"മേഘേ.... ഡി.... "..അമ്പലത്തിൽ നിന്നും ഇറങ്ങി വന്ന മേഘയുടെ അടുത്തേക്ക് കിങ്ങിണി ഓടി ചെന്നു.
"നിനക്ക് എങ്ങനുണ്ട് ഡി ??എപ്പോഴാ ഹോസ്പിറ്റലിൽ നിന്ന് വന്നേ"??... കിങ്ങിണി കിതച്ചു കൊണ്ട് ചോദിച്ചു.
"ഞങ്ങൾ രാവിലെ വന്നെടി....... ഇന്നലെ ഡ്രിപ് ഇട്ട് കുറച്ച് നേരം കിടന്നു.
അത് കഴിഞ്ഞു പോന്നു. അപ്പോഴാ ഓഡിറ്റോറിയത്തിൽ തീ പിടിച്ച കാര്യമൊക്കെ അറിഞ്ഞത്"....
"മ്മ്... നിനക്ക് ഇപ്പോ എങ്ങനെ ഉണ്ട് ??വയ്യായ്ക വല്ലതും ഉണ്ടോ"??
"ഇല്ലടി എനിക്ക് അന്നേരം എന്തോപോലെ തോന്നിയതാ അല്ലാതെ വേറെ ഒന്നുമില്ല. നിനക്ക് എന്തേലും പറ്റിയോ"??
"ഏയ്... ഇല്ല...ഞാൻ ബാത്‌റൂമിൽ കുടുങ്ങി പോയിരുന്നു, കൃത്യ സമയത്തു ഒരു ചേട്ടൻ വന്നു രക്ഷിച്ചു".....
"ഞാൻ അറിഞ്ഞു. നിഹാൽ ഏട്ടൻ അല്ലേ"??
"ആവോ പേര് അറിയില്ല... ഒരു അടിപൊളി ചേട്ടൻ"....കിങ്ങിണി മെല്ലെ ഒരു കണ്ണ് ഇറുക്കി കുസൃതിയോടെ ആരും കേൾക്കാതെ പറഞ്ഞു.
"മ്മ് നിഹാൽ ഏട്ടനാ അമ്മ പറഞ്ഞാരുന്നു. നമ്മൾ ഡാൻസ് ചെയ്യാൻ പോയത് പുള്ളിയുടെ കമ്പനിയുടെ പരുപാടിക്കാ.... സത്യം പറയാല്ലോ... പുള്ളിയെ വായി നോക്കി നിന്നപ്പോഴാ ഞാൻ ബോധം കെട്ടു വീണതാ"....
"ഹഹഹഹ... അതെന്താ ഡി പുള്ളിക്കാരൻ ആനമയക്കി വല്ലോമാണോ"??
"പോടീ കളിയാക്കാതെ"....മേഘ കിങ്ങിണിയുടെ കയ്യിൽ ഒന്ന് പിച്ചി.
"മേഘ മോളെ ഇപ്പോൾ എങ്ങനെ ഉണ്ട്"??...കിങ്ങിണിയുടെ അമ്മ അവരുടെ അടുത്തേക്ക് വന്നു അവളോട് ചോദിച്ചു.
"എനിക്ക് ഇപ്പോ കുഴപ്പം ഒന്നുമില്ല കിങ്ങിണിയുടെ അമ്മേ.... "
"ദീപ ടീച്ചർ വന്നില്ലേ"??
"ഉണ്ട്... വഴിപാട് കഴിപ്പിക്കാൻ പോയതാ.... "
"മ്മ്... എന്നാൽ നിങ്ങള് അങ്ങ് മാറി നിന്നോ... ഞങ്ങൾക്കും ഇന്ന് വഴിപാട് ഉണ്ട്....സമയം എടുക്കും "
"മ്മ്"....അതും പറഞ്ഞു കിങ്ങിണിയുടെ അമ്മയും ചെറിയമ്മയും പോയി. കിങ്ങിണിയും മേഘയും കൂടെ ആൽത്തറയിൽ പോയി ഇരുന്നു.
"ശരിക്കും നിഹാൽ ഏട്ടനെ എനിക്ക് ഒന്ന് കാണാൻ പോലും പറ്റിയില്ല... ഏത് നേരത്ത് ആണോ എനിക്ക് ബോധം കെടാൻ തോന്നിയത്"....മേഘ ഇരുന്നു പരിഭവം പറഞ്ഞു.
"ഓഹ് മേഘ തമ്പുരാട്ടിക്ക് ആനമയക്കിയെ അങ്ങ് ബോധിച്ചു എന്ന് തോന്നുന്നല്ലോ"!!....ചെറിയൊരു കുസൃതിയോടെ കിങ്ങിണി ചോദിച്ചു.
"മ്മ്... ആള് മൊഞ്ചൻ അല്ലേ... നമ്മുടെ ഹിന്ദി നടൻ ഷാഹിദ് കപൂറിനെ പോലെ"....
"ഓഹ് എന്റെ ദൈവമേ അതൊക്കെ ആരാ"??
"സിനിമയും, കുന്തവും ഒന്നും കാണാത്ത നിനക്ക് അതൊന്നും പറഞ്ഞാൽ മനസിലാകില്ല"...
"ഓഹ് പിന്നെ...ലാലേട്ടന്റെയും രാജുവേട്ടന്റെയും സൂര്യയുടെയും വിജയിടെയുമൊക്കെ അത്ര വരുവോ നിന്റെ കപൂർ".......
