അഞ്ജനമിഴികളിൽ, Part 12

Valappottukal
അഞ്ജനമിഴികളിൽ❣️
ഭാഗം- 12

"ഇത്?! ഈ ഫോട്ടോസൊക്കെ നീ
ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ടോ?"

"ഇതൊക്കെ അന്ന് കമ്പ്യൂട്ടറിൽ കോപ്പി ചെയ്തതാ. സൂരജുമായി പിണങ്ങിയ ശേഷം ഞാൻ നോക്കാറും കൂടി ഇല്ലായിരുന്നു. പിന്നെ,  അച്ഛൻ ലാപ്ടോപ് വാങ്ങി തന്നപ്പോൾ കമ്പ്യൂട്ടർ വാവക്ക് കൊടുത്തു. ഇപ്പോൾ വീട്ടിൽ ചെന്നപ്പോഴാ ഇതിന്റെ കാര്യം ഓർമ വന്നത്"

"ഈ ഫോട്ടോ വെച്ച് നീ എന്ത് ചെയ്യാൻ പോകുന്നു? അച്ചുവിനെ കാണിക്കാനാണോ ഉദ്ദേശം?"

"അതെ. പക്ഷേ,  എല്ലാം അങ്ങനെ പറയത്തൊന്നുമില്ല. ഞാൻ ഇതുവരെ അവൾ എന്നോട് അകലം പാലിക്കുന്നതിനെ കുറിച്ച് സംസാരിക്കാൻ പോയിട്ടേ ഇല്ല. ആ കാരണം എന്താന്ന്  അറിയട്ടെ. എന്നിട്ട് നോക്കാം... പെട്ടന്ന് അവളുടെ മനസ്സ് തകർക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല അർജുൻ..."

"മ്മ്... ദേ അച്ചുവിനെ കാണിച്ചു കഴിഞ്ഞാൽ ഈ ഫോട്ടോ എന്നന്നേക്കുമായി ഡിലീറ്റ് ചെയ്തോണം. ഫോണിൽ മാത്രമല്ല കമ്പ്യൂട്ടറിലും"

"ഓഹോ... ചെയ്തേക്കാം. പിന്നെ,  ഈ ഫോട്ടോ മാത്രമല്ല. ഇനിയും കുറച്ചു സെൽഫീസ് ഉണ്ട്. ഇത് ഒരു കൂൾ ബാറിൽ  ഇരുന്നപ്പോൾ ശ്രേയ എടുത്തതാ. അന്ന് ലീനയുടെയും നീനയുടെയും ബർത്ത് ഡേ ആയിരുന്നു. അവിടെ എന്നെ ഡ്രോപ്പ് ചെയ്തത് സൂരജാ. കോളേജിൽ നിന്നും അതുവരെ. അല്ലാതെ ഞാൻ അവന്റെയൊപ്പം ബൈക്കിൽ കറങ്ങാനൊന്നും പോയിട്ടില്ല. കേട്ടോ എന്റെ സിക്സ് പാക്കേ..."

"അതേ... നിനക്ക് വേണ്ടിയാ എന്റെ ഈ ബോഡി സിക്സ് പാക്ക് ആക്കിയത്. അതറിയോ?"

"ഓഹോ... ഞാൻ അറിഞ്ഞില്ല"

"അതിനെന്താ...? ഞാൻ അറിയിച്ചു തരാലോ..."
 അർജുൻ ഒരു കള്ളച്ചിരിയോടെ അവളെ എടുത്തു പൊക്കി.

"അർജുൻ.... താഴെ ഇറക്ക്... ഇപ്പോൾ ആരേലും കേറി വരും.. ശോ..."

"ഇങ്ങോട്ട് ആരും വരാൻ പോണില്ല.   നമ്മളെ ആരും ശല്യപ്പെടുത്താതെ ഇരിക്കാനാ മുത്തശ്ശി നമുക്ക് മുകളിലത്തെ ഈ മുറി തന്നത്. അഥവാ ഇപ്പോൾ ആരേലും കണ്ടാൽ എന്താ? ഞാൻ എന്റെ ഭാര്യയെ അല്ലേ എടുത്തേക്കുന്നെ..."

