യാമി, Part 35

Valappottukal

യാമി💝3️⃣5️⃣
ഭാഗം💝35

ചെറുപ്പത്തിൽ പാടത്ത് കളിക്കാൻ പോയി ചേറിൽ കുളിച്ചുവന്ന ആ പഴയ പതിനഞ്ചു വയസ്സുകാരിയുടെ മനസ്സായിരുന്നു വാര്യത്തെ പടി കടന്നു ഉള്ളിലേക്ക് കയറിയ യാമിക്ക് അപ്പൊൾ...

അന്ന് കിട്ടിയ എണ്ണമറ്റ തല്ലിന്റെ നോവും ഭയപ്പെടുത്തുന്ന യദുവിന്റേ മുഖവും വീണ്ടും ഓർമകളിൽ തെളിഞ്ഞു വന്നു..

ആദിക്കും നവീനും പിറകിലായി മറഞ്ഞു നടന്നു കൊണ്ടാണ് അവൾ ഉള്ളിലേക്ക് കടന്നത്...

മുറ്റത്ത് എല്ലാവരും കൂടിയിട്ടുണ്ട്..
എല്ലാവരുടെയും മുഖത്തെ തെളിച്ചമില്ലായ്മ കണ്ടു നവീനും ആദിയും പരസ്പരം നോക്കി...
അകത്തു നിന്നും പുറത്തേക്ക് കടന്നു വന്ന യശോദർ നവീന് പിന്നിലായി ഒളിച്ചു നിന്ന യാമിയെ പിടിച്ചു മുൻപിലേക്ക് നിർത്തി ആഞ്ഞ് അവളുടെ കവിളിൽ അടിച്ചു..

തടയാൻ മുന്നോട്ടാഞ്ഞ ആദിയുടെ കൈകളിൽ നവീൻ പിടിച്ചു കൊണ്ട് അരുതെന്ന് വിലക്കി...

ആദിയുടെ മുഖത്തേക്ക് ചുവന്ന കണ്ണുകളോടെ നോക്കി വീണ്ടും യാമിയുടെ മുടിയിൽ കുത്തിപ്പിടിച്ച് യശോദർ പറഞ്ഞു..

"അമ്മ പറയും പോലെ നിന്നെ തല്ലി വളർത്താത്തത് തെറ്റായിപ്പോയെന്ന് ഓരോ തവണയും നീ തെളിയിക്കുകയാണ്...
അതെ.. അത് എൻറെ തെറ്റാണ്..
ഇത്രനാളും എൻറെ കണ്മുൻപിൽ നീയും ഇവനും കൂടി നടത്തിയ നാടകങ്ങൾ ഒന്നും മറന്നിട്ടല്ല ഒക്കെ ക്ഷമിച്ച് ഇവനെ വെറുതെ വിട്ടത്..
ഇനിയും അത്പോലെ ഡാഡിയെ തോൽപ്പിക്കാൻ പൊന്നുമോൾക്ക് ഉദ്ദേശം എന്തെങ്കിലുമുണ്ടെങ്കിൽ ഒന്നോർത്തോ..
നിന്നെ തല്ലിക്കൊല്ലുമെന്നൊന്നും ഇനി ഞാൻ ഒരിക്കലും പറയില്ല.. പകരം ഞാനും വാണിയും പിന്നെ ഈ ഭൂമിയിൽ ഉണ്ടാകില്ല.. ഞങ്ങളുടെ ശവത്തിൽ ചവിട്ടി നിനക്ക് ഇവൻറെ കൂടെ ജീവിക്കണമെങ്കിൽ ജീവിക്ക്...
എന്തായാലും തോറ്റു ജീവിക്കാൻ യശോദർ ഒരിക്കലും ഉണ്ടാകില്ല...
അതും ഇവന് മുന്നിൽ.."
ആദിയെ ചൂണ്ടി അയാൾ ദേഷ്യത്തിൽ പറഞ്ഞു നിർത്തി..

