ദേവ നന്ദനം, Part 16

Valappottukal
ദേവ നന്ദനം 🌹
➖➖➖➖➖➖
Part -16
__________

      "നീ എന്താ പറയുന്നേ നിധീ, ഞങ്ങൾക്കൊന്നും മനസിലാവുന്നില്ല. ദേവ് സാറിനെ നന്ദന അതിനു ശേഷം ഇവിടെ വെച്ചാണ് കാണുന്നത് എന്നോ?"

"എസ് ആൻവി, അതാണ് സത്യം.നിങ്ങൾക്ക്‌ വിശ്വസിക്കാൻ പറ്റുന്നില്ല അല്ലേ, അല്ലെങ്കിലും അയാളുടെ ചതി ആർക്കും വിശ്വസിക്കാൻ കഴിയുമായിരുന്നില്ല."

"നിധീ...എന്താ ശരിക്കും നടന്നത്, നീ ഒന്ന് ക്ലീയർ ആയി പറയൂ."

" പറയാം ശരൺ..അയാളുടെ ചതിയുടെ കഥ ഞാൻ പറയാം...

അന്ന് അവർ കണ്ടതിന് ശേഷം പിറ്റേന്ന് രാവിലെ എല്ലാവരും പുറപ്പെടുന്നതിന് മുമ്പേ ദേവൻ നന്ദുവിനെ വിളിച്ചിരുന്നു. ദേവൻ പോകുന്നതിലുള്ള വിഷമം ഉള്ളിൽ ഒതുക്കി അവൾ അവനെ സന്തോഷത്തോടെ യാത്രയാക്കി. ഈവനിംഗ് ഫ്ലൈറ്റിന് ഡാഡും അമ്മയും പോയതിന് ശേഷം രാത്രി ഹോട്ടലിൽ എത്തിയിട്ട് പതിവു പോലെ തന്നെ അവൻ നന്ദുവിനെ വിളിച്ചു. ദേവന്റെ ശബ്ദം അവൾക് അവൻ പോയതിൽ നിന്നുള്ള ദുഃഖത്തിന് ഒരു ആശ്വാസമായി മാറി.

 എന്നാൽ താൻ ചതിക്കപ്പെടാൻ പോകുകയാണെന്ന്  അറിയാതെ എന്റെ നന്ദു അയാളുടെ  കോളിനായി കാത്തിരുന്നു.രണ്ടാമത്തെ ദിവസവും മൂന്നാമത്തെ ദിവസവും  പതിവ് തെറ്റിക്കാതെ ദേവന്റെ ഫോൺ കാൾ നന്ദുവിനെ തേടിയെത്തി.  എന്നാൽ നാലാമത്തെ ദിവസം മുതൽ അവന്റെ ഫോൺ കോളോ മെസ്സേജോ ഒന്നും നന്ദുവിന് കിട്ടാതെയായി. അങ്ങോട്ട് വിളിച്ചിട്ടും മെസ്സേജ് ചെയ്തിട്ടും ഒന്നും ദേവനെ നന്ദുവിന് കോണ്ടാകട് ചെയ്യാൻ പറ്റിയില്ല.

      അവളുടെ ദേവേട്ടന് എന്ത് പറ്റിയെന്ന ആധിയോടെ കരഞ്ഞും പ്രാർത്ഥിച്ചും  ഫോണിൽ ട്രൈ ചെയ്തു കൊണ്ടും നന്ദു മൂന്ന് നാല് ദിവസം കൂടി തള്ളി നീക്കി. ഒരാഴ്ച്ചക്കുള്ളിൽ വരാമെന്ന് പറഞ്ഞിട്ടും ദേവനെയും അതു പോലെ പറഞ്ഞ ദിവസം കഴിഞ്ഞിട്ടും വിശ്വനും ഇന്ദിരയും  വരാതായപ്പോൾ നന്ദു ശരിക്കും തകർന്നു പോയി. അതു വരെ നന്ദുവിനെ ആശ്വസിപ്പിച്ചു കൊണ്ടിരുന്ന നന്ദുവിന്റെ വീട്ടുകാർക്കും  പറഞ്ഞ ദിവസങ്ങൾ കഴിഞ്ഞിട്ടും അവരെ കാണാതെ വന്നപ്പോൾ ഉള്ളിൽ പേടിയായി
 തുടങ്ങി.എന്നാൽ നന്ദുവിന് വിഷമമാകും എന്ന് കരുതി അവർ അവരുടെ ഭയം മറച്ചു വെച്ചു.

    ദേവനും കുടുംബവും പോയിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും അവരെ കുറിച്ച് ഒരു വിവരവും ഇല്ലാതെ എല്ലാവരും ടെൻഷനിൽ നിൽക്കുന്ന സമയത്താണ് ഒരു ദിവസം രാത്രി  നന്ദുവിന്റെ  വാട്സ്‌ ആപ്പിലേക്ക് ഒരു മെസ്സേജ് വന്നത്. കുറച്ച് സമയം മൊബൈലിൽ തന്നെ നോക്കി നിന്ന നന്ദുവിന്റെ കയ്യിൽ നിന്നും മൊബൈൽ താഴെ വീണു,  പുറകെ ആയി നന്ദുവും നിലത്തേക്ക് ബോധമറ്റ്‌ വീണു.