"ഈ അർജുന്റെ കാര്യം..."
അവൾ നേരെ വാതിലിന്റെ അവിടെ നോക്കിയതും സൂര്യ തലയിട്ട് നോക്കുന്നതാണ് കണ്ടത്.

"അർജുൻ... ദേ സൂര്യ..."
അവൻ ഉടനെ അവളെ താഴെയിറക്കി.

"നീ എന്തിനാ ഇവിടെ ഒളിഞ്ഞു നിൽക്കുന്നെ? അവിടെയും ശല്യം ഇവിടെയും ശല്യം..."
എന്ന് പറഞ്ഞിട്ട് അർജുൻ ദേഷ്യത്തോടെ മുറിയിൽ നിന്നും ഇറങ്ങി പോയി. അഞ്ജന അവളെ മൈൻഡ് ചെയ്യാതെ ഫോണും എടുത്തുകൊണ്ട് പുറത്തേക്ക് ഇറങ്ങി മുറി പൂട്ടി.

"ഡി... ഞാൻ അന്ന് അങ്കിൾ ചോദിച്ചപ്പോൾ തമാശക്ക് വേണ്ടിയാണെന്ന് പറഞ്ഞത് നീ അങ്ങ് വിശ്വസിച്ചോ?"
സൂര്യ അഞ്ജനയെ തിരിച്ചു നിർത്തികൊണ്ട് ചോദിച്ചു.

"എനിക്കറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ... നിനക്ക് എന്തിന്റെ സൂക്കേടാ?  കല്യാണം കഴിഞ്ഞാലും ആണുങ്ങളെ വെറുതെ വിടില്ലേ? അർജുനുമായി എല്ലാം നടന്നെന്ന് നീ പറഞ്ഞത്  ഞാനങ്ങു വിശ്വസിച്ചു. ഇനി എന്താ വേണ്ടേ?"

"നീ എന്നെ കളിയാക്കുകയാണോ ഡി?"

"ദേ സൂര്യേ... ഇനിയും ഇവിടെ നിന്നാൽ താഴെ എല്ലാവരുടെയും മുന്നിൽ വെച്ച് ഞങ്ങളുടെ റൂമിൽ നീ ഒളിഞ്ഞു നിന്ന് നോക്കിയെന്ന് പറയും. അത് വേണ്ടെങ്കിൽ മിണ്ടാതെ പൊയ്ക്കോ. പിന്നെ, ഇനി അതും പറഞ്ഞ് എന്നെ ഇറിറ്റേറ്റ് ചെയ്യാൻ വന്നാൽ മോന്തക്കിട്ട് ഞാൻ പൊട്ടിക്കും. എനിക്കിവിടെ ആരെയും പേടിയില്ല"

"ഓഹോ നീ അത്രക്കായോ?  എങ്കിൽ എന്നെ തല്ലടി... അപ്പോൾ കാണാം ഈ സൂര്യ ആരാണെന്ന്..."

"നീ പോയേ..."
എന്നും പറഞ്ഞ് അഞ്ജന മുന്നോട്ട് പോകാനൊരുങ്ങിയതും സൂര്യ അവളുടെ മുടിയിൽ കേറി പിടിച്ചു.

"നീ എന്നെ തല്ലുമെന്ന് പറഞ്ഞില്ലേ എങ്കിൽ തല്ലിയിട്ട് പോടീ..."

