"അമ്മേ... അവളെന്നാ വരിക..?"
ഹോസ്റ്റലിൽ നിന്ന് ലീവിന് വന്ന രാത്രി അമ്മയോട് പറ്റി ചേർന്ന് കിടക്കുമ്പോൾ ഞാൻ ചോദിച്ചു.
"നീ വന്നത് വിളിച്ചു പറഞ്ഞത് മുതൽ അവിടെ ഇരിക്കപ്പൊറുതി നഷ്ടപെട്ടിട്ടുണ്ട്... നോക്കിക്കോ നാളെ രാവിലെ തന്നെ ഇവിടെയെത്തും."
"ഞാനന്ന് പോയതിൽ പിന്നെ അവളിവിടെ താമസിക്കാൻ വന്നിട്ടില്ലലേ അമ്മേ??"
"രണ്ടീസം ഇവിടെ വന്ന് നിക്കാൻ പറഞ്ഞ് ഞാൻ കുറെ വിളിച്ചതാ മോളെ... അപ്പൊ നീ വരുമ്പോ വരാമെന്ന് പറഞ്ഞു എന്നാലല്ലേ നിങ്ങൾക്ക് രണ്ടാൾക്കും ഒരുമിച്ചു കുറച്ചു ദിവസം കൂടാൻ പറ്റുള്ളൂന്ന്. പിന്നെ ഞാനും നിര്ബന്ധിച്ചില്ല."
"ഹ്മ്മ്..."
പുറത്തു നല്ല മഴ പെയ്യുന്നുണ്ട്.. ഇടിമിന്നലിൽ നേർത്ത വെളിച്ചം ജനൽ പാളിയിൽ തട്ടി തിരിച്ചു പോകുന്നു.. അമ്മയും ഉറങ്ങിയിട്ടില്ലെന്ന് കണ്ടു.
അവളെ കല്യാണം കഴിപ്പിച്ചയക്കണ്ടായിരുന്നു അമ്മേ... എങ്കി എത്ര നാൾ വേണമെങ്കിലും നമുക്കിവിടെ സന്തോഷത്തോടെ കഴിയായിരുന്നില്ലേ.. അച്ഛനും അമ്മയും ചേച്ചിയും ഞാനും മാത്രം.
അമ്മയുടെ അടക്കി പിടിച്ചുള്ള ചിരിയിൽ നിന്ന് വ്യക്തമായിരുന്നു പറഞ്ഞത് നല്ല ശുദ്ധ മണ്ടത്തരം ആണെന്ന്. ഇരു കൈകളാൽ അമ്മ ഒന്നുകൂടി എന്നെ ചേർത്തു പിടിച്ചു.
പെണ്മക്കളെ നല്ല രീതിയിൽ കെട്ടിച്ചയാകുമ്പോഴാ ഏതൊരച്ഛനമ്മയ്കും മനസ്സിൽ സന്തോഷം ഉണ്ടാകുക. കല്യാണം കഴിഞ്ഞാൽ പിന്നെ നിങ്ങൾ മറ്റൊരു വീടിന് വിളക്കാകേണ്ടവർ ആണ്.. ഞങ്ങളെ സ്നേഹിച്ച പോലെ തന്നെ അവിടെ ഉള്ളവരെയും സ്നേഹിക്കണം.. ഇന്ന് അവളാണെങ്കിൽ നാളെ നീയും മറ്റൊരു വീട്ടിലേയ്ക്ക് ചെന്ന് കയറേണ്ടവൾ ആണ്.. നിങ്ങളെ പിരിഞ്ഞിരിക്കാൻ വിഷമം ഉണ്ടെന്ന് കരുതി ഞങ്ങൾക്കിവിടെ പിടിച്ചു വെക്കുവാനും കഴിയില്ലല്ലോ. .
"ശരിയാണ് അമ്മ പറഞ്ഞത്...പെണ്മക്കൾ...സ്വന്തം വീട്ടിലേക്ക് ഒരു അതിഥിയെ പോലെ കേറി വരാൻ നിയോഗിക്കപെട്ടവൾ ആണ്."