പേടി നിറഞ്ഞ മുഖത്തോടെ യാമി ആദിയെ നോക്കി..
വായിച്ചറിയാൻ ആകാത്ത ഭാവമായിരുന്നു ആ മുഖത്ത് അപ്പോൾ അവൾ കണ്ടത്..
അതുവരെ യശോദറിനേ നോക്കിനിന്ന ആദി തികട്ടി വന്ന ദേഷ്യം പല്ലുകളുറുമി നിയന്ത്രിച്ചുകൊണ്ട് അയാളിൽനിന്നും മുഖം വെട്ടിച്ചു...

"യദു!!!"
ജാനകിയുടെ വിളി വന്നതും അയാൾ അവരെ നോക്കി..

"അവളെ വിട് "
അരികിലെത്തി യാമിയുടെ മുടിയിൽ മുറുകിയിരുന്ന യദുവിന്റെ പിടി ദേഷ്യത്തിൽ വിടുവിച്ച് ജാനകി പറഞ്ഞു..

"കതിരിൽ വളം വച്ചിട്ട് കാര്യമില്ല.. ചെയ്യാനുള്ളതൊക്കെ ആദ്യം തന്നെ ചെയ്യണമായിരുന്നു...
വിവാഹത്തിന് ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമേ ഉള്ളൂ...
ചുറ്റും ആൾക്കാരുണ്ട് പറയാനുള്ളതൊക്കെ അകത്തു കയറിയിട്ട്‌ മതി.."

"ആഹ് പിന്നെ.. അവളുടെ ദേഹത്തിനി തൊട്ടുപോകരുത്..."
ജാനകിയുടെ വാക്കുകൾ കേട്ട് യശോദർ യാമിയുടെ കൈപിടിച്ച് വലിച്ച് കൊണ്ട് നവീനെ രൂക്ഷമായി ഒന്നു നോക്കുക കൂടി ചെയ്ത ശേഷം അകത്തേക്ക് നടന്നു

അവർ പോയി കഴിഞ്ഞതും ജാനകി നവീന് നേരെ തിരിഞ്ഞു...

"മുത്തശ്ശി..അത്.."
പറയാൻ തുടങ്ങിയ നവീനെ തടഞ്ഞു കൊണ്ട് ജാനകി അവനു നേരെ വിരൽ ചൂണ്ടി ദേഷ്യത്തിൽ ചോദിച്ചു..

"രാത്രിയിൽ ഒരു പെൺകുട്ടിയുമായി ഇങ്ങനെ ഇറങ്ങി നടക്കുന്നത് ശരിയാണോ നവി..
നിനക്കൊന്ന് ചിന്തിച്ചു കൂടെ..തെറ്റ് തന്നെയാണ്..
യദു അവളെ തല്ലിയതിന് എങ്ങനെ കുറ്റം പറയാൻ കഴിയും..
അവള് നിൻറെ ഭാര്യ ആയിട്ടില്ല ഇത് വരെ.. അത് ഓർമ വേണം.."
അവൻ മറുത്തൊന്നും പറയാതെ ആദിയെ നോക്കിയ ശേഷം ഉള്ളിലേക്ക് നടന്നു

ആദിയെ കണ്ട ഭാവം നടിക്കാതെ തിരിഞ്ഞു നടന്ന ജാനകിയെ അവൻ വിളിച്ചു..
"മുത്തശ്ശി.."

ചോദ്യ ഭാവത്തിൽ അവരവനെ ഒന്ന് നോക്കി...
ചിരിയോടെയാണ് ആദി അവർക്കരികിൽ എത്തിയത്..

"അവള് പെൺകുട്ടി ആയത് കൊണ്ടാണോ മുത്തശ്ശി ഇത്രയും പ്രശ്നം.. അതോ രാത്രി ആയതു കൊണ്ടോ?"

"രണ്ടും"
ജാനകിയുടെ മറുപടി പെട്ടെന്നായിരുന്നു

"പുറത്ത് ജനിച്ചുവളർന്ന കുട്ടിയല്ലേ യാമി?"
ആദി തിരക്കി

"അതുപോലെയല്ല ഇവിടം"
വാക്കുകളിലെ ഗൗരവം ഒട്ടും വിടാതെ അവർ പറഞ്ഞു...

