അഞ്ജനമിഴികളിൽ, Part: 7

Valappottukal
അർജുൻ ഗേറ്റിന്റെ അവിടെ  എത്തിയതും യദു പുറത്തേക്ക് ഇറങ്ങുന്നത് കണ്ടു.

"ഡാ യദു... എന്റെ അമ്മക്ക് എന്താടാ പറ്റിയേ?"

"ഏഹ്?! ആന്റിക്ക് എന്ത് പറ്റാൻ?! നീ എവിടെ പോയതാ എന്ന് ചോദിച്ചപ്പോൾ കുറച്ചു മുൻപ് പുറത്ത് പോയെന്ന് പറഞ്ഞു. ഞാനിപ്പോൾ നിന്നെ വിളിക്കാൻ തുടങ്ങുകയായിരുന്നു"

ഇത് കേട്ടതും അർജുന്റെ മുഖം മാറി.

"ഡാ അജു... നിനക്ക് എന്താ പറ്റിയേ?"

അർജുൻ കാര്യങ്ങളെല്ലാം യദുവിനോട് പറഞ്ഞു.

"ഓഹ്... എടാ അത് നിന്നെ ഇവിടെ വരുത്തിക്കാൻ വേണ്ടി കള്ളം പറഞ്ഞതാ. സൂര്യയുടെ തന്തപ്പടിയും  പിന്നെ ആ മുതുക്ക്‌ കിളവിയും വന്നിട്ടുണ്ട്. അച്ചുവിന്റെ കാര്യം സംസാരിക്കാനായിരിക്കും..."

"അച്ചുവിനെ ഞാൻ... അവൾക്കിട്ട് രണ്ടു പൊട്ടിച്ചിട്ട് തന്നെ കാര്യം. സ്വന്തം  അമ്മയെ വെച്ചാണോ കള്ളം പറയുന്നെ. അത് ഞാൻ ഇന്നത്തോടെ നിർത്തും..."

"എന്റെ പൊന്നു മോനേ നീയിപ്പോൾ അകത്തേക്ക് കയറിയാൽ പിന്നെ തിരിച്ചു അഞ്ജനയുടെ വീട്ടിലേക്ക് പോക്ക് നടക്കില്ല. അത് ഏകദേശം ഉറപ്പായ കാര്യമാ..."

"ഹ്മ്മ്... ഞാൻ പോകുവാ..."

"ആഹ് പിന്നെ,  പുള്ളിയെ കട്ട്‌ ചെയ്യുന്നത് എപ്പോഴാ?"

"ഏഹ്?  ആരെ കട്ട്‌ ചെയ്യുന്ന കാര്യമാ നീ പറയുന്നെ?? "

"അയ്യോ സോറി... കേക്ക് കട്ട്‌ ചെയ്യുന്നത് എപ്പോഴാണെന്ന്?"

"അത് സന്ധ്യക്ക്‌ അമ്പലത്തിൽ പോയി വന്നിട്ട്... എന്താടാ?"

"ഏയ്... ഒന്നുല്ല. നീ വിട്ടോ... പിന്നെ,  മറ്റവന്മാർ പരാതി പറഞ്ഞുട്ടോ നീ ഇപ്പോൾ അവർക്ക് ഒരു മെസ്സേജ് പോലും അയക്കാറില്ലെന്ന്..."

"മ്മ്... നമുക്ക് എല്ലാർക്കും ഒരു ദിവസം കൂടാം... ആഹ്... ലിബിച്ചായന്റെ കല്യാണം ഇങ്ങ് എത്തിയല്ലോ... അന്ന് പൊളിക്കാം..."

"മ്മ്... ശെരി..."

അർജുൻ അവിടെ നിന്നും തിരികെ അഞ്ജനയുടെ വീട്ടിലേക്ക് പോയി.

"ആഹ് മോൻ വന്നോ?  എവിടെപ്പോയതാ?"