"ഷാഹിദിനെ കണ്ടാൽ നീ ഇതൊന്നും പറയില്ല പുള്ളിയുടെ വിവാഹ് എന്ന് പറയുന്ന സിനിമാ എന്റെ പൊന്നോ കാണണം. എന്താ റൊമാൻസ്"......
"ഓ പിന്നെ"....
"ആ പറഞ്ഞു വന്ന കാര്യം ഇതല്ല നിഹാൽ ഏട്ടനാ..... നീ നോക്കിക്കോ ഇനി നിഹാൽ വർമയുടെ കരളും കൊണ്ടേ ഈ മേഘ പോകൂ"....
"എന്തിന് വരട്ടി തിന്നാൻ ആണോ"??
"വരട്ടി തിന്നുവോ പുരട്ടി എടുക്കുമോ എന്നൊക്കെ നമുക്ക് കണ്ടറിയാം.... "...
"എന്താടി ഒരു സ്പെല്ലിങ് മിസ്റ്റേക്ക്"??
"ഇത്രയും ഞാൻ പറഞ്ഞിട്ട് ഇപ്പോഴാണോ നിനക്ക് അത് തോന്നിയത്"??
"എന്താടി"??
"എടി ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് ആ ചേട്ടനെ ഒരുപാട് ഇഷ്ടമായി അമ്മ പറയുന്നതും കൂടെ കേട്ടപ്പോൾ അതിലും കൂടുതൽ"..
"അമ്മ എന്ത് പറഞ്ഞു എന്ന്"??...സംശയത്തോടെ കിങ്ങിണി ചോദിച്ചു.
"നിഹാൽ ഏട്ടൻ സുന്ദരൻ ആണെന്ന് ഞാൻ പറയണ്ടല്ലോ നിന്നോട്... പുറത്തൊക്കെ പോയി പഠിച്ച ആളാ... വളരെ മോഡേൺ ആയിട്ടുള്ള ആളാ... ചേട്ടൻ നന്നായി പാടും, ഗിത്താർ, വയലിൻ, ഓർഗൺ ഇതൊക്കെ വായിക്കും,എത്രയോ കുട്ടികളെ ആണെന്ന് അറിയുവോ അവരുടെ കമ്പനി പഠിപ്പിക്കുന്നത്. നല്ലൊരു അടിപൊളി വീട്, ഒരുപാട് സ്വത്തുക്കൾ, നല്ല വീട്ടുകാരും. ഇതിൽ കൂടുതൽ എന്ത് വേണം !!പിന്നെ പ്രായം അത് ഇപ്പോ ആര് നോക്കാനാ"??...മേഘ പറഞ്ഞു നിർത്തി. കിങ്ങിണിയുടെ മുഖത്ത് എന്തോ ഒരു അസ്വസ്ഥത നിറഞ്ഞു.
"എടി നിനക്ക് എന്താ അയാളോട് പ്രേമം ആണോ"??...
"പിന്നെ അല്ലാതെ... "...അതും കൂടെ കേട്ടപ്പോൾ കിങ്ങിണി കാറ്റ് പോയ ബലൂൺ പോലെ ആയി.
"നിനക്ക് അയാളെ ഇഷ്ടാ സമ്മതിച്ചു പക്ഷെ, അയാൾക്ക് നിന്നെ ഇഷ്ടായിരിക്കുവോ ???നിന്നെ പുള്ളി കണ്ടിട്ട് പോലും കാണില്ല"...
"നീ നോക്കിക്കോ പ്ലസ് 2,കഴിഞ്ഞു ഞാൻ കൊച്ചിക്ക് പോകും... ചേട്ടനെ ഞാൻ വീഴ്ത്തും. അച്ഛന് അങ്ങോട്ട് ട്രാൻസ്ഫർ ഉണ്ടാകും ഉടനെ"...
"അതിന് ആ ചേട്ടൻ തിരുവന്തപുരത്തു അല്ലേ"??
"അല്ലടി... അവർ ഇന്ന് വീട് മാറി പോകും. അമ്മ പറഞ്ഞാരുന്നു. കൊച്ചിയിൽ ആണ് അവരുടെ ബിസ്സിനെസ്സ് കൂടുതലും അതുകൊണ്ട് അങ്ങോട്ട് മാറുവാ"....
"മ്മ്... നിന്റെ അമ്മക്ക് എങ്ങനാ അവരെ പരിചയം"??
"എന്തോ അകന്ന ബന്ധവ"...
"മ്മ്...ചിലപ്പോൾ അങ്ങേരു വകയിൽ നിന്റെ മാമൻ വല്ലോം ആയിരിക്കും"....
"ഒന്ന് പോ കുരുപ്പേ ഞാൻ തുടങ്ങിയിട്ടേ ഉള്ളു...അന്നേരവ... ''
"മ്മ് നടക്കട്ടെ. നിനക്ക് കാണാൻ കൊള്ളാവുന്ന ഏത് ചെക്കനെ കണ്ടാലും ഉള്ളതല്ലേ ഇത്"....
"ഞാൻ നിന്നെ പോലെ സത്യ സാവിത്രി ഒന്നുമല്ല മോളെ"
"അഹ്".....
"ഡി ഫാത്തിമ ഇത്തയുടെ കല്യാണത്തിന് പോകണ്ടേ"??
"പോകണം... ഇക്കാക്ക വരാം എന്ന് പറഞ്ഞിരുന്നു കല്യാണത്തിന് രണ്ടാഴ്ച മുൻപ്".....
