എൻ ജീവൻ❤️[The Conclusion] ഭാഗം- 3

Valappottukal
എൻ ജീവൻ❤️[The Conclusion]
ഭാഗം- 3


ട്രെയിൻ അങ്കമാലിയിൽ എത്തിയപ്പോൾ വൈകുന്നേരമായി കഴിഞ്ഞിരുന്നു.  റെയിൽവേ സ്റ്റേഷനിൽ അവർക്ക് വേണ്ടി രവിയും സീതയും കാത്ത് നിൽപ്പുണ്ടായിരുന്നു.

"സീതമ്മേ..."
നിവി സീതയെ കണ്ടതും വേഗം അടുത്തേക്ക് ചെന്നു.

"അമ്മാമ്മയുടെ കുട്ടിക്കുറുമ്പി വന്നല്ലോ... "
സീത അവളെ വാരിയെടുത്ത് ഇടുപ്പിൽ വെച്ചു.

"സീതമ്മക്ക് ഉമ്മ വേണ്ടേ?"

"പിന്നെ വേണ്ടേ?"

"ഉമ്മാാ..."

"അച്ഛാച്ചന് ഉമ്മയില്ലേ?"

"ഉണ്ടല്ലോ... ഉമ്മാാ... "
രവിയുടെ കവിളിലും നിവി ഉമ്മ കൊടുത്തു.

"ഓഹ്... പേരക്കുട്ടിയെ കണ്ടപ്പോൾ രണ്ടുപേർക്കും എന്നെ വേണ്ടാ..."

"ഇതെന്ത് വർത്തമാനമാ രെച്ചു നീ ഈ പറയുന്നേ? "

"ഇവൾ ഇങ്ങനെയാ മാമി... ഞാൻ നിവിക്ക് ഒരുമ്മ കൂടുതൽ എങ്ങാനും കൊടുത്തു പോയാൽ  അതിന്റെ ഇരട്ടി ഉമ്മ കൊടുക്കേണ്ടി വരും"

"പോ അവിടെന്ന്... "
രശ്മി നാണത്തോടെ കാർത്തിയുടെ കയ്യിൽ ഒരു നുള്ള് കൊടുത്തു.

"ബാഗ് താ മോനേ... ഇവിടെ രണ്ടു മൂന്നു ദിവസം നിൽക്കാൻ എന്തിനാ ഇത്രയും ബാഗുകളൊക്കെ??"

"ഇതൊക്കെ അമ്മയുടെയും മോളുടെയും ഡ്രസ്സുകളാണ്. പിന്നെ ഈ ബാഗില് കുറച്ചു കളിപ്പാട്ടങ്ങളും..."

"കളിപ്പാട്ടമൊക്കെ ഇവിടെയുണ്ടല്ലോ രെച്ചു... പിന്നെ എന്തിനാ ഇതൊക്കെ ചുമന്നോണ്ട് വന്നേ?"

"ഇവൾ സമ്മതിക്കാത്തോണ്ടാ അമ്മേ..."

"സീതമ്മേ... എനിക്ക് കുറച്ചു കളിപ്പാട്ടമേ ഉള്ളു. കൂടുതലും അമ്മയുടെ സാരിയാ... രെച്ചുമ്മ കള്ളം പറയുവാ..."

"ഓഹ് ശെരി ശെരി. നടക്ക്... അമ്മയും കൊള്ളാം മോളും കൊള്ളാം. പാവം എന്റെ കാർത്തി മോൻ..."
രവി കാർത്തിയുടെ കയ്യിൽ നിന്നും ബാഗ് വാങ്ങി. ഇത് കേട്ട് രശ്മി കാർത്തിയെ നോക്കി ചുണ്ട് കോട്ടി. അവനത് കണ്ട് ഉള്ളിൽ ചിരിച്ചു.

പിറ്റേന്ന് രാവിലെ തന്നെ കാർത്തിയും രശ്മിയും നിവിയും കൂടി അനുവിന്റെ വീട്ടിലേക്ക് പോയി. വീടിന്റെ ഗേറ്റിന് അടുത്ത്  തന്നെ അനുവിന്റെ ഡാഡി മനുവും അപ്പുറത്തെ കേണലും കൂടി സംസാരിച്ചു നിൽക്കുകയാണ്.

"ഹേയ് നിവി ബേബി... കൈസാ ഹേ?"
നിവിയുടെ തലയിൽ തലോടിക്കൊണ്ട് കേണൽ ചോദിച്ചു.

"യാത്രയൊക്കെ സുഖമായിരുന്നോ മോളേ?"

"സുഖമായിരുന്നു അങ്കിൾ. രോഹിത് ഭയ്യാ ഇവിടെയുണ്ടോ?"

"മ്മ്... അവനുണ്ട്. അവനിപ്പോൾ ഇവിടെ തന്നെയാ. മുംബൈയിലെ ജോലിയൊക്കെ മതിയാക്കി. കുറുമ്പി എന്താ മിണ്ടാത്തെ?"

"ഞാൻ അനു ആന്റിയെ കണ്ടിട്ട് അങ്ങോട്ട്‌ വരാമേ... ഐസ് ക്രീം ഉണ്ടോ?"

"മോൾക്ക് എത്ര ഐസ് ക്രീം വേണം? എത്ര വേണേലും  കേണലപ്പൂപ്പൻ തരാലോ"

"ഹായ് രെച്ചു... കാർത്തി..."

"ഭയ്യാ..."

രോഹിത് അപ്പുറത്ത് നിന്നും രശ്മിയുടെ അടുത്തേക്ക് വന്നു.

"ഹൌ ആർ യൂ രെച്ചു? ആർ യൂ ഓക്കേ? ഇത്രയും ദൂരമൊക്കെ..."

"സുഖമാണ്. എനിക്കൊരു കുഴപ്പവും ഇല്ല ഭയ്യാ. പ്രീതി കഹാം ഹേ?"

