യാമി, Part 4

Valappottukal
യാമി 💝 0️⃣4️⃣
ഭാഗം💞04

യശോദറിനൊപ്പം സംസാരിച്ചു നിൽക്കുകയാണ്...
ഇടയ്ക്ക് നോട്ടം അവളിലേക്കും പാളുന്നുണ്ട്...

"നവീൻ.."
യാമിയുടെ ചുണ്ടുകൾ മൊഴിഞ്ഞു...
ഒപ്പം നാണത്താൽ കലർന്നൊരു ചിരിയും പതിയെ വിടർന്നു...

ഡാൻസും പാട്ടുമായി ഫ്രണ്ട്സിനൊപ്പം ചുവടുവയ്ക്കുന്ന നവീനെ കുറച്ചു സമയങ്ങൾക്ക് ശേഷം വീണ്ടുമവൾ കണ്ടു...
ഫോട്ടോ എടുക്കുന്നതിനു വേണ്ടി ഫോട്ടോഗ്രാഫർ അവനെ വിളിക്കുമ്പോൾ യാമിയുടെ ഹൃദയം അറിയാതെ തുടിച്ചു...

അയാളുടെ നിർദേശാനുസരണം പല പോസിൽ ചിരിയോടെ നവീൻ അവൾക്ക് ഒപ്പം നിന്നു...
വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ഇത്രയടുത്ത് അവനോട് ഒത്ത് യാമി നിൽക്കുന്നത്...
ഇതിനിടയ്ക്ക് ഒരിക്കൽ പോലും രണ്ടാളും പരസ്പരം നോക്കുകയോ, ഒരക്ഷരം സംസാരിക്കുകയോ ഉണ്ടായില്ല...

💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝

ചുവന്ന നിറത്തിലുള്ള കാഞ്ചീപുരം പട്ടുടുത്ത്... അതിനു ചേരുന്ന രീതിയിൽ വളരെ കുറച്ച് മാത്രം ആന്റിക് കളക്ഷനിൽ ഉള്ള സ്വർണവും അണിഞ്ഞു..
തല നിറയെ മുല്ലപ്പൂവും ചൂടി..മുഖത്ത് ആവിശ്യതിന് മാത്രം പുട്ടിയും അടിച്ച്.. യാമിയുടെ ഒരുക്കം ബ്യൂട്ടിഷൻ പൂർത്തിയാക്കി..
എല്ലാത്തിനും അവൾക്കൊപ്പം വരുണിയും ഉണ്ടായിരുന്നു...

"ജീനയാണ് മോളെ "
ഒരുക്കം കഴിഞ്ഞപ്പോൾ ഫോൺ അവൾക്ക് നേരെ നീട്ടി വരുണി പറഞ്ഞു

"ഹലോ ആൻറി"
സന്തോഷത്തോടെ യാമി ഫോൺ ചെവിയോട് ചേർത്തു..

"ആൻറിയുടെ മോൾ ഹാപ്പിയാണോ?"

"അതെ ആന്റി സന്തോഷമായിരിക്കുന്നു..
ആൻറി കൂടെ ഇല്ലെന്നൊരു സങ്കടം ഒഴിച്ചാൽ.."

"വരാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു അതാണ് മോളെ.."

"സാരമില്ല.. അങ്കിളിനോടും കിച്ചുസിനൊടും  അന്വേഷണം പറഞ്ഞേക്ക്.."

"തീർച്ചയായും... ഞങ്ങളുടെ പ്രാർത്ഥന മോൾടെ കൂടെ എപ്പോഴും ഉണ്ട്.. ശരി എന്നാൽ...
എല്ലാം നല്ല രീതിയിൽ നടക്കട്ടെ..
വിഷ് യു എ ഹാപ്പി മാരീഡ് ലൈഫ്..."

"താങ്ക്യൂ ആന്റി... ഉമ്മ.."

