യാമി, Part 40

Valappottukal
യാമി 💝4️⃣0️⃣
ഭാഗം💝40

പാസഞ്ചേഴ്സ് ഫോർ ഫ്ലൈറ്റ് ബി.എ.213 ടു ടെക്സാസ്,
പ്ലീസ് ഗോ ടു ഗേറ്റ് നമ്പർ ഫോർ..

ഫ്ലൈറ്റ് അന്നൗൺ സ്മെന്റ് വന്നതും യാമി യുടെ കണ്ണുകൾ വീണ്ടും വാതിലിനു പുറത്തേക്ക് നീണ്ടു...
കയ്യിൽ മുറുകിയ നവീന്റെ കൈ വിരലുകളിലേക്ക്‌ നിറ കണ്ണുകളോടെ നോക്കി യാമി പറഞ്ഞു...

"ആദി വരും നവി.. എനിക്ക് ഉറപ്പുണ്ട്..."

"മ്
അവളുടെ കയ്യിലുള്ള അവന്റെ പിടി വീണ്ടും മുറുക്കി മൂളുമ്പോൾ യാമിക്ക് ഒപ്പം നവീനും ഉണ്ടായിരുന്നു ആദി വരുമെന്ന പ്രതീക്ഷ...

പ്രത്യാശയുടെ കുറെ അധിക നിമിഷങ്ങൾ...
വാണിക്ക് അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് അറിയില്ലായിരുന്നു...

"മതി.. കയറുന്നുണ്ടെങ്കിൽ കയറ് അന്നൗൺസ്മെന്റ് വന്നില്ലേ?"
യദു വിൻറെ സ്വരം കടുത്തതും യാമിയുടെ നോട്ടം അയാളിലേക്ക് ആയി...

"അവൻ ഇനി വരില്ല യാമി..
നാട്ടിൽ ഉണ്ടായിരുന്നപ്പോൾ അവനൊരു ടൈം പാസ്..
അത് മാത്രമായിരുന്നു നീ... അല്ലെങ്കിൽ ഇന്നലെ ഞങ്ങളെ ഒക്കെ ഉപേക്ഷിച്ച് അവനടുത്തേക്ക്‌ ഓടി ചെന്നപ്പോൾ എങ്കിലും നിന്റെ ഇഷ്ടം അവൻ മനസ്സിലാക്കിയേനെ...
നടന്നത് ഒക്കെ എന്റെ മോളൊന്നു ഓർത്ത് നോക്ക്..."
അവളുടെ ഇരു ചുമലിലും കൈകൾ ചേർത്ത് കൊണ്ട് കുടിലതയോടെ യദു പറഞ്ഞു..

"ഡാഡിയും, മമ്മയും, മോളും.. അതായിരുന്നില്ലെ നമ്മുടെ ലോകം..
അവിടേക്ക് വലിഞ്ഞു കയറി വന്നവൻ ആണ് ആദി.. ഡാഡിക്ക് ഇഷ്ടം ഇല്ലാത്തത് മോൾക്കും വേണ്ട.. ഇപ്പൊൾ ഇതാ അവനായി തന്നെ ഒഴിഞ്ഞു പോയിട്ട് ഉണ്ട്...
ആ ചാപ്റ്റർ ഇവിടെ തീരട്ടെ.. ഇനി അതിന് പുറകെ പോകില്ല എന്ന് മോൾ ഡാഡിക്ക് വാക്ക് നൽകി വേണം ഇവിടുന്നു പോകാൻ..."
അവൾക്ക് നേരെ വലം കൈ നീട്ടി യശോദർ പറഞ്ഞു..

യാമിയുടെ നോട്ടം നവീനിലേക്കും,വാണിയിലേക്കും നീണ്ടു..
ഒപ്പം വീണ്ടും പുറത്തേക്കും...

"ദിസ് ഇസ് ദ ഫൈനൽ ബോർഡിംഗ് കാൾ ഫോർ പാസഞ്ചർ യാമിക യശോദർ... ഫ്ളിയിങ് ടു ടെക്സാസ് ഓൺ ഫ്ളൈറ്റ് ബി എ 214 ..യുവർ ഫ്ളൈറ്റ് ഇസ് റെഡി ടു ലീവ്.. പ്ലീസ് ഗോ ടു  ഗേറ്റ് നമ്പർ ഫോർ ഇമ്മീഡിയറ്റ്ലി...
ഫൈനൽ ബോർഡിംഗ് കാൾ ഫോർ പാസഞ്ചർ യാമിക യശോദർ... താങ്ക്യൂ..."

"മോളെ..."
വാണി യുടെ വിളി കേട്ടതും ദേഷ്യത്തിൽ യാമി യദു വിൻറെ നീട്ടി പിടിച്ചിരുന്ന കൈ തട്ടി മാറ്റി....
"വാക്ക് തരണം അല്ലേ... ആരോട് ക്ഷേമിച്ചാലും യാമി ഇനി നിങ്ങളോട് ക്ഷമിച്ച് തരില്ല....
ഡാഡി സന്തോഷിച്ചോളൂ..
മനസ്സറിഞ്ഞ് സന്തോഷിച്ചോ... ആഗ്രഹിച്ചത് പോലെ ഒക്കെ നടന്നില്ലെ..."
ഞങ്ങളെ തമ്മിൽ അകറ്റി ഇല്ലെ എന്നേക്കുമായി...
പക്ഷേ അത്ര പെട്ടെന്ന് ആദി എന്റെ ഇൗ മനസ്സിൽ നിന്നും മായില്ല ഡാഡി... അതവിടെ എന്നേക്കുമായി പതിഞ്ഞു പോയ ഒന്നാണ്..."
അവളുടെ ശബ്ദം ഉയർന്നു കേട്ടതും ചുറ്റും ഉളളവർ ശ്രദ്ധിക്കാൻ തുടങ്ങി...
നവീൻ വേഗം അവളെ തടഞ്ഞു...

