യാമി, Part 5 & 6

Valappottukal
യാമി💝0️⃣5️⃣
ഭാഗം♥️05

"സമയം നിഷ്ടയില്ലാത്ത നാറികൾ...."
ഫോൺ എടുത്ത് വീണ്ടും സമയം നോക്കിയശേഷം അവൻ ബാഗുമായി നിവർന്നിരുന്നു..
അവനെ തന്നെ ശ്രദ്ധിച്ചിരുന്ന യാമി അവൻറെ നോട്ടം തിരികെ വന്നപ്പോൾ വേഗത്തിൽ കണ്ണുകൾ മാറ്റി...

"അല്ല പെങ്ങളെ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ എന്ന് നോക്ക്..
ജോലിയും വേലയും ഒക്കെ ഉള്ള ആൾക്കാരാണ്...
വണ്ടി കൃത്യസമയത്ത് എത്തേണ്ടിടത്ത് എത്തിയില്ലെങ്കിൽ ഇവന്മാർക്ക് എന്താണ്...
നമ്മുടെ കഞ്ഞിയിൽ അല്ലേ പാറ്റ വീഴുന്നത്..."
താല്പര്യമില്ലാത്ത മട്ടിലുള്ള യാമിയുടെ ഇരിപ്പു കണ്ട് അവൻ സംസാരം തനിയെ നിർത്തി..

"ഓ... ഒറ്റയ്ക്ക് പറയുന്നതിന് ആരുടെയും അനുവാദം വേണ്ടല്ലോ..."
തിരിഞ്ഞിരുന്നതിനൊപ്പം അവൻ പിറുപിറുത്തു...

പത്തു പതിനഞ്ചു മിനിറ്റിനു ശേഷം വീണ്ടും അവൻ എഴുന്നേറ്റ് എൻക്വയറി ഭാഗത്തേക്ക് നടന്നു....
ഉള്ളിൽ കയറാതെ പുറത്തുനിന്നും അകത്തേക്ക് എത്തി വലിഞ്ഞു നോക്കി..
അകത്തു നിന്നും പഴയ ആൾ തന്നെ വീണ്ടും പുറത്തേക്ക് വന്നതും അവൻ തിരികെ വേഗത്തിൽ വന്നു ബെഞ്ചിൽ സ്ഥാനമുറപ്പിച്ചു...

ഏകദേശം അഞ്ചു മണിയോടെ അടുത്താണ് എറണാകുളം സൂപ്പർഫാസ്റ്റ് എത്തിച്ചേർന്നത്..
ബാഗുമായി യാമി എഴുന്നേറ്റു ബസ്സിനടുത്തെക്ക്‌ നടന്നതും പുറകിൽനിന്നും ശക്തിയായി അവളെ തട്ടിയിട്ട് അവൻ മുന്നിലേക്ക് ഓടി..

"ടോ.."
പല്ല് കടിച്ചവൾ ദേഷ്യത്തിൽ വിളിച്ചു..

"സോറി.. സോറി.."
പോകുന്നപോക്കിൽ തിരിഞ്ഞുപോലും നോക്കാതെ വിളിച്ചു പറയുന്നുണ്ടായിരുന്നു...

ബസ്സിനുള്ളിൽ കയറി ചുറ്റിനും ഒന്ന് നോക്കി..
വണ്ടി പകുതി ഭാഗവും ഒഴിഞ്ഞുതന്നെ കിടപ്പാണ്...
രണ്ടാൾക്കുള്ള ഒരു സീറ്റിൽ കയറി അപ്പോഴേക്കും അവൻ സ്ഥാനംപിടിച്ചത്‌ യാമി ശ്രദ്ധിച്ചു...
ആളെ ഒന്ന് കൂർപ്പിച്ചു  നോക്കിയ ശേഷം ബാഗ് മുകളിലേക്ക് വച്ചവൾ‌ എതിർവശത്തുള്ള സീറ്റിലായിരുന്നു..

