ശിവഭദ്ര, ഭാഗം: 11

Valappottukal
ശിവഭദ്ര, ഭാഗം: 11

ഫോൺ തിരിച്ചു ജോണിന് കൊടുക്കുമ്പോൾ എന്റെ കണ്ണുകൾ ശിവയിൽ ഉടക്കി..മുഖത്തൊക്കെ ചുവന്നു കല്ലച്ച പാടുകൾ.. എന്താണ് ശിവക്ക് പറ്റിയത്... എങ്ങനേലും ഒന്ന് വീട്ടിൽ എത്തിയാൽ മതിയാരുന്നു.. ശിവ ഒന്ന് വിളിച്ചാൽ പകുതി ആശ്വാസം ആയേനെ..

"നോക്ക് ഈ സാരീ ഭദ്രക്ക് നന്നായി ചേരും.. "

"എനിക്കിപ്പോ വേണ്ട... "

"ഏയ്‌ അതു പറഞ്ഞാൽ പറ്റില്ല... എന്തായാലും താൻ ഈ പിങ്ക് സാരീ എടുത്തോളൂ... തനിക്കു നന്നായി ചേരും..ഇതേ കളർ തന്നെ ഞാനും എടുത്തോളാം.. ഫോട്ടോ സെഷൻ ഉള്ളതല്ലേ.. "

ജോണിന്റെ ആവേശം കാണുമ്പോൾ ശിവയുടെ മുഖത്തു വിഷാദം നിറയുന്നു..

ചിമ്മു ആണേൽ ശിവയുടെ മുഖത്തുന്നു കണ്ണെടുക്കുന്നില്ല... ആകപ്പാടെ വറചട്ടിയിൽ വീണ അവസ്ഥ ആണ് തനിക്കിപ്പോ..

"ഞാൻ തിരിച്ചു പോട്ടെ.. നല്ല തലവേദന.. "

"ഏയ്‌.. ഒറ്റക്ക് പോണ്ട.. ഞാൻ കൊണ്ടാക്കാം.. "

ജോൺ അടുത്ത് വന്നെന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു

"വാ പോകാം.. "

ഞാൻ വേഗം കുതറി മാറി നടന്നു..

"താൻ ആരെയാ പേടിക്കണേ.. വിവാഹം ഉറപ്പിച്ച പെണ്ണും ചെക്കനും ആണ് നമ്മൾ.. "

"കഴിഞ്ഞിട്ടില്ലല്ലോ... അതുവരെ അൽപ്പം മര്യാദ പാലിക്കാം.. "

"ഞാൻ കുറച്ചായി ശ്രദ്ധിക്കുന്നു.. തന്റെ മനസ്സിൽ വേറെ ആരെങ്കിലും ഉണ്ടോ... "

"അത്... "

"ഇല്ലെന്ന് എനിക്ക് അറിയാം.. അല്ലേലും ഈ നാട്ടിൻപുറത്തെ പെൺപിള്ളേർ ഇങ്ങനെ ഒക്കെ ആണല്ലോ.. "

കാറിൽ കയറി വീടിന് മുന്നിൽ എത്തിയതും ജോണും കൂടെ ഇറങ്ങി..

"എടൊ ഭാവി ഭാര്യേ... വീട്ടിന്റെ പടി വരെ വന്നിട്ട് ഒന്ന് കേറിയിട്ട് പോകാൻ എങ്കിലും പറയേണ്ട ഒരു മര്യാദ ഉണ്ട്... അതെങ്കിലും ആകാം.. "

"വരു.."

"വന്നാൽ...? "

"ചായ എടുക്കാം.. "

"തനിക്കു തലവേദന അല്ലെ.. ഞാൻ വേണേൽ ബാം ഇട്ടു തരാം.. "

"അതൊന്നും വേണ്ട.. ഒന്ന് കിടന്നാൽ മാറും.. "

"എങ്കിൽ ഞാൻ താൻ ഉറങ്ങുന്നതു നോക്കി തനിക്കു കാവൽ ഇരിക്കാം.. "

"ഏയ്‌ അതൊന്നും വേണ്ട.. "

"എനിക്ക് ഇങ്ങനെ തന്നെ കണ്ടോണ്ട് ഇരിക്കണം ഭദ്ര... നീ ഇപ്പൊ എന്റെ ഉള്ളിൽ ഒരു പ്രാന്തായി മാറികൊണ്ടിരിക്കുവാ... നിന്റെ ഈ കണ്ണുകൾ അതെന്നെ കൊത്തിവലിക്കുന്നു... "

ഞാൻ നോട്ടം മാറ്റി.. പണ്ട് ശിവയും ഇതുപോലെ ഒരുപാട് വട്ടം പറഞ്ഞിരിക്കുന്നു...

