അവൾ, PART 2

Valappottukal
രചന: ശ്രുതി സുധി

"നീ.... നീയാണോ പാട്ടു പാടിയത്... "

ഞാൻ പറയുന്നത് അവൾ കണ്ണുകൂർപ്പിച്ചു ശ്രദ്ധിച്ചു നിന്നു... ശേഷം ഒരു ചിരിയോടെ അതേ എന്ന് പറയവേ ഞാനും അമ്മയും ഒരുപോലെ ഞെട്ടി....

"നിനക്ക്... നിനക്ക് അതിനു സംസാരിക്കാൻ കഴിയുമോ.... . "

ഒരു ഞെട്ടലോടെ ഞാൻ അവളോട് ചോദിച്ചു...

"സംസാരിക്കാൻ... എനിക്ക്... പറ്റും... ബട്ട്‌... കേൾക്കാൻ... കഴിയില്ല.. പക്ഷേ... നിങ്ങൾ.. പറയുന്നത്... എനിക്ക്...മനസ്സിലാകും... സ്പീഡ് കുറച്ചു.... കുറച്ചു... പറഞ്ഞാൽ.. വാക്കുകൾ... മനസ്സിലാകും... "
Loading...

അവൾ പതിയെ പതിയെ പറഞ്ഞു നിർത്തവെ ഞാനും അമ്മയും ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കി....

അമ്മ മെല്ലെ അടുത്തു വന്ന് അവളുടെ കൈപിടിച്ചുകൊണ്ട് കട്ടിലിൽ ഇരുന്നു...

"പിന്നെന്താ മോളുടെ അമ്മ ഇതൊന്നും ഞങ്ങളോട്  പറയാതിരുന്നത്.... എന്തിനാ എല്ലാവരും കള്ളം പറഞ്ഞത്... "

"അത്....അവർ... അവർ എന്റെ അമ്മയല്ല...

എന്റെ അമ്മ... എന്റെ അമ്മ... ചെറുപ്പത്തിലേ മരിച്ചതാ.... അച്ഛൻ രണ്ടാമത്... വിവാഹം കഴിച്ചതാ... അവരെ...ആദ്യം ഒന്നും... കുഴപ്പം ഉണ്ടായിരുന്നില്ല..... പിന്നെ... പിന്നെ... അവർ ആകെ മാറി..... അതിന്റെ പേരിൽ... അച്ഛൻ... വഴക്കുണ്ടാകുമായിരുന്നു.... എന്റെ.. എന്റെ അച്ഛനെ അവർ... അവർ കൊന്നതാ.... ഞാൻ കേട്ടതാ... അവർ പറയുന്നത്.... "

അവൾ കണ്ണുനീരോടെ പറയുന്നത് ഞങ്ങൾ ഞെട്ടലോടെ കേട്ടുനിന്നു..

"മോൾ.... മോളെന്തൊക്കെയാ പറയുന്നത്... മോൾ എങ്ങനെ കേട്ടുവെന്നാ.... മോൾക്കതിനു കേൾക്കാൻ കഴിയുമോ... "

"കഴിയുമായിരുന്നു..... അച്ഛൻ മരിച്ചതിന് ശേഷം.... ഒരിക്കൽ അവർ.... പറയുന്നത് ഞാൻ കേട്ടതാ.... അത്... അതുചോദിക്കാൻ ചെന്ന എന്നെ..... ആ സ്ത്രീയും അയാളും.... കൂടി ചേർന്നു ഒരുപാട് തല്ലി..... എപ്പോഴോ... തല്ലുകൊണ്ട് ബോധം പോയി..... പിന്നെ ബോധം തെളിഞ്ഞപ്പോൾ ആണ്.... എനിക്ക് എന്റെ കേൾവി നഷ്ടമായി എന്ന്.... ഞാൻ മനസ്സിലാക്കിയത്..... അപ്പോഴേക്കും അവർ ചേർന്നു എനിക്ക് ഭ്രാന്താണെന്ന് എല്ലാവരോടും പറഞ്ഞു പരത്തി....

