എൻ ജീവൻ❤️[The Conclusion] ഭാഗം- 1

Valappottukal
എൻ ജീവൻ❤️[The Conclusion]
ഭാഗം- 1

"അച്ഛാ... രെച്ചുമ്മേ... വാതില്  തുറക്ക്... നിവി മോളിവിടെ വെയിറ്റ് ചെയ്യുവാ..."
നിവി വാതിലിൽ തട്ടി വിളിക്കുന്ന ശബ്ദം കേട്ടാണ് കാർത്തിയും രശ്മിയും  ഉറക്കത്തിൽ നിന്നും ഉണർന്നത്.

"രെച്ചൂ... നമ്മുടെ കുസൃതി കുടുക്ക ഇന്ന് നേരത്തെ ഉണർന്നിട്ടുണ്ട്. ചെന്ന് വാതിൽ തുറക്ക്"

"ഉം..."

രശ്മി ഉടനെ എണീക്കാൻ പോയതും കാർത്തി അവളെ തടഞ്ഞു.

"ശോ... ഞാൻ മറന്നു. നീ അവിടെ കിടന്നേ... പെട്ടന്ന് ചാടി എണീക്കണ്ടാ. നമ്മുടെ മോൻ ഉള്ളതല്ലേ..."
അവൻ അവളെ നോക്കി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.

"ഓഹോ... മോൻ ആണെന്ന് ഉറപ്പിച്ചോ..."

"ആയിരിക്കും. ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു"

"എന്ത് സ്വപ്നമാ ഏട്ടാ?"

"അച്ഛാ..."

നിവി വീണ്ടും വാതിലിൽ തട്ടി വിളിച്ചപ്പോൾ കാർത്തി വേഗം എണീറ്റ് ചെന്ന് വാതിൽ തുറന്നു.

"ഹൊ... അച്ഛനും രെച്ചുമ്മയും ഇതെന്തൊരു ഉറക്കമാ... ഞാൻ എപ്പോഴേ വന്ന് വിളിക്കുവാ..."
കാർത്തി ഉടനെ നിവിയെ വാരിയെടുത്തു.

"അച്ഛന്റെ തക്കുടു ഇന്ന് നേരത്തെ എണീറ്റല്ലോ... എന്ത് പറ്റി?"

"അച്ഛമ്മ നേരത്തെ എണീറ്റ് അടുക്കളയിൽ  പോയി. അച്ഛാച്ചനും എണീറ്റു. ഞാൻ കണ്ണ് തുറന്നപ്പോ എന്റെയടുത്ത് ആരൂല്ല...  അടുക്കളയില് ചെന്ന് നോക്കിയപ്പോഴേ  അച്ഛമ്മ പാത്രം കഴുകുവാ... പിന്നെ ഞാനിങ്ങ് വന്നച്ഛാ... എനിക്ക് രെച്ചുമ്മയുടെ അടുത്ത് കിടക്കണം. ഞാൻ കുഞ്ഞാവയെ ഒന്നും ചെയ്യൂലാ..."

"മോളെയിങ്ങ് കിടത്ത് ഏട്ടാ..."

കാർത്തി ചിരിച്ചുകൊണ്ട് നിവിയെ രശ്മിയുടെ അടുത്ത് കിടത്തി.

"രെച്ചുമ്മേ... കുഞ്ഞാവ ഇപ്പൊ വയറ്റിനകത്തല്ലേ...? "

"അതേലോ..."

"എപ്പോഴാ പുറത്ത് വരുന്നേ?  വിഷുവിന് വരോ?"

"വിഷുവിനോ?! ഏട്ടാ... ഇവൾ ചോദിക്കുന്നത് കേട്ടോ?"

"ഇവൾ കുഞ്ഞല്ലേ രെച്ചു... അതേ... സമയം ആകുമ്പോൾ മോളോട് അച്ഛൻ പറയാട്ടോ..."
കാർത്തി നിവിയുടെ തലയിൽ തലോടി.

"ഉം... വാവേ... വേഗം വരണേ..."
നിവി രശ്മിയുടെ വയറിൽ പതിയെ ഒന്നു തൊട്ടു. ഇത് കണ്ട് അവർ രണ്ടുപേരും പരസ്പരം നോക്കി ചിരിച്ചു.

"ഏട്ടാ... ഇപ്പോൾ സമയം എത്രയായി?"

"നോക്കട്ടെ..."

കാർത്തി മേശയുടെ അടുത്തേക്ക് ചെന്ന് മൊബൈലെടുത്തു നോക്കി.