"വഹ് അന്തർ ഹേ. ഹെലോ  കാർത്തി... ഹൌ യൂ? എന്താ മാൻ മിണ്ടാതെ നിൽക്കുന്നേ?"
രോഹിത് കാർത്തിക്ക് നേരെ കൈ നീട്ടി.

"ഏയ്... നതിങ്. അയാം ഫൈൻ..."
ഒരു പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് കാർത്തി ഷേക്ക്‌ ഹാൻഡ് കൊടുത്തു. അപ്പോഴേക്കും പ്രീതിയും  മകൻ രവീണും അവിടെയെത്തി. രശ്മി അവരുടെ അടുത്ത് സംസാരിക്കാനായി പോയപ്പോൾ മനു കാർത്തിയുമായി അകത്തേക്ക് പോയി.

"അവര് പരിചയക്കാര് തമ്മിൽ കുറേ സംസാരിക്കാൻ കാണും. നമുക്കൊരു ചായയൊക്കെ കുടിച്ച് അവിടെയിരുന്ന് സംസാരിക്കാം. എടി ആനിയേ... രണ്ടു ചായ ഇങ്ങ് എടുത്തേ..."

"രണ്ടു ചായയോ? നിങ്ങൾക്ക് എന്നാത്തിനാ മനുഷ്യാ രണ്ടു ചായ?
എന്ന് ചോദിച്ചുകൊണ്ട് ആനി അടുക്കളയിൽ നിന്നും ഹാളിലേക്ക് വന്നു.

"എന്റെ കർത്താവേ... കാർത്തി...! ഇതെപ്പോൾ വന്നു?  അല്ലാ... അപ്പോൾ രെച്ചു മോള് എന്തിയേ? നിങ്ങള് ഇന്ന് വരുമെന്ന് കരുതിയില്ല. അനുവും എന്നോടൊന്നും പറഞ്ഞില്ലാ..."

"രെച്ചുവും നിവി മോളും അപ്പുറത്ത് സംസാരിച്ചു നിൽക്കുവാടി..."

"ആണോ?"
ആനി പുറത്തേക്ക് പോകാനൊരുങ്ങി.

"നീ ഇത് എങ്ങോട്ടാ ആനി ഈ പോകുന്നേ? അവർ ഇങ്ങോട്ട് തന്നെയല്ലേ വരുന്നേ? പോയി ചായ എടുക്ക്. അനു എന്തിയേ?"

"അവള് റൂമിലുണ്ട്. ഞാൻ പോയി വിളിക്കാം. എന്നിട്ട് ചായ എടുത്തോണ്ട് വരാം..."

ആനി വേഗം അനുവിന്റെ റൂമിലേക്ക് പോയി. അനു അപ്പോൾ കമ്പ്യൂട്ടറിൽ ഒരു സിനിമയും കണ്ടുകൊണ്ട് ലെയ്സ് കഴിക്കുവായിരുന്നു.

"എടി അനുവേ... "

"ഹാ മമ്മി... ഞാനിപ്പോൾ താഴേക്ക് വരാനിരുന്നതാ... ലെയ്സ് തീർന്നു. പോയി അടുത്ത പാക്കറ്റ് കൊണ്ടു വാ... ഒരു രണ്ടു മൂന്നെണ്ണം ഇരിക്കട്ടെ... അതാകുമ്പോൾ പെട്ടെന്നൊന്നും താഴെ വരണ്ടല്ലോ..."

"എന്റെ അനൂ... നീ കയ്യും മുഖമൊക്കെ കഴുകിയിട്ട് താഴേക്ക് വന്നേ... രെച്ചുവും കാർത്തിയും നിവി മോളുമൊക്കെ വന്നിട്ടുണ്ട്"

"ങേ! രെച്ചു... അവള് വന്നാ..?  ദുഷ്ട... എന്നോട് തലേ ദിവസമേ വരുള്ളുവെന്ന് പറഞ്ഞവളാ... വയ്യാത്തോണ്ട് ഞാനും സമ്മതിച്ചു.  എന്നിട്ടിപ്പോൾ ദേ നേരത്തെ വന്നേക്കുന്നു. ശോ... സന്തോഷം കൊണ്ടെനിക്ക് വയ്യാ..."

"മ്മ്... കഴുകിയിട്ട് വേഗം വാ... ഞാൻ കാർത്തിക്കു ചായ കൊടുക്കട്ടെ"
ആനി തിരികെ സ്‌റ്റെപ്പ്സിറങ്ങി പോയി. അനു ബാത്‌റൂമിൽ പോയി പെട്ടെന്നൊന്നു ഫ്രഷായിട്ട് വന്നതും കട്ടിലിൽ ഇരിക്കുന്ന രശ്മിയേയും നിവിയേയുമാണ് കണ്ടത്.

"ഓ മൈ ഡിയർ രെച്ചു..."

അനു രണ്ടുക്കയ്യും നീട്ടി  രശ്മിയുടെ അടുത്ത് വന്നു.  രശ്മി എണീറ്റ് അനുവിനെ കെട്ടിപ്പിടിച്ചു.

"ഡി... നിനക്ക് കുഴപ്പമൊന്നുമില്ലാലോ... യാത്രയൊക്കെ സുഖമായിരുന്നില്ലേ?  എന്നാലും നീ പറഞ്ഞില്ലാലോ ഇന്ന് വരുമെന്ന്...

"ചിന്ന സർപ്രൈസ്... ഞങ്ങൾ രണ്ടു ദിവസം ഇവിടെയാ... ഡ്രെസ്സൊക്കെ കൊണ്ടു വന്നിട്ടുണ്ട്.

"ആണോ? അടിപൊളി... അല്ല ഇതാരാ നിൽക്കുന്നേ... അനു ആന്റിയുടെ ചെല്ലക്കുട്ടിയല്ലേ... ആന്റി ഒന്നു എടുത്ത് നോക്കട്ടെ..."
എന്നും പറഞ്ഞ് അനു നിവിയെ എടുത്ത് ഇടുപ്പിൽ വെച്ചു.

"ആഹ്... അധികം വെയിറ്റൊന്നുമില്ല. മോൾക്ക് എന്ത് കഴിക്കാൻ വേണം? ഐസ് ക്രീം തരട്ടെ?"