അവർ എന്നെ ഉപദ്രവിക്കുമ്പോൾ വേദനയെടുത്തു ഞാൻ അലറി കരയുമ്പോൾ  അവർ എല്ലാവരോടും പറഞ്ഞത് ഭ്രാന്ത്‌ മൂത്തു ഞാൻ അലറുന്നതാണെന്നാണ്....

എനിക്ക് സംസാരിക്കാൻ കഴിയാത്തതു പോലെ ഞാൻ അഭിനയിച്ചതാണ് എല്ലാവരുടെയും മുന്നിൽ... അല്ലെങ്കിൽ എന്നെയും അവർ കൊന്നുകളയുമായിരുന്നു... "

മുഖം പൊത്തി അവൾ പൊട്ടിക്കരയുന്നതും നോക്കി ഞെട്ടലോടെ  ഞങ്ങൾ ഇരുന്നു...

"ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല.... എന്തൊക്കെയാ ഈ കേൾക്കുന്നത് ഈശ്വരാ.. ... മോൾക്കിതൊക്കെ ആരോടെങ്കിലും പറയാമായിരുന്നില്ലേ.... "

"പറയാൻ ആയിട്ട്.... ആരും അടുത്തേക് പോലും വരാറില്ലായിരുന്നു..... എല്ലാവരോടും എനിക്ക്..... ഭ്രാന്ത് കൂടുതൽ ആണെന്ന പറഞ്ഞിരുന്നത്.... അവരെ കാണാൻ വന്നിരുന്ന ആൾ..... ഒരു ഡോക്ടർ ആണ്.... അയാളുമായിട് ആ സ്ത്രീക്ക്... അരുതാത്ത ബന്ധം ആണുള്ളത്.... ആ ഡോക്ടർ എല്ലാവരോടും പറഞ്ഞു.... എനിക്ക് ഭ്രാന്ത്‌ ആണെന്ന്..... ഡോക്ടർ പറയുന്നതല്ലേ.... എല്ലാവരും വിശ്വസിച്ചു....

പക്ഷെ.... ഒരാൾക്കു.... ഒരാൾക്ക് എല്ലാ സത്യവും അറിയാം..... ഞങ്ങളുടെ വീട്ടിൽ... ജോലിക് നിന്ന ജാനകിയമ്മക്ക്..... പക്ഷെ... ജാനകിയമ്മയും ഒന്നും അറിയാത്തതു പോലെ അവരുടെ മുന്നിൽ അഭിനയിക്കും.... ജാനകിയമ്മയാ പറഞ്ഞത് എനിക്ക് സംസാരിക്കാനും കഴിയാത്തത് പോലെ അഭിനയിക്കാൻ.... "

"അപ്പോൾ.... അപ്പോൾ മോൾക്ക്‌ ഭ്രാന്തില്ലെന്നാണോ പറയുന്നത്.... അപ്പോൾ മോൾക്ക് കഴിക്കാൻ തരുന്ന മരുന്നോ.... "

"ഭ്രാന്തില്ല..... ഇതിന് മുൻപ് എനിക്ക് മരുന്നൊന്നും തന്നിട്ടില്ല.... പക്ഷേ... ഇവിടെ വന്നതിനു ശേഷമാണ് എനിക്ക് പതിവില്ലാത്ത എന്തോ ക്ഷീണം ഒക്കെ തോന്നിയത്.... എപ്പോഴും ഉറക്കം വരും.... ഒരു സംശയം തോന്നിയിരുന്നു... ഞാൻ കഴിക്കുന്ന ഭക്ഷണത്തിൽ.... നിങ്ങൾ മരുന്ന് എന്തെങ്കിലും ചേർത്തിട്ടുണ്ടോ എന്ന്..... അതുകൊണ്ടു ഇന്നലെ മുതൽ.... അമ്മ തന്ന ഭക്ഷണം ഒന്നും.... ഒന്നും ഞാൻ കഴിച്ചില്ല.... അതുകൊണ്ട് ഇന്ന് എനിക്ക് ഉറക്കം ഒന്നും വന്നില്ല.... "

"അയ്യോ.... മോളപ്പോൾ ഭക്ഷണം ഒന്നും കഴിച്ചിട്ടില്ലേ..... "

"ഇല്ല... "

അതുകേട്ടതും അമ്മ വേഗം അടുക്കളയിലേക്കു പോയി.....