ഫോൺ വെച്ചു കഴിഞ്ഞ് യാമി വരുണിയെ നോക്കി ഒന്നു ചിരിച്ചു..
കെട്ടു മേളം മുഴങ്ങിയപ്പോൾ ആ ചിരി മാഞ്ഞു അവളുടെ നെഞ്ചും പടപടാന്നു ഇടിക്കാൻ തുടങ്ങി...

അത് മനസ്സിലാക്കി എന്നോണം വരുണി അവളുടെ കയ്യിൽ മുറുകെ പിടിച്ചു കണ്ണിറുക്കി കാട്ടി ആശ്വസിപ്പിച്ചു..

താലപ്പൊലിയുടെ അകമ്പടിയോടെ യാമിയെ മണ്ഡപത്തിലേക്ക് കൊണ്ടുപോകാനായി മുറിയിൽ നിന്നും ഇറക്കി...
നിമിഷനേരങ്ങൾക്ക്‌ അകം കെട്ടുമേളം നിന്നതും... പുറത്തുനിന്നും ഉച്ചത്തിലുള്ള സംസാരം എല്ലാവരും കേട്ടു...
യാമിക്കൊപ്പം കൂടിനിന്നവർ ഓരോരുത്തരായി പതിയെ അങ്ങോട്ടേക്ക് കാര്യമറിയാനായി നീങ്ങിയപ്പോൾ...
വരുണിയും യാമിയും പരസ്പരം കാര്യം മനസ്സിലാകാതെ നോക്കി..
"എന്താ മമ്മ.."

"അറിയില്ല മോളെ.. നിൽക്ക്‌ ഞാൻ ഒന്ന് നോക്കിയിട്ട് വരാം.."
വാണി മുറിയുടെ അരിക് ചേർന്ന് ഉള്ള വഴിലൂടെ മണ്ഡപത്തിന് അടുത്തേക്ക് ചെല്ലുമ്പോൾ കാണുന്നത് നവീന്റെ മുഖത്ത് ആഞ്ഞു അടിക്കുന്ന യശോദറിനെ ആണ്...

ഓടി ചെന്നവൾ‌ അയാളെ ബലത്തിൽ പിടിച്ചു മാറ്റി..
കൂടി നിന്നവർ ആരും തന്നെ അയാളെ പിടിച്ച് മാറ്റാനോ...
അരുതെന്ന് പറയാനോ മിനക്കെട്ടില്ല...
മുത്തശ്ശൻ അടുത്ത് തന്നെ കസേരയിൽ തലയ്ക്ക് കയ്യും കൊടുത്ത് ഇരിപ്പുണ്ട്...

"എന്താ ഉണ്ടായത്...?"
എല്ലാവരുടെയും മുഖത്തെ പതർച്ചയും പരിഭ്രമവും കണ്ട് ഒരമ്മയുടെ എല്ലാ ആധിയോടും കൂടി അവർ തിരക്കി...

ആരും ഒന്നും മിണ്ടാതെ നിൽക്കുന്നതും...ചുറ്റും ക്ഷണം സ്വീകരിച്ചു വന്നവരിൽ നിന്നും ഉയരുന്ന അടക്കം പറച്ചിലുകളും ശ്രദ്ധിച്ചിട്ട്‌ വാണി നവീനെ നോക്കി...
അവനു പിറകിലായി തല കുനിച്ച് കണ്ണീരോടെ നിൽക്കുന്ന പെൺകുട്ടിയെ പിന്നീട് ആണ് അവർ ശ്രദ്ധിച്ചത്....

വാണിയുടെ കണ്ണുകൾ പിറകിലേക്ക് നീണ്ടു..
യാമിയിൽ അത് എത്തിയപ്പോഴേക്കും അവരുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി....

"പലതവണ ഞാൻ പറഞ്ഞിരുന്നതല്ലേ നിങ്ങളോടൊക്കെ എനിക്ക് ഇതിൽ താൽപര്യമില്ലെന്ന്...
പെട്ടെന്നൊരു ദിവസം ഇട്ട് എറിഞ്ഞിട്ട് പോകാനല്ല ഇക്കണ്ട കാലമത്രയും ഞങ്ങൾ രണ്ടാളും സ്നേഹിച്ചത്..
യാമിയോട് എനിക്കൊന്നു സംസാരിക്കണം.."