വണ്ടി നീങ്ങി തുടങ്ങിയതും പുറത്തെ കാഴ്ചകളിലേക്ക് കണ്ണുകൾ നാട്ടി...

നഗരം പതിയെ ഉണരുന്നതേയുള്ളൂ..
അങ്ങിങ്ങായി ചില കടകൾ തുറന്നുകിടക്കുന്നതും... വണ്ടികളുടെ പാച്ചിലും ഒഴിച്ചാൽ ശാന്തമായി ഭൂമി ഉറങ്ങുന്നത് കാണാം....

ടിക്കറ്റ് എടുത്തതിനുശേഷം പതിയെ ഉറക്കത്തിലേക്ക് അവളും വീണു...
മൂന്ന് മണിക്കൂർ നേരത്തെ യാത്രയ്ക്ക് ശേഷം വണ്ടി എറണാകുളം എത്തി..

സ്ഥലമെത്തി എന്നുള്ള അറിയിപ്പ് കേട്ടാണ് കണ്ണുകൾ തുറന്നത്...
മുഖം ഇരുകൈകളും കൊണ്ട് അമർത്തി തുടച്ചശേഷം പതിയെ എഴുന്നേറ്റു മുകളിൽ വച്ചിരിക്കുന്ന ബാഗ് എടുക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല...

രണ്ടു കരങ്ങൾ അവൾക്ക് പിറകിലൂടെ വന്നതും.. ബാഗെടുത്ത് സീറ്റിൽ വെച്ചതും.. ഒക്കെ വളരെ പെട്ടെന്നായിരുന്നു.. നിമിഷങ്ങൾക്കകം അത് അപ്രത്യക്ഷമാവുകയും ചെയ്തു..
യാമി തിരിഞ്ഞു നോക്കിയെങ്കിലും ആളെ കണ്ടില്ല..

ബുക്ക് ചെയ്തിരുന്ന ടാക്സി ഇതിനകം എത്തിച്ചേർന്നിരുന്നു..
അഡ്രസ്സ് അയാളെ കാട്ടിയിട്ട് അവൾ ഫോൺ ചെയ്തു ജീനയെ എത്തിയകാര്യം അറിയിച്ചു മെസ്സേജ് ചെയ്തു...

മനസ്സിന് എന്തോ ഒരു ആശ്വാസം അപ്പോഴേക്കും തോന്നി തുടങ്ങി...
ആരെക്കുറിച്ചും ചിന്തിക്കാതെ അവൾ അവൾക്കായി മാത്രം സ്വപ്നം കാണാൻ തുടങ്ങുകയാണ്...

തിരക്കിലേക്ക് കൂപ്പ കുത്തിയ നഗരത്തെ യാമി കണ്ടു..
ബാംഗ്ലൂർ നഗരത്തിൽ ജനിച്ചുവളർന്ന അവള്ക്ക് ഇതൊന്നും പുതിയൊരു അനുഭവം ആയിരുന്നില്ലെങ്കിലും മറ്റൊരു നാട്, സ്ഥലം, ആളുകൾ, ചുറ്റുപാട്, ഒക്കെ അപരിചിതത്വത്തിന് പകരം പറയാനാകാത്ത മറ്റെന്തോ ഒരു സന്തോഷം... അതാണ് അവൾക്ക് സമ്മാനിക്കുന്നത്...
ഇൗ നാട് തനിക്കായി എന്തോ കാത്തു വെച്ചിരിക്കുന്നതുപോലെ....

കഴിഞ്ഞതൊക്കെ ഒരു സ്വപ്നമാണ് യാമിക്കിന്ന്... പുതിയൊരു പുലരി അവൾക്കായി പുലർന്നപ്പോൾ...
ഒപ്പം നൽകാനായി കുന്നോളം സന്തോഷവും ദൈവം കരുതിവെച്ചിരുന്നു..
അവനിലൂടെ....💝

💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝

ഹലോ... നമസ്തേ..
ആൻഡ് എ വെരി ഗുഡ് മോർണിംഗ് കൊച്ചി...