 കണ്ണ് തുറന്ന് നോക്കുമ്പോൾ  തന്റെ അരികിൽ നിറ കണ്ണുകളോടെ ഇരിക്കുന്ന അച്ചയുടെയും അമ്മയുടെയും കുഞ്ഞേട്ടന്റെയും മുഖമാണ് നന്ദു കണ്ടത്. അവരെ കണ്ടതും അവൾ  കരഞ്ഞു കൊണ്ട് അച്ചയുടെ നെഞ്ചിൽ വീണു. കാര്യമെന്താണെന്ന് തിരക്കിയപ്പോഴാണ് നന്ദു അവളുടെ മൊബൈലിൽ വന്ന മെസ്സേജ് അവർക്ക് കാണിച്ചത്. അത് കണ്ടതും അവർ എല്ലാവരും  ഒരു പോലെ ഞെട്ടിത്തരിച്ചു. ദേവൻ ഒരു പെണ്കുട്ടിയുടെ വിരലിൽ മോതിരം ഇടുന്ന അവരുടെ എൻകേജ്‌മെന്റ് ഫോട്ടോ ആയിരുന്നു അത്,തൊട്ടു താഴെ ഒരു മെസ്സേജ്..'രണ്ട് മാസം കഴിഞ്ഞാൽ എന്റെ വിവാഹം ആണ്. '

ആർക്കും ഒന്നും പറയാനാവാതെ ഒരു മരവിച്ച അവസ്ഥയിലായി എല്ലാവരും. അവരുടെ പൊന്നു മോളുടെ കണ്ണു നീര് കണ്ട് ആ അച്ഛന്റെയും അമ്മയുടെയും ഹൃദയം തകർന്നു പോയി.. കുറുമ്പുമായി പിറകെ നടന്നിരുന്ന അനിയത്തിക്കുട്ടിയുടെ മുഖം കണ്ട് നിൽക്കാനാവാതെ അവളുടെ കുഞ്ഞേട്ടൻ ഒന്നും പറയാതെ മുറിക്ക് പുറത്തേക്ക് പോയി. അന്ന് രാത്രി മുഴുവനും ആ അച്ഛനും അമ്മയും ഒരു പോള കണ്ണടയ്ക്കാതെ നന്ദുവിന്റെ ഇരു ഭാഗത്തും ആയി ഇരുന്നു. പേടിയായിരുന്നു ആ അച്ഛനും അമ്മയ്ക്കും അവരുടെ മകളെ കൈ വിട്ട് പോകുമോ എന്ന്. ദേവൻ തന്റെ മകളെ ചതിച്ചതിനെക്കാളും ചങ്ക് പറിച്ചു സ്നേഹിച്ച കൂട്ടുകാരൻ ചതിച്ചതായിരുന്നു ആ അച്ഛനെ തകർത്തു കളഞ്ഞത്.ഫോട്ടോയിൽ ദേവന്റെ അടുത്ത് നിന്നിരുന്ന വിശ്വന്റെയും ഇന്ദിരയുടെയും മുഖം നന്ദുവിന്റെ അച്ഛന്റെ മനസിൽ ഒരു കനലായി തന്നെ കിടന്നു.

          ആ ദിവസം രാത്രി ആയിരുന്നു ഞാൻ ബാംഗ്ലൂരിൽ നിന്ന് നാട്ടിൽ എത്തിയിരുന്നത്.  എക്സാം ഒക്കെ കഴിഞ്ഞ് ഞാൻ നമ്മുടെ കമ്പനിയിൽ  ട്രെയിനി ആയി കയറിയ സമയമായിരുന്നു . ട്രെയിനിംഗ്‌ പീരിയഡിൽ  അധികം ലീവ് എടുക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് ഞാൻ ഒരു ഫോർ ഡേയ്സ് ലീവിന് മുമ്പേ  അപ്പ്‌ളൈ ചെയ്തിരുന്നു. എന്റെ നന്ദുവിന്റെ അവസ്‌ഥ അറിഞ്ഞിട്ടും ലീവ് കിട്ടുന്നത് വരെ ഞാൻ പിടിച്ചു  നിൽക്കുകയായിരുന്നു.  രാത്രി ആയിരുന്നു ഞാൻ വീട്ടിൽ എത്താൻ പിറ്റേന്ന് രാവിലെ തന്നെ ഞാൻ നന്ദുവിന്റെ വീട്ടിലേക്ക് പോയി.

 പണ്ട് ഞാൻ ഏറ്റവും കൂടുതൽ പോകാൻ ഇഷ്ടപ്പെടുന്ന അവളുടെ വീട്, കളിയും ചിരിയും നിറഞ്ഞാടി നിന്ന വീട്, എന്റെ വീട്ടിൽ ഞാൻ കാണാത്ത സ്നേഹവും ചിരിയും വിശ്വാസവും  വാത്സല്യവും ഒക്കെ  എന്നെ പഠിപ്പിച്ചു തന്ന വീട്, ആ വീട്ടിൽ ഞാൻ അന്ന് കയറിയപ്പോഴേ എന്റെ നെഞ്ചു പിടഞ്ഞു.  ഒച്ചയും ബഹളവും നിറഞ്ഞാടിയ വീട് ശ്മശാന തുല്യമായിരുന്നു. ഉമ്മറക്കസേരയിൽ തന്നെ ഞാൻ കണ്ടു , മരവിച്ച മനസുമായി ഇരിക്കുന്ന നന്ദുവിന്റെ അച്ഛനെ.  എന്നെ കണ്ടപ്പോൾ  പെട്ടെന്ന് ആ മുഖത്ത് വന്ന പ്രകാശം എനിക്കിക്കിപ്പോഴും ഓർമയുണ്ട്.
'മോള് ഇപോൾ വന്നത് നന്നായി, എന്റെ വാവയെ പഴയ പോലെ ഞങ്ങൾക്ക്  തിരിച്ചു തരാൻ ഇനി  മോൾക്ക് മാത്രമേ സാധിക്കൂ ' ആ അച്ഛന്റെ ഇടറിയ വാക്കുകൾ എന്റെ ഹൃദയത്തിലാണ് പതിച്ചത്.  മറുപടിയായി ഞാൻ ആ അച്ഛന്റെ കൈ രണ്ടും  ചേർത്തു പിടിച്ച് പുഞ്ചിരിച്ചു. താഴെ ഒരു റൂമിൽ നന്ദുവിന്റെ 'അമ്മ കരഞ്ഞു കൊണ്ട് കിടക്കുകയായിരുന്നു, കൂടെ ആശ്വസിപ്പിച്ചു ശില്പയും. എന്നെ കണ്ടപ്പോ അവളുടെ അമ്മയുടെ കണ്ണ് നീരിന്റെ ശക്തി കൂടി.
'ഒന്നും സംഭവിച്ചിട്ടില്ല, അവൾ എല്ലാം മറന്ന് പഴയ പോലെ  ആകും. " ഞാൻ അങ്ങനെ പറഞ്ഞപ്പോൾ നന്ദുവിന്റെ 'അമ്മ നേരിയ പ്രതീക്ഷയിൽ എന്നെ
 നോക്കി. നന്ദുവിനെ കാണാൻ ചെന്ന ഞാൻ അവളുടെ റൂമിന്റെ  കതകിന് ഒരുപാട് തവണ മുട്ടിയെങ്കിലും ഒരു മറുപടിയും ഉണ്ടായിരുന്നില്ല. ഉള്ളിൽ ആളിക്കത്തുന്ന ഭയത്തോട് കൂടി ഞാൻ അവളെ വിളിച്ചു.  എന്റെ ശബ്‌ദം കേട്ടതും അവൾ പെട്ടെന്ന് തന്നെ ഡോർ തുറന്നു.