അമ്മ പോയതും ഞാൻ മെല്ലെ അവളുടെ അടുത്തേക്ക് ചെന്നു....

"തനിക്കിതൊക്കെ ഞങ്ങളോടെങ്കിലും പറയാമായിരുന്നില്ലേ.....ഇത്രനാളായിട്ടും ഒരുവാക്കുപോലും പറയാതിരുന്നത് എന്താ..... "

"പറയാൻ ഇരുന്നതാ..... കല്യാണം കഴിഞ്ഞ അന്നുതന്നെ... പക്ഷേ അന്ന്.... "

അവൾ പറഞ്ഞു നിർത്തവെ എന്റെ മനസ്സിൽ കുറ്റബോധം നിറഞ്ഞു....

"പിന്നെ ഞാൻ പറഞ്ഞില്ലേ ഭക്ഷണം കഴിച്ചു കഴിയുമ്പോളേക്കും ഞാൻ ഉറങ്ങിപോകും.... ഭയങ്കര തലവേദന ആയിരിക്കും അന്നേരം.... ഉണർന്നിരിക്കുമ്പോൾ ആരെയും കാണാറും ഇല്ല.... "

"തനിക്കു... ദേഷ്യമുണ്ടോ ഞങ്ങളോട്.... "

"ഒരിക്കലും ഇല്ല..... ഒന്നുമില്ലെങ്കിലും വയറുനിറയെ ഭക്ഷണം കിട്ടുമായിരുന്നല്ലോ എനിക്ക്.... മാത്രമല്ല.. ആരുടെയും ഉപദ്രവം ഇല്ലാതെ ഉറങ്ങാനും കഴിയുമായിരുന്നു... അതുതന്നെ വലിയ ഭാഗ്യം... "

"തന്നെ അവർ ഉപദ്രവികുമായിരുന്നോ...... "

"മ്മ്..... ഒരുപാട്.... "

അതുപറഞ്ഞപ്പോഴേക്കും അവളുടെ മിഴികൾ നിറഞ്ഞൊഴുകി..... അവളെ ഒന്ന് ചേർത്തു പിടിക്കാൻ മനസ്സ് വല്ലാതെ കൊതിച്ചു.... പക്ഷേ അപ്പോഴേക്കും അമ്മ അവൾക്കു കഴിക്കാൻ ഉള്ള ഭക്ഷണവും ആയി വന്നു.... ഭക്ഷണം മുന്നിൽ വയ്ക്കവേ അവൾ മുഖമുയർത്തി ഞങ്ങളെ ഒന്ന് നോക്കി....

അവളുടെ നോട്ടത്തിൽ ഞങ്ങൾ ഒരുപോലെ വല്ലാതായി..... പതിയെ അമ്മ അവളുടെ അടുത്തു ചെന്നു ഭക്ഷണം വാരി നൽകി....

"മോൾ പേടിക്കേണ്ട.... ഇതിൽ അമ്മ മരുന്നൊന്നും ചേർത്തിട്ടില്ലട്ടോ.... "

ഒരു പുഞ്ചിരിയോടെ അമ്മയത് പറഞ്ഞുകൊണ്ട് അവൾക്കു ഭക്ഷണം വാരി നല്കവേ അനുസരണയുള്ള  കൊച്ചുകുഞ്ഞിനെ പോലെ അവൾ അത് മുഴുവൻ കഴിക്കുന്നതും നോക്കി ഞാൻ ഇരുന്നു.....

അവൾ ഭക്ഷണം മുഴുവൻ കഴിച്ചതും അമ്മ പാത്രവുമായി അടുക്കളയിലേക്കു പോയി.... അവൾ മുഖം കഴുകാനായി ബാത്ത്റൂമിലേക്കും പോയ നേരം ഞാനും മെല്ലെ അമ്മയുടെ പുറകെ ചെന്നു....

