അവൾ, Part 3

Valappottukal
രചന: ശ്രുതി സുധി
വീട്ടിലേക്കു കയറി ചെല്ലുമ്പോൾ കാണുന്ന കാഴ്ച്ച ടീവി കണ്ടുകൊണ്ടിരിക്കുന്ന അമ്മയുടെ മടിയിൽ തല ചായ്ച്ചു അവൾ കണ്ണുകൾ അടച്ചു കിടക്കുന്നതാണ്. വാതിൽക്കൽ നിന്നുകൊണ്ട് കുറച്ചു നേരം ആ കാഴ്ച ആസ്വദിച്ചു.

ഞാനോ പെങ്ങളോ മുതിർന്നതിൽ പിന്നെ ഇതുവരെ അമ്മയുടെ മടിയിൽ ഇതുപോലെ കിടന്നിട്ടില്ല.അമ്മയിതുവരെ അങ്ങനെ ചേർത്തു പിടിച്ചിട്ടുമില്ല..മനസ്സിനും കണ്ണിനും പുതുമയേകുന്ന ആ കാഴ്ച്ച നോക്കി നിന്നു അല്പ നേരം. ഞാൻ വന്നത് രണ്ടുപേരും അറിഞ്ഞിട്ടില്ല.പതിയെ അകത്തു കയറി ഒന്ന് മുരടനക്കി. അപ്പോളാണ് അമ്മയെന്നെ കണ്ടത്.അമ്മ മെല്ലേ എഴുന്നേൽക്കവേ ആണ് അവൾ മുഖം ഉയർത്തി നോക്കിയത്..മുന്നിൽ എന്നെ കണ്ടപ്പോൾ വേഗം ചാടി എഴുന്നേറ്റു മാറി നിന്നു. അവൾക്കായൊരു പുഞ്ചിരി നൽകികൊണ്ട്  ഞാൻ മുറിയിലേക്ക് പോയി.

കുറച്ചു കഴിഞ്ഞതും കൈയിൽ ഒരു ഗ്ലാസ്‌ ചായയും ആയി അമ്മ മുറിയിലേക്ക് വന്നു.
തല ചെരിച്ചു പുറത്തേക്കു നോക്കികൊണ്ട് അമ്മ മെല്ലെ അടുത്ത് വന്നിരുന്നു.
"അവൾ ഒരു പാവം ആണെന്ന് തോന്നുന്നെടാ. എന്നോട് കുറേ വർത്തമാനം പറഞ്ഞു.. പഴയ കാര്യങ്ങളും മറ്റും..ഞാൻ തിരിച്ചു പറയുന്നതൊക്കെ ശ്രദ്ധയോടെ നോക്കിയിരുന്നു.. കാതു കേൾക്കാൻ കഴിയില്ലെങ്കിലും നമ്മൾ പറയുന്നതെല്ലാം അവൾക്കു മനസ്സിലാകും കേട്ടോ..
മ്മ്.എങ്ങനെ കഴിയേണ്ട പെങ്കൊച്ചാ. കണ്ടില്ലേ വിധി.. കഷ്ടം തന്നെയാ അവളുടെ കാര്യം പറഞ്ഞാൽ...ആ തള്ള അവളെ ഒരുപാട് ഉപദ്രവിക്കാറുണ്ടായിരുന്നു പോലും..പക്ഷേ എത്ര ഉപദ്രവിച്ചാലും അവൾ വാതുറന്നു ഒരക്ഷരം പോലും മിണ്ടാതെ നില്കും..അതുകൊണ്ടാ അവൾക്കു കേൾവിയോടൊപ്പം സംസാരശേഷിയും നഷ്ടപ്പെട്ടു എന്ന് പറഞ്ഞപ്പോൾ അവർ വിശ്വസിച്ചത്. "
Loading...

അമ്മ പറയുന്നതെല്ലാം കേട്ടു മിണ്ടാതെ നിന്നതല്ലാതെ വേറൊരു പ്രതികരണത്തിനും നിന്നില്ല.

അമ്മയുടെ പുറകെ പറ്റിച്ചേർന്നു അമ്മയുടെ കൂടെ ഓരോ ജോലികളിൽ സഹായിച്ചുകൊണ്ട് അവൾ നിൽക്കുന്നതും നോക്കി നിന്നു. കുറച്ചു നിമിഷങ്ങൾ കൊണ്ട് തന്നെ അവൾ അമ്മയ്ക്കു വളരെ പ്രിയപ്പെട്ടവൾ ആയി മാറി..അവൾക്കു തിരിച്ചും....