"മതി.. സമയം ആയി..കാത്ത് നിന്നാലും അവൻ ഇനി വരുമെന്ന് തോന്നുന്നില്ല യാമി നീ പൊയ്‌ക്കൊളു..."
അവളെ ചേർത്ത് നിർത്തി സമാധാനിപ്പിച്ചു നവീൻ പറഞ്ഞു..

*എന്നാലും നവി ആദിക്ക് എങ്ങനെ കഴിഞ്ഞു ഇത്രേം ഒക്കെ എന്നോട് ചെയ്യാൻ..."

"ഒന്നും ഇല്ല.. അവൻ ഇവിടെ തന്നെ ഉണ്ടാകുമല്ലോ ഞാൻ ട്രൈ ചെയ്യാം... കാര്യങ്ങള് ചോദിച്ച് അറിയാം...  എന്നിട്ട് വിളിപ്പിക്കാം അവനെ കൊണ്ട് നിന്നെ...
എല്ലാം തീർത്ത്.. നീ മടങ്ങി വരുമ്പോൾ കൈ പിടിച്ച് കൂടെ കൂട്ടാൻ ആദി ഉണ്ടാകും ഇവിടെ എനിക്ക് ഒപ്പം ..
ഇത് നവീൻ എന്റെ യാമിക്ക് നൽകുന്ന വാക്ക് ആണ്..."
അവളുടെ കൈ ക്കുള്ളിൽ കൈ ചേർത്ത് വച്ച് നവീൻ പറഞ്ഞു..
കന്നീരിനിടയിലും അവളിൽ പ്രതീക്ഷയുടെ ഒരു പുഞ്ചിരി വിടർന്നു...

വാണിയേ ചേർത്ത് പിടിച്ചു യാത്ര പറഞ്ഞ ശേഷം യശോദ റിനു മുഖം കൊടുക്കാതെ അവള് വാശിയിൽ ഉള്ളിലേക്ക് നടന്നു...

വാക്കുകൾക്ക് പുറമെ അവളിലെ അവഗണന കൂടി അയാളെ തെല്ലൊന്ന് തളർത്തി...
പുറകെ വിളിക്കാൻ മുതിർന്ന അയാളെ വാണി തടഞ്ഞു...
"ഇനിയും മതി ആയില്ലേ യദു...
നവീൻ നൽകിയ അൽപ പ്രതീക്ഷയിൽ ആണ് എന്റെ കുഞ്ഞു പോയത്.. അവനൊപ്പം എനിക്കും അറിയാം അത് നടക്കാൻ സാധ്യത ഇല്ലെന്ന്.. അവളെ ഇനി എങ്കിലും വെറുതെ വിട്.."
കൈ കൂപ്പി പറഞ്ഞു കൊണ്ട് വാണി പുറത്തേക്ക് നടന്നു...

"നിങ്ങളെ ഓർത്ത് സങ്കടം പോലും തോന്നുന്നില്ല ചെറിയമ്മാവാ...തോൽപ്പിക്കാൻ നോക്കുന്നത് ആദി യെ അല്ല.. ആ നെഞ്ച് പിടഞ്ഞ് പോയ നിങ്ങളുടെ മകളെ ആണ്.. നിങ്ങളെ ജീവന് തുല്യം സ്നേഹിച്ച മകളെ..."
നവീൻ പുറത്തേക്ക് ഇറങ്ങിയതും യാമി പോയ വഴി നോക്കി നിന്ന് യഷോദർ ഒന്ന് ചിരിച്ചു...

"സാരമില്ല.. ചില വേദനകൾ നല്ലതിന് ആകും...
എന്റെ മോളുടെ നിഴൽ വെട്ടത്ത് അവൻ ഇനി വരില്ല..."

💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫

മണ്ണിൽ കണ്ട സ്വപ്നങ്ങളെ വിണ്ണിന്റെ ചിറകിലേറ്റി യാമി പറന്നുയർന്നു....

അതിരുകളും മതിലുകളും ഇല്ലാതെ ഉയരാൻ ആഗ്രഹിച്ചതിനുമപ്പുറം ഉയരങ്ങളിലേക്ക്...
പക്ഷേ പറക്കുന്ന ചിറകുകൾക്ക് തളർച്ചയാണ്...
സ്വപ്നം കണ്ടവളെ കൈപിടിച്ചുയർത്താൻ കൂടെ നടന്നവന്റ അപരിചിതത്വം നൽകിയ തളർച്ച...

ഓർമകളിൽ നീറിയ മനസ്സുമായി പരിസരം പോലും മറന്നവൾ കരഞ്ഞു...
"രണ്ട് വർഷ കാലം എല്ലാവർക്കും ചെറുതാണ്..
പക്ഷേ.. നീ ഇല്ലാതെ ഒരു നിമിഷം യാമിക്ക് കഴിയില്ല ആദി..."
ഉരുകുന്ന നെഞ്ചിനു ആശ്വസിക്കാൻ എങ്കിലും ഒരു വാക്ക് നീ തന്നിരുന്നുവെങ്കിൽ...

യാത്രയിൽ ഉടനീളം ആദി മാത്രമായിരുന്നു യാമിയുടെ കണ്ണുകളിലും.. മനസ്സിലും...
മറക്കാൻ കഴിയാതെ.. തന്നെ ഇനി തളർത്താതെ കൂടെ നിർത്തണ്ട പ്രതീക്ഷ...
തിരികെ വരുമ്പോൾ കാത്തിരിക്കാൻ തനിക്കായി അവനുണ്ടാകും എന്ന പ്രതീക്ഷ....