പാത്രം കഴുകുന്ന സിങ്കിലേക്കു അവൾ കഴിച്ചാ പാത്രം ഇട്ടുകൊണ്ട് അമ്മ പൈപ്പിൽ നിന്നും വെള്ളമെടുത്തു മുഖം കഴുകി....
അമ്മയുടെ അടുത്തായി സ്ലാബിൽ ചാരി ഞാൻ നിന്നു...

"എന്തൊക്കെയാ മോനെ ഇത്.... ആകെ പെട്ടിരിക്കുക ആണല്ലോ.... "

"പെട്ടതല്ലല്ലോ.... പെടുത്തിയതല്ലേ.... നിങ്ങളൊക്കെ ചേർന്നു... "

"അത്... പിന്നെ... അന്നത്തെ സാഹചര്യം....
പക്ഷെ സ്വപ്നത്തിൽ പോലും ഇങ്ങനെയൊക്കെ ആകുമെന്ന് കരുതിയില്ല...

ഇനി.... ഇനിയെന്ത് ചെയ്യും.... അവളീ പറഞ്ഞതൊക്കെ സത്യം തന്നെ ആണോ... നമുക്ക് അവളുടെ ആ അമ്മയെ ഒന്ന് വിളിച്ചുചോദിച്ചാലോ.... "
Loading...

"മ്മ്.... നന്നായി.... ചോദിച്ചിട്.... അവർ സത്യം പറയുമോ... ഒരുപക്ഷെ അവൾ പറഞ്ഞത് മുഴുവൻ സത്യമാണെങ്കിൽ അവർ അത് സമ്മതിച്ചു തരുമെന്ന് തോന്നുന്നുണ്ടോ.... അവൾ പറഞ്ഞത് മുഴുവൻ സത്യമാണ് എന്നതിന് തെളിവല്ലേ അവൾ സംസാരിച്ചത്....അവർ പറഞ്ഞത് അവൾക്കു സംസാരിക്കാനും കഴിവില്ല എന്നല്ലേ.... "

"ഹോ.... എന്നാലും അവർ എന്ത് സ്ത്രീയാണ്.... ഇങ്ങനെയൊക്കെ ഉണ്ടോ ആളുകൾ... "

അമ്മ താടിക്കും കൈ കൊടുത്തു ആലോചനയോടെ നിന്ന നേരം വെറുതെ അവളുടെ മുറിയിലേക്ക് എത്തിനോക്കി.... കട്ടിലിൽ ഇരുന്നുകൊണ്ട് പുറത്തേക്കു ജനലവഴി നോക്കിയിരിക്കുന്ന അവളെ കണ്ടപ്പോൾ മനസ്സിൽ ഒരു സംശയം ഉദിച്ചു.... ഇനി അവൾക്കു കേൾക്കാനും കഴിയുമോ....

അടുക്കളയിൽ നിന്നും സ്റ്റീലിന്റെ ഒരു പാത്രം എടുത്തു അവളുടെ മുറിയിലേക്ക് ചെന്നു.... അകത്തുകയറി ആ പാത്രം തറയിലേക്ക് വലിച്ചെറിഞ്ഞു..... കാതുപൊട്ടുമാറു ഉച്ചത്തിൽ ആ പാത്രം താഴെ വീണെങ്കിലും അതൊന്നും അറിയാതെ അവൾ അതേ ഇരുപ്പ് തുടർന്നപ്പോൾ മനസ്സിലായി അവൾക്കു കാതു കേൾക്കാൻ കഴിയില്ലെന്ന്....

എന്റെ പ്രവൃത്തി വീക്ഷിച്ചുകൊണ്ട് അമ്മ അടുക്കളയിൽ നില്പുണ്ടായിരുന്നു.... പതിയെ അവളുടെ അടുത്തു ചെന്നു തോളിൽ തട്ടി വിളിച്ചു .. ഒരു ഞെട്ടലോടെ അവൾ തിരിഞ്ഞു നോക്കി....