ഇതിപ്പോൾ റേഡിയോ സിറ്റി 98.9 എഫ്.എമ്മിൽ
ഹലോ നമസ്തേ...
ഞാൻ നിങ്ങളുടെ സ്വന്തം ആദിൽ....
സമയം ഇപ്പോൾ ഒൻപത് മണി കഴിഞ്ഞു രണ്ട് മിനുട്ട് ആയിരിക്കുന്നു...
🎶..............🎶.............🎶

തിരക്കേറിയ ഈ ജീവിതത്തിൽ നാമിന്ന് മറന്നു പോകുന്ന ഒന്നാണ് ചിരി...
ചില ചിരി ലോകം തന്നെ മാറ്റി മറിക്കും എന്ന് കേട്ടിട്ടില്ലേ..
അതൊരു ജിന്നാണ്...
നമ്മുടെ ചെറിയൊരു പുഞ്ചിരി കൊണ്ട് ഒരാളുടെയെങ്കിലും അന്നത്തെ ദിവസം മാറ്റി മറിയ്ക്കുവാൻ സാധിക്കുമെങ്കിൽ ആ പറഞ്ഞത് വാസ്തവം തന്നെ...
പുഞ്ചിരി കൊണ്ട് പരാജയത്തെ തകർത്ത് ഒരുപാട് മഹാന്മാരുണ്ട് നമുക്ക് ചുറ്റും...
ഇന്നത്തെ ദിവസം ഒരു ചിരിയിലൂടെ വിടരട്ടെ..
അതേ ചിരി അവൻ ഒരു ജിന്നാണ്...
വല്ലാത്ത ജിന്ന്...
(കടപ്പാട്)
നിങ്ങൾ ഇപ്പോൾ കേൾക്കാൻ പോകുന്നത് റേഡിയോ സിറ്റി എഫ്. എമ്മിൽ മനോഹരമായ ഒരു ഗാനം...

പുലരികളോ.. സന്ധ്യകളോ...
കണകനിലാ... കതിരുകളോ..
എൻ വിട മലരിൽ..
പൂ.. മധുകണമായി..
നിമിഷമോരോ.. ശലഭമായി..
ഞാനുണർന്നു ജീവനാകെ ഗാനമായി...

കാറിൻറെ സ്റ്റീരിയോ പ്ലയറിലൂടെ ഒഴുകിവരുന്ന ഗാനത്തിനൊപ്പം  യാമിയുടെ ചുണ്ടുകളും പതിയെ ചിരിയാൽ വിടർന്നു...

ഫ്ലാറ്റിനു മുന്നിൽ വണ്ടി ചെന്നു നിന്നതും ബാഗുമെടുത്ത് ഡ്രൈവർക്ക് നേരെ മനോഹരമായ ഒരു പുഞ്ചിരി അവൾ സമ്മാനിച്ചു..

"താങ്ക്സ്..."
ഒപ്പം പറഞ്ഞു
തിരികെ അയാളും ചിരിച്ചു...

"ഫ്ലാറ്റ് നമ്പർ 16.ബി.."
അവൾ ഡോറിനു മുന്നിൽ ചെന്നു നിന്ന് അതുതന്നെയാണ് സ്ഥലം എന്ന് ഒന്നുകൂടി ഉറപ്പിച്ചു...

സ്പെയർ കീ ഇതിനകം വാച്ച്മാൻ ജീനയുടെ നിർദ്ദേശപ്രകാരം അവൾക്ക് കൊണ്ട് കൊടുത്തിരുന്നു..
വാതിൽ തുറന്ന് യാമി ഉള്ളിലേക്ക് കയറി..
മനോഹരമായ ഒരു ലിവിങ് റൂം, കിച്ചൻ, രണ്ട് ബാത്റൂം അറ്റാച്ച്ഡ് ബെഡ്റൂം.. സിറ്റി വ്യൂ നൽകുന്ന ഒരു ബാൽക്കണി ഇത്രയും ആയിരുന്നു അതിലെ സൗകര്യങ്ങൾ..
കിച്ചണിൽ ആവശ്യത്തിന് പാത്രങ്ങൾ ഉണ്ടെന്ന് ഒഴിച്ചാൽ മറ്റ് സാധനങ്ങൾ ഒന്നും ജീനയുടേത് ആയിട്ട് അവിടെയില്ല...
താൻ വരുന്നത് പ്രമാണിച്ച് വൃത്തിയാക്കി ഇട്ടതാണെന്ന് ഒറ്റനോട്ടത്തിൽ യാമിക്ക് മനസ്സിലായി..