"ഹാ... കൊടുക്ക് കൊടുക്ക്...  കേണൽ അങ്കിളിന്റെ വീട്ടിൽ നിന്നും ഐസ് ക്രീം കഴിച്ചിട്ടാ ഇങ്ങോട്ട് വന്നേ..."

"ആണോ നിവി മോളേ?  കൊള്ളാലോ... പിന്നെ... ആ കേണല് കുറേ ഐസ് ക്രീം വാങ്ങി വെച്ചിട്ടുണ്ടെന്നാ തോന്നുന്നേ... രോഹിത്തിന്റെ മോനില്ലേ... ഞാൻ കാണുമ്പോഴൊക്കെ  ആ കൊച്ചെറുക്കന്റെ കയ്യിൽ ഐസ് ക്രീം കാണും. അതിനെയൊരു അമൂൽ ബേബി ആക്കുമെന്നാ തോന്നുന്നെ..."

"ഹ്മ്മ്... അത് വിട്...  നിന്റെ കസിൻസൊക്കെ എന്ന് വരും?"

"ഞാൻ നിന്നോട് പറഞ്ഞില്ലേ... അവരെല്ലാവരും തലേ ദിവസമേ എത്തുള്ളു. എല്ലാ എണ്ണവും കെട്ടിപ്പോയില്ലേടി... ഈ ഞാൻ മാത്രമല്ലേ ആ പൊട്ടൻ ഗൾഫിൽ നിന്നും വരാൻ വേണ്ടി കാത്തിരുന്നെ... തലേ ദിവസം ഇവിടെ ആകെ ബഹളമായിരിക്കും"

"ആഹ്... അന്ന് പാർട്ടി കഴിഞ്ഞിട്ട്  എന്റെ വീട്ടിൽ പോകും. ഡേവിഡ് ഇനി ഗൾഫിലേക്ക് പോകുമോ?"

"ഇല്ലാടി... പിന്നെ, കല്യാണത്തിന് അരുണും വിഷ്ണുവും ഉറപ്പായിട്ടും വരുമെന്ന് പറഞ്ഞു. നീ കാണുമെന്നറിയാം... അതാ കാരണം. ബാക്കി ആരൊക്കെ വരുമെന്ന് കണ്ടറിയാം. ഒരു പണച്ചാക്കിനെ കെട്ടി ആ സോന  അമേരിക്കയിൽ ആയതുകൊണ്ട് അവൾ വരത്തില്ല. പക്ഷേ, ലെറ്റർ വാട്സപ്പ് ചെയ്തപ്പോൾ ഹാപ്പി മാരീഡ് ലൈഫ് എന്നും പറഞ്ഞ് മെസ്സേജ് അയച്ചിരുന്നു"

"ഹ്മ്മ്..."

"പിന്നെ,  നിവി മോൾക്ക് ഞാനൊരു ഡ്രസ്സ്‌ എടുത്ത് വെച്ചിട്ടുണ്ട്. നമുക്ക് താഴെ പോകാം... മമ്മി ചിക്കൻ പൊരിക്കുവാ... വല്ലതും കഴിക്കാം. എന്നിട്ട് കാണിച്ചു തരാം. ആഹ്... കാർത്തിയോട് നാളെ ചിക്കൻ കറി ഉണ്ടാക്കാൻ പറയോടി? അന്ന് നിങ്ങളുടെ ഫ്ലാറ്റിൽ വന്നപ്പോൾ ഉണ്ടാക്കി തന്നതിന്റെ ടേസ്റ്റ് ഇപ്പോഴും നാവിലുണ്ട്. പോർക്ക് വേണ്ടല്ലോ അല്ലേ?"

"വേണ്ടാ... ഈ കാര്യം ഞാൻ ഏട്ടനോട് പറഞ്ഞോളാം"

"മ്മ്... ശെരി... "
അവർ മൂന്നുപേരും താഴേക്ക് പോയി ഭക്ഷണം കഴിച്ചു.

വൈകുന്നേരം  സീതയും രവിയും കൂടി അവിടേക്ക് വന്നു. രാത്രി ആയപ്പോൾ നിവി അവളുടെ കളിപ്പാട്ടമൊക്കെ അനുവിന്റെ കട്ടിലിൽ നിരത്തി വെച്ചു.

"അനു ആന്റി... ഈ കാർ കൊള്ളാമോ?"

"കൊള്ളാലോ... ആര് മേടിച്ചു തന്നതാ? അച്ഛനോ? അതോ മോളുടെ രെച്ചുമ്മയോ?"

"രെഞ്ചുവേട്ടൻ തന്നതാ..."

"രെഞ്ചുവോ? രെഞ്ചു കീർത്തിയുടെ മോനല്ലേ രെച്ചു...?"

"മ്മ്... അതെ"

"ഞാൻ ചോദിക്കാൻ മറന്നു പോയി... അവള് വരില്ലേ കല്യാണത്തിന്?"

"അവൾക്കിപ്പോൾ പ്രെഗ്നൻസി സ്റ്റാർട്ട്‌ ചെയ്തേ ഉള്ളു. റസ്റ്റ്‌ വേണമെന്ന് ഡോക്ടർ പറഞ്ഞു"

"ആണോ? മ്മ്... അവളും കൂടി ഉണ്ടായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു. ഹാ... പോട്ടേ...   അവളുടെ കല്യാണത്തിന് നമ്മൾ പൊളിച്ചല്ലോ..."

"അതേ... നിനക്കിപ്പോഴും സിനിമ പ്രാന്ത് തീർന്നിട്ടില്ലാലേ... വന്നപ്പോൾ കമ്പ്യൂട്ടറിൽ സിനിമ ഓടുവായിരുന്നല്ലോ... എത്ര സിനിമ കണ്ടു?"