അവളോട് ഒപ്പം വരാൻ പറഞ്ഞുകൊണ്ട് മുറിയ്ക് പുറത്തു കടന്നു.......ആദ്യം ഒന്ന് മടിച്ചു മടിച്ചു നിന്നെങ്കിലും വീണ്ടും വിളിച്ചപ്പോൾ അവൾ വന്നു........ . കല്യാണം കഴിഞ്ഞു വന്നതിനു ശേഷം ആദ്യമായി  ആണ് അവൾ ആ മുറിയിൽ നിന്നും പുറത്തു കടക്കുന്നത് ... അതുകൊണ്ട് തന്നെ അവളുടെ മിഴികൾ നിറഞ്ഞിരുന്നു...

അമ്മ അവളുടെ നിറഞ്ഞ മിഴികൾ തുടച്ചു കൊണ്ട് ചേർത്തു പിടിച്ചു....

"മോൾ വിഷമിക്കേണ്ട..... കഴിഞ്ഞതെല്ലാം കഴിഞ്ഞു..... ഇനി അതൊന്നും ഓർക്കാൻ നിൽക്കേണ്ട കേട്ടോ.... "

"മ്മ്..... പിന്നെ... എനിക്ക് ഒരു ഉപകാരം ചെയ്യുമോ... ഞാൻ ഒരു നമ്പർ തരാം... അതിലേക്കൊന്നു വിളിക്കുമോ... ഞാൻ പറഞ്ഞിട്ട് വിളിക്കുന്നതാണെന്നു പറഞ്ഞാൽ മതി.... "

അതുകേട്ടതും അമ്മ എന്നോട് വിളിക്കാൻ പറഞ്ഞു.... അവൾ പറഞ്ഞുതന്ന നമ്പറിലേക്ക് വിളിച്ചു.......ഫോൺ ബെൽ അടിക്കുന്നുണ്ട് എങ്കിലും ആരും എടുക്കുന്നില്ല..... ഫോൺ ചെവിയോട് ചേർത്തുപിടിച്ചു കൊണ്ട് അവളോട് ആരാ എന്ന് ചോദിച്ചു....

"ഞാൻ പറഞ്ഞില്ലേ... വീട്ടിൽ ജോലിക്ക് നിൽക്കുന്ന ജാനകിയമ്മയെ പറ്റി...അവരാ..."

ബെൽ അടിച്ചു കഴിയാറായതും കട്ട്‌ ചെയ്യാൻ തുടങ്ങിയപ്പോളേക്കും മറുവശത്തു ഫോൺ എടുത്തു....

വിളിച്ച കാര്യം പറഞ്ഞതും അവളുടെ പേരുകേട്ടപ്പോൾ അവർക്കുണ്ടായ സന്തോഷം ആ വാക്കുകളിൽ പ്രകടമായിരുന്നു..... ഈ ഒരു ഫോൺ കോളിനായി അവർ കാത്തിരിക്കുക ആയിരുന്നു പോലും.... അവളുടെ എന്തൊക്കെയോ സാധനങ്ങൾ അവരുടെ പക്കൽ ഉണ്ട്.... അത് തിരികെ ഏൽപ്പിക്കണം..... നാളെ രാവിലെ അവർ ഇവിടെ എത്താം എന്നും പറഞ്ഞു....വീട്ടിലേക്കുള്ള വഴിയും മറ്റും പറഞ്ഞു കൊടുത്തു ഫോൺ വച്ചു.... അവർ പറഞ്ഞ കാര്യങ്ങൾ അവളോട് വിവരിച്ചു....

അമ്മയോട് പ്രത്യേകം പറഞ്ഞിരുന്നു ഇവിടെ നടന്ന കാര്യങ്ങൾ മറ്റാരോടും പറയണ്ട എന്ന്.... പ്രത്യേകിച്ച് പെങ്ങളോട്..... അമ്മ അത് സമ്മതിക്കുകയും ചെയ്തു.... എന്റെ കല്യാണം കഴിഞ്ഞു പെങ്ങൾക്കാവശ്യം ഉള്ളതെല്ലാം മേടിച്ചു കൊണ്ടുപോയതിൽ പിന്നെ വരവോ വിളിയോ ഇല്ലാത്തതിനാൽ അമ്മയ്ക്കിപ്പോൾ പെങ്ങളോട് ദേഷ്യമാണ്..... അതുകൊണ്ട് തന്നെ ഈ കാര്യങ്ങൾ ഒന്നും അമ്മ പറയാനും സാധ്യത ഇല്ല....

