യാമി, Part 30

Valappottukal
യാമി 💝3️⃣0️⃣
ഭാഗം💝30

"പഴയ തറവാടാണ്.. ചവിട്ടിപൊളിച്ച് കളയരുത്.."
വാതിലിൽ നിന്നും ഒച്ച കേട്ട് യാമി തിരിഞ്ഞു നോക്കി യതും..
ചിരിയോടെ നിൽക്കുന്ന നവീനെയാണ് കണ്ടത്..

തിരികെ മറുപടി പറയാതെ അവൻറെ മുഖത്തിനു നേരെ വാതിൽ ദേഷ്യത്തിൽ വലിച്ചടച്ചവൾ കുറ്റിയിട്ടു....

💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫

ഉച്ചയൂണിന്റെ സമയത്താണ് ജാനകി വീണ്ടും യാമിയേ കാണുന്നത്...
ഊണ് മേശയിൽ എല്ലാവരും ഒത്തു കൂടിയിട്ടുണ്ട്...

മുത്തശ്ശിയും ബാക്കി ആണുങ്ങളും...
അങ്ങനെയാണ് സാധാരണ ആദ്യ പന്തി ഭക്ഷണം കഴിക്കുന്നത്...
മുത്തശ്ശി കഴിഞ്ഞുള്ള തറവാട്ടിലെ സ്ത്രീകളൊക്കെ പുറകെയും...

ഒരു ത്രീഫോർത്ത് ബോട്ടവും ലൂസ് ടീ ഷർട്ടും ആയിരുന്നു യാമിയുടെ വേഷം.. പടികൾ ഇറങ്ങി വരുന്ന അവളെ ദേഷ്യത്തിൽ നോക്കിയാണ് ജാനകി ഭക്ഷണം കഴിക്കാൻ ഇരുന്നത്...

അവരെ മൈൻഡ് ചെയ്യാതെ പാത്രവുമായി യദുവിനരികിൽ അവളും ഇരുന്നു...
കസേരമേൽ കാൽ കയറ്റിവെച്ച് ചമ്രം പിണഞ്ഞിരിക്കുന്ന യാമിയെ ജാനകി അടിമുടി ഒന്ന് നോക്കി...

നവീൻ ഒഴികെ ബാക്കി ഉള്ളവരുടെ ഒക്കെ മുഖത്ത് ഇപ്പോൾ എന്തു നടക്കും എന്ന പരിഭ്രമം ആയിരുന്നു...
എല്ലാവരുടെയും മുഖഭാവം ശ്രദ്ധിച്ചതും ചിരിച്ചിരുന്ന നവിനെ നോക്കി യാമി പുരികം പൊക്കി കാര്യം തിരക്കി..
ഒന്നുമില്ലെന്ന് തിരികെ കണ്ണുകളടച്ചവൻ ധൈര്യത്തിൽ പറഞ്ഞതോടെ ഭക്ഷണം വിളമ്പിയവൾ കഴിച്ച് തുടങ്ങി...

"അവൾക്ക് ഇതൊന്നും അറിയില്ലല്ലോ അമ്മേ... ശീലമായിക്കൊള്ളും..."
യദു യാമിയെ ന്യായീകരിക്കാൻ ജാനകിയോട് ഒന്ന് ശ്രമിച്ചു..

"എന്ത് ശീലമാകും എന്ന്... ചൊല്ലിയും തല്ലിയും തന്നെ വളർത്തണം മക്കളെ... ഇവിടെ ജീവിക്കുമ്പോൾ ഇവിടുത്തെ ചിട്ട വട്ടങ്ങൾ അനുസരിച്ച് ജീവിക്കുക തന്നെ വേണം"
കഴിക്കാൻ എടുത്തു വെച്ച ഭക്ഷണം തൊട്ടു നോക്കാതെ ജാനകി എഴുന്നേറ്റ് പോയി...