       കരഞ്ഞു കലങ്ങിയ കണ്ണുമായി എന്റെ മുൻപിൽ നിന്നിരുന്ന എന്റെ നന്ദുവിന്റെ രൂപം കണ്ട് എന്റെ നെഞ്ചു തകർന്നു പോയി.എന്നെ കണ്ടതും അവൾ എങ്ങലടിച്ചു കരഞ്ഞുകൊണ്ട് എന്റെ നെഞ്ചിൽ വീണു. അവളെ സമാധാനിപ്പിച് അവളുടെ ബെഡിൽ കൊണ്ടിരുത്തിയപ്പോഴാണ് ടേബിളിന് മുകളിൽ വെച്ചിരിക്കുന്ന പേപ്പറിലും അതിനടുത്ത് വെച്ചിരിക്കുന്ന ബ്ലേഡിലും എന്റെ ശ്രദ്ധ പോയത്. ആ പേപ്പർ എടുത്ത് വായിച്ചു നോക്കിയപ്പോഴാണ് അവൾ ആത്മഹത്യ ചെയ്യാൻ ഉള്ള പുറപ്പാടായിരുന്നു എന്ന് മനസിലായത്. ആ സമയം എന്റെ  ശബ്ദം കേട്ടത് കൊണ്ടാണ് അവൾ ഡോർ തുറന്നത്. അവളുടെ ആ തീരുമാനത്തിന് ഞാൻ എന്റെ കൈ അവളുടെ മുഖത്ത് പതിപ്പിച്ചിട്ടായിരുന്നു മറുപടി പറഞ്ഞത്. അവൾ ആത്മഹത്യ ശ്രമം നടത്താൻ തീരുമാനിച്ചത് അറിഞ്ഞ് ആ കുടുംബം വീണ്ടും തകർന്നു പോയി. എനിക്ക് കിട്ടിയ നാല് ദിവസത്തെ ലീവിലും ഞാൻ എന്റെ വീട്ടിലുള്ളതിനെക്കാളും കൂടുതൽ സമയം ചെലവഴിച്ചത് നന്ദുവിന്റെ വീട്ടിലായിരുന്നു. ഞാൻ തിരിച്ചു വരുന്നതിന് മുമ്പ് അവളെ എനിക്ക്  മാറ്റാൻ കഴിഞ്ഞില്ലെങ്കിലും അവളെ കൊണ്ട് ഞാൻ സത്യം ചെയ്യിച്ചിരുന്നു ഇനി ആത്മഹത്യയെ കുറിച്ച് ചിന്തിക്കുക പോലും ഇല്ല എന്ന്.

   
  തിരിച്ചു പോരാൻ നേരം ഞാൻ നന്ദുവിന്റെ  വീട്ടിൽ എല്ലാവരോടും പറഞ്ഞിരുന്നു നാല്  മാസത്തെ  ട്രെയിനിംഗ് പീരിയഡ് കഴിഞ്ഞു ഞാൻ വരുമെന്നും, അതു വരെ അവൾ കടുംകൈ ഒന്നും ചെയ്യില്ലെന്നും. ഇവിടെ എത്തിയിട്ട് നന്ദുവിന്റെ വിവരങ്ങൾ എല്ലാം എനിക്ക് ശില്പ ഫോണിലൂടെ പറഞ്ഞു തരുമായിരുന്നു.  ശിൽപ പറഞ്ഞു തന്നുള്ള അവളുടെ അവസ്‌ഥ എനിക്  സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു. ഞാൻ പറഞ്ഞത് പോലെ അവൾ അതിന് ശേഷം ആത്മഹത്യയെ കുറിച്ചു  ചിന്തിച്ചിട്ടില്ല , എന്നാൽ മനസ് തകർന്ന എന്റെ നന്ദു ആ മുറിയിൽ നിന്നും പുറത്തിറങ്ങാതെ ആരോടും സംസാരിക്കാതെ  മാസങ്ങളും ആഴ്ചകളും പോകുന്നതറിയാതെ മനസിന്റെ താളം തെറ്റിയ അവസ്‌ഥയിൽ ആയി മാറി.