"കല്യാണം കഴിഞ്ഞ് കൊച്ചുമായി. ദേ... അടുത്തത് വരാൻ പോണൂ... എന്നിട്ട് നിന്റെ വിജയ് പ്രാന്ത് ഇതുവരെ തീർന്നില്ലാലോ... വാട്ട്‌സപ്പ് ഡി.പി. മിക്കപ്പോഴും വിജയുടേത് തന്നെയാ. ഇടക്ക് നിവിയുടെയോ കാർത്തിയുടെയോ ഇടും"

"അതെന്താ... കല്യാണം കഴിഞ്ഞാല് വിജയോടുള്ള ഇഷ്ടം  കുറക്കണമെന്നുണ്ടോ? ഈ പ്രാന്ത് എന്നും കാണും... ഹി ഈസ്‌ മൈ ഇൻസ്പിറേഷൻ❤️"

"എന്റെ രെച്ചുവേ... നിന്നോട് തർക്കിക്കാൻ ഞാനില്ലേ... നിവി മോളെ... മോൾക്കിഷ്ടപ്പെട്ട സിനിമയേതാ?"

"തെരി ബേബി..."

"തെരി ബേബിയോ? അതേത് സിനിമ? വിജയുടെ തെരി ആണോ മോള് ഉദ്ദേശിച്ചേ? അല്ലാ...  മോൾക്ക് വിജയെ ഇഷ്ടാണോ?"

"ഒരുപാടിഷ്ടാ..."

"നിന്റെ മോള് തന്നെ... സമ്മതിച്ചു... ഹാ... അതിലും ഒരു നിവിയുണ്ടല്ലോ... നമുക്ക് വാ കളിക്കാം... ഈ കളിപ്പാട്ടമൊന്നും വേണ്ടാ. ആന്റി പാട്ടു പാടുന്നതിന്റെയൊപ്പം ദേ കൈ വെച്ചും ഇങ്ങനെ കൊട്ടിക്കളിക്കണം. ഓക്കേ ബേബി?

"ഓക്കേ..."

"ഓടിന്റെ പുറത്തൊരു കിളി വന്നു...
കിളിയെ പിടിക്കാൻ നിവി വന്നു...
നിവിയുടെ കയ്യിൽ കുപ്പിവള...
അച്ചോടാ... നിവി മോളുടെ കയ്യിൽ കുപ്പിവള ഇല്ലാലോ... നമുക്ക് വേറെ പാടാം..."

"മ്മ്... ആന്റി പാട്... നല്ല രസണ്ട്..."

"ആണോ? എന്നാൽ ദാ കേട്ടോ...
ഒന്നേ രണ്ടേ മൂന്നേ നാല്... തിരകള് വന്നേ വന്നേ...
അയ്യോ... പാട്ട് മാറിപ്പോയി...
ഒന്നു രണ്ടു മൂന്നു നാലു അഞ്ചു കുരുവികൾ...
രാജാവിന്റെ കൊട്ടാരത്തിൽ കൂട് വെച്ചല്ലോ..."

അനുവിന്റെ പാട്ട് കേട്ടുകൊണ്ടാണ് കാർത്തി അവിടേക്ക്  വന്നത്. അവന് ചിരി വന്നെങ്കിലും ഒന്നും മിണ്ടാതെ വാതിലിന്റെ അവിടെ തന്നെ നിന്നു. രശ്മിയാകട്ടെ,  താടിക്ക് കയ്യും കൊടുത്ത് അനുവും നിവിയും കൂടി കൈ കൊട്ടി കളിക്കുന്നത് കണ്ടുകൊണ്ടിരിക്കയാണ്. കാർത്തി ഒന്നു ചുമക്കുംപോലെ തൊണ്ടയനക്കി. ആ ശബ്ദം കേട്ട് രശ്മി പെട്ടന്ന് തിരിഞ്ഞു നോക്കി. ക്ലാസ്സിൽ സർ വരുമ്പോൾ കുട്ടികൾ പെട്ടന്ന് എണീക്കുന്നത് പോലെ അനു എണീറ്റ് നിന്ന് കാർത്തിയെ നോക്കി ഇളിച്ചു.

"എന്താ ഏട്ടാ? കിടക്കാറായോ?"

"മ്മ്... എന്താ ഇവിടെ പരിപാടി?"

"ഞാൻ വെറുതെ... ഒരു രസത്തിന് നിവി മോൾക്ക് പാട്ടു പാടി കൊടുക്കുവായിരുന്നു... "

"അതെ അച്ഛാ... അനു ആന്റിക്ക് കുറേ പാട്ടറിയാം"

"മ്മ്... രെച്ചൂ... നീ അങ്ങോട്ട്‌ വരുന്നില്ലേ?"

"അത് ഏട്ടാ... ഞാനിന്ന് ഇവളുടെയൊപ്പമാ കിടക്കുന്നേ... കുറേ നാളായില്ലേ... ഇനി ഇതുപോലെ കിടക്കാൻ പറ്റില്ലല്ലോ..."

"ഹ്മ്മ്... ഞാനൊരു കാര്യം പറയാനാ വന്നത്. നീയിങ്ങു വന്നേ..."

"ഏട്ടൻ പറഞ്ഞോ..."

"അത്... സ്റ്റേഷനിൽ നിന്നും വിളിച്ചിരുന്നു. നാളെ തന്നെ നാട്ടിൽ പോകണം"

"ഏഹ്? അപ്പൊ കല്യാണത്തിന് കാണില്ലേ?"

"അത് പറയാൻ പറ്റില്ല. പോയിട്ട് വീണ്ടും വരണ്ടേ? നിങ്ങളെ കൊണ്ടുവിടാൻ മാമനോട് പറയാം"

"അപ്പൊ പോകാൻ തന്നെ തീരുമാനിച്ചോ?"

"നീ കിടക്ക്... സമയം കുറേ ആയില്ലേ? ഗുഡ് നൈറ്റ്‌..."
രശ്മിയുടെ കവിളിൽ തട്ടി പറഞ്ഞുകൊണ്ട് കാർത്തി തിരിച്ചു പോയി. അവൾ അവനെ തന്നെ നോക്കി അവിടെ നിന്നു.

