അഞ്ജനമിഴികളിൽ, Part 9

Valappottukal
അഞ്ജനമിഴികളിൽ❣️
ഭാഗം- 9

"അഞ്ജനാ... നീ ഇങ്ങനെ ദേഷ്യപ്പെടാതെ... ഞാൻ പറയാം. എനിക്ക് നിന്നെ...."

"വേണ്ട അർജുൻ... എനിക്ക് ഇനി ഒന്നും കേൾക്കണമെന്നില്ല..."

"കേട്ടേ പറ്റുള്ളു..."
അർജുൻ ഉടനെ ചെന്ന് ഡോർ ലോക്ക് ചെയ്തിട്ട് വന്നു.

"നീ സൂരജിനെ വെറുക്കാൻ എനിക്ക് അന്ന് അതേ ഉള്ളായിരുന്നു വഴി..."

"അപ്പോൾ അർജുന് എന്നെ നേരത്തെ അറിയാമായിരുന്നല്ലേ??"
എങ്കിൽ എന്നോട് പറഞ്ഞാൽ പോരായിരുന്നോ? എന്തിനാ എന്റെ അച്ഛനെ വിളിച്ച് വേണ്ടാത്തതൊക്കെ പറയാൻ പോയേ?"

"ഞാൻ വേണ്ടാത്തതൊന്നും അച്ഛനോട് പറഞ്ഞിട്ടില്ല. നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണെന്നും കല്യാണം ആലോചിച്ച് വന്നാൽ എതിരൊന്നും പറയരുതെന്നുമാണ് ഞാൻ പറഞ്ഞെ. അത്രയും പറഞ്ഞപ്പോൾ തന്നെ അച്ഛൻ കാൾ കട്ട്‌ ചെയ്തു. നിന്നോട് അതിനെ പറ്റി ചോദിച്ചപ്പോൾ നീ സൂരജ് ആണെന്ന് തെറ്റിദ്ധരിച്ചു. അവനോട് നീ അകലാൻ അത് മാത്രം മതിയായിരുന്നു. പക്ഷേ,  അത്രയും ദിവസം അച്ഛൻ നിന്നോട് മിണ്ടാതെ ഇരിക്കുമെന്ന് ഞാൻ വിചാരിച്ചില്ല... സൂരജും അച്ചുവും ഇഷ്ടത്തിലായിരുന്ന സമയമായിരുന്നു അത്. അല്ലാതെ നീ അവന്റെയൊപ്പം ബൈക്കിൽ കറങ്ങാൻ പോയ കാര്യമൊന്നും ഞാൻ പറഞ്ഞിട്ടില്ല..."

അർജുൻ പറഞ്ഞതെല്ലാം കേട്ട് അഞ്ജന ഒന്നും മിണ്ടാനാകാതെ നിന്നു.

"നിന്നോട് ഇതെല്ലാം പതിയെ പറയണമെന്നുണ്ടായിരുന്നു.  പക്ഷേ,  അതിന് മുൻപ് നിന്നോട് ഇതെല്ലാം ആരാ പറഞ്ഞതെന്ന് എനിക്കറിയില്ല"

ഇത്രയും പറഞ്ഞുകഴിഞ്ഞ് അവൻ റൂമിൽ നിന്നും പോയി. അവൾ കരഞ്ഞുകൊണ്ട് കട്ടിലിൽ ഇരുന്നു.

അർജുന് ഇതൊക്കെ എന്നോട് നേരത്തെ പറയാമായിരുന്നു... സൂരജിൽ നിന്നും ഇതൊക്കെ അറിഞ്ഞപ്പോൾ എന്തോ പോലെ... അപ്പോൾ അർജുന് എന്നെ അന്നേ ഇഷ്ടമായിരുന്നു... അല്ലേ??  എന്നിട്ട് ഒരിക്കൽ പോലും എന്റെ മുന്നിൽ വന്നില്ലാലോ... എന്നാലും അച്ഛന്റെ നമ്പർ എങ്ങനെ കിട്ടി?
കലങ്ങിയ മിഴികളും മനസ്സുമായി അഞ്ജന ബെഡിലേക്ക് ചാഞ്ഞു...  അർജുൻ ബാൽക്കണിയിൽ ചെന്ന്  നിന്നു. അവന്റെ കണ്ണും നിറഞ്ഞിരുന്നു. യദു അവിടെ അവനെ അന്വേഷിച്ചു വന്നു. കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ അവൻ അർജുനെ സമാധാനിപ്പിച്ചു.

ഉച്ചക്ക് ഊണ് കഴിക്കാൻ അർജുൻ വന്ന് വിളിച്ചെങ്കിലും അവൾ ഒന്നും മിണ്ടിയില്ല. വിളിച്ചിട്ട് കാര്യമില്ലെന്ന് തോന്നിയപ്പോൾ അവൻ തിരികെ പോയി. പിന്നെ,  മീനാക്ഷി വന്നു വിളിച്ചപ്പോൾ അവൾ അവരുടെയൊപ്പം താഴേക്ക് ചെന്നു. അർജുൻ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു.