"എന്ത് നോക്കി ഇരിക്കുകയാണ് എല്ലാവരും..
വേണ്ടുന്നവർ വിശക്കുമ്പോൾ വന്നു കഴിച്ചോളും..
നിങ്ങള് കഴിക്കാൻ നോക്ക്"
മുത്തശ്ശന്റെ പറച്ചിൽ കേട്ടതും ഇതൊന്നും കാര്യമാക്കാതെ ജോലിയിൽ ശ്രദ്ധ ചെലുത്തിയിരിക്കുന്ന യാമിയെ ഒന്ന് നോക്കിയശേഷം ബാക്കിയുള്ളവരും കഴിക്കാൻ തുടങ്ങി...

💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫

"മുത്തശ്ശി ഒരു പ്രത്യേക ടൈപ്പ് ആണ്..
ഇവിടെ എല്ലാവർക്കും ആളെ നല്ല പേടിയുമാണ്...
നിത്യ (നവീന്റെ ചേച്ചി) പറയുന്നത് ശ്രദ്ധിച്ച് ഇരിക്കുകയായിരുന്നു യാമി...

"പ്രായമായതിൻറെ കുറച്ച് വാശിയും..
കുടുംബപരമായി കിട്ടിയ സ്വല്പം അഹങ്കാരവും.. തന്റേടവും.. അത്രയേ ഉള്ളൂ.."
നിത്യ കളിയായി പറഞ്ഞു...

"എന്തിനാ കൂടുതൽ ഇതുതന്നെ മതിയല്ലോ..
എന്നെ കാണുന്നത് തന്നെ ദേഷ്യം ആണ് ചേച്ചി.."
യാമി പറഞ്ഞു

"യാമിയെ തന്നല്ല എൻറെ രണ്ടു വയസ്സ് ഇല്ലാത്ത പൊടിയോട് പോലും അങ്ങനെ തന്നെ..."
നിത്യ ഇതൊന്നും വലിയ കാര്യമല്ലാത്ത രീതിയിൽ ചിരിച്ചു..

"ഇതിനെ ഒതുക്കാൻ വഴി ഒന്നും ഇല്ലേ?"
യാമി തിരക്കി....

"എന്താ മോളെ ഉദ്ദേശം?
ആളു നീ വിചാരിക്കുന്നതിലും ജഗജില്ലി ആണ്..
കാലങ്ങളായി ഉള്ള കുറച്ച് ചിട്ടവട്ടങ്ങൾ ഒക്കെയുണ്ട് മുത്തശ്ശിയുടെ ദിനചര്യയിൽ..
ഉണരുമ്പോൾ മുതൽ ഉറങ്ങുന്നതുവരെ..
അതിനിടയിൽ ആവശ്യമില്ലാതെ നമ്മൾ കൈകടത്താൻ പോകാതിരുന്നാൽ മതി..
പുള്ളി വേറെ വഴി പൊക്കോളും..
നീ ഇപ്പോൾ കാണിച്ചു വെച്ച ചെറിയ കുരുത്തക്കേടിന്റെ ദേഷ്യം മുത്തശ്ശിയുടെ മനസ്സിലുണ്ട്.. ഒപ്പം ഇന്നലെ എന്തോ തർക്കുത്തരവും പറഞ്ഞെന്ന് കേട്ടല്ലോ?"
നിത്യ യാമിയുടെ താടി പിടിച്ച് ഉയർത്തി തിരക്കി...

കണ്ണിറുക്കി ഒരു ചിരിയോടെ യാമി ഒച്ച താഴ്ത്തി വീണ്ടും തിരക്കി..
"എന്താ ചേച്ചി മുത്തശ്ശിയുടെ ഇൗ രാവിലെ ടു രാത്രി വരെയുള്ള ദിനചര്യകൾ..."

നിത്യ സംശയത്തിൽ അവളെ ഒന്ന് നോക്കിയശേഷം ചോദിച്ചു..
"എന്തു കുരുത്തക്കേടിന് ആണ്..."