"എന്താ രെച്ചു? എന്താ കാർത്തി പറഞ്ഞേ?"

"അത്... ഏട്ടന് നാളെ പോകണമെന്ന്...  കല്യാണത്തിന് കാണില്ലെന്നാ തോന്നുന്നുന്നെ..."

"ശേ... എന്തേലും കേസിന്റെ കാര്യത്തിനാണോ?"

"ഹ്മ്മ്..."
ഒന്നു മൂളിക്കൊണ്ട് രശ്മി കട്ടിലിൽ ഇരുന്നു.

"അച്ഛൻ നാളെ പോവോ രെച്ചുമ്മേ?"

"ഹ്മ്മ്..."

"ഇപ്പൊ ആകെ ശോകമായല്ലോ നിവി മോളേ... നോക്ക്... നിന്റെ അമ്മ ഇങ്ങനെ വിഷമിച്ചിരിക്കുമ്പോൾ നമ്മളെങ്ങനെ കളിക്കാനാ?"

"രെച്ചുമ്മയോട് അച്ഛന്റെ അടുത്ത് പോയി കിടക്കാൻ പറയ് അനു ആന്റി... അമ്മ പോയിട്ട് നമുക്കിരുന്ന് കളിക്കാം"

നിവി പറഞ്ഞത് കേട്ട് രശ്മി പെട്ടന്ന് എണീറ്റു.

"അനു... ഞാൻ ഏട്ടന്റെ അടുത്ത് പോവാ... നിങ്ങള് കിടന്നോ"

"മ്മ്... ശെരി"

"രെച്ചുമ്മ പോവാണോ? ഗുഡ് നൈറ്റേ... അയ്യോ അച്ഛനോട് പറയാൻ മറന്നല്ലോ..."

"അത് സാരല്ല... അമ്മ പറഞ്ഞോളും. ഓക്കേ രെച്ചു... ഗുഡ് നൈറ്റ്‌..."

"മ്മ്..."
 രശ്മി അവിടെ നിന്നും കാർത്തി കിടക്കുന്ന റൂമിലേക്ക് നടന്നു. ഡോർ ചാരിയിട്ടിരിക്കുകയാണെന്ന് കണ്ടപ്പോൾ അവൾക്ക് മനസ്സിലായി. അവൾ അകത്തേക്ക് കയറിച്ചെന്നു.

"ഏട്ടനെന്താ ലൈറ്റ് ഓഫ്‌ ചെയ്യാതെ കിടക്കുന്നേ?"

"ഏഹ്? രെച്ചു... നീയെന്താ ഇങ്ങോട്ട് വന്നേ? അവിടെ കിടക്കുന്നുവെന്ന് പറഞ്ഞിട്ട്..."

"ഇല്ലാ... ഏട്ടന്റെയൊപ്പം കിടക്കാൻ തീരുമാനിച്ചു"

"ആഹാ... പെട്ടെന്നെന്താ ഇവിടെ കിടക്കണമെന്ന് തോന്നിയേ?"
ഉള്ളിൽ വന്ന ചിരി അടക്കി പിടിച്ചുകൊണ്ട് കാർത്തി ചോദിച്ചു.

"ഒന്നുല്ലാ... തോന്നി..."

"നീ പോയി ഡോർ ലോക്ക് ചെയ്തിട്ട് വാ..."

"മ്മ്..."

രശ്മി പോയി ഡോർ ലോക്ക് ചെയ്തിട്ട് വന്നു. കാർത്തി അവളെ അവന്റെ അരികിലായി ഇരുത്തി.

"പറയ്... എന്താ തോന്നിയേ?"

"അത്... ഏട്ടൻ നാളെ പോവില്ലേ... ഏട്ടൻ കൂടെയില്ലെങ്കിൽ അനുവിന്റെ കല്യാണം കഴിഞ്ഞാലും സീതമ്മ രണ്ടു ദിവസം കൂടി കഴിഞ്ഞിട്ടേ വിടുള്ളു. നാളെ പോയാൽ പിന്നെ ഏട്ടൻ തിരിച്ചു വരില്ലാലോ..."

"അതിന് നാളെ ആരാ നാട്ടിൽ പോകുന്നേ...? "
എന്നും പറഞ്ഞ് കട്ടിലിൽ മലർന്ന് കിടന്നുകൊണ്ട് കാർത്തി ചിരിച്ചു. രശ്മി ഇത്‌ കണ്ടിട്ട് വായും പൊളിച്ചിരുന്നു...

"ഞാൻ നാളെ പോകുമെന്ന് പറഞ്ഞപ്പോൾ നിനക്കിവിടെ വരാൻ അറിയാലേ? എനിക്കറിയാട്ടോ എന്റെ പൊണ്ടാട്ടിയെ എങ്ങനെയാ എന്റെയടുത്ത് വരുത്തുന്നേ എന്ന്..."
കാർത്തി രശ്മിയെ നോക്കി ഒരു കള്ളച്ചിരിയോടെ തന്റെ രണ്ടു പുരികവും പൊക്കി കാണിച്ചു.

"കള്ളാ... മോൻ ആള് കൊള്ളാലോ... പോലീസും കള്ളം പറയുമല്ലേ..."
രശ്മി കാർത്തിയുടെ നെഞ്ചിലിട്ട് ഇടിക്കാൻ തുടങ്ങി.

"ഡി രെച്ചു... ഇത് എന്താ കാണിക്കുന്നേ? വയറ്  നോക്ക്... നീ ചെരിഞ്ഞു കിടന്നേ..."
അവൻ അവളെ അവന് അഭിമുഖമായി ചെരിച്ചു കിടത്തി.

"ഞാൻ ഡ്യൂട്ടി ചെയ്യുമ്പോൾ കള്ളത്തരം കാണിക്കാറില്ല. കാക്കിക്കുള്ളിലും കലാകാരനുണ്ടെന്ന് പറയുമ്പോലെ എന്റെയുള്ളിൽ ഒരു കാമുകനുണ്ട്... ഒരു ഭർത്താവുണ്ട്... കാർത്തിയുടെ ഈ രെച്ചുവിന്റെ..."

