് പോവരുത് ……."
😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜
രചന : ശ്രീജിത്ത് ജയൻ
Hello my dear cop-നു കിട്ടിയ പിന്തുണയാണ് ഈ കഥ എഴുതാൻ എനിക്ക് ഊർജം നൽകിയത് . തുടർന്നും ആ സ്നേഹം പ്രതീക്ഷിക്കുന്നു . ആദ്യം തന്നെ ശരത്തിനെയും ദേവികയെയും ഒരുമിപ്പിച്ചത് എന്തിനാണെന്ന് മനസ്സിലായി കാണുമല്ലോ ? ആദ്യ കഥ പെട്ടന്ന് തീർന്നു പോയി എന്ന പരാതി ഇത്തവണയും പറയാൻ ഞാൻ അനുവദിക്കില്ല .വെടിക്കെട്ട് പുറകെ വരുന്നുണ്ട് , എല്ലാവരും മറക്കാതെ വായിക്കുക .അഭിപ്രായങ്ങൾ കുറിക്കാൻ മറക്കരുത് ,അതാണ് എന്റെ ശക്തി .
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....