പെണ്ണ് കാണൽ

Valappottukal

രചന: Diffin PM

" ദേ.... കണ്ണാ.. രാവിലെ മുങ്ങാൻ നോക്കല്ലേ.. പറഞ്ഞേക്കാം.. "

ഗീതാമ്മ അത് പറഞ്ഞപ്പോൾ റൂമിലേക്ക് പോയ കണ്ണൻ അമ്മയെ നോക്കി ഒന്ന് ചിരിച്ചു.. എന്നിട്ട് ഒന്നും മിണ്ടാതെ അകത്തേക്ക് കയറി.. ആ ചിരിയിലും നോട്ടത്തിലും എന്തോ ഒരു പന്തികേട് ഗീതക്ക് മണത്തു.. ചുവരിൽ ഇരിക്കുന്ന കൃഷ്ണന്റെ ചിത്രത്തിലേക്ക് അറിയാതെ ഗീതയുടെ കണ്ണുകൾ ഉടക്കി.. പിന്നെ ഗീതയും റൂമിലേക്ക് നടന്നു..

രാവിലെ പുറത്തുള്ള ഒച്ചപ്പാട് കേട്ടാണ് കണ്ണൻ കണ്ണ് തുറന്നത്.. സമയം നോക്കിയപ്പോൾ 6 മണി.. പുതപ്പ് ഒന്നുകൂടി വലിച്ചു തലയിലെക്ക് ഇട്ടപ്പോഴേക്കും വാതിലിൽ മുട്ട് തുടങ്ങി..

" പണ്ടാരം.. ഇനി ഉറങ്ങാൻ സമ്മതിക്കില്ല.. രാവിലെ എന്താണോ അമ്മയും മോളും കൂടി ഇത്ര ബഹളം.. "

വാതിലിൽ ഉള്ള മുട്ട് സഹിക്കാൻ വയ്യാതെ വന്നപ്പോഴാണ് കണ്ണൻ എണീറ്റത്.. വാതിൽ തുറന്നു നോക്കിയപ്പോൾ ശ്രീയും അപ്പുവും മുന്നിൽ ചിരിച്ചു കൊണ്ട് നിക്കുന്നു..

" നിനക്കൊന്നും ഉറക്കമില്ലേടാ രാവിലെ തന്നെ കെട്ടി എടുത്തല്ലോ...? "

" ഇന്ന് നിന്റെ പെണ്ണുകാണൽ അല്ലേടാ അപ്പൊ പിന്നെ വരാതെ ഇരിക്കാൻ പറ്റുമോ.. നമുക്ക് പൊളിക്കണ്ടേ.. "

കണ്ണൻ അവരെയൊന്നു സൂക്ഷിച്ചു നോക്കിയിട്ട് അകത്തേക്ക് ഫ്രഷ് ആവാൻ കയറി.. പെണ്ണുകാണൽ പറയുമ്പോൾ എല്ലാം എന്റെ പരിപാടി മുങ്ങൽ ആയിരുന്നു.. ഇത് അമ്മ മനഃപൂർവം രാവിലെ തന്നെ ലോക്ക് ചെയ്തിട്ടുണ്ട്.. പിന്നെയെല്ലാം പെട്ടെന്നായിരുന്നു..

10 മണി ആയപ്പോഴേക്കും ഞങ്ങൾ പെണ്ണിന്റെ വീട്ടിൽ എത്തി.. ഒരു കുഞ്ഞി ഓടിട്ട വീട്.. ന്റെ മനസ്സിലെ അതേ വീട്.. അത് കണ്ടപ്പോൾ തന്നെ ഒരു ആശ്വാസം തോന്നി.. ആ ധൈര്യത്തിലാണ് അകത്തേക്ക് പ്രവേശിച്ചത്.. അകത്തു കയറി എല്ലാവരും സംസാരം തുടങ്ങിയപ്പോഴും ന്റെ കണ്ണുകൾ ഇടയ്ക്കിടെ അകത്തേക്ക് പോവുന്നുണ്ടായിരുന്നു.. അങ്ങനെ അവസാനം അതും സംഭവിച്ചു...

അകത്തു നിന്നും ആൾ ചായയുമായി രംഗപ്രവേശനം ചെയ്തു.. ഹാഫ്സാരി ഉടുത്തു മുടി കുളിപ്പിന്ന് ചെയ്തു നെറ്റിയിൽ ഒരു ചന്ദനക്കുറിയും ചാർത്തി തനി നാടൻ പെൺകുട്ടി.. സത്യം പറഞ്ഞാൽ മുഖത്തു നിന്നും കണ്ണ് എടുക്കാൻ തോന്നിയില്ല.. ശ്രീ കയ്യിൽ തട്ടിയപ്പോഴാണ് ബോധം വന്നത്.. പെട്ടന്ന് ചായയും എടുത്തു ഞാൻ നല്ല കുട്ടിയായി.. ആൾ പതുക്കെ അകത്തേക്ക് പോയി.. അതിന്റെ പുറകെ ന്റെ കണ്ണുകളും.. അപ്പോഴാണ് പെണ്ണിന്റെ അമ്മാവന്റെ വക അടുത്ത ഡയലോഗ്...