"മോള് ഇരിക്ക്... ആഹ് അതിനു  മുൻപ് പോയി മുഖം കഴുകിക്കേ... മുഖമാകെ ഒരു ക്ഷീണം. മോൾക്ക് വയ്യായ്ക ഒന്നും ഇല്ലാലോ അല്ലേ?"
അഞ്ജന ഇല്ലെന്ന് തലയാട്ടി. അവൾ പോയി മുഖം കഴുകി കഴിക്കാൻ ഇരുന്നു. ആ സമയം പദ്മിനി അവിടേക്ക് വന്നു.

"നിന്റെ മരുമോളെന്താ മീനാക്ഷി നമ്മളോടൊന്നും മിണ്ടില്ലേ?"

"അവൾക്ക് നിങ്ങളെ അറിയാത്തോണ്ടാ ചേച്ചി..."

"ഹ്മ്മ്... നേരത്തെ താഴെ വന്നിട്ടും നമ്മളെയൊന്നും മൈൻഡ് ചെയ്തതേ ഇല്ല. മ്മ്... കഴിക്ക് കഴിക്ക്..."

അഞ്ജന ആരുടെയും മുഖത്ത് നോക്കാതെ ഇരുന്ന് ഭക്ഷണം കഴിച്ചു. പക്ഷേ, അവൾ അത് പകുതിയിൽ വെച്ച് അവസാനിപ്പിച്ച് എണീറ്റു. മീനാക്ഷി ചോദിച്ചപ്പോൾ തലവേദനയാ എന്നും പറഞ്ഞ് മുറിയിലേക്ക് പോയി. അർജുനും പകുതിക്ക് വെച്ച് അവസാനിപ്പിച്ച് അവളുടെ അടുത്തേക്ക് ചെന്നു.

"അഞ്ജനാ... എന്നോട് ദേഷ്യമാണോ? അഥവാ ഉണ്ടെങ്കിൽ അത് ഭക്ഷണത്തോട് കാണിക്കുന്നത് എന്തിനാ?"

അവൻ അഞ്ജനയുടെ കയ്യിൽ പിടിച്ചപ്പോൾ അവൾ തട്ടിമാറ്റിക്കൊണ്ട് ഡ്രസ്സിങ് റൂമിൽ കയറി വാതിൽ അടച്ചു. അവളുടെ ദേഷ്യം മാറാൻ എന്താ ചെയ്യേണ്ടേ എന്നറിയാതെ അർജുൻ അവിടെ തന്നെ നോക്കി നിന്നു. മീനാക്ഷി വന്ന് അവനെ വിളിച്ചപ്പോൾ താഴേക്ക് പോയി. അർജുന്റെ മുഖഭാവമൊക്കെ സൂര്യയും സൂരജും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
വൈകുന്നേരം കോളേജിൽ നിന്നും അരുൺ വീട്ടിൽ വന്നപ്പോൾ ഒരു ആൽബവും എടുത്തുകൊണ്ട് അഞ്ജനയുടെ അടുത്തേക്ക് ചെന്നു.

"ഹെലോ ഏട്ടത്തി... അങ്ങോട്ട് വരാലോ അല്ലേ?"
അഞ്ജന അരുണിനെ നോക്കി ചെറുതായൊന്നു പുഞ്ചിരിച്ചു.

"ഞാൻ ഏട്ടത്തിക്ക് ഞങ്ങളുടെ ആൽബം കാണിക്കാൻ വന്നതാ... കോളേജിൽ പോയപ്പോഴാ ഓർമ വന്നത്. ദേ ഇതിൽ ഏട്ടന്റെ പഴയ ഫോട്ടോസൊക്കെ ഉണ്ട്"
അവൻ അവൾക്ക് അർജുന്റെ പഴയകാല  ഫോട്ടോസ് കാണിച്ചു കൊടുത്തു.

"കണ്ടോ... ഇത് ഡിഗ്രി ഫസ്റ്റ് ഇയർ പഠിച്ചുകൊണ്ടിരുന്ന സമയത്ത് ഉള്ളതാ... ഏട്ടന് പണ്ട് ഇപ്പോൾ കാണുന്നത് പോലെ സിക്സ് പാക്ക് ഒന്നും ഇല്ലായിരുന്നു. ഏട്ടൻ ഇപ്പോൾ ഒരുപാട് മാറി. നല്ല സ്റ്റൈൽ ആയി. എന്റെ കൂടെ പഠിക്കുന്ന എത്ര പെൺപിള്ളേർ ഏട്ടനെ ലൈൻ അടിക്കാൻ നോക്കിയിട്ടുണ്ട് എന്നറിയോ.. പിന്നെ, ഏട്ടത്തി ആ സൂര്യയോട് മിണ്ടാനൊന്നും പോകണ്ട കേട്ടോ... ആളത്ര ശെരിയല്ല"

"ഹ്മ്മ്..."

"ചേച്ചി ഇരുന്ന് നോക്കിക്കോ.. ഞാൻ പോകുവാ... എനിക്കൊരു അസൈൻമെന്റ് എഴുതാൻ ഉണ്ട്"
എന്നും പറഞ്ഞ് അരുൺ പോയി. അഞ്ജന ആ ഫോട്ടോസിലേക്ക് തന്നെ നോക്കിയിരുന്നു.