"ദേ മനപ്പൂർവം ഇവിടെ ഒരു സീൻ ഉണ്ടാക്കാനാണ് നിന്റെ ഉദ്ദേശമെങ്കിൽ അത് നടക്കില്ല. ഒന്നാമത് എല്ലാ ബന്ധുക്കളും വന്നിട്ടുണ്ട്. നിന്നെ ഞാൻ തല്ലണം. അത്രയല്ലേ ഉള്ളു?? ഈ കല്യാണം കഴിഞ്ഞോട്ടെ..."
എന്ന് സൂര്യയുടെ മുഖത്ത് നോക്കി ദേഷ്യത്തോടെ പറഞ്ഞിട്ട് അഞ്ജന അവിടെ നിന്നും അർജുന്റെ അടുത്ത് പോയി.
അവൻ  ആണേൽ മുറ്റത്ത്  ആളുകൾ പന്തൽ കെട്ടുന്നതും നോക്കി നിൽക്കുവാണ്. നാളെയാണ് കല്യാണം.

"അർജുൻ... ഒന്നിങ്ങു വന്നേ..."

"എന്താ അഞ്ജനാ?"

"ആ സൂര്യക്ക് വട്ടാണെന്ന് തോന്നുന്നു. മിക്കവാറും എന്റെ കയ്യിൽ നിന്നും തല്ല് മേടിക്കും"

"എന്താണ് ഇവിടെ രണ്ടുപേരും കൂടി?  ഏഹ്??"

"ഒന്നുല്ല മുത്തശ്ശി... അച്ചുവിനെ മുത്തശ്ശി കണ്ടായിരുന്നോ?"

"ആഹ്... അവൾ കല്യാണപ്പെണ്ണിന്റെ അടുത്തുണ്ട്. എന്താ മോളെ?"

"അവളെ ഇവിടെയൊന്നും കാണാത്തോണ്ട് ചോദിച്ചതാ... ഞാൻ ചെല്ലട്ടെ മുത്തശ്ശി..."
അഞ്ജന വേഗം അച്ചുവിനെ അടുത്തേക്ക് പോയി അവളെ വിളിച്ച് മാറ്റി നിർത്തി സംസാരിക്കാൻ തുടങ്ങി.

"എ..എന്താ ഏട്ടത്തി?"

"അത്... ഒരു കാര്യം കുറേ ദിവസമായി ചോദിക്കണമെന്ന് വിചാരിക്കുന്നു. നീ എന്തിനാ എപ്പോഴും എന്നോടൊരു അകൽച്ച കാണിക്കുന്നേ?  ആരേലും പറഞ്ഞിട്ടുണ്ടോ എന്നോട് മിണ്ടരുത് എന്ന്?? പറയ്?"

"അത് ഏട്ടത്തി... എന്നോട് ദേഷ്യമൊന്നും തോന്നരുത്. സൂരജേട്ടനെ അറിയാലോ... എന്നെ കല്യാണം കഴിക്കാൻ പോകുന്ന ആളാ... പുള്ളിയുടെ അനിയത്തിക്ക് ഏട്ടനെ വല്യ ഇഷ്ടമാ. കല്യാണം കഴിക്കാൻ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. പക്ഷേ,  ഏട്ടൻ സമ്മതിച്ചില്ല. സൂരജേട്ടൻ പറഞ്ഞു, ഏട്ടൻ കെട്ടിയ പെണ്ണിനോട് അധികം കൂട്ടൊന്നും വേണ്ടെന്ന്... പറഞ്ഞത് കേട്ടില്ലെങ്കിൽ  ആള് എന്നോട്  പിണങ്ങും ഏട്ടത്തി..."

എന്റെ ദൈവമേ... ഈ പാവം കൊച്ചിനെയാണോ സൂരജ് ചതിച്ചുകൊണ്ടിരിക്കുന്നെ?! ഇവളോട് കാര്യം പറഞ്ഞാൽ മനസ്സിലാക്കുമായിരുന്നല്ലോ...

"ഞാൻ പോട്ടെ ഏട്ടത്തി?"

"നിൽക്ക്... സൂരജ് എന്നെ കണ്ടിട്ട് എവിടെ വെച്ചെങ്കിലും പരിചയം ഉള്ളതായി പറഞ്ഞിട്ടുണ്ടോ?"

