Hello My Dear Cop ഭാഗം- 3

Valappottukal
Hello My Dear Cop
ഭാഗം- 3

രാവിലെ എന്നെ കാണാനില്ല എന്ന വാർത്ത ശരത്തിനും കീർത്തനക്കും ഒരുപോലെ ഭയം ഉണർത്തി. വീട്ടിൽ നിന്നും തിരുവനന്തപുരത്തേക്ക്‌ പോകുന്നു എന്ന വിവരം മാത്രമാണ് അവർക്ക് കിട്ടിയത്. എനിക്ക് എന്തെങ്കിലും പരിക്കുപറ്റി മാറി നിൽക്കുമ്പോഴാണ് ഇത്തരത്തിലുള്ള കള്ളത്തരങ്ങൾ പറയാറുള്ളതെന്ന് ശരത്തിന് അറിയാമായിരുന്നു. തുരുത്തിലേക്കാണ് ഞാൻ പോയതെന്ന് ശരത്തിനു മനസ്സിലായി.

ശരത് വരണ്ട എന്നു പറഞ്ഞിട്ടും കീർത്തന ശരത്തിനൊപ്പം തുരുത്തിലേക്ക് വന്നു. ലോക്കൽ പോലീസിൽ നിന്നും അവർക്ക് കിട്ടിയ വിവരം അവരുടെ ഭയത്തിന്റെ ആക്കം കൂട്ടി.

"സർ, ബോട്ടിൽ നിന്ന് കാര്യമായി ഒന്നും കിട്ടിയിട്ടില്ല. ഒരു മൊബൈലും  പിന്നെ 9mm പിസ്റ്റലിന്റെ ഒരു ഷെല്ലും മാത്രമാണ് കിട്ടിയത്. ബോട്ടിൽ നിന്നു കിട്ടിയ രക്തം ടെസ്റ്റിന് അയച്ചിട്ടുണ്ട്. പിന്നെ ഒരു വിവരം കൂടി കിട്ടിയിട്ടുണ്ട്. ഇവിടെ അടുത്തായി വെടിയേറ്റ നിലയിൽ ഒരു ബോഡി ചീന വലയിൽ നിന്നും കിട്ടിയിട്ടുണ്ട്. ആളെ തിരിച്ചറിയാൻ പറ്റിയിട്ടില്ല"

എന്ന S I യുടെ വാക്കുകൾ കൂടിയായപ്പോൾ കീർത്തനയുടെ ബോധം പോയി.

ഡ്യൂട്ടിക്കായി ഹോസ്പിറ്റലിൽ വന്ന അനാമികയിൽ നിന്നാണ് ഞാൻ ഹോസ്പിറ്റലിലുണ്ടെന്ന് ശരത് അറിയുന്നത്. ഞാൻ ഉണർന്നപ്പോൾ എന്റെ അരികിൽ ശരത്തുണ്ടായിരുന്നു.

"നിനക്കു എന്തിന്റെ കേടാ?  അവന്റെ ഒരു വൺ മാൻ ഷോ"
 ശരത് ദേഷ്യത്തോടെ എന്നോട് പറഞ്ഞു.

"കീർത്തന എന്നെ റിജെക്ട്  ചെയ്തപ്പോൾ എന്തോ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി. പിന്നെ ഒന്നും നോക്കിയില്ല"
ഞാൻ അവന്റെ  മുഖത്ത് നോക്കാതെ പറഞ്ഞു.

"ഇവിടെയെത്താൻ വൈകിയാൽ കാണാമായിരുന്നു. ഞങ്ങൾ നെഞ്ചത്ത് കറുത്ത ബാഡ്ജ് കുത്തി നടക്കേണ്ടി വന്നേനെ"
ശരത്തിന്റെ വാക്കുകൾ കുറച്ച് കൂടിപോയെന്ന് തോന്നിയ അനാമിക പുറകിലൂടെ കൈയ്യിട്ട് ശരത്തിനെ പിച്ചി.

" ഞാൻ കീർത്തനയെ ചെന്ന് നോക്കട്ടെ"
പുറത്തേക്കിറങ്ങാൻ തയ്യാറായികൊണ്ട് അനാമിക പറഞ്ഞു.