"ഏയ് അങ്ങനെയല്ല അറിഞ്ഞു വെച്ചാൽ ആ ഏരിയ വിട്ടുനിൽക്കാമല്ലോ... അത്രേയുള്ളൂ.."

"നീ ഇപ്പോൾ ഇങ്ങനെ ചോദിച്ചാൽ?
അതൊക്കെ അവസരം പോലെ പറയാനൊക്കൂ.."

"എന്നുവച്ചാൽ?"

"ഞാൻ പറഞ്ഞാൽ മതിയോ?"
വാതിലിനടുത്ത് അവർ സംസാരിക്കുന്നത് ശ്രദ്ധിച്ചു നിന്ന നവീൻ തിരക്കി

യാമി കുഴപ്പമാകുമോ എന്ന രീതിയിൽ നിത്യയെ ഒന്ന് നോക്കി...

"താൻ പേടിക്കണ്ട ഞാൻ പറഞ്ഞുതരാം.."
അവളുടെ നോട്ടം കണ്ടതും നവീൻ പറഞ്ഞു

"മുത്തശ്ശിക്ക് കാലത്ത് ഉണരുമ്പോൾ വലിയ ഒരു ഗ്ലാസ് നല്ല ചൂട് പാൽ വേണം... രാത്രി ഉറങ്ങുമ്പോഴും...
അവിടുന്ന് തുടങ്ങും ദിനചര്യ..."

"അതെന്തിന്?"

"രാവിലത്തെ പാൽ അന്നത്തെ ദിവസം മുഴുവൻ ഒരു ഉന്മേഷത്തിന്.. രാത്രി സുഖ നിദ്രക്കും.."

"അയ്യോ നിങ്ങൾ സംസാരിച്ചിരിക്ക് ഞാൻ പോകട്ടെ... അല്ലേ പിന്നെ.. ഇത് കണ്ടാൽ മതി ഇനി അടുത്ത പ്രശ്നം ഉണ്ടാക്കാൻ"
നിത്യ പുറത്തേക്കിറങ്ങി...

"മുത്തശ്ശനെക്കാൾ പുള്ളിക്കാരിക്ക് ഇഷ്ടമുള്ള ഒരു ഐറ്റം ഉണ്ട് ഈ വീട്ടിൽ അറിയുമോ?"
നവീൻ യാമിയോട് ചോദിച്ചു..

"അതിലെന്ത് ഇത്ര സംശയം? ഡാഡി ആകും.."
കൈമാറിൽ പിണച്ചു കെട്ടി നിന്നവൾ തിരക്കി..

നവീൻ ഉച്ചത്തിൽ ചിരിച്ച ശേഷം പറഞ്ഞു..
"അല്ല.. കയ്യിൽ എപ്പോഴും കാണാറുള്ള ആ മുറുക്കാൻ ചെല്ലം..ദിവസവും ഒരൻപത് തവണ എങ്കിലും കുറഞ്ഞത് മുറുക്കും.."

"അൻപത് തവണയോ?"
യാമി അത്ഭുതപ്പെട്ടു..

"അത് ഞാൻ ഇച്ചിരി കയറ്റി പറഞ്ഞതാണ്..
എന്നാലും ഏകദേശം അത്രയും.."

"മുറുക്കിയില്ലേൽ?"
അവള് ചോദിച്ചു..

"അത്... ഈ വെള്ളമടിക്കാരെയും സിഗരറ്റ് വലിക്കാരെയും പോലൊക്കെ അഡിക്ട് ആകില്ലെ അതാണ് സംഭവം...
റിസൾട്ട് നോക്കാൻ ഇതുവരെയും ആരും മിനക്കെട്ടിട്ടില്ല...അതിനുള്ള ധൈര്യം ആർക്കും ഇവിടെ ഇല്ലെന്നതാണ് സത്യം..
ഒരു നേരം കയ്യിലിരുന്ന സാധനങ്ങളിൽ എന്തിലോ ഒന്ന്  കുറവ് വന്നതിൽ മുത്തശ്ശനെ ശകാരിച്ചത് മാത്രം ഓർമ്മയുണ്ട്.."