"മിസ്സ്ഡ് കാൾ കുറേ കിടപ്പുണ്ടല്ലോ... ഗണേഷ് വിളിച്ചിട്ടുണ്ട്... ങേ! എറണാകുളം  സ്റ്റേഷനിൽ നിന്നുമുണ്ട്. ശേ... ഇന്നലെ അമ്പലത്തിൽ നിന്ന് വന്നിട്ട് സൈലന്റ് മോഡ് മാറ്റാൻ മറന്നു പോയി"
കാർത്തി തന്റെ കൈ നെറ്റിയിൽ അടിച്ചുകൊണ്ട് പറഞ്ഞു.

"ഏട്ടൻ ടെൻഷനടിക്കാതെ തിരിച്ചു വിളിക്ക്..."

"മ്മ്..."

അവൻ മൊബൈലും എടുത്തുകൊണ്ട് മുറിയിൽ നിന്നും പുറത്തിറങ്ങി. രശ്മി നിവിയെ കൊഞ്ചിച്ചുകൊണ്ട് കട്ടിലിൽ തന്നെ കിടന്നു. കുറച്ചു സമയം കഴിഞ്ഞ് കാർത്തി മുറിയിലേക്ക് തിരിച്ചു വന്നു. അപ്പോഴേക്കും നിവി ഉറങ്ങിയിരുന്നു. അവന്റെ മുഖം വല്ലാതെ ഇരിക്കുന്നത് രശ്മി ശ്രദ്ധിച്ചു. അവൾ പതിയെ കട്ടിലിൽ നിന്നും എണീറ്റ് അവന്റെ അടുത്തേക്ക് ചെന്ന് ശബ്ദം കുറച്ച്  സംസാരിച്ചു.

"എന്താ ഏട്ടാ? എന്താ കാര്യം? മുഖമാകെ വല്ലാതെ ഇരിക്കുന്നല്ലോ? സ്റ്റേഷനിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?"

"ഏയ് നതിങ്... ഒരു മെസ്സേജ് പാസ്സ് ചെയ്യാൻ ഉണ്ടായിരുന്നു. അതാ..."

"എന്നിട്ടിപ്പോൾ എന്തായി?"

"എന്താകാൻ? പാസ്സ് ചെയ്ത് കഴിഞ്ഞു"

"പിന്നെ എന്താ മുഖമിങ്ങനെ?"

"എങ്ങനെ?"

കാർത്തി ഒരു കള്ളച്ചിരിയോടെ രശ്‌മിയെ ചേർത്ത് പിടിച്ചു. അവൾ അവന്റെ നെഞ്ചിൽ തല വെച്ച് നിന്നു.

'രെച്ചുവിനോട്‌ ഒന്നും പറയാതെ ഇരിക്കുന്നതാ നല്ലത്. അറിഞ്ഞാൽ  പേടിക്കുമെന്ന് ഉറപ്പാ. അതും ഈ അവസ്ഥയിൽ... വേണ്ട... പറയണ്ട'

"എന്താ ഏട്ടാ ഒന്നും മിണ്ടാത്തെ?"
രശ്മി തലയുയർത്തി ചോദിച്ചു.

"എന്തോ വിശക്കുന്നു... നീ ഇന്നലെ അട മാത്രമല്ലേ കഴിച്ചുള്ളു. അതുകൊണ്ട് ഞാനും വേറൊന്നും കഴിച്ചില്ല. ആദ്യം മോള് പോയി പല്ലു തേച്ച് കുളിച്ച് സുന്ദരി ആയിട്ട് അടുക്കളയിൽ പോയി ഏട്ടന് എന്തേലും ഉണ്ടാക്കി താ... അതുകഴിഞ്ഞ് നമുക്ക് ഡീറ്റൈലായി പേസലാമേ..."
എന്ന് പറഞ്ഞുകൊണ്ട് കാർത്തി അവളുടെ നെറ്റിന്മേൽ തല മുട്ടിച്ചു.

"അല്ലാ... ഏട്ടനപ്പോൾ ഇന്ന് ഓഫീസിൽ പോകുന്നില്ലേ?"

"ഇല്ലാ... നാളെ വിഷു കഴിഞ്ഞിട്ട് പോകുന്നേ ഉള്ളു"

"ഏഹ്? ഇന്നലെ ഒരു അത്യാവശ്യത്തിന് ലീവ് എടുത്തതല്ലേ?"

"അതിനിപ്പോൾ എന്താ രെച്ചു? നമുക്ക് ആവശ്യമുള്ളപ്പോഴല്ലേ ലീവ് എടുക്കേണ്ടത്"

"ഇന്നെന്താ ആവശ്യം?"