അന്നൊക്കെ ശിവ അത് പറയുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം ആയിരുന്നു ഉള്ളിൽ... ഓരോ തവണ കാണുമ്പോളും ആ കണ്ണുകൾ ആയി ഉടക്കുമ്പോൾ ഉള്ളിൽ ഉണ്ടാകുന്നൊരു കുളിര്.... അത് ജോൺ എത്ര ചൂഴ്ന്നു നോക്കിയാലും വരില്ല..

"ഭദ്ര എന്താ ആലോചിക്കണേ.. നാട്ടിൽ പോയാലോ എന്നാണോ.. "

"പോണം... കഴിവതും നാളെ... കാവിലൊക്കെ പോയി നല്ലോണം ഒന്ന് പ്രാർത്ഥിക്കണം... "

"എന്താ ഇത്ര പ്രാർത്ഥിക്കാൻ.. "

"പ്രാർത്ഥന പറഞ്ഞാൽ ഫലം പോകും.. "

"ഓഹ്.. ഓരോ വിശ്വാസങ്ങൾ.. ഞാൻ ഇറങ്ങട്ടെ... വൈകുന്നേരം ആകുംപോളെക്കും തലവേദന മരുവാണേൽ നമുക്കൊരു ബൈക്ക് റൈഡ് ആകാം.. "

"ഉം... "

വേഗം പോയി വാതിൽ അടച്ചു റൂമിലേക്കു വന്നപ്പോൾ അംബിക നല്ല ഉറക്കം ആണ്... വാതിലും തുറന്നിട്ട്‌ കൊണ്ടു... പറ്റിയ ആളെ ആണ് കൂട്ട് വിട്ടിരിക്കുന്നെ..

ഞാൻ സെറ്റിയിൽ കണ്ണുകൾ ഇറുകെ പൂട്ടി കിടന്നു കുറച്ചു നേരം...

ഒന്ന് മയങ്ങി പോയി..  ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് ഉണർന്നത്... സമയം നോക്കിയപ്പോൾ എട്ടുമണി...

ഫോണിൽ തെളിയുന്നതോ പുതിയൊരു നമ്പർ..ആരായിരിക്കും.. .... ഈശ്വര ശിവ ആയിരിക്കോ... !

"ഹലോ.. "

"ഭദ്രേ... ഡാ... "

"ശിവ... എവിടെ ആയിരുന്നു.. ന്നെ ന്തിനാ ഇങ്ങനെ തീ തീറ്റിച്ചേ... "

"ഡാ കൂൾ.. ഞാൻ വലിയൊരു ട്രാപ്പിൽ പെട്ടേക്കുവാ..."

"എന്താ... എന്താ കാര്യം.. "

"അറിയില്ല ഭദ്രേ.. നമ്മളെ ആരോ ട്രേസ് ചെയ്യുന്നുണ്ട്... അന്ന് നിന്റെ വീട്ടിലേക്ക് കാറുമായി വരുന്ന വഴിക്കാണ് ആരോ കുറച്ചു പേര് കാറിനു മുന്നിൽ വട്ടം വച്ചത്...പൊരുതി നോക്കി... ഒടുവിൽ അവർ എവിടെയോ ഒരു പൊട്ടിപൊളിഞ്ഞ വീട്ടിൽ എന്നെ കൊണ്ടു പൂട്ടിയിട്ടു ... നാലു ദിവസം അതിനുള്ളിൽ ജലപാനം ഇല്ലാതെ കിടന്നു... ഒടുവിൽ രക്ഷകനെപോലെ ആരോ ഒരാൾ അവിടെ എത്തിയിരുന്നു.. അയാളുടെ കൂടെ കുറെ പേരുണ്ടായിരുന്നു..  അവർ  എന്നെ തുറന്നു വിട്ടു... "