"ഓഹോ അങ്ങനെയാണ് അപ്പോൾ കാര്യങ്ങൾ.."
യാമി എന്തോ ആലോചിച്ച് നിന്നു..

"എന്താ?"
അവളുടെ നിൽപ്പ് കണ്ട് നവീൻ തിരക്കി..

"ഒന്നുമില്ല..
അല്ല... വേറെ ഇനിയും എന്തെങ്കിലും ഒക്കെ ഇതുപോലെ ഉണ്ടോ?"
യാമി അവനോട് വീണ്ടും ചോദിച്ചു..

"തറവാട്ടിലെ ചിട്ടകൾ ഒക്കെ കുറെ ഉണ്ട്..ഇവിടെ താമസിക്കുന്നവർ അതൊക്കെ അനുസരിക്കണം എന്ന് മുത്തശ്ശിക്ക് നല്ല നിർബന്ധവും...
അത് ഇടുന്ന വസ്ത്രത്തിൽ തുടങ്ങി ഇന്ന് ഊണ് മേശയിൽ കണ്ടില്ലേ അത് വരെ..."

"നവീനും ഇൗ വക കാര്യങ്ങളൊക്കെ അംഗീകരിക്കുന്നുണ്ടോ?"

"വിശക്കുമ്പോൾ ആഹാരം കഴിക്കുക.. അവനവൻ കംഫർട്ടബിൾ ആകുന്ന വസ്ത്രം ധരിക്കുക....

ഇതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്...
അംഗീകരിക്കുന്നോ എന്ന് ചോദിച്ചാൽ അവരുടെ ഇഷ്ടങ്ങൾ പോലെ അവരവർ ജീവിക്കുക..
നീയും നിന്റെ ഇഷ്ടം പോലെ ജീവിക്ക്..
ആർക്ക് വേണ്ടിയും മാറാൻ നിൽക്കണ്ട...."

എന്തോ നവീന്റെ വാക്കുകൾ ആദിയുടെ ഓർമ്മകളിലേക്ക് ആണ് യാമിയെ കൂട്ടിക്കൊണ്ടുപോയത്...

ഫോണിന്റെ ബെല്ലടിയാണ് ആ ചിന്തകളിൽ നിന്നും അവളെ മോചിപ്പിച്ചത്..

"എക്സ്ക്യുസ് മീ..."
നവീനോട് പറഞ്ഞശേഷം ഫോണുമായവൾ പുറത്തേക്കിറങ്ങി

"ഹലോ മിലൻ?"

"യാമി"

"ഹാ.. പറഞ്ഞോ?എന്തേലും വിവരം?"

"ആ ഫേസ്ബുക്ക് അക്കൗണ്ടും വാട്സ്ആപ്പ് നമ്പറും ഒക്കെ ഡി ആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്..."

"ഇനി എന്ത് ചെയ്യും മിലൻ? ആ നമ്പർ വഴി ലാസ്റ്റ് ലൊക്കേഷൻ വല്ലതും കണ്ടു പിടിക്കാൻ വഴിയുണ്ടോ?"

"ഒരു ഫ്രണ്ട് വഴി ശ്രമിക്കുന്നുണ്ട്.. എന്തെങ്കിലും വിവരം കിട്ടിയാൽ ഞാൻ നിന്നെ വിളിച്ചോളാം.."

"മ്"
മറുപടി കൊടുത്ത ശേഷം യാമി ദീർഘമായി ഒന്ന് നിശ്വസിച്ചു..

മിലൻ ഫോൺ വെച്ചതും അവൾ വീണ്ടും ആദിയുടെ നമ്പർ എടുത്തു ഡയൽ ചെയ്തു..
സ്വിച്ച്ഡ് ഓഫ് എന്ന സ്ഥിരം മറുപടി കേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞുവന്നു...