 
 നാല് മാസത്തിന് ശേഷം ഞാൻ വീണ്ടും ലീവിന് നാട്ടിൽ പോയി എന്റെ നന്ദുവിനെ കാണാൻ.  എപ്പോഴും കുസൃതിയും ചിരിയും നിറഞ്ഞു നിന്നിരുന്ന ആ മുഖത്ത് വിഷാദമായിരുന്നു. ചിരിക്കാനും സംസാരിക്കാനും അവൾ മറന്നു പോയിരുന്നു.അവളുടെ ആ അവസ്‌ഥ ആ വീട്ടുകാരെയും തകർത്തിരുന്നു . ഒരാഴ്ച ലീവിലായിരുന്നു ഞാൻ നാട്ടിൽ പോയിരുന്നത്. ആ ദിവസങ്ങളത്രയും ഞാൻ അവളുടെ കൂടെ ചെലവഴിച്ചു. എന്റെ സാമീപ്യം അവളിൽ മാറ്റം വരുത്തുന്നുണ്ടെന്ന് എല്ലാവർക്കും മനസിലായി.പിന്നെ ഞാൻ ഒന്നും ആലോചിച്ചില്ല നന്ദുവിനെ എന്റെ കൂടെ ബാംഗ്ളൂരേക്ക് കൂട്ടിക്കോട്ടെ എന്ന് അവളുടെ വീട്ടിൽ അനുവാദം ചോദിച്ചു. ചങ്ക് പറിച്ചു തരുന്ന വേദനയോടെയാണെങ്കിലും അവരുടെ  മോളുടെ നല്ലതിന് വേണ്ടി ആ അച്ഛനും അമ്മയും , കുഞ്ഞനുജത്തിയെ പഴയ പ്രസരിപ്പോടെ തിരികെ കിട്ടുവാൻ അവളുടെ ഏട്ടനും  അതിന് സമ്മതിച്ചു.


അന്ന്  നന്ദുവിനെയും കൂട്ടി അവളുടെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഞാൻ ആ  അച്ഛന് ഒരു വാക്ക് കൊടുത്തിരുന്നു. 'ഒരു പോറലു പോലും ഏൽക്കാതെ , പഴയതിലും ബോൾഡ് ആയ ഒരു പുതിയ നന്ദുവിനെ അച്ഛന് ഞാൻ തന്നിരിക്കും എന്ന വാക്ക്'.  ആ വാക്ക് പാലിക്കാൻ എനിക്ക് സാധിച്ചു, ഇവിടെ വന്ന് മാസങ്ങൾക്കകം തന്നെ അവളുടെ മനസ് പതുക്കെ മാറാൻ തുടങ്ങി.തന്നെ ചതിച്ചവർക്ക് മുന്നിൽ തളർന്ന് വീഴാതെ ജയിച്ചു കാണിച്ചു കൊടുക്കണം എന്ന വാശി അവളിൽ ഉടലെടുത്തു. അപ്പോഴേക്കും കമ്പനിയിൽ ഒരു ഒഴിവ് ഉണ്ടെന്ന് വൈശാഖ് സർ പറഞ്ഞത് കേട്ട് ഞാൻ നന്ദുവിന്റെ  ജോലി കാര്യം സാറോട് പറഞ്ഞു. ഇന്റർവ്യൂ കഴിഞ്ഞ് നന്ദുവിന് നമ്മുടെ കമ്പനിയിൽ തന്നെ ജോലിയും റെഡി ആയി. അവിടുന്ന് ഇങ്ങോട്ട് അവൾ എല്ലാം കൊണ്ടും പുതിയൊരു നന്ദന ആയി മാറുകയായിരുന്നു, തന്റേടവും, കളിയും ചിരിയും ഒക്കെ ഉള്ള നമ്മുടെ ഈ നന്ദന."

"അപ്പോൾ ദേവ് സാർ നന്ദനയെ ചതിക്കുകയായിരുന്നൊ, വിശ്വസിക്കാൻ കഴിയുന്നില്ല. അത് പോലെ തന്നെ സാറിന്റെ  മാരേജ് കഴിഞ്ഞതാണോ ?"

 "അതേ ആൻവി, അയാൾ ചതിക്കുകയായിരുന്നു എന്റെ നന്ദുവിനെ.  പിന്നെ ആരും ആ ചതിയനെ കുറിച്ചോ അയാളുടെ കുടുംബത്തെ കുറിച്ചോ അന്വേഷിച്ചിട്ടില്ല. എന്നാൽ അയാൾ വീണ്ടും വന്നിരിക്കുകയാ...എന്റെ നന്ദുവിനെ വീണ്ടും തളർത്താൻ. ബട്, ഈ നിധി ജീവിച്ചിരിക്കുമ്പോൾ ഇനി നന്ദുവിനെ പഴയ പോലെ ആക്കാമെന്നത്‌ അയാളുടെ വെറും ആഗ്രഹമായി തന്നെ നിൽക്കും."

 എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ആൻവിയും ശരണും ഒരു പ്രത്യേക മാനസികാവസ്ഥയിലായി. പറയാൻ കൂടുതൽ വാക്കുകളില്ലാതെ ശരൺ  അവിടെ നിന്ന് പോയി.

"ദേവ്... ഡാ.."

  വൈശാഖിന്റെ കരസ്പർശം തന്റെ കൈയിൽ പതിഞ്ഞപ്പോൾ  ദേവൻ പതിയെ ചിന്തകളിൽ നിന്ന് ഉണർന്നു. ചുവന്ന് കലങ്ങിയ കണ്ണുകളുമായി അവൻ വൈശാഖിനെ നോക്കി.

     
" നീ കരഞ്ഞോ ദേവ്?"

അതിന് മറുപടിയായി ദേവൻ ഒരു പുച്ഛം കലർന്ന പുഞ്ചിരിയോടെ പറഞ്ഞു,
 "ഞാൻ എത്ര കരഞ്ഞാലും ദാ ഇവൾ കരഞ്ഞു തീർത്തതിന്റെയത്രയും വരുമോടാ വിച്ചൂ" ദേവൻ അവന്റെ നെഞ്ചിൽ ഒട്ടികിടക്കുന്ന നന്ദുവിനെ നോക്കിക്കൊണ്ട് പറഞ്ഞു.