ഈ മുഖം... ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ... അതോ എനിക്ക് തോന്നുന്നതോ...

അവൾ ആൽബത്തിലെ എല്ലാ ഫോട്ടോസും മാറി മാറി നോക്കി. അപ്പോഴാണ് സൂര്യ അങ്ങോട്ടേക്ക് വന്നത്.

"ആഹാ... നീ ഇവിടെ ആൽബം നോക്കി ഇരുപ്പാണോ? അല്ലാ... ഞങ്ങളുടെ ഫോട്ടോസ് കണ്ടിട്ട് നിനക്കെന്ത് തോന്നുന്നു? എനിക്കറിയാം... നിനക്കത് ഒരുപാട് വിഷമം ഉണ്ടാക്കികാണുമെന്ന്... അർജുൻ എന്താ എന്നെ മറന്നിട്ട് നിന്നെ മാരേജ് ചെയ്തേ എന്നനിക്കറിയില്ല. ഹാ... അവന് എന്നെക്കൊണ്ടുള്ള ആവശ്യം കഴിഞ്ഞല്ലോ... ഇനി നീ തീരുമാനിക്ക് അർജുന്റെയൊപ്പം ജീവിക്കണോ വേണ്ടയോ എന്ന്..."

ഇത്രയും പറഞ്ഞ് സൂര്യ ഒരു കള്ളച്ചിരിയോടെ റൂമിൽ നിന്നും പോയി. ഇതൊക്കെ കേട്ട് ദേഷ്യത്താൽ അഞ്ജനയുടെ കണ്ണൊക്കെ ചുവന്നു. അവൾ ഉടനെ എണീറ്റ് വേസ്റ്റ് ബിന്നിൽ കളഞ്ഞ സൂര്യയുടെയും അർജുന്റെയും ഫോട്ടോസെല്ലാം എടുത്ത് താഴേക്ക് ചെന്നു. അപ്പോഴേക്കും അരവിന്ദൻ എന്തോ അത്യാവശ്യകാര്യത്തിന് ഓഫീസിൽ നിന്നും വന്ന സമയമായിരുന്നു അത്. അഞ്ജന ആ ഫോട്ടോസൊക്കെ ഡൈനിങ്ങ് ടേബിളിലേക്ക് അലക്ഷ്യമായി എറിഞ്ഞു.

"അച്ഛാ... എന്താ ഇതൊക്കെ?"
അവളുടെ ശബ്ദം ഉയർന്നപ്പോൾ ബാക്കി എല്ലാവരും അവിടേക്ക് വന്നു.

"എന്താ മോളെ?"

"അച്ഛൻ ഈ ഫോട്ടോസൊക്കെ നോക്കിക്കേ..."

അർജുന്റെയും സൂര്യയുടെയും ഫോട്ടോസൊക്കെ നോക്കിയിട്ടും എന്താ കാര്യമെന്ന് മനസ്സിലാകാതെ അരവിന്ദൻ അഞ്ജനയുടെ മുഖത്തേക്ക് നോക്കി.

"ഈ ഫോട്ടോസൊക്കെ എന്റെ കയ്യിൽ തന്നിട്ട് ഇവൾ പറയാ,  ഇവളും അർജുനും തമ്മിൽ എല്ലാം കഴിഞ്ഞുവത്രേ... കല്യാണം മാത്രം കഴിച്ചില്ല എന്നൊക്കെ... ആഹ്... ഒന്നും കൂടി പറഞ്ഞു. ഇനി ഞാൻ അർജുന്റെയൊപ്പം ജീവിക്കണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കാൻ... അർജുനോട് ഇതിനെ പറ്റി ചോദിച്ചപ്പോൾ ഫ്രണ്ട്സ് മാത്രമായിരുന്നു എന്നാ പറഞ്ഞെ. അച്ഛന് ഇതിനെ പറ്റി വല്ലതും അറിയോ?  എങ്കിൽ പറയ് അച്ഛാ... പ്ലീസ്..."

ഇതൊക്കെ കേട്ട് അരവിന്ദൻ ദേഷ്യത്തോടെ സൂര്യയെ നോക്കി. അവളാണേൽ ആകെ കിളി പോയി നിൽക്കുവാണ്. അഞ്ജന എല്ലാവരുടെയും മുമ്പിൽ വെച്ച് ഈ ഫോട്ടോസൊക്കെ കാണിക്കുമെന്ന് അവളൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. അർജുനും അഞ്ജനയുടെ പെരുമാറ്റം കണ്ട് അമ്പരന്നു പോയി.

"സൂര്യേ... എന്താ ഈ കേട്ടതൊക്കെ?  അഞ്ജന മോള് പറഞ്ഞതൊക്കെ ശെരിയാണോ? അർജുനെ എനിക്കറിയാം... അവനൊന്നും അങ്ങനെ ചെയ്യില്ലെന്ന്. അർജുന്റെ പേരിൽ നീ ഒരു പ്രൊപ്പോസലുമായി വന്നത് എനിക്കോർമ്മയുണ്ട്. അവന് താല്പര്യമില്ലാത്തതിനാൽ ആ കേസ് വിട്ടതാണ്. പിന്നെ എന്തിനാ നീ ഇങ്ങനെയൊക്കെ പറയാൻ പോയത്?"