കാർത്തി രശ്മിയുടെ കവിളിൽ ചെറുതായി നുള്ളിക്കൊണ്ട് പറഞ്ഞു. അവളുടെ കണ്ണുകളിൽ പ്രണയത്തിന്റെ അലയടിക്കുന്നത് അവൻ കണ്ടു. രണ്ടു കവിളുകളും കൂടുതൽ ചുവന്നു തുടുക്കാൻ തുടങ്ങി.

"ചില കാര്യങ്ങളിൽ നീ വിഷമിക്കാതിരിക്കാൻ എനിക്ക്  കള്ളം പറയേണ്ടി വരുമായിരിക്കും. പക്ഷേ,  അത് നിന്നോടുള്ള സ്നേഹം കൊണ്ടാ..."
കാർത്തി പറഞ്ഞ് നിർത്തിയതും അവന്റെ അധരങ്ങളിൽ രശ്മി ചുംബിച്ചു. തന്റെ കണ്ണുകൾ അടച്ചുകൊണ്ട് ആ ചുംബനത്തെ അവൻ സ്വീകരിച്ചു. അവളുടെ നെറുകയിലൊന്നു തലോടിക്കൊണ്ട് രശ്മിയുടെ നെറ്റിയിൽ കാർത്തിയും ഒരുമ്മ  കൊടുത്തു. കാർത്തിയുടെ കുസൃതി കണ്ണുകളിൽ തന്നോടുള്ള പ്രണയമാണ്... അവ തന്നെയാണ് നോക്കി പുഞ്ചിരിക്കുന്നത്...  അവൾ അവന്റെ കണ്ണുകളെ നോക്കി കിടന്നു.

"എന്താ രെച്ചു നോക്കുന്നേ?"

"ഒന്നുല്ലാ..."

"മ്മ്... പിന്നേ... ഞാനൊരു കാര്യം ചോദിക്കട്ടെ..."

"ഏട്ടൻ ചോദിക്ക്..."

"ഡേവിഡ് എങ്ങനെയാ അനുവിനെ ഇഷ്ടപ്പെട്ടേ? ഐ മീൻ എപ്പോഴാ അവളോട് ഇഷ്ടമാണെന്ന് പറഞ്ഞത്?"

"എന്താ ഇപ്പോ ഇങ്ങനെയൊരു ചോദ്യം? അവള് പാട്ടു പാടിയത് കേട്ടാണോ?"

"മ്മ്... അതേ..."
കാർത്തി ചിരിച്ചുകൊണ്ട് പറഞ്ഞു.

"ഇത് ഞാനും പണ്ട് ആലോചിച്ചിട്ടുണ്ട്... ഡേവിഡ് നല്ല ബോൾഡാണ്. കോളേജിൽ പാർട്ടിയിലൊക്കെ  ഉണ്ടെങ്കിലും ഉഴപ്പൊന്നുമില്ല. പഠിക്കുകയൊക്കെ ചെയ്യും. അവര് തമ്മിൽ സൺ‌ഡേ ക്ലാസ്സിന് പോയിക്കൊണ്ടിരുന്നപ്പോഴാ കമ്പനിയായത്"

"മ്മ്..."

"സെക്കന്റ്‌ ഇയറിൽ  പഠിക്കുമ്പോൾ സ്ട്രൈക്കിന്റെ സമയത്ത് എന്തോ ഇഷ്യൂ ഉണ്ടായി. സസ്പെൻഷൻ  കിട്ടുമെന്ന് പേടിയുണ്ടെന്ന് അവൻ അവളോട് പറഞ്ഞു. അപ്പോൾ അവള് പറയാ,  വീട്ടില് ഇരിക്കാൻ വയ്യെങ്കിൽ ആ സസ്പെൻഷൻ അവൾക്ക് മേടിച്ചു കൊടുക്കാൻ... അവള് വീട്ടില് ഇരുന്നോളാം... പകരം അവനോട് കോളേജിൽ പോയി പഠിക്കാൻ പറഞ്ഞു. ഫുഡും ഉറക്കവുമാണ് അവളുടെ മെയിൻ ഹോബി..."

"ആഹാ... കൊള്ളാലോ... എന്നിട്ട്?"

"അവന് സസ്പെൻഷൻ കിട്ടിയെന്നുമില്ല. പക്ഷേ, പിന്നീട് ഡേവിഡ് അവളുമായി കൂടുതൽ അടുത്തു. എന്തു കാര്യവും അവളെ വിളിച്ചു പറയും. അവളോട് സംസാരിക്കുമ്പോൾ അവന്റെ ടെൻഷൻ കുറയുന്നുവെന്ന് പറയും"

"മ്മ്..."

"നമ്മുടെ കാര്യത്തിൽ ഞാൻ വിഷമിച്ചിരുന്നപ്പോൾ എന്നെ സ്ട്രോങ്ങ്‌ ആക്കിയത് അവളാ... എന്തിനും നല്ല സപ്പോർട്ടായിരുന്നു"

"അതെനിക്ക് അറിയാലോ... പാതിരാത്രി കൂട്ടുകാരിയെ മതില് ചാടാൻ സപ്പോർട്ട് ചെയ്തതല്ലേ..."

"ദേ മനുഷ്യാ... അത് അവള് പറഞ്ഞിട്ടൊന്നുമില്ല. അതെന്റെ ഐഡിയയാണ്. പിന്നെ, ഞാൻ മതില് ചാടിയൊന്നുമില്ല..."

"ചാടിയില്ലെങ്കിലും അപ്പുറത്ത് നിന്ന് വന്നല്ലോ... ഏഹ്?"
കാർത്തി രശ്മിയെ കളിയാക്കി.

"ഓഹോ... രണ്ടു വർഷം കാണാതെ ഇരുന്നിട്ട് മനുഷ്യൻ പ്രാന്ത് പിടിച്ചു നടക്കുവായിരുന്നു. അപ്പോൾ അടുത്ത് സംസാരിക്കാൻ അവസരം കിട്ടിയപ്പോൾ വേറൊന്നും നോക്കിയില്ല..."