"മ്മ് എന്നേ അമ്മ വിടില്ല... അമ്മവീട്ടിൽ ഉത്സവം നടക്കുന്നത് കൊണ്ട്"....
"മ്മ്.....നമ്മുടെ ഫൈനൽ എക്സാം കഴിഞ്ഞിട്ട് അല്ലേ കല്യാണം.
അതുകൊണ്ട് സമാധാനം"...
"മ്മ്"....
"കിങ്ങിണി മോളെ വാ ഇങ്ങോട്ട്"...ചെറിയമ്മ വിളിച്ചപ്പോൾ അവർ രണ്ടാളും അമ്പലത്തിലേക്ക് നടന്നു. കളഭം ചാർത്തി നിൽക്കുന്ന ഉണ്ണി കണ്ണനെ നോക്കി കിങ്ങിണി പറഞ്ഞു.
"ദേ.... ആ ചേട്ടനെ അവൾക്കു ഇഷ്ടായി... ഇനി മേലിൽ ആ പുള്ളിയെ എന്റെ ഓർമയിൽ പോലും കൊണ്ട് വന്നു പോകരുത്. കേട്ടല്ലോ.പഠിക്കുന്ന പിള്ളേരെ വഴി തെറ്റിക്കാൻ ഓരോ വേണ്ടാത്ത ചിന്തകൾ മനസ്സിൽ കുത്തി കയറ്റിക്കോളും"....കണ്ണനോട് പരിഭവത്തോടെ അതും പറഞ്ഞു അവൾ നടന്നു അകലുമ്പോൾ കുസൃതി ചിരിയോടെ കണ്ണൻ അവളെ നോക്കി നിന്നു.
ജീവൻ രക്ഷിച്ച ആളോട് ഉള്ള ആരാധനയോ,ഒരൊറ്റ കാഴ്ച്ചയിൽ അടർന്നു വീണത് പ്രണയമോ അറിയില്ല കിങ്ങിണിക്ക്... ചിന്തകളും വിചാരങ്ങളും പൂക്കുന്ന മധുര പതിനേഴു കാലം. മനസ്സിൽ വിരിയുന്ന ഒരായിരം സ്വപ്നങ്ങളെ സ്വന്തമാക്കാൻ തോന്നുന്ന കാലം.സ്വപ്നങ്ങൾക്ക് നിറം കൂടുന്ന കാലം.എന്തിനെയും സ്വന്തമാക്കാൻ മോഹിക്കുന്ന കാലം. ഒരു പരിധി വരെ എല്ലാ പെൺകുട്ടികൾക്കും തോന്നുന്ന ഒരു വികാരം. ചിലപ്പോൾ വെറും ആകർഷണം ആവാം അതിനെ ഒട്ടു മിക്ക പെൺകുട്ടികളും പ്രണയമായി കരുതും. അത് അങ്ങനൊരു കാലം തന്നെയാണ്.
അമ്പലത്തിൽ നിന്ന് തിരികെ എത്തിയ കിങ്ങിണി മുറിയിൽ പോയി ആ കോട്ട് എടുത്തു. അലമാരയിൽ ആരും പെട്ടന്ന് കാണാത്ത ഒരു സ്ഥലത്ത് എടുത്തു വെച്ചു.
"കിങ്ങിണി നിനക്ക് ഒന്നുമില്ല. ഏതോ ഒരു ചേട്ടൻ നിന്നെ സഹായിച്ചു അതിൽ കൂടുതൽ ഒരു കുന്തവും നിനക്ക് ഇല്ല കേട്ടല്ലോ... ഇനി ആ ചേട്ടനെ കുറിച്ച് അറിയാതെ പോലും ഓർക്കരുത്. ഇത് പഠിക്കേണ്ട സമയവ പോയി ഇരുന്നു പടിക്കെടി ഉണ്ടക്കണ്ണി.... അവള് കണ്ട ചെക്കന്മാരെ കുറിച്ച് ആലോചിച്ചു നടക്കുന്നു".... കണ്ണാടിക്ക് മുൻപിൽ നിന്ന് തന്നോട് തന്നെ ഇത് പറയുമ്പോൾ അവൾ പഴയ കിങ്ങിണി കുട്ടി ആയി മാറുക ആരുന്നു.
കിങ്ങിണി പുസ്തകം എടുത്തു വെച്ചു പഠിക്കാൻ തുടങ്ങി. അത് ഏകദേശം 12മണി വരെ നീളും. കാരണം ആൾക്ക് ഉടനെ എക്സാം തുടങ്ങും അതുകൊണ്ടാ... ഇതൊക്കെ ആണെങ്കിലും നമ്മുടെ കിങ്ങിണി രാവിലെ എഴുന്നേൽക്കില്ല. നല്ല മടിച്ചി ആണ് ആ ഒരു കാര്യത്തിൽ. കിങ്ങിണി കുട്ടി പഠിക്കട്ടെ നമുക്ക് ഒന്ന് അപ്പുറം വരെ പോയിട്ട് വരാം.
"ചന്ദ്ര..... നാളെ നമുക്ക് തൃപ്പൻകോട്ട് വരെ ഒന്ന് പോകണം"....
"എന്താ ഏട്ടാ വിശേഷിച്ചു"??
"നീ രാവിലെ പറഞ്ഞത് പോലെ കിങ്ങിണിയുടെ ജാതകം ഒന്ന് കൊണ്ട് പോയി നോക്കണം... പ്രായം ആവുകയല്ലേ... .. എന്തേലും ദോഷമോ മറ്റോ ഉണ്ടെങ്കിൽ അതിന് പരിഹാരം ചെയ്യണം"....