"അത് അങ്കിൾ... ഞാൻ... ഞാനൊരു തമാശക്ക് വേണ്ടിയാ അഞ്ജനയോട് അങ്ങനെയൊക്കെ... ജസ്റ്റ്‌ ഒന്നു ടെൻഷനടിപ്പിക്കാൻ... പിന്നെ,  ഇവൻ ഞങ്ങളെയൊന്നും കല്യാണം വിളിച്ചില്ലാലോ... അതിനൊരു ചെറിയ ഡോസ്. അത്രയേ ഞാൻ കരുതിയുള്ളു"

"ഇതാണോ തമാശ? പിന്നെ,  കല്യാണം വിളിച്ചില്ലെന്ന് ആര് പറഞ്ഞു? സത്യനാഥിനെ ഞാൻ വിളിച്ചിരുന്നു. അല്ലേ സത്യാ? നീ മറന്നുപോയതല്ലേ..."

സൂര്യ ഉടനെ സത്യനാഥിനെ നോക്കി. അയാൾ തലകുമ്പിട്ടു നിന്നു.

"മോളെ... ഇതൊക്കെ അങ്ങ് മറന്നേക്ക്. സൂര്യയോട് ഇപ്രാവശ്യം മാത്രം മോളൊന്നു ക്ഷമിച്ചേക്ക്..."

അരവിന്ദൻ അങ്ങനെ പറഞ്ഞപ്പോൾ സൂര്യയെ ഒന്നു തറപ്പിച്ച് നോക്കിയിട്ട് അഞ്ജന തിരികെ റൂമിലേക്ക് പോയി.

"ഡി സൂര്യേ... ഒന്നു ഇങ്ങ് വന്നേ..."
പദ്മിനി സൂര്യയെ അവിടെ നിന്നും മാറ്റി നിർത്തി.

"നിന്റെ ഡാഡി ഇവിടെ വന്നപ്പോഴാ അർജുന്റെ കല്യാണക്കാര്യം പറയാൻ വേണ്ടി വിളിച്ചിരുന്നു എന്ന് പറഞ്ഞെ. പിന്നെ, ഇതറിഞ്ഞാൽ നീ ദേഷ്യപ്പെടുമോ എന്ന് കരുതിയാ ഞങ്ങൾ നിന്നോട് ഇതുവരെ പറയാതെ ഇരുന്നത്. നിനക്ക് വല്ല ആവശ്യവും ഉണ്ടായിരുന്നോ അവളുടെ മുന്നിൽ  ഫോട്ടോസൊക്കെ കൊണ്ടുപോയി കാണിക്കാൻ?? കണ്ടിട്ട് ആ പെണ്ണ് അത്ര പാവമൊന്നുമല്ല. ഈ കാര്യം എല്ലാവരെയും അറിയിച്ചപ്പോൾ എനിക്കത് ഉറപ്പായി. അവളോട് പെരുമാറുമ്പോൾ വളരെ സൂക്ഷിക്കണം. കേട്ടല്ലോ?? ഇനി ഇതുപോലെ എന്തേലും അബദ്ധം കാണിച്ചാൽ എന്റെയിൽ നിന്ന് തല്ലു മേടിക്കും നീ. ഓർത്തോ..."
എന്നും പറഞ്ഞ് പദ്മിനി അവളെ തള്ളിമാറ്റിക്കൊണ്ട് പോയി. സൂര്യ സങ്കടത്തോടെ സൂരജിന്റെ അടുത്തേക്ക് ചെന്നു.

രാത്രി മീനാക്ഷി വന്നു വിളിച്ചിട്ട് പോലും ഭക്ഷണം കഴിക്കാൻ അഞ്ജന ചെന്നില്ല. അതുകൊണ്ട് അർജുനും ഒന്നും കഴിച്ചില്ല. അവൾ ഒരേ ആലോചനയിലായിരുന്നു. തൊട്ടടുത്ത് അവൻ വന്നിരുന്നിട്ടും അവളവനെ മൈൻഡ് ചെയ്തതേ ഇല്ലാ. അഞ്ജനയുടെ മൗനം അവനെ വല്ലാതെ ഉലച്ചു. ഒന്നും മിണ്ടാതെ അർജുൻ ബാൽക്കണിയിലേക്ക് തന്നെ പോയി നിന്നു. അവിടേക്ക് വരുന്ന ഇളംങ്കാറ്റൊന്നും അവന്റെ മനസ്സിനെ ആശ്വസിപ്പിച്ചില്ല. പെട്ടന്ന്  അവൻ വാട്ട്‌സാപ്പ് ഓപ്പൺ ചെയ്ത് ഒരാൾക്ക്  മെസ്സേജ് അയച്ചു. ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞതും അവനൊരു കാൾ വന്നു.