"എന്റെ രെച്ചു... നീ ഇങ്ങനെ ചോദ്യം ചോദിച്ചു കൊണ്ടിരിക്കാതെ പോയി കുളിച്ചേ... മോളെ ഞാൻ നോക്കിക്കോളാം"

"ഹ്മ്മ്... ശെരി ബോസ്സ്"

കുളിക്കാനുള്ള ഡ്രെസ്സും മറ്റും എടുത്തുകൊണ്ട് രശ്മി ബാത്‌റൂമിലേക്ക് കയറി. ഉറങ്ങിക്കിടക്കുന്ന നിവിയുടെ അടുത്തേക്ക് കാർത്തി ചെന്നിരുന്നു. രശ്മി കുളിച്ചു വന്നപ്പോഴേക്കും നിവി ഉറക്കമുണർന്നിരുന്നു.

"എന്താണ് സാറിനൊരു ആലോചന?"

"ഏയ്... ഒന്നുല്ല..."

"രെച്ചുമ്മേ എനിക്ക് വിശക്കുന്നു... "

"ആഹാ... അച്ഛനും മോൾക്കും ഇന്ന് നേരത്തെ വിശപ്പ് തുടങ്ങിയല്ലോ...  ഏട്ടൻ പോയി പല്ല് തേച്ചാട്ടെ... മോളെ ഞാൻ താഴെ കൊണ്ടു പോകാം"

"ഹ്മ്മ്..."

കാർത്തി എണീറ്റ് രശ്മി തലയിൽ ചുറ്റി വെച്ചിരിക്കുന്ന ടവ്വൽ അഴിച്ചെടുത്ത് ഒരു പുഞ്ചിരിയോടെ  ബാത്‌റൂമിലേക്ക് പോയി. നിവിക്ക് തേക്കാനുള്ള ബ്രഷ്  എടുത്തുകൊണ്ട് രശ്മി താഴേക്കും.

" കട്ടിലിൽ മോളെ കാണാതായപ്പോൾ എനിക്ക് തോന്നി അങ്ങോട്ട്‌ വന്നു കാണുമെന്ന്. ഞാനിപ്പോൾ പാത്രം കഴുകി തീർന്നതേയുള്ളൂ. മോള് വാ... അച്ഛമ്മ പല്ല് തേപ്പിക്കാം. മുടിയിൽ നിന്നും വെള്ളം വീഴുന്നുണ്ടല്ലോ രെച്ചൂ... മോൾക്കൊരു ടവ്വൽ കൊണ്ടു കെട്ടി വെച്ചൂടെ?"
എന്നും പറഞ്ഞുകൊണ്ട് രേവതി ഉടനെ റൂമിലേക്ക് പോയി ഒരു ടവ്വലും തോർത്തും എടുത്തു കൊണ്ടുവന്നു.

"നേരെ തല തുവർത്തേണ്ടേ രെച്ചുവേ... ഈ സമയത്ത് വെറുതെ അസുഖം വരുത്തി വെക്കല്ലേ..."

"ആഹാ ഇവിടെ തല തോർത്തി കൊടുക്കുകയാണോ? നമ്മളോടൊന്നും ഈ സ്നേഹം ഇല്ലാട്ടോ അമ്മേ..."

"എന്റെ കിച്ചു... മുടിയിൽ നിന്നും വെള്ളം വീഴുന്നത് കണ്ടപ്പോൾ അമ്മ തോർത്തി തന്നതാ"

"ഞാൻ ചുമ്മാ പറഞ്ഞതല്ലേ രെച്ചു ചേച്ചി... പണ്ട് ഇതുപോലെ എന്റെ മുടിയിൽ  നിന്നും വെള്ളം വീഴുന്നത് കണ്ടാൽ ഏട്ടനെന്നെ നല്ല വഴക്കു പറയും. എന്നിട്ട് ഏട്ടൻ  തന്നെ തല തുവർത്തി തരും. നിവി മോള് വാ... അമ്മായി പല്ല് തേപ്പിക്കാം"

"രഞ്ജുവേട്ടൻ എണീറ്റോ അമ്മായി?"

"മോളും കൂടി വന്നിട്ടേ പല്ല് തേക്കുന്നുള്ളു എന്നും പറഞ്ഞ് അവിടെ നിൽപ്പുണ്ട്. വാ..."

കീർത്തി നിവിയേയും കൊണ്ട് പുറത്തേക്ക് പോയി. രശ്മി രേവതിയെ സഹായിക്കാൻ അടുക്കളയിലും കയറി. കുളി കഴിഞ്ഞ് ഇറങ്ങിയിട്ടും കാർത്തി താഴേക്ക് ചെല്ലാതെ റൂമിൽ തന്നെയിരുന്നു. കുറേ നേരം കഴിഞ്ഞിട്ടും കാണാതെ ആയപ്പോൾ കാർത്തിയെ അന്വേഷിച്ച് രാജീവ്‌ റൂമിലേക്ക് വന്നു.