"നിനക്കെന്താണ് എൻറെ കുഞ്ഞിനോട് ഇനി സംസാരിക്കേണ്ടത്...
നീ പറയുന്ന ഒരു ന്യായവും ഇനി അവൾക്ക് കേൾക്കണ്ട..."
വാണി നവീനു നേരെ ദേഷ്യപ്പെട്ടു..

എല്ലാവരുടെയും കണ്ണുകൾ യാമിയിലേക്ക്‌ നീണ്ടതും യശോദർ അവൾക്ക് അരികിലേക്ക് നടന്നു അടുത്തു...  കൈക്ക് പിടിച്ചു വലിച്ച് മുത്തശ്ശന് മുന്നിൽ കൊണ്ട് വന്നു നിർത്തി..
"കൊച്ചു മകൻ ചെയ്ത തെറ്റിന് ഞാൻ എൻറെ മകളെ ഇനി എന്താണ് ചെയ്യേണ്ടത് അച്ഛൻ പറ..."
മറുപടി ഇല്ലാതെ അയാൾ അപ്പോഴും തല കുനിച്ചു തന്നെ ഇരിക്കുകയാണ്...

"എന്നാൽ എല്ലാവരും അറിയാൻ കേട്ടോളൂ...
എൻറെ മോളെ ചതിച്ച ഇവനെ ഇനി അവൾക്കും വേണ്ട...
ഇവൻറെ കെട്ട് നടക്കുന്നതിന് ഒരു നിമിഷം മുൻപേ എങ്കിലും യാമിയുടെ വിവാഹം ഞാൻ നടത്തിയിരിക്കും ഇതെന്റെ വാശിയാണ്..."

അച്ഛനിൽ  ഉള്ള ആ മകളുടെ എല്ലാ വിശ്വാസവും ഒരു നിമിഷം കൊണ്ട് തകരുകയായിരുന്നു...
അതുവരെ പെയ്യാതെ നിന്ന കണ്ണുകൾ പോലും അയാളുടെ പ്രസ്താവന കേട്ട് ശക്തിയിൽ പെയ്തു..

വാണി യശോദറിന് നേരെ ദേഷ്യത്തിൽ നോക്കിയ ശേഷം ഒന്നും പറയാതെ യാമിയുടെ കൈ പിടിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി...

💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝

വാര്യത്ത്‌ കല്യാണം മുടങ്ങിയ ചർച്ചകളും ബാക്കി ഭാവി കാര്യങ്ങളും ഒക്കെ തകൃതിയിൽ  സംസാര വിഷയം ആയപ്പോൾ യാമിക്ക് അവിടെ നിന്നും എങ്ങനെ എങ്കിലും മാറി നിന്നാൽ മതിയെന്ന് തോന്നി തുടങ്ങി...

"മമ്മാ ഞാനൊന്നു പുറത്തേക്ക് പോയിട്ട് വരാം"
യാമി വാണിയോട് അനുവാദം ചോദിച്ചു

"എവിടേക്ക് ?"
മുറിയിലേക്ക് കയറി വന്ന യശോദർ ആണ് തിരക്കിയത്

"എനിക്കീ അറ്റ്മോസ്ഫിയറിൽ നിന്നൊന്ന് മാറി നിൽക്കണം കുറച്ചുസമയത്തേക്ക്......"

"നടക്കില്ല യാമി... ഇപ്പോൾ നീ എങ്ങോട്ടേക്കും പോകുന്നില്ല... അല്ലേൽ തന്നെ മനുഷ്യൻ ഇവിടെ നാണംകെട്ടു നിൽക്കുകയാണ്... അതിൻറെ കൂടെ ഒരുങ്ങി കെട്ടി പുറത്തേക്കിറങ്ങി അറിയാത്തവരെ കൂടി അറിയിക്കാൻ നിൽക്കണ്ട..."