 " ദേവ്,  നന്ദന ഉണരുമ്പോൾ നിന്നെ കണ്ടാൽ ? "

   "കണ്ടാൽ അവൾ ദേഷ്യപ്പെടും അല്ലെ വിച്ചൂ..എന്റെ  നെഞ്ചിന്റെ ചൂടിൽ മയങ്ങാൻ കൊതിച്ച എന്റെ പെണ്ണ് ഇന്ന് എന്റെ നെഞ്ചിലാണ് ഉറങ്ങിയത് എന്നറിഞ്ഞാൽ അവൾക്കത് സഹിക്കാൻ പറ്റില്ല അല്ലെടാ വിച്ചൂ.." ദേവന്റെ തൊണ്ട ഇടറി.

"  ഞാൻ എന്ത് പറയും ദേവ് നിന്നോട്.."

 "എനിക്കറിയാം വിച്ചൂ...അവൾ ഇപ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ വെറുക്കുന്നതും എന്നെ തന്നെയായിരിക്കും. തൽകാലം മയക്കമുണരുന്ന സമയത്ത്‌ അവൾ എന്നെ കാണണ്ട. "  ദേവൻ പതുക്കെ നന്ദുവിനെ സോഫയിൽ കിടത്തി അവളുടെ നെറുകെയിൽ ചുംബിച്ച്  കണ്ണ് തുടച്ചു കൊണ്ട് അവിടെ നിന്നും പോയി .

 മയക്കത്തിൽ നിന്ന് കണ്ണ് തുറന്നപ്പോൾ നന്ദു കണ്ടത് അവളുടെ തല മടിയിൽ വച്ച് തലോടിക്കൊണ്ടിരിക്കുന്ന നിധിയെയാണ്. നന്ദു വേഗം എഴുന്നേൽക്കാൻ നോക്കിയെങ്കിലും തലയ്ക്ക് എന്തെന്നില്ലാത്ത ഭാരം അനുഭവപ്പെട്ടു .

  " പതുക്കെ  എഴുന്നേൽക്ക് നന്ദൂ.." നിധി അവളെ മെല്ലെ പിടിച്ചിരുത്തി.

"എന്താടീ എനിക്ക് സംഭവിച്ചത്? വർക് ചെയ്ത് കൊണ്ടിരുന്നപ്പോൾ പെട്ടെന്ന് കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി.പിന്നെ ഒന്നും ഓർമയില്ല."

" എന്താ സംഭവിച്ചത് എന്ന് നിനക്ക് അറിയണം അല്ലേ, മിണ്ടരുത് നീ..ഇന്നലെ ഞാൻ എത്ര തവണ നിർബന്ധിച്ചതാ ഫുഡ് കഴിക്കാൻ, ഇന്ന് രാവിലെ ആണെങ്കിൽ തമ്പുരാട്ടിയുടെ പള്ളിയുറക്കം കാരണം ബ്രേക്ഫാസ്റ്റും കഴിച്ചില്ല."

"അപ്പോൾ ഞാൻ തല കറങ്ങി വീണു അല്ലെ,വേറെ ആരെങ്കിലും കണ്ടിരുന്നോ ഞാൻ വീഴുന്നത് ?" ചെറിയ ചമ്മലോടെ നിധിയെ നോക്കി ചോദിച്ചു.

 "ആ വീണു. ആരെങ്കിലും അല്ല...ഈ ഓഫീസിൽ ഉള്ള എല്ലാവരും  കണ്ടു. "

" ഛേ... അപ്പോൾ മാനം പോയി എന്ന് ചുരുക്കം."

 "ഇവിടെ നടന്നതൊക്കെ ഇപ്പോൾ ഇവളോട് പറഞ്ഞാൽ ഇവളുടെ മാനമല്ല  വന്ന ബോധമാ പോവാൻ പോകുന്നത്." നിധി നന്ദു കേൾക്കാതെ പറഞ്ഞു.

 "നീ എന്താടീ ഇങ്ങനെ പിറു പിറുക്കുന്നെ ?"

"ഒന്നുമില്ലേ..ഇനി ഒന്ന് എഴുന്നേറ്റ് വന്ന് ലഞ്ച് കഴിച്ചാട്ടെ, ഉച്ചക്ക് ശേഷം നമുക്ക് രണ്ട് പേർക്കും ലീവ് തന്നിട്ടുണ്ട് വൈശാഖ് സാർ. നിനക്ക് റസ്റ്റ്‌ എടുക്കാൻ വേണ്ടി. നിന്റെ ബോധം പോയത് കാരണം അങ്ങനെങ്കിലും എനിക് ഒരു ഉപകാരം ഉണ്ടായല്ലോ.."

  "നീയാണ് നിധീ യഥാർഥ കൂട്ടുകാരി.." നന്ദു നിധിയുടെ തോളിൽ കൈ തട്ടി പറഞ്ഞു.

 " ഇനി നമുക്ക്‌ പോയി ഫുഡ് കഴിക്കാലോ..എന്നാൽ വേഗം വാ.."  നിധി നന്ദുവിനെയും കൂട്ടി അവിടെ നിന്നും പോയി.

 
 ഫ്ലാറ്റിൽ തിരിച്ചെത്തിയിട്ടും ഇറങ്ങാതെ കാറിൽ തന്നെയിരിക്കുന്ന നിധിയെ നന്ദു ചോദ്യ ഭാവത്തിൽ നോക്കി.