"അളിയോ... താഴെ വരുന്നില്ലേ?"

"ആഹ്... വരാം..."

"അല്ലാ... ഇന്ന് ഓഫീസിൽ പോകുന്നില്ലേ?"

"ഇല്ലെടാ... നാളെ കഴിഞ്ഞ് പോകുന്നേയുള്ളു"

"ങേ? അപ്പോൾ ലീവ് എടുത്തോ?"

"മ്മ്മ്..."

"എന്താ കാർത്തി?  എന്തേലും പ്രോബ്ലം?"

"ഹ്മ്മ്... നീ വാ... പറയാം"

കയ്യിൽ മൊബൈലും എടുത്തുകൊണ്ട് കാർത്തി ബാൽക്കണിയിലേക്ക് പോയി. കൂടെ രാജീവും... അവർ സംസാരിച്ചുകൊണ്ടിരിക്കെ കീർത്തി  അവിടേക്ക് വന്നു.

"ആഹാ... രണ്ടുപേരും ഇവിടെ നിന്ന് സംസാരിക്കുവാണോ? ഏട്ടനെ വിളിക്കാനാ രാജീവേട്ടനെ പറഞ്ഞു വിട്ടത്. അപ്പോൾ ദേ രണ്ടും കൂടി നിന്ന് സംസാരിക്കുന്നു"

"ഞങ്ങൾ ഇപ്പൊ വരാം മോളേ... നീ ചെല്ല്"

"മ്മ്... ഏട്ടന് നല്ല വിശപ്പുണ്ടെന്ന് പറഞ്ഞിട്ട് ദേ രെച്ചു ചേച്ചി അവിടെ ഏട്ടന് ഇഷ്ടപ്പെട്ട ദോശയും തക്കാളി ചമ്മന്തിയുമൊക്കെ റെഡി ആക്കി കാത്തിരിക്കുവാ..."

"ഹ്മ്മ്... വരാം... രാജീവേ... വാ പോകാം"

"എന്താണ് അളിയൻസ് തമ്മിൽ? വല്ല ഗൂഢാലോചന വല്ലതുമാണോ?"

"അതേടി... അതൊക്കെ പറഞ്ഞാൽ നിന്റെ തലക്ക് കേറില്ല. കുറച്ചു ബുദ്ധി കൂടി വേണം"
രാജീവ്‌ കീർത്തിയുടെ തലക്കിട്ട് ചെറുതായൊന്നു കൊട്ടിയിട്ട് പറഞ്ഞു.

"ഓഹോ... അപ്പൊ പറഞ്ഞു വരുന്നത് ഞാൻ മന്ദബുദ്ധി ആണെന്നാണോ? എങ്കിൽ എനിക്കും ഒരു കാര്യത്തെ പറ്റി ഗൂഢമായി ആലോചിക്കേണ്ടി വരും "

"എന്ത് കാര്യം?"

"അടുത്ത് ഇനിയൊരു കൊച്ച് വേണോ വേണ്ടയോ എന്നതിനെ പറ്റി... എന്തേ?"

"അയ്യോ...  ചതിക്കല്ലേ മോളൂ... നമ്മുടെ രെഞ്ചുവിന് ഒരു കൂട്ട് വേണ്ടേ?"
എന്നും പറഞ്ഞ് രാജീവ്‌ കീർത്തിയുടെ പിന്നാലെ ചെന്നു. ഇത് കണ്ട് ചിരിച്ചുകൊണ്ട് കാർത്തിയും താഴേക്ക് ചെന്നു.

പ്ലേറ്റിൽ വരച്ച് കളിക്കാതെ മര്യാദക്ക് ഇരുന്ന് കഴിച്ചേ നിവി... ചമ്മന്തി വേണോ നിനക്ക്?"

"എനിക്ക് വേണ്ടാ... ഞാൻ രെഞ്ചുവേട്ടന്റെ പ്ലേറ്റിൽ നിന്നും എടുത്തോളാം"
 നിവി ഉടനെ രഞ്ജുവിന്റെ പ്ലേറ്റിൽ നിന്നും തക്കാളി ചമ്മന്തി കൈകൊണ്ട് വാരിയെടുത്തു.

"ശേ... ആഹ് ഏട്ടൻ വന്നോ? ... നിവി ചെയ്തത് കണ്ടോ ഏട്ടാ? രഞ്ജു മോന് ചമ്മന്തി തരട്ടെ..."

