ദേവ നന്ദനം , Part 15

Valappottukal
ദേവ നന്ദനം 🌹
➖➖➖➖➖➖
Part -15
__________

     "വാതിലും തുറന്നിട്ട് വീണ്ടും കണ്മഷിയുടെയും ചുളിവിന്റെയും പ്രൊഡക്ഷൻ ആണോ ദേവ്?"

    സുധിയെ കണ്ടതും നന്ദുവിന്റെ മുഖത്ത് ഒരു ചമ്മൽ പ്രകടമായി.

  "എന്താടാ..നിന്നെ എന്തിനാ ഇപ്പൊ ഇങ്ങോട്ട് കെട്ടി എടുത്തെ?"

   "ആഹാ...ഇപ്പോ ഞാൻ വന്നതയോ കുറ്റം. നന്ദുവിനെ വിളിച്ചിട്ട് വരാം എന്ന് പറഞ്ഞ നിന്നെ കാണത്തോണ്ട് നിന്റെ ഡാഡ്  പറഞ്ഞ് വിട്ടതാ എന്നെ. അമ്മ വരാൻ ഇരുന്നതാ, ഞാനാ പറഞ്ഞത് ഞാൻ പോയി വിളിച്ചിട്ട് വരാമെന്ന്. അല്ലെങ്കിൽ ചിലപ്പോൾ പുന്നാര  മോന്റെ ബാല ലീലകൾ കണ്ട് പകച്ചു പോയേനെ ആ അമ്മയുടെ മാതൃത്വം. "

 "  ഈ തെണ്ടി നേരത്തെ ഇവിടെ ഇണ്ടായിരുന്നോ, എല്ലാം കണ്ടത് കൊണ്ട് ആക്കി പറയുന്നത് ആണോ ഇനി." ദേവൻ  പല്ലിറുമ്മിക്കൊണ്ട് സുധിയെ നോക്കി, കൂട്ടത്തിൽ നന്ദുവിന്റെ റിയാക്ഷൻ അറിയാൻ അവളെയും തിരിഞ്ഞ് നോക്കി.

 
   "മനുഷ്യനെ നാണം കെടുത്തിയപ്പോൾ സമാധാനമായല്ലോ" നന്ദു സുധി കേൾക്കാതെ പതുക്കെ ദേവനോട് പറഞ്ഞു.

    "വാ നന്ദൂസെ... താഴേക്ക് പോവാം എല്ലാവരും നമ്മളെ  വെയിറ്റ് ചെയ്യുവായിരുക്കും."

 അവർ മൂന്ന് പേരും താഴേക്ക് പോയി.അവിടെ അവരെ കാത്ത് എല്ലാവരും സെൻട്രൽ ഹാളിൽ തന്ന ഇരിപ്പുണ്ടായിരുന്നു. എല്ലാവരുടെയും നോട്ടം ഇറങ്ങിവരുന്ന അവരുടെ നേരെ ആയത് നന്ദുവിന് ഉള്ളിൽ ഒരു നേരിയ ഭയം ഉയർത്തി.അവരുടെ കൂട്ടത്തിൽ ശില്പയും ഇരിക്കുന്നത് കണ്ടപ്പോൾ നന്ദു അവളെ നോക്കി  ചിരിചെങ്കിലും അവഗണയായിരുന്നു മറുപടി.

 "ഇവൾക്കിതെന്ത് പറ്റി, മുഖം കൊട്ട കണക്കെ വീർത്തിട്ടുണ്ടല്ലോ..ഇനി അമ്പലത്തിൽ പോകുമ്പോൾ വിളിക്കാത്തത് കൊണ്ടാണോ, അല്ലെങ്കിലും എല്ലാ വർഷവും  ഈ ദിവസം ഞങ്ങൾ നാല് പേരും കൂടിയാ പോകാറ് എന്നുള്ളത് അവൾക്കറിയാവുന്നത്  അല്ലെ..പിന്നെന്താണാവോ.." നന്ദുവിന് ശിൽപയുടെ പരിഭവത്തിന്റെ കാര്യം മനസിലായില്ല.

    "പിറന്നാള് കുട്ടി വന്നോ" ഇന്ദിര നന്ദുവിനെ അവരുടെ അടുത്ത് പിടിച്ചിരുത്തി തലയിൽ തലോടി.

"ഹാപ്പി ബർത്ത് ഡേ നന്ദു മോളെ..."

"താങ്ക് യൂ അങ്കിൾ.."

ഇന്ദിര ഒരു കവർ എടുത്ത് നന്ദുവിന്റെ കയിൽ കൊടുത്തു.

" ഒരു സാരിയാ  മോളെ..മോള് സാരി അങ്ങാനൊന്നും ഉടുക്കാറില്ല എന്നറിയാം , എന്നാലും  ഇത് കണ്ടപ്പോൾ മോൾക്ക്  എടുക്കണം എന്ന് തോന്നി.

    "താങ്ക് യു ആന്റി, സാരി ഞാൻ ഉടുക്കാറുണ്ട്."നന്ദു ഇന്ദിരയുടെ കൈയിൽ നിന്ന് സാരി വാങ്ങിച്ചു.

  "മോളെ ഞങ്ങൾ മോളുടെ പിറന്നാളായിട്ട് വന്നതിന് വേറൊരു കാരണം കൂടി ഉണ്ട് കേട്ടോ.."

വിശ്വൻ പറയുന്നത് എന്താ എന്ന് മനസിലാകാതെ നന്ദു അയാളെ നോക്കി.

"അതേ ഒരു മോൾക്ക് ഒരു കല്യാണാലോചനയായി വന്നതാ ഞങ്ങൾ."

"കല്യാണാലോചനയോ", നന്ദു പെട്ടെന്ന് ഞെട്ടി അച്ഛന്റെയും അമ്മയുടെയും ഏട്ടനെയും മുഖത്ത് നോക്കി.