"എന്റെ കൃഷ്ണ.. എന്തിനാ അവര്.... എനിക്ക് പേടി ആകുന്നു... "

"പോരാൻ നേരം എന്റെ മൊബൈൽ അവർ തിരിച്ചു തരുമ്പോൾ അതിൽ താനും ജോണുംകൂടെ ഉള്ള കുറെ ഫോട്ടോസ് അവർ അതിലേക്ക് അയച്ചു തന്നു...  ലാസ്റ്റ് താൻ ബാംഗ്ലൂരിലേക്ക് ട്രെയിനിൽ വരുന്നത് അടക്കം... ട്രെയിനിൽ താൻ മയങ്ങി പോയപ്പോൾ ആകാം ജോൺ തന്റെ അരികിൽ ചേർന്നിരിക്കുന്ന ഫോട്ടോസും അതിൽ ഉണ്ടായിരുന്നു... "

"ഈശ്വര... ഞാൻ അറിഞ്ഞിട്ടില്ല അതൊന്നും.. "

"എനിക്ക് നിന്നെ അറിഞ്ഞുടെ ഭദ്രേ.. നമുക്ക് രക്ഷപെടാൻ എന്താണ് വഴി എന്നാണ് ഞാൻ ആലോചിക്കുന്നേ.. "

"ശിവ നമ്മൾ ഈ സംസാരിക്കുന്നത് അവർക്ക് അറിയാൻ പറ്റുമോ.. "

"പറ്റുമായിരിക്കും.. "

"അയ്യോ.. അപ്പൊ... "

"ന്തായാലും ബാംഗ്ലൂർ സിറ്റിയിൽ അല്ലെ ഭദ്രക്കു ഫോൺ വേണ്ടു... നമ്മുടെ നാട്ടിൽ പോയാൽ അതിന്റെ ആവശ്യം ഇല്ലാലോ.. അങ്ങനെ വേണേൽ തന്നെ നമുക്ക് വേറൊന്നു വാങ്ങാലോ... "

എന്തായാലും ഇന്ന് തന്നെ നാട്ടിലേക്കു തിരിക്കണം എന്ന് ഞാൻ ഉറപ്പിച്ചു..

"ശിവ എന്നാ മടങ്ങുന്നേ.. "

"ഇന്ന് തന്നെ.. "

"ഉം.. "

"അപ്പോ ശരി കാവിൽ ഇപ്പൊ നിറയെ  പാലപ്പൂക്കൾ ആയിരിക്കും അല്ലെ.. "

"നിറയെ പൂത്തുകാണും.. "

മറുതലക്കൽ ഫോൺ കട്ടായതും ഇപ്പൊ പാലപ്പൂക്കളുടെ കാര്യം എന്തിനാ ശിവ പറഞ്ഞത് എന്ന് ഞാൻ ആലോചിച്ചു...

നാളെ കാവിലെക്ക് വരാൻ ആയിരിക്കും... കാവിൽ നിന്നും കുറച്ചു നീങ്ങി ആണ് ഗന്ധർവ പാല.. അതിപ്പോ പൂത്തിട്ടുണ്ടാകും... അതിനടുത്താണ് അമ്പലകുളം... കുളത്തിലേക്കു പാല പ്പൂക്കളുടെ മണം അരിച്ചിറങ്ങുന്നുണ്ടാകും...

*****

"മോൾ ഇറങ്ങണോ... "

"അതെ അംബികേച്ചി... ചിമ്മു ന്റെ കല്യാണം ഇങ് അടുത്തല്ലോ... ഡ്രസ്സ്‌ ഒക്കെ സ്റ്റിച്ച് ചെയ്യണ്ടേ.. "

"സർ വരോ കൊണ്ടോവാൻ.. "

"ഇല്ല.. ഞാൻ വിളിച്ചിട്ടില്ല.. ചേച്ചി വീട് പൂട്ടി താക്കോൽ ജൂലി ആന്റിയെ ഏല്പിച്ചെക്കു.. "

"ശരി കുഞ്ഞേ.. "

താൻ ഇറങ്ങുവാനെന്നു ജോണിനെ വിളിച്ചു പറഞ്ഞു...