"ഞാനൊരു കാര്യം ചോദിക്കട്ടെ മുത്തശ്ശി..
മുത്തശ്ശിയിൽ യാമിയെ ഒന്ന് കണ്ടു നോക്കിക്കെ.. എന്നിട്ട് നെഞ്ചിൽ കൈവെച്ചു പറ നിങ്ങൾ തമ്മിൽ ഒരു സാമ്യവും ഇല്ലെന്ന്.."
ജാനകി ആദിയെ നോക്കി നിന്നതും അവൻ തുടർന്നു..

"ഇന്ന് വൈകുന്നേരം മുത്തശ്ശൻ എന്നോട് ഒരു കാര്യം പറഞ്ഞു.. ചെറുപ്പത്തിൽ യാമി തന്നെയായിരുന്നു ജാനകി എന്ന്..
അവളിലെ തന്റെടവും, എതിർത്ത് സംസാരിക്കുന്ന സ്വഭാവവും, ആരെയും കൂസാതെയുള്ള നടപ്പും, എന്നാൽ സ്നേഹിക്കുന്നവർക്ക് വേണ്ടി എന്തിനും തയ്യാറാകുന്ന ഒരു മനസ്സും ഒക്കെ യാമിയ്ക്ക് കിട്ടിയത് ഈ മുത്തശ്ശിയിൽ നിന്നാണെന്ന്..
അതുകൊണ്ടു തന്നെ അല്ലേ കൊച്ചുമക്കളുടെ കൂട്ടത്തിൽ മുത്തശ്ശിക്ക് ഏറെ ഇഷ്ടം യാമിയെ ആയതും.. അവളുടെ അടുത്ത് ഇൗ കാണിക്കുന്ന ദേഷ്യം ഒക്കെ വെറും കപടം ആണെന്ന് ഞാൻ പറഞ്ഞാൽ?
അവളെന്നും ഈ കൺമുന്നിൽ ഇനി വേണമെന്ന് ഉള്ളത് കൊണ്ട് അല്ലേ ഈ വിവാഹം പോലും നടത്താൻ മുത്തശ്ശി വാശി പിടിച്ചത്..."

ജാനകിയുടെ കണ്ണുകൾ നിറഞ്ഞു വന്നു...
ആദി അവർക്ക് അരികിലെത്തി കൈ രണ്ടും കൂട്ടി പിടിച്ചു..
"അവള് ചെയ്തതിൽ എന്താണ് മുത്തശ്ശി തെറ്റ്...
മുത്തശ്ശിയും ഒരിക്കൽ ആഗ്രഹിച്ചിട്ട്‌ ഉണ്ടാകില്ലേ ഇതുപോലെയുള്ള ചെറിയ ചെറിയ സന്തോഷങ്ങൾ ഒക്കെ..
അന്ന് അതിനൊരു മറുപടി ഉണ്ടായിരുന്നു കാലവും സാഹചര്യവും..
മുത്തശ്ശി പറഞ്ഞത് ശരിയാണ്.. യാമി ഒരിക്കലും ഇങ്ങനെ വളരേണ്ട വളല്ല...
സ്നേഹം പ്രകടിപ്പിക്കാതെ ആണ് മുത്തശ്ശിയുടെ മകൻ അവളെ വളർത്തിയത്...മകൾക്ക് വേണ്ടി നൽകാൻ സമയം ഉണ്ടായിരുന്നില്ല അവളുടെ അച്ഛനും അമ്മയ്ക്കും അവളുടെ നല്ല നാളുകളിൽ ഒന്നും...
എന്നിട്ടും ഇന്നും അവരെക്കാൾ വലുതായും,അവരുടെ വാക്കിന് അപ്പുറവും ഈ ഭൂമിയിൽ ഒന്നും തന്നെ അവൾക്ക് ഇല്ല...

സ്നേഹം കിട്ടാതെ വളർന്ന കാരണം തന്നെ കൊണ്ട് ആകും ഒരിറ്റ് സ്നേഹം അത് കാപട്യം ആണെങ്കിൽ പോലും ആരു കാണിച്ചാലും അവള് വിശ്വസിക്കുന്നത്.. അതാണ് മുത്തശ്ശിയുടെ മകൻ ഇന്നും അവളെ വച്ച് മുതലെടുക്കുന്നതും...