ബാഗിൽ നിന്നും വേണ്ട ഡ്രസ്സ് എടുത്ത് അവൾ ഒന്നു കുളിച്ച് ഫ്രഷായി വന്നപ്പോഴേക്കും കോളിംഗ് ബെൽ മുഴങ്ങി...
വാച്ച്മാൻ ആയിരുന്നു..

"ഇത് ഇവിടെ എത്തിക്കണമെന്ന് ജീനാ മാഡം പറഞ്ഞിരുന്നു കുഞ്ഞേ...
രാവിലത്തേയ്ക്കുള്ള ഭക്ഷണമാണ്..."

അവൾ ഒരു ചിരിയോടെ അത് വാങ്ങി നന്ദി പറഞ്ഞു..

"ഉച്ചയ്ക്ക് എന്താ വേണ്ടത് എന്ന് പറഞ്ഞാൽ മതി ഞാൻ എത്തിക്കാം.."

"ഹേയ് സാരമില്ലങ്കിൾ എനിക്ക് ഒരു ഓട്ടോ കിട്ടുമോ? അറിയുന്ന ആരെങ്കിലും ആകണം.. അത്യാവശ്യം ഇവിടെക്ക് വേണ്ട കുറച്ച് സാധനങ്ങൾ ഒക്കെ വാങ്ങാനാണ്.."

"അതിനെന്താണ് ഞാൻ വിളിച്ചു പറയാം മോള് റെഡിയായി വന്നോളൂ.."
പറഞ്ഞ ശേഷം അയാൾ അവിടെ നിന്നും പോയി..

ഭക്ഷണം കഴിഞ്ഞ ശേഷം പെട്ടെന്ന് തന്നെ റെഡിയായി അവൾ താഴേക്ക് എത്തി...
അപ്പോഴേക്കും വണ്ടി വന്നിരുന്നു...
അത്യാവശ്യം ഷോപ്പിംഗ് ഒക്കെ നടത്തി ഉച്ചയോടെ തിരികെയെത്തി...
ഭക്ഷണശേഷം ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോഴേക്കും നാലുമണി ആയിരുന്നു...

ഫോണിൽ ജീനയുടെ നാലഞ്ചു മിസ്കോൾ കണ്ടവൾ തിരികെ വിളിച്ചു..

"ആ... ആൻറി പറ
വാണി വിളിച്ചിരുന്നു മോളെ... ഒരുപാട് നിർബന്ധിച്ചപ്പോൾ.. നിൻറെ കാര്യം ഞാൻ പറഞ്ഞു..."

"വേണ്ടിയിരുന്നില്ല ആൻറി... ഇനി ഇവിടെയും ഒരു സ്വസ്ഥത തരില്ല..."

"ഏയ്‌.. സ്ഥലം പറഞ്ഞിട്ടില്ല... നീ സേഫ് ആണെന്ന് മാത്രം... എത്രയൊക്കെ പറഞ്ഞാലും അവളൊരു അമ്മയല്ലേ..."

"മ്.. "
മറുപടി മൂളൽ മാത്രമാക്കിയവൾ ഒതുക്കി...

"സ്ഥലമൊക്കെ ഇഷ്ടമായോ?
ഫ്ലാറ്റ് എങ്ങനുണ്ട്..രമേശൻ ഭക്ഷണം കറക്റ്റ് സമയത്ത് എത്തിച്ചോ?"