 " നീ പോയി റസ്റ്റ്‌ എടുക്ക്..എനിക്ക് ഒരാളെ കാണാനുണ്ട്. എന്തെങ്കിലും വയ്യായ്ക തോന്നുന്നുണ്ടെങ്കിൽ വിളിക്കണം കേട്ടല്ലോ..

"എന്താഡീ ഇപ്പോൾ തന്നെ പോകണോ, വേഗം വരില്ലേ നീ..?"

"പോകണം നന്ദു,  അത്യാവശ്യമാ..നീ പോയി റസ്റ്റ്‌ എടുക്ക്. പറഞ്ഞത് മറക്കണ്ട എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാൻ മറക്കണ്ട."

"ഓ...അടിയൻ. ഉത്തരവ് പോലെ.."

"വായ നോക്കി നിൽക്കാതെ കേറിപ്പോ പെണ്ണേ.." നിധി നന്ദുവിനെ നോക്കി ചിരിച്ചു കൊണ്ട് തിരിച്ചു പോയി.

 രാത്രി ഫുഡ് കഴിച്ചിട്ട് കിടക്കാൻ നേരം എന്തോ ആലോചിച്ചു കൊണ്ടിരിക്കുന്ന നിധിയുടെ അടുത്ത് നന്ദു പോയി  അവളുടെ തലയിൽ മെല്ലെ തലോടി.

 നിധി നന്ദുവിന്റെ ആ കൈയിൽ പിടിച്ച് മെല്ലെ അവളുടെ അടുത്തിരുത്തി.

"എന്താടാ എന്താ പറ്റിയത്? പോയിട്ട് വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുകയാണല്ലോ ആകെ ഒരു മൂഡ് ഓഫ്.? "

"നന്ദൂ.... ഞാൻ ഇന്ന് ഓഫീസിൽ ഉണ്ടായ കാര്യങ്ങളൊക്കെയും ആലോചിക്കുകയായിരുന്നു. നിനക്ക് വിഷമമാകും എന്ന് കരുതിയാണ്  ഒന്നും പറയാതിരുന്നത്."

"എന്ത് കാര്യം? എന്തായാലും നീ പറ."

നിധി ഓഫീസിൽ നന്ദു തല കറങ്ങി വീണപ്പോൾ മുതൽ ഉണ്ടായ കാര്യങ്ങളൊക്കെയും  പറഞ്ഞു.

എല്ലാം പറഞ്ഞു കെട്ടപ്പോൾ നന്ദുവിന്റെ മുഖത്ത് വിരിഞ്ഞ ഭാവം എന്താണെന്ന് നിധിക്ക് മനസിലായില്ല.


"നന്ദൂ...മോളെ ദേവേട്ടൻ.."

"അപ്പോൾ അയാൾ രണ്ടും കൽപിച്ചു തന്നെയാണല്ലേ..നീ എന്ത് കണ്ട് നിൽക്കുകയായിരുന്നു നിധീ..നിനക്ക് തടയായിരുന്നില്ലേ അയാൾ എന്റെ ദേഹത്ത് തൊടുന്നതിന് മുമ്പ്."

"നന്ദൂ... നമുക്ക് എവിടെയോ തെറ്റ് പറ്റിയോ എന്ന് സംശയം. ദേവേട്ടൻ നമ്മൾ വിചാരിക്കുന്നത് പോലെ..."

"നിധീ..." അവൾ പറഞ്ഞു തീരും മുമ്പേ നന്ദുവിന്റെ ശബ്ദം ഉയർന്നു."നിനക്ക് ഇത് എന്ത് പറ്റി നിധീ..നീയാണോ ഇങ്ങനെയോക്കെ പറയുന്നത്..എന്നെക്കാൾ കൂടുതൽ അയാളെ വെറുത്തിരുന്നത് നീയല്ലേ.."

"അതേ....എനിക്ക് ദേഷ്യമായിരുന്നു വെറുപ്പായിരുന്നു ആ മനുഷ്യനോട്..പക്ഷെ ഇന്ന് നിനക്ക് സുഖമില്ലാതെ കിടന്നപ്പോൾ ദേവേട്ടൻ... ആ കെയർ.."

"മതിയാക്ക് നിധീ...അല്ലെങ്കിലും പണ്ടേ അയാള് ആൾക്കാരെ കയ്യിലെടുക്കാൻ സമർഥനാണ്. നീയും അതിൽ വീണ് പോയല്ലോ എന്നോർക്കുമ്പോഴാ...എല്ലാം അറിയുന്ന നീ.." നന്ദുവിന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകാൻ തുടങ്ങി.

"നന്ദൂ...ഞാൻ.."

"വേണ്ട നിധീ...അയാളുടെ പെരുമാറ്റത്തിൽ നീയും വീണ് പോയല്ലേ..അത് നീ ഇപ്പോൾ പറഞ്ഞ 'ദേവേട്ടൻ ' എന്ന വാക്കിൽ  നിന്ന് തന്നെ മനസിലാവുന്നുണ്ട്."

പിന്നെ കൂടുതലൊന്നും നന്ദുവിനോട് പറയാൻ നിധി പോയില്ല. അവൾ നന്ദുവിനെ സമാധാനിപ്പിച് ലൈറ്റ് ഓഫ് ചെയ്ത് കിടന്നു.

************

  പിറ്റേ ദിവസം രാവിലെ ഓഫീസിൽ  വൈശാഖ്  സാർ വിളിക്കുന്നു എന്ന് പറഞ്ഞത് കൊണ്ട് നന്ദുവും നിധിയും വൈശാഖിന്റെ ക്യാബിനിൽ പോയി.

  "നന്ദന ആർ യൂ ഓകെ നൗ ?"

"എസ് സാർ.. അയാം ഓകെ."

"മ്... ഗുഡ്..പിന്നെ ഞാൻ വിളിപ്പിച്ചത് വേറൊരു കാര്യം പറയാനാണ്.അതായത് ഒരു ചെറിയ ഫങ്ങ്ഷനു ക്ഷണിക്കാൻ.