"എവിടെയാ ആദി നീ ഇത്.. എന്നോട് ഒന്ന് സംസാരിക്കാതെ പോലും ഇരിക്കാൻ നിനക്കെങ്ങനെ കഴിയുന്നു?"
കണ്ണുകൾ തുടച്ച് അവൾ മുറിയിലേക്ക് പോകുന്നതും നോക്കി നവീൻ പിറകിലായി തന്നെ നിൽപ്പുണ്ടായിരുന്നു...

💝💝💝💝💝💝💝💝💝💝💝💝💝💝💝💝
അതിരാവിലെ ജോഗിങ്ന് പോകാൻ തയാറായി നവീൻ ഇറങ്ങി..
സാധാരണ അവൻ പോകുന്ന സമയത്ത് വീട്ടിൽ
മുത്തശ്ശിയും,പണിക്കാരും ഒഴികെ അധികം ആരും ഉണർന്നിട്ട്‌ ഉണ്ടാവുക പതിവില്ല......
അന്ന് പതിവിനു വിപരീതമായി സ്റ്റയർ ഇറങ്ങി താഴെ എത്തിയതും ഇരുട്ടത്ത് അവൻ ആരെയോ കൂട്ടി മുട്ടി...

അടുക്കളയിൽ നിന്നും ഓടി ഉള്ള വരവിൽ ആണ് അത് സംഭവിച്ചതും...
നേരിയ തോതിൽ കടന്നു വരുന്ന വെട്ടത്തിൽ അവൻ യാമിയേ കണ്ടതും നെറ്റി ചുളിച്ചു തിരക്കി..

"നീ എന്താ ഇവിടെ?"

അവനെ കണ്ട പതർച്ചയിൽ നിൽക്കുകയായിരുന്നതിനാൽ എന്ത് മറുപടി കൊടുക്കും എന്നറിയാതെ അവളും കുഴഞ്ഞു...എങ്കിലും രണ്ടും കൽപ്പിച്ച് പറഞ്ഞു..

"ഞാൻ നവിയെ നോക്കി നിൽക്കുകയായിരുന്നു"

"എന്നെയോ?"
വിശ്വാസം വരാതെ അവൻ തിരക്കി

"ഹാ..."

"എന്തിന്?"

"അത്.. പിന്നെ... ജോഗിങ്ന് വരാൻ..."

സംശയ ദൃഷ്ടിയോടെ അവളെ അടിമുടി വീണ്ടും നവീൻ  ഒന്ന് നോക്കിയതും..
യാമി ചിരിയോടെ പറഞ്ഞു...

"നിൽക്ക് ഒരു നിമിഷം വേഷം മാറിയിട്ട് പെട്ടെന്ന് വരാം..."
പിന്നെ ഒരു ചോദ്യത്തിന് ഇട കൊടുക്കാതെ അവള് അവനെ കടന്നു മുകളിലേക്ക് ഓടി...

ഷൂ ലേസ് ഒന്നുകൂടി മുറുക്കി കെട്ടി നിൽക്കുമ്പോഴേക്കും യാമി എത്തിയിരുന്നു...
ട്രാക്ക് സ്യൂട്ടും ഇട്ടു മുടി ഉയർത്തി കെട്ടി മുറ്റത്തേക്ക് ചാടി ഇറങ്ങി കൊണ്ട് അവള് പറഞ്ഞു..

"പോകാം..."
തലയാട്ടി നിന്നത് അല്ലാതെ നവീൻ മറുപടി പറഞ്ഞില്ല...

"നീ എന്നെ ഇങ്ങനെ കള്ളിയെ പോലെ ഇടയ്ക്ക് ഇടയ്ക്ക് നോക്കണ്ട...സത്യം ആയും ഞാൻ നിന്നെ തന്നെ നോക്കി നിന്നത് ആണ്.."
നവീൻ കണ്ടത് കൊണ്ട് മാത്രം കൊച്ചു വെളുപ്പാൻ കാലത്ത് ഓടാൻ പോകേണ്ടി വന്ന ദേഷ്യം യാമിക്ക് നന്നേ ഉണ്ടായിരുന്നു..
അതിനൊപ്പം വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ തൊട്ട് പറഞ്ഞതൊന്നും ഒട്ടും വിശ്വാസം വരാത്ത രീതിയിലുള്ള അവന്റെ നോട്ടവും....