അവളുടെ ജീവിതത്തിൽ ഇന്നേ വരെ അവൾക്ക് ലഭിച്ചിട്ടില്ലാത്ത ഏറ്റവും സുന്ദരമായ നിമിഷങ്ങളിലൂടെയാണ് യാമി ഇന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്നത്..
യാമിയിൽ മുത്തശ്ശിയെ തന്നെ കണ്ടുകൊണ്ട് പറ അവളുടെ സന്തോഷം ഇല്ലാതാക്കണോ നമുക്ക്..
മുത്തശ്ശി പറഞ്ഞത് പോലെ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമേയുളളൂ അവളുടെ വിവാഹത്തിന്...
ഒപ്പം യാത്രയ്ക്കും...

വീണ്ടും അവളെ കാത്തിരിക്കുന്ന നിങ്ങളാരും അറിഞ്ഞിട്ട് ഇല്ലാത്ത ഏകാന്തതയ്ക്കും.."

"പോകും വരെയെങ്കിലും അവൾ സന്തോഷത്തോടെ ഇരിക്കട്ടെ മുത്തശ്ശി..."
ആദി അവർക്ക് മുൻപിൽ കൈകൾ കൂപ്പി നിന്നു..ഒപ്പം കണ്ണുകളും നിറഞ്ഞു....

ജാനകിയുടെ മുഖം ശാന്തമായിരുന്നു..
എന്തൊക്കെയോ ഓർമ്മകളിൽ ആയിരുന്നു അവരുടെ മനസ്സും..
"അവൾ ഒറ്റയ്ക്കല്ല.. എന്നും നവീൻ ഒപ്പം ഞാനും ഉണ്ടാകും.."
ആദി ഒന്ന് നിർത്തിയിട്ട് ബാക്കി മുഴുവിപ്പിച്ചു..

"നല്ലൊരു സുഹൃത്തായിട്ട്...
രാത്രിയെ ഭയക്കേണ്ട ഒരിക്കലും.. പെണ്ണായതിൽ ഒട്ടും.. അവൾ കാണുന്ന കൊച്ചു കൊച്ചു സന്തോഷങ്ങളിലെ തെറ്റ് കണ്ടില്ലെന്ന് ഒന്നു കണ്ണടച്ചു കൊടുത്തേക്ക് മുത്തശ്ശി.."
പറഞ്ഞു കഴിഞ്ഞ ശേഷം ആദി അകത്തേക്ക് നടന്നു..

ജാനകി കണ്ണുകൾ അമർത്തി തുടച്ചു..
മുറ്റത്ത് കെട്ടി നിർത്തിയിരുന്ന തുളസിത്തറയ്ക്ക് മുൻപിലായി വന്നുനിന്നു..
പതിയെ എന്തോ ഉൾപ്രേരണയിൽ മുഖമുയർത്തി മുകളിലേക്ക് നോക്കി..
തുറന്നുകിടന്ന മുകൾഭാഗത്തെ മുറിയുടെ ജനൽ കമ്പിയിൽ പിടിച്ചുനിൽക്കുന്ന യാമിയിൽ അത് എത്തിച്ചേർന്നു..

ഭൂതകാല സ്മരണയിൽ ആദി പറഞ്ഞതുപോലെ ഒരു പട്ടു പാവാടകാരി അവരുടെ മനസ്സിലേക്ക് ഓടിയെത്തി..
സ്വപ്നങ്ങൾക്ക് ചുറ്റും തീർത്ത വേലിക്കെട്ടുകൾ തകർത്തു ഉയർന്ന് പറക്കാൻ ആഗ്രഹിച്ച ഒരു പെൺകുട്ടി..
ആഗ്രഹങ്ങളുടെയും സന്തോഷങ്ങളുടെയും മേൽ ആചാരങ്ങളുടെ കൂരമ്പ് തറച്ചു കയറിയ ഒരുപറ്റം മനുഷ്യർക്കിടയിൽ ജീവിച്ച ജാനകി എന്ന പെൺകുട്ടി...
ഒരു നെടുവീർപ്പോടെ യാമിയിൽ നിന്ന് മുഖം തിരിച്ചവർ വീടിനുള്ളിലേക്ക് കടന്നു...

💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫

തലേന്നത്തെ കലാപരിപാടിയുടെ ക്ഷീണം കാരണം യാമി അന്ന് പതിവിലും താമസിച്ചാണ് എഴുന്നേറ്റത്..
സമയം ഒരു ഞെട്ടലോടെയാണ് നോക്കിയത്..
മണി പതിനൊന്ന്...