"ഹെലോ... ഡാ ഞാനിപ്പോഴാ ഫ്രീ ആയത്. അമ്മയുടെ  ബന്ധത്തിലെ ഒരു കല്യാണം. ഞാൻ നിന്നോട് പറഞ്ഞിരുന്നല്ലോ... ഫോണിൽ ചാർജ് നല്ല കുറവായിരുന്നു. ചാർജ് ഉണ്ടോ എന്ന് നോക്കാതെയാ എടുത്തുകൊണ്ട് പോയേ... ഇപ്പോൾ വീട്ടിൽ വന്നിട്ട് ചാർജ് ചെയ്തേ ഉള്ളു.  അതാ നീ മിസ്സ്ഡ് കാൾ അടിച്ചിട്ട് പോലും തിരിച്ചു വിളിക്കാതെ ഇരുന്നേ... നീ വിഷമിക്കണ്ട. നമുക്ക് ഓക്കേ ആക്കാം..."

"ഹ്മ്മ്..."

അവരുടെ സംഭാഷണം തുടർന്നുകൊണ്ടേയിരുന്നു... അർജുനെ കാണാത്തതിനാൽ അഞ്ജന അവനെ അന്വേഷിച്ചു താഴേക്ക് പോയി. താഴെയില്ലെന്ന് മനസ്സിലാക്കിയപ്പോൾ അവൾ തിരികെ റൂമിലേക്ക് പോയി. അപ്പോഴാണ് ബാൽക്കണിയിൽ ചെന്ന് നോക്കാമെന്ന് മനസ്സ് പറഞ്ഞത്. അവൾ അവിടെ ചെന്നുനോക്കിയപ്പോൾ അർജുൻ ഫോണിൽ സംസാരിക്കുന്നത് കണ്ടു. അഞ്ജന ഉടൻ തിരികെ പോകാനൊരുങ്ങി. പെട്ടന്ന് ഒരാളുടെ പേര് കേട്ട് അവൾ ഞെട്ടി നിന്നു.

"അമലൂ... നീ സോൾവ് ആക്കുമെന്ന് ഉറപ്പല്ലേ?  ഓക്കേ,  താങ്ക്സ് ഡി... ഗുഡ് നൈറ്റ്‌..."

അമലു?? അമലേന്ദുവാണോ?!അർജുന് എങ്ങനെ അമലേന്ദുവിനെ അറിയാം?! ഓഹോ... അപ്പോൾ അവർ തമ്മിൽ അറിയാമായിരുന്നോ?! അച്ഛന്റെ നമ്പർ എങ്ങനെ കിട്ടിയെന്ന് ഇപ്പോൾ മനസ്സിലായി. എന്നാലും അമലു നീയും എന്നോട് മറച്ചുവെച്ചല്ലോ...

മിഴികളിൽ നിന്നും താഴേക്ക് ഊർന്നുവീഴാൻ തുടങ്ങിയ കണ്ണുനീരിനെ തടഞ്ഞുകൊണ്ട് അഞ്ജന തിരികെ റൂമിൽ ചെന്നിരുന്നു. അമലേന്ദുവിനെ കാൾ ചെയ്യാൻ മൊബൈൽ എടുത്തെങ്കിലും പിന്നെ എന്തോ ആലോചിച്ചിട്ട് അവൾ അത് മേശപ്പുറത്ത് തന്നെ വെച്ചു. അർജുൻ റൂമിലേക്ക് വന്നപ്പോൾ അവൾ തലവഴി പുതപ്പ് മൂടി തിരിഞ്ഞു കിടന്നു. അഞ്ജനയുടെ  ദേഷ്യം ഈ രാത്രിയോട് കൂടി അവസാനിക്കണേ എന്നാഗ്രഹിച്ചുകൊണ്ട് അവളെ ശല്യപ്പെടുത്താതെ അവനും കിടന്നു. പിറ്റേന്ന് രാവിലെ ഓഫീസിൽ പോകാൻ അർജുൻ തീരുമാനിച്ചു. പോകാൻ നേരം അവളുടെ ഒരു പുഞ്ചിരിക്ക് വേണ്ടി അവൻ അതിയായി കൊതിച്ചുകൊണ്ട് മുഖത്തേക്ക് നോക്കി. എന്നാൽ അവൾ അവനെ കാണാത്ത ഭാവം നടിച്ചു. ഇനിയും അവിടെ നിന്നാൽ ശെരിയാകില്ലെന്ന് തോന്നിയപ്പോൾ അവൻ ഓഫീസ് ബാഗുമെടുത്ത് താഴേക്ക് പോയി.

ഏതോ ബന്ധുവിന്റെ കല്യാണത്തിന് നേരത്തെ കൂട്ടി പോകുന്നുവെന്നും അർജുൻ ഓഫീസിൽ നിന്നും വന്നാൽ ഒരുമിച്ച് അങ്ങോട്ട് വരാനും മീനാക്ഷി അഞ്ജനയോട് പറഞ്ഞു. അവരുടെയൊപ്പം സൂരജ് ആൻഡ് ഫാമിലിയും ഉണ്ടായിരുന്നു. എല്ലാവരും പോയി കഴിഞ്ഞപ്പോൾ അവൾ അമലേന്ദുവിനെ ഉടൻ കാണണമെന്ന് പറഞ്ഞ് കാൾ ചെയ്തു.  ഒരു ഉച്ച കഴിഞ്ഞപ്പോൾ  അമലേന്ദു അർജുന്റെ വീട്ടിലേക്ക് വന്നു. അവളെയും കാത്ത് മുൻവശത്ത് തന്നെ അഞ്ജന നിൽപ്പുണ്ടായിരുന്നു.