ഫ്ലൈറ്റ് ലാൻഡ് ചെയ്ത ശേഷം ലഗേജ് കളക്‌റ്റ് ചെയ്ത് അവള് അറൈവൽ ഗേറ്റ് വഴി പുറത്തേക്ക് കടന്നു...
സ്പോൺസർ അയച്ച ആളു കൂട്ടാൻ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നത് പ്രകാരം അയാൾ ക്‌കായി കാത്ത് നിൽക്കുകയാിരുന്നു..

"അപ്പൊൾ എങ്ങനാ പോകുവല്ലെ"
തൊട്ട് പിറകിലായി ശബ്ദം കേട്ട് തിരിഞ്ഞ യാമി ആളെ കണ്ടതും ഞെട്ടലോടെ ഒരു നിമിഷം പിറകിലേക്ക് ചാഞ്ഞു...
വീഴും മുൻപ് അവന്റെ കൈകൾ അവളെ ഇടുപ്പിൽ ചേർത്ത് ചുറ്റി പിടിച്ചിരുന്നു...

"എന്താടോ.. എന്നെ കണ്ടതും ബോധം പോയോ?"
ആദി യുടെ ചോദ്യം കേട്ടതും പരിസരബോധം വീണ്ടെടുത്ത് തൻറെ ദേഹത്ത് മുറുകിയിരുന്ന അവന്റെ കൈ അവള് ദേഷ്യത്തിൽ തട്ടി തെറിപ്പിച്ചു..."

"എന്റെ സർപ്രൈസ് എങ്ങനുണ്ട്?"
ചിരിയോടെ നിൽക്കുന്ന ആദിയുടെ കരണം നോക്കി ദേഷ്യത്തിൽ യാമി ഒന്ന് കൊടുത്തു.

പ്രതീക്ഷിച്ചിരുന്നത് ആണെങ്കിലും പൊതു സ്ഥലം ആണെന്ന ബോധം വന്നപ്പോൾ അവനൊന്നു ചൂളി...
ആ അടിയോടെ യാമി അവന്റെ നെഞ്ചിലേക്ക് വീണു അലറി കരഞ്ഞു...

"യാമി.. ഹേയ്.. എന്താടാ ഇത്.. ആളുകൾ ശ്രദ്ധി ക്കുന്നു.."
ആദി അവളെ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കാൻ ശ്രമിച്ചു...

പെട്ടെന്ന് വീണ്ടും എന്തോ ഓർത്ത ശേഷം അവന്റെ നെഞ്ചില് പിടിച്ച് പിറകിലേക്ക് തള്ളി മാറ്റി അകന്നു മാറിയവൾ ദേഷ്യത്തോടെ മുൻപിലേക്ക് നടന്നു...

"യാമി.. പ്ലീസ്.. ഞാൻ എല്ലാം പറയാം.. ഒന്ന് കേൾക്ക് നീ.. വേണമെന്ന് കരുതി ചെയ്തത് അല്ലഡോ..."
മുന്നിൽ തടസ്സമായി കൈകൾ വിരിച്ചു നിന്ന ആദി യെ ദേഷ്യത്തിൽ വീണ്ടും പിറകിലേക്ക് തള്ളി അവൾ തനിക്ക് പോകാനായി വന്ന വണ്ടിയിലേക്ക് കയറി അവിടെ നിന്നും യാത്രയായി..

ഒരു പ്രശ്നം ഉണ്ടാക്കുന്നത് തൽക്കാലം നല്ലത് അല്ലെന്ന് തോന്നിയ ആദി ചുറ്റും ഒന്ന് നോക്കിയ ശേഷം പതിയെ ചിരിയോടെ നടന്നു...

വണ്ടിയിലിരുന്ന യാമി യുടെ അവസ്ഥയും മറിച്ചല്ലായിരുന്നു.. ആദിയെ കാണുന്നതിന് മുൻപുള്ള നിമിഷം വരെ എല്ലാം ഇട്ടെറിഞ്ഞു തിരികെ പോയാലോ എന്ന് പോലും ചിന്തിച്ചു പോയിരുന്നു...
അറിയപ്പെടാത്ത ഒരു നാടും ആളുകളും എങ്ങനെ ഇവിടെ പിടിച്ചു നിൽക്കാൻ കഴിയുമെന്ന ഭയത്തോടെ ആണ് പുറത്തേക്ക് നടന്നത് പോലും..
പക്ഷേ ആദി...
അവൻ എങ്ങനെ ഇവിടെ എത്തി.. ആലോചിച്ചിട്ട് ഒരു എത്തും പിടിയും യാമിക്ക് കിട്ടിയില്ല...
എന്നെ അത്രയും വേദനിപ്പിച്ചത് അല്ലേ.. നോക്കിക്കോ കാണിച്ച് കൊടുക്കുന്നുണ്ട് ഞാൻ..
സന്തോഷത്താന്റ ചെറു ചിരിയോടെ അവള് സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു.

കോളേജ് ക്യാമ്പസ്സിനുള്ളിൽ തന്നെ ആയിരുന്നു അക്കോമഡേഷനും മറ്റ് സൗകര്യങ്ങളും യാമിക്ക് ഒരുക്കിയിരുന്നത്...
ചെന്ന രണ്ട് ദിവസങ്ങളും ഒന്ന് സെറ്റ് ആകുന്നത് വരെ അവള് ആകെ തിരക്കിലായിരുന്നു...
അവൾക്ക് ഒപ്പം മറ്റു സ്റ്റേറ്റ്കളിൽ നിന്നുള്ള ഒന്ന് രണ്ട് കുട്ടികൾ കൂടി ഉണ്ടായിരുന്നു ഇന്ത്യയിൽ നിന്നും സ്കോളർഷിപ് ലഭിച്ചവർ..
പെട്ടെന്ന് തന്നെ അവരുമായി യാമി അടുത്തു...
കഴിഞ്ഞ് പോകുന്ന ഓരോ നിമിഷവും ഉള്ള് നിറയെ ആദി മാത്രം ആയിരുന്നു..തനിക്ക് ചുറ്റും എവിടെ ഒക്കെയോ അവനുണ്ടെന്ന ബോധ്യം അവളിലും ഉണ്ടായിരുന്നെങ്കിലും അതിനു ശേഷം പരസ്പരം രണ്ടാളും കണ്ടിരുന്നില്ല..