"കീർത്തന എന്താ ഇവിടെ?"
ഞാൻ ഭയത്തോടെ ചോദിച്ചു.

"നീ  തട്ടി പോയി എന്ന് കേട്ടപ്പോൾ തലകറങ്ങി വീണതാ. അനു... ഇവനെ കുറിച്ച്  നീ പറയണ്ട"
ശരത് അനാമികയെ ചട്ടംകെട്ടി.

ശരത് എന്നോട് നടന്നതെല്ലാം പറഞ്ഞു. അവളുടെ സ്നേഹം അറിഞ്ഞപ്പോൾ ഓടി ചെന്ന് കെട്ടിപ്പിടിക്കാൻ തോന്നിയെങ്കിലും എന്നെ കളിപ്പിച്ചതിന് തിരിച്ചു പണി കൊടുക്കണമെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. പണിയുടെ ആദ്യഭാഗമായി ഞാൻ ശരത്തിനെ കീർത്തനയോട് സംസാരിക്കാൻ പറഞ്ഞ് വിട്ടു. എന്ത് പറയണമെന്നും ഞാൻ പറഞ്ഞു കൊടുത്തു.

ശരത് കീർത്തന കിടക്കുന്ന റൂമിലേക്ക്‌ ചെന്നു. കരഞ്ഞു കലങ്ങിയ കണ്ണുമായി എല്ലാം നഷ്ടമായ പോലെയായിരുന്നു കീർത്തനയുടെ അവസ്ഥ.

"ആർ യൂ  ഓക്കേ?"
 കീർത്തനയുടെ കണ്ണിൽ നോക്കാതെ ശരത് ചോദിച്ചു.

"നോ"
അവൾ പറഞ്ഞു.

"എന്ത് പറ്റി? "
ഒന്നും അറിയാത്ത പോലെ ശരത് ചോദിച്ചു.

"ശ്രീ…"
അവളുടെ കണ്ണുകൾ വീണ്ടും ഈറനണിഞ്ഞു.

"അവനൊന്നും പറ്റിയിട്ടില്ല"
ശരത്തിന്റെ വാക്കുകൾ കീർത്തനയുടെ മുഖത്ത് പുഞ്ചിരി തെളിയിച്ചു. പക്ഷേ ആ സന്തോഷത്തിന് അധികം ആയുസുണ്ടായിരുന്നില്ല.

"എവിടെ?  എവിടെ എന്റെ ശ്രീ?"
കീർത്തനയുടെ വാക്കുകളിൽ അവളുടെ സ്നേഹവും വ്യക്തമായിരുന്നു.

"എന്റെ ശ്രീ പോലും.... അവൻ ഇനി നിന്നെ കാണാൻ വരില്ല. താൻ തമാശക്കാവും അവനെ ശല്യമെന്ന് പറഞ്ഞത്. പക്ഷേ,  അവൻ അത്  തമാശയല്ല. നിന്നെ സ്നേഹിക്കാൻ അവന് കഴിയില്ല എന്ന് പറയാൻ പറഞ്ഞു. പിന്നെ കല്യാണാലോചന അതവൻ മുടക്കിയിട്ടുണ്ട്. തനിക്ക് സന്തോഷമായില്ലേ? നിന്നെ ഒരിക്കലും അവൻ ശല്യം ചെയ്യാൻ വരില്ല. ആഹ്... മറ്റൊന്നും കൂടി പറഞ്ഞു. ഇനി അമ്മ പറയുന്ന ഏത് കുട്ടിയെയും കെട്ടുമെന്ന്" ശരത് ദേഷ്യം നടിച്ചുകൊണ്ട് പറഞ്ഞു.

തന്റെ ഒരു ചെറിയ തമാശ തന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു എന്ന ഞെട്ടലിലായിരുന്നു അവൾ.

"എനിക്ക് ശ്രീയോട് സംസാരിക്കണം… ഒന്നു  സംസാരിച്ചാൽ തീരുന്ന   പ്രശ്നമല്ലേ ഇത്. ഞാൻ സംസാരിക്കാം…"
കീർത്തന പ്രതീക്ഷയോടെ പറഞ്ഞു.