" പെണ്ണിനും ചെക്കനും സംസാരിക്കണമെങ്കിൽ ആവാം... "

അതിനു വേണ്ടി കൊതിച്ചിരിക്കുക ആയിരുന്നെങ്കിലും കേട്ടപ്പോ അറിയാതെ ഉള്ള ടെൻഷൻ എല്ലാം വന്നു കയറി... എന്നാലും അതൊന്നുമില്ല എന്ന് മനസ്സിനെ പറഞ്ഞു വിശ്വാസിപ്പിച്ചു ഞാൻ അകത്തേക്ക് ചെന്നു.. അകത്തുള്ള എല്ലാ സ്ത്രീ കഥാപാത്രങ്ങളുടെയും കണ്ണുകൾ ന്റെ മുഖത്തായിരുന്നു.. അതിനിടെ ഒരാൾ " ആ റൂമിൽ ഉണ്ട് ചെന്നോള്ളൂ " എന്ന് പറഞ്ഞത് കേട്ട് കൈ കാണിച്ച ഭാഗത്തേക്ക്‌ ഞാൻ നടന്നു.. റൂമിന്റെ മുന്നിൽ ചെന്നെങ്കിലും കാലു വിറച്ചിട്ട് അകത്തേക്ക് കയറണോ വേണ്ടയോ എന്ന് സംശയിച്ചു... പിന്നെ രണ്ടും കല്പിച്ചു അകത്തേക്ക് കയറി... ആൾ ജനലിന്റെ അടുത്ത് പുറത്തേക്ക് നോക്കി നിൽക്കുന്നുണ്ട്..

" ഹായ്...... " ഞാൻ പറഞ്ഞത് കേട്ട് ആൾ തിരിഞ്ഞു നോക്കി...

" തനിക്ക് എന്നെ കെട്ടണോ... "

" എന്താ....? " പെട്ടെന്നുള്ള അവളുടെ ചോദ്യം കേട്ട് ന്റെ തലയിലെ കിളികൾ മുഴുവൻ കൂടും കുടുക്കയും എടുത്തു ഏതൊക്കെയോ ദിശയിലൂടെ പറന്നു പോയി...

" തനിക്ക് എന്നെ തന്നെ കെട്ടണോ എന്ന്...? " അവൾ ഒന്നുകൂടി എടുത്തു ചോദിച്ചു..

" കെട്ടണോ.....? " എന്നുള്ള ന്റെ മറുചോദ്യം കേട്ടത്  കൊണ്ടാവും പെണ്ണൊന്നു അമ്പരന്നു...

" ഞാൻ തന്നെ അല്ലാതെ തനിക്ക് എന്നെ കെട്ടാൻ പറ്റൂല്ലല്ലൊ..?  അതുകൊണ്ട് എന്തായാലും ഇനിയിപ്പോ തന്നെ തന്നെ അങ്ങ് കെട്ടിയെക്കാം.. "

എന്നും പറഞ്ഞു ഞാൻ വേഗം പുറത്തേക്ക് ചാടി.. മര്യാദക്ക് പേരും ചോദിച്ചു പരിചയപ്പെടാൻ ചെന്ന എന്നെ വറുത്തു പൊരിചെടുത്ത അവസ്ഥയായി... പെണ്ണ് കാണാൻ നാടൻ ആണെന്നെയുള്ളൂ തനി കാന്താരി ആണെന്ന് ഇപ്പോഴല്ലേ മനസിലായെ..........
...........................

" കണ്ണേട്ടാ...... ഒന്ന് ഇങ്ങോട്ട് വരുന്നുണ്ടോ.. അതോ ഞാൻ അങ്ങോട്ട്‌ വരണോ..?  കുറെ നേരായി ഞാൻ വിളിക്കണു.. "

അടുക്കളയിൽ നിന്നും അച്ചു വിളിച്ചു ചോദിച്ചു..

" ദാ വരുന്നു അച്ചു... " എന്നും പറഞ്ഞു ഞാൻ നേരെ അടുക്കളയിലേക്ക് വിട്ടു.. കാലെടുത്തു വെച്ചതും കയ്യിലൊരു തേങ്ങയും കൊണ്ട് തന്ന് അത് പൊട്ടിച്ചു ചിരണ്ടാൻ  പറഞ്ഞു അവൾ അടുത്ത പണിക്ക് പോയി..

" അവിടെ എന്തായിരുന്നു പരിപാടി..? "

" ഓഹോ.. ഒന്നുമില്ല.. നിന്നെ പെണ്ണുകാണാൻ വന്നത് ഒരു കഥയായി എഴുതി ഇടുവായിരുന്നു.. "

" എന്നിട്ട് ഇട്ടോ..? "

" ആഹാ അത് കഴിഞ്ഞു.. "

" ആഹാ.... പറയാൻ മറന്നു... ഇന്നാണ് ഞങ്ങടെ ഒന്നാം വെഡിങ് ആനിവേർസറി..അതിനു ഒരു പായസം വേണമെന്ന് പറഞ്ഞു... അതിനു ന്റെ കെട്ട്യോൾ എനിക്ക് തന്ന ശിക്ഷയാണ് ഈ തേങ്ങ ചിരണ്ടൽ.. അപ്പൊ ഞാൻ പോയി തേങ്ങ ചിരണ്ടിയിട്ട് വരാവേ.... റ്റാറ്റാ... "

Diffin Pm

Follow Now
To Top