"ഒരു അത്യാവശ്യകാര്യം ഉണ്ടായിരുന്നു. അഞ്ജന എവിടെ അച്ഛാ?"

"അവൾ റൂമിൽ കാണും മോനെ... ഇങ്ങോട്ട് വന്നില്ല"

"ഹ്മ്മ്..."

അർജുൻ റൂമിൽ ചെന്നപ്പോൾ അഞ്ജന ആരെയോ കാൾ ചെയ്യുവായിരുന്നു.

"ങേ?! വന്നോ? ഗീതാ... ഞാൻ പിന്നെ വിളിക്കാം"

അവൻ ചെന്ന് കട്ടിലിൽ ഇരുന്നു.

"അമ്മക്ക് എന്ത് പറ്റിയതാ അർജുൻ? കുഴപ്പമൊന്നും ഇല്ലാലോ അല്ലേ?"
അർജുൻ ഇല്ലെന്ന് തലയാട്ടി.

"എന്ത് പറ്റി മുഖമാകെ ഒരുമാതിരി ഇരിക്കുന്നല്ലോ... "

"അച്ചു കള്ളം പറഞ്ഞതാ എന്നെ അവിടെ എത്തിക്കാൻ വേണ്ടി... അവർ വന്നിട്ടുണ്ട്. സൂര്യയുടെ അച്ഛനും അമ്മയും..."

"ഹ്മ്മ്... ഇവിടെ ഇരിക്കണ്ട. പുറത്ത് ഗാർഡനിൽ ചെന്നിരിക്കാം"
അവൾ അവന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു. അർജുൻ ഉടനെ എണീറ്റ് അവളുടെ വലതുകൈ നെഞ്ചോട് ചേർത്ത് പിടിച്ചു.

"അഞ്ജനാ... നീ എനിക്ക് ഒരു വാക്ക് തരാമോ? എന്തൊക്കെ സംഭവിച്ചാലും എത്രയൊക്കെ പ്രശ്നങ്ങൾ വന്നാലും എന്നെ വിട്ട് പോവില്ലാന്ന്..."

ഇത് കേട്ട് പുഞ്ചിരിയോടെ അഞ്ജന അവന്റെ നെറ്റിയിൽ ചുണ്ടുകൾ ചേർത്ത് അമർത്തി ചുംബിച്ചു. എന്നിട്ട് മറുകൈകൊണ്ട് അർജുന്റെ കൈയ്യിൽ മുറുകെ പിടിച്ചു.

" ഒരിക്കലും പോവില്ല അർജുൻ... എന്റെ മരണം വരെ ഞാൻ നിന്നോടൊപ്പം കാണും.ഞാൻ  ഇപ്പോൾ വളരെയധികം സന്തോഷവതിയാണ്. ഇത്രയും നാൾ എന്റെ മനസ്സിന്റെ കോണിൽ ചെറിയൊരു വിങ്ങലായി സൂരജ് ഉണ്ടായിരുന്നു. അന്ന് അങ്ങനെയൊക്കെ പ്രശ്നങ്ങൾ ഉണ്ടായത് എന്റെ നന്മക്ക് വേണ്ടിയാണെന്ന് എനിക്കിപ്പോൾ മനസ്സിലായി. അല്ലെങ്കിലും വീട്ടുകാരുടെ സമ്മതത്തോടെ കല്യാണം കഴിച്ച് അതിനു ശേഷം പ്രണയിക്കുന്നതായിരുന്നു എനിക്ക് ഇഷ്ടം. അതാകുമ്പോൾ നമ്മുടെ സ്വന്തമായി കഴിഞ്ഞല്ലോ..."

