അവൾ, Part 1

Valappottukal
രചന: ശ്രുതി സുധി
സെറ്റ് സാരിയുടുത്തു മുല്ലപ്പൂ ചൂടി കൈയിൽ ഒരു ഗ്ലാസ്‌ പാലുമായി അവളെ മുറിയിലാക്കികൊണ്ട് പെങ്ങൾ തിരിച്ചു നടക്കവേ ഒരു പുച്ഛത്തോടെ പെങ്ങളെ പിടിച്ചു നിർത്തി മുഖത്ത് നോക്കി ചോദിച്ചു...

"ആരെ കാണിക്കാനാണെടി ഇമ്മാതിരി വേഷം കേട്ട്... "

"അത്... ഏട്ടാ... ഞാൻ... "

പെങ്ങൾ നിന്നു പരുങ്ങി... വര്ധിച്ചുവന്ന ദേഷ്യം കാരണം വാതിലിൽ ശക്തിയായി അടിച്ചുകൊണ്ട് ആ മുറിയ്ക്കു പുറത്തിറങ്ങി മറ്റൊരു മുറിയിൽ കയറി വാതിൽ അടച്ചു കണ്ണുകൾ  കിടന്നു...

 ആ സമയം  അവളെ ആദ്യമായി കണ്ട ദിനം മനസ്സിൽ തെളിയവേ ഇന്നും ഒരു വിറയൽ ശരീരത്തു പടരുന്നു...
Loading...

അച്ഛന്റെ ബിസിനസ് തകർന്നതും അതിനു ശേഷം വന്ന കടവും... അത് തീർക്കാൻ പാടുപെടുന്നതിനിടയിൽ ഉള്ള അച്ഛന്റെ ആ ആക്‌സിഡന്റും... അതിന്റെ ചികിത്സയുടെ വഴിയായിട്ട് വീണ്ടും കടം കയറിയതും.... അവസാനം അച്ഛന്റെ മരണവും..  ഉണ്ടായിരുന്ന വീടും പറമ്പും വിറ്റ് പെങ്ങളെ കല്യാണം കഴിപ്പിച്ചയച്ചതും എല്ലാം ഇന്നലെയെന്ന പോൽ മനസ്സിൽ തെളിഞ്ഞു...

പൊതുവെ ആര്ഭാടക്കാരിയായ പെങ്ങൾ ഭർതൃവീട്ടുകാരുടെ മുന്നിൽ പൊങ്ങച്ചം കാണിക്കാൻ നടന്നു നടന്നു അവശേഷിച്ച സമ്പാദ്യം കൂടെ തീർന്നു....അല്ല തീർത്തു...

 ഒരുവിധത്തിൽ കുടുംബം കരയ്ക്കടുപ്പിക്കാൻ പാടുപെടുന്ന സമയം ഉള്ളതെല്ലാം നുള്ളിപ്പെറുക്കി ഒരു കരുതലെന്നവണ്ണം അമ്മയെ ഏൽപ്പിക്കുമ്പോൾ ഒരു വിശ്വാസം ഉണ്ടായിരുന്നു അമ്മയുടെ കൈയിൽ എല്ലാം ഭദ്രമായിരിക്കുമെന്നു....

പക്ഷേ ആ വിശ്വാസം കാറ്റിൽ പറത്തി പെങ്ങൾ വന്നു കണ്ണുനീർ പൊഴിക്കുമ്പോൾ എന്റെ വിയർപ്പിന്റെ വില എന്നോട് പോലും ചോദിക്കാതെ അമ്മ പെങ്ങൾക്ക് എടുത്തുകൊടുത്തു....

കടമായും അല്ലാതെയും അമ്മയിൽ നിന്നും കാശുവാങ്ങികൊണ്ട് പോകുന്നവളെ പിന്നെ കാണുന്നത് കൈയിലുള്ള കാശ് തീർന്നുകഴിയുമ്പോൾ മാത്രം....