അപ്പോളേക്കും ടാക്സി വന്നു..

റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കാം എന്ന് ജോൺ നിർബന്ധിച്ചു തുടങ്ങിയെപ്പോലെക്കും ഞാൻ ഫോൺ കട്ട്‌ ചെയ്തു ...

*****

അമ്മേടെ ഫോൺ അപ്പോളും  സ്വിച്ച് ഓഫ്  ആയിരുന്നു...

സീറ്റിൽ ചാരിയിരുന്നു മയങ്ങുന്നതിനിടയിൽ  ഫോൺ ബെല്ലടിച്ചു.. അമ്മ..

"ഹലോ.. ഭദ്രേ.. "

"അമ്മ ഇത് എവിടെ ആയിരുന്നു... "

"രണ്ടു ദിവസം ആയിട്ട് വിളിക്കുന്നു.. "

"മോളെ ഞാൻ വല്ല്യോപ്പെടെ വീട് വരെ പോയതാ ഫോൺ വീട്ടിൽ വച്ചു മറന്നു.. അത് ചാർജില്ലാതെ ഓഫ് ആയതാ.. മോൾടെ നമ്പർ ആണേൽ കാണാതെ എനിക്ക് അറിയില്ലല്ലോ.. "
"ഞാൻ തിരുമേനിയെ വിളിച്ചു.. അപ്പൊ വീട്ടിൽ ഇല്ല എന്ന് പറഞ്ഞു.. ഞാൻ എന്തോരം പേടിച്ചു എന്നറിയോ.. "

"ഓഹ് അപ്പോളേക്കും അയാളെ വിളിച്ചു അല്ലെ.. "

"അമ്മ വച്ചോ... മതി സംസാരിച്ചത്... "

ഈ ജീവിതത്തിൽ ഒരു ഇറ്റു സ്നേഹം ആ സാധു മാത്രേ തന്നിട്ടുള്ളു... എന്നിട്ട് അതിനില്ലാത്ത കുറ്റങ്ങൾ ഇല്ല.. എന്ത് കണ്ടിട്ടാണാവോ ആ പ്രാക്ക് എന്റെ അമ്മയെ സ്നേഹിച്ചേ...

അമ്മ പറഞ്ഞത് കള്ളം ആണെന്ന് എന്റെ മനസ് പറയുന്നു... എന്തൊക്കെയോ കളി നടക്കുന്നുണ്ട്..

******

സ്റ്റേഷനിൽ ഇറങ്ങിയതും തിരുമേനി വിളിച്ചതും ഒരുമിച്ചു ആയിരുന്നു...

"മോളെ.. "

"തിരുമേനി..ഞാൻ ദേ നാട്ടിൽ എത്തിട്ടോ.. "

"ഉം... മോൾക്ക്‌ ഒരു സന്തോഷവാർത്ത ഉണ്ട്.. "

"എന്താ... "

"ഗിരി  വന്നിട്ടുണ്ട്... മോൾടെ അച്ഛൻ... "

"ന്റെ കൃഷ്ണ... "

സന്തോഷം കൊണ്ടാണോ എന്നറിയില്ല നിന്ന നിൽപ്പിൽ നിന്ന് അനങ്ങാൻ പോലും എനിക്ക് പറ്റുന്നില്ലായിരുന്നു...

എന്നും കൂടെ കൊണ്ടു നടക്കുന്ന ഒരു ചില്ലിട്ട ഫോട്ടോ മാത്രം ആയിരുന്നല്ലോ എന്റെ അച്ഛൻ.. ഒരുപാട് വർഷങ്ങൾക്ക് ശേഷം ക്ക് ഒന്ന് നേരിൽ കാണാലോ... സന്തോഷായി കണ്ണാ...