ചേച്ചിയെന്നാൽ തനിക്ക് ഒരു രണ്ടാനമ്മ ആയിരുന്നു... അമ്മയുടെ അവകാശങ്ങൾ എല്ലാമെടുത്ത് ഭരിക്കാൻ വരുമ്പോൾ ആദ്യമൊക്കെ തോന്നിയിരുന്നത് വെറുപ്പാണ്... അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നൊക്കെയും പറഞ്ഞ് ഇഷ്ടമുള്ള പലതിൽ നിന്നും വിലക്കുമ്പോൾ ഈ സാധനം എന്തിനാണ് എനിക്ക് മുന്നേ അമ്മയുടെ വയറ്റിൽ ജനിച്ചത് എന്ന് വരെ തോന്നിയിട്ടുണ്ട്.
മൂന്നു വയസിനു മുതിർന്നതാണെങ്കിലും ചേച്ചി എന്ന് ഞാൻ വിളിച്ചിരുന്നില്ല... അതിന് വീട്ടിലെ കാരണവന്മാരുടെ വായിൽ നിന്ന് നല്ലത് പോലെ കേട്ടിട്ടും ഉണ്ട്. എങ്കിലും ഞാൻ അവളെ എടി പോടീ എന്ന് തന്നെയാണ് വിളിച്ചിരുന്നത്.
അവൾ കളിച്ചു പഴകിയ കളിപ്പാട്ടങ്ങൾ ആയിരുന്നു എന്റെ കുട്ടിക്കാലത്തെ പ്രിയ സുഹൃത്തുക്കൾ. അവൾക്ക് ചെറുതാകുന്ന ഉടുപ്പുകൾ പിന്നെ സ്ഥാനം പിടിക്കുക എന്റെ ശരീരത്തിൽ ആയിരുന്നു... സ്നേഹത്തോടെ അമ്മ വിളമ്പുന്ന ആഹാരങ്ങളെല്ലാം ഓരോന്ന് പറഞ്ഞു എന്നെ പറ്റിച്ചു തട്ടിയെടുക്കാൻ എന്റെ ചേച്ചിക്ക് നല്ല മിടുക്കായിരുന്നു.
സ്കൂളിലേക്ക് പോകുന്ന നേരം വീട്ടിൽ നിന്ന് മുറുകെ പിടിച്ച കൈ വിടുന്നത് ക്ലാസിന്റെ പഠിക്കൽ എത്തുമ്പോഴാണ്.. തിരിച്ചു പോരാൻ നേരം ഇടയ്ക്ക് കാണുന്ന കടകളിലേക്ക് ചൂണ്ടി ഒരു സിപ്പപ്പിനു വേണ്ടി വാശി പിടിക്കുമ്പോൾ വീട്ടിലെത്തട്ടെ അമ്മയോട് പറഞ്ഞു കൊടുക്കുന്നുണ്ട് എന്നൊരു ഭീഷണി പെടുത്തലും പിനീട് ആ പാക്കറ്റിൽ സോപ്പ് വെള്ളം കളർ ചേർത്ത് നിറച്ചതാണെന്നും പറഞ്ഞ് ഒരാശ്വസിപ്പിക്കലും ഉണ്ട്.
അമ്മ കാണാതെ മഴയിൽ കളിച്ചു ഞാൻ പനിച്ചു കിടന്നാൽ പിറ്റേന്ന് അവൾക്കും പനിയുറപ്പാണ്... എന്നെ ചേർത്ത് പിടിക്കാതെ ഉറക്കം വരാത്ത അവൾക്ക് പനി വന്നെങ്കിൽ അല്ലെ അത്ഭുതം ഉള്ളൂ...
ബാല്യത്തിന്റെ കുട്ടികളിയെല്ലാം വിട്ട് കൗമാരത്തിലേക്ക് കടന്നപ്പോഴും അവളെനിക് എന്റെ ഏറ്റവും നല്ല സുഹൃത്ത് ആയിരുന്നു. എന്റെ എന്ത് കാര്യവും ആദ്യം അവളുടെ ചെവിയിലാകും എത്തുക. അതിനുള്ള പരിഹാരവും അവളുടെ പക്കൽ ഭദ്രമായിരുന്നു.