 അമ്മയ്ക്ക് കിട്ടുന്ന വിധവ പെൻഷൻ പോലും പൂങ്കണ്ണീരൊഴുക്കി പെങ്ങൾ മേടിച്ചെടുക്കുമ്പോൾ പല വട്ടം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചതാണ് ഇതൊന്നും ശരിയായ ഏർപ്പാടല്ലെന്നു....

അവസാനം കടം കയറി കടം കയറി ആത്മഹത്യാ മാത്രം വഴി എന്ന് ചിന്തിച്ചു നിൽക്കുന്ന വേളയിൽ ആണ് പെങ്ങൾ വന്നു അവളുടെ കാര്യം പറയുന്നത്.... മൂകയും ബധിരയും ആയ പെൺകുട്ടി..... വിവാഹം കഴിച്ചാൽ കിട്ടുന്നത് കോടികൾ..... പെങ്ങൾക്ക് നല്ല പരിചയം ഉള്ള കുടുംബം ആണെന്നും കൂടി പറഞ്ഞപ്പോൾ അമ്മയും പെങ്ങളോടൊപ്പം ചേർന്നു.....

 അവിടെയും ഇരുവരും എന്നെകുറിച്ചോ.. എന്റെ ആഗ്രഹങ്ങളെകുറിച്ചോ ഇഷ്ടങ്ങളെ കുറിച്ചോ ആലോചിചതെ ഇല്ല..... വന്നുചേരുന്ന പൊന്നിലും പണത്തിലും ആയിരുന്നു പെങ്ങളുടെ കണ്ണു....

അന്ന് അവരുടെ നിർബന്ധത്തിനു വഴങ്ങിയാണ് പെണ്ണുകാണാൻ പോയത്....വലിയ ബംഗ്ലാവ് പോലെയുള്ള ഒരു വീട്.... അവരുടെ സ്വീകരണമുറിയുടെ വലുപ്പമേ ഞങ്ങളുടെ വീടിനുള്ളു......എന്താകും എങ്ങനെയാകും എന്നറിയാതെ വല്ലാത്തൊരവസ്ഥയിൽ അവിടെ ഇരിക്കുമ്പോൾ ആണ് പെണ്ണിന്റെ അമ്മ എന്നെ ഒരു മുറിയിലേക്ക് കൂട്ടികൊണ്ട് പോകുന്നത്.....

ആ വീടിന്റെ ഏറ്റവും അറ്റത്തുള്ള ഒരു മുറി..... പുറത്തുനിന്നും പൂട്ടിയിട്ട വാതിൽ തുറന്ന് അകത്തുകടന്നതും ആ മുറിയുടെ മൂലയിൽ നിലത്തു ചുരുണ്ടുകൂടി ഇരിക്കുന്ന ഒരുപെണ്കുട്ടിയിൽ ആണ് എന്റെ നോട്ടം ചെന്നു പതിച്ചത്.... ഞങ്ങളെ കണ്ടതും ഭയത്തോടെ എന്നെ നോക്കിയ നോട്ടം...... അസ്വസ്ഥമായ എന്റെ മനസ്സിൽ ഒരു ചിന്ത മാത്രം ആയിരുന്നു..... പെണ്ണുകാണാൻ വന്നിട്ട് എന്നെയെന്തിന് ഇവിടേയ്ക്ക് കൊണ്ടുവന്നു....

എന്റെ മുഖത്ത് നിന്നും സംശയം വായിച്ചെടുത്ത വണ്ണം പെൺകുട്ടിയുടെ അമ്മ പറഞ്ഞു അതാണ് പെണ്ണെന്നു...... നിന്നനില്പിൽ ഇടിവെട്ടേറ്റ പോലെ തറഞ്ഞു നിന്നു......അവളുടെ അമ്മ അവൾക്കടുത്തേക്കു നടന്നടുക്കവേ അവളിൽ ഉയരുന്ന ഭയം..... ഒരലർച്ചയോടെ അവൾ ഓടി വന്നെന്റെ കാലിൽ ചുറ്റിപിടിച്ചു നോക്കിയ നോട്ടം...... പേടിയും ദയനീയതയും അപേക്ഷയും എല്ലാം ചേർന്നൊരു ഭാവം.....