അച്ഛന്റെയും അമ്മയുടെയും മുഖത്ത് പുഞ്ചിരി ആണെങ്കിൽ , രാവിലെ ഞാൻ പറഞ്ഞത് ഓർമയുണ്ടോ എന്നത് പോലത്തെ ഒരു ഭാവമായിരുന്നു കുഞ്ഞേട്ടന്റെ മുഖത്ത് അവൾ കണ്ടത്.

   "അതേ മോളെ...മോൾക്ക് പിറന്നാൾ ഗിഫ്റ്റ് ആയി ഈ ആലോചന കൊണ്ട് തരാനാണ് ഞങ്ങൾ ഇങ്ങോട്ട് വന്നത്‌. ഞങ്ങൾക്കാറിയാവുന്ന പയ്യനാ  മോളെ, നല്ല സ്വഭാവം, കാണാനും കുഴപ്പമില്ല.'

    ഇന്ദിര പറയുന്നത് കേട്ട് ,എന്ത് ചെയ്യണമെന്നറിയാതെ നന്ദു ദേവനെ നോക്കി.

ഞാൻ ഈ ലോകത്തെ ഇല്ല എന്ന മട്ടിൽ മൊബൈലിൽ എന്തോ  കുത്തിക്കൊണ്ട് ഇരിക്കുവായിരുന്നു ദേവൻ അപ്പോൾ.

   ദേവന്റെ  അലസമായ പെരുമാറ്റവും അവരുടെ സംസാരവും നന്ദുവിന്റെ ഉള്ളിൽ വിഷമം ഉണ്ടാക്കി.

" സോറി അങ്കിൾ എനിക്കിപ്പോൾ കല്യാണാ ഒന്നും വേണ്ട." നന്ദു തല കുത്തനെ പിടിച്ചു കൊണ്ട് പറഞ്ഞു.

"അയ്യോ... അതെന്താ മോളെ, നല്ല പയ്യൻ ആണ്."

"ഒന്നുമില്ല അങ്കിൾ...എനിക്കിപ്പോൾ താല്പര്യം ഇല്ലാഞ്ഞിട്ടാ.."

 

"അവൾക് സമ്മതമില്ലെങ്കിൽ വേണ്ട അങ്കിൾ.. നിർബന്ധിക്കേണ്ട, നമുക്ക് ദേവന് വേറെ പെണ്ണിനെ ആലോചിക്കാം."

   നവനീത് പറയുന്നത് കേട്ടതും നന്ദു ഒരു ഞെട്ടലോടെ അവനെ നോക്കി. എന്താ പറഞ്ഞത്‌ ദേവേട്ടനോ..നന്ദു ഒന്നും മനസ്സിലാവാതെ എല്ലാവരെയും നോക്കി.

അച്ഛനും അമ്മയും ഉൾപ്പെടെ എല്ലാവരുടെയും നോട്ടം നന്ദുവിലേക്കായി, അത് പിന്നെ ഒരു പൊട്ടിച്ചിരിയായി മാറി.

   അവിടെ എന്താ സഭവിക്കുന്നത് എന്നറിയാതെ നന്ദു അവിടെ തന്നെ ഇരുന്നു.

 മാധവൻ മെല്ലെ നന്ദുവിന്റെ അടുത്ത് പോയി ഇരുന്നു. എന്നിട്ട് അവളുടെ തലയിൽ തലോടി കൊണ്ട് ചോദിച്ചു.  "എല്ലാ ഇഷ്ടവും അച്ഛയോട് പറയാറുള്ള എന്റെ വാവ എന്തേ ഈ ഇഷ്ടം മാത്രം പറയാതെ വച്ചത്? "

    ദേവേട്ടനോടുള്ള തന്റെ ഇഷ്ടം എല്ലാവരും അറിഞ്ഞിരിക്കുന്നു എന്ന്  മാധവന്റെ സംസാരത്തിൽ നിന്നും നന്ദുവിന് മനസിലായി.  അച്ഛനോട് പറയാൻ അവൾക്ക് മറുപടി ഒന്നും ഉണ്ടായിരുന്നില്ല.

  "മോളെ, ഇന്നലെ രാത്രിയാണ് ഇവൻ ഇങ്ങനൊരു ഇഷ്ടം ഉണ്ടെന്ന് ഞങ്ങളോട് പറയുന്നത്. മോൾക്കും ഇഷ്ടമാണെന്ന് ഇവൻ  പറഞ്ഞു.രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ഒന്ന്  എന്ന് പറയാറുള്ള പോലെ, ഞങ്ങൾക്കും ആഗ്രഹമായിരുന്നു ദേവനെ കൊണ്ട് മോളെ വിവാഹം ചെയ്യിക്കാൻ. പിന്നെ ഒന്നും നോക്കിയില്ല അപ്പോൾ തന്നെ മാധവനെ വിളിച്ച് വിവരം പറഞ്ഞു.അപ്പോഴാണ് ഇന്ന് മോളുടെ പിറന്നാളാണെന്ന് അറിഞ്ഞത്. എന്നാൽ പിറന്നാൾ സമ്മാനമായി തന്നെ ഇത് പറയാമെന്ന് കരുതിയാ ഇന്ന് തന്നെ വന്നത്‌."

"എന്നാലും എന്റെ ദേവാ...നീ കറക്ടായി ട്രെയിനിന്റെ അടിയിൽ  തന്നെ പോയി തല വെച്ചല്ലോ.."



നവനീത്‌ പറയുന്നത് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.
 നന്ദു ദയനീയമായി ദേവനെ നോക്കിയപ്പോൾ അവൻ തിരിച്ചു കണ്ണിറുക്കി കാണിച്ചു.