പെട്ടെന്നൊരുനാൾ അവൾ ഒരാളുടെ കൈ പിടിച്ചു കൊണ്ടീ പടിയിറങ്ങിയപ്പോൾ കണ്ണീരിനെ മറക്കാൻ ഞാൻ അവളുടെ കാതിൽ മന്ത്രിച്ചു. ഇനി അമ്മ ഉണ്ടാക്കുന്നതൊക്കെ എനിക്ക് ഒറ്റയ്ക്കു കഴിക്കാലോ.... ആ നിമിഷം സർവ നിയന്ത്രണവും വിട്ട് അവൾ പൊട്ടി കരഞ്ഞപ്പോഴാണ് എന്റെ ചേച്ചി ഇനി വേറൊരു വീട്ടിലെ മകൾ ആവുകയാണ് എന്ന സത്യം ഞാൻ ഉൾക്കൊണ്ടത്.
ഇപ്പോഴും അവളെ കെട്ടിപിടിച് കഥകൾ പറഞ്ഞ് കൊണ്ടുള്ള ഉറക്കം വല്ലാതെ മിസ്സ് ചെയുന്നുണ്ട്...
ചിന്തകൾക്കിടയിൽ ഇടക്കെപ്പോഴോ ഞാൻ ഉറങ്ങി പോയി.
രാവിലെ ഉണർന്നപ്പോഴേക്കും അമ്മ അടുക്കളയിൽ പണി തുടങ്ങിയിരുന്നു.
കൊള്ളാലോ... മൂത്ത മോൾ വരണു ന്ന് കേട്ടപോഴെകും എന്തൊക്കെ വിഭവങ്ങളാ ഉണ്ടാക്കി വെച്ചേക്കുന്നേ.. ഞാൻ ഇന്നലെ വന്നിട്ട് ഉണ്ടാക്കി തന്നതോ ഉണക്ക ചപ്പാത്തിയും പരിപ്പ് കറിയും..
"ന്റെ പൊന്ന് ശിവാ ഇനിയെങ്കിലും ഈ കണക്ക് പറച്ചില് നിർത്തണുണ്ടോ നീ... ഇന്നലെ വൈകീട്ട് അല്ലെ നീ കേറി വന്നേ അന്നേരത് പിന്നേം സാധനങ്ങൾ ഉണ്ടാക്കി ഭക്ഷണം വെറുതെ വേസ്റ്റ് ആക്കണ്ടേ... ഇന്നാവുമ്പോ രണ്ടാളും ഇല്ലേ വയറു നിറച്ചു തിന്നാനുള്ളതൊക്കെ ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട്..."
ചേച്ചിയോട് വല്ലാത്ത സ്നേഹവുമാണ് എനാലോ അടിയ്ക്ക് ഒട്ട് കുറവും ഇല്ല... പാത്രങ്ങൾ കഴുകി കൊണ്ട് അമ്മ പിറുപിറുത്തു.
അമ്മയുടെ കവിളിൽ ഒരു നുള്ളും കൊടുത്ത് ഞാൻ നേരെ വാഷ് റൂമിലേക്ക് നടന്നു.
**********
അച്ഛനും ഞാനും കൂടി തേങ്ങാ പൊതിച്ചു കൊണ്ടിരിക്കുമ്പോഴാണ് മുൻവശത്ത് ബൈക്കിന്റെ ശബ്ദം കേട്ടത്.
"എടി പെണ്ണെ ഒന്ന് പതുക്കെ ഓട്... അവൾ ഇങ്ങോട്ട് തന്നെയല്ലേ വരുന്നത്..."
അടുക്കളയിൽ നിന്ന് അമ്മ വിളിച്ചു പറയുന്നത് പക്ഷെ ഞാൻ ചെവി കൊണ്ടില്ല.
എന്നെ കണ്ടപാടെ അവൾ ഓടി വന്നു... ആദ്യമായി കാണുന്നവരെ പോലെ എന്തൊക്കെയോ വെപ്രാളമായിരുന്നു ഞങ്ങൾക്ക്..
ചേച്ചീടേം അനിയത്തീടേം സ്നേഹപ്രകടനം കഴിഞ്ഞെങ്കിൽ ഈ ബാഗൊക്കെ ഒന്ന് ഇറക്കിയെര്.. എങ്കിൽ ഈ ഉള്ളവന് ഇതിന്റെ പുറത്ത് നിന്ന് ഒന്നിറങ്ങാമായിരുന്നു.