അന്നൊരു ഓഫ് ഡേ ആയത് കാരണം കൂട്ടുകാർക്ക് ഒപ്പം ആദ്യമായി യാമി ക്യാമ്പസ് വിട്ട് പുറത്തേക്ക് ഇറങ്ങി...
ടെക്സാസ് ലെ പ്രശസ്തമായ ദിനൗസർ വാലി പാർക്കിലേക്ക് ആയിരുന്നു യാത്ര...

കൗണ്ടറിൽ നിന്നും ടിക്കറ്റ് എടുത്ത ശേഷം കൂട്ടുകാർക്ക് ഒപ്പം അവള് പാർക്കിലേക്ക് കടന്നു...
മ്യുസിയവും പാർക്കുകളും ദിനോസർ പോയിൻറ്റും,തടാകവും ഒക്കെ ആയി വല്യ ഒരു സ്പേസ് തന്നെ ആയിരുന്നു അവിടം...
ഒരു ദിവസം മുഴുവൻ ചിലവിട്ടാൽ പോലും കണ്ടു തീരാൻ കഴിയാത്ത അത്ര കാഴ്ചകൾ ഉണ്ടായിരുന്നു അവിടെ...

പലതും അത്ഭുതതോടെ കണ്ടും പരസ്പരം പരിചയപ്പെടുത്തിയും അവർ പതിയെ നടത്തം ആരംഭിച്ചു...
എന്തോ പറഞ്ഞു ചിരിയോടെ തല ഉയർത്തിയ യാമി കാണുന്നത് തനിക്ക് എതിരെ നടന്നു അടുക്കുന്ന ആദി യെ ആണ്..
നിമിഷ നേരം കൊണ്ട് എടുത്തണിയ പെട്ട ഗൗരവത്തി ന്റെ മുഖം മൂടി ഏത് നിമിഷവും താഴെ വീഴുമോ എന്നവൾ ഭയന്നു...

വിചാരിച്ചത് ഒന്നും സംഭവിക്കാതെ അവളെ കടന്നു പോയ ആദിയെ യാമിയൊന്നു തിരിഞ്ഞു നോക്കി...
അതെ നിമിഷം തന്നെ അവളുടെ നോട്ടം പ്രതീക്ഷിച്ച് എന്ന പോൽ ചിരിയോടെ അവനും...
ഇത് കണ്ടതും ചുണ്ടുകൾ കോട്ടി തല വെട്ടിച്ചു വേഗത്തിൽ അവള് മുന്നിലേക്ക് നടന്നു...

തടാക കരയിൽ ആകർഷണത്തിനായി നിർമിച്ചിടടുള്ള ഉരുളൻ പാറകളിൽ ഒന്നിൽ യാമി ഇരുപ്പ് ഉറപ്പിച്ചു..
കൂടെ ഉളളവർ കുറച്ച് പിറകിലായും...

മഞ്ഞ് മാസ കാലത്തിന്റെ ആരംഭം ആയിരുന്നു...
കളകളാരവത്തൊടെ ഒഴുകി ഇറങ്ങുന്ന ജലാശയത്തിലെ ക്ക് പതിയെ അവള് കാലുകൾ നനച്ചു...
വെള്ളത്തിന്റെ കുളിർമ്മ പതിയെ ദേഹത്തേക്കും വ്യാപിച്ചു... പ്രിയ നിമിഷങ്ങളുടെ പല ഓർമകളും ഹൃദയത്തിനെയും തണുപ്പിച്ചു...

ഒറ്റയ്ക്ക് പലതും ഓർത്ത് ചിരിയോടെ ഇരിക്കുമ്പോഴാണ് പിറകിലായി ഒച്ച കേൾക്കുന്നത്...
തിരിഞ്ഞു നോക്കിയ യാമിക്ക് ഒരു നിമിഷം കൊണ്ട് തന്നെ ആ കാഴ്ച കണ്ട് തന്റെ സകല നിയന്ത്രണവും നഷ്ടപെട്ടു...
അവളുടെ കൂട്ടുകാരികൾക്ക് ഇടയിൽ കളി ചിരികളുമായി ഇരിക്കുക യാണ് ആദി...
അവന്റെ തമാശയിൽ പൊട്ടി ചിരിക്കുന്ന പെൺകുട്ടികളിൽ ഒന്ന് രണ്ട് മദാമമാരും ഉണ്ട്...

ഇരുന്നിടത്ത് നിന്നു പെട്ടെന്ന് എഴുന്നേറ്റ് അവർക്ക് അരികിലായി ഓടി എത്തിയതും യാമി കയ്യിലിരുന്ന ബാഗ് വലിച്ച് ആദി യുടെ മേലേക്ക് ദേഷ്യത്തിൽ എറിഞ്ഞു...
പകച്ചിരുന്ന യാമിയുടെ കൂട്ടുകാരികളോട് ഗേൾ ഫ്രണ്ട് എന്ന് പരിചയ പെടുത്തിയ ആദിയെ കയ്യിൽ കിട്ടിയത് ഒക്കെ പെറുക്കി അവള് എറിഞ്ഞു.. ജീവൻ ഭയന്ന് അപ്പോഴേക്കും ഗോപിക മാരെല്ലാം കൃഷ്ണനെ വിട്ട് ഓടിയിരുന്നു...