"എന്ത് കാര്യമാണേലും ശ്രീ അവന്റെ തീരുമാനങ്ങൾ നടത്തിയിരിക്കും. അവൻ ജീവനേക്കാൾ വില നൽകുന്നത് പറഞ്ഞ വാക്കിനാണ്. താൻ ഇനി അവനെ കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ട. ശ്രീകുമാർ എന്നൊരാൾ ഇനി തന്റെ ജീവിതത്തിലില്ല"

ഇത് കേട്ട് കീർത്തന  കരയാൻ തുടങ്ങി. തന്റേതെന്ന് മനസ്സിലുറപ്പിച്ച് അത്  നഷ്‌ടമാകുമ്പോഴുള്ള മുഴുവൻ വേദനയും അവളുടെ കണ്ണുനീരിലുണ്ടായിരുന്നു.

ഈ നാടകത്തെ കുറിച്ച് ഞാൻ അവളുടെ ചേട്ടനെ അറിയിച്ചു. നമ്മൾ മൂന്നുപേരുമല്ലാതെ മറ്റാരും ഇത് അറിയരുതെന്ന് ഇരുവരെയും ഞാൻ ചട്ടവും കെട്ടി. അധികനാൾ തന്റെ അനിയത്തിയെ കരയിക്കാൻ താൻ കൂട്ടുനിൽക്കില്ല എന്ന്‌ അവളുടെ ചേട്ടൻ എന്നോട് പറഞ്ഞു.

ഞാനൊരു ഏഴുദിവസത്തേക്ക് അവളെ കളിപ്പിക്കാൻ ഞാൻ തീരുമാനിച്ചു.  കാർത്തിക്കിനോട് (കീർത്തനയുടെ ചേട്ടൻ) അവളുടെ പെരുമാറ്റം നിരീക്ഷിക്കാൻ ഞാൻ ആവശ്യപ്പെട്ടു.

വീട്ടിൽ ചെന്നിട്ടും അവളുടെ അവസ്ഥയിൽ മാറ്റമുണ്ടായില്ല. ആദ്യ രണ്ടുദിവസം ഒറ്റക്കിരുന്ന് കരയുകയായിരുന്നു. പിന്നീട് ചേട്ടനും അച്ഛനും അറിയാതിരിക്കാൻ ചിരിക്കുന്ന പോലെ അഭിനയിച്ചു. ആറാം ദിവസം രാത്രി അവൾ തന്റെ ദുഃഖം കാർത്തിക്കിനോട് പങ്കുവച്ചു.

കാർത്തിക്കിന് ചെയുന്നത് തെറ്റാണെന്ന് തോന്നി. അവൻ എന്നെ ഫോൺ ചെയ്ത് സംസാരിച്ചു.

"എനിക്ക് പറ്റുന്നില്ല. പാവം കീർത്തന... ഓരോ നിമിഷവും ആ പാവം നീറുകയാണ്... അവൾ എന്തെങ്കിലും മണ്ടത്തരം ചെയ്യുമോ എന്നെനിക്ക് നല്ല പേടിയുണ്ട്…. "
കാർത്തിക് അവന്റെ പേടിയെന്നോട് പങ്കുവച്ചു.

"ഭയക്കാനായി ഒന്നുമില്ല. നാളെ രാവിലെ എന്തെങ്കിലും പറഞ്ഞ് കീർത്തനയുമായി സെന്റർ മാളിലേക്ക് വരണം. അവിടെ ഒരു 9.30യോടെ ഞാൻ അവിടെ ഉണ്ടാകും "

ഞാൻ എന്റെ ഐഡിയ കാർത്തിക്കിന് പറഞ്ഞ് കൊടുത്തു.
ഓക്കേ എന്നും പറഞ്ഞ് കാർത്തിക് കാൾ അവസാനിപ്പിച്ചു.