"വേണ്ട മാമി... എനിക്കിത്രയും മതി.  ചമ്മന്തി നിവി മോള് എടുത്തോട്ടെ"

"നല്ല രെഞ്ചുവേട്ടൻ. രെഞ്ചുവേട്ടന് എന്റെ ജീപ്പ്  കളിക്കാൻ തരാമേ..."

"ഹ്മ്മ്... രെഞ്ചു... മോന്റെ കാർ  സൂക്ഷിച്ചോ... ഇവൾ നിനക്ക് ജീപ്പ്  തരാമെന്ന് പറഞ്ഞെങ്കിൽ അത് ആ കാർ കണ്ടിട്ടാ"

കാർത്തി ഒന്നും മിണ്ടാതെ കസേര നീക്കിയിട്ട് ഇരുന്നു.

"എന്താ മോനേ?  നീ ഒന്നും മിണ്ടാത്തെ?"

"ഒന്നുല്ലച്ഛാ... ഒരു കേസിന്റെ കാര്യം ആലോചിക്കുവായിരുന്നു..."

"ആഹ്... ഞാൻ ചെല്ലുമ്പോൾ രണ്ടു പേരും കൂടി ഒടുക്കത്തെ സംസാരം. ഏതേലും കുഴപ്പം പിടിച്ച കേസായിരിക്കും. ഏട്ടന്റെ ഈ മുഖം കാണുമ്പോൾ തോന്നുവാ ഏട്ടൻ പോലീസാകണ്ടായിരുന്നു എന്ന്"

ഇത് കേട്ട് കാർത്തി ഉടനെ രശ്മിയുടെ മുഖത്തേക്ക് നോക്കി. അവളുടെ മുഖം മാറുന്നത് അവൻ ശ്രദ്ധിച്ചു.

"എന്റെ രെച്ചു...  നീ ഇവൾ പറയുന്നതൊന്നും കാര്യമാക്കല്ലേ... കുറച്ചു തക്കാളി ചമ്മന്തി എടുത്ത് തന്നേ..."
രശ്മി വന്ന് കാർത്തിയുടെ പ്ലേറ്റിൽ ചമ്മന്തി വെച്ചു കൊടുത്തു.

എല്ലാവരും കഴിച്ച് എണീറ്റപ്പോഴാണ് ആരോ വന്ന് കാളിംഗ് ബെൽ അമർത്തിയത്. രശ്മിയുടെ അച്ഛനും അമ്മയുമായിരുന്നു അത്. രവിയും സീതയും. അവർ വന്നതിന്റെ സന്തോഷത്തിൽ നിവി ഓടി അവരുടെ അടുത്തേക്ക് ചെന്നു. അവരെ ഒന്നു നോക്കി പുഞ്ചിരിച്ച ശേഷം കാർത്തി റൂമിലേക്ക് തന്നെ തിരിച്ചു പോയി. അവൻ പോകുന്നത് രശ്മി കണ്ടു. അവളുടനെ പിന്നാലെ ചെന്നു.

കാർത്തി ആർക്കോ കാൾ ചെയ്യാൻ ഒരുങ്ങുമ്പോഴാണ് കയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന രശ്മിയെ കണ്ടത്.

"ഹാ... നീ എന്താ പെട്ടന്ന് ഇങ്ങ് കേറി വന്നേ... മാമനും മാമിയും വന്നത് കണ്ടില്ലേ?"

"ഇത് തന്നെയാ എനിക്ക് അങ്ങോട്ടും ചോദിക്കാനുള്ളത്. എന്താ കാര്യം?"

"ശോ... നീ ഇങ്ങ് വന്നേ... ആ വാതിൽ കുറ്റിയിട്"

കാർത്തിയെ രൂക്ഷമായി ഒന്നു നോക്കിയിട്ട് രശ്മി വാതിൽ കുറ്റിയിട്ടു. അപ്പോഴേക്കും അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ അമർന്നിരുന്നു.

"എന്താ മോന്റെ ഉദ്ദേശം?"

"എന്തേലും ഉദ്ദേശമുണ്ടെങ്കിൽ മാത്രേ എനിക്ക് ഇങ്ങനെ പിടിക്കാവൂ എന്നുണ്ടോ എന്റെ ഭാര്യേ?"
രശ്മിയുടെ വലം തോളിൽ മുഖം അമർത്തി കൊണ്ട് കാർത്തി പറഞ്ഞു. അവൾ ഉടനെ തിരിഞ്ഞു നിന്നു. അവന്റെ കവിളിൽ മെല്ലെ കൈ വെച്ചു.

"സത്യം പറാ... എന്താ മുഖത്ത് ടെൻഷൻ?"

"ഒന്നുല്ല മോളേ..."
രശ്മിയുടെ കൈ പിടിച്ച് ആ ഉള്ളം കയ്യിൽ കാർത്തി ഒരുമ്മ കൊടുത്തു..