"ഡാഡി പ്ലീസ്..പറയുന്നതെല്ലാം കേൾക്കുന്നില്ലേ..ഒക്കേതിനും നിന്നു തരുന്നുമില്ലെ ഞാൻ... എന്റെ മനസ്സ് കരിങ്കല്ല് ഒന്നുമല്ല.. അത് കണ്ടില്ലെന്നു വെക്കരുത് രണ്ടാളും.. നൂറുവട്ടം ഞാൻ പറഞ്ഞതാണ് നവീനോട് എനിക്ക് ഒന്ന് സംസാരിക്കണം എന്ന്..
ഒരൊറ്റ തവണ എൻറെ വാക്ക് ഡാഡി ഒന്ന് കേട്ടിരുന്നെങ്കിൽ എനിക്കിപ്പോൾ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു...

മറിച്ച് എല്ലാം അറിഞ്ഞു വെച്ചിട്ടും ഡാഡി ഞങ്ങളെ രണ്ടാളെയും ചതിക്കുകയായിരുന്നില്ലേ...പിടിച്ചു കെട്ടിയാണോ ഒരാളെ കൊണ്ട് വിവാഹം കഴിപ്പിക്കുന്നത്.."
യാമിക്കു ദേഷ്യം അടക്കാൻ കഴിഞ്ഞിരുന്നില്ല..
കണ്ണീർ വന്നില്ലെങ്കിൽ കൂടി അവളുടെ ഹൃദയം നന്നേ മുറിഞ്ഞിരുന്നു

"അതെടി.. അറിഞ്ഞു വച്ചിട്ട് തന്നെ ആയിരുന്നു... വാര്യത്ത്‌ കൈ പിടിച്ച് കയറ്റാൻ കൊള്ളാത്ത ബന്ധത്തിൽ ആണ് മകൻ ചെന്ന് ചാടിയെന്നറിഞ്ഞ അവന്റെ അച്ഛന്റെ തലയിലെ ബുദ്ധി ആയിരുന്നു...
അത് ഇങ്ങനെ ആയി തീരുമെന്ന് ഞാനും അറിഞ്ഞില്ല..നാലാള് അറിഞ്ഞു പോയി അല്ലേൽ രണ്ടിനെയും പന്തലിൽ ഇട്ട് തന്നെ ഞാൻ തീർത്തെനെ...
ഇനി ഇതിന്റെ പേരിൽ അമ്മയും മോളും കൂടി എന്റെ തലയിൽ കയറാൻ നിൽക്കണ്ട.. പറയുന്നത് കേട്ടാൽ നിങ്ങൾക്ക് കൊള്ളാം.. "

"അവള് ഒന്നു പൊയ്ക്കോട്ടെ യദു.. കുറച്ചുനേരം സ്വസ്ഥമായി എവിടെയെങ്കിലും പോയവൾ ഇരിക്കട്ടെ..
നിങ്ങള് എന്തിനാ ഇത്ര വാശി കാണിക്കുന്നത്"
വരുണി പറഞ്ഞു തീരും മുൻപേ മേശപ്പുറത്തിരുന്ന ജഗ് അതിയായ ശബ്ദത്തോടെ താഴേക്ക് വീണ് പൊട്ടിച്ചിതറി

"എന്നോടൊന്ന് എതിർത്ത് സംസാരിക്കാത്തവളാണ്...
ഇൗ ധൈര്യം യാമിക്ക് ഇപ്പോൾ എവിടുന്ന് കിട്ടിയെന്ന് എനിക്ക് നന്നായി മനസ്സിലായി..
തള്ളയും മോളും കൂടി എന്നെ ഭ്രാന്ത് പിടിപ്പിക്കുരുത്..
യാമി, നിന്നോട് ഒരു തവണ ഞാൻ പറഞ്ഞുകഴിഞ്ഞു...
നവീൻ ചതിച്ചെങ്കിൽ അവൻറെ വിവാഹത്തിന് മുൻപ് നിന്റെത് ഞാൻ എങ്ങനെയും നടത്തിയിരിക്കും...
ഇതെന്റെ അഭിമാനത്തിന്റെ പ്രശ്നമാണ്...
അതല്ല തള്ളയുടെ വാക്ക് കേട്ട് എന്നെ ധിക്കരിച്ച് നടക്കാൻ ആണ് തീരുമാനമെങ്കിൽ അറിയാലോ നിനക്ക് എന്നെ.."
യശോദർ പറഞ്ഞ ശേഷം പാഞ്ഞു പുറത്തേക്കിറങ്ങി...