മനുവേട്ടൻ കളിയാക്കാൻ തുടങ്ങിയപ്പോൾ ഞങ്ങൾ ബാഗ് എടുത്ത് അകത്തേക്ക് നടന്നു.. കയ്യിലുള്ളതെല്ലാം ഒരു മൂലക്കയിലോട്ടിട്ട് അവൾ നേരെ ഓടിയത് അടുക്കളയിലേക്കാണ്.
"അമ്മേ ചോറില്ലെ?????"
നാലു നേരവും ചോറ് കിട്ടാൻ നിവർത്തി ഉണ്ടേൽ അതില്പരം സന്തോഷം ഇല്ല അവൾക്ക്... മനുവേട്ടന്റെ വീട്ടിൽ ആണേൽ രാവിലെയും രാത്രിയും ആരും അരിയാഹാരം കഴിക്കില്ല. അതുകൊണ്ട് തന്നെ കുഴപ്പത്തിലായത് ഈ ചോറ് പ്രേമിയാണ്.. ഇവിടെ വരുന്നതിന്റെ മെയിൻ കാരണം തന്നെ നാലു നേരം നല്ല അസ്സലായി ചോറുണ്ണുക എന്നത് തന്നെയാണ്.
"ചോറൊക്കെ ഉണ്ട്... നീ അവിടെ പോയിരിക്കെന്റെ ഗീതു എല്ലാം ഞാൻ കൊണ്ട് വന്നോളാം... മനു വിനെ ഒറ്റയ്ക്കു അവിടെ ഇരുത്തിയാണോ നീ അടുക്കളയിൽ വന്ന് നികുന്നെ..."
"ഓ പിന്നെ മനുവേട്ടൻ കൊച്ചു കുട്ടിയാണല്ലോ കൂട്ടിരിക്കാൻ..."
"കെട്ടിച്ചു വീട്ടാലെങ്കിലും നന്നയിക്കൂടെടി..."
ഞാൻ അവളെ കളിയാക്കാൻ തുടങ്ങിയപ്പോൾ നോവിക്കാതെ അവളെന്റെ ചെവിക്ക് പിടിച്ചു.
"അത് നീ കെട്ടി പോവുമ്പോൾ മനസിലായിക്കോളും കേട്ടോ..എന്തൊകെ പറഞ്ഞാലും സ്വന്തം വീട്ടിൽ വരുമ്പോൾ കിട്ടുന്ന സന്തോഷം ഉണ്ടല്ലോ... അത് ഇപ്പോ നിനക്ക് പറഞ്ഞാൽ മനസിലാകില്ല."
ജോലി സംബന്ധമായ തിരക്ക് ഉണ്ടായിരുന്നത് കൊണ്ട് മനുവേട്ടൻ ഭക്ഷണം കഴിച്ച ശേഷം തിരിച്ചു പോയി.
ഒരുപാട് നാളത്തെ വിശേഷങ്ങൾ പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്തത് പോലെയാണ് ഞങ്ങൾക്ക് തോന്നിയത്. മനുവേട്ടന്റെ വീട്ടിലെ ഓരോ വിശേഷങ്ങൾ പറഞ്ഞു കൊണ്ടാണ് അന്ന് രാത്രി ഞങ്ങൾ ഉറങ്ങിയത്.
ഭർത്താവിന്റെ വീട്ടിൽ ആറു മണിക്ക് മുന്നേ എഴുനേറ്റ് കുളിച്ചു സകല പണികളും തീർക്കുന്നവൾ ഇന്ന് പക്ഷെ എഴുന്നേറ്റത് ഏഴരക്കാണ് . ഇന്ന് എന്നല്ല കല്യാണ ശേഷം ഇവിടെ വന്നാൽ ഇതാണ് പതിവ്.. അവളെ വിളിച്ചുണർത്താൻ അമ്മ സമ്മതിക്കുകയും ഇല്ല ഇവിടെയല്ലേ ഇങ്ങനെ ഉറങ്ങുള്ളൂ ഉറങ്ങിക്കോട്ടെ എന്നൊരു ഡയലോഗും.
അവൾ ഉള്ള ദിവസങ്ങൾ ശരിക്കും ഒരുത്സവം പോലെയായിരുന്നു. കളഞ്ഞു പോയ ഓർമ്മകൾ തിരിച്ചു കിട്ടിയത് പോലെ...