നവീൻ അത് കേട്ട് ചിരിയോടെ മുന്നോട്ടെക്ക്‌ ഓടി...
കുറച്ച് സമയം കഴിഞ്ഞു കൂടെ ആളെ കാണാഞ്ഞ് തിരികെ നോക്കുമ്പോൾ പിറകിൽ കണ്ട കലിങ്കിൽ കയറി ഇരുന്നു അണയ്ക്കുന്ന യാമിയെ കണ്ടവൻ തിരികെ ചെന്നു...

"വേണ്ടാത്ത പണിക്ക് പോരണമായിരുന്നോ..ഇനിയിപ്പോൾ ഇവിടെ ഇരിക്ക് ഞാൻ പോയി തിരികെ വരുമ്പോൾ കൂട്ടാം.."
നവീന്റെ കളിയാക്കൽ ഒട്ടും ഇഷ്ടപ്പെടാതെ യാമി അവനെ നോക്കി ഒന്ന് പുച്ഛിച്ച ശേഷം മുന്നിലേക്ക് നടന്നു....

ഓട്ടം മതിയാക്കി അവനും പതിയെ അവൾക്ക് ഒപ്പം നടന്നു....
നാട്ടിൻ പ്രദേശം യാമിക്ക് പുതിയ ഒരു അനുഭവം ആയിരുന്നു നൽകിയത്...
പണ്ടെന്നോ നടന്നു മറന്ന വഴികളും,കണ്ട സ്ഥലങ്ങളും,ഒരു ഓർമ പുതുക്കൽ എന്നോണം നവി അവൾക്ക് പറഞ്ഞു കൊടുത്തു കൊണ്ട് കൂടെ തന്നെ നടന്നു....
ഒക്കേതിനും ഒടുക്കം അന്നൊരിക്കൽ നാട് നിരങ്ങി തിരികെ വന്ന വഴി യദു നൽകിയ പിടയുടെ കണക്ക് കൂടി പറഞ്ഞു കൊണ്ടാണ് നവീൻ കളിയാക്കലോടെ സംസാരം നിർത്തിയത്...

തമാശയോടെ എങ്കിലും മനസ്സിൽ കൊണ്ടൊരു നന്ദി ആയിരുന്നു യാമി തിരികെ കൊടുത്തത്....
തിരികെ അവളുടെ വഴക്ക് കേൾക്കും എന്ന് കരുതിയ നവീനും ഞെട്ടി അവളെ ഒന്ന് നോക്കി...
"അന്ന് മരുന്ന് കൊണ്ട് തന്നു കാണിച്ച സ്നേഹത്തിന് തിരികെ നന്ദി കാണിക്കാൻ ഇപ്പോഴാണ് സമയം കിട്ടിയത് .."
അവള് വീണ്ടും ചിരിച്ചു...
പഴയത് എന്തോ ഓർത്തെടുത്ത സന്തോഷത്തിൽ നവീനും..

കുറച്ച് ദിവസങ്ങൾ കൊണ്ട് പിരിമുറുക്കം അനുഭവിച്ചിരുന്ന മനസ്സ് ഒന്ന് അയഞ്ഞത് പോലെ യാമിക്കും തോന്നി...

വീണ്ടും മുന്നിലേക്ക് പോയതും നവീൻ പതിയെ നടപ്പിന്റെ വേഗത കുറച്ചു.. അത് ശ്രദ്ധിച്ച് എന്നോണം യാമിയും അവനെ നോക്കി നടത്തം പതിയെ ആക്കി..