    "എന്നാൽ പിന്നെ ഈ സന്തോഷം നമുക്ക്‌ മധുരം കഴിച്ചിട്ട് ആഘോഷിക്കാം അല്ലെ.. നന്ദൂ വാ കേക്ക് കട്ട് ചെയ്യാം."

നവനീതിന്റെ അഭിപ്രായത്തോട് എല്ലാരും യോജിച്ചു.
നന്ദു കേക്ക് കട്ട് ചെയ്ത് ആദ്യം അച്ഛനും അമ്മയ്ക്കും കൊടുത്തു,പിന്നെ അവിടെയുള്ള ഓരോരുത്തർക്കും.  ദേവന് കേക്ക് വായിൽ വച്ച് കൊടുക്കാൻ അവളുടെ മനസ് ആഗ്രഹിച്ചെങ്കിലും എല്ലാവരുടെയും മുൻപിൽ വെച്ച് അങ്ങനെ ചെയ്യാൻ അവൾക്ക് ചമ്മലായിരുന്നു. എന്നാൽ അവളുടെ മനസ് വായിചെന്ന പോലെ മാധവൻ നന്ദുവിനോട് ദേവന് കേക്ക് വായിൽ വെച്ച് കൊടുക്കാൻ പറഞ്ഞു. അവൾ അച്ഛനെ നന്ദിയോടെ നോക്കി, കേക്ക് എടുത്ത് ദേവന് അരികിലേക്ക് പോയി.

  കൈയിൽ കേക്കും പിടിച്ച് തന്റെ അടുത്ത് നിൽക്കുന്ന നന്ദുവിനെ കണ്ടതും ദേവന്റെ ചുണ്ടിൽ നേർത്ത പുഞ്ചിരി വിടർന്നു.താൻ ആഗ്രഹിച്ച പോലെ തന്നെ അവളുടെ കൈ കൊണ്ട് കേക്ക് വായിൽ വെച്ച് തന്നപ്പോൾ ദേവൻ പതിയെ ആ വിരലിൽ ഒന്ന് കടിച്ചു.

   അവളുടെ കൈ വിരലിൽ കടിച് കുസൃതിയോടെ നോക്കി ചിരിക്കുന്ന ദേവന്റെ മുഖം കണ്ടപ്പോൾ നന്ദുവിന് ദേഷ്യത്തിന് പകരം എന്തെന്നറിയാത്ത സന്തോഷമായിരുന്നു തോന്നിയത്. മറ്റെന്തിനേക്കാളും താൻ ഇപ്പോൾ ദേവേട്ടനെയും അതിലുപരി ആ മുഖത്ത് വിരിയുന്ന കുസൃതി കലർന്ന ചിരിയെയും സ്നേഹിക്കുന്നു എന്ന സത്യം അവൾക്ക് മനസിലായി.

  "ഹലോ ...ലൗ ബേർഡ്സ്., കണ്ണിൽ നോക്കി നിൽക്കുന്നത് മതിയാക്കിയെങ്കിൽ  എല്ലാർക്കും കൂടെ ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കാമായിരുന്നു."  ദേവന് നന്ദു കേക്ക് കൊടുക്കുന്ന ഫോട്ടോ എടുത്ത് കൊണ്ട് സുധി പറഞ്ഞു.

     ദേവനെയും നന്ദുവിനെയും ഒരുമിച്ച് നിർത്തി, രണ്ട് കുടുംബങ്ങളുടെയും ചിത്രം സുധി തന്റെ മൊബൈലിലേക്ക് പകർത്തി , ആ ദിവസത്തെ സന്തോഷത്തിന്റെ ഓർമ്മയ്ക്ക്.

   ഉച്ചയ്ക്ക് അംബികാമ്മ ഒരുക്കിയ രണ്ട് കൂട്ടം പായസം അടങ്ങിയ സദ്യയും കഴിച്ച് , മടങ്ങാൻ നേരം വിശ്വൻ അവരുടെ വിവാഹത്തിന്റെ കാര്യം മാധവനോട് സൂചിപ്പിച്ചു.

"  മാധവാ...എനിക്കീ ജാതകത്തിലൊന്നും വിശ്വാസമില്ല, എന്നാലും ഇന്ദിരയ്ക്കും നിങ്ങൾക്കെല്ലാവർക്കും വേണ്ടി നമുക്ക് വേണമെങ്കിൽ ഇവരുടെ ജാതകം നോക്കാം. അന്ന് തന്നെ വിവാഹത്തിനുള്ള മുഹൂർത്തവും നോക്കാം, അല്ലാതെ എൻകേജ്മെന്റിന്റെ  ഒന്നും ആവശ്യമില്ലല്ലോ.."

" എന്റെയും അഭിപ്രായം അത് തന്നെയാ വിശ്വാ...എപ്പോഴാ ജാതകം നോക്കാൻ പോകേണ്ടത് എന്ന് താൻ പറഞ്ഞാൽ മതി."

   " ഞാനും ഇന്ദിരയും രണ്ട് ദിവസം കഴിഞ്ഞാൽ ദുബായിലേക്ക്  പോകുന്നുണ്ട്.ഹരിക്കുട്ടൻ വിളിച്ച് കൊണ്ടേ ഇരിക്കുന്നു, അവന് അവിടെ ഒറ്റക്ക് പറ്റുന്നില്ലെന്ന്..അവനാണെങ്കിൽ അവിടത്തെ  ബിസിനസ് വിട്ട് ഇവിടെ നിൽക്കാനും പറ്റില്ല. ദേവൻ അവന്റെ ബിസിനസ് തൽകാലം നോക്കി നടത്താൻ ഏൽപിച്ച പോലെ ഒരു വിശ്വസ്തനായ ഫ്രണ്ട് അവന് അവിടെ ഇല്ല. ഹരി അവിടെ ഉള്ളത് ദേവനും ഒരു ആശ്വാസമാണ്. എന്തായാലും ഞങ്ങൾ ഒരു  പത്തു ദിവസം അവിടെ പോയി നിലക്കാമെന്നാ വിചാരിക്കുന്നെ, പോയി വന്ന് നമുക്ക് വിവാഹം നിശ്ചയിക്കാം .എന്താ മാധവാ ?"

