ശിവഭദ്ര, ഭാഗം: 12

Valappottukal
ശിവഭദ്ര, ഭാഗം: 12

ഉമ്മറപ്പടിയിൽ കാലുകൾ ഊന്നിയിട്ടും ഉറക്കുന്നില്ല..

"അച്ഛന്റെ മണിക്കുട്ടി ഇങ്ങോട്ട് കേറി വാ.. "

വിറക്കുന്ന കാലുകളോടെ ഞാൻ കയറി..

"അച്ഛാ.. "

ഒരു നിലവിളിയോടെ ആ നെഞ്ചിലേക്ക് വീണുപോയി ഞാൻ..

"കരയല്ലേ മോളെ... ഇനിയും മോളെ കരയിക്കാൻ വയ്യാത്തൊണ്ടല്ലേ അച്ഛൻ ഇപ്പൊ മോൾടെ അടുത്തേക്ക് വന്നേ.. "

"ന്നാലും ഇത്രേം വർഷങ്ങൾ ആയിട്ടും ന്നെ ഒന്ന് വന്നു  കാണാൻ പോലും അച്ഛന് തോന്നിയില്ലല്ലോ... "

"ആരു പറഞ്ഞു അച്ഛൻ മോളെ കാണാൻ വരാറില്ലന്ന്... എത്ര വട്ടം അമ്പലത്തിന്റെ തിടപ്പള്ളിയുടെ ജനലിലൂടെ ന്റെ മോളെ ഞാൻ കണ്ടിട്ടുണ്ട് എന്നറിയോ... "

"ന്നിട്ട് ന്താ ന്നോടൊന്ന് മിണ്ടുകപോലും ചെയ്യഞ്ഞേ... "

"ശോഭയോടു ചേർന്നു പോകാൻ ആകാതെ വന്നപ്പോൾ ഇറങ്ങിയതാ അവിടന്ന്... ഒരു ദിവസം മോളെ കൊണ്ടു പോണം എന്ന് തന്നെ ആയിരുന്നു മനസ്സിൽ... അതിന് വേണ്ടി തന്നാ കടലുകടന്നു മണലാരണ്യത്തിൽ പോയി കഷ്ടപെട്ടതും... ഈ കാലമത്രയും ജീവിച്ചതും മോൾക്ക്‌ വേണ്ടി ആണ്... അച്ഛന് വേറെ ആരാ ഉള്ളത്... "

"വീട്ടിലേക്ക് വരോ.. "

"ഇല്ല മോളെ... അച്ഛൻ അങ്ങോട്ടില്ല... മനസ്സ് മടുത്തിട്ടാ എന്റെ പ്രാണൻ ആയ മോളെ ഉപേക്ഷിച്ചു ഞാൻ പോയത്... കൺവെട്ടത്തു വന്നാൽ എന്റെ മോളേം കൊന്നു അവൾ ചാകും എന്നാ അവസാനം പോലും പറഞ്ഞത്... ഇപ്പൊ എന്റെ കുട്ടി വലുതായി... ഇനി ആ പേടി അച്ഛന് ഇല്ല.. "

"എനിക്കും മടുത്തു അച്ഛാ... "

"എല്ലാ കാര്യങ്ങളും തിരുമേനി പറയാറുണ്ട്... അതുകൊണ്ട് തന്നാ ഇത്തവണ മോളെ കൊണ്ടു പോകാൻ അച്ഛൻ വന്നത്.. "

"ഈ വിവാഹത്തിന് എനിക്ക് താല്പര്യം ഇല്ല അച്ഛാ... "

"അച്ഛന് അറിയാം മണിക്കുട്ടി... ശിവയെ ഒരിക്കൽ തിരുമേനി എനിക്ക് കാണിച്ചു തന്നിരുന്നു... നല്ല പയ്യനാ.. "

"ഇനി അതൊന്നും ഞാൻ ഓർക്കുന്നില്ല അച്ഛാ... ഈ വരുന്ന ഞായറാഴ്ച അവന്റെ വിവാഹം ആണ്... "

"സാരല്ല്യ മോളു.. നമുക്ക് വഴിയുണ്ടാക്കാം.. "

അച്ഛന്റെ ഒപ്പം സങ്കടങ്ങൾ പറഞ്ഞു ഒരുപാട് നേരം ഇരുന്നു ഞാൻ...