പറഞ്ഞപോലെ ഷോപ്പിംഗിന്റെ പേരിൽ കാർത്തിക് കീർത്തനയുമായി മാളിൽ വന്നു. അവിചാരിതം എന്ന്‌ കീർത്തനക്ക് തോന്നുന്നപോലെ ഞാനും കാർത്തിക്കും കണ്ടുമുട്ടി.

"ശ്രീയെന്താ ഇവിടെ?"
കാർത്തിക് എന്നോട് തിരക്കി.

ഞാൻ ഒരു വെഡിങ് കാർഡ് നോക്കാൻ വന്നതാ എന്ന് പറഞ്ഞുകൊണ്ട് ഞാൻ കൈയിലുള്ള കാർഡ് ഉയർത്തി കാണിച്ചു.

കീർത്തന എന്നെ നോക്കി നിൽപ്പുണ്ടായിരുന്നു. പക്ഷേ ഞാൻ അവളെ നോക്കുകയോ ചിരിക്കുകയോ എന്തിന് അവിടെ അവളുണ്ടെന്നുപോലും അറിയാത്ത പോലെ നിന്നു.

"ഞങ്ങളുടെ കല്യാണമല്ലാതെ മറ്റൊരു കല്യാണമോ? ആരുടെ കല്യാണം?"
സംശയം ഭാവിച്ചു കൊണ്ട് കാർത്തിക് ചോദിച്ചു.

"എനിക്ക് തന്നെ..."
എന്റെ മറുപടി കേട്ട് കീർത്തന ഞെട്ടി. അവളുടെ മുഖത്ത് കാർമേഘം വന്ന് മൂടി. കണ്ണുകൾ നിറഞ്ഞു. ആരും കാണാതെ  കണ്ണുനീരവൾ തുടച്ചു.

"കല്യാണം ഫിക്സ് ചെയ്തോ? ലക്ഷ്മി എന്നോട് പറഞ്ഞില്ലലോ..."
കാർത്തിക്കിന്റെ ചോദ്യത്തിന് ഞാൻ ചിരിയിലൂടെ മറുപടി നൽകി.

"പെണ്ണ് എവിടെ നിന്നാണ്?"
കരയുന്ന കീർത്തനയുടെ തോളിൽ തട്ടിക്കൊണ്ട് കാർത്തിക് ചോദിച്ചു.

"റിലേറ്റിവാണ്. ബാക്കിയെല്ലാം കാർഡിലുണ്ട്"
ഞാൻ കാർഡ്  കാർത്തിക്കിന് കൈമാറി.

"നല്ല കാർഡ്. എന്താടി ഒന്നും മിണ്ടാതെ നിൽക്കുന്നത്. നോക്ക് നിന്റെ കല്യാണത്തിന് ഇതുപോലുള്ള കാർഡ് മതിയോ?"
കാർത്തിക് കാർഡ് കീർത്തനക്ക് നേരെ വെച്ചുനീട്ടി. വിറക്കുന്ന കൈകളാൽ കീർത്തന അത് തുറന്നു വായിക്കാൻ തുടങ്ങി. പെട്ടന്ന് അവളുടെ കണ്ണുകൾ വിടർന്നു. കത്തിൽ വധുവിന്റെ പേര് അവൾ ഒരിക്കൽകൂടി വായിച്ചു-"കീർത്തന"

അവൾ അവിടെ നിന്നും ഒന്നും പറയാതെ  തിരിഞ്ഞ് നടക്കാൻ തുടങ്ങി. എന്താണ് അവൾക്ക് പറ്റിയതെന്ന് എനിക്കും കാർത്തിക്കിനും മനസിലായില്ല. പെട്ടന്ന് കീർത്തന തിരിച്ച് വന്ന്‌ കാർത്തിക്കിനെ വിളിച്ചു കൊണ്ട് പോവാൻ ശ്രമിച്ചു.

"രണ്ട് കത്തുകൂടി കൊടുക്കാനുണ്ട്‌. ചേട്ടന് വരാൻ പറ്റുമോ? അതോ ഞാൻ ഓട്ടോയിൽ പോണോ?" 
കീർത്തനയുടെ വാക്കുകളിലും കണ്ണിലും ദേഷ്യം നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.