  "അങ്ങനെ ആയിക്കോട്ടെ, പത്തു ദിവസത്തെ കാര്യല്ലേ ഉള്ളൂ..അപ്പോൾ ദേവൻ മോൻ ഇവിടെ ഒറ്റയ്ക്ക് ?"

   " കൊച്ചിയിൽ തുടങ്ങാൻ ഉദ്ദേശിക്കുന്ന പ്രോജക്ടുമായി ബന്ധപ്പെട്ട്  ഞാനും സുധിയും ഡാഡിന്റെയും അമ്മയുടേയും കൂടെ തന്നെ എറണാകുളത്തേക്ക് പോകും അങ്കിൾ ."

      ദേവൻ പോകുന്നു എന്ന് കേട്ടപ്പോൾ പെട്ടെന്ന് നന്ദുവിന്റെ മനസ് പിടഞ്ഞു. അത് വരെ പ്രസന്നമായിരുന്ന അവളുടെ മുഖം പെട്ടെന്ന് തന്നെ വാടിയ പുഷ്പം പോലെയായി.

    നന്ദുവിന്റെ മുഖം കണ്ടപ്പോൾ തന്നെ ദേവന് അവളുടെ വിഷമം മനസിലായി.

 " പോയാലും ,ഡാഡും അമ്മയും എത്തുന്നതിന് മുൻപ് ഞാൻ ഇങ്ങോട്ട് വരും അങ്കിൾ.. മാക്സിമം വൺ വീക്."

 അച്ഛനോടാണ് പറയുന്നതെങ്കിലും ആ പറഞ്ഞത്  അവളോടാണെന്ന് നന്ദുവിന് മനസിലായി. ദേവന്റെ വാക്കുകൾ അവളിൽ നേരിയ പുഞ്ചിരി ഉണർത്തി.

  എല്ലാവരും യാത്ര പറഞ്ഞിറങ്ങുമ്പോൾ  നന്ദുവിന്റെ കണ്ണുകൾ ദേവന്റെ കണ്ണുകളുമായി ഉടക്കി. ഒരു നിമിഷം പോലും അകലാൻ ഇഷ്ടമില്ലെങ്കിലും ദേവന്റെ  കണ്ണുകൾ അവളോട് യാത്ര ചോദിച്ചു. അതിന് മറുപടിയെന്നോളം പാതി വിടർന്ന ഒരു പുഞ്ചിരി അവൾ അവന് സമ്മാനിച്ചു. കാർ കൺ മുന്നിൽ നിന്ന് അകലുന്നതും നോക്കി അവൾ കുറെ നേരം അവിടെ തന്നെ നിന്നു.പിന്നെ അകത്തേക്ക് കയറാൻ തിരിഞ്ഞപ്പോഴാണ്  മുന്നിൽ കൈ കെട്ടി അവളെ തന്നെ നോക്കി നിൽക്കുന്ന ശിൽപയെ കണ്ടത്.

"ഉം...എന്താടീ, കുറെ നേരയാലോ നിന്റെ മുഖം ഇങ്ങനെ ബലൂൺ പോലെ വീർത്തിരിക്കാൻ തുടങ്ങിയിട്ട്. എന്താ കാര്യം?"

" എന്താണെന്ന് നിനക്കറിയില്ല അല്ലെ നന്ദൂ...അതൊക്കെ പോട്ടെ ഞാൻ നിന്റെ ആരാ ? "

"നീ ചിപ്പിയല്ലേ...എന്റെ കൊച്ചച്ഛന്റെ മോള് ശിൽപ.ഇനി നീ അവളുടെ ഡ്യൂപ്പ് ഒന്നും അല്ലല്ലോ...പറയാൻ പറ്റില്ലേ, ഇന്നത്തെ കാലം അങ്ങനെയാണെ.."

"അവളുടെ ഒരു തമാശ...എനിക്ക് വലിയ ചിരിയൊന്നും വരുന്നില്ല."

"അല്ല, എന്താ കുഞ്ഞേ നിന്റെ പ്രശ്നം.?"

"എന്തൊക്കെയാ ഇവിടെ നടക്കുന്നത്. ഞാൻ നിന്റെ സിസ്റ്റർ ആണ്, ഫ്രണ്ട് ആണ് എന്നൊക്കെയാണല്ലോ പറയാറ്, എന്നിട്ട് നിന്റേം ദേവേട്ടന്റെയും റിലെഷൻ എന്നോട് പറഞ്ഞില്ലല്ലോ."

"അപ്പോൾ, അതാണ് കാര്യം.അതിനാണോ എന്റെ മുത്തുചിപ്പി ഇങ്ങനെ ഊതി വീർപ്പിച്ച ബലൂണ് പോലെ നടന്നത് .പൊന്നു മോളെ, നീ വിചാരിക്കുന്ന പോലെ ഞങ്ങൾ പ്രേമിച്ച് നടന്നിട്ടോന്നുമില്ല. ഞങ്ങളുടെ പ്രണയം ഞങ്ങളുടെ മനസ്സിലായിരുന്നു. അത് പരസ്പരം മനസിലാക്കിയത് തന്നെ ഞങ്ങളുടെ കണ്ണുകളിലൂടെയാണ്."

"ഓ..എന്തൊക്കെയായിരുന്നു രണ്ടും..അടി,വഴക്ക്, ബഹളം..അവസാനം അധിക സിനിമയിലെയും  പോലെ തന്നെ ഹീറോയും ഹീറോയ്‌നും  ഒടുക്കത്തെ പ്രേമവും.."