"നീ വിളിച്ചില്ലെങ്കിലും ഇങ്ങോട്ട് വരാൻ ഇരിക്കുവായിരുന്നു ഞാൻ..."

"ഹ്മ്മ്... അറിയാം. അർജുൻ പറഞ്ഞു കാണുമായിരിക്കും..."

"ഏഹ്?! അർജുൻ എന്നോട് സംസാരിക്കുന്നത് വല്ലതും നീ കേട്ടായിരുന്നോ?"

"ആഹ് കേട്ടു. എന്നാലും അമലൂ... നിനക്കെങ്കിലും അർജുന്റെ കാര്യം എന്നോട് പറയാമായിരുന്നില്ലേ?"

"പറഞ്ഞിരുന്നെങ്കിൽ നീ അവനോട് എന്ത് പറയുമായിരുന്നു? ജോലിയൊക്കെ കിട്ടുമ്പോൾ വീട്ടിൽ വന്ന് ഇളയച്ഛനോട് പറയണമെന്ന് പറയും. അല്ലേ?  ഇതല്ലേ നീ സൂരജിനോടും പറഞ്ഞത്. നിനക്ക് മറ്റാരെക്കാളും ജീവൻ ഇളയച്ഛനാണെന്ന് എനിക്കറിയാം. അതുകൊണ്ടാ നീ സൂരജിനോട് അങ്ങനെ പറഞ്ഞതിന്റെ രാത്രി തന്നെ അർജുനെ വിട്ട് കാൾ ചെയ്യിപ്പിച്ചത്?"

"എനിക്ക് ഇപ്പോൾ അറിയേണ്ടത് അർജുനും നീയും തമ്മിൽ എങ്ങനെയാ പരിചയം എന്നാണ്?"

"ഹ്മ്മ്... നിന്നോട് ഞാനൊന്നും ഇനി ഒളിച്ചുവെക്കുന്നില്ല. സ്കൂളിൽ പഠിക്കുന്ന സമയത്ത് നീ എന്റെ വീട്ടിൽ വരുമ്പോൾ അപ്പുറത്തെ വീട്ടിലെ ചാമ്പക്ക പറിക്കാൻ വേണ്ടി മതിലിൽ കേറി നിന്നതൊക്കെ ഓർമയുണ്ടോ? ആ വലിയ വീട്ടിൽ വാടകക്ക്  താമസിച്ചിരുന്നത് വേറെ ആരുമല്ല അർജുൻ ആയിരുന്നു..."

"അർജുനോ?!!"

"അതെ. ഒരു പക്ഷേ നിനക്ക് ഓർമ്മയുണ്ടാകാൻ ചാൻസ് ഇല്ല. അന്ന് അർജുൻ നിന്നെ ശ്രദ്ധിച്ചിരുന്നു. ചിലപ്പോഴൊക്കെ എനിക്ക് അവൻ തന്നെ ചാമ്പക്ക ഇങ്ങോട്ട് വിളിച്ച് തരുമായിരുന്നു. വീട്ടിലെ എല്ലാവരുടെയും കാര്യം തിരക്കും.  കൂട്ടത്തിൽ നിന്റെയും. കോളേജിൽ ചേരാൻ ടൈം ആയപ്പോൾ അവർ അവിടെ നിന്നും മാറി. പിന്നെ,  അവനെ കാണുന്നത് സൂരജിന്റെ കാര്യം പറയാൻ വന്നപ്പോഴാ... അവന്റെ സംസാരത്തിൽ നിന്നും നിന്നെ അവന് ഇഷ്ടമാണെന്ന് എനിക്ക് തോന്നി. നീ ആണേൽ സൂരജുമായി വല്യ കമ്പനിയുമായി. അന്നത്തെ  ബുദ്ധിയിൽ ഞാൻ ആണ് ആ ഐഡിയ പറഞ്ഞുകൊടുത്തെ. ഇളയച്ഛൻ അപ്പോഴൊന്നും അറിയരുതെന്ന് നീ ആഗ്രഹിച്ചിരുന്നില്ലേ?! പക്ഷേ,  അത്രയും ദിവസം നിന്നോട് മിണ്ടാതെ ഇരിക്കുമെന്ന് ഞാനും കരുതിയില്ല. അതിൽ എനിക്കും വിഷമമുണ്ട്. അർജുന് നിന്നോട് ഇഷ്ടമാണെന്ന് പറഞ്ഞ് പുറകേ നടക്കാൻ ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. പിന്നീട് ഞാനും അവനും നല്ല കൂട്ടായി. ഇപ്പോൾ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്  അർജുൻ..."

അമലേന്ദു പറഞ്ഞതൊക്കെ കേട്ട് അഞ്ജന വല്ലാത്തൊരു അവസ്ഥയിലായി. ആൽബത്തിൽ കണ്ട അർജുന്റെ പഴയ മുഖം അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു.