"മ്മ്... പക്ഷേ, എന്നോട് ദേഷ്യമായിരുന്നില്ലേ... ഈ കല്യാണത്തിന് പൂർണസമ്മതം ഇല്ലായിരുന്നുവെന്ന് എനിക്ക് അറിയാം"

"അന്നത്തെ ദേഷ്യം ഞാൻ വിട്ടായിരുന്നു... എന്നോട് നേരെ സംസാരിക്കാത്തതിൽ ആയിരുന്നു പിന്നീടുള്ള ദേഷ്യം. ഇപ്പോൾ അങ്ങനെയൊന്നുമില്ല..."

"എങ്ങാനും ഞാൻ സംസാരിച്ചിരുന്നുവെങ്കിൽ താൻ ഈ കല്യാണം വേണ്ടെന്ന് പറയുമോ എന്നായിരുന്നു എന്റെ പേടി. അതാ ഞാൻ... ഐ ലവ് യൂ അഞ്ജനാ... ലവ് യൂ സോ മച്ച്..."
അവളുടെ കയ്യിലൊന്നു അവൻ മുത്തി.

പിന്നെ,  അവർ ഗാർഡനിൽ ചെന്നു. അവൾ അവനോട് വാ തോരതെ സംസാരിച്ചു. അവിടെ അവൻ കണ്ടത് പുതിയൊരു അഞ്ജനയെ ആയിരുന്നു. ഇപ്പോൾ അവളുടെ മനസ്സിൽ താൻ മാത്രമേ ഉള്ളുവെന്ന് അർജുന്  ബോധ്യമായി. അത് അവനെ വല്ലാതെ സന്തോഷിപ്പിച്ചു. ഉച്ചക്ക് എല്ലാവരുടെയും ഒപ്പമിരുന്ന് സദ്യ കഴിച്ച ശേഷം അവൻ അവളുടെയൊപ്പം റൂമിലേക്ക് പോയി.

"സദ്യ കഴിച്ചോണ്ടായിരിക്കും നല്ല ഉറക്കം വരുന്നു. നമുക്കൊന്ന് ഉറങ്ങിയാലോ... ഉറക്കം കഴിയുമ്പോൾ വൈകുന്നേരമാകും. അപ്പോൾ കുളിച്ച് അമ്പലത്തിലേക്ക് പോകാം"

"ഉറങ്ങാനോ? ഇപ്പോഴോ? അതൊന്നും നടക്കൂല... നമുക്ക് രാത്രി ഉറങ്ങാമെന്നേ..."

ഒരു കള്ളച്ചിരിയോടെ അർജുൻ വാതിൽ കുറ്റിയിട്ടു. അഞ്ജനക്ക് കാര്യം മനസ്സിലായി. ചുണ്ടൊന്നു തടവിയ ശേഷം അവൻ അവളുടെ അടുത്തേക്ക് ചെന്നു. അവളാകട്ടെ അവൻ പറഞ്ഞത് കേട്ട് ചുമരിൽ തട്ടി നിൽക്കുവാണ്. അത് കണ്ടിട്ട് അവന് ചിരി വന്നു.

"താൻ ഇവിടെ ഇരുന്നേ... ഇരിക്ക്..."
അർജുൻ അവളുടെ തോളിൽ പിടിച്ച് അവളെ കട്ടിലിൽ ഇരുത്തി. എന്നിട്ട് മടിയിൽ കേറി കിടന്നു.

"എന്തോ എനിക്ക് ഇങ്ങനെ കിടക്കാൻ ഒരു പൂതി..."
അഞ്ജനക്ക് ശ്വാസം നേരെ വീണു. അവൾ അവന്റെ മുടിയിൽ മെല്ലെ തലോടി.

"നേരത്തെ ചുമ്മാ പറഞ്ഞതാ... ഞാൻ ഉറങ്ങിക്കോട്ടെ..."