ഇതുവരെ മുത്തശ്ശിയെ കണ്ടില്ലല്ലോ എന്ന ചിന്തയിൽ ഇരുന്നപ്പോഴാണ് താഴെ നിന്നും ഒച്ച കേൾക്കുന്നത്..

ആദിയുടെത് ആണ്..

ഇവനിത് രാവിലെ എന്തിൻറെ കേടാണ് എന്ന് ചിന്തിച്ചു കൊണ്ട് വേഗത്തിൽ ഫ്രഷായി താഴേക്ക് ഇറങ്ങി...

വരാന്തയിൽ നിന്നുള്ള ഒച്ച അങ്ങ് കവല വരെ കേൾക്കാൻ പാകത്തിന് ഉണ്ട് എന്നോർത്തവൾ  വാതിൽ ചാരി അവരെ നോക്കി നിന്നു...

"അയ്യോ... കൊച്ചു തമ്പുരാട്ടി ഉണർന്നോ?
കുറച്ചു കൂടി കഴിഞ്ഞിരുന്നെങ്കിൽ ഉച്ചയ്ക്ക് ഉള്ളതും കൂടി കഴിച്ചിട്ട് വീണ്ടും കിടക്കായിരുന്നല്ലോ...
ഇത് ഇച്ചിരി നേരത്തെ ആണോ നവീനേ?"
കാലു നീട്ടി വച്ച് മുറുക്കിയിരിക്കുന്ന മുത്തശ്ശിക്ക് അപ്പുറവും ഇപ്പുറവും ഇരുന്നാണ് ആദിയും നവീനും അവളെ കളിയാക്കുന്നത്..
പക്ഷേ മുത്തശ്ശി ചിരിയോടെ അവർക്കൊപ്പം കൂടിയതാണ് അവളെ ഞെട്ടിച്ചത്..

അവൾ ഒഴികെ ബാക്കി കൊച്ചുമക്കളും അവരുടെ മക്കളും സഹിതം എല്ലാവരും അവർക്കു ചുറ്റും സ്ഥാനം പിടിച്ചിട്ടുണ്ട്...

ആദിയുടെ കളിയാക്കൽ ഇഷ്ടപ്പെടാത്ത രീതിയിൽ കൂർപ്പിച്ച് നോക്കുമ്പോഴാണ് യാമിയെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു സംഭവം കാണുന്നത്..

കുളത്തിൽ വളരെയധികം ആത്മാർത്ഥതയോടെ ദിവസങ്ങൾക്ക് മുൻപ് നിക്ഷേപിച്ച മുറുക്കാൻ പെട്ടി..
അവളുടെ കണ്ണുകൾ ആലോചനയോടെ അതിൽ തന്നെ
തറച്ചു നിന്നു...
ശേഷം സംശയത്തിൽ ആദിയിലേക്ക് നീണ്ടു..
കാര്യം മനസ്സിലായതും കണ്ണുകളടച്ച് തലയൊന്ന് അനക്കി  ആളു അപ്പോഴേ കുറ്റം ഏറ്റു ചിരിച്ചു..
എന്നിട്ടും സംശയം തീരാതെ അവളുടെ നോട്ടം വീണ്ടും നവീനിലെത്തി...

വളിച്ച ചിരിയോടെ മറ്റൊരു ഏറ്റുപറച്ചിലും കൂടി കണ്ടതും താഴെ അവള് എന്തിനോ വേണ്ടി പരതി...
കാര്യം മനസ്സിലായതും പിള്ളേരെ വകഞ്ഞുമാറ്റി നവീൻ ഇറങ്ങി പുറത്തേക്കോടി..

കയ്യിൽ ഒന്നും തടയാതെ നിന്ന ദേഷ്യത്തിന് ഇടയ്ക്കാണ് ജാനകിയുടെ വിളി യാമിയെ തേടി എത്തിയത്..
മനസില്ലാ മനസോടെ അവൾ അവർക്കരികിൽ എത്തി..

ജാനകി അവളെ അരികിലായി ചേർത്തിരുത്തി യദു തല്ലിയ കവിൾ പിടിച്ചു നോക്കി ചോദിച്ചു...