"ഒരു കേസിന്റെ കാര്യം ആലോചിക്കുവായിരുന്നു. അതിന് വേണ്ട നടപടിക്രമങ്ങളും മറ്റും എടുക്കണ്ടേ?"

"അത് ആലോചിക്കാനാണോ ലീവ് എടുത്തേ?"

"ആഹ്... ഏയ് അല്ലാ... നാളെ കഴിഞ്ഞ് പോകാമെന്ന് എന്റെ മനസ്സ് പറഞ്ഞു. സോ, ലീവ് എടുത്തു. ഞാൻ അധികം ലീവൊന്നും എടുത്തിട്ടില്ലലോ... പിന്നെ,  ഒരു പോലീസ്കാരന്റെ ലൈഫിൽ ടെൻഷനൊക്കെ കാണും. പക്ഷേ,  പണ്ടത്തെ പോലെ അത് ഫാമിലിയെ ബാധിക്കാൻ ഞാൻ സമ്മതിക്കില്ല"

"ഹ്മ്മ്... എങ്കിൽ ഇപ്പൊ തന്നെ വാ..."

"എങ്ങോട്ട്?"

"താഴേക്ക്... അല്ലാതെ എവിടെ?"

"ഒരു കാൾ ചെയ്തിട്ട് ഞാനങ്ങോട്ടു വരാം"

"മ്മ്... പെട്ടന്ന് വരണേ..."
കാർത്തിയുടെ കവിളിൽ ഒരുമ്മ കൊടുത്തിട്ട് രശ്മി വാതിൽ തുറന്നു പുറത്തേക്കിറങ്ങി.

"പതുക്കെ സ്റ്റെപ് ഇറങ്ങി പോ രെച്ചു..."

"ഓ... ഞാൻ ശ്രദ്ധിച്ചോളാം..."

തന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പോകുന്ന രശ്മിയെ കാർത്തി നോക്കി നിന്നു. പിന്നെ,  ഒരു ദീർഘനിശ്വാസം എടുത്തുകൊണ്ട് ഒരു നമ്പറിലേക്ക് കാൾ ചെയ്തു. രാത്രി എല്ലാവരും ചേർന്ന് കണിക്കൊന്നയും കണിവെള്ളരിക്കയും പഴങ്ങളും മറ്റും കൊണ്ട്  വിഷുക്കണി ഒരുക്കിയിട്ടാണ് കിടന്നുറങ്ങിയത്.
         
പിറ്റേന്ന് കണ്ണനെ കണി കണ്ടു നിൽക്കുമ്പോൾ രശ്മിയുടെ കണ്ണുകൾ കാർത്തിയിലായിരുന്നു. അവളുടെ നോട്ടം ശ്രദ്ധിച്ച കാർത്തി എന്താന്ന് പുരികം പൊക്കി ചോദിച്ചു. അവൾ ഒന്നുമില്ലെന്ന് ചുമൽ കുലുക്കി കാണിച്ചു. വൈകാതെ തന്നെ എല്ലാവരും കുളിച്ചു അമ്പലത്തിലേക്ക് പോയി കണ്ണനെ തൊഴുതു വന്നു. പിന്നെ, അവിടെ കൈ നീട്ടം കൊടുക്കലായി. അത് കണ്ട രഞ്ജു ഉടനെ അവന്റെ റൂമിലേക്ക് ഓടിപ്പോയി ഒരു കളിപ്പാട്ടം എടുത്തു കൊണ്ടു വന്നു.

"നിവീ...."

"എന്താ രഞ്ജുവേട്ടാ...? "

"ഒന്നിങ്ങു വന്നേ..."

"എന്തിനാ? ഈ പൈസ തരാനാണോ? ഞാൻ തരൂലാ..."

"ശോ... അതല്ലാ..."

"പിന്നെന്താ? "

"വാ... ഒരു കാര്യം തരാം..."

"എന്നെ പറ്റിച്ചാല് ഞാൻ മിണ്ടൂലാ..."
എന്നും പറഞ്ഞ് നിവി രഞ്ജുവിന്റെ അടുത്തേക്ക് ചെന്നു.

"ഇന്നാ... എന്റെ കാർ നിവി എടുത്തോ..."

"ഹായ്... അപ്പൊ രഞ്ജുവേട്ടനിത് വേണ്ടേ?"

"വേണ്ടാ... എടുത്തോ... ഇതെന്റെ വിഷു സമ്മാനമാ..."