അവന്റെ കണ്ണുകൾ ചെറുവഴിക്ക് ഉള്ളിലേക്ക് കടന്നൊരു കൊച്ച് വീടിന്റെ ഉമ്മറത്തേക്ക് ആയിരുന്നു നീണ്ടത്...
മിഴികളിൽ മാറി മറിയുന്ന ഭാവങ്ങൾ ശ്രദ്ധിച്ച് തന്നെ അവള് തിരക്കി..

"ഓ.. അപ്പൊൾ ഇതാണോ എക്സ്ന്റെ വീട്.."

നവീൻ അവളെ നോക്കി വരണ്ട ഒരു ചിരിയോടെ ആ വീട്ടിലേക്ക് പോകുന്ന വഴിയിലേക്ക് കടന്നു....
യാമി അവനെ അനുഗമിച്ചു ...

"മറക്കാൻ പാടുള്ളത് ഒക്കെ മനസ്സിൽ തന്നെ ഒരു വിങ്ങലായി കിടക്കുകയാണ്...."
പറഞ്ഞതിന് ഒപ്പം നവീന്റെ മിഴികൾ നിറയുന്നത് കണ്ട് യാമി ക്കും സങ്കടം തോന്നി....

പരസ്പരം കുറച്ച് സമയം രണ്ടാളും ഒന്നും സംസാരിക്കാതെ നിന്നു..
അവനെ തനിച്ച് വിട്ടുകൊണ്ട് യാമി വെറുതെ ആ വീടിന് ചുറ്റും ഒന്ന് നടന്നു...

കുറച്ച് സമയത്തിന് ശേഷം നവീൻ തിരക്കി ചെല്ലുമ്പോൾ യാമി അയൽപക്കത്തെ ഒരു സ്ത്രീയുമായി സംസാരിച്ചു നിൽക്കുകയായിരുന്നു..
നവീനെ കണ്ടതും അവരോട് യാത്ര പറഞ്ഞു അവള് അവനരികിലേക്ക്‌ നടന്നു...

തിരികെ ഉള്ള യാത്രയിൽ നവീൻ ആകെ അസ്വസ്ഥൻ ആയത് യാമി ശ്രദ്ധിച്ചിരുന്നു...ഇങ്ങോട്ട് പോരുമ്പോൾ ഉണ്ടായിരുന്ന തമാശയും,കളിയും ഒക്കെ വിട്ടു അവൻ ആകെ മൂഡ് ഓഫ് ആയിരുന്നു..

"ഇവിടടുത്ത് ഉള്ള ഒരു അമ്പലം ഉണ്ടായിരുന്നല്ലോ നവീൻ..നമ്മുടെ കല്യാണത്തിന്റെ തലേന്ന് ഞാൻ വന്നിരുന്നത് ആണ്..."

അവൻ അവളെ ഒന്ന് കൂർപ്പിച്ച് നോക്കി....
"സോറി.. എന്ന് വച്ചാൽ നടക്കാതെ പോയ കല്യാണത്തിന്റെ..."
അവൾക്ക് ഒപ്പം അവനും ചിരിച്ചു...

"ഉണ്ട്.. അടുത്ത് തന്നെ ആണ്...
ഇവിടുന്ന് രണ്ട് വളവ് കഴിഞ്ഞാൽ ആയി...
ദേവി ക്ഷേത്രം ആണ്..."

"ഉവ്വ്.. ഓർമ്മ ഉണ്ട്...."

"നിനക്ക് എന്നോട് ശകലം പോലും ദേഷ്യം ഇല്ലെ യാമി...."
നവീൻ അവൾക്ക് നേരെ നോക്കി തിരക്കി...

"ഉണ്ടായിരുന്നു നവി... ഒരുപാട്...
കല്യാണം വേണ്ട എന്ന് പറഞ്ഞപ്പോൾ ആയിരുന്നു ആദ്യമായി നിന്നെ ഞാൻ വെറുതത്, എന്നെ സ്വസ്ഥമായി ജീവിക്കാൻ വിടാതെ എന്റെ പിറകെ കൂടിയപ്പോൾ വീണ്ടും വെറുപ്പായി, മുത്തശ്ശനോട് ഞാൻ എവിടെ എന്ന് കണ്ട് പിടിച്ച് പറഞ്ഞപ്പോൾ നിന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു....
പക്ഷേ...പിന്നെ..."