"അത് കേട്ടതും നന്ദന ചെറുതായി ഒന്ന് ഞെട്ടി.ഇയാൾക്കിനി ഫങ്ങ്ഷനിൽ ആരെങ്കിലും കൂടോത്രം ചെയ്തിട്ടുണ്ടോ..എപ്പോഴും ഫങ്ങ്ഷൻ.ഒന്ന് തീർന്നതിന്റെ ക്ഷീണം ഇതു വരെ മാറിയിട്ടില്ല, അപ്പോഴാ." നന്ദു മനസിൽ പിറുപിറുത്തു.

  "നന്ദന ഇപ്പോൾ മനസിൽ വിചാരിച്ചത് എന്താണെന്ന് എനിക്ക് മനസിലായി.ഇത് അങ്ങനെയുള്ള ഫങ്ങ്ഷൻ ഒന്നുമല്ല, നാട്ടിലുള്ള എന്റെ പുതിയ വീടിന്റെ പാല് കാച്ചൽ ചടങ്ങ് ആണ്, ചെറിയൊരു ഗൃഹ പ്രവേശനം. എന്റെ സ്റ്റാഫ്സ് ആണെങ്കിലും നിങ്ങൾ രണ്ട് പേരും അതു പോലെ ആൻവിയും ശരണും എന്റെ നല്ല ഫ്രണ്ട്‌സ് കൂടിയാണ്.അത് ചിലപ്പോൾ മലയാളികൾ ആയത് കൊണ്ടുമായിരിക്കും. നിങ്ങളെ നാല് പേരെ മാത്രമേ ഞാൻ ക്ഷണിച്ചിട്ടുള്ളൂ. ഗ്രാൻഡ് പ്രോഗ്രാം ഒന്നുമില്ല.എന്റെ ഫാമിലിയും നമ്മൾ കുറച്ച് ഫ്രണ്ട്സും."

 
"സർ...അപ്പോൾ നാട്ടിലേക്കണോ ഞങ്ങളെ ക്ഷണിച്ചത്?"

"എസ് നന്ദന, നിങ്ങളുടെ നാട്ടിൽ നിന്ന് വലിയ ദൂരം ഒന്നുമില്ല കോഴിക്കോടെക്ക്. അവിടെയൊക്കെ ഒന്ന് കാണാമല്ലോ.ആൻവിയും ശരണും റെഡി ആണ്. ഇനി നിങ്ങൾ രണ്ട് പേരും കൂടി ഓകെ പറഞ്ഞാൽ നിങ്ങൾ നാല് പേർക്കും കൂടി ഒരാഴ്ച ലീവ് എനിക് എം.ഡി യോട് വിളിച്ച് പറയാം. ഓൾ റെഡി ഞാൻ സാറിന്റെ അടുത്ത് സൂചിപ്പിച്ചിട്ടുണ്ട്."

നന്ദു ദയനീയമായി നിധിയെ നോക്കി.സാറിനെ പിണക്കാൻ അവൾക്ക് ഇഷ്ടമില്ലെങ്കിലും സാറിന്റെ കൂടെ ദേവനും ഉണ്ടാകുമല്ലോ എന്ന തോന്നൽ അവളെ പോകുന്ന കാര്യത്തിൽ സംശയത്തിലെത്തിച്ചു.

നിധി നന്ദുവിനെ  നോക്ക് സമ്മതിക്ക് എന്ന രീതിയിൽ കണ്ണടച്ചു.

"എന്താ നന്ദന എനി പ്രോബ്ലെം? നിധിക്ക് ഇന്ററെസ്റ്റ് ഉണ്ടെന്ന്  അയാളുടെ മുഖം കണ്ടാൽ അറിയാം. അല്ലെ നിധീ ?"

"എസ് സാർ,  എനിക്ക്  കുഴപ്പമൊന്നുമില്ല.ബട്ട്, നന്ദു ഇല്ലെങ്കിൽ ഞാനും വരില്ല."

നിധി പറഞ്ഞത് കേട്ട് നന്ദു വീണ്ടും അവളെ ദയനീയമായി നോക്കി." നിനക്ക്‌ ഞാൻ വച്ചിട്ടുണ്ടെഡീ  തെണ്ടീ..." നന്ദു നിധിയുടെ ചെവിയിൽ പറഞ്ഞു.

"നന്ദന, കണ്ടോ..എല്ലാവരും ഓകെ ആണ്.താൻ മാത്രമാണ് ഡൗട്ടിൽ നിൽക്കുന്നത്. തന്റെ പ്രോബ്ലെം എന്താണെന്ന് എനിക്കറിയാം ..എന്നാൽ കേട്ടോളൂ, ദേവ് നമ്മുടെ കൂടെ നാട്ടിൽ വരുന്നില്ല."

വൈശാഖ് അങ്ങനെ പറഞ്ഞപ്പോൾ നന്ദു  ചെറുതായി ഞെട്ടിയെങ്കിലും ഇന്നലെ ഇവിടെ നടന്നതൊക്കെ നിധി പറഞ്ഞത്തിൽ നിന്ന് മനസ്സിലായിരുന്നു തന്റെ പാസ്റ്റ് കുറച്ച് പേർ മനസിലാക്കി എന്ന്.

നന്ദന...തനിക്ക് ഇഷ്ടമില്ലെങ്കിൽ വേണ്ടാട്ടോ.. എനിക്ക് അതിന്റെ പേരിൽ തന്നോട് ദേഷ്യമോ പിണക്കമോ ഒന്നും ഉണ്ടാകില്ല.

"എനിക്ക് സമ്മതമാണ് സാർ.. ഞങ്ങളും വരാം .."