ആ ഒരു വിശ്വാസത്തിൽ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ മനസ്സിൽ ഒരേഒരു ചിന്തയായിരുന്നു.... ഇനി എന്ത്.....

വീട്ടിൽ നിന്നും നേരെ പോയത് സുഹൃത്തായ അജിത്തിന്റെ വീട്ടിലേക്കായിരുന്നു......ഞങ്ങളുടെ കൂട്ടത്തിലെ സിഐഡി ആണവൻ...... പോലീസിൽ ചേരണം എന്നൊക്കെ ആയിരുന്നു ആഗ്രഹം എങ്കിലും വീട്ടിലെ പ്രാരാബ്ധം അവനെ ഒരു വർക്ക്‌ഷോപ്പ് ജോലിയിൽ കൊണ്ടെത്തിച്ചു......

അവന്റെ അടുത്തു ചെല്ലുമ്പോഴും മനസ്സിൽ ഒരായിരം സംശയങ്ങളും ഭയവും ഉടലെടുത്തിരുന്നു...... അമ്പലത്തിൽ വച്ചു താലി കെട്ടി കൊണ്ടുവെന്നല്ലാതെ വലിയ ആർഭാടത്തോടെ ഒന്നുമായിരുന്നില്ല കല്യാണം നടത്തിയത്.... മൂകയും ബധിരയുമായ കുട്ടിയെ വിവാഹം ചെയ്ത നല്ല മനസ്സുള്ളവൻ എന്നാണ് എല്ലാവരും എന്നെപ്പറ്റി ധരിച്ചിരിക്കുന്നത്..... അതിന്റെ പിന്നിലുള്ള സംഭവങ്ങൾ പോലും ആർക്കും അറിയില്ല.....അവൾക്കു മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന കാര്യം പോലും......
Loading...

ആരോടെങ്കിലും ഒന്ന് മനസ്സ് തുറക്കണം എന്നുകരുതി തന്നെയാണ് അജിത്തിന്റെ അടുത്തേക്ക് ചെന്നത്..... എല്ലാം കേട്ടു കഴിയുമ്പോൾ അവൻ പൊട്ടിത്തെറിക്കുമായിരിക്കും എന്ന് കരുതിയെങ്കിലും അതിനു പകരം അവനു എന്നോട് തോന്നിയത് വെറും പുച്ഛം മാത്രമായിരുന്നു..... എല്ലാം കേട്ടുകൊണ്ട് നിന്ന അവന്റെ മൗനമാണ് എന്നെ അധികം വേദനിപ്പിച്ചത്..... ഒരുപക്ഷെ പൊട്ടിത്തെറിച്ചിരുന്നു എങ്കിൽ ഇത്രയും വേദന തോന്നില്ല....

ഒന്നും മിണ്ടാതെ വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന അജിത്തിന്റെ അടുത്തു ചെന്നിരുന്നു...

"ഡാ... അജി.... നീയെന്തെങ്കിലും ഒന്ന് പറയെടാ..... "

"നിന്നോടൊരു ബഹുമാനം ഉണ്ടായിരുന്നു.... അതിപ്പോൾ തീർന്നു..... കാശിനു വേണ്ടി എന്തും ചെയ്യുന്ന പലരെയും പറ്റി കേട്ടിട്ടുണ്ട്.... പക്ഷെ.....കാശുണ്ടാക്കാൻ ആയിരുന്നെങ്കിൽ വേറെ എന്തൊക്കെ വഴികൾ ഉണ്ടാകുമായിരുന്നു.... "

"അറിയാം..... കാശുണ്ടാക്കാൻ വേറെ പല വഴികളും ഉണ്ട്..... പക്ഷേ... അങ്ങനെ മോശം രീതിയിൽ കാശുണ്ടാക്കിയിട് എന്തിനാ..... ഇതിപ്പോൾ ഞാൻ കാരണം ഒരു പെൺകുട്ടിക്ക് ഒരു ജീവിതം കിട്ടിയില്ലേ... "

"മ്മ്..... കിട്ടിയോ.... അവൾക്കു നല്ല ജീവിതം കിട്ടിയോ.... നീ സത്യം പറ..... നീ അവളെ ഒന്ന് നേരാവണ്ണം കണ്ടിട്ടുണ്ടോ.... അവളോടൊന്ന് സംസാരിച്ചിട്ടുണ്ടോ.... അവളുടെ അവസ്ഥയെ പറ്റി ചിന്തിച്ചിട്ടുണ്ടോ.... അവളെ പറ്റി നിനക്ക് എന്തറിയാമായിരുന്നു....