ആദ്യായിട്ടാണ് ചേർത്ത് നിർത്തി കണ്ണീരൊപ്പാൻ സ്വന്തം എന്ന് പറയാൻ ഒരാൾ..

അപ്പോളാണ് ശിവ അമ്പലത്തിലേക്ക് വന്നിട്ടുണ്ടാകുമല്ലോ എന്ന് ഞാൻ ഓർത്തത്...

"ഞാൻ ഒന്ന് തൊഴുത്തിട്ട് വരാം അച്ഛാ... എന്റെ അച്ഛനെ എനിക്ക് തിരിച്ചു തന്ന ദേവിക്ക് നേരിട്ട് ഒരു നന്ദി എങ്കിലും ഞാൻ പറയണ്ടേ... "

അതും പറഞ്ഞു മനയ്ക്കലെ പറമ്പിലൂടെ ഞാൻ ഓടുമ്പോൾ മനസ്സിൽ വല്ലാത്തൊരു ആശ്വാസം ആയിരുന്നു എനിക്ക്... ആരൊക്കെയോ ഉണ്ടെന്നൊരു തോന്നൽ..

ദേവിയുടെ നടയിൽ എത്തുമ്പോൾ എന്റെ കണ്ണുകൾ ധാരയായി ഒഴുകുകയായിരുന്നു...

പ്രദക്ഷിണം വച്ചു ഇറങ്ങി.. നേരെ പാലച്ചുവട്ടിലേക്ക് നടന്നു... കുളപ്പടവിൽ കാൽമുട്ടിൽ ശിരസ്സ് വച്ചു കുനിഞ്ഞിരുപ്പുണ്ട്  ശിവ...

"ശിവ.... "

"താൻ വന്നോ... "

"വന്നിട്ട് കുറെ നേരം ആയോ.. "

"ഒരു  മണിക്കൂർ ആയിക്കാണും.. "

"അച്ഛൻ... ന്റെ... അച്ഛൻ വന്നിട്ടുണ്ട്... "

"ഉം... തിരുമേനി പറഞ്ഞു... കുറച്ചു മുന്ന് തിരുമേനിയെ കണ്ടിരുന്നു ഞാൻ.. പുള്ളി ഇല്ലത്തേക്ക് പോയപ്പോൾ ആണ് ഞാൻ ഇവിടെ വന്നിരുന്നേ... താൻ അങ്ങോട്ട്‌ വരും എന്നും പറഞ്ഞു.. അപ്പോളേ ഊഹിച്ചു താൻ വൈകും എന്ന്... വൈകിയാലും വരുമെന്ന് മനസ്സ് പറഞ്ഞു... "

ശിവയുടെ അടുത്തായി ഇരുന്നു ഞാൻ... കവിളിലെ കല്ലിച്ച പാടിൽ എന്റെ വിരലുകൾ കൊണ്ടു ഞാനൊന്ന് തലോടിയതും... ആഹ്..എന്ന്  നിലവിളിച്ചു പോയി ശിവ...

"നല്ല വേദന ഉണ്ടല്ലേ.. "

"സാരല്ല്യടോ.. എന്നെ കാണാതെ ആയപ്പോൾ ആ രാത്രി താൻ ഇതിലും വേദന തിന്നു കാണില്ലേ.. "

"ഉം... മരിക്കാൻ വരെ തോന്നി എനിക്ക്.. ഇന്നലെ ചിമ്മുന്റെ കൂടെ ഇരിക്കണ കണ്ടപ്പോൾ ചങ്ക് പൊട്ടണ പോലുണ്ടായി... ക്ക് ഇതൊക്കെ എങ്ങനെ സഹിക്കും എന്നറിയില്ല... "

"താൻ വിഷമിക്കാതെ... ഞാനില്ലേ... മരണം വരെ ശിവക്ക് ഒരു പെണ്ണേ ഉള്ളു.. അത് ഈ ഭദ്രയാ.. "

"വിവാഹം അടുത്തു... ഇനി... "

"അടുത്തല്ലേ ഉള്ളു നടന്നിട്ടൊന്നും ഇല്ലാലോ.. "

"എന്നാലും.. "

"ഒരു എന്നാലും ഇല്ല..എനിക്ക് തന്റെ മടിയിൽ ഒന്ന് കിടക്കണം.. "

ഞാൻ കാലുകൾ കുളത്തിലേക്കു ഇറക്കി വച്ചു.. ഒരു കൊച്ചു കുഞ്ഞിനെ പോലെ ശിവ തന്റെ മടിയിൽ കിടക്കുന്നത് കണ്ടപ്പോൾ ചങ്ക് പൊട്ടുന്ന പോലെ തോന്നി തനിക്കു...