വാണിയുടെ കണ്ണിലെ നിസ്സഹായ അവസ്ഥ മനസ്സിലാക്കി എന്നോണം യാമി അവരെ നോക്കി ഒന്ന് ചിരിച്ചു.. പുച്ഛത്തിൻറെ മേൽമോടി വാരി വിതറിയ ഒരു ചിരി...

അയാൾക്ക് പിന്നാലെ വാണിയും പുറത്തേക്ക് ഇറങ്ങിയ ശേഷം യാമി വാതിലടച്ചു കുറ്റിയിട്ടു...
കട്ടിലിനോരം ജനലിനടുത്ത് എത്തി ഇരുപ്പ് ഉറപ്പിച്ചു...

മണിക്കൂറുകൾക്ക് മുൻപ് വരെ ആഘോഷം കൊണ്ടാടിയിരുന്ന തറവാട് ഇപ്പോൾ മൂകമാണ്..
ഒരുഭാഗത്ത് പന്തൽ അഴിച്ചു തുടങ്ങിയിരിക്കുന്നു...

യാമി കൈകൾ വിടർത്തി ചേർത്തു പിടിച്ചു നോക്കി..
തലേന്ന് ഇട്ട മൈലാഞ്ചി നന്നേ ചുവന്നു..
പ്രാണേശ്വരൻറെ പ്രണയം അതിൻറെ ഉച്ചസ്ഥായിലായിരിക്കണം..

"നവീന് മോളോടുള്ള സ്നേഹമാണ് ഇൗ ചുവപ്പ്..."

തലേന്ന് ആരോ പറഞ്ഞത് കാതിൽ മുഴങ്ങി
അന്ധവിശ്വാസങ്ങളോട് അലറിവിളിച്ച് മനസ്സ് എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്...

അവള് ഇരുന്നിടത്തു നിന്നെഴുന്നേറ്റ് ഹാൻഡ് ബാഗ് തുറന്ന് സ്കോളർഷിപ്പിന്റെ പേപ്പർ കയ്യിലെടുത്തു നിവർത്തി നോക്കി...
ഒപ്പം സ്റ്റുഡൻറ് വിസയും.. മറ്റു പേപ്പറുകളും..
ഒക്കെ ഭദ്രമായി ഉണ്ടെന്ന് ഒന്നു കൂടി ഉറപ്പു വരുത്തി
മറ്റൊരു ട്രാവലർ ബാഗിൽ അത്യാവശ്യം തുണിയും സാധനങ്ങളുമൊക്കെ പാക്ക് ചെയ്തു കട്ടിലിനടിയിൽ തന്നെ പെട്ടെന്ന് ആരും ശ്രദ്ധിക്കപ്പെടാത്ത വിധം ഒളിപ്പിച്ചുവെച്ചു...

പലതവണ വരുണിയും, മുത്തശ്ശിയും അടക്കം പലരും വന്ന് വിളിച്ചിട്ടും യാമി മുറി തുറക്കാൻ കൂട്ടാക്കിയില്ല..
ഭക്ഷണം പോലും ഉപേക്ഷിച്ച് അവളാ മുറിയിൽ തന്നെ ചടഞ്ഞു കൂടി... ഒരു തരം പ്രതിഷേധം പോലെ..

സന്ധ്യയുടെ വരവറിയിച്ചു കഴിഞ്ഞു സമയം പതിയെ രാത്രിയുടെ ഇരുളിൽ കൂപ്പകുത്തി...
ഓരോ മുറികളിലെയും വിളക്കുകൾ പതിയെ അണഞ്ഞു തുടങ്ങി..
ഉറക്കം നഷ്ടപ്പെട്ട യാമി മാത്രം ജനലിലൂടെ വരുന്ന വെളിച്ചത്തിലേക്ക് കണ്ണും നട്ടിരുന്നു..