അവൾ ചിരിച്ചുകൊണ്ട് തലയാട്ടി. അവൻ ഉറങ്ങും വരെ അവന്റെ തലമുടിയിൽ തഴുകികൊണ്ടിരുന്നു.
അർജുൻ കണ്ണ് തുറക്കുമ്പോൾ അഞ്ജനയും ചുമരിൽ തല ചാരി ഉറങ്ങുവാണ്. അവനത് കണ്ടിട്ട് പാവം തോന്നി. അവൻ വേഗം അവളുടെ മടിയിൽ നിന്നും എണീറ്റു. അപ്പോഴേക്കും അവൾ ഉണർന്നു. അവളുടെ നെറ്റിയിലൊരു ഉമ്മ കൊടുത്തിട്ട് അർജുൻ കുളിക്കാനായി ബാത്‌റൂമിൽ കയറി. അമ്പലത്തിൽ പോയി വന്നിട്ട് കേക്ക് കട്ട്‌ ചെയ്ത് കഴിഞ്ഞപ്പോൾ യദു അവിടേക്ക് വന്നു. കയ്യിൽ ഒരു ടെക്സ്റ്റൈൽസിന്റെ കവറുണ്ട്.

"ഇന്ന് രാവിലെ അർജുൻ പറഞ്ഞ് അച്ഛന്റെ പിറന്നാൾ ആണെന്ന് അറിഞ്ഞു.അറിഞ്ഞ സ്ഥിതിക്ക് പിന്നെ എങ്ങനെയാ വരാതെ ഇരിക്കുന്നെ... ഇതാ അച്ഛാ... ഹാപ്പി ബർത്ത് ഡേ ടു യൂ..."
എന്നും പറഞ്ഞവൻ കവർ നീട്ടി.

"പോടാ... ഞാൻ കൊടുക്കട്ടെ...ഇത് അച്ഛന് എന്റെ വക ചെറിയൊരു പിറന്നാൾ സമ്മാനം..."
എന്നും പറഞ്ഞ് അർജുൻ നന്ദകുമാറിന്റെ കയ്യിൽ വിലപിടിപ്പുള്ള ഒരു വാച്ച് കെട്ടിക്കൊടുത്തു.

"ഇതാണോ മോനേ... ചെറിയ സമ്മാനം... എനിക്കിത് വല്യ സമ്മാനം തന്നെയാ. എനിക്ക് മോൻ ആദ്യമായി തന്ന സമ്മാനം. എനിക്കൊത്തിരി ഇഷ്ടമായി"

"ഇതാ അച്ഛാ... എന്റെ വക ഒരു ഷർട്ടും മുണ്ടും..."

"താങ്ക് യൂ മോനേ... അംബികേ... ബാക്കിയുള്ള കേക്ക് കട്ട്‌ ചെയ്തേ... യദു... കേക്ക് എടുത്ത് കഴിക്ക്..."

അംബിക കേക്ക് കട്ട്‌ ചെയ്ത് ഒരു പീസ് യദുവിന് കൊടുത്തു. അവൻ അത് വാങ്ങി കഴിച്ചു. പിന്നെ, അവിടെ നിൽക്കുന്ന ഓരോ നിമിഷവും അവൻ  അഞ്ജലിയെ ഒളികണ്ണിട്ട് നോക്കിക്കൊണ്ടിരുന്നു.

"ഇങ്ങനെ ഒളിച്ചും പാത്തും നോക്കാതെ ഇഷ്ടമാണെങ്കിൽ നേരിട്ട് പോയി പറയെടാ..."
യദുവിന് മാത്രം കേൾക്കാൻ പാകത്തിൽ അർജുൻ അവനോട് പറഞ്ഞു.

"അല്ലാ... ആരാ ഇത് പറയുന്നേ? അഞ്ജന ചിരിച്ചാൽ മാത്രമേ പറയുള്ളു എന്ന് പറഞ്ഞു നടന്നവൻ അല്ലേ??"