"ഒന്ന് പോടീ കളിയാക്കാതെ.. നിനകത്തൊന്നും പറഞ്ഞാൽ മനസിലാവില്ല, കാരണം നീ കുട്ടിയാ കുട്ടി."

"അതേ, അതേ എനിക്കിതൊന്നും മനസിലാവില്ല.എന്തായാലും നിന്റെ വിവാഹത്തിൽ ഒരു തീരുമാനയല്ലോ, ഇനി ഇതുപോലെ എന്തെങ്കിലും എനിക്കും മനസിലാവുമോ എന്ന് ഞാനും ട്രൈ ചെയ്യട്ടെ."

"ആഹാ...അപ്പോ അതാണല്ലേ മോളുടെ മനസിലിരിപ്പ്, ദേ അച്ഛാ അമ്മേ ഈ ചിപ്പീ..."

"ഡി പൊന്നു മോളെ, ചതിക്കല്ലെടീ,    വല്യച്ഛൻ ഞാൻ പറഞ്ഞത് അച്ഛനോടെങ്ങാനും പറഞ്ഞാൽ നിനക്ക് എന്റെ അച്ഛന്റെ സ്വഭാവം അറിയാലോ...ആ നിമിഷം എന്റെ
വിവാഹം നടത്തും.ഞാൻ കുറച്ച് നാള് കൂടി ഇങ്ങനൊക്കെ ഒന്ന് വായി നോക്കി നടന്നോട്ടെ."

 
     ചിപ്പി തൊഴുത് പറയുന്നത് കേട്ട് നന്ദുവിന് ചിരി വന്നു.

"അപ്പോൾ പേടി ഉണ്ടല്ലേ..നല്ലതാ..
എന്തായാലും നമുക്ക് ഇപ്പോൾ തൽകാലം അകത്തേക്ക് പോയി ബാക്കിയുള്ള കേക്ക് അകത്താകാം വാ.."
നന്ദു ചിപ്പിയെയും  വിളിച്ച് അകത്തേക്ക് പോയി."

 രാത്രി കിടന്നിട്ടും നന്ദുവിന് എങ്ങനെയും  ഉറക്കം വന്നില്ല.നിധിയെ ഇന്ന് നടന്നതൊക്കെ വിളിച്ച് പറയുകയും, സുധിയേൻ എടുത്ത ഫോട്ടോസ് അവൾക്ക് അയക്കുകയും ചെയ്തപ്പോൾ  അവളും വളരെ എക്സൈറ്റെഡ്‌ ആയി.എന്തായാലും  രണ്ടാഴ്ച കഴിഞ്ഞ് അവൾ വരുന്നുണ്ടല്ലോ, അപ്പോൾ ദേവേട്ടനെ നേരിട്ട് പരിചയപ്പെടുത്തുകയും ചെയ്യാം.എന്നാലും ഒരാഴ്ച്ചയാണെങ്കിലും ദേവേട്ടൻ ഇവിടെ ഇല്ലെന്ന് ഓർക്കുമ്പോൾ എന്തോ മനസിൽ ഒരു ഭാരം പോലെ....നന്ദു ഉറക്കം വരാതെ, ഫോണിൽ ഇന്ന് എടുത്തിട്ടുണ്ടായ ഫോട്ടോസിലേക്ക് വീണ്ടും വീണ്ടും കണ്ണോടിച്ചു.

 അതിൽ അവൾ ദേവന് കേക്ക് കൊടുക്കുന്ന ഫോട്ടോ എടുത്ത് തന്റെ കണ്ണുകൾക്ക് അടുത്ത് പിടിച്ചു. അവളെ നോക്കി കുസൃതിയോടെ  ചിരിക്കുന്ന ആ മുഖം നോക്കി അവൾ ഫോണിൽ പതിയെ ചുണ്ടമർത്തി.. .അറിയാതെ തന്നെ അവളുടെ ചുണ്ടിൽ നാണം കലർന്നൊരു പുഞ്ചിരി
വിടർന്നു.

 പെട്ടെന്ന് നന്ദുവിന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി. സ്ക്രീനിൽ തെളിഞ്ഞ നമ്പർ കണ്ടതും നന്ദുവിന്റെ മുഖത്ത് പ്രകാശം പടർന്നു.

 " നന്ദൂസെ...."

ആ ശബ്ദം  കേട്ടതും നന്ദുവിന്റെ ഉള്ളിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നി. അവൾ മൊബൈൽ ചെവിയിൽ വെച്ച് കാതോർത്തിരുന്നു.

 "എന്താ ഒന്നും മിണ്ടാത്തത്, ഉറക്കത്തിൽ ആയിരുന്നുവോ ?"

"അല്ല ദേവേട്ടാ... ഉറക്കം വന്നില്ല. ദേവേട്ടൻ പറഞ്ഞോ ഞാൻ കേൾക്കുന്നുണ്ട്."

"ഇനി രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ഞാൻ എറണാകുളത്തേക്ക് പോകും..പിന്നെ ഒരാഴ്ച കഴിഞ്ഞല്ലേ വരൂ, അത്രയും നാൾ എന്റെ മോളെ കാണാൻ പറ്റില്ലല്ലോ എന്നോർക്കുമ്പോഴാ.."

ദേവൻ പറയുന്നത് കേട്ടപ്പോൾ നന്ദുവിന്റെയും മുഖം വാടി, ഒരാഴ്ച്ച പോയിട്ട് ഒരു ദിവസം പോലും കാണാതിരിക്കാൻ പറ്റുന്നില്ല ഇപ്പോൾ..അത്രയ്ക് ജീവനായി കഴിഞ്ഞു ദേവൻ അവൾക്ക്. അവളുടെ കണ്ണിൽ കണ്ണുനീർ ഉരുണ്ട് കൂടി.