"പിന്നെ...."

"പിന്നെ... എന്താ..  എന്നെ പോലെ നീയും ഇവരൊക്കെ ചേർന്ന് കുഴിച്ച കുഴിയിൽ അറിയാതെ വന്നു വീണു പോയത് ആണെന്ന് മനസ്സിലായപ്പോൾ ദേഷ്യം മാറി...."

"പിന്നെ എന്ത് കൊണ്ടാണ് നിൻറെ മനസ്സിൽ ഇപ്പോഴും എന്നെ അംഗീകരിക്കാൻ ബുദ്ധിമുട്ട്...."
നവീൻ അവൾക്ക് മുന്നിലേക്ക് കയറി തടസ്സം നിന്ന് കൊണ്ട് ചോദിച്ചു...

"എന്ത് ബുദ്ധിമുട്ട് നിനക്ക് വെറുതെ തോന്നുന്നത് ആണ്...."

അവനെ മറികടന്ന് യാമി മുന്നിലേക്ക് നടന്നു...
ഒപ്പം പറഞ്ഞു...

വാര്യത്‌ എല്ലാവർക്കും ഏറ്റവും പ്രിയങ്കരൻ ആണ് നവീ നീ...

മുത്തശ്ശൻ തുടങ്ങി എന്റെ ഡാഡിക്കും, മമ്മയ്ക്കും വരെ...
ആ നീ സങ്കടപെടുന്നത് ഇവിടെ ആർക്കും സഹിക്കില്ലഡോ...അത് കൊണ്ട് ഇനിയും മുന്നത്തെ പോലെ ഉള്ള ശോകം വേണ്ട...
നമ്മൾ സന്തോഷിച്ചാൽ മാത്രമേ നമുക്ക് ചുറ്റും ഉള്ളവരിലും ആ സന്തോഷം ഉണ്ടാകൂ...."

"വല്യ കാര്യമായിട്ട് ആണല്ലോ...ഇതൊക്കെ എവിടുന്നു കിട്ടി...
ഞാൻ ചോദിച്ചതിന് വ്യക്തമായി നീ ഉത്തരം തന്നെ പറ്റൂ..."

"എന്തിനുള്ള ഉത്തരം ആണ് മോന് വേണ്ടത്...
യാമി കൈകൾ മാറിൽ പിണച്ചു കെട്ടി അവനു മുന്നിൽ തിരിഞ്ഞു നിന്ന് കൊണ്ട് ചോദിച്ചു....

"ഇൗ മാറ്റത്തിന് ഉള്ള കാരണം?
ഞാൻ അറിഞ്ഞിട്ട് ഉള്ള, വാണി അമ്മ പറഞ്ഞ യാമിക ഇതല്ല...."
അവൻ ചിരിച്ചു...

"മാറ്റത്തിന് കാരണം ഒന്നെ ഉള്ളൂ....
ഒന്നേ ഒന്ന്... ഒറ്റ വാക്കിൽ പറഞ്ഞാല്
ആദി... ആദിൽ മാധവ്..."

കൂടുതൽ ഒന്നും പറയാൻ താൽപര്യം കാണിക്കാതെ യാമി വീടിന്റെ പടികെട്ട് കടന്നു ഉള്ളിലേക്ക് കയറി...

(തുടരും..)
ശ്രുതി💝

Instagram ഉപയോഗിക്കുന്ന ഒരാൾ ആണോ നിങ്ങൾ, വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യൂ... ഇതിനായി Valappottukal എന്ന് ഇൻസ്റ്റാഗ്രാമിൽ search ചെയ്യൂ... അല്ലെങ്കിൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ...


https://www.instagram.com/valappottukal


നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...


കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top