"ഇല്ല ഏട്ടത്തി... ഏട്ടത്തിക്ക് സൂരജേട്ടനെ അറിയാമോ?"

"മ്മ്... ഇപ്പോൾ നന്നായി അറിയാം... ഞാൻ കോളേജിൽ  പഠിച്ചുകൊണ്ടിരുന്ന സമയത്ത് അവിടെത്തെ ഹീറോ ആയിരുന്നു. ഞങ്ങൾ തമ്മിൽ നല്ല അടുപ്പമായിരുന്നു. ഇതാ നോക്ക്..."
എന്നും പറഞ്ഞ് അഞ്ജന തന്റെ ഫോണിലുള്ള സൂരജുമായുള്ള ഒരു ഫോട്ടോ കാണിച്ചു കൊടുത്തു. അർച്ചന അത് കണ്ട് അമ്പരന്നു.

"നീ ജസ്റ്റ്‌ ഒന്നു ചോദിച്ചാൽ മതി. എന്നെ എവിടേലും കണ്ടിട്ടുണ്ടോ എന്ന്. ഓക്കേ? പിന്നെ,  നിന്റെ ഏട്ടൻ പറയുന്നത് നൂറു ശതമാനം ശെരി തന്നെയാണ്. സൂരജ് നിനക്ക് ചേരുന്ന ആളല്ല"

അത് പറഞ്ഞ് അഞ്ജന പോകുമ്പോൾ അർച്ചനയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

"എന്തായി അഞ്ജനാ പറഞ്ഞോ?"

"ഹ്മ്മ്... അവളൊരു പൊട്ടിപ്പെണ്ണാ... അർജുന് കാര്യങ്ങൾ പറഞ്ഞ് കൺവീൻസ് ചെയ്യാൻ ഇതുവരെ കഴിയാത്തത് കഷ്ടം തന്നെ...  അവളൊരു പാവമായതുകൊണ്ടാ സൂരജ് പറയുന്നതെല്ലാം അനുസരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നത്.  അവനെ  അവൾ അത്രമാത്രം സ്നേഹിക്കുന്നുണ്ട്. അച്ചുവിന്റെ കാര്യം ഓർത്ത് ഇനി ടെൻഷനടിക്കണ്ട. ഞാൻ നോക്കിക്കോളാം"

"മ്മ്..."

ഈ സമയം അർച്ചന സൂരജിനോട്‌ സംസാരിക്കുകയായിരുന്നു. അവൻ കണ്ടിട്ടില്ലെന്ന് അവളോട് കള്ളം പറഞ്ഞു. എന്താ കാര്യമെന്ന് അവൻ ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് പറഞ്ഞ് അവൾ ഒഴിഞ്ഞുമാറി. ആ നിമിഷം മുതൽ അർച്ചനയുടെ മനസ്സിൽ സംശയത്തിന്റെ വിത്തുകൾ മുളപ്പൊട്ടാൻ തുടങ്ങി.

വൈകുന്നേരം  ഗോൾഡൻ കളർ ബ്ലൗസും പീകോക്ക് ഗ്രീൻ  കളർ സാരിയും അതിനു മാച്ച് ആയ മാലയും വളയും ഇട്ട് ഒരുങ്ങി നിൽക്കുന്ന അഞ്ജനയെ കണ്ണിമ അനക്കാതെ അർജുൻ നോക്കി നിന്നു.

"കല്യാണപ്പെണ്ണ് മാറിപോകുമോ?"

"കളിയാക്കല്ലേ അർജുൻ..."

"കളിയാക്കിയതല്ല പെണ്ണേ..."

അവൻ അവളുടെ ഇരുകണ്ണിലും ഉമ്മ കൊടുത്തുകൊണ്ട് പറഞ്ഞു.

"ഏട്ടാ... അച്ഛൻ വിളിക്കുന്നു..."

"ശോ... ഈ അമ്മാവന് വിളിക്കാൻ കണ്ട നേരം...
ഞാനിതാ വരുന്നെന്ന് പറയ്. ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ... താനും പെട്ടന്ന് അങ്ങോട്ട്‌ വാ..."