"വേദനിച്ചോ നിനക്ക്?"

"ഹാ... മുത്തശ്ശി അന്ന് തന്നപ്പോൾ ഉള്ള വേദന പോലെ തന്നെ..."
ജാനകി ഒന്ന് ചിരിച്ചു.. കൂടെ ആദിയും..

യാമിയുടെ നോട്ടം എത്തിയതും ആദി ഡീസെൻറ് ആയി..

"അതിനാണോ നീ ഇത് കുളത്തിൽ ഇട്ടത്?"

"ഞാനോ? മുത്തശ്ശി കണ്ടോ ഞാൻ അത് ചെയ്യുന്നത്.."
യാമി തിരക്കി..

വീണ്ടും വീണ്ടുമുള്ള ജാനകിയുടെ ചിരി കാൺകെ യാമിക്ക് സംശയമായി..
ചിരിച്ച് കഴുത്തറുക്കാൻ ആണോ ദൈവമേ ഇനിയിത്?

"ആ അതൊക്കെ പോട്ടെ മോൾക്ക് മുത്തശ്ശിയോട് ദേഷ്യമാണോ?"
അവരുടെ മാറ്റം മനസ്സിലാകാതെ ആമി ഒന്ന് പകച്ചു

"മുത്തശ്ശി കുറച്ച് കർക്കശക്കാരി ആയിപ്പോയി...
അത് വളർന്നതും ജീവിച്ചതുമായ സാഹചര്യങ്ങൾ കൊണ്ടാണ്.. ശരിയെന്ന് തോന്നുന്നത് മുഖം നോക്കാതെ ഞാൻ ചെയ്യും...
ഞാനത് കണ്ടു പിടിച്ചത് നിൻറെ വലിയ മുത്തശ്ശിയിൽ നിന്നാണ്.. എന്നുവെച്ചാൽ നിൻറെ മുത്തച്ഛൻറെ അമ്മ...
തെറ്റ് കണ്ടാൽ മുത്തശ്ശി എതിർക്കും അത് മക്കൾ ആയാലും മരുമക്കൾ ആയാലും എന്തിന് കൊച്ചുമക്കൾ ആയാലും ശരി..."

"നിൻറെ അച്ഛൻ യദുവിനോട്‌ മുത്തശ്ശിക്ക് കുറച്ച് ഇഷ്ടം കൂടുതൽ ആണ്.. അതവൻ ഏറ്റവും ചെറിയ ആളായത് കൊണ്ടാകും..
അതുപോലെയാണ് മുത്തശ്ശിക്ക് നീയും നവി മോനും...
മറ്റുള്ളവരോട് സ്നേഹം ഇല്ലന്നല്ല അതിനർത്ഥം...
എൻറെ യദുവിൻറെ മോളാണ് നീ.."
ജാനകി യാമിയുടെ മുടിയിൽ സ്നേഹപൂർവം തലോടി...

"കുഞ്ഞിലേ തൊട്ട് നിന്നെ ചേർത്തു പിടിക്കാൻ ഈ മുത്തശ്ശി ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്.. നിൻറെ അമ്മയാണ് നിന്നെ ഞങ്ങളിൽ നിന്നും അകറ്റിയത്...
തിരികെ വന്നപ്പോൾ നിനക്ക് എന്നോടുള്ള സമീപനം നിൻറെ അമ്മയുടെത് പോലെയായി...
അതും ഒരുപാട് മുത്തശ്ശിയെ വേദനിപ്പിച്ചു...
ആദി മോൻ ഇന്നലെ പറഞ്ഞതുപോലെ യാമിയിൽ ഞാൻ എന്നെ തന്നെയാണ് കാണുന്നത്...
എൻറെ ചെറുപ്പം.. മോള് മുത്തശ്ശിയോട് ക്ഷമിക്കില്ലേ?"

നിറഞ്ഞ കണ്ണുകളോടെ യാമി ജാനകിയുടെ നെഞ്ചിലേക് ചാഞ്ഞു...
അവരും കരയുകയായിരുന്നു..