അന്നാദ്യമായി എല്ലാവരും ഒത്തൊരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു  എല്ലാം കലങ്ങിത്തെളിയും എന്ന ശുഭപ്രതീക്ഷയോടെ മുറിയിലേക്ക് കയറി.. കണ്ണുകൾ അടച്ചു കിടക്കുമ്പോൾ മുഴുവൻ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന അവളുടെ മുഖം മാത്രമായിരുന്നു മനസ്സിൽ തെളിഞ്ഞു വരുന്നത്.. അസ്വസ്ഥമായ മനസ്സോടെ കുറച്ചു നേരം എഴുന്നേറ്റിരുന്നു.. പതിയെ എഴുന്നേറ്റു മുറിയുടെ  വാതിൽ തുറക്കവേ അവളുടെ മുറി പതിവുപോലെ പുറത്തുനിന്നു പൂട്ടുന്ന അമ്മയെ കണ്ടു ഒരു നിമിഷം അങ്ങനെ നിന്നു.. അമ്മ വാതിൽ പൂട്ടി തിരിഞ്ഞപ്പോൾ അപ്രതീക്ഷിതമായി എന്നെക്കണ്ടു ഒന്ന് പരുങ്ങിയെങ്കിലും പതിയെ നടന്നു എന്റെ അടുത്തു വന്ന് പുഞ്ചിരിച്ചു നിന്നു..

"വെറുതെ ഒരു മുൻകരുതൽ എടുത്തുവെന്നു മാത്രം. അല്ലാതെ.. "

അമ്മ എന്നോട് പറയവേ വെറുതെ ഒന്ന് മൂളുക മാത്രം ചെയ്തു.
"അല്ല മോനെ.  ഇനിയിപ്പോൾ എന്താ ചെയ്യുക.... അവൾക്കൊരു കുഴപ്പവും ഇല്ല എന്ന് നമുക്ക് തോന്നുന്നു എങ്കിലും.
നമുക്ക് അവളെ വേറെ ഒരു ഡോക്ടറെ ഒന്ന് കാണിച്ചാലോ.... എല്ലാം ഒന്ന് ഉറപ്പുവരുത്താൻ.... മാത്രമല്ല അവളെ ചികിൽസിച്ചാൽ ഒരുപക്ഷെ അവൾക്കു കേൾവി ശക്തി തിരികെ കിട്ടിയാലോ....
അവളുടെ കാശു കൊണ്ടല്ലേ നമ്മൾ ഇപ്പോൾ മരണത്തിൽ നിന്നും കരകയറി  തലയുയർത്തി നില്കുന്നത് തന്നെ.... തിരിച്ചു അതിനു പകരം നമ്മളും എന്തെങ്കിലും അവൾക്കായി ചെയ്യേണ്ടേ.... "

"മ്മ്.... ശരിയാണ്.... ഞാനും അതോർത്തു. ഒരു ഡോക്ടറെ ചെന്നു കാണണം. പറ്റുന്നത് പോലെ അവളെ ചികിൽസിക്കണം. ഒപ്പം അവരെ..ആ സ്ത്രീയെ ഒരു പാഠം പഠിപ്പിക്കണം... "

"നീ ആരെയും പഠിപ്പിക്കാൻ ഒന്നും നടക്കേണ്ട.... അവരൊക്കെ വല്യ വല്യ ആളുകളാണ്..കേട്ടില്ലേ അവൾ പറഞ്ഞത്.... അവളുടെ അച്ഛനെ കൊന്നത് ആ സ്ത്രീ ആണെന്ന്.... അങ്ങനെ ഉള്ളവൾക്കാണോ  നമ്മളെ ഒക്കെ നശിപ്പിക്കാൻ പ്രയാസം.... നീയൊന്നിനും പോകണ്ട..... ഉള്ളതുപോലെ ഇവിടെ ഒതുങ്ങി കൂടിയങ്ങു കഴിഞ്ഞാൽ മതി... ".

"മ്മ്.... അമ്മ അതാലോചിച്ചു തല പുകയ്‌ക്കാൻ നിൽക്കേണ്ട.... പോയി കിടന്നുറങ്ങാൻ നോക്ക്... "

അമ്മയോട് അത്രയും പറഞ്ഞു കൊണ്ട് മുറിയിൽ കയറി വാതിലടച്ചു...
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
പറഞ്ഞതിലും ഒരുപാട് നേരത്തെ ജാനകിയമ്മ മകനോടൊപ്പം എത്തി.... അവരെ സ്നേഹപൂർവ്വം സ്വീകരിച്ചു അകത്തേക്കിരുത്തി.. അവരെ കണ്ട സന്തോഷത്തിൽ മതിമറന്നു അവൾ ജാനകിയമ്മയെ കെട്ടിപിടിച്ചു നിന്നു കരഞ്ഞു.. ഒരു വീട്ടുജോലിക്കാരിയായിരുന്നു ജാനകിയമ്മ എങ്കിലും അവൾക്കു അവർ മറ്റാരൊക്കെയോ ആയിരുന്നെന്നു ആ സ്നേഹപ്രകടനത്തിൽ നിന്നും വ്യക്തം..
Loading...