"മ്മ്... ശെരി..."

ഫങ്ക്ഷൻ കഴിഞ്ഞ സമയം അർജുൻ അഞ്ജനയെയും കൊണ്ട് അവിടെത്തെ ആമ്പൽക്കുളത്തിന്റെ അടുത്തേക്ക് കൊണ്ടുപോയി.

"വൗ... ഇവിടെ ആമ്പൽക്കുളമൊക്കെ ഉണ്ടായിരുന്നോ?  എന്നിട്ടാണോ എന്നോട് പറയാതെ ഇരുന്നേ?"

"എനിക്കിപ്പോഴാ തോന്നിയത്. പിന്നെ, സമയം കിട്ടണ്ടേ... താൻ വാ..."

അവൻ  അവിടെത്തെ പടവിൽ പോയിരുന്നു. അവൾ എണീറ്റ് കുളത്തിൽ കാല് നനച്ചിട്ട് അവന്റെ അടുത്ത് പോയിരുന്നു.

"ഇപ്പോൾ ഇത്ര ഭംഗി ആണേൽ പകൽ എന്തു ഭംഗി ആയിരിക്കും..!"

"പകലിനേക്കാൾ ഭംഗി രാത്രിയിൽ വരുന്നതാ. ഇപ്പോൾ ആമ്പൽ കുറവാണ് എന്നുവേണം പറയാൻ...  ആമ്പലും ചന്ദ്രനും പ്രണയിച്ചുകൊണ്ടിരിക്കുമ്പോൾ നമ്മൾ ഇവിടെ..."
എന്നും പറഞ്ഞ് അർജുൻ അഞ്ജനയുടെ കവിളിൽ ഒരുമ്മ കൊടുത്തു.

"നിനക്കൊരു സമ്മാനം തരാൻ വേണ്ടിയാ ഞാൻ ഇവിടേക്ക് കൊണ്ടുവന്നേ..."

"സമ്മാനമോ....?!"

"മ്മ്... താൻ ഈ സാരിയൊന്നു പൊക്കിക്കേ... "

"അയ്യേ സാരി പൊക്കാനോ?"

"എന്റെ പൊന്നേ... കൊലുസ് ഇടുന്നത് വരെ..."

"ഓഹ്... അയ്യോ എന്റെ കൊലുസ്... കൊലുസ് കാണുന്നില്ല അർജുൻ... ഇതെവിടെ പോയി? !"

"ഏഹ്?! നീ ഇതുവരെ കൊലുസ് ഉണ്ടോ എന്ന് നോക്കിയില്ലേ?"

"കല്യാണത്തിന് വാങ്ങിയ സ്വർണക്കൊലുസ്സാ.... ഇപ്പോൾ കാല് നനച്ചപ്പോൾ വല്ലതും പോയോ ദൈവമേ..."
അവൾ പറഞ്ഞത് കേട്ട് അർജുൻ പൊട്ടിച്ചിരിച്ചു. അത് കണ്ടിട്ട് അഞ്ജനക്ക് ദേഷ്യം വന്നു.

"ചിരിക്കുന്നോ? അച്ഛൻ വാങ്ങി തന്നതാ. ഇനി ഞാൻ എന്ത് പറയും?"

"അതേ... ആ സ്വർണക്കൊലുസ്സ് ഒരിടത്തും പോയിട്ടില്ല. ഞാനത് ഭദ്രമായി നമ്മുടെ അലമാരക്കകത്ത് പൂട്ടി വെച്ചിട്ടുണ്ട്"

"അലമാരയിലോ? എപ്പോൾ?"

"അതോ... നമ്മൾ ഒന്നായി അലിഞ്ഞു ചേർന്ന ആ രാത്രി ഓർമ്മയുണ്ടോ? അന്ന് ഞാൻ താലിയൊഴികെ എല്ലാം മാറ്റിയിരുന്നു. എന്റെ ശ്രീമതി ശ്രദ്ധിച്ചില്ലേ?"
അർജുൻ പറഞ്ഞത് കേട്ട് അഞ്ജന മിഴികൾ താഴ്ത്തി ഇരുന്നു.