എന്നിട്ടും അടങ്ങാതെ അവനെ തല്ലാൻ ആഞ്ഞ യാമി യെ വലിച്ചവൻ നെഞ്ചിലേക്ക് ഇട്ടു കൊണ്ട് പറഞ്ഞു...
"അവരെല്ലാം പോയി..."

ചുറ്റും നോക്കിയ ശേഷം അവനിൽ നിന്നും അകന്നു മാറാൻ ശ്രമിച്ച അവളെ ഇരുകൈകളാൽ ഇടുപ്പിൽ ചേർത്തവൻ ചുറ്റി പിടിച്ചു..
ശ്വാസം നിലച്ചവൾ അവനിൽ തന്നെ മിഴികളൂന്നി...

!!!മറ്റൊരുവളിൽ നീ നൽകുന്ന കരുതൽ ആദ്യമായി എന്റെ ഉള്ള് പൊള്ളിച്ച നിമിഷം ഞാൻ അറിഞ്ഞു സൗഹൃദം കടന്നു നീ എന്റെ ഉള്ളിൽ പ്രണയമായി തളിർത്തെന്ന്...!!!

"ആയിരുന്നോ യാമി?"
എഫ്.എമ്മിൽ അവനായി പറഞ്ഞ വാക്കുകളിലൂടെ ആദി സഞ്ചരിച്ചു...

മറുപടി പറയാതെ തന്നെ ചുറ്റിയിരുന്ന കൈ ബലത്തിൽ വിടുവിച്ചു ദേഷ്യത്തോടെ യാമി അവനിൽ നിന്നകന്ന് പഴയ സ്ഥാനത്ത് പോയിരുന്നു...കാലുകൾ വീണ്ടും വെള്ളത്തിലേക്ക് താഴ്ത്തി വച്ചു...
അവൾക്കൊപ്പം ആദിയും അപ്പോഴേക്കും എത്തിയിരുന്നു...

തെളിനീരിൽ തെളിഞ്ഞ സ്വർണ കൊലുസ്സാൽ മനോഹരമായ അവളുടെ കണങ്കാൽ തന്റെ കാൽ വിരൽ കൊണ്ടവൻ പതിയെ മുട്ടിച്ചു...
കൂർപ്പിച്ച് ഒരു നോട്ടം വന്നതും പതിയെ ഉദ്യമം പിൻവലിച്ച് അവൻ പറഞ്ഞു തുടങ്ങി...

"ഞാൻ ചെയ്തത് തെറ്റായി പോയോ യാമി?"
ആദി തിരക്കി..

"എനിക്ക് വേണ്ടി ചെയ്യുന്നത് ഒക്കെ ഇങ്ങനെ തെറ്റാകാം ആദി.."

എല്ലാം അറിഞ്ഞിരുന്നിട്ട്‌ പിന്നേം എന്തിനാടി ഒരു പിണക്കം?
നിനക്ക് മുന്നേ ഇവിടെ വന്നു കാത്തു കെട്ടി കിടന്നിട്ടും കിട്ടിയത് അടിയും തൊഴിയും തെറിയും..
മൂന്ന് ദിവസമായി ഉള്ള ഒളിച്ചു കളിയും.."
ആദി ചോദിച്ചു..

"അറിയാമായിരുന്നു പലതും.. പക്ഷേ അറിയാൻ പാടില്ലാത്തതും ഉണ്ടായിരുന്നു..  അതിൽ ഇൗ വരവും...
ആദിക്ക് എന്നോട് പറയാമായിരുന്നില്ലെ.. ഞാൻ ഒരുപാട് വേദനിച്ചു.."
പറഞ്ഞു തീർന്നതും അവളുടെ മിഴികൾ നിറഞ്ഞു...

"മനപ്പൂർവം ചെയ്തത് ആണ്.. പറഞ്ഞിരുന്നെങ്കിൽ ഒരു പെർഫെക്ഷൻ നിൻറെ അഭിനയത്തിൽ കിട്ടില്ലായിരുന്നു...
ഇത് ഇപ്പൊൾ നീ നിന്റെ ഡാഡിയെ ഒക്കെ വെല്ലുവിളിച്ച് വന്നൊരു വരവ് ഉണ്ടല്ലോ കലക്കി മോളെ.."
ആദി ചിരിച്ചു..

"ഡാഡിയുടെ ഭാഗത്ത് നിന്നും ആലോചിക്കുമ്പോൾ അതൊന്നും തെറ്റല്ല ആദി.. ഡാഡി ചെയ്യുന്നത് ഒക്കെ ..."

"നിനക്ക് വേണ്ടി ആണല്ലേ... നീ എന്താടി ഇനിയും നന്നാവാത്തത്.. "
യാമിയെ പറഞ്ഞു മുഴുവിപ്പിക്കാതേ അവൻ പറഞ്ഞു...
"ഇൗ ഒറ്റ കാരണം കൊണ്ടാണ് നാട്ടിൽ വച്ച് തീർക്കാൻ ഉള്ള പ്രതികാരം ഇവിടെ വരെ നീണ്ടു പോയത്...
ഞാൻ എന്ത് ചെയ്താലും നീ ലാസ്റ്റ് നിൻറെ തന്ത പടിയുടെ പക്ഷം ചേരും..."

"എന്ത് പ്രതികാരം... പ്രതികാരം ചെയ്യാൻ നടക്കുന്നത് നീയല്ലേ... ഒളിപ്പിച്ച് വച്ചത് നീയല്ലേ...ഒടുക്കം..."
യാമിക്ക് വാക്കുകൾ പതറി...

"ഒടുക്കം.. ബാക്കി പറയടി..."
ആദി ദേഷ്യത്തിൽ ചോദിച്ചു...