അവൾക്കു എല്ലാ സത്യവും നിന്നോട് പറയാൻ ഇത്രയും നാൾ കഴിയേണ്ടി  വന്നില്ലേ.... എന്ത് കൊണ്ടാ അത്..... എന്തുകൊണ്ട് നിനക്ക് ഇതൊന്നും നേരത്തെ അറിയാൻ കഴിഞ്ഞില്ല...."

അവന്റെ ചോദ്യങ്ങൾക്കു മറുപടി കൊടുക്കാൻ കഴിയാതെ മൗനമായി നിന്നു.... ശരിയാണ്... അവളെ കെട്ടിയാൽ കിട്ടുന്ന പണം മാത്രമായിരുന്നു ലക്ഷ്യം.... അത് കിട്ടിയതോടെ അവളെ വെറുക്കാനും തുടങ്ങിയിരുന്നു..... അവളിൽ നിന്നും സത്യങ്ങൾ അറിയുന്നത് വരെ ആ വെറുപ്പ് മാത്രമായിരുന്നു...

"എങ്കിലും നീ മുന്നും പിന്നും നോക്കാതെ ഇങ്ങനെ ഒരു എടുത്തുചാട്ടം വേണ്ടിയിരുന്നോ..... ഇതിപ്പോൾ നീ ശരിക്കും പെട്ടിരിക്കുകയല്ലേ.... അവർ നിന്നെ പെടുത്തിയിരിക്കുകയാണ്.... കാര്യങ്ങൾ തിരിച്ചറിയാനും മനസ്സിലാക്കാനും ഉള്ള വിവേകം നിനക്ക് ഉണ്ടായിരുന്നില്ലേ.....

അവൾ പറഞ്ഞത് വച്ചു നോക്കുമ്പോൾ അവളുടെ രണ്ടാനമ്മ അവളുടെ അച്ഛനെ വിവാഹം ചെയത് അയാളുടെ സ്വത്തുവകകൾ കൈക്കലാക്കാൻ അയാളെ കൊന്നു..... അതോടെ അയാളുടെ ഒരു ഭാഗം സ്വത്തുക്കൾ അവരിലേക്ക്‌ വന്ന് ചേരും.... അത് മാത്രമായിരുന്നു അവരുടെ ലക്ഷ്യം.... "

"ഡാ.... അങ്ങനെയെങ്കിൽ  അവളെയും അവർ ജീവനോടെ വച്ചതെന്തിനാ.... അവൾക്കു ഭ്രാന്താണെന്ന് വരുത്തി തീർത്തത് എന്തിനാ.... "

"അവൾക്കു ജീവൻ ഉണ്ടായിരുന്നു എന്ന് മാത്രമല്ലെ ഉള്ളൂ.... അവൾ പറഞ്ഞതനുസരിച്ചു വലിയ പീഡനങ്ങൾ അല്ലെ അവൾ അനുഭവിച്ചത്‌..... അവളെയും കൂടെ ഇല്ലാതാക്കിയാൽ ഒരുപക്ഷേ ആരെങ്കിലും ഒക്കെ സംശയിച്ചു പിന്നീടതൊരു കേസ് ഒക്കെ ആകും.... അതിനു പകരം അവൾക്കു ഭ്രാന്താണെന്ന് വരുത്തി തീർത്താൽ സമൂഹത്തിന്റെ മുന്നിൽ ഭ്രാന്തിയായ മകളെ പൊന്നുപോലെ നോക്കുന്ന അമ്മ എന്ന സഹതാപവും ബഹുമാനവും അവർക്കു കിട്ടും.... അവളിൽ നിന്നും നീ സത്യങ്ങൾ അറിയുന്നത് വരെ നിന്റെ മനസ്സിലും ഇതേ ബഹുമാനം തന്നെ ആയിരുന്നില്ലേ അവരോട്...."