 ഒരുപക്ഷെ ഇനിയെനിക്ക് ശിവയെ ഇങ്ങനെ ഒന്നും കിട്ടില്ല... ഓർക്കാൻ കുറച്ചു ഓർമ്മകൾ വേണമല്ലോ... എല്ലാം കൂട്ടി വച്ചൊരു വലിയ ലോകം തീർക്കണം... എന്റെ വിരലുകൾ ആ മുടിയിൽ തലോടി കൊണ്ടിരിക്കെ... ചെവിയിലേക്ക് ഉതിർന്നു വീണ രണ്ടു തുള്ളി കണ്ണുനീർ എന്റെ കൈകളിൽ പതിഞ്ഞു... ശിവ കരയുന്നത് കണ്ടതും എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല...

ആ നെറ്റിയിൽ അധരങ്ങൾ ചേർത്ത് വച്ചു താനും കരഞ്ഞു പോയി..

"ഭദ്രേ... "

"ഉം... "

"മരണം കൊണ്ടെങ്കിലും നമുക്ക് ഒന്നിച്ചാലോ.. "

"ശിവ കൂടെ ഉണ്ടെങ്കിൽ ഭദ്രക്ക് മരിക്കാൻ ഭയമില്ല... "

"നമ്മുടെ പുറകിലുള്ളവർ നമ്മളെ ജീവിക്കാൻ വിടില്ല ഭദ്രേ...അതാ ഞാൻ ഇങ്ങനെ ഒക്കെ ചിന്തിച്ചു പോണേ... ആരാണ് അവർ എന്നാണ് എനിക്ക് മനസിലാകാത്തത്... ഇനിയും ഒരു ഒളിച്ചോട്ടം അത് മണ്ടത്തരം ആണ്... ഒരു വഴിയും തെളിയുന്നില്ല ഭദ്ര....മരണത്തിനും നിന്നെ വിട്ടു കൊടുക്കാൻ എനിക്കാവില്ല... ഞാൻ ഇല്ലെങ്കിലും എന്റെ ഭദ്ര ഒരു പോറൽ പോലും ഏൽക്കാതെ ജീവിക്കണം... "

"ഞാൻ കാരണം ശിവക്കൊന്നും സംഭവിക്കരുത്... ശിവയില്ലെങ്കിൽ പിന്നെ എന്തിനാ ഭദ്രക്ക് ഇങ്ങനെ ഒരു ജീവിതം... അന്ന് തീർക്കും ഞാൻ.. "

"എന്താ ഞാൻ ചെയ്യാ...എന്റെ ഭാര്യയായി.. എന്റെ മക്കളുടെ അമ്മയായി  താൻ എന്റെ കൂടെ വേണം...ഒരുപാട് സ്വപ്‌നങ്ങൾ കണ്ടിരുന്നു ഞാൻ... എല്ലാം ചീട്ടുകൊട്ടാരം പോലെ ആയി... "

"വിധി എങ്ങനെ ആണോ അങ്ങനെ അല്ലെ സംഭവിക്കു....."

ഈ വിവാഹം നടന്നില്ലേൽ ശിവയെ അവർ എന്തെങ്കിലും ചെയ്യും എന്നെന്റെ മനസ്സ് പറയ്യുന്നു... ഒരുപക്ഷെ ഈ സങ്കടം ഒക്കെ പയ്യെ പയ്യെ മാറുമായിരിക്കും.. ശിവ ചിമ്മുവിന്റെതാകണം... ഇല്ലെങ്കിൽ ഒരുപക്ഷെ അവർ..... !!!

"ശിവ... "

"ഉം... "

"ചിമ്മുവുമായുള്ള വിവാഹം നടക്കണം... "

"ഭദ്രേ....നിനക്ക് എങ്ങനെ പറയാൻ കഴിഞ്ഞു ഇങ്ങനെ..അവൾക്കു നല്ല കളിപ്പാട്ടങ്ങൾ കാണുമ്പോൾ ഉള്ള കൊതി പോലെ ഒന്നാണ് ഈ പ്രണയം... കൊതി തീർന്നാൽ എന്നെയും വലിച്ചെറിയും അവൾ... അങ്ങനെ ഒരു പെണ്ണിന് എന്നെ ഇട്ടുകൊടുക്കണോ നിനക്ക്..???  പറ...??  "