""അവൾക്കായി മാത്രം ഇരുട്ടിൻറെ കരിമ്പടം നീക്കി ദൂരേ എവിടെയോ കാത്തിരിക്കുന്ന വെളിച്ചം!!!!!!""

ഇടയ്ക്ക് എപ്പോഴോ ആ ഇരുത്തം നിദ്രയ്ക്ക് വഴിമാറി..
ഫോൺ അലാറം മുഴങ്ങിയതും ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു...

സമയം പുലർച്ചെ രണ്ടു മുപ്പത്..
ബാത്റൂമിൽ കയറി ഫ്രെഷായി പെട്ടെന്ന് ഇറങ്ങി..
ജീൻസും ടോപ്പിനും ഒപ്പം ഒരു ജാക്കറ്റ് കൂടി ഇട്ടു...
മുടി മുകളിലേക്കുയർത്തി കെട്ടി ബണ്ണിട്ടു...
കട്ടിലിനടിയിൽ ഒളിപ്പിച്ചു വച്ചിരുന്ന ബാഗ് പതിയെ ശബ്ദം ഉണ്ടാക്കാതെ വലിച്ചു നീക്കി എടുത്തു...
ഇരു തോളിലും ആയിട്ട ശേഷം  ഹാൻഡ് ബാഗും എടുത്തു...

വാതിൽ ഒച്ചയുണ്ടാക്കാതെ മെല്ലെ തുറന്നു പുറത്തേക്കിറങ്ങി..
സാക്ഷ നീക്കി മുൻ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും വിളിവന്നു...

"യാമി.."

ഒന്ന് ഞെട്ടിയെങ്കിലും പതിയെ ഭയം മാറി തിരിഞ്ഞു നോക്കി..
നവീൻ ആയിരുന്നു..

"നീ എവിടേക്കാണ് ഈ രാത്രിയിൽ.."

"ഇന്നെൻറെ ആദ്യരാത്രി ആയിരുന്നില്ലേ... അതിൻറെ ക്ഷീണം മാറാൻ ഒന്ന് കാറ്റുകൊള്ളാൻ ഇറങ്ങിയത്‌ ആണ് നവീൻ..."
മറുപടിയില്ലാതെ അവൻ തല താഴ്ത്തി

തിരിഞ്ഞു നടക്കാൻ പോയ യാമിയെ വീണ്ടും അവൻ വിളിച്ചു..

"നീ കയറി അകത്തു പോകുന്നുണ്ടോ.. അതോ ഞാൻ എല്ലാവരെയും വിളിച്ചു ഉണർത്തണോ...
ഇത് നിൻറെ ബാംഗ്ലൂർ അല്ല അസമയത്ത് ഇങ്ങനെ പുറത്തിറങ്ങി നടക്കാൻ.."

"ഓ എത്ര അസമയങ്ങളിൽ ഞാൻ പുറത്തിറങ്ങി നടന്നത് സാറിന് അറിയാം...
നോക്ക്... എൻറെ കാര്യം നോക്കാൻ എനിക്കറിയാം.."
ഒന്ന് നിർത്തിയിട്ട്..

"മിസ്റ്റർ നവീൻ... ഇന്നൊരു ദിവസം എൻറെ ജീവിതത്തിൽ ഞാൻ ഒരിക്കലും മറക്കില്ല..
അത് സന്തോഷത്തിന് എങ്കിൽ അങ്ങനെ... ദുഃഖം എങ്കിൽ അങ്ങനെ..
രാവിലെ എന്നെയാ വേഷം കെട്ടിച്ച്‌ നിർത്തുന്നതിന് കുറച്ച് മുമ്പെങ്കിലും നിങ്ങൾക്ക് എന്നോട് ഒന്നു പറയാമായിരുന്നു അത് എൻറെ സങ്കടം...
ഇനി ഞാൻ എനിക്കായി ഒന്ന് ജീവിച്ചു തുടങ്ങട്ടെ... അതിൻറെ സുഖം ഞാനും ഒന്ന് അറിയട്ടെ.. അത് എന്റെ സന്തോഷം..."