എന്നിൽ നിന്നും അടർത്തി മാറ്റി ആ അമ്മ അവളെ കട്ടിലിൽ ഇരുത്തി.....എന്റെ കൈപിടിച്ച് മുറിയ്ക്ക് പുറത്തു കടന്നു... വാതിൽ പഴയപടി പുറത്തുനിന്നും പൂട്ടി.....

"അവളുടെ അച്ഛൻ മരിച്ചതിൽ പിന്നെ ഇങ്ങനെയാ..... ആക്‌സിഡന്റ് ആയിരുന്നു.... അവളുടെ കണ്മുന്നിൽ വച്ചുതന്നെ.... അച്ഛനെ വലിയ ഇഷ്ടമായിരുന്നു.... "

സാരിത്തലപ്പ് കൊണ്ട് കണ്ണുതുടച്ചു അവർ പറഞ്ഞു എന്നെ നോക്കി...

'ഹോ..... ചെവിയും കേൾക്കില്ല.... സംസാരിക്കുകയുമില്ല.... ഒപ്പം ഭ്രാന്തും... '

മനസ്സിൽ ഓർത്തുകൊണ്ട് അമ്മയുടെയും പെങ്ങളുടെയും അടുത്തേക്ക് നടന്നു.... അവൾക്കു ഭ്രാന്ത്‌ ആണെന്നറിഞ്ഞാൽ അവർ ഈ കല്യാണം നടത്തില്ലെന്ന് കരുതി.... തിരികെ വീട്ടിലെത്തി കാര്യം അവതരിപ്പിച്ചു കല്യാണത്തിന് സമ്മതമല്ല എന്നറിയിച്ചു....

 പക്ഷേ പ്രതീക്ഷകളെ എല്ലാം തകിടം മറിച്ചു കൊണ്ട് അവർ ഈ കല്യാണത്തിന് തന്നെ നിർബന്ധിച്ചു.... വന്നുചേരുന്ന പൊന്നും പണവും മാത്രമായിരുന്നു അവരുടെ ചിന്ത... അമ്മയ്ക്കുണ്ടായിരുന്ന താല്പര്യക്കേട്‌ പോലും പെങ്ങളുടെ നാക്കിന്റെ ഫലം കൊണ്ട് ഇല്ലാതായി.... കടം തന്നവരുടെ ഭീക്ഷണിയും ബാങ്കിൽ നിന്നും വന്ന നോട്ടീസും പെങ്ങളുടെ ആത്മഹത്യ ഭീക്ഷണിയും എന്നെ ഈ വിവാഹത്തിന് പ്രേരിപ്പിച്ചു...
വേറെ നിവൃത്തി ഇല്ലാതെ അങ്ങനെ അവളെ താലിചാർത്തി കൊണ്ടുവന്നതാണ്..

വാതിലിൽ തുടരെ തുടരെ അമ്മ തട്ടിവിളിച്ചപ്പോൾ ആണ് ഓർമകളിൽ നിന്നും ഉണർന്നത്.... കുറച്ചു നേരം കഴിഞ്ഞിട്ടും അമ്മയുടെ വിളി നില്കാത്തത് കൊണ്ടാണ് എഴുന്നേറ്റ് വാതിൽ തുറന്നത്..

"മോനെ... നീ.... നീയെന്താ ഇവിടെ വന്ന് കിടക്കുന്നതു.... നിന്റെ മുറിയിൽ പോയി.... "

എന്റെ മുഖത്ത് വിരിഞ്ഞു നിന്ന ദേഷ്യം കണ്ടു പറയാൻ വന്നത് പൂർത്തിയാകാതെ അമ്മ നിന്നു....