"എവിടെ നിന്നായാലും ഒന്നു കണ്ടാൽ മതി എനിക്ക്.. കൂടെ ജീവിച്ചില്ലെങ്കിലും ആത്മാർത്ഥ പ്രണയം മരിക്കില്ല ശിവ...ചിമ്മുവിന്റെ ജീവിതത്തിൽ ശിവ എത്തിയാൽ ഒരുപക്ഷെ എനിക്ക് ശിവയെ അകലെ നിന്നായാലും ഒന്നു കാണാലോ..  "

"എനിക്ക് അതിനു കഴിയില്ല ഭദ്ര... അവർ നിന്നെ എന്തെങ്കിലും ചെയ്യുമോ എന്നാണ് എന്റെ പേടി... എനിക്ക് മരിക്കാൻ പേടിയില്ല... നിന്നെ ആരും ഒന്നും ചെയ്യാതിരുന്നാൽ മതി.. "

"എന്നെ അവർ ഒന്നും ചെയ്യില്ല ശിവ.. "

"എനിക്ക് പേടിയുണ്ട്... "

"ഡി..... "

പെട്ടന്ന് പിന്നിൽ നിന്ന് കേട്ട ആക്രോശം.. ഞാൻ ഞെട്ടി ചാടി എഴുന്നേറ്റു... ഈശ്വര...
അമ്മ.. !!!

"ഇതിനാണോടി എന്നും കെട്ടി എഴുന്നള്ളി നീ അമ്പലത്തിലേക്കെന്നും പറഞ്ഞു പോണേ.. പറയെടി... "

അത് പറഞ്ഞു തീർന്നതും ചെകിട് പൊട്ടുമാറു ഒരു അടി ...... എനിക്ക് തല ചുറ്റുന്നത് പോലെ തോന്നി..

"ഇന്ന് നിർത്തിക്കോണം രണ്ടിന്റേം പ്രേമോം കൂത്തും..എവിടെ ആ കള്ള തിരുമേനി... വച്ചിട്ടുണ്ട് അയാൾക്ക്‌ ഞാൻ... ഇന്നത്തോടെ തീർന്നു നിന്റെ ഭക്തി... കല്യാണം ഉറപ്പിച്ച പെണ്ണാ... മാനം കെടുത്താൻ... നിന്നെ ഞാൻ ഇന്ന് കൊല്ലുടി...  "

അമ്മ വീണ്ടും കയ്യോങ്ങി വന്നതും ശിവ മുന്നിൽ കയറി നിന്നു...

"ഇനി അവളെ തല്ലരുത്... "

"അത് പറയാൻ നീ ആരാടാ... എന്റെ മകളെ ഞാൻ ചിലപ്പോൾ തല്ലും കൊല്ലും.. നീ അതിൽ ഇടപെടണ്ട... "

"അവൾ എന്റെ പെണ്ണാണ്... "

"ച്ചി.. നിർത്തെടാ.. നിന്റെ പെണ്ണോ... "

"അതെ എന്റെ തന്നെ ..... ആണും പെണ്ണും കെട്ടു പിന്നാലെ നടക്കണ കിഴങ്ങൻ നമ്പൂതിരി അല്ല ഞാൻ... മഹീന്ദ്രനെ പോലെ ഉശിരുള്ള ആണ്കുട്ടിയാ... "

"മഹേന്ദ്രൻ... "

"അതെ... എനിക്കെല്ലാം അറിയാം... ജൂലി ആന്റി നിങ്ങളെ ചതിച്ചെങ്കിൽ അതിന്റെ പക തീർക്കേണ്ടത് സ്വന്തം മകളുടെ ജീവിതം വച്ചല്ല... "

"അതേടാ.... പ്രതികാരം തന്നെയാ... വർഷം കുറെ ആയി അതുള്ളിൽ കൊണ്ടു നടക്കുന്നു... "

എന്താണ് കേൾക്കുന്നത് എന്ന് മനസിലാകാതെ ഞാൻ അമ്മയെ തന്നെ നോക്കി നിന്നു... ആരാണ് മഹേന്ദ്രൻ..... ന്റെ കൃഷ്ണ അത് ജോണിന്റെ പപ്പ അല്ലെ ... !!!!

ബാക്കി വായിക്കുവാൻ CLICK HERE....

രചന: ജ്വാല മുഖി

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top