"മാപ്പ് മുത്തശ്ശി... ഞാൻ അറിയാതെ..."
ജാനകി അവളുടെ നെറുകയിൽ തലോടിയിരുന്നു...
മുത്തശ്ശിയുടെ നെഞ്ചിൽ ചാഞ്ഞു കിടന്നു തന്നെ യാമി ആദിയെ ഒന്ന് നോക്കി..
കണ്ണുകളടച്ചു കാട്ടി ആദി ചിരിക്കുമ്പോൾ അവനോടുള്ള സ്നേഹം അവളുടെ ഹൃദയം തുളച്ച് പുറത്ത് കടക്കാൻ വെമ്പിയിരുന്നു...

"വാണി മമ്മ പാവമാണ് മുത്തശ്ശി..
ഒരിക്കൽ പോലും മുത്തശ്ശിയുടെ കുറ്റം പറഞ്ഞ് തന്ന് എന്നെ പഠിപ്പിച്ചിട്ടില്ല.. അതൊക്കെ മുത്തശ്ശിയുടെ തെറ്റിദ്ധാരണ ആകും.."
തെല്ലൊരു നേരത്തെ നിശബ്ദതയ്ക്കു ശേഷം യാമി ജാനകിയോട് പറഞ്ഞു..

"ആകും എനിക്കും തെറ്റുകൾ ഒരുപാട് പറ്റിയിട്ടുണ്ട്...
നിന്നെയും നിൻറെ അമ്മയെയും മനസ്സിലാക്കുന്നതിൽ..
കണ്ണടയും മുൻപേ ഒക്കെ തിരുത്തണം..."

"ആരു കണ്ണടയ്ക്കുന്ന കാര്യമാണ്...
മുത്തശ്ശി ജീവിച്ചു തുടങ്ങിയതല്ലേ ഉള്ളൂ.. ഇനിയൊരു പത്ത് അമ്പത് വർഷം കൂടി ജീവിച്ചിട്ടെ പോകുള്ളു.."
എവിടെ നിന്നോ വന്ന നവീൻ പറഞ്ഞുകൊണ്ട് ഉമ്മറത്തേക്ക് കയറിയിരുന്നു..

"അത് തന്നെ "
ആദിയും ഏറ്റുപിടിച്ചു..

"അൻപത് ഒന്നും വേണ്ട..
നിങ്ങളുടെ കല്യാണം കഴിഞ്ഞ്... രണ്ടാളുടെയും കുഞ്ഞിനെ കൂടി കണ്ടിട്ട്.. കുറച്ച് നാൾ അവനെ ഈ കയ്യിലിട്ട് താരാട്ട് പാടിയുറക്കാൻ ദൈവം അനുവദിച്ചാൽ മാത്രം മതി... അതുകഴിഞ്ഞ് എവിടേക്ക് വേണമെങ്കിലും പോകാൻ ഞാൻ റെഡിയാണ്..."
ജാനകി ചിരിയോടെ പറഞ്ഞു...

സന്തോഷത്തിൽ ഇരുന്ന ആദിയുടെ മുഖം അതുകേട്ടതും മങ്ങി...
യാമി നവീനെ ഒന്ന് നോക്കി...
അവൻ തിരികെ ചിരിയോടെ കണ്ണുകൾ ചിമ്മി ചിരിച്ചു കാട്ടിയ ശേഷം മുത്തശ്ശിയായി പറഞ്ഞു..

"അതിനെന്താ എൻറെയും യാമിയുടെയും എല്ലാം കൂടെ ചേർത്ത് ഒരു പത്ത് പന്ത്രണ്ട് പിള്ളേരെ താരാട്ടു പാടി ഉറക്കാൻ ഉള്ള സൗകര്യം എത്രയും വേഗം ചെയ്തു തരുന്നതായിരിക്കും അല്ലേ ആദി..."

നവീൻ അർത്ഥം വച്ച് പറഞ്ഞതും ആദിയുടെ നോട്ടം അവനിൽ നിന്നും യാമിയിൽ എത്തിയതും ചിരിയോടെ മുത്തശ്ശിയുടെ കവിളിൽ ഒരു ഉമ്മയും കൊടുത്തു കൊണ്ട് അവൾ അകത്തേക്ക് ഓടി...

(തുടരും)
ശ്രുതി❤️
എല്ലാവരും ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കുറിക്കണേ.

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top