പോകാൻ ദിവസം എല്ലാവരുടെയും മുഖം വാടിയ താമര മൊട്ടു പോലെയായിരുന്നു.
രണ്ടു ദിവസം കൂടി നിന്നിട്ട് പോയാൽ പോരെ എന്ന എന്റെ ചോദ്യത്തിന് മനുവേട്ടനും അച്ഛനും അമ്മയും അവിടെ തനിച്ചല്ലേ എന്നായിരുന്നു അവളുടെ മറുപടി.
"എനിക്കറിയാം അവൾക്കും ഞങ്ങളെ വിട്ട് പോകാൻ ആഗ്രഹമില്ല പക്ഷെ പോകാതിരിക്കാൻ കഴിയുകയും ഇല്ല.. ഏതൊരു പെണ്ണിന്റെയും ജീവിതത്തിലെ നിസ്സഹായ നിമിഷമാണത്."
അവൾക് കൊണ്ട് പോകാൻ മാങ്ങയും തേങ്ങയും പറമ്പിലെ പച്ചക്കറികളുമെല്ലാം കവറിലാക്കുന്ന തിരക്കിൽ ആയിരുന്നു അമ്മ.. പോകുന്നതിനു മുൻപ് കുറച്ചു ചോറ് അമ്മ വേഗം പാത്രത്തിലാക്കി കൊണ്ട് വെച്ചു... എന്ത് കൊണ്ടോ അവളത് പകുതി മാത്രമേ കഴിച്ചുള്ളൂ..
കുറച്ചു കഴിഞ്ഞപ്പോഴേക്കും മനുവേട്ടൻ വണ്ടിയുമായെത്തി... എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോഴും ആ കണ്ണിൽ തിളക്കം നഷ്ടപ്പെട്ടിരുന്നു... കണ്ണിൽ നിന്ന് മായുന്നത് വരെ അവൾ ഞങ്ങളെ തന്നെ നോക്കിയിരുന്നു... ഇമ വെട്ടാതെ ഞങ്ങളും.
കുറച്ചു നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല... എന്തോ ഒന്ന് നഷ്ടപ്പെട്ടൊരു അവസ്ഥ ആയിരുന്നു. തിരികെ ബെഡിൽ വന്ന് ഞാൻ അലസമായി കിടന്നു... ചുമരിലെ ചിത്രത്തിൽ കല്യാണത്തിന് മുന്നേ എടുത്ത ഞങ്ങളുടെ ഫോട്ടോ.. അറിയാതെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു ഒപ്പം ഞാനറിയാതെ ഇറ്റു വീണ ഒരു തുള്ളി കണ്ണ് നീരും.
Nb.എത്രയൊക്കെ അടിയുണ്ടാക്കിയാലും കൂടപ്പിറപ്പുകൾ അതൊരു സംഭവം ആണ്... സ്വന്തം വീട്ടിലേക്ക് വല്ലപ്പോഴും ഒരിക്കൽ വിരുന്ന് കാരിയായി കേറി വരാൻ നിയോഗിക്കപെട്ടവൾ ആണ് ഒരു പെണ്ണ്. തിരിച്ചു പോകുമ്പോൾ ഭർത്താവിന്റെയും കുടുംബത്തിന്റെയും അടുത്തേക്കാണ് എന്ന സന്തോഷം ഉണ്ടാകുമെങ്കിലും സ്വന്തമായതെന്തൊക്കെയോ ഉപേക്ഷിക്കേണ്ടി വരുന്ന എന്തോ ഒരു മാനസികാവസ്ഥ ആയിരിക്കും.. സ്വന്തം കുടുംബത്തെ മിസ്സ് ചെയുന്ന എല്ലാ സഹോദരിമാർക്കും കൂടപ്പിറപ്പിനെ മിസ്സ് ചെയുന്ന എല്ലാ സുഹൃത്തുക്കൾക്കും ഈ എഴുത്ത് സമർപ്പിക്കുന്നു. രണ്ട് വരി എനിക്കായ് കുറിക്കില്ലേ..... നല്ല കഥകൾക്ക് ഈ പേജ് ലൈക്ക് ചെയ്യൂ...
രചന: ശിവ ഗാമി
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