കയ്യിൽ കരുതിയിരുന്ന സിം അവൻറെ നേരെ ഉയർത്തി ഒടിച്ചു കളഞ്ഞതിനൊപ്പം വീണ്ടും അവള് പറഞ്ഞു...

"എന്നെ തിരക്കി ആരും വരരുത് എന്ന് പറയണം"

മറുപടിക്ക് കാത്തു നിൽക്കാതെ ഇരുട്ടിലേക്ക്‌ ഇറങ്ങി നടന്നു...
ബാഗിന്റെ ഭാരം കാരണം കുറച്ചു ദൂരം നടന്നു പിന്നിട്ടപ്പോഴേക്കും യാമി ക്ഷീണിച്ചു പോയിരുന്നു...

💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝

"താങ്ക്സ് ബ്രോ.. നന്മ നശിക്കാത്ത മനുഷ്യർ ഇന്നുമുണ്ട്"
ബൈക്കിന് പിറകിൽ നിന്നും ഇറങ്ങിയതിനൊപ്പം യാമി പറഞ്ഞു

അയാൾ ഒന്നു ചിരിച്ച് ശേഷം യാത്ര പറഞ്ഞു പോയി..
ബസ് സ്റ്റാൻഡ് വരെ ലിഫ്റ്റ് കിട്ടിയത് കൊണ്ട് അധികം പ്രയാസം അവൾക്ക് ഉണ്ടായില്ല..
അങ്ങിങ്ങായി മൂന്നാല് ആളുകൾ നിൽക്കുന്നത് ഒഴിച്ചാൽ സ്റ്റാൻഡും ഒഴിഞ്ഞു കിടക്കുന്നു...

വെളിച്ചം കണ്ടതിനടുത്തുള്ള ബെഞ്ചിലിരുന്നു കൊണ്ട് ഫോൺ എടുത്തു മറ്റൊരു സിം അതിലേക്ക് ഇട്ടു...

ജീനയുടെ നമ്പർ ഡയൽ ചെയ്തു..
കാര്യങ്ങളൊക്കെ പറഞ്ഞതിനൊപ്പം അവളുടെ കവിളുകളും നനഞ്ഞിരുന്നു...
ആ അവസ്ഥയിൽ ജീന അവൾക്ക് വലിയൊരു ആശ്വാസം തന്നെ ആയിരുന്നു...
ആ നിമിഷം വരെ കരയാതെ പിടിച്ചു വച്ചതെല്ലാം അവൾ ഒഴുക്കിവിട്ടു...

ബാംഗ്ലൂരിലേക്ക് തിരിച്ചു ചെല്ലാൻ ജീന ആകുന്നത് അവളെ നിർബന്ധിച്ചു..
"തൽക്കാലം ഡാഡി അറിയാതെ എനിക്ക് എവിടെയെങ്കിലും കുറച്ചുനാൾ മാറി നിൽക്കണം ആന്റി... ബാംഗ്ലൂരിലേക്ക് വന്നാൽ അത് ശരിയാകില്ല ഇവിടെ എവിടെയെങ്കിലും ഡാഡിക്ക്‌ പെട്ടെന്ന് കണ്ടെത്താൻ കഴിയാത്ത ഒരു സ്ഥലം തന്നെ മതി..."

തിരികെ വിളിക്കാമെന്ന് പറഞ്ഞ് ശേഷമാണ് ജീന ഫോൺ വെച്ചത്.. അധികം വൈകാതെ വിളിക്കുകയും ചെയ്തു..

"എറണാകുളത്ത് ആൻറിയുടെ ഫ്ലാറ്റ് ഒന്ന്‌ ഒഴിഞ്ഞു കിടപ്പുണ്ട് മോൾക്ക് അവിടെ താമസിക്കാമോ?"