ഇരുവരുടെയും പൊട്ടിക്കരച്ചിലിലൂടെയുള്ള സ്നേഹപ്രകടനം കണ്ടുനില്കുന്നവരിലും മിഴിനീർ പടർത്തി..ഇത്ര നാളായിട്ടും വിളിക്കാത്തതിന്റെ പരിഭവം ജാനകിയമ്മ പറയവേ അവൾ ദയനീയമായി എന്നെനോക്കിയ നേരം കുറ്റബോധമോ മറ്റെന്തോ കൊണ്ട് എന്റെ തലതാഴ്ന്നുപോയ്..

"എന്തായാലും ഒരുപാട് സന്തോഷം ഉണ്ട് എനിക്ക്...ഒപ്പം സമാധാനവും.. സുരക്ഷിതമായ ഒരിടത്താണല്ലോ എന്റെ മോൾ എത്തിപ്പെട്ടത്..ഓരോ ദിവസവും മോളുടെ ഒരു വിളിക്കായി കാത്തിരിക്കുമായിരുന്നു.. വൈകുന്തോറും ഭയമായിരുന്നു.. അന്വേഷിച്ചു പിടിച്ചു നിങ്ങൾ നേരത്തെ താമസിച്ച വീട്ടിൽ ചെന്നിരുന്നു. പക്ഷേ കല്യാണത്തിന് മുൻപ് തന്നെ നിങ്ങൾ അവിടെ നിന്നും മാറി എന്നാണ് അറിഞ്ഞത്.. ഈ അഡ്രെസ്സ് എനിക്ക് അറിയില്ലായിരുന്നു.."

അവർ പറഞ്ഞു നിർത്തിക്കൊണ്ട് കൂടെ കൊണ്ടുവന്ന ഒരു വലിയ ബാഗ് എന്റെ കൈകളിൽ വച്ചു തന്നു...

"പലപ്പോഴായി ആ സ്ത്രീ കത്തിച്ചു കളയാനായി എന്നെ ഏല്പിച്ച മോളുടെ സർട്ടിഫിക്കറ്റുകളും പിന്നെ എന്തൊക്കെയോ പേപ്പറുകളും ഒപ്പം മോളുടെ കുറേ പഴയ സാധനങ്ങളും ആണ്.... അവരുടെ മുന്നിൽ അവരുടെ വിശ്വസ്തയായി നിന്നതുകൊണ്ട് ഇതെല്ലാം സൂക്ഷിച്ചു വയ്ക്കാൻ കഴിഞ്ഞു എനിക്ക്..
പഠിക്കാനൊക്കെ വല്യ മിടുക്കിയായിരുന്നു. നന്നായി പാട്ടും പാടുമായിരുന്നു.. എല്ലാറ്റിലും ഒന്നാം സമ്മാനം വാങ്ങി കൂട്ടുമായിരുന്നു.. പഠിത്തത്തിലും പാട്ടിലും എല്ലാം... പ്ലസ്‌ടു വിന് പഠിച്ചു പരീക്ഷയെഴുതി നില്കുമ്പോളാ സാർ മരിച്ചത്....പിന്നെ എല്ലാം....പിന്നെയെല്ലാം ആ സ്ത്രീയുടെ നിയന്ത്രണത്തിൽ ആയി.. അവരാ എന്റെ മോളെ ഇങ്ങനെ ആക്കിയത്... "

സാരിത്തലപ്പ് കൊണ്ട് നിറഞ്ഞൊഴുകിയ കണ്ണുനീർ തുടച്ചു തേങ്ങലോടെ അവർ പറഞ്ഞു....