"താൻ കുളിക്കാൻ കേറിയ ടൈം ഞാനെല്ലാ ഓർണമെന്റ്സും മാറ്റി. ഇതുവരെ ചോദിക്കാത്തതെന്താ എന്ന് ഞാൻ ആലോചിച്ചിരുന്നു"
അവൻ താടി തുമ്പിൽ പിടിച്ച് അവളുടെ മുഖം ഉയർത്തി. നാണം വിരിഞ്ഞു നിൽക്കുന്ന  അഞ്ജനയുടെ മിഴികളിൽ ചുംബിച്ചുകൊണ്ട് അർജുൻ എണീറ്റ് തൊട്ടു താഴെയുള്ള പടിയിൽ ഇരുന്നു. പോക്കറ്റിൽ നിന്നും രണ്ടു വെള്ളിക്കൊലുസ്സ് എടുത്ത് അവളുടെ  കാലിൽ അണിയിച്ചു  കൊടുത്തു.

"തന്റെ കാലിൽ സ്വർണക്കൊലുസ്സിനേക്കാളും ഭംഗി ഈ വെള്ളിക്കൊലുസ്സ് കിടക്കുന്നതാ... തനിക്ക് ഇഷ്ടമായോ?"

"മ്മ്..."
അഞ്ജന അവന്റെ കഴുത്തിലൂടെ കയ്യിട്ട് ഇരുന്നു.

"അതേ... നമ്മുടെ കല്യാണപ്പെണ്ണിന്റെ ചെക്കൻ എന്ത് ചെയ്യുവാ?"

"രവിഷയുടേതോ? ഇവിടെത്തെ ഏതോ പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുവാ... ഞാൻ കൂടുതലൊന്നും അമ്മാവനോട് ചോദിച്ചില്ല. കൂടുതൽ ഡീറ്റെയിൽസ് അരുണിന്റെ കയ്യിൽ നിന്നും കിട്ടും"

"ഏഹ്?!"

"നേരത്തെ എന്നെ വിളിക്കാൻ വന്നില്ലേ? അവളുടെ അനിയത്തി രവീണയുമായി അരുൺ മുടിഞ്ഞ പ്രേമത്തിലാണ്. അമ്മാവൻ അറിഞ്ഞാൽ തല്ലിക്കൊല്ലും"

"ആഹാ ബെസ്റ്റ്... മുറപ്പെണ്ണ് അല്ലേ?  പിന്നെന്താ?"

"അമ്മാവന് ബന്ധത്തിൽ നിന്നും കല്യാണം കഴിച്ചുകൊടുക്കുന്നത് ഇഷ്ടമല്ല. അല്ലായിരുന്നുവെങ്കിൽ രവിഷയെ ഞാൻ കെട്ടേണ്ടി വന്നേനെ..."

"അയ്യടാ..."

"ഞാൻ ചുമ്മാ പറഞ്ഞതാ... ഈ ജന്മത്തിലും ഇനിയുള്ള ജന്മങ്ങളിലും അർജുൻ അഞ്ജനയുടേത് മാത്രമായിരിക്കും..."

"മുറപ്പെണ്ണിന്റെ കാര്യം പറഞ്ഞപ്പോഴാ ഓർത്തെ... അച്ഛൻ ആദ്യം കെട്ടിയത് അച്ഛന്റെ മുറപ്പെണ്ണിനെയാ... അച്ഛന് ഒട്ടും ഇഷ്ടമില്ലായിരുന്നു. മൂന്നു മാസം എന്തോ കഴിഞ്ഞപ്പോൾ അവർ ഇട്ടേച്ചും പോയി. സ്വഭാവം ശെരിയല്ലായിരുന്നു എന്നാ കേട്ടത്. പിന്നെ,  കല്യാണത്തിന് മുൻപ് അച്ഛനും അമ്മക്കും പരസപരം ഇഷ്ടമായിരുന്നു. പക്ഷേ,  അത് അവർ തുറന്നു പറഞ്ഞില്ല. ആ പെണ്ണുംപിള്ള പോയപ്പോൾ അമ്മയുടെ കാര്യം അച്ഛൻ വീട്ടിൽ പറഞ്ഞു"