"എനിക്ക് കുറച്ച് പണിയുണ്ട്. ശ്രീ വരും നിന്റെ കൂടെ"

കാർത്തിക് ഇല്ലാത്ത ആവശ്യങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറി.
അവൾ ഒന്നും പറയാതെ ദേഷ്യത്തോടെ കാറിനടുത്തേക്ക് നടന്നു.
യാത്രക്കിടയിൽ പലതവണ ഞാൻ സംസാരിക്കാൻ ശ്രമിച്ചെങ്കിലും കീർത്തന മറുപടിയൊന്നും തന്നില്ല.

ആദ്യം അവളുടെ ഒരു ബന്ധുവിന്റെ വീട്ടിലേക്കാണ് പോയത്. ഞാൻ ആരാണെന്ന് ചോദിച്ചപ്പോൾ കല്യാണപെണ്ണിന്റെ ചേട്ടൻ ആണെന്ന് മാത്രമായിരുന്നു അവളുടെ മറുപടി. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു.

കാറിൽ കയറിയപ്പോൾ ദേഷ്യത്തോടെ ഞാൻ അവളോട് പെരുമാറി. അതിന് അവളുടെ ഭാഗത്തുനിന്ന് കിട്ടിയ മറുപടി എന്നെ ഭയപ്പെടുത്തി.

"ജീവിതത്തെ തമാശയായി കാണുന്ന... എന്റെ കണ്ണു നീരിൽ സന്തോഷം കണ്ടെത്തുന്ന ഒരാളോടൊപ്പം എനിക്ക് ജീവിക്കണ്ട...."

 ആ വാക്കുകൾ എന്റെ ഹൃദയം തകർക്കാൻ ശേഷിയുള്ളതായിരുന്നു.
അടുത്തത് അവളുടെ ഒരു കൂട്ടുകാരിയുടെ വീട്ടിലേക്കായിരുന്നു. അവിടെ നിന്നും അതേ ചോദ്യം തന്നെ ഉയർന്നു.

"ആരാ ഇത്?"

"ഇത് ശ്രീകുമാർ IPS... ചേട്ടൻ കെട്ടാൻ പോവുന്ന പെണ്ണിന്റെ ചേട്ടനാണ്. പിന്നെ ഞങ്ങളുടെ കല്യാണം ഉറപ്പിച്ചു"

കീർത്തനയുടെ വാക്കുകൾ എന്നെ ശരിക്കും ഞെട്ടിച്ചു. ഒരുനിമിഷം ഞാൻ അനങ്ങാതെ ഞെട്ടിത്തരിച്ചിരുന്നു.
തിരിച്ചുപോന്നപ്പോൾ ഞാൻ ഒന്നും ചോദിക്കാതെ തന്നെ എന്റെ ചോദ്യങ്ങൾക്കവൾ ഉത്തരം തന്നു.

"എന്നെ തീ തീറ്റിച്ച  തന്നെ വെറുതെ വിടാൻ പറ്റുമോ? താൻ എന്താ വിചാരിച്ചത് തനിക്ക് മാത്രമേ അഭിനയിക്കാൻ കഴിയൂ എന്നോ?  ഞാൻ കോളേജിലെ ബെസ്റ്റ്  ആക്ട്രെസ്സ്   ആയിരുന്നു മോനെ ശ്രീക്കുട്ടാ..."
 കീർത്തന എന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.
         *****************************
പത്രം വായിച്ചുകൊണ്ടിരിക്കുമ്പോൾ അമ്മയും അച്ഛനും എന്റെ അടുത്ത് വന്ന് എന്നോട് ചോദിച്ചു.

"ഇന്ന് എന്താ പരുപാടി?"

"പറയാൻ മാത്രമൊന്നുമില്ല. ലക്ഷ്മി ചെല്ലാൻ പറഞ്ഞിട്ടുണ്ട്"
ഞാൻ പത്രം മടക്കിവെച്ച ശേഷം പറഞ്ഞു.