"ഒരിക്കൽ ഞാൻ ജോലിക്ക് ചെല്ലുമ്പോൾ അവർ എന്നെ അന്ന് തിരികെ പറഞ്ഞു വിട്ടു.. എല്ലാവരും കൂടെ എവിടേക്കോ പോവുകയാണെന്ന അന്ന് പറഞ്ഞത്.. രണ്ടു ദിവസം കഴിഞ്ഞു അവർ എന്നെ വിളിച്ചു ജോലിക്കു ചെല്ലുമ്പോളാ ഞാൻ കാര്യങ്ങൾ അറിയുന്നത്... അവരുടെ ഉപദ്രവത്തിൽ മോളുടെ കേൾവി നഷ്ടമായി എന്ന്.. തലയടിച്ചു വീണതാണ് എന്നാണ് അവർ എന്നോട് പറഞ്ഞിരുന്നത്..പക്ഷെ എല്ലാ സത്യവും മോൾ എന്നോട് പറഞ്ഞപ്പോൾ പൊട്ടിക്കരയാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു.. എനിക്കെന്റെ സ്വന്തം കുഞ്ഞിനെ പോലെ ആയിരുന്നു ഇവൾ.. പക്ഷേ...എന്ത് ചെയ്യാൻ...അപ്പോഴേക്കും ആ സ്ത്രീ മോൾക്ക് ഭ്രാന്താണെന്ന് പറഞ്ഞു പരത്തിയിരുന്നല്ലോ.. എല്ലാവരും അത് വിശ്വസിക്കുകയും ചെയ്തു.. അന്ന് തോന്നിയ തോന്നലാ ഇവൾക്ക് സംസാരിക്കാൻ ഉള്ള കഴിവും നഷ്ടമായെന്ന് പറയാൻ. ഇവളെ ചികിൽസിക്കാൻ ഒന്നും അവർ മുതിരാത്തതു കൊണ്ട് കാര്യങ്ങൾ കൂടുതൽ എളുപ്പമായി...."

അവർ പറഞ്ഞു നിർത്തി... മനസ്സിൽ ഉദിച്ച പല സംശയങ്ങളും ചോദ്യങ്ങളായി അവരോട് ചോദിക്കവേ ആത്മാർത്ഥതയോടെ അവർ എല്ലാറ്റിനും ഉത്തരം നൽകി..അവളുടെ നീതിക്കായി അവർ എവിടെവേണമെങ്കിലും ഈ സത്യങ്ങൾ എല്ലാം വിളിച്ചു പറയാൻ തയ്യാറാണെന്ന് പറഞ്ഞപ്പോൾ അവരോട് എന്തെന്നില്ലാത്ത ബഹുമാനം തോന്നി....

തിരികെ മകനോടൊപ്പം പോകാൻ നേരം അവർ എന്റെ കൈകളിൽ കൂട്ടിപിടിച്ചുകൊണ്ട് നിറകണ്ണുകളോടെ അപേക്ഷാസ്വരത്തിൽ അവൾക്കുവേണ്ടി യാചിച്ചു......
അവളൊരു പാവമാണെന്നും.... അവളെ കൈവിടരുതെന്നും ഒക്കെ പറഞ്ഞപ്പോൾ അവരെ ചേർത്തു നിർത്തി ആശ്വസിപ്പിച്ചു മരണം വരെ അവളുടെ കൂടെയുണ്ടാകുമെന്നും കൈവിടില്ലെന്നും പൊന്നുപോലെ നോക്കുമെന്നും വാക്കുകൊടുത്തു യാത്രയാക്കി....

അവർ പോയതിനു ശേഷം അവരെന്നെഏൽപിച്ച ബാഗ് മുറിയിൽ വച്ചു  തുറന്നു നോക്കി..... അവളുടെ പ്ലസ്‌ടു വരെയുള്ള സർട്ടിഫിക്കറ്റുകളും മത്സരങ്ങൾക്കെല്ലാം സമ്മാനം കിട്ടിയ ട്രോഫികളും കുറേ പഴയ ആൽബങ്ങളും കണ്ടു.....
അവർ പറഞ്ഞത് ശരിയാണ്.... മിടുക്കിയായിരുന്നു.... സുന്ദരിയും ആയിരുന്നു.... ആൽബങ്ങൾ എല്ലാം ഓരോന്നായി മറിച്ചുനോക്കവെ മനസ്സിലായി....
ഇരുവശത്തും മുടിപിന്നിയിട്ടു സ്കൂൾ യൂണിഫോമിൽ നിൽക്കുന്ന അവളുടെ ഫോട്ടോയിലേക്കു നോക്കി നിൽക്കവേ കണ്ണെടുക്കാനേ തോന്നിയില്ല.... കുഞ്ഞുനാൾ മുതലുള്ള ഫോട്ടോകൾ ഉണ്ടായിരുന്നു.... അവളുടെ അമ്മയോടൊപ്പം ഉള്ളതും അച്ഛനോടൊപ്പം ഉള്ളതും എല്ലാം....

മത്സരങ്ങൾക്ക് സമ്മാനം വാങ്ങുന്ന ഫോട്ടോ പത്രത്തിൽ വന്നത് വെട്ടിയൊട്ടിച്ചതും എല്ലാം കുറേ ഉണ്ടായിരുന്നു....ഓരോ ഫോട്ടോയിലൂടെയും മിഴികൾ പായിക