"എൻറെ പൊന്നു ആൻറി ഒന്ന് ഒന്നായി ചോദിക്ക്..
സ്ഥലവും ഫ്ലാറ്റ് ഒക്കെ ഇഷ്ടമായി ആയി..
ഒരു ലോൺലി അറ്റ്മോസ്ഫിയർ...
എനിക്ക് ഇപ്പൊൾ അതാണ് വേണ്ടതും...
ഭക്ഷണം ഒക്കെ കഴിച്ചു...
പുറത്തുപോയി ചില്ലറ ഷോപ്പിങ്ങും നടത്തി..
ഇനി ഫുഡ് അത്യാവശ്യം ഞാൻ തന്നെ ഉണ്ടാക്കും...
പിന്നെ ആൻറി....
ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്..
എൻറെ അക്കൗണ്ടിൽ ക്യാഷ് ഉണ്ട് പക്ഷേ ഡാഡി യുടെ കാര്യം ഒന്നും പറയാനൊക്കില്ല...
വാശി പുറത്ത് എന്തെങ്കിലും ചെയ്താൽ തെണ്ടി പോകും...
എനിക്ക് പോകുംവരെ പിടിച്ചുനിൽക്കാൻ ഒരു ജോലിയാണ് ആവശ്യം ഇപ്പോൾ..
ആൻറി ഇത്കൂടി ഒന്ന് സഹായിക്കണം..."

"തൽക്കാലം നീ എങ്ങോട്ടും ജോലിക്ക് ഒന്നും പോകേണ്ട... ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ അല്ലേ...
അതിന് ഞാൻ ഉണ്ട്... ഇപ്പൊ ഒന്ന് റിലാക്സ് ആക്..
പഠിക്കാനൊക്കെ ആവശ്യത്തിന് ഉണ്ട്.. അതിൽ ശ്രദ്ധിക്ക്..."

ജീന ഫോൺ വെച്ചു കഴിഞ്ഞും കുറച്ചുനേരം വീണ്ടുമവൾ ആലോചനയിലാണ്ടു..
കഴിഞ്ഞ രണ്ടു ദിവസമായി മനസ്സിനേറ്റ മുറിവുകൾ വലുതായിരുന്നു...

💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝

രാവിലെ എഴുന്നേറ്റ് കുളിച്ച് ഫ്രഷായി വന്നു ഒരു കോഫി ഇട്ടു കുടിച്ചു ..
പേപ്പറിന് പറഞ്ഞിരുന്നത്‌ കൊണ്ട് അത് എടുക്കാനായി ഡോർ തുറന്നതും യാമിക്ക് മുന്നിലേക്ക് ഒരു കൊച്ചു പട്ടിക്കുട്ടി ചാടിവീണു..
ഒരു പോമറേനിയൻ വെളുത്ത കളർലെ സുന്ദരി..
പൊതുവേ ഈ വക ജന്തുക്കളെ കണ്ണെടുത്താൽ കണ്ടുകൂടാത്തതിനാൽ അത് അകത്ത് കയറിയതും അവൾ ചാടി വെളിയിലിറങ്ങി...

"പപ്പി..."
വിളികേട്ട് ഭാഗത്തേക്ക് നോക്കിയ യാമി ഒന്ന് ഞെട്ടി..

തലേന്ന് പാലക്കാട്ട് വെച്ച് കണ്ടയാൾ.... ബസ്സിൽ തന്റെ ഒപ്പമുണ്ടായിരുന്നവൻ..
 അവളെ കണ്ടതും അവനും ഒരു നിമിഷം പകച്ചെന്ന് മുഖഭാവത്തിൽ നിന്നും വ്യക്തം ..

"ആഹാ താൻ എന്താ ഇവിടെ?"
പരിചയഭാവത്തിൽ അവൻ ചിരിയോടെ അവൾക്ക് അരികിലേക്ക് വന്നു തിരക്കി

"തന്റെ ആണോടോ ആ വൃത്തികെട്ട പട്ടി?"
യാമി അവനു നേരെ ദേഷ്യപ്പെട്ടു...

Next Part Click Here
ശ്രുതി♥️

നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ....

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top