"എന്റെ പൊന്നേ... നീ ചൂടാവല്ലേ... ഞാൻ ചുമ്മാ പറഞ്ഞതാ... നാളെ എറണാകുളം സ്റ്റേഷനിൽ പോകണം. രണ്ടു മൂന്നു സാറന്മാരെ കാണണം. പിന്നെ,  ഒരു കേസിന്റെ ഡീറ്റെയിൽസ് അറിയണം. അതുകൊണ്ടാ ഇത്രയും ദിവസം ലീവ് എടുത്തേ... ഇതാകുമ്പോൾ ഈ യാത്രയിൽ എല്ലാം നടക്കുകയും ചെയ്യും നീയും ഹാപ്പിയാകും... പിന്നെ,  ഇങ്ങോട്ട് നിന്നെ കൊണ്ടുവന്നത് ഞാൻ ആണേൽ തിരിച്ചു അതുപോലെ ഞാൻ തന്നെ കൊണ്ടുപോകും"

"ഓഹോ..."

"അവര് രണ്ടുപേരും ഉറങ്ങിക്കാണോ?"

"ഏയ്... ഇനി അനുവിന് ഉറക്കം വന്നാലും നിവി ശിവരാത്രി ആക്കുമെന്നാ തോന്നുന്നെ..."

"എന്നാലേ... നമുക്ക് ശിവരാത്രി ആക്കണ്ട... ലൈറ്റ് ഓഫ് ചെയ്തേക്കാം..."

"മ്മ്... പിന്നെ... അനു ചോദിച്ചു നാളെ രാവിലെ ഏട്ടൻ ചിക്കൻ കറി ഉണ്ടാക്കുമോ എന്ന്..."

"ങേ? ഞാനോ? ചിക്കൻ കറിയൊക്കെ നമ്മളെക്കാൾ  നന്നായി വെക്കുന്നവരല്ലേ ഇവര്..."

"ഏട്ടൻ ഉണ്ടാക്കുന്ന രീതിയിൽ ആനിയമ്മ  ഇതുവരെ ചിക്കൻ കറി ഉണ്ടാക്കിയിട്ടില്ല...അതെങ്ങനെയാ വെക്കുന്നേ? വറ്റൽ മുളകൊക്കെ അരച്ച് റോസ്റ്റ് ചെയ്തിട്ടാണോ പിന്നെ കറി ആക്കുന്നേ... ഗ്രേവി കുറച്ചേ ഉള്ളു... പക്ഷേ, എന്താ ടേസ്റ്റ്... ഹോ...എനിക്ക് ഇതുവരെ പറഞ്ഞു തരാൻ പറഞ്ഞിട്ട് കേട്ടില്ല ദുഷ്ടൻ..."

"നിന്നോട് കണ്ടുപഠിക്കാൻ പറഞ്ഞിട്ട് നീയും കേട്ടില്ലല്ലോ..."

"ഓഹ്..."

"പിണങ്ങണ്ട... നാളെ പറഞ്ഞുതരാം... ഇപ്പൊ നമുക്ക് ഉറങ്ങാം..."

"മ്മ്..."
കാർത്തിയുടെ കൈത്തണ്ടയിൽ തല വെച്ച് രശ്മി ഉറങ്ങാനാരംഭിച്ചു.

പിറ്റേന്ന് രാവിലെ തന്നെ ചിക്കൻ കറി ഉണ്ടാക്കാൻ അടുക്കളയിൽ കാർത്തിയുടെ ഒപ്പം രശ്‌മിയും ആനിയും കൂടി. ആ സമയം അനുവും നിവിയും കൂടി മുറ്റത്ത് ഓടി കളിക്കുകയായിരുന്നു. രണ്ടു ദിവസം സന്തോഷത്തോടെ വേഗം കടന്നുപോയി... അപ്പോഴേക്കും അനുവിന്റെ ബന്ധുക്കളൊക്കെ വരാൻ തുടങ്ങി.
അനുവിന്റെ കല്യാണ ദിവസം:

      "രെച്ചു... ഈ ഗൗൺ എനിക്ക് ചേരുന്നുണ്ടോടി?"

"എന്താ കുഴപ്പം? നല്ല രസമുണ്ട്... അല്ലേ നിവി?"

"ആഹ്... അനു ആന്റി ഇന്ന് നല്ല ഗ്ലാമറാ..."

"താങ്ക് യൂ നിവി... മോളും ഈ ഫ്രോക്കില് കാണാൻ  മാലാഖക്കുട്ടിയെ പോലെയുണ്ട്. സെലക്ഷൻ എന്റെയല്ലേ..."

"അനു ആന്റി എന്തിനാ കയ്യില് സോക്ക്സ് ഇട്ടേക്കുന്നെ? കാലിലല്ലേ സോക്ക്സ് ഇടുന്നേ?"

"ഇത് ഈ ഗൗണിന്റെ ഒപ്പം ഉള്ളതാ മോളേ..."

"രെച്ചുമ്മേ... എന്റെ കല്യാണത്തിന് ഇതുപോലെത്തെ ഗൗൺ വാങ്ങിത്തരണേ..."

"ങേ?! മോളേ ഇത്... ക്രിസ്ത്യൻസിന്റെയാണ്"

"എന്നു വെച്ചാല്?"

"ശോ... അമ്മ മോൾക്ക് വേറെ ഗൗൺ വാങ്ങിത്തരാം"

"ഉം..."

"വാ രെച്ചു... നമുക്ക് സെൽഫി എടുക്കാം. ഡോർ തുറന്നാൽ കസിൻ പിള്ളേര് തള്ളിക്കേറും..."

"സെൽഫി ഞാനെടുക്കാം ആന്റി.. രെച്ചുമ്മേ... ഫോൺ തന്നേ..."

"ആഹ്... എന്നാൽ ആദ്യം ഞാനും നിവിയും സെൽഫി... രെച്ചു നീ മാറിക്കേ..."