"ശരി ഏട്ടാ നമുക്ക് രാവിലെ തന്നെ പോകാം".
"മ്മ് എങ്കിൽ നീ പോയി കിടന്നോ"....ചന്ദ്രൻ ഉറങ്ങാൻ വേണ്ടി മുറിയിലേക്ക് പോയി.
കൃഷ്ണ പ്രസാദ് ഉമ്മറത്തെ ചാരു കസേരയിൽ പോയി ഇരുന്നു. തലയ്ക്കു കയ്യും കൊടുത്തു അദ്ദേഹം മെല്ലെ കണ്ണുകൾ അടച്ചു ചാഞ്ഞു ഇരുന്നു.
"കിങ്ങിണിയുടെ അച്ഛാ".....ലളിതയുടെ വിളി കേട്ടു അദ്ദേഹം കണ്ണ് തുറന്നു.
"എന്താ ലളിതേ.... ??"
"സമയം ഒരുപാട് ആയി കിടക്കുന്നില്ലേ"??
"കുറച്ച് കഴിയട്ടെ..മോള് കിടന്നോ"??
"ഇല്ല..
പഠിക്കുവാ"...
'മ്മ്...എന്തോ മനസ്സിന് ആകെ ഒരു സ്വസ്ഥത കുറവ്... അരുതാത്ത എന്തോ നടക്കാൻ പോകുന്ന പോലെയൊക്കെ ഒരു ചിന്ത.... "
"ഏയ്... ഒന്നുമില്ല... തോന്നൽ ആവും. മോളെ കുറിച്ച് ഉള്ള ആദിയും പിന്നെ ഇന്നലത്തെ അപകടവും അതൊക്കെ ആവും"...
"ഹ്മ്മ് ആയിരിക്കും....നീ പോയി കിടന്നോ ഞാൻ കുറച്ച് കഴിഞ്ഞു കിടന്നോളാം"...
"മ്മ്"....കിങ്ങിണിയുടെ അമ്മ അകത്തേക്ക് പോയി.
കുറച്ച് കഴിഞ്ഞു കൃഷ്ണ പ്രസാദ് കിങ്ങിണിയുടെ മുറിയിലേക്ക് പോയി.
"അച്ഛന്റെ കുട്ടി പഠിച്ചു കഴിഞ്ഞോ"??
കിങ്ങിണിയുടെ മുറിയിലേക്ക് വന്ന അച്ഛൻ ചോദിച്ചു.
"കഴിഞ്ഞു അച്ഛാ ഞാൻ ഉറങ്ങാൻ പോകുവാരുന്നു"...
"മ്മ്"...അച്ഛൻ കട്ടിലിൽ വന്നു ഇരുന്നു അവളുടെ നെറ്റിയിൽ തലോടി.
"മോൾക്ക് ഉറക്കം വരുന്നുണ്ടോ"??
"ഇല്ല അച്ഛാ... "
"മോള് കിടന്നോ അച്ഛൻ മോൾക്ക് കഥ പറഞ്ഞു തരാം"...
"മ്മ്"...അവളെ കട്ടിലിൽ കിടത്തി അച്ഛൻ അവൾക്കു കഥ പറഞ്ഞു കൊടുത്തു. ഇടയ്ക്ക് എപ്പോഴോ അവൾ ഉറങ്ങി. കിങ്ങിണിയെ നല്ല പോലെ പുതപ്പിച്ചിട്ട് അച്ഛൻ അവളുടെ നെറുകയിൽ ഉമ്മ വെച്ചു.
"ഈശ്വര എന്റെ കണ്ണ് അടയും വരെ എന്റെ മോളുടെ കണ്ണീർ കാണുന്ന രീതിയിൽ ഒന്നും അവളുടെ ജീവിതത്തിൽ സംഭവിക്കരുതേ".....കണ്ണുകൾ തുടച്ചു അദ്ദേഹം എഴുന്നേറ്റു.
******************
"ലാലേ.... നീ എന്നാ ഫൈസലിന്റെ വീട്ടിൽ പോകുന്നെ"??... ഭക്ഷണം കഴിച്ചു കൊണ്ട് ഇരിക്കുന്നതിന് ഇടയിൽ വിദ്യ ചോദിച്ചു.
"രണ്ടാഴ്ച കഴിഞ്ഞ ഏട്ടത്തി"...
"കല്യാണം അടുത്ത മാസം അല്ലേ പിന്നെ എന്തിനാ ഇത്രയും നേരത്തെ പോകുന്നെ"??... അച്ഛൻ ചോദിച്ചു.
"ന്യൂസിലാൻഡിൽ നിന്ന് വന്നിട്ട് അവന്റെ അടുത്ത് മാത്രേ ഞാൻ പോകാതെ ഉള്ളു.ഒരു വിധം ഫ്രെണ്ട്സിനെ എല്ലാം എങ്ങനെ എങ്കിലും എവിടെയെങ്കിലും വെച്ചൊക്കെ കാണും. അവനെ മാത്രം കണ്ടിട്ട് 2കൊല്ലം കഴിഞ്ഞു ഇപ്പോൾ. ഞാൻ അങ്ങോട്ട് ഒന്ന് ചെല്ലുന്നില്ല എന്ന് പറഞ്ഞ് അവനു എപ്പോഴും പരാതിയ!!.... ഒന്നിച്ചു ഒരു റൂമിൽ കഴിഞ്ഞതിന്റെ സ്നേഹം പോലും എനിക്ക് ഇല്ലാന്ന് അവൻ പറയാറുണ്ട്. അവന്റെ പരാതി ഒന്ന് തീർക്കാൻ വേണ്ടിയാ നേരത്തെ പോകാം എന്ന് വെച്ചത്"....