"അയ്യോ... അപ്പൊ ഞാൻ രഞ്ചുവേട്ടന് എന്ത് സമ്മാനം തരും? ജീപ്പ് തരൂലാ... പിന്നെ... എന്ത്  തരും? "

നിവി താടിയിൽ കൈ വെച്ച് മുകളിലോട്ട് നോക്കി ആലോചനയിലായി.

"ആഹ്... കിട്ടി... രഞ്ചുവേട്ടന്റെ ചെവി തന്നേ... ഒരു കാര്യം പറയാം..."

എന്താണ് കാര്യമെന്ന് അറിയാൻ രഞ്ജു തല കുനിച്ചതും നിവി അവന്റെ കവിളിലൊരു ഉമ്മ കൊടുത്തു.

"ഇതാ എന്റെ സമ്മാനം... ഞാനേ എന്റെ  ജീപ്പ് എടുത്തിട്ട് ഇപ്പൊ വരാമേ..."
എന്നും പറഞ്ഞ് നിവി രേവതിയുടെ റൂമിലേക്ക് ഓടിപ്പോയി. അവളുടെ പിന്നാലെ രഞ്ജുവും ചെന്നു.
ഇതൊക്കെ കാർത്തിയും രശ്മിയും കീർത്തിയും കൂടി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവർ മൂവരും നോക്കി ചിരിച്ചു.

"രെച്ചു ചേച്ചി... ഇന്ന് വിഷു ആയിട്ട് പുതിയ ഏതേലും സിനിമ കാണും. ഞാൻ പോയി ടി. വി. വെക്കട്ടെ..."
എന്നും പറഞ്ഞ് കീർത്തി പോയി ടി.വി. ഓൺ ചെയ്തു.
റിമോട്ട് എടുത്തുകൊണ്ട് അവൾ  ഓരോ ചാനൽ ആയി മാറ്റാൻ തുടങ്ങി.

"ശേ... മലയാളത്തിൽ എല്ലാം കണ്ടതാ... ഇനി തമിഴ് വെച്ചു നോക്കാം"

"ഡി... നീ ഏതെങ്കിലും ഒരു ചാനൽ വെക്ക്"

"എല്ലാത്തിലും നോക്കണ്ടേ? ഏതാ നല്ലതെന്ന് നോക്കിയിട്ട് ഒരു ചാനൽ  വെച്ചാൽ പോരെ രാജീവേട്ടാ?"

"ഓ... ശെരി"

~ഇൻട്രു മാലൈ 6:30ക്ക് തെരി... മെഗാഹിറ്റ് തിരൈപ്പടം... സൺ‌ ടി.വി യിൽ കാണാത്തവറാതിങ്കൾ~

"രെച്ചു ചേച്ചി... നോക്കിയേ...  വിജയുടെ തെരി സിനിമയുണ്ട്. നിവിയുടെ ഫേവറിറ്റ് അല്ലേ... നമ്മളെല്ലാവരും ഒരു വിഷുവിനല്ലേ പോയി കണ്ടത്. ഹോ... ഓർക്കുമ്പോൾ ഇന്നലെ നടന്നത് പോലെ തോന്നുന്നു.

കീർത്തി അങ്ങനെ പറഞ്ഞപ്പോൾ കാർത്തിയും രശ്മിയും അവരറിയാതെ പരസ്പരം നോക്കിപ്പോയി.

"കണ്ണും കണ്ണും.... തമ്മിൽ തമ്മിൽ... കഥകൾ കൈ മാറും അനുരാഗമേ...
എട്ടോ..."

കീർത്തി വിളിച്ചപ്പോഴാണ് കാർത്തി രശ്മിയിൽ നിന്നും നോട്ടം മാറ്റിയത്. രശ്മി പതിയെ അവിടെ നിന്നും അടുക്കളയിലേക്ക് പോയി. അവിടെ ബാക്കിയുള്ളവർ വിഷുസദ്യക്കുള്ള  ഒരുക്കങ്ങൾ നടത്തുകയാണ്.

സദ്യയൊക്കെ കഴിഞ്ഞ് ഒരു വൈകുന്നേരമാകാറായപ്പോൾ കാർത്തിയെ അന്വേഷിച്ച് രണ്ടുപേർ വന്നു. എറണാകുളം സ്റ്റേഷനിലുള്ള തന്റെ  സുഹൃത്തുക്കളാണെന്ന് പറഞ്ഞ് അവരെ കാർത്തി രശ്മിക്ക് പരിചയപ്പെടുത്തി. സന്ധ്യ കഴിഞ്ഞ് അവർ ഇറങ്ങുകയും ചെയ്തു.
അപ്പോഴേക്കും കമ്പിത്തിരിയും മറ്റും കൊണ്ട് നിവി മുറ്റത്തേക്ക് ഇറങ്ങി. കൂടെ ബാക്കിയുള്ളവരും.