"സൂരജ് നിന്റെ ലൈഫിൽ നിന്ന് പോയത് നന്നായെന്നേ ഞാൻ കരുതുന്നുള്ളു. ഇല്ലായിരുന്നുവെങ്കിൽ അവൻ കാരണം നീ ഒരുപാട് കരഞ്ഞേനെ. ഇപ്പോൾ അറിഞ്ഞില്ലേ എല്ലാം? ഇത്രയും നേരം നീ എന്നോട് ഒന്നു ഇരിക്കാൻ പോലും പറഞ്ഞില്ല. സാരമില്ല... എന്നോടും അവനോടും ദേഷ്യത്തിൽ അല്ലേ..."

"അമലൂ  ഞാൻ..."

"വേണ്ട... ഒന്നും പറയണ്ട. അർജുന് നിന്നെ ഒരുപാട് ഇഷ്ടമാ. നിന്നോടെല്ലാം പറയാൻ തന്നെയാ കരുതിയെ. പക്ഷേ,  അവനത് കഴിഞ്ഞില്ല. നീ വെറുക്കുമോ എന്നൊരു ഭയം... പിന്നെ, അവൻ ഇപ്പോൾ നിന്റെ കാമുകൻ ഒന്നും അല്ലാലോ... സ്വന്തം ഭർത്താവ് അല്ലേ??  അവന്റെ സ്നേഹം നീ സ്വയം മനസ്സിലാക്കേണ്ടതാ... അല്ലാതെ മറ്റൊരാൾ പറഞ്ഞല്ല അറിയേണ്ടത്. പക്ഷേ, വിധി ഇങ്ങനെയായി. നിനക്ക് പിന്നെ ദേഷ്യം വന്നാൽ കണ്ണ് കാണില്ലല്ലോ... ഞാൻ പോകുവാ..."

"അമലൂ നിൽക്ക്..."

"നല്ല മഴക്കോളുണ്ട്. ഞാൻ ആണേൽ കുടയും എടുത്തിട്ടില്ല. ഞാൻ വരാം... പക്ഷേ, അത് നിങ്ങൾ ഇങ്ങോട്ട് ഒരുമിച്ചു വിളിക്കുമ്പോൾ മാത്രം... ഓക്കേ? "
എന്നും പറഞ്ഞ് അമലേന്ദു അവിടെ നിന്നും പോയി. അവൾ പോകുന്നതും നോക്കി അഞ്ജന നിന്നു. പിന്നെ, വാതിൽ കുറ്റിയിട്ട ശേഷം റൂമിലേക്ക്  ചെന്ന് ബെഡിൽ കിടന്ന് കരഞ്ഞു.

നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ് അഞ്ജനാ... നീ എന്റെ ജീവിതത്തിന്റെ ഭാഗമാകാൻ ഞാൻ എത്ര മാത്രം കൊതിച്ചെന്ന് അറിയാമോ നിനക്ക്? നിന്നെ നഷ്ടപ്പെടുത്താൻ എനിക്ക് ആവില്ല. എന്നെ ഒരിക്കലും വെറുക്കരുത്. അത് എനിക്ക് സഹിക്കാനാവില്ല...

അർജുൻ പറഞ്ഞ വാക്കുകൾ അവളുടെ ചെവിയിൽ അലയടിച്ചുകൊണ്ടിരുന്നു. അവൾക്ക് അവനോട് സംസാരിക്കണമെന്ന് തോന്നി. അഞ്ജന വേഗം എണീറ്റ് അവനെ കാൾ ചെയ്തു. പക്ഷേ, ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു. അവൾ വീണ്ടും വീണ്ടും വിളിച്ചു. അർജുന്റെ ഓഫീസ് നമ്പറൊന്നും അവൾക്ക് അറിയില്ലായിരുന്നു. വൈകുന്നേരം ആകാൻ അവൾ കാത്തിരുന്നു. ഓരോ നിമിഷവും ഓരോ യുഗം പോലെ അഞ്ജനക്ക് തോന്നി. സമയം ആറ് കഴിഞ്ഞിട്ടും അവൻ എത്തിയില്ല. പെട്ടെന്നാണ് അവിടെത്തെ ലാൻഡ് ഫോൺ ശബ്ദിച്ചത്. അവൾ വേഗം ചെന്ന് എടുത്തു.

"ഹലോ മീനാക്ഷി ആണോ?"

"അല്ല. ഞാൻ അഞ്ജനയാ... അർജുന്റെ..."

"ഓ മനസ്സിലായി... മീനാക്ഷിയുടെ മരുമോള്. ഞാൻ രമണിയാ സംസാരിക്കുന്നെ. വീട്ടിൽ ആരും ഇല്ലേ മോളേ?"

"ഇല്ല ആന്റി. ഒരു ബന്ധുവിന്റെ വീട്ടിൽ പോയേക്കുവാ. എന്താ കാര്യം?"