 
  "എനിക്കറിയാം നിനക്ക് വിഷമമായി എന്ന്. ഒരാഴ്ച്ച അല്ലെ, അതും എറണാകുളം അധികം ദൂരം ഒന്നുമല്ലല്ലോ..പോകുന്നതിന് മുമ്പ് ഉള്ള രണ്ട് ദിവസം നമുക്ക് തമ്മിൽ കാണുകയും സംസാരിക്കുകയും ചെയ്യാലോ...എന്തേ വേണ്ടേ?"

ദേവൻ അങ്ങനെ പറഞ്ഞപ്പോൾ നന്ദുവിന് ഒരു നേർത്ത പുഞ്ചിരി ചുണ്ടിൽ വിരിഞ്ഞു.

"വേണം...കാണണം, സംസാരിക്കണം എന്റെ  ദേവേട്ടനോട് എനിക്ക്‌."

"ഇപ്പോൾ എന്റെ ചുന്ദരിക്കുട്ടിയുടെ വിഷമം കുറച്ച് പോയല്ലോ..ഇനി ആ മുഖത്തെ  സാഡ്  മോഡ്  ഒന്ന് ഓഫ് ചെയ്ത് ഹാപ്പി മോഡ് ഓണാക്കുമല്ലോ അല്ലെ ?"

    ദേവൻ പറയുന്നത് കേട്ട് നന്ദു ചിരിക്കാൻ തുടങ്ങി. കണ്ണിൽ നിന്ന് താഴെക്കിറങ്ങിയ കണ്ണു നീര് പുഞ്ചിരിയോട് കൂടി അവൾ തുടച്ചു.

    അവർ രണ്ട് പേരും അവരുടെ പ്രണയവും സ്വപ്നങ്ങളും പങ്കു വെച്ച് അവരുടേത് മാത്രമായ ഒരു ലോകം ഫോണിലൂടെ പങ്കു വെച്ചു.

_____  ____

 "ഡി ചിപ്പീ ഒന്ന് വേഗം നടക്ക് പെണ്ണേ...ദേവേട്ടൻ അവിടെ കാത്തു നിൽക്കുകയായിരിക്കും."

 "എന്റെ നന്ദൂ ...ഇന്നലെയും നീ എന്നെ ഇതു പോലെ ഓടിച്ചില്ലേ. ..ഇന്നും ഇതാ, എന്നാൽ പിന്നെ എന്താ പറയാനുള്ളത് എന്ന് വെച്ചാൽ ഇന്നലെ  തന്നെ അങ്ങു പറഞ്ഞാൽ പോരായിരുന്നോ.. അതെങ്ങനെയാ, ഇന്നലെ പുതിയ മൂക്കുത്തിയും കുത്തി അത് കാണിക്കാനല്ലേ പോയത് അല്ലേ.."

"എന്റെ പൊന്ന് ചിപ്പീ, നാളെ രാവിലെ ദേവേട്ടൻ എറണാകുളത്തേക്ക് പോവും, പിന്നെ ഒരാഴ്ച കഴിഞ്ഞേ ഒന്ന് കാണാൻ  പറ്റുള്ളൂ..നിനക്കതോന്നും പറഞ്ഞാൽ മനസിലാവൂല്ല. "

"എനിക്ക് ഒന്നും മനസിലാവുന്നില്ലെന്ന് വിചാരിക്കേണ്ട കേട്ടോ..അമ്പലം എത്തുന്ന വരെ ഞാൻ വേണം, അത് കഴിഞ്ഞാൽ പിന്നെ രണ്ടു പേരും കൂടെ എന്നെ ആ ദുബായ് കോഴിയുടെ കൂടെ നിർത്തിയിട്ട്  അമ്പല കുളത്തിന്നടുത്തേക്ക് പോകുമല്ലോ, പ്രണയ സല്ലാപത്തിന്."

 "ഹ ഹ ഹ...അതു കൊള്ളാലോ, ദുബായ് കോഴി..പാവം സുധിയേട്ടൻ ഇത് വല്ലതും അറിയുന്നുണ്ടോ..ഞങ്ങൾ വരുന്നത് വരെ നിങ്ങൾ രണ്ട് പേരും എന്താ ചെയ്യുക, നിന്റെ സ്വഭാവം വെച്‌ മൊബൈലിൽ നെറ്റ് മുഴുവനും തീർത്തിട്ടുണ്ടാകുമല്ലോ.."

"പിന്നെ, മൊബൈൽ നോക്കാൻ പോയിട്ട് ഒന്ന് ശ്വാസം വിടാൻ പോലും ഗ്യാപ് താരാതെയുള്ള സംസാരമല്ലേ ആ ദുബായ് കോഴിക്ക്. ദേവേട്ടൻ എങ്ങനെ സഹിക്കുന്നുവോ എന്തോ ..അപാര സാധാനമാ..."

"ഡി...ഇനി പറയാനുള്ളത് നേരിട്ട് പറഞ്ഞോ അതാ അമ്പലത്തിന്റെ പുറത്ത് ദേവേട്ടനും സുധിയേട്ടനും നിൽക്കുന്നുണ്ട്."

"നേരത്തെ എത്തിയോ ദേവേട്ടാ.."

"ഇല്ല, ഇപ്പൊ എത്തിയതെ ഉള്ളൂ..വാ തൊഴുതിട്ട് വരാം.."

ഭഗവാന്റെ  മുമ്പിൽ നിന്ന് തൊഴുമ്പോൾ നന്ദുവിന്റെ കണ്ണിൽ നിന്ന് അറിയാതെ കണ്ണു നീർ  ഒഴുകി.  ഈ സ്നേഹത്തെ ഒരിക്കലും നഷ്ടപ്പെടാരുതെ  എന്നവൾ മനമുരുകി പ്രാർത്ഥിച്ചു.