അവൻ പറഞ്ഞത് ഓർത്തപ്പോൾ ശരിയാണ്.... അവരോട് ഒരു ബഹുമാനം ആയിരുന്നു തോന്നിയിരുന്നത്.... അത്രയേറെ അവർ ഞങ്ങളുടെ മുന്നിൽ അഭിനയിച്ചു.... പറഞ്ഞു ഫലിപ്പിച്ചു..... അതെല്ലാം കേട്ടു മണ്ടന്മാരെ പോലെ ഞങ്ങൾ വിശ്വസിച്ചു....

"ഇതിന്റെ പിന്നിൽ വേറെ എന്തൊക്കെയോ ചതി കൂടെ ബാക്കിയുണ്ടെടാ.....

കാതുകേൾകാത്ത സംസാരിക്കാത്ത ഭ്രാന്തിയായ പെണ്ണിനെ ആരു കേൾക്കാൻ.... അവൾ പറയുന്നതെന്തെങ്കിലും ആരെങ്കിലും വിശ്വസിക്കുമോ..... വിശ്വസിപ്പിക്കാതിരിക്കാൻ അവർക്കു കഴിയുകയും ചെയ്യും.... പക്ഷേ.... അവർക്കു പറ്റിയ ഒരു വീഴ്ചയാണ് അവൾക്കു സംസാരിക്കാൻ കഴിയും എന്ന സത്യം അവർക്കു അറിയാൻ കഴിയാതെ ഇരുന്നത്.... ഒരുപക്ഷെ അത് അറിഞ്ഞിരുന്നെങ്കിൽ അവൾ ഭയപെട്ടതുപോലെ അവളെയും ഇല്ലാതാക്കാൻ അവർ ശ്രമിച്ചേനെ....

എല്ലാം വിശദമായി അന്വേഷിക്കേണ്ടിയിരിക്കുന്നു.... അവൾക്കു കൊടുക്കാനായി തന്ന മരുന്നുകൾ നിന്റെ കൈവശം ഇല്ലേ..... അതൊന്നു കൊണ്ടുപോയി നോക്കാം.... എന്ത് മരുന്നാണെന്നു അറിയാമല്ലോ.... എടുത്തു ചാടി ഒന്നും ചെയ്യാൻ നിൽക്കേണ്ട......"

അവൻ പറയുന്ന ഓരോ കാര്യങ്ങൾ കേട്ട് മനസ്സിൽ ഉടലെടുക്കുന്ന ഭയം പുറത്തു കാണിക്കാതെ തിരികെ വീട്ടിലേക് നടക്കവേ മനസ്സിൽ നിറയെ പൊട്ടിക്കരയുന്ന അവളുടെ മുഖം ആയിരുന്നു...... ഒരുപാട് അനുഭവിച്ചിട്ടുണ്ട്.... അറിഞ്ഞുകൊണ്ടും അല്ലാതെയും ഞങ്ങളും വേദനിപ്പിച്ചിട്ടുണ്ട്......അവളോട്  ചെയ്ത എല്ലാ തെറ്റുകൾക്കും പരിഹാരം കാണണം..... അവൾക്കു വേണ്ട നീതി വാങ്ങിച്ചു കൊടുക്കണം...... സൂപ്പർ ഹീറോ ഒന്നും അല്ല ഞാൻ ...വെറുമൊരു സാദാരണക്കാരൻ.......  എങ്കിലും കഴിവിന്റെ പരമാവധി അതിന് വേണ്ടി ശ്രമിക്കണം...... അതിനു ബുദ്ധിപരമായി നീങ്ങിയെങ്കിൽ മാത്രമേ കാര്യം ഉള്ളൂ.......

മനസ്സിൽ ചില കണക്കുകൂട്ടലുകളോടെ ഞാൻ നടന്നു......

തുടരും
*********
അടുത്ത ഒരു പാർട്ടും കൂടി ഉണ്ട് കേട്ടോ.....വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
To Top