"മ്മ്... ഇങ്ങനെ കൂട്ടുകാരുടെയും അവരുടെ പെങ്ങന്മാരുടെയും കല്യാണം കൂടി നടന്നോ സ്വന്തം കല്യാണക്കാര്യം മാത്രം അവനോടു പറയാൻ പറ്റില്ല"...... അമ്മ പരിഭവം പറഞ്ഞു.
"എന്തിനാ അമ്മേ വെറുതെ ഒരു പെണ്ണിന്റെ കണ്ണീർ കാണുന്നത് ??ഞാൻ ഇങ്ങനെയൊക്കെ ജീവിച്ച് പൊക്കോട്ടെ"....
"അല്ലേലും കല്യാണക്കാര്യം പറയുമ്പോൾ എപ്പോഴും അവനു ഉള്ളതാ ഈ ഒഴിഞ്ഞു മാറ്റം. ".... നരേൻ പറഞ്ഞു.
"ഹ ഇത് വല്യ ശല്യം ആയല്ലോ".... ദേഷ്യം വന്നപ്പോൾ കഴിച്ചത് പാതിക്ക് നിർത്തി അവൻ എഴുന്നേറ്റു മുറിയിലേക്ക് പോയി.
"ഹോ ഇവനെ കൊണ്ട് തോറ്റു പോകും. മനസ്സിൽ ആരേലും ഉണ്ടോ എന്ന് ചോദിച്ചാൽ ഒന്നുമില്ല എന്ന് പറയും. എന്നാൽ കെട്ടാൻ പറഞ്ഞാൽ ദാ ഇതാ അവസ്ഥ".....
"ഹ പോട്ടെ.... നിങ്ങൾ ഇനി ഇക്കാര്യം അവനോടു പറയണ്ട".... അമ്മ പറഞ്ഞു.
ആരും പിന്നെ ഒന്നും പറഞ്ഞില്ല. എല്ലാവരോടും കലി തുള്ളി നിഹാൽ പോയത് മുറിയിലേക്ക് ആയിരുന്നു. അവൻ മുറിയിൽ നിന്ന് പുറത്തേക്കു ഉള്ള ബാൽക്കണിയുടെ വാതിൽ തുറന്നു. അവിടെ ഇട്ടിരുന്ന കസേരയിൽ പോയി ഇരുന്നു. തണുത്ത കാറ്റ് അവനെ തഴുകി പൊക്കോണ്ടിരുന്നു. ആ കാറ്റിൽ നിറയെ കുട മുല്ല പൂക്കളുടെ ഗന്ധം നിറഞ്ഞു നിന്നു. ബാൽക്കണിയുടെ ഇരു വശത്തുമായി അവൻ മുല്ല ചെടി വളർത്തിയിരുന്നു. അവ പടർന്നു പന്തലിച്ചു കിടന്നു.
"മോനെ"..... അച്ഛന്റെ വിളി കേട്ടു അവൻ മുറിയിലേക്ക് കയറി.
"എന്താ അച്ഛാ"??
"നീ എന്താ ഒറ്റക്ക് അവിടെ പോയി ഇരുന്നേ "??
"ഒന്നുമില്ല ഞാൻ വെറുതെ".... അവൻ മുഴുവൻ ആക്കിയില്ല.
"നിന്നോട് ഞാൻ ഒരു കാര്യം സീരിയസ് ആയി ചോദിച്ചോട്ടെ"??
"എന്താ അച്ഛാ"??
"നീ ഇപ്പോഴും ആ പെണ്ണിന് വേണ്ടി കാത്തിരിക്കുക ആണോ ??കാവേരിക്ക് വേണ്ടി"??
അവൻ ഒന്നും മിണ്ടിയില്ല.
"കോളേജ് കാലത്തെ ഒരു അട്ട്രാക്ഷൻ അത്രേ ഉള്ളു എന്നല്ലേ നീ അന്ന് എന്നോട് പറഞ്ഞത്"!!
"മ്മ്"....
"ആ കുട്ടി ഇപ്പോ നാടും വീടും എല്ലാം വിട്ട് എവിടെ ആണെന്ന് പോലും അറിയില്ലല്ലോ.... പിന്നെ എന്തിനാ ഇങ്ങനെ ആ കുട്ടിക്ക് വേണ്ടി കാത്തിരിക്കുന്നത്"??
"അച്ഛാ.... ഞാൻ".....
"എനിക്കറിയാം നിന്റെ അവസ്ഥ. ആ കുട്ടിയെ നീ ഇത്രയും നാൾ അന്വേഷിച്ചു നടന്നില്ലേ ??,എന്നിട്ട് കണ്ടു പിടിച്ചോ??... ഇല്ല. എനിക്ക് നീ പറയുന്നത് മനസ്സിലാകും. കാരണം അച്ഛന് നിന്റെ പ്രശ്നം നന്നായി അറിയാം.....പക്ഷെ ഏട്ടന്മാർക്കും അമ്മയ്ക്കും അറിയില്ലല്ലോ. പിന്നെ, മക്കള് പ്രായം ആയിട്ടും ഒരു ജീവിതം ആകാതെ നിൽക്കുന്നത് എല്ലാ മാതാപിതാക്കൾക്കും സങ്കടം ഉണ്ടാക്കുന്ന കാര്യം തന്നെയാ. അതേ അമ്മയും പറഞ്ഞുള്ളു.നീ ഒന്നും മനസ്സിൽ വെക്കേണ്ട"....