"അത് ഞാനിപ്പോൾ മോളോട് എങ്ങനെയാ പറയാ... ഞാനിപ്പോൾ എന്റെ മോളെ കാണിക്കാൻ വേണ്ടി ഹോസ്പിറ്റലിൽ വന്നതാ. അപ്പോഴാ അർജുൻ മോന് ആക്‌സിഡന്റ് ആയി കൊണ്ടുപോകുന്നത് കണ്ടത്. എനിക്ക് അവിടെത്തെ ലാൻഡ് ഫോൺ നമ്പർ മാത്രമേ അറിയത്തുള്ളു മോളെ..."

"അർജു...ൻ..."
അഞ്ജനയുടെ മിഴികൾ നിറഞ്ഞൊഴുകി.

"മോളൊന്നു വേഗം വാ... രാജഗിരി ഹോസ്പിറ്റലിൽ ആണ്. കൂടെ ആരെയും ഞാൻ കണ്ടില്ല"
എന്നും പറഞ്ഞ് രമണി കാൾ കട്ട്‌ ചെയ്തു.

"ഹെ... ഹെലോ..."

എന്താ ചെയ്യേണ്ടതെന്നറിയാതെ അഞ്ജന ഒരു നിമിഷം പകച്ചു നിന്നു. പിന്നെ, ഒന്നും ആലോചിച്ചില്ല. നേരെ റൂമിലേക്ക് ഓടി. മൊബൈൽ എടുത്ത് ഒന്നും കൂടി അർജുനെ വിളിച്ചു നോക്കി. സ്വിച്ച് ഓഫ്‌ ആയിരുന്നു ഫലം.

അച്ഛന്റെയിൽ അവരുടെ നമ്പർ കാണുമോ? വേണ്ട... ആരെയും ഇപ്പോൾ അറിയിക്കണ്ട. അതെന്റെ അർജുൻ ആയിരിക്കില്ല.

അഞ്ജന വേഗം മൊബൈലും എടുത്ത് താഴേക്ക് ചെന്നു. മുൻവശത്തെ വാതിൽ ചാരി മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ മഴ പെയ്യുന്നത് അവൾ കണ്ടു. അതൊന്നും വക വെക്കാതെ അവൾ റോഡ് ലക്ഷ്യമാക്കി ഓടി. വീടിൽ നിന്നും മെയിൻ റോഡിലേക്ക് പോകാൻ കുറച്ചു ദൂരമുണ്ട്. കണ്ണുനീരിനാലും മഴത്തുള്ളികളാലും അവളുടെ മിഴികൾ നിറഞ്ഞിരുന്നു. അത് മങ്ങിയ കാഴ്ചക്ക് വഴിയൊരുക്കി. അധികം വൈകാതെ തന്നെ അഞ്ജന റോഡിലേക്ക് ചെന്നു. മഴ ആയതിനാൽ വാഹനങ്ങൾ വേഗത്തിൽ പായുകയാണ്. ബസ്സ് സ്റ്റോപ്പ്‌ എവിടെയാ എന്നറിയാതെ വരുന്ന ഓട്ടോക്കൊക്കെ അവൾ കൈ കാണിക്കാൻ തുടങ്ങി. ഒരെണ്ണം പോലും അവിടെ നിർത്തിയില്ല. പെട്ടന്ന് ഒരു കാർ അഞ്ജനയുടെ മുന്നിൽ സഡൻ ബ്രേക്കിട്ടു.
(തുടരും )
[ഇന്നലെ വീട്ടിൽ നല്ല തിരക്കായി പോയി. വെരി സോറി😐. ഇന്നലെത്തെയും കൂടി ചേർത്ത് ഇന്ന് ലോങ്ങ്‌ ആക്കിയിട്ടുണ്ട്. പിന്നെ അർജുൻ,  അഞ്ജന, അർച്ചന ആൻഡ് സൂരജ് എന്നീ കഥാപാത്രങ്ങൾ റിയൽ ലൈഫിൽ ഉണ്ട് കേട്ടോ😉. ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് എന്റെ ഒരു ഫ്രണ്ട് അവളുടെ കസിൻ ചേച്ചിയുടെ കാര്യം പറഞ്ഞതാ. അതിനെ ഞാൻ എന്റെ ഭാവനയിൽ എഴുതിയതാ. റിയലിൽ ആ ചേച്ചി ചേട്ടനോട് കുറേ ദിവസം പിണങ്ങി ഇരുന്നെന്നാ കേട്ടത്. ഇവിടെ അർജുനും അഞ്ജനയും കുറേ ദിവസങ്ങൾ പിണങ്ങി ഇരുന്നാൽ ചിലപ്പോൾ നിങ്ങൾ എനിക്ക് പൊങ്കാല തന്നാലോ എന്ന് കരുതിയാ മാറ്റി പിടിച്ചേ😬. നിങ്ങൾക്ക് ഡൌട്ട് എല്ലാം ക്ലിയർ ആയെന്ന് തോന്നുന്നു😌. എനിവേ നിങ്ങൾ ഈ സ്റ്റോറിക്ക്  ലൈക്ക് കമന്റ് സപ്പോർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു😊. പിന്നെ,  പോരായ്മകൾ ഉണ്ടെന്ന് തോന്നിയാൽ ക്ഷമിക്കുക🙏]

  എന്ന് സ്നേഹത്തോടെ ഗ്രീഷ്മ❤️
To Top