"ഓഹ് അതാണോ... അന്ന് അമ്മ അച്ഛനോട് ദേഷ്യപ്പെട്ടുകൊണ്ട് എന്തോ പറയുന്നത് ഞാൻ കേട്ടായിരുന്നു.. "

"അത് വീട്ടുകാരെ പേടിച്ചിട്ട് അച്ഛൻ അമ്മയുടെ കാര്യം പറഞ്ഞില്ല. പിന്നെ അവരെ ആദ്യം കല്യാണം കഴിച്ചതുകൊണ്ടുള്ള ദേഷ്യമാ... അത് ഇതുവരെ മാറിയിട്ടില്ല..."

"ദേഷ്യം മാറിയില്ലെങ്കിൽ എന്താ രണ്ടു കുട്ടികൾ ആയില്ലേ?"

"ശേ... ഈ അർജുൻ..."
അഞ്ജന അവന്റെ തലക്കൊരു കൊട്ട് കൊടുത്തു.

"നമുക്ക് വീട്ടിൽ പോയാലോ..."

"പോണോ അർജുൻ? ഈ നിലാവും ആമ്പൽപ്പൂക്കളും കണ്ടിട്ട് പോകാൻ തോന്നുന്നില്ല"

"ശ്ശെടാ... ഇനി ആമ്പൽപ്പൂവ് വല്ലതും വേണമെന്ന് പറയോ?"

"ശോ ഞാനത് പറയാൻ വരികയായിരുന്നു..."

"എന്റെ പൊന്നുമോള് എണീറ്റെ... ചേട്ടൻ നാളെ വേണേൽ ഒരു കൈ നോക്കാം. ഇപ്പോൾ ഇതിലിറങ്ങി നനയാൻ വയ്യ..."

"ഹും..."
അവൾ ഉടനെ എണീറ്റു നിന്നു.

"ഉണ്ടക്കണ്ണി ദേഷ്യപ്പെടാതെ... നാളെ ഉറപ്പായും തരാം..."

"എനിക്ക് വേണ്ടാ..."
എന്നും പറഞ്ഞ് അഞ്ജന തിരിച്ചു പടികൾ കയറാൻ പോയതും സൂരജ് മുകളിൽ അവരെ നോക്കി നിൽക്കുന്നത് കണ്ടു.

"രണ്ടും കൂടി ഇവിടെ റൊമാൻസ് ആയിരുന്നോ?"

"അർജുൻ വന്നേ... നമുക്ക് പോകാം..."
അവൾ സൂരജിനെ മൈൻഡ് ചെയ്യാതെ മുന്നിലേക്ക് നടന്നു.

"അങ്ങനെയങ്ങ് പോകല്ലേ... അച്ചുവിനോട്‌ നീ വല്ലതും പറഞ്ഞോ? എല്ലാ പഴുതുകളും അടച്ചിട്ടാ ഞാൻ ഇവിടെ നിൽക്കുന്നത്. അതുകൊണ്ട്  അവളുടെ മനസ്സിൽ നിന്നും എന്നെയാരും  പടിയിറക്കി വിടണ്ട എന്ന് കരുതണ്ട..."

"തല്ക്കാലം നീ ഇവിടെ നിന്ന് പടിയിറങ്ങി കുളത്തിലേക്ക് പൊയ്ക്കോ..."
എന്നും പറഞ്ഞ് അർജുൻ സൂരജിനെ കുളത്തിലേക്ക് തള്ളിയിട്ടു. അവനത് ഒട്ടും പ്രതീക്ഷിക്കാത്തതിനാൽ പടികൾ തട്ടി തടഞ്ഞ് നേരെ കുളത്തിലേക്ക് വീണു. ഈ രംഗം കണ്ടാണ് സൂര്യ അങ്ങോട്ട്‌ വന്നത്.