"ആഹാ... ഇപ്പോൾ ഞാൻ ഔട്ടോ..."

"സെൽഫിപ്പുള്ളേ... ഉമ്മാ... ഉമ്മാ... "

പാട്ട് പാടിക്കൊണ്ട് അനു നിവിയുടെ കവിളിൽ ഉമ്മ കൊടുക്കുന്ന സെൽഫി എടുത്തു.

"രെച്ചുവേ... ലിപ്സ്റ്റിക് പോയോടി?"

"ഇല്ലാ..."

"മ്മ്... നീ ലിപ്സ്റ്റിക് ഇടുന്നില്ലേ? ഓഹ്... നിന്റെ കാർത്തി... സോറി നിന്റെ ഏട്ടൻ സമ്മതിക്കില്ലാലേ..."
അനു രശ്മിയെ കളിയാക്കിക്കൊണ്ട് ചോദിച്ചു.

"നിവി മോൾക്ക് അനു ആന്റി കുറച്ചു ലിപ്സ്റ്റിക് ഇട്ടു തരട്ടെ..."

"ദേ അനു... മിണ്ടാതിരുന്നേ..."

"ഓഹ്... അതൊന്നും സാരമില്ല. കൊച്ചല്ലേ..."
അനു കുറച്ചു ലിപ്സ്റ്റിക് എടുത്ത് നിവിക്ക് ഇട്ടുകൊടുത്തു. നിവി ഉടനെ പോയി കണ്ണാടിയിൽ നോക്കി ചിരിച്ചു.

"രെച്ചു... കല്യാണം കഴിയും വരെ എങ്ങനെ പിടിച്ചു നിൽക്കും?"

"നിനക്ക് ടെൻഷനാണോ? "

"ടെൻഷനോ? അയ്യേ... എന്തിന്?? മനുഷ്യൻ വിശന്നുപൊരിഞ്ഞ് നിൽക്കണ്ടേ... പ്രാർത്ഥന കഴിഞ്ഞ് ഇനി ഈ ഗൗൺ മാറ്റി അവർ തന്ന സാരിയുടുത്ത് പിന്നെ സ്റ്റേജിൽ കയറി ഫോട്ടോഷൂട്ട്‌... എന്റെ കർത്താവേ... ഓർക്കാൻ കൂടി വയ്യാ... എനിക്ക് അത്രയും നേരം പിടിച്ചു നിൽക്കാനുള്ള കണ്ട്രോൾ തരണേ..."
അനു പറഞ്ഞത് കേട്ട് രശ്മിക്ക് ചിരി വന്നു.

വൈകാതെ തന്നെ അവരെല്ലാവരും പള്ളിയിലേക്ക് തിരിച്ചു. നിവിയുടെ കയ്യിൽ ഒരു റോസാപ്പൂവ് കൊണ്ടുള്ള ഒരു ബൊക്ക ആനി കൊടുത്തിരുന്നു. പള്ളിയിലെ പ്രാർത്ഥന കഴിയുന്നത് വരെ നിവി അതിലെ റോസാപ്പൂവ് നുള്ളിക്കൊണ്ടിരുന്നു. മിന്നുക്കെട്ട് കഴിഞ്ഞതും കാർത്തി രശ്മിയേയും നിവിയേയും കൊണ്ട് ഫുഡ്‌ കഴിക്കാനായി പോയി. രശ്മിയും നിവിയും ഫ്രൈഡ് റൈസും ചിക്കൻ ഫ്രൈയും കാർത്തി ചോറും മാമ്പഴക്കൂട്ടാനും കുറച്ചു ബീഫുമാണ് കഴിക്കാൻ എടുത്തത്.

അവർ കഴിച്ചു കഴിഞ്ഞപ്പോഴേക്കും അനുവും ഡേവിഡും സ്റ്റേജിലേക്ക് വന്നു. കേക്ക് കട്ട്‌ ചെയ്ത് പരസ്പരം കൊടുത്തു. അവരോടൊപ്പം ഫോട്ടോയെടുത്ത് ഇറങ്ങിയപ്പോഴാണ്  കുഞ്ഞുമായി നിൽക്കുന്ന ഗൗരിയേയും ഗണേഷിനെയും രശ്മി കണ്ടത്. ഒരു പെൺക്കുഞ്ഞാണ്‌ അവർക്ക്... പേര് ഗംഗ.
കാർത്തിയും രശ്മിയും അവരോട് സംസാരിച്ചുക്കൊണ്ടിരിക്കെ അരുണും വിഷ്ണുവും വന്ന് സ്റ്റേജിൽ കയറി ഫോട്ടോ എടുത്തു. രശ്മിയെ കണ്ടതും വിഷ്ണു വേഗം താഴേക്കിറങ്ങി അവളെ വിളിച്ചു. താനൊരു ബാങ്കിൽ ജോലിക്ക് കയറിയെന്ന് വിഷ്ണു പറഞ്ഞു. പഴയ ഓർമ്മകൾ മനസ്സിൽ ഓടിയെത്തിയെങ്കിലും അവരെ കണ്ടതിൽ രശ്മിക്ക് സന്തോഷം തോന്നി.

പിറ്റേ ദിവസം രാവിലെ തന്നെ കാർത്തിയും കുടുംബവും നാട്ടിലേക്ക് തിരിച്ചു. അവർ വരുന്നതും കാത്ത് ഒരാൾ വീട്ടിൽ ഇരിപ്പുണ്ടായിരുന്നു.
(തുടരും)
©ഗ്രീഷ്മ. എസ്...

[ഇഷ്ടമായെങ്കിൽ അഭിപ്രായം പറയാൻ മടിക്കല്ലേ😇🙏... നിങ്ങൾക്ക് വേണ്ടിയാ മണിക്കൂറുകൾ ചെലവഴിച്ച് ഇതിന്റെ സെക്കന്റ് പാർട്ട് കുത്തിയിരുന്ന് എഴുതിയേ... മടിക്കാതെ ലൈക്ക്  ചെയ്യണേ😬]

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top