"മ്മ്".. . അത്രയും പറഞ്ഞു അച്ഛൻ എഴുന്നേറ്റു. അപ്പോഴാണ് കട്ടിലിൽ കിടന്ന മാല കണ്ടത്. അദ്ദേഹം അത് കൈ കൊണ്ട് എടുത്തപ്പോൾ നിഹാൽ ഒന്ന് പരുങ്ങി.
"ഇത് ആരുടെയാ"??
"അത്... അത് അവളുടെയാ".... ചഞ്ചലയുടെ മാല കാവേരിയുടെ ആണെന്ന് നിഹാൽ കള്ളം പറഞ്ഞു.
"മ്മ്"... അച്ഛൻ ആ മാല അവന്റെ കയ്യിലേക്ക് കൊടുത്തിട്ടു പുറത്തേക്കു പോകാൻ തുടങ്ങിയതും നിഹാൽ അച്ഛനെ വിളിച്ചു.
"അച്ഛാ".....
"എന്താടാ"??
"എനിക്ക് സമ്മതവ കല്യാണത്തിന്. ആരെ ആണെന്ന് വെച്ചാൽ നിങ്ങൾ എല്ലാവരും കൂടെ തീരുമാനിച്ചോ...ഞാൻ ആയിട്ട് ഇനിയും ആരെയും വേദനിപ്പിക്കില്ല. പക്ഷെ ഒരു കണ്ടിഷൻ".....
"എന്താ"??
"പെണ്ണ് കാണാനും കണ്ടു നടക്കാനും നിശ്ചയത്തിനും ഒന്നും എനിക്ക് വയ്യ. ഡയറക്റ്റ് കല്യാണം അത് മതി".....
"ഇത് എവിടുത്തെ ഏർപ്പാട് ആണെടാ ??പെണ്ണ് കാണുക പോലും ചെയ്യാതെ"....
"പണ്ട് കാർന്നോന്മാർ ഇങ്ങനെയൊക്കെ അല്ലേ ചെയ്തു കൊണ്ടിരുന്നത്. എനിക്ക് അങ്ങനെ മതി. അല്ലെങ്കിൽ വേണ്ടാ".... അച്ഛൻ ഒന്നും പറയാതെ മുറിയിൽ നിന്നും പോയി.
അച്ഛൻ എല്ലാവരോടും കാര്യം പറഞ്ഞപ്പോൾ എല്ലാവരും മൂക്കത്തു വിരൽ വെച്ചു പോയി.
"ഇവന് ശരിക്കും വട്ടാണോ ??അതോ അവൻ പൊട്ടൻ ആണോ ??പെണ്ണ് കാണുക പോലും ചെയ്യാതെ എങ്ങനെയാ കല്യാണം നടത്തുന്നത്"??... നരേൻ ചോദിച്ചു.
"ഏട്ടൻ പറഞ്ഞതാ ശരി ലാലിന് തലയ്ക്കു എന്തോ കുഴപ്പം ഉണ്ട്".... നികേഷും പറഞ്ഞു.
"ഇനി എല്ലാവരും കൂടെ പറഞ്ഞു പറഞ്ഞു വട്ടൻ ആക്കണ്ട. അവൻ കല്യാണത്തിന് സമ്മതിച്ചത് തന്നെ വല്യ കാര്യം".... രേവതി പറഞ്ഞു.
"അതേ അവൾ പറഞ്ഞതിലും കാര്യം ഉണ്ട്. ഉടനെ തന്നെ നമുക്ക് രണ്ടാൾക്കും കൂടെ പോയി അവന്റെ ജാതകം ഒന്ന് നോക്കിച്ചു വരാം".... അമ്മ അച്ഛനോട് ആയി പറഞ്ഞു.
"മ്മ്.... എന്നിട്ട് ബാക്കി നോക്കാം. ".... അച്ഛനും പറഞ്ഞു.
*******************
തൃപ്പൻകോട്ട് തിരുമേനിയുടെ മന ......
"ഇതാര് കൃഷ്ണ പ്രസാദോ"??.... തിരുമേനി ചോദിച്ചു.
"ഹ.... തിരുമേനി"...
"കിങ്ങിണി കുട്ടി എവിടെ"??
"വീട്ടിൽ ഉണ്ട്... എക്സാം തുടങ്ങുന്നത് കൊണ്ട്.... കുറച്ച് തിരക്കിലാ ആള്"...
"മ്മ്.... ചന്ദ്ര പ്രസാദിന്റെ വിവാഹത്തിന്റെ അന്ന് കണ്ടതാ അവളെ"....
"മ്മ്.... തിരുമേനി ഞങ്ങൾ വന്നത്.... "
"മനസ്സിലായി... അവൾക്കു വേണ്ടി തന്നെ"....
"അതേ തിരുമേനി.... എന്താണെന്നു അറിയില്ല മനസ്സിന് വല്ലാത്ത അസ്വസ്ഥത"....
"മ്മ് അത് തന്റെ മുഖത്ത് നിന്ന് തന്നെ അറിയാൻ പറ്റുന്നു"....