"ഞാൻ തെറ്റ് ചെയ്തു.. സമ്മതിക്കുന്നു..
പക്ഷേ ഉള്ളിൽ കൊണ്ട് നടന്ന ഇഷ്ടം നിനക്കും തുറന്നു പറയാമായിരുന്നു..
എന്നിട്ടോ എല്ലാം കൈവിട്ട് പോയി കഴിഞ്ഞപ്പോൾ ഒരു തുറന്നു പറച്ചിൽ...
അത് കൊണ്ടും തീരാതെ  നിൻറെ അച്ഛന്റെ വക ഒരു ഭീഷണിയും നിന്നെ മറക്കണം എന്ന്..
പക്ഷേ അങ്ങേർക്ക് അറിയില്ല വെല്ലു വിളിച്ചത് ഇൗ ആദിൽ മാധവിനെ ആണെന്ന്..
ഇത്ര നാളും നിൻറെ യാത്ര എതിർത്ത മനുഷ്യൻ എന്ത് കൊണ്ട് നിനക്ക് ഇവിടേക്ക് വരാൻ അനുമതി നൽകി എന്ന് എപ്പോഴേലും ചിന്തിച്ചിട്ട് ഉണ്ടോ?
എന്നിൽ നിന്നും നിന്നെ അകറ്റണം.. തമ്മിൽ കാണാതെ ഇരിക്കാനും, നമ്മുടെ സൗഹൃദം തകർക്കാനും അയാൾക്ക് മുൻപിൽ ഉണ്ടായിരുന്ന ഏക വഴി ഇത് മാത്രം ആയിരുന്നു..."

"എനിക്ക് എല്ലാം അറിയാം ആദി...
ഒരുപാട് വൈകി ആയിരുന്നെങ്കിലും ഡാഡിക്ക് ഇതിൽ ഉള്ള പങ്ക്‌ വ്യക്തമായി മനസ്സിലാക്കിയിട്ട്‌ തന്നെ ആയിരുന്നു എല്ലാം ഉപേക്ഷിച്ച് നിന്നെ തിരക്കി അന്ന് ഞാൻ വന്നത്...
പക്ഷേ..."
യാമി ഒന്ന് നിർത്തി...

"പക്ഷേ.. എന്റെ അവഗണന തളർത്തി അല്ലേ...
സങ്കടത്തിന്റെ പുറത്ത് പങ്ക് വയ്കണ്ടത് അല്ല എനിക്ക് നിന്നോട് ഉള്ള സ്നേഹം..പരസ്പരം ഇഷ്ടം ആണെന്ന് തോന്നി തുടങ്ങിയ നാള് തൊട്ട് ആഗ്രഹിച്ചിരുന്നത് ആണ് ഞാൻ ഇൗ നിമിഷം..
ഓർമ ഉണ്ടോ നിന്നെ അന്ന് ഫ്ളാറ്റിൽ നിന്നും അങ്കിൾ കൂട്ടി കൊണ്ട് പോയ ദിവസം പിന്നെ കുറച്ച് നാൾ ഞാൻ ഇതിന്റെ പിറകെ ഓട്ടം ആയിരുന്നു...
ഇത്ര ചുരുങ്ങിയ സമയം കൊണ്ട്
വിസിറ്റിംഗ് വിസ ഒപ്പിക്കാൻ കുറച്ച് പാട് പെട്ടു...

"പിന്നെങ്ങനെ?"
യാമി ചോദിച്ചു..

"സൗഹൃദങ്ങൾ ഒരുപാട് ഉണ്ട്..
പിന്നെ കയ്യിൽ കാശുണ്ടെങ്കിൽ എന്താ പറ്റാത്തത്...
ഞാൻ ഏത് രീതിയിൽ നിൻറെ ഡാഡിക്ക് എതിരെ നീങ്ങിയാലും വേദനിക്കുന്നത് നീ ആകും എന്നെനിക്ക് തോന്നി യാമി...
സുഖമുള്ള ഒരു പ്രതികാരം... നിൻറെ അച്ഛൻ ഇനി കാണാൻ പോകുന്നതെ ഉള്ളൂ..."

"എന്താ മോന്റെ പ്ലാൻ.."
യാമി ചിരിയോടെ തിരക്കി...

"തൽക്കാലം ഒരു പ്ലാനും ഇല്ല.. അതൊക്കെ വരും പോലെ വരട്ടെ...ഇപ്പൊൾ ഞാൻ ഒന്ന് മനസ്സറിഞ്ഞ് പ്രേമിക്കട്ടെ എന്റെ പെണ്ണിനെ... കുറെ കാലം കൊണ്ടിങ്ങനെ മനസ്സിൽ കൂട്ടി വച്ച്... കൂട്ടി വച്ച്...."
അവളെ ചേർത്ത് ദേഹത്തേക്ക് അടുപ്പിച്ച് കൊണ്ട് ആദി ഒരു കള്ള ചിരിയോടെ പറഞ്ഞു...

"എന്തോ... എങ്ങനെ? മനസിലായില്ല...
ആർക്ക് ആരോട് പ്രേമം..അതൊക്കെ അന്നെ ഞാൻ വിട്ടു...
എന്റെ പ്രണയം... അത് നാട് മുഴുവൻ കേൾക്കെ വിളിച്ച് പറഞ്ഞിട്ടും കരിയർ ആണ് വലുത് എന്ന് നീ പറഞ്ഞ അന്ന് ഞാൻ മനസ്സിൽ കുറിച്ചിട്ടത് ആണ്..
അവന്റെ ഒരു മാങ്ങാത്തൊലി പ്രേമം.."
ദേഹത്ത് തൊടാൻ വന്ന കൈ തട്ടി തെറിപ്പിച്ച് യാമി തിരിഞ്ഞിരുന്നു...