"ആ ഭ്രാന്തിയോടൊപ്പം പോയി ഞാൻ കിടക്കണമെന്നാണോ അമ്മ പറയുന്നത്.... ഓ.... നിങ്ങളുടെ ആവശ്യങ്ങൾ എല്ലാം കഴിഞ്ഞല്ലോ അല്ലെ.... ഇനി ഭ്രാന്ത് മൂത്തു ഉറങ്ങിക്കിടക്കുന്ന എന്നെ അവൾ കൊന്നുകളഞ്ഞാലും നിങ്ങള്ക്ക് യാതൊരു പ്രശ്നവും ഇല്ലല്ലോ അല്ലെ.... "

എന്റെ ശബ്ദം ഉയരുന്നത് കണ്ടു അമ്മ വേഗം കൈയിൽ പിടിച്ചു മുറിയിൽ കയറി വാതിൽ ചാരി...

"മോനെ.... അത്.... അവൾക്കു.... അവൾക്കിപ്പോ കുഴപ്പം ഒന്നുമില്ലല്ലോ..... മാത്രമല്ല അവൾക്കു കഴിക്കാനുള്ള മരുന്നും ഞാൻ കൊടുത്തു..... "

അമ്മയെ ഒരു പുച്ഛത്തോടെ നോക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു... ആ സമയം വല്ലതും പറഞ്ഞുപോയാൽ തന്നെ അത് കൂടിപോകും എന്നുറപ്പുള്ളതു കൊണ്ട് ഒന്നും മിണ്ടാതെ നിന്നു.....

എന്റെ മൗനത്തിൽ നിന്നു തന്നെ എന്റെ ദേഷ്യം മനസ്സിലാക്കിയതുകൊണ്ട് അമ്മ പിന്നീടൊന്നും സംസാരിക്കാതെ മുറിയ്ക്കു പുറത്തുപോയി....
വാതിൽ അടച്ചു കൂറ്റിയിട്ട് ഞാൻ കിടന്നു..

ദിവസ്സങ്ങൾ പലതുകഴിഞ്ഞെങ്കിലും എന്റെ അവളോടുള്ള പെരുമാറ്റത്തിൽ മാറ്റമൊന്നും സംഭവിച്ചില്ല..... കാതുകേൾക്കില്ല സംസാരിക്കില്ല.... ഇത് രണ്ടും മാത്രമാണെങ്കിൽ പോലും നമുക്ക് ഉൾകൊള്ളാൻ കഴിയും.....പക്ഷേ ഭ്രാന്ത്..... കാര്യം എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണ് അവളെ സ്വീകരിച്ചത്......പക്ഷേ.... അത് സാഹചര്യം മോശമായത്  കൊണ്ട് മാത്രം..... ഇല്ല... അവളെ  ഒരിക്കലും സ്നേഹിക്കാനോ അംഗീകരിക്കാനോ എനിക്ക് കഴിയില്ല....

ഒരുപക്ഷെ എന്നേക്കാൾ ഭയം അമ്മയ്ക്കു ഉണ്ടായിരുന്നു... അതുകൊണ്ട് തന്നെ അവളെ ഒരു മുറിയിൽ ആക്കി പുറത്തു നിന്നും പൂട്ടിയിടുമായിരുന്നു അമ്മ.... മരുന്നുകഴിക്കാൻ പൊതുവെ മടിയാണെന്നാണ് അവളുടെ അമ്മ പറഞ്ഞത്... അത് മുടക്കാനും പാടില്ല പോലും... അതുകൊണ്ട് തന്നെ മൂന്നുനേരവും അവൾക്കു കഴിക്കാനുള്ള ഭക്ഷണത്തിൽ ചേർതാണ് അമ്മ മരുന്ന് കൊടുക്കുന്നത്.... അതുകഴിച്ചാൽ പിന്നെ നല്ല മയക്കം ആയിരിക്കും....