"എടാ... ഞാൻ അവളെ സ്വന്തമാക്കി കഴിഞ്ഞു. അത് നീ മറക്കരുത്"

"എന്താണ് അവിടെ രണ്ടുപേരും കൂടി ഒരു കുശുകുശുപ്പ്... നിങ്ങൾ വാ... കഴിക്കാൻ എടുക്കാം"

"ഞങ്ങൾ ഇപ്പോൾ വരാം അച്ഛാ... വേഗം പോയി പറയെടാ... ഇല്ലേൽ വേറെ വല്ല ആൺപിള്ളേരും കൊണ്ടു പോകും"

"ഒന്നു മിണ്ടാതിരിയെടാ തെണ്ടി... ഇത് നീ അവളെ സ്വന്തമാക്കി കഴിഞ്ഞതിന്റെ അഹങ്കാരമല്ലേ..."
ഇത് കേട്ട് അർജുൻ അവനെ തറപ്പിച്ചു നോക്കി.

"നീ ഇങ്ങനെ നോക്കണ്ട. എന്റെ അടിവയറിൽ ഇടിക്കാൻ അല്ലേ ഈ നോട്ടം. വേണ്ടാ... ഞാൻ പറഞ്ഞോളാം. പോരേ?"

"ഹ്മ്മ്..."

"അർജുൻ... "

"ദേ അഞ്ജന വിളിക്കുന്നു. നീ ചെല്ല്. പോയി വരുമ്പോഴേക്കും ഞാൻ അഞ്ജലിയോട് സംസാരിക്കാൻ ശ്രമിക്കാം. അവർ ഇപ്പോൾ അടുക്കളയിലേക്ക് പോയില്ലേ..."

"മ്മ്... ശെരി"

പക്ഷേ, അവന് അഞ്ജലിയോട് സംസാരിക്കാനുള്ള ധൈര്യം വന്നില്ല. യദുവിനെ ഭക്ഷണം കഴിപ്പിച്ചിട്ടാണ് അവർ വിട്ടത്. അപ്പോഴേക്കും സമയം ഒൻപതു മണി കഴിഞ്ഞായിരുന്നു.

"അഞ്ജനാ... ഇപ്പോൾ റൂമിലേക്ക് പോകണ്ട. തന്റെ ഫേവറിറ്റ് പ്ലേസിലേക്ക് പോകാം. ബാൽക്കണി... വാ..."

അഞ്ജന ചിരിച്ചുകൊണ്ട് അർജുന്റെയൊപ്പം ബാൽക്കണിയിലേക്ക് പോയി.

"ആഹാ... ഇവിടെയും ഉണ്ടല്ലോ റോസാച്ചെടി... ഈ ഗാർഡൻ ഇത്ര മനോഹരമായി ഒരുക്കിയത് ആരാ? "

"ഞങ്ങൾ എല്ലാവരും ചേർന്നാ... അവിടെ നിൽക്കുന്ന മാവില്ലേ... അതിലൊരു  ഊഞ്ഞാൽ കെട്ടിയാർന്നു. കഴിഞ്ഞ ഓണത്തിന് എന്റെ ഫ്രണ്ട്‌സ് ട്വിൻസ് ഇല്ലേ... അവർ ഒരുമിച്ച് കേറിയിരുന്ന് അത് പൊട്ടിച്ചു. ഇല്ലായിരുന്നുവെങ്കിൽ ഇപ്പോഴും അത് കാണുമായിരുന്നു. പിന്നെ,  അച്ഛൻ കെട്ടിത്തരാമെന്ന് പറഞ്ഞെങ്കിലും ഞാൻ വേണ്ടെന്ന് പറഞ്ഞു... കുറച്ചു പാടുണ്ട് അതിൽ ഊഞ്ഞാൽ ഇടണമെങ്കിൽ. ആ പാവത്തിനെ ഇനി ബുദ്ധിമുട്ടിക്കണ്ടാന്ന് കരുതി"

"ഹ്മ്മ്... ഇവിടെയും നല്ല കാറ്റുണ്ടല്ലേ..."