"എന്നാപ്പിന്നെ ഡ്രസ്സ് മാറ്റ്. ഒരു ചടങ്ങുണ്ട്. ഒരു ചന്ദനക്കുറി കൂടി വേണം"
അമ്മ അച്ഛന് ചായ കൊടുത്തുകൊണ്ട് പറഞ്ഞു.

"സ്ഥലം എവിടെയാ?"
ഞാൻ വെറുതെ തിരക്കി.

" അത് പറഞ്ഞില്ലെങ്കിൽ നീ വരില്ലേ?  പോയി ഡ്രസ് മാറിട്ട് വാ നീ..."
അച്ഛൻ ദേഷ്യത്തോടെ എന്നോട് പറഞ്ഞു.

ഡ്രൈവറോട് പറയുന്ന പോലെ രണ്ടുപേരും എന്നോട് വഴി പറഞ്ഞുകൊണ്ടേയിരുന്നു.
പിന്നെയാണ് കാര്യം മനസിലായത് എന്നെ പെണ്ണുകാണിക്കാൻ കൊണ്ടുവന്നതാണ്.

"എന്താ അമ്മേ ഇവിടെ ?"
പുറത്തേക്ക് നോക്കിക്കൊണ്ട് ഞാൻ ചോദിച്ചു.

"ഒരു ചടങ്ങുണ്ട്..."
എന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു.

" എന്ത് ചടങ്ങ് ?"
അമ്മയുടെ കൈ തട്ടി മാറ്റിയശേഷം ഞാൻ ചോദിച്ചു. കാര്യം ഏതാണ്ട് മനസിലായിട്ടും ഒന്നുമറിയാത്ത പോലെയാണ് ഞാൻ പെരുമാറിയത്.

"അതിപ്പോ എന്ത് പറയാനാണ്? ഒരു പെണ്ണുകാണൽ"
 അച്ഛൻ നിസ്സാരമായി കാര്യം അവതരിപ്പിച്ചു.

"ആരെ? കീർത്തനയെയാണോ അമ്മ ഉദ്ദേശിക്കുന്നത് ? "
ഞാൻ ഒന്നും അറിയാത്തപോലെ അച്ഛനോടും അമ്മയോടും സംസാരിച്ചു.

"അല്ലാതെ വേറെയാരെ? ഏത് കല്യാണക്കാര്യം പറഞ്ഞാലും നീ  ഒഴിഞ്ഞുമാറും. അതുകൊണ്ടാ ഇങ്ങനെ ചെയ്യേണ്ടിവന്നത്"
 അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.

"എനിക്കിഷ്ടമല്ലെന്നു  പറഞ്ഞാലോ...എന്ത് ചെയ്യും? ചിലപ്പോൾ ആ കുട്ടിക്ക് എന്നെ ഇഷ്ടമല്ലെങ്കിലോ ?"
ഞാൻ അമ്മയെ ദേഷ്യം പിടിപ്പിക്കാൻ എന്നപോലെ ചോദിച്ചു.

"മോൾക്ക്‌ നിന്നെ ഇഷ്ടമാണ്. ഇനി നീ കല്യാണത്തിന് സമതിച്ചില്ലെങ്കിൽ പിന്നെ നീ എന്നെ കാണില്ല...."
അമ്മ എന്നെ വരുതിയിലാക്കാൻ ശ്രമിച്ചു.

അവളെ സ്വന്തമാക്കാൻ കാത്തിരിക്കുകയാണെങ്കിലും അമ്മയുടെ മുന്നിൽ കടന്നൽ കുത്തിയ മുഖത്തോടെ ഞാൻ ഇരുന്നു.

"എന്നെ പൂട്ടാൻ തീരുമാനിച്ചു കഴിഞ്ഞല്ലേ…. പോലീസുകാർക്ക് ഇതൊന്നും സെറ്റാവില്ല. പറയുന്നത് മനസ്സിലാക്കാൻ ശ്രമിച്ചൂടെ? ..." ഞാൻ ഒരു കുട്ടിയെപ്പോലെ സംസാരിച്ചു.