  നന്ദു കണ്ണടച്ചു നിന്ന് കുറെ നേരം പ്രാർത്ഥിക്കുന്നത് കണ്ട ദേവൻ അവളെ തന്നെ നോക്കി നിന്നു.

    കണ്ണ് തുറന്നപ്പോൾ തന്നെ നോക്കി നിൽക്കുന്ന ദേവനോട് നന്ദു എന്താ എന്നുള്ള ഭാവത്തിൽ പുരികം ഉയർത്തി.


അതിനു മറുപടിയായി അവൻ അവളുടെ വലതു കൈ തന്റെ ഇടതു കൈ കൊണ്ട് മുറുകെ പിടിച്ച്  തന്റെ ഇടത് നെഞ്ചോട് ചേർത്തു . 'ഈ കൈ എന്നും വിടാതെ എന്റെ കൂടെ തന്നെ ഉണ്ടാവാണെ '  എന്നവൻ ഭഗവാന്റെ  മുന്നിൽ കണ്ണടച്ചു പറഞ്ഞു.

   

 "സുധീ...നീയും ശില്പയും ഇവിടെ നിൽക്ക്, ഞങ്ങൾ ഒന്ന് നടന്നിട്ട് വേഗം വരാം."

"അത് പിന്നെ പറയണ്ടല്ലോ, ഇന്നലെയും ഇത് തന്നെയായിരുന്നല്ലോ,  ഞങ്ങൾ ഇവിടെ അരായലിൻ ചുവട്ടിൽ പോസ്റ്റ്, നിങ്ങൾ രണ്ടു പേരും കൂടെ കുളപ്പടവിൽ ഇരുന്ന് കൈ പിടിച്ച് പ്രേമസല്ലാപം. പിന്നെ ഈ ശിൽപയുടെ വായ നോൻ സ്റ്റോപ്പ് ആയത് കൊണ്ട് ഒരു വിധം ബോറടി ഇല്ലാതെ പോവും അതാ ഒരു ആശ്വാസം."

    സുധി പറയുന്നത് കേട്ട് ശിൽപ വാ പൊളിച്ചു നിന്നു പോയി.
"ഹലോ ആരാ നോൺ സ്റ്റോപ് ഞാനോ, കത്തിയടിച്ചു ആര്  ആരെയാണ് വധിച്ചത്? "

 

"അതിൽ ഇപ്പോൾ എന്താണ് സംശയം, തന്റെ കത്തി കൊണ്ട് ഇന്നലെ എന്റെ തല വരെ അരിഞ്ഞു പോകേണ്ടതായിരുന്നു."

" ഇയാൾ  എന്തൊരു  നുണയാണ് പറയുന്നത്..ഡി നന്ദു ഇയാളുടെ കൂടെ എനിക്ക് നിൽക്കാനെ പറ്റില്ലട്ടോ.."

"എന്റെ പൊന്ന് ചിപ്പീ...കുറച്ച് സമയത്തെക്കല്ലേ..ഒന്ന് അഡ്ജസ്റ് ചെയ്യടി.."

"സുധീ...ഒന്ന് മിണ്ടാതിരിയെടാ, ബാക്കിയുള്ളവർ എങ്ങനെങ്കിലും കുറച്ചു സമയം പ്രേമിച്ചോട്ടെ, പാര വെക്കല്ലേടാ  തെണ്ടീ.."  ദേവൻ സുധിയുടെ ചെവിയിൽ പോയി പറഞ്ഞു.

"ആ...ശരി ശരി...ഞാനായിട്ട് ഇനി ആരോടും ഒന്നും മിണ്ടാൻ വരുന്നില്ല.എന്നെ ഇങ്ങോട്ടും വന്ന് ശല്യപ്പെടുത്തരുത് എന്ന് പറഞ്ഞേക്ക് ദേവ്. "

"പിന്നെ...ഇയാളോട് മിണ്ടാൻ എന്റെ പട്ടി വരും."

"ആ അത് തന്നെയാ പറഞ്ഞത് നീ എന്നോട് മിണ്ടാൻ വരും എന്ന്."

" ഡോ..ഇയാളെ ഞാൻ.."

" നന്ദൂസെ, വാ നമുക്ക് നടക്കാം..അവർ തമ്മിൽ അടി കൂടട്ടെ, രണ്ടും കണക്കാ..."

 ദേവനും നന്ദുവും കൂടെ അമ്പലക്കുളപടവിൽ പോയിരുന്ന്  തെളിഞ്ഞു കിടക്കുന്ന വെള്ളത്തിലേക്ക് നോക്കി കൊണ്ടിരുന്നു. കുറച്ച്  സമയത്തെക്ക്‌ അവരുടെ ഇടയിലേക്ക് മൗനം കടന്നു വന്നു.

 "ദേവേട്ടൻ ..നാളെ രാവിലെ തന്നെ പോകുമല്ലേ.."

"ഉം...പോകും, അതി രാവിലെ ഇറങ്ങണം,   ഇവിനിങ് ആണ് ഡാഡിന്റെയും അമ്മയുടെയും ഫ്ലൈറ്. അവർ പോയതിനു ശേഷമേ ഞങ്ങൾ ഹോട്ടലിലേക്ക് പോകൂ,."

"അപ്പോൾ ഫുഡ്, താമസം എല്ലാം ഹോട്ടലിൽ ആണോ?"

 "അതെല്ലൊ...ഒരാഴ്ചത്തെ കാര്യല്ലേ മോളെ..ഞങ്ങൾക്കിതൊക്കെ ശീലമാ,  ബിസിനസിൽ ഇതൊക്കെ പതിവാണ്."

" ഉം...."

"മൂക്ക് കുത്തിയതിന്റെ വേദന കുറഞ്ഞോ..ഇല്ലെങ്കിൽ ഇന്നലെ തന്ന പോലെ ഞാൻ സ്‌പെഷ്യൽ മെഡിസിൻ തരാം." ദേവൻ കുസൃതിയോടെ  നന്ദുവിനെ നോക്കി.

അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു, പിന്നെ അവന്റെ മുഖം കൈ കുമ്പിളിലാക്കി താഴേക്ക് കുനിച്ചു നെറ്റിയിൽ ചുംബിച്ചു..  നന്ദുവിന്റെ  കണ്ണിൽ നിന്ന്  കണ്ണ്നീർ അനുസരണയില്ലാതെ ഒഴുകി.

"എന്താ  നന്ദുസെ ഇത്...എന്തിനാ ഇങ്ങനെ കരയുന്നത്, ഞാൻ പോയി വേഗം വരൂലെ..."

"എനിക്കറിയില്ല ദേവേട്ടാ...എന്തോ എന്റെ മനസിൽ ദേവേട്ടൻ എന്നെ വിട്ട് അകലുകയാണെന്ന് തോന്നുന്നു. എനിക്കറിയില്ല എനിക്ക് എന്താ പറ്റിയതെന്ന്. " നന്ദു കരഞ്ഞു കൊണ്ട് ദേവന്റെ നെഞ്ചിൽ വീണു.

"അയ്യേ ഇതെന്താ എന്റെ കാന്താരിക്ക് പറ്റിയത്, ദേവേട്ടൻ അങ്ങനെ എന്റെ മോളെ വിട്ട് അകന്നു പോവുമോ..ഈ ഹൃദയത്തിൽ എന്റെ  നന്ദൂസല്ലേ..
ആ ഹൃദയം നിലച്ചു പോയാൽ മാത്രേ എനിക് എന്റെ നന്ദൂസിൽ നിന്ന് അകലാൻ കഴിയൂ, അതായത് എന്റെ മരണത്തിന് മാത്രമേ, എന്നെ നിന്നിൽ നിന്ന് അകറ്റാൻ പറ്റൂ.."

ദേവൻ അത് പറഞ്ഞതും നന്ദു അവന്റെ ചുണ്ടിൽ അവളുടെ വിരൽ വെച്ച് തടുത്തു അരുതെന്ന് തലയാട്ടി.

ദേവൻ അവളുടെ കൈയിൽ പതുക്കെ ചുംബിച്ചു .പിന്നെ അവന്റെ പോക്കറ്റിൽ നിന്ന് ഒരു കുഞ്ഞ് ഡയമണ്ട് റിങ് എടുത്ത് ആ കൈ വിരലിൽ ഇട്ട് കൊടുത്തു.

"ഇത് എന്റെ മോൾക്ക് ഞാൻ വരുന്നത് വരെ എന്നെ മിസ് ചെയ്യാതിരിക്കാൻ.. ഇത് വിരലിൽ ഉള്ളപ്പോൾ  ഞാൻ കൂടെ തന്നെ ഉള്ള പോലെയാ..."  ദേവൻ ഒരിക്കൽ കൂടി ആ  കൈ വിരലിൽ തന്റെ ചുണ്ടമർത്തി.


  കുറെ നേരം രണ്ട് പേരും അസ്തമയ സൂര്യനേയും നോക്കി  കുളപ്പടവിൽ ഇരുന്നു.

"നന്ദൂസെ നേരം കുറെ ആയി. ഇരുട്ടുന്നതിന് മുമ്പേ വീട്ടിൽ എത്തേണ്ടേ, സുധിയും ശില്പയും  അവിടെ കാത്തിരുന്നു മുഷിഞ്ഞിട്ട് ഉണ്ടാകും. ഞാൻ കാറിൽ കൊണ്ട് വിടാം രണ്ട് പേരെയും."

  ദേവൻ നന്ദുവിനെയും കൂട്ടി സുധിയുടെയും ശില്പയുടെയും അടുത്തേക്ക് പോയി. അവിടുന്ന് എല്ലാവരും കൂടെ ദേവന്റെ കാറിൽ തിരിച്ചു പോയി.

      ശില്പയെയും നന്ദുവിനെയും വീടിന് മുന്നിൽ ഇറക്കി യാത്ര പറഞ്ഞ് പോകുന്ന ദേവനെ നന്ദു ചെറു വേദനയോടെ  നോക്കി. അവന്റെ കാർ കൺ മുന്നിൽ നിന്നും മറഞ്ഞപ്പോൾ തന്റെ പ്രാണൻ വിട്ടകലുന്നത് പോലെ അവൾക്ക് തോന്നി. പതിയെ അവൻ വിരലിൽ അണിയിച്ചിരിക്കുന്ന മോതിരത്തിൽ ചുംബിച്ച്  ഒരു നേർത്ത പുഞ്ചിരിയോടെ അവൾ വീട്ടിലേക്ക് നടന്നു.

       "അന്ന് കണ്ടതിൽ പിന്നെ ദേവനെ നന്ദു കണ്ടത് അന്ന് വൈശാഖ് സാറിന്റെ ഫങ്ങ്ഷനിൽ വെച്ചാണ്."  നിധി പറഞ്ഞു നിർത്തി..

" വാട്ട്..."      ആൻവിയും ശരണും ഒരു പോലെ ഞെട്ടി.

തുടരും...

രചന: അഞ്ജു വിപിൻ.

( രണ്ടിന്റെയും റൊമാൻസ് കുറച്ച്  കൂടുന്നുണ്ട്, അപ്പോൾ കണ്ണ് പൊത്തി നിൽക്കുന്നവരൊക്കെ തുറന്നോളൂ, രണ്ടിനേം രണ്ട് വഴിക്കാക്കിട്ടുണ്ട്, സന്തോഷായില്ലേ..😎ഇഷ്ടമായെങ്കിൽ ആ ലൈക്ക് ബട്ടൺ ഒന്നു പ്രസ് ചെയ്തേക്കൂ...)

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top