"മ്മ്... അതേ... ഇവിടെ ഇങ്ങനെ മാനത്തേക്ക് നക്ഷത്രങ്ങളെ നോക്കി നിന്നാൽ സമയം പോകുന്നതേ അറിയില്ല..."

"ആണോ?"

അവൻ അവളെ പുറകിലൂടെ കെട്ടിപ്പിടിച്ച് അവളുടെ കാതിൽ മെല്ലെ തന്റെ മൂക്കുരസി. തന്റെ ഹൃദയമിടിപ്പ് കൂടുന്നത് അവൾ അറിഞ്ഞു.

"അതേ... ഇവിടെ നിന്ന് അങ്ങനെ സമയം കളയണ്ട. നമുക്ക് റൂമിലേക്ക് തന്നെ പോകാം..."
എന്നും പറഞ്ഞവൻ ചിരിച്ചു. അഞ്ജന തിരിഞ്ഞു അവന്റെ മുഖത്ത് നോക്കി.

"എന്താടി ഉണ്ടക്കണ്ണി നോക്കുന്നേ? അല്ലാ... ആരോ ഒരാള് പറഞ്ഞല്ലോ... ഉണ്ടക്കണ്ണിയെന്ന് നിന്റെ കെട്ടിയോളെ പോയി വിളിക്കാൻ... അന്ന് വിചാരിച്ചില്ലാലേ താൻ എന്റെ കെട്ടിയോള് ആകുമെന്ന്..."
അവൾ ചിരിച്ചുകൊണ്ട് ഇല്ലെന്ന് തലയാട്ടി.

"എന്നാലേ എന്റെ കെട്ടിയോള് റൂമിലേക്ക് വന്നേ..."

അർജുൻ അവളെ ഉന്തിത്തള്ളിക്കൊണ്ട് റൂമിലേക്ക് നടന്നു. വാതിൽ കുറ്റിയിട്ട ശേഷം അവൻ മൊബൈൽ സ്വിച്ച് ഓഫ്‌ ചെയ്തു.

"ഇനി ആരും വിളിക്കണ്ട. ഒരു ശല്യമായി ഇത് വേണ്ട..."
എന്നും പറഞ്ഞവൻ മൊബൈൽ മേശപ്പുറത്ത് വെച്ചു.

"ആരേലും അത്യാവശ്യത്തിന് വിളിച്ചാലോ?"

"എങ്കിൽ കിടന്ന് വിളിക്കട്ടെ... മിസ്സ്ഡ് കാൾ അലേർട്ട് ഉണ്ട്. അപ്പോൾ അറിയാം ആരൊക്കെ വിളിച്ചെന്ന്... ഞാൻ ഇനി മൊബൈൽ നാളെ രാവിലെയേ എടുക്കുന്നുള്ളു. ഇവിടെ നമുക്കിടയിൽ മൊബൈൽ പോലും ശല്യമായി വേണ്ട"

അഞ്ജന ഒന്നും മിണ്ടാതെ അവനെ നോക്കി നിന്നു. അർജുൻ അടുത്ത് വന്നിട്ടും അതേ നിൽപ്പാണ്.

"പേടിയുണ്ടോ?"

ഇത് കേട്ട് അവളൊരു വിളറിയ ചിരി ചിരിച്ചു. അവൻ അവളെ കൈകളിൽ കോരിയെടുത്ത് ബെഡിലേക്ക് കിടത്തി. എന്നിട്ട് പതിയെ അവളുടെ മേൽ ചാഞ്ഞു. അഞ്ജനയുടെ ഹൃദയം ഇപ്പോൾ പൊട്ടുമെന്ന അവസ്ഥയിലായി.

"എന്റെ പൊന്നേ... താൻ ഇങ്ങനെ പേടിക്കല്ലേ... നമ്മുടെ ഹൃദയം എന്ന് ഒരുപോലെ മിടിക്കുന്നുവോ അന്നേ നമ്മൾ ഒന്നാകൂ... ഐ മീൻ എല്ലാ അർത്ഥത്തിലും..."