"ഡി... നീ പറഞ്ഞിട്ടാണോ അർജുൻ എന്റെ ഏട്ടനെ കുളത്തിൽ തള്ളിയിട്ടത്?"

"ആഹ് അതെ..."

"ഡീ..."

അഞ്ജനയുടെ തോളിൽ പിടിച്ച് അവളെ സൂര്യ പിറകോട്ടു തള്ളി. തൊട്ടടുത്ത നിമിഷം സൂര്യയുടെ കരണം പുകച്ചുകൊണ്ട് അവളൊന്നു കൊടുത്തു.

"അഞ്ജനാ... വാ നമുക്ക് പോകാം... കിട്ടിയതും കൊണ്ട് നിന്റെ ഏട്ടനെ കുളത്തിൽ നിന്ന് എണീപ്പിക്കാൻ നോക്ക്. പോടീ..."
അർജുൻ അവളുടെ കൈ പിടിച്ച് വലിച്ചുകൊണ്ട് പോയി. അപ്പോഴും അഞ്ജനയുടെ ദേഷ്യം മാറിയിട്ടുണ്ടായിരുന്നില്ല.

പിറ്റേന്ന് കല്യാണം ഗംഭീരമായി തന്നെ നടന്നു. അർജുനും അഞ്ജനയും സന്തോഷത്തോടെ നിൽക്കുന്നത് കണ്ടപ്പോൾ  സൂരജിനും  സൂര്യക്കും അവരോട് കൂടുതൽ ദേഷ്യമായി. അർച്ചനയുടെ മനസ്സിൽ അഞ്ജന കാണിച്ചു കൊടുത്ത ഫോട്ടോ ആയിരുന്നു. കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ പദ്മിനി മനസ്സിൽ എന്തോ പദ്ധതി പ്ലാൻ ചെയ്തു. അന്ന് രാത്രി ഏറെ വൈകിയാണ് അവർ തിരിച്ച് വീട്ടിലേക്ക് ചെന്നത്. പിറ്റേന്ന് രാവിലെ അഞ്ജനയുടെ അച്ഛൻ അവിടേക്ക് വന്നു. അർജുൻ ആണ് അയാൾക്ക് വാതിൽ തുറന്നുകൊടുത്തത്. പദ്മിനി അപ്പോൾ പത്രം വായിച്ചുകൊണ്ട് ഹാളിൽ ഇരിക്കുന്നുണ്ടായിരുന്നു. നന്ദകുമാർ അകത്തേക്ക് കയറിയതും അവരെയാണ് ആദ്യം കണ്ടത്.

പദ്മിനി ഇവിടെ?!
അയാളൊരു ഞെട്ടലോടെ മനസ്സിൽ പറഞ്ഞു.

"അച്ഛൻ ഇവിടെ ഇരിക്ക്. ഞാൻ അഞ്ജനയെ വിളിച്ചിട്ട് വരാം..."

അർജുൻ റൂമിലേക്ക് പോയതും പദ്മിനി നന്ദകുമാറിന്റെ അടുത്തേക്ക് ചെന്നു.

"ഹെലോ മിസ്റ്റർ നന്ദകുമാർ... ഞാൻ താങ്കളെ കാണാൻ ഇരിക്കുകയായിരുന്നു. സുഖമാണല്ലോ അല്ലേ? എനിക്കും സുഖം തന്നെയാ... നമ്മുടെ മോൾക്കും..."

നമ്മുടെ മോളോ?!
ആ വാക്ക് അയാളുടെ നെഞ്ചിൽ തുളഞ്ഞു കയറി.
(തുടരും)
©ഗ്രീഷ്മ.  എസ്


കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top