"എടീ.. ഇൗ ടെക്സാസിൽ ആണോ പ്രേമിക്കാൻ പെൺപിള്ളേരെ കിട്ടാൻ പാട്..ഒരുപാട് ജാഡ എടുത്താൽ ഞാൻ എന്റെ പാട്ടിന് പോകും..
നിൻറെ കൂട്ടത്തിൽ ഉള്ള ഒന്ന് രണ്ട് എണ്ണം തരകേടില്ല"

"ആദി...!!"
യാമി ദേഷ്യത്തിൽ വിളിച്ചു..

"അല്ലേ.. നമുക്കിവിടെ നിൻറെ ഡാഡിയൊട് പണ്ട് പറഞ്ഞത് പോലെ ഒന്നിച്ച് അങ്ങ് കൂടാം..
തിരികെ ഒരു കൊച്ചൊക്കെ ആയിട്ട് ചെന്ന് പ്രതികാരവും തീർക്കാം എന്തെ?"
മീശ തടവി ചെറു ചിരിയോടെ ഇടം കണ്ണിട്ട്‌ അവളെ നോക്കി ആദി ചോദിച്ചു..

"അയ്യടാ... എന്റെ ഡാഡി കൈ പിടിച്ചു തന്നിട്ട് മാത്രമേ നമ്മൾ തമ്മിൽ ഒന്നിച്ച് ഒരു ജീവിതം ഉണ്ടാകൂ..വേറെ എന്തെങ്കിലും മനസ്സിൽ കരുതിയാണ് ഇങ്ങോട്ട് കെട്ടി എടുത്തത് എങ്കിൽ അടുത്ത വണ്ടിക്ക് വിട്ടോണം തിരികെ..."
യാമിയുടെ പിണക്കം അവളുടെ മൂക്കിൻ തുമ്പിനെ കൂടുതൽ ചുവപ്പിച്ചു..

"ടി.. ഇവിടൊക്കെ അത് സാധാരണം ആണ്..."

"വേണ്ടന്നെ.. എന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ല ആദി..."

ശരി വേണ്ട.. പക്ഷേ കടങ്ങൾ സൂക്ഷിക്കുന്ന പതിവ് പണ്ടേ ആദിക്ക് ഇല്ല...കുറെ നാളായി ഇത് ഒരു ബാധ്യത ആയി കൊണ്ട് നടക്കുന്നു..."
ആദി അവൾക്ക് അരികിലേക്ക് മുഖം അടുപ്പിച്ചതിനൊപ്പം പറഞ്ഞു...

"എന്ത് കടം?"
യാമി പിറകിലേക്ക് ആഞ്ഞ് സംശയത്തോടെ തിരക്കി...

"ഓർമ്മ കാണില്ല കുടിച്ച് ബോധം പോയവൾക്ക്‌ എന്ത് കടവും കടപ്പാടും..അതൊക്കെ സമയം പോലെ എല്ലാം പിന്നീട് പറഞ്ഞു പഠിപ്പിച്ച് തരാം...
ഇപ്പൊൾ നീ ഇതങ്ങ് വാങ്ങിക്കോ.."
ചുറ്റും കണ്ണുകൾ വേഗത്തിൽ ഓടിച്ച് അവൾക്ക് എതിർക്കാൻ ഉള്ള സാവകാശം കൊടുക്കും മുൻപേ ആദി അവളെ പാറ മേലേക്ക് മറിച്ചിട്ട് അവളിലേക്ക് അമർന്നു...
തണുത്ത് വിറങ്ങലിച്ച ചുണ്ടുകൾക്ക് മേൽ ചിരിയോടെ മധുരം പങ്കിട്ടു....
ഇടുപ്പിൽ അമർന്ന അവന്റെ കൈക്ക് മേൽ അവളുടെ നഖങ്ങൾ ആഴത്തിൽ വേദനയോടെ പതിഞ്ഞു...
എതിർക്കാൻ കഴിയാതെ വെള്ളത്തിൽ താളം തല്ലിയ യാമി യുടെ കാലുകൾക്ക് മേൽ ആദി യുടെ വലം കാൽ തടസമാക്കിയവൻ...
പതിയെ പതിയെ എതിർപ്പ് നിശ്ചലമായി....

കിതപ്പോടെ അവളെ വിട്ട് അവനും തെളിഞ്ഞു നിന്ന ആകാശം നോക്കി കിടന്നു...
കാലം തെറ്റി പറന്നു അകലുന്ന ദേശാടനകിളികൾ
കൂട്ടം കൂടി പോകുന്ന കാഴ്ച രണ്ടാളിലും കൗതുകം ഉണർത്തി...

"ആദി..."
യാമി പതിയെ വിളിച്ചു...

"മ്.."

"ശരിക്കും ഞാൻ നിന്നെ അന്ന്..."
പറഞ്ഞു മുഴുവിപ്പിക്കാൻ അവൾക്ക് എന്തോ ചമ്മൽ തോന്നിയിരുന്നു...

അവന്റെ പൊട്ടിച്ചിരി കേട്ട് ദേഷ്യത്തോടെ അവള് എഴുന്നേറ്റ് അവന്റെ നെഞ്ച് നോക്കി ആഞ്ചിടിച്ചു...

"എന്നെ പറ്റിച്ചത് ആണല്ലേ..
കടം ബാക്കി വച്ച് എനിക്കും ശീലമില്ല.."
അവന്റെ മേലേക്ക് വീണു കൊണ്ട് യാമി യുടെ ചുണ്ടുകൾ വാശിയിൽ ആവേശത്തോടെ അതിന്റെ ഇണയെ സ്വന്തമാക്കി...