അത് കേട്ടപ്പോൾ നിധിയുടെ മുഖം പൂത്തിരി കത്തിച്ച പോലെ തിളങ്ങി.

"അങ്ങനെ ആണെങ്കിൽ നമ്മൾ അഞ്ച് പേരും കൂടെ നാളെ ഈവനിംഗ് എന്റെ കാറിൽ ഇവിടെ നിന്ന് കോഴിക്കോടെക്ക് പോകുന്നു. പപ്പയും അമ്മയും ഒക്കെ ഇന്ന് തന്നെ പോയി, അവിടെ കാര്യങ്ങളൊക്കെ നോക്കി നടത്തണല്ലോ..ഓകെ അല്ലെ രണ്ട് പേരും?"

"ഓകെ സാർ.." നന്ദുവും നിധിയും  ഒരേ പോലെ പറഞ്ഞു.

*****************

വൈശാഖ് പറഞ്ഞ പോലെ അവന്റെ കാറിൽ ശരണും ആൻവിയും നന്ദുവും നിധിയും കൂടെ കോഴിക്കോടെക്ക് പുറപ്പെട്ടു. ശരണും വൈശാഖും മാറി മാറി ഡ്രൈവ് ചെയ്തത് ഡ്രൈവിങ്ങിനിടയിലെ മടുപ്പും ഒഴിവാക്കി. പിറ്റേ ദിവസം രാവിലെയാണ് അവർ വൈശാഖിന്റെ വീട്ടിൽ എത്തിയത്.

  സാമാന്യം കുറച്ച് വലിപ്പമുള്ള അധികം പഴയത് അല്ലാത്ത ഒരു ഇരു നില വീട്ടിലേക്ക് കാർ കൊണ്ട് നിർത്തി. അവർ ഇറങ്ങുമ്പോൾ തന്നെ സ്വീകരികാനായി  വൈശാഖിന്റെ പപ്പയും അമ്മയും  പുറത്തേക്ക് വന്നു.  ഫങ്ങ്ഷനിൽ വെച്ച് തന്നെ അവരെ പരിചയപ്പെട്ടത് കൊണ്ട് അവർക്കാർക്കും തമ്മിൽ ഒരു അകൽച്ച തോന്നിയില്ല.

"ഇതാണ് എന്റെ വീട്. എന്റെ വീട് എന്ന് പറയുമ്പോൾ ഞങ്ങളുടെ പഴയ വീട്...ദാ ആ  കാണുന്നതാ എന്റെ പുതിയ വീട്."

   വൈശാഖ് വിരൽ ചൂണ്ടിയ ഭാഗത്ത്‌ നോക്കിയ എല്ലാവരും വാ പൊളിച്ചു നിന്നു പോയി. അത്രയ്ക്കും വലിയ ഒരു ന്യൂ സ്റ്റൈലിൽ എടുത്ത വീട് ആയിരുന്നു അത്.

'ഇതിനെ ഞങ്ങളൊക്കെ കൊട്ടാരം എന്നാ സാർ പറയുന്നത്, വീട് എന്നല്ല."  നിധി പറയുന്നത് കേട്ട് എല്ലാവരും ചിരിച്ചു.

"അത്രയ്ക്കൊന്നും ഇല്ലടോ...ദാ ഇവരുടെ ഒറ്റ പുത്രൻ ആയത് കൊണ്ട് പപ്പയ്ക്കും അമ്മയ്കും കിട്ടിയ ഷെയർ വിറ്റ് എടുത്തതാ ആ സ്ഥലവും വീടും ഒക്കെ.പിന്നെ ഈ വീടിന് അടുത്തായത് കൊണ്ട് ആ സ്ഥലം വിട്ട് കളയാൻ തോന്നിയില്ല."

  "അതേ, വിശേഷങ്ങളൊക്കെ പിന്നെ പറയാം... എല്ലാവരും അകത്തേക്ക് കയറി വാ മക്കളെ.." വൈശാഖിന്റെ അമ്മ അവരെ അകത്തേയ്ക്ക് വിളിച്ച് കൊണ്ട് പോയി.

  അവർ എല്ലാവരും കൂടെ ഹാളിൽ ഇരുന്നു. 'അമ്മ അവർക്കൊക്കെ കഴിക്കാൻ ചായ എടുത്തു. എല്ലാവർക്കും ചായ കൊടുത്ത്, നന്ദുവിന്റെ അടുത്ത് എത്തി പറഞ്ഞു "ഇതാ മോളേ... മോൾക്ക് കോഫി എടുത്തിട്ടുണ്ട്, ചായ കുടിക്കില്ലല്ലോ.."

 അത് കേട്ടതും നന്ദു ഞെട്ടി അവരെ നോക്കി. "ആന്റിക്ക് ..ആന്റിക്ക് എങ്ങനെ അറിയാം, ഞാൻ  ചായ കുടിക്കില്ല എന്ന്."

  "ഓ.. അത്  മോൻ പറഞ്ഞു., ഇവൻ തന്നെയാ  നിങ്ങൾ ഇവിടെ എത്താറായി എന്നും പറഞ്ഞു കൊണ്ട്  എന്റെ കൂടെ ഇതൊക്കെ എടുക്കാൻ സഹായിച്ചത്."  വൈശാഖിന്റെ അമ്മ വിരൽ ചൂണ്ടികൊണ്ട് പറഞ്ഞയാളെ കണ്ട് നന്ദു ഞെട്ടി വൈശാഖിനെ നോക്കി. എന്നാൽ ഞാൻ ഈ രാജ്യത്തെ ഇല്ല എന്ന ഭാവത്തിൽ ഉത്തരത്തിൽ നോക്കി നിൽക്കുകയായിരുന്നു വൈശാഖ്.

തുടരും...

രചന: അഞ്ജു വിപിൻ.

നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top