"മതി ആൻറി.. നന്ദി പറഞ്ഞാലും മതിയാകില്ല...
പോകും വരെ ഒന്ന് മാറി നിൽക്കണം അതേ വേണ്ടൂ എനിക്കിപ്പോൾ..."

"അഡ്രസ്സ് ഞാൻ മെസ്സേജ് ചെയ്യാം... സൂക്ഷിക്കണം.."
ജീന പറഞ്ഞു..

"മ്മ്‌...പിന്നെ ആൻറി... മമ്മ അറിയരുത്..."

"ഇല്ലടാ"
ഉറപ്പ് പറഞ്ഞതിനൊപ്പം ഫോണും കട്ടായി...

ഫോണും പിടിച്ച് ആലോചനയിൽ തന്നെ ഇരിക്കുന്ന കൂട്ടത്തിലാണ് അവളുടെ ബാഗ്‌ വെച്ചിരുന്ന ബെഞ്ചിലേക്ക് എന്തോ വന്നു വീണത്...
ഒന്ന് പേടിച്ച യാമി സൈഡിലേക്ക് നീങ്ങിയിരുന്നു എന്താണെന്ന് നോക്കി..
മറ്റൊരു ബാഗാണ്..

"ഇനി നീ അതും ഇതും ചോദിച്ച്‌ അകത്തേക്ക് വന്നാൽ ഇവിടുന്ന് നേരെ ചൊവിന് തിരികെ പോകില്ല...
അവിടെ എവിടേലും പോയിരിക്കടാ. മനുഷ്യനെ മെനക്കെടുത്താൻ..."

"ഇതെന്താ ഗുണ്ടായിസമോ എന്തിനാടോ പിന്നെ എൻക്വയറി എന്ന് വെണ്ടയ്ക്കാ അക്ഷരത്തിൽ എഴുതി വെച്ചിരിക്കുന്നത്... സംശയമുള്ളത് തീർക്കാൻ തന്നെ അല്ലേ...അല്ല അതിനിനി വേറെ വല്ല അർത്ഥം കൂടി ഉണ്ടേൽ പറഞ്ഞു തരണം..
നാലുമണിക്ക് പുറപ്പെടേണ്ട ബസ്സാണ് സമയം നാലര കഴിയുന്നു...
കെഎസ്ആർടിസി യുടെ ഒരു ഉത്തരവാദിത്വമേ..."

"ഇന്ന് ബസ് ഇറക്കാൻ ഞങ്ങൾ തീരുമാനിച്ചിട്ടില്ല നീ കൊണ്ട് പരാതി കൊടുക്ക്‌.."
ഷർട്ടിനു പിടിച്ചവനെ പുറത്തേക്ക് കൊണ്ടുവന്ന് ബെഞ്ചിലേക്ക് തള്ളിയ ശേഷം വന്നയാൾ പോയി..

യാമി ബാഗുമെടുത്ത് നിമിഷനേരത്തിനകം അപ്പുറത്ത വശത്തേക്ക് ഇരുന്നു..

"കാണിച്ചു തരാടോ..."
അവൻ വീണ്ടും അവിടെ കിടന്ന് അലറി

"സമയം നിഷ്ടയില്ലാത്ത നാറികൾ...."
ഫോൺ എടുത്ത് വീണ്ടും സമയം നോക്കിയശേഷം അവൻ ബാഗുമായി നിവർന്നിരുന്നു..
അവനെ തന്നെ ശ്രദ്ധിച്ചിരുന്ന യാമി അവൻറെ നോട്ടം തിരികെ വന്നപ്പോൾ വേഗത്തിൽ കണ്ണുകൾ മാറ്റി...

(തുടരും..)
ശ്രുതി❤️

സംഭവിച്ചത് എല്ലാം നല്ലതിന്...
സംഭവിക്കുന്നതെല്ലാം നല്ലതിന്...
അപ്പോ ഇനി സംഭവിക്കാൻ പോകുന്നതും നല്ലതിന് ആകുമല്ലേ😍😍😊
അഭിപ്രായം അറിയിക്കണേ❤️ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യണേ..

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top