"അമ്മാമ്മേ... പേടിക്കാതെ വന്നേ..."

"അയ്യോ... ഞാനില്ല... അവിടെയും രശ്മിയും രവിയേട്ടനുമാ ഇതൊക്കെ കത്തിക്കുന്നെ. ഞാൻ ഇവര് കത്തിക്കുന്നത് നോക്കി നിൽക്കും"
സീത പറഞ്ഞു.

"ഇവിടെ രെച്ചു വന്നതിൽ പിന്നെയാ ഏട്ടത്തി, വിഷുവിന് പടക്കമൊക്കെ പൊട്ടിക്കുന്നത്. അല്ലെങ്കിൽ കാർത്തിയും ഇവളും കൂടി ദീപാവലി ആകുമ്പോഴാ പടക്കങ്ങളും കൊണ്ട് ഇതുപോലെ ഇറങ്ങുന്നെ... അന്ന് മൊത്തം കത്തിച്ചു തീരാതെ രണ്ടെണ്ണവും വീട്ടിൽ കയറത്തില്ല"

"ആണോ? മ്മ്... ആ സ്വഭാവമൊക്കെ നിവി മോൾക്കും കിട്ടിയിട്ടുണ്ടെന്നാ തോന്നുന്നുന്നെ"

"അയ്യേ... രണ്ടു അമ്മൂമ്മമാർക്കും പേടിയാ... രഞ്ജുവേട്ടനിത് പിടിച്ചേ... ഞാനാദ്യം കത്തിക്കാം. അച്ഛാ... വന്നേ..."

"ഹാ... വരുന്നു... "

കാർത്തി ഒരു കമ്പിത്തിരി കത്തിച്ച്  നിവിയുടെ കയ്യിൽ കൊടുത്തു. എന്നിട്ട് അവളുടെ കൈയുടെ പുറമേ കൂടി പിടിച്ച് കമ്പിത്തിരി വട്ടം കറക്കാൻ തുടങ്ങി. നിവിയുടെ മുഖമപ്പോൾ കൂടുതൽ മിന്നിത്തിളങ്ങി. അങ്ങനെ ഓരോരുത്തരായി കമ്പിത്തിരി കത്തിച്ചു. കളിയും ചിരിയുമായി സമയം കടന്നുപൊയ്ക്കൊണ്ടിരുന്നു. അവരുടെ സന്തോഷം തല്ലിക്കെടുത്താൻ ഉറപ്പിച്ചുകൊണ്ട് ഇരുട്ടിന്റെ മറ പറ്റി ആരും കാണാതെ ഒരാൾ അവിടേക്ക് വന്നു. കയ്യിൽ സൂക്ഷിച്ചു വെച്ചിരിക്കുന്ന തോക്ക് പതിയെ പുറത്തെടുത്തുകൊണ്ട് അവന്റെ കണ്ണുകൾ കാർത്തിയെ തിരഞ്ഞു.
(തുടരും)
©ഗ്രീഷ്മ. എസ്
[🙋‍♀️ ഫ്രണ്ട്സ്, 
എല്ലാർക്കും എന്നുടെ വണക്കം😁🙏.
സുഖമാണെന്ന് കരുതുന്നു😇.
Ⓢⓣⓐⓨ Ⓢⓐⓕⓔ Ⓐⓣ Ⓗⓞⓜⓔ👍
എന്റെ രെച്ചുവും കാർത്തിയും വീണ്ടും ഇതാ നിങ്ങളുടെ മുന്നിലേക്ക് വന്നിരിക്കയാണ്. അവരെ സ്വീകരിച്ചപോലെ നിവിയേയും രഞ്ജുവിനേയും സ്വീകരിക്കണേ😊🙏. സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു🙂. 
ആദ്യ തുടർക്കഥയായ എൻ ജീവൻ❤️ നു നിങ്ങളിൽ നിന്നും ലഭിച്ച സപ്പോർട്ട് എന്നെ സംബന്ധിച്ച് വളരെ വലുതാണ്😇. നിങ്ങളുടെ സപ്പോർട്ട് ഒന്നു കൊണ്ടു മാത്രമാണ് ഇതിന്റെ രണ്ടാം ഭാഗം എഴുതാൻ എനിക്ക് പ്രചോദനം കിട്ടിയത്.
അപ്പോൾ ഇഷ്ടപ്പെട്ടെങ്കിൽ ആ ലൈക്ക് ബട്ടൺ ഒന്നു അമർത്തിക്കേ... കൂടെ നിങ്ങളുടെ അഭിപ്രായവും എഴുതണേ... എന്നാലേ ഡബിൾ ഹാപ്പിയാവൂ😬]

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top