"പിന്നെ, പോലീസുകാർ കെട്ടാൻ പാടിലെന്ന് ഏതേലും പുസ്തകത്തിൽ പറയുന്നുണ്ടോ ... മര്യാദക്ക് ഇറങ്ങാൻ നോക്ക്...."
എന്ന് പറഞ്ഞുകൊണ്ട് അമ്മയും അച്ഛനും കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങി.

ഞങ്ങൾ അവളുടെ വീട്ടിലേക്ക് കയറി. കുറച്ചുനേരം കാർത്തിക്കിനോടും അവളുടെ അച്ഛനോടും  സംസാരിച്ചിരുന്നു. ശേഷം അവളവിടേക്ക് പതിയെ വന്നു.

കീർത്തനയെ സാരിയിൽ ആദ്യമായാണ് ഞാൻ കാണുന്നത്. ഒരുനിമിഷം ഞാനങ്ങനെ അവളെ തന്നെ നോക്കി ഇരുന്നു പോയി. അത്രക്ക് സുന്ദരിയായിരുന്നു അന്ന്  അവളെ കാണാൻ. അവൾ എനിക്കുനേരെ ചായ നീട്ടി.

ചായ കുടിച്ചുകഴിഞ്ഞ് സംസാരിക്കാനായി ഞങ്ങളെ വീടിന്റെ പുറത്തേക്കുവിട്ടു. വീടിന് പുറത്തായി ഒരു ബെഞ്ചുണ്ടായിരുന്നു. ഞങ്ങൾ അവിടെ ഇരുന്നു.

"എനിക്ക് തന്നോട് കുറച്ചു സംസാരിക്കാനുണ്ട്"

എന്റെ വാക്കുകളിൽനിന്നും എന്റെ മുഖത്തുനിന്നും ഞാൻ പറയാൻ പോവുന്നത് തമാശ അല്ലെന്ന് കീർത്തന തിരിച്ചറിഞ്ഞു.

" പറയുന്ന കാര്യങ്ങളിൽ എന്തെങ്കിലും തനിക്ക് ശരിയല്ലെന്ന് തോന്നിയാൽ എല്ലാം നമുക്ക് ഇവിടെ അവസാനിപ്പിച്ച് ചിരിച്ചുകൊണ്ട് പിരിയാം"

എന്റെ വാക്കുകൾ കീർത്തനയിൽ ഭയം ജനിപ്പിച്ചു. അവളുടെ ഭയം മുഖത്ത് വ്യക്തമായിരുന്നു.

"എന്റെ അച്ഛനും അമ്മയുമാണ് എനിക്കെല്ലാം. അവർ താൻ കാരണം വിഷമിക്കേണ്ടി വരരുത്. അവരില്ലാതെ നമ്മൾ മാത്രമുള്ള ഒരു ജീവിതമാണ് തന്റെ സ്വപ്നമെങ്കിൽ  ഈ കല്യാണം വേണ്ടെന്ന് വെക്കാം. ഞാൻ എപ്പോൾ വീട്ടിൽ നിന്നും  പോവും വരും എന്നൊന്നും പറയാൻ പറ്റില്ല. ചിലപ്പോൾ സംസാരിക്കാൻ കൂടി പറ്റിയെന്ന് വരില്ല. മറ്റുള്ളവരെ പോലെ രാവിലെ ജോലിക്ക് പോയി വൈകുന്നേരം അഞ്ചുമണിക്ക് വരുന്നവരല്ല പോലീസ്. ഇതെല്ലാം മനസ്സിലാക്കി സഹിക്കാൻ കഴിയുമെങ്കിൽ മാത്രം യെസ്  പറഞ്ഞാൽ മതി"
 ഗൗരവത്തോടെ ഞാൻ പറഞ്ഞു.

Click Here for next part... 

രചന: ശ്രീജിത്ത്‌ ജയൻ

വയസ്സ് 17 മാത്രമേ ആയിട്ടുള്ളു അതുകൊണ്ട് പ്രേമം എഴുതിയുണ്ടാക്കാൻ കുറച്ച് അനുഭവകുറവുണ്ട്  ,എല്ലാവരും സഹകരിക്കുക . അഭിപ്രായങ്ങൾ അറിയിക്കാൻ മടിക്കരുത് .😄😄😄


കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top