നാളുകൾ കഴിയവേ ഒരു അവധിദിവസം മുറിയിൽ പാതിമയക്കത്തിൽ കിടക്കവേ ആണ് എവിടെനിന്നോ ഒരു പെൺകുട്ടിയുടെ  മധുരശബ്ദത്തിൽ ഒരു പാട്ടു കേട്ടത്... കുറച്ചു നേരം കാതോർത്തിരുന്നു....അത്രയും മധുരമായ ശബ്ദം.... കട്ടിലിൽ നിന്നും എഴുന്നേറ്റു പതിയെ വാതിൽ തുറന്നു പുറത്തിറങ്ങി..  എവിടെനിന്നാണ് പാട്ടുകേൾകുന്നത് എന്നറിയാൻ.... ഞാൻ നോക്കുമ്പോൾ അമ്മയും അടുക്കളയിൽ നിന്നും ഇറങ്ങി വരുന്നു.... ശബ്ദം കേട്ട ദിക്കിലേക്ക് ഞാനും അമ്മയും ഒരു ഞെട്ടലോടെ നടന്നടുത്തു....

അവളുടെ മുറിയിൽ നിന്നുമാണ് ആ പാട്ടുകേൾകുന്നത് എന്ന് മനസ്സിലായതും മനസ്സിൽ ഉടലെടുത്ത ഭയം പുറത്തു കാണിക്കാതെ പതിയെ ആ മുറിയുടെ വാതിൽ തുറക്കവേ കുളികഴിഞ്ഞു ഈറൻ മുടി കോതികൊണ്ട് കണ്ണാടിയിൽ നോക്കി മധുരശബ്ദത്തിൽ അവൾ പാടുന്നു....ഒരു ഞെട്ടലോടെ അമ്മയും ഞാനും പരസ്പരം നോക്കി....  കാതു കേൾകാത്തവൾ.... സംസാരശേഷിയില്ലാത്തവൾ...... പാട്ടുപാടുന്നതെങ്ങനെ.....
Loading...

അവൾ മെല്ലെ തിരിഞ്ഞതും വാതിൽക്കൽ നിൽക്കുന്ന എന്നെയും അമ്മയെയും കണ്ടു ആദ്യം ഒന്ന് പകച്ചുവെങ്കിലും പിന്നീട് ആ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു....

അമ്മ പതിയെ പേടിച്ചു എന്റെ പിന്നിലൊളിച്ചു.... അമ്മയുടെ പേടിച്ചരണ്ട മുഖം കണ്ടു അവളുടെ മുഖം വിളറി....

പതിയെ അവളുടെ അടുത്തേക്ക് നടന്നടുക്കവേ അമ്മ എന്നെ തടഞ്ഞുവെങ്കിലും അമ്മയുടെ കൈ വിടുവിച്ചു ഞാൻ അവളുടെ അടുത്തു ചെന്നു നിന്നു.... കല്യാണത്തിന് ശേഷം അന്നാണ് അവളെ ശരിക്കും ഒന്ന് കാണുന്നത് തന്നെ... ഞാൻ അടുത്തേക്ക് ചെല്ലവെ  അവൾ തല കുനിച്ചു താഴേക്ക് നോക്കി  നിന്നു....  അവളുടെ അടുത്തു ചെന്നു അവളെ വിളിച്ചെങ്കിലും അവളിൽ നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല.... അവളുടെ കണ്മുന്നിൽ വിരൽ ഞൊടിച്ചപ്പോൾ മെല്ലെ മുഖം ഉയർത്തി അവൾ നോക്കി....

"നീ.... നീയാണോ പാട്ടു പാടിയത്... "

ഞാൻ പറയുന്നത് അവൾ കണ്ണുകൂർപ്പിച്ചു ശ്രദ്ധിച്ചു നിന്നു... ശേഷം ഒരു ചിരിയോടെ അതേ എന്ന് പറയവേ ഞാനും അമ്മയും ഒരുപോലെ ഞെട്ടി....

തുടരും
********Express അടുത്ത ഭാഗം (ഭാഗം 2) വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ....
മുൻ കഥകളെ പോലെ ഇതിലും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു... 🙂

To Top