അർജുൻ നേരെ നിവർന്ന് കിടന്നു. പതിയെ അവന്റെ കൈകൾ അവളുടെ ഇടുപ്പിലേക്ക് കൊണ്ടു പോയി. പാവാട കുറച്ചു താഴോട്ട്  നീക്കി അവിടെ വിരലുകൾ കൊണ്ട് മേല്ലെ തലോടി. അവളുടെ ശരീരം വിറക്കാൻ തുടങ്ങി. അവന്റെ വിരലുകൾ വൈകാതെ തന്നെ  അരഞ്ഞാണത്തിൽ പിടുത്തമിട്ടു.

"ഇത് കാണാൻ അതിയായ ആഗ്രഹമുണ്ട്. പക്ഷേ,  അതിനുള്ള സമയം ആയില്ലെന്ന് മനസ്സ് പറയുന്നു..."

എന്നും പറഞ്ഞവൻ അവളുടെ കഴുത്തിനും താടിക്കും ഇടയിൽ മുഖം കൊണ്ട്പോയി  അവിടെയാകെ ചുംബിച്ചു. അഞ്ജനയുടെ  കൈകൾ അറിയാതെ അവന്റെ തലമുടിയിൽ കോർത്ത് വലിച്ചു. അവളുടെ അധരങ്ങളും കൂടി നുകർന്നശേഷം അർജുൻ അവളെ തന്റെ നെഞ്ചോട് ചേർത്ത് കിടത്തി.

"ലവ് യൂ ഡി... എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാ... എന്നും എന്റെ നെഞ്ചോട് ചേർന്ന് നീ ഉണ്ടാകണം"

അഞ്ജന ഉടനെ അവന്റെ നെഞ്ചിൽ തന്റെ ചുണ്ടുകൾ പതിപ്പിച്ചു. എന്നിട്ട് അവനെ ഇറുകെ കെട്ടിപ്പിടിച്ച് കിടന്നു. വൈകാതെ അവർ ഉറക്കത്തിലേക്ക് കിടന്നു.

പിറ്റേന്ന് രാവിലെ അവർ വീട്ടിലെത്തിയപ്പോൾ മുൻവശത്ത് ആരെയും കണ്ടില്ല.

"ഇവിടെ ആരെയും കാണാൻ ഇല്ലാലോ... താൻ വാ... ഇവിടെ നിൽക്കണ്ട"
അവർ രണ്ടുപേരും നേരെ റൂമിലേക്ക് ചെന്നു.

"അർജുൻ... എന്നെയൊന്നു ആ ഷോപ്പിംഗ് കോംപ്ലക്സിലേക്ക് ഡ്രോപ്പ് ചെയ്യോ? ഫ്രണ്ട്സ് അവിടേക്ക്  വരാൻ പറഞ്ഞു. അമ്മയോട് ഞാൻ പറഞ്ഞോളാം"

"ശേ... നേരത്തെ പറയണ്ടേ... ആഹ്...ഞാനും വരുന്നു. ഇവിടെ ഒറ്റക്ക് നിന്നാൽ ശെരിയാകില്ല. ഞാൻ ഷൂ ഒന്നു ഇട്ടോട്ടെ..."

ഷൂ കെട്ടാനായി അർജുൻ കട്ടിലിൽ ഇരുന്നു. അപ്പോൾ സൂര്യ അവിടേക്ക് വന്നു.