നാണത്തോടെ അകന്നു മാറിയ യാമിയെ നെഞ്ചില് നിന്നും അകലാൻ അനുവദിക്കാതെ ആദി വീണ്ടും പറഞ്ഞു..

"അതെ.. സത്യത്തിൽ നീ അന്ന് എന്നെ കിസ്സ് അടച്ചിരുന്നു...കണക്ക് നോക്കുമ്പോൾ ഇപ്പൊൾ ബാലൻസ് അങ്ങോട്ട് വരും.."
മുഖത്തേക്ക് വീണ്ടും അടുപ്പിച്ച അവന്റെ മുഖം പിറകിലേക്ക് തള്ളി മാറ്റി അവൻ എഴുന്നേൽക്കും മുൻപേ അവള് അവിടുന്ന് എഴുന്നേറ്റ് ഓടി അകലുന്ന
കൂട്ടത്തിൽ വിളിച്ചു പറഞ്ഞു...

"എനിക്ക് അറിയാമായിരുന്നു മോനെ.. ഇനി ഇപ്പൊൾ ആ കടം അങ്ങനെ കിടക്കട്ടെ...
സമയം പോലെ വീട്ടാം"

ആദി ഓടി അടുക്കും മുൻപേ യാമി കൂട്ടുകാർക്ക് അടുക്കൽ എത്തിയിരുന്നു....

നഷ്ടപ്പെട്ടു എന്ന് കരുതിയ പ്രണയം രണ്ടാളും പുതിയ വർണങ്ങൾ ചാലിച്ച്  ജീവത്തിലേക്ക്‌ എഴുതി ചേർക്കുക ആയിരുന്നു പിന്നീട് അങ്ങോട്ട് ഉള്ള ഓരോ നാളുകളിലും..
യാമിക്ക് സൗഹൃദത്തിന്റെ മറ പറ്റാത്ത പരിശുദ്ധ പ്രണയം ആദി വീണ്ടും പകർന്നു നൽകി..
രണ്ടാൾക്കും വേണ്ടി ടെക്സാസ് ഒരുപാട് നല്ല നിമിഷങ്ങൾ പകുത്ത് നൽകി കൊണ്ടിരുന്നു...
ആദിയിൽ തുടങ്ങി ആദിയിൽ തന്നെ അവസാനിക്കുന്ന യാമിയുടെ പ്രണയവും സൗഹൃദവും....

രണ്ടു വർഷത്തിനിടയ്ക്ക്‌ പലപ്പോഴായി അവൻ അവളെ കാണാൻ എത്തി... ഒരുപാട് യാത്രകൾ ചെയ്തു.. ഒന്നിച്ച് സ്വപ്നങ്ങൾ നെയ്തു...

തിരികെ ഉള്ള ആദി യുടെ ഓരോ യാത്രകളും എന്നും യാമിക്ക് വേദന തന്നെ ആയിരുന്നു...
എങ്കിലും യാഥാർത്ഥ്യതോട് അവള് പതിയെ പൊരുത്ത പെട്ടു...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫

പഠനത്തിന്റെ അവസാന നാളുകളും മനോഹരമാക്കി തങ്ങളുടെ പ്രണയത്തിൻറെ മൂക സാക്ഷി ആയിരുന്ന ടെക്സാസ് വിട്ട് രണ്ട് വർഷങ്ങൾക്ക് ശേഷം യാമി ഇന്ന് തിരികെ നാട്ടിൽ എത്തുകയാണ്....

എയർപോർട്ടിൽ അവളെ കൂട്ടാൻ യശോദറും വാണി യും നേരത്തെ തന്നെ എത്തിയിരുന്നു...
യശോദറിനു കൂടെ ഒരു ചെറുപ്പക്കാരനും അയാളുടെ അച്ഛനും ഉണ്ട്...
ഒരു മിനി പെണ്ണ് കാണൽ ചടങ്ങിന് ഉള്ള വേദി ഒരുക്കൽ ആയിരുന്നു അയാളുടെ ഉദ്ദേശം...

"പുറത്ത് പോയി പഠിച്ചതിന്റെ യാതൊരു അഹങ്കാരവും എന്റെ മോൾക്ക് ഇല്ല.. നല്ല അടക്കത്തോടെയും ഒതുക്കത്തോടെയും അങ്ങനെ ആണ് ഞാൻ എന്റെ മോളെ വളർത്തിയത്..."
യാമിയെ കുറിച്ച് പറയുന്ന ഓരോ വാക്കിലും യദുവിന് അഭിമാനം ആയിരുന്നു...

കൂടെ ഉള്ളവർ അതൊക്കെ കേട്ട് സന്തോഷത്തോടെ നിൽക്കുമ്പോൾ ഇതൊന്നും കാര്യമാക്കാതെ യാമിക്കായി കാത്തിരിക്കുകയായിരുന്നു വാണി...

വാണിയുടെ തെളിഞ്ഞ മുഖം കണ്ട ഭാഗത്തേക്ക് നോക്കിയ യദുവിൻറെ സന്തോഷം നിറഞ്ഞ  മുഖം പെട്ടെന്നാണ് മങ്ങിയത്...

ഹാൻഡ് ട്രോളിയിൽ ലഗേജ് ഒരു കയ്യിലും മറു കയ്യിൽ ഒരു തക്കുടു വാവയെയും കൊണ്ട് നടന്നു വരുന്ന യാമിയെ കണ്ട യദു വിൻറെ കണ്ണുകൾ വീണ്ടും പിറകിലേക്ക് നീണ്ടു...
ചെന്നെത്തിയത് ചിരിയോടെ അവൾക്ക് പിറകിലായി വരുന്ന ആദിയിലും...

(തുടരും...)
ശ്രുതി❤️
എല്ലാവരും ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കുറിക്കണേ...

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top