"തിരുമേനി കിങ്ങിണി മോളുടെ ജാതകം ഒന്ന് നോക്കണം. കഴിഞ്ഞ ദിവസം ഒരു അപകടത്തിൽ നിന്ന് തലനാരിഴക്ക് ആണ് രക്ഷപ്പെട്ടത് "....
"മ്മ്... ജാതകം എവിടെ"??... കൃഷ്ണ പ്രസാദ് ജാതകം അദേഹത്തിന്റെ കയ്യിലേക്ക് കൊടുത്തു.
അദ്ദേഹം പ്രാർഥിച്ചു കവടി നിരത്തി.
"കിങ്ങിണിയുടെ ജീവന് ഇപ്പോൾ ആപത്തു ഒന്നും ഇല്ല. പക്ഷെ,..... "
"എന്താ തിരുമേനി"??
"പക്ഷെ, അപകടം ഉണ്ടാകാൻ സാധ്യത ഉണ്ട്. ചിലപ്പോൾ മരണം പോലും സംഭവിക്കാം".... തിരുമേനി പറയുന്നത് കേട്ടു അദ്ദേഹം ഞെട്ടി വിയർത്തു.
"പേടിക്കണ്ട.... നിലവിൽ അവൾക്കു നല്ല സമയം ആണ് പക്ഷെ,.... "
"എന്താ തിരുമേനി"??
"ഉടനെ കുട്ടിയുടെ വിവാഹം നടത്തണം. 19കഴിഞ്ഞാൽ നടത്താൻ പാടില്ല. നടന്നാൽ അത് മരണത്തിനു തുല്യം ആയുള്ള വിവാഹം ആയിരിക്കും. കുട്ടിയുടെ ജീവന് വരെ ആപത്തു ഉണ്ടാകും. അത് മാത്രമല്ല അവളുടെ ജാതകവുമായി നല്ല ചേർച്ച ഉള്ള ഒരു ജാതകവും ആയിരിക്കണം. നിർഭാഗ്യവശാൽ ഇതുപോലെ ഉള്ള ജാതകത്തിനു പറ്റിയ ഒരു എതിർ ജാതകം കണ്ടെത്തുക ദുഷ്കരം ആണ്"....തിരുമേനി പറയുന്നതൊക്കെ കേട്ടു കൃഷ്ണ പ്രസാദിന്റെ നെഞ്ചിൽ തീ ആളി കത്തി തുടങ്ങി.
"തിരുമേനി ഇത്രയും പെട്ടെന്ന് എങ്ങനെയാ ??അവൾ അവൾ ചെറിയ കുട്ടി അല്ലേ"??
"ആണ്..... പക്ഷേ ഇത് അല്ലാതെ മറ്റൊരു മാർഗവും ഇല്ല. ഇനി കൃഷ്ണ പ്രസാദിന് ഇത് വിശ്വാസം ഇല്ലങ്കിൽ മറ്റ് എവിടെ വേണമെങ്കിലും കൊണ്ട് പോയി ജാതകം നോക്കിക്കാം ."....
"ഏയ് അങ്ങനെ അല്ല തിരുമേനി ഇത്ര പെട്ടെന്ന് കിങ്ങിണി അവൾക്കു ഒരു ഭാര്യ ആകുവാനും ഒരു മരുമകൾ ആകുവാനും ഒന്നുമുള്ള പക്വത ആയിട്ടില്ല...... പിന്നെ എങ്ങനെയാ അവളെ ഞാൻ.... !!മാത്രവുമല്ല എന്റെ കുട്ടിക്ക് ഡിഗ്രി ചെയ്യണം എന്നൊക്കെ ആഗ്രഹവും ഉണ്ട്.....അവളുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളും തകർത്തു ഞാൻ എങ്ങനെയാ ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത്"??....
"താൻ പറയുന്നതൊക്കെ എനിക്ക് മനസിലാകും. അവൾ കൊച്ചു കുട്ടി തന്നെയാണ് ഒന്നും അവൾക്കു അറിയില്ല എല്ലാം ഞാൻ സമ്മതിച്ചു. പക്ഷെ, സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ സ്ത്രീകളെക്കാൾ കഴിവ് ഉള്ള മറ്റാരും ഈ ഭൂമിയിൽ ഇല്ല. തന്റെ ജീവിത സാഹചര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറാം എന്ന് പുരുഷന്മാരെക്കാൾ ഉത്തമ ബോധ്യം ഉള്ളവർ ആണ് സ്ത്രീകൾ. അത് ദൈവം അവർക്ക് മാത്രമായി കൊടുത്ത കഴിവ് ആണ്. അവൾ ജനിച്ചപ്പോൾ അവൾക്കു എല്ലാത്തിനും നിങ്ങൾ വേണമായിരുന്നു. നടക്കാൻ പഠിപ്പിച്ചു നിങ്ങൾ അവളെ, അവൾ സ്വയം നടന്നു തുടങ്ങിയപ്പോൾ നിങ്ങളുടെ കൈ പിടിച്ചില്ല, ബാല്യം കഴിഞ്ഞു കൗമാരത്തിൽ അവൾ എത്തിയപ്പോൾ അവൾ ഒരു സ്ത്രീയും അമ്മയും ആകുവാൻ ഉള്ള തയ്യാർ എടുപ്പുകൾ നടത്തി ഇപ്പോഴും അത് തുടരുന്നു.അവൾ അതിനോടും പൊരുത്തപ്പെട്ടു. ഇനി അവൾ വിവാഹിത ആവും, അതിനോടും പൊരുത്തപ്പെടാൻ അവൾക്കു കഴിയും."....