"എക്സ്ക്യൂസ് മി... ഞാനൊന്നു അകത്തേക്ക് വന്നോട്ടെ... നിങ്ങൾ ഇപ്പോൾ എത്തിയതേ ഉള്ളു,  അല്ലേ... ആഹ് അർജുൻ... നിങ്ങളുടെ കുടുംബജ്യോത്സര് ഒരാഴ്ച എവിടെയോ ടൂർ പോയത്രേ... അങ്ങേര് വന്നാൽ ഉടനെ അവരുടെ കല്യാണത്തിന് ഡേറ്റ് നോക്കും. പിന്നെ,  അഞ്ജനാ... അഞ്ജന എന്നല്ലേ പേര്. എന്നെക്കുറിച്ച് ഇവൻ പറഞ്ഞു തന്നിട്ടുണ്ടോ? എന്റെ എല്ലാമായിരുന്നു. കല്യാണം മാത്രം കഴിച്ചില്ലെന്നേ ഉള്ളു. അല്ലേടാ?"

"ഡി......"
അർജുൻ ഉറക്കെ അവളോട് ദേഷ്യപ്പെട്ടു.

"ഒച്ച വെക്കണ്ട. അഞ്ജനാ...താൻ ഈ ഫോട്ടോസൊക്കെ ഒന്നു നോക്ക്..."

സൂര്യ കയ്യിൽ ഉണ്ടായിരുന്ന ഫോട്ടോസ് അഞ്ജനയുടെ കയ്യിൽ കൊടുത്തു. അതിൽ സൂര്യയുടെ തോളിൽ കയ്യിട്ട് നിൽക്കുന്ന അർജുനും അവന്റെ കവിളിൽ പിടിച്ചു നിൽക്കുന്ന അവളും അങ്ങനെ കുറച്ചു പോസ് ചെയ്ത ഫോട്ടോസ് ആയിരുന്നു. ഇത് കണ്ടതും അഞ്ജന അതെല്ലാം നിലത്തേക്ക് വലിച്ചെറിഞ്ഞു.

"അർജുൻ... എന്താ ഇതൊക്കെ?  ഇവൾ ആരായിരുന്നു തന്റെ? എന്നോട് എന്താ ഇവളെ പറ്റി പറയാതെ ഇരുന്നേ?"
അവൾ ദേഷ്യത്തോടെ അർജുനോട് ചോദിച്ചു.

അവൻ ആണേൽ അഞ്ജനയുടെ സംസാരം കേട്ട് കിളി പോയിരുന്നു. സൂര്യ അവരെ നോക്കി ഒന്നും മിണ്ടാതെ ഒരു വിജയഭാവത്തോടെ മുറിയിൽ നിന്നും പതിയെ  പുറത്തിറങ്ങി. അവൾ പോയെന്ന് ഉറപ്പായപ്പോൾ അഞ്ജന ചെന്ന് ഡോർ ലോക്ക് ചെയ്തു.

"അവളൊന്നു സന്തോഷിച്ചോട്ടെ..."

എന്നും പറഞ്ഞ് ചിരിച്ചുകൊണ്ട് അവൾ അവന്റെ അടുത്ത് ഇരുന്നു.
അഞ്ജന പറഞ്ഞത് കേട്ടപ്പോൾ അർജുന് ആശ്വാസമായി. ചുണ്ടിൽ വിരലുകൾ വെച്ച് അവൻ അവളെ നോക്കി ചെറുതായൊന്നു പുഞ്ചിരിച്ചു. പിന്നെ അവൻ ഒന്നും നോക്കിയില്ല... അവളെ ചേർത്ത്  പിടിച്ച് പുറകിലേക്ക് മറിഞ്ഞു. എന്നിട്ട് അവളുടെ അധരങ്ങളിൽ തന്റെ അധരങ്ങൾ ചേർത്തു. അഞ്ജന തള്ളിമാറ്റാൻ നോക്കുംതോറും അവന്റെ അധരങ്ങൾ ആഴത്തിൽ പതിഞ്ഞുകൊണ്ടിരുന്നു...
(തുടരും)
©ഗ്രീഷ്മ. എസ്
[ഇഷ്ടമായെങ്കിൽ അഭിപ്രായം പറയാൻ  മറക്കല്ലേ😌...]

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....

To Top