"മോളെ... ദേവിക്കുട്ടി... എന്താ മിണ്ടാത്തെ.. "

"സന്തോഷം കൊണ്ടാ തിരുമേനി.. ക്ക്.. ന്താ പറയണ്ടെന്ന് അറിയണില്ല... "

"അവനിപ്പോ മനക്കൽ ഉണ്ട്.. വൈകിട്ട് മോൾ അമ്പലത്തിലേക്ക് വരൂ... ഞാൻ ഫോൺ ഗിരിക്ക്  കൊടുക്കാം.. "

"ഹ.. ഹ... "

"മോളെ മണിക്കുട്ടി... "

"അച്ഛാ... "

"അച്ഛനോട് ദേഷ്യാനോ കുട്ടിക്ക്... "

"ഇല്ലച്ഛാ... ദേഷ്യമൊ... ഇല്ലച്ഛാ... ഈ ഒരു വിളിക്കു വേണ്ടി കൊതിച്ചിട്ടുണ്ട് ഭദ്ര..."

"മോള് കരയാതെ... വാ.. അച്ഛൻ കുറച്ചു ദിവസം ഇവിടെ ഉണ്ടാകും... "

ഫോൺ കട്ടായിട്ടും ചെവിയിൽ തന്നെ വച്ചു നടന്നു ഞാൻ...

****

ഉമ്മറത്തു തന്നെ അമ്മ ഇരിപ്പുണ്ട്...

"നീ എന്താ വേഗം പോന്നെ... കുറച്ചു ദിവസം കഴിഞ്ഞു വരുള്ളൂ എന്നല്ലേ പറഞ്ഞത്.. "

"വരണം എന്ന് തോന്നി.. "

"ജോൺ സമ്മതിച്ചോ ഇങ്ങനെ ഒറ്റക്ക് വരാൻ... "

"ജോൺ എന്നെ കെട്ടിയിട്ടില്ല.. ഇപ്പൊ അയാളുടെ സമ്മതം എനിക്ക് ആവശ്യമില്ല.. "

"നീ ആരെ കണ്ടിട്ടാ ഈ തുള്ളുന്നത്.. "

"അമ്മോട് മറുപടി പറയാൻ നിന്നാൽ എന്റെ ക്ഷമ നശിക്കും.. "

"എന്താടി.. നീ എന്നെ തല്ലും എന്നാണോ പറഞ്ഞു വരുന്നത്.. "

"ഹോ... ഇതുപോലെ ഒരു ജന്മം... ആർക്കും കാണില്ല ഇങ്ങനെ ഒരു അമ്മ.. "

കലിപൂണ്ടു ചായ്പ്പിൽ കയറി വാതിൽ അടച്ചു ഞാൻ..

കുളത്തിൽ പോയൊന്നു സമാധാനം ആയി മുങ്ങി കുളിച്ചു...

***

"ഞാൻ അമ്പലത്തിൽ പോവാ... "

"ഇനി ആ കാർന്നോർ ഓരോ ഓതിത്തന്നിട്ട് എന്റെ മെക്കിട്ടു കേറാൻ വന്നേക്കരുത്.. "

മറുപടി പറയാതെ മനക്കലേക്ക് നടന്നു ഞാൻ..

കാടു പിടിച്ചു കിടക്കുന്ന പറമ്പിനു നടുവിൽ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന മന...

സത്യത്തിൽ പുറത്തുന്നു ഒരാളും പേടിച്ചിട്ടു ഇതിനുള്ളിൽ കയറില്ല.. ആകെ ഈ പറമ്പിൽ കടക്കുന്നത് അമ്മ ആണ്.. അത് അടക്കേം തേങ്ങയും പെറുക്കാൻ ആണ്..

ഉമ്മറത്തെ തിണ്ണയിൽ കാലും നീട്ടി ഇരുപ്പുണ്ട് തിരുമേനി.. തൊട്ടരികിൽ അങ്ങോട്ട്‌ തിരിഞ്ഞിരിക്കുന്നത് അച്ഛനാകും.. എന്നോർത്തപ്പോൾ വല്ലാത്ത സന്തോഷം..

"ആ വന്നല്ലോ  ഗിരിടെ മണിക്കുട്ടി... "

കണ്ണു നിറഞ്ഞിട്ട് എനിക്കൊന്നും കാണാൻ വയ്യായിരുന്നു...

ബാക്കി വായിക്കുവാൻ CLICK HERE....

രചന: ജ്വാല മുഖി

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top