"ഞാൻ ഇപ്പോ എന്താ ചെയ്യുക തിരുമേനി ??മറ്റൊരു പരിഹാരവും ഇല്ലേ"??
"ഒന്നുകിൽ ഞാൻ പറഞ്ഞത് പോലെ ചെയ്യുക. അല്ലങ്കിൽ, ഒരു ഭാഗ്യ പരീക്ഷണത്തിന് വിട്ട് കൊടുക്കുക".....തിരുമേനിയുടെ വാക്കുകൾ കൊള്ളിയാൻ പോലെ കൃഷ്ണ പ്രസാദിന്റെ നെഞ്ചിൽ തറച്ചു.
"ഇല്ല തിരുമേനി എന്റെ മോളുടെ ജീവൻ വെച്ചു ഞാൻ ഒരു ഭാഗ്യ പരീക്ഷണം നടത്തില്ല. ലോകത്ത് ഒരു അച്ഛനും അതിന് നിൽക്കില്ല. ഇതിനു വിവാഹം ആണ് പരിഹാരം എങ്കിൽ അതിന് ഞാൻ തയ്യാർ ആണ്"....
"നല്ലത്.... ഇനി എത്രയും വേഗം കിങ്ങിണിക്ക് ചേർന്ന ഒരു ജാതകം കണ്ടു പിടിക്കണം.അത് അത്ര എളുപ്പം അല്ല അതുകൊണ്ട് വീടിനു അടുത്തുള്ള ഭഗവതി ക്ഷേത്രത്തിൽ ഒരു നെയ്‌വിളക്ക് വഴിപാട് ആയി കിങ്ങിണിയുടെ പേരിൽ നടത്തണം. ബാക്കി പൂജകൾ ഞാൻ ഇവിടെ ഇരുന്നു ചെയ്തോളാം. എന്തായാലും ദേവി ഒരു വഴി കാട്ടി തരും. പിന്നെ കിങ്ങിണി ഇപ്പോൾ ഒന്നും അറിയണ്ട എല്ലാം തീരുമാനം ആയതിനു ശേഷം കുട്ടി അറിഞ്ഞാൽ മതി"....
"ശരി തിരുമേനി എങ്കിൽ ഞാൻ ഇറങ്ങട്ടെ".....
"ആവട്ടെ..... എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ അറിയിക്കാം".....
"ശരി"....കൃഷ്ണ പ്രസാദ് തിരുമേനിയോട് യാത്ര പറഞ്ഞു ചന്ദ്ര പ്രസാദിന് ഒപ്പം വെള്ളാരം കുന്നിലേക്ക് യാത്ര തിരിച്ചു. അദേഹത്തിന്റെ നെഞ്ചിൽ മകളുടെ ജീവിതത്തെ കുറിച്ച് ഉള്ള ആദി ഉണ്ടായിരുന്നു.മനയുടെ പുറത്ത് നിൽക്കുക ആയിരുന്ന വിവരങ്ങൾ ചന്ദ്ര പ്രസാദിനോട് കാറിൽ ഇരുന്നു തന്നെ അദ്ദേഹം കാര്യങ്ങൾ പറഞ്ഞു ധരിപ്പിച്ചു.
എന്താ ചെയ്യേണ്ടത് എന്ന് അദ്ദേഹത്തിനും ഒരു രൂപവും ഉണ്ടായിരുന്നില്ല.
"ഏട്ടാ".....
"മ്മ്"......
"വിവാഹം നടത്താം നമുക്ക് അവളുടെ ജീവൻ വെച്ച് ഒരു പരീക്ഷണം നമുക്ക് വേണ്ടാ".....ചന്ദ്ര പ്രസാദിന്റെ വാക്കുകൾ ഇടി വെട്ടിയ പോലെ മറ്റൊരാളുടെ മനസ്സിനെ ആണ് ഉലച്ചു കളഞ്ഞത്.
തുടരും
(ഈ കട്ട സപ്പോർട്ടിന് ഒരുപാട് നന്ദി. എന്താണ് എല്ലാവർക്കും ശരിക്കും പറ്റിയത് ??twist എന്ന് കേൾക്കുമ്പോൾ ഇത്ര പേടി എല്ലാവർക്കും. അതുകൊണ്ട് ചോദിച്ചതാട്ടോ. പിന്നെ ഡെയിലി 2part വെച്ചു ഇടണം എന്ന് ചില കമ്മന്റുകൾ കണ്ടു. 2എണ്ണം എഴുതി തീർക്കുന്നത് പ്രയാസം ആണ്. കാരണം, ഒരു web സീരിസിൽ ഇപ്പോൾ script എഴുതുന്നുണ്ട്, മ്യൂസിക്കൽ ആൽബത്തിന് lyrics എഴുതുന്നുണ്ട്, shor ഫിലിം..... etc. ലോക്ക് ആണെങ്കിലും എനിക്ക് ഇഷ്ടംപോലെ ജോലികൾ കിട്ടിയിട്ടുണ്ട്. അതിന്റെ ഇടയിൽ ആണ് ഈ കഥ. ദിവസവും മുടങ്ങാതെ പോസ്റ്റ് ചെയ്തോളാം. പ്രിയപ്പെട്ട വായനക്കാർ സഹകരിക്കണം. കഥ ഇഷ്ടപ്പെടുന്നു എങ്കിൽ നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ആയും ഇഷ്ടം ലൈക്കിലൂടെയും അറിയിക്കുക...)
രചന :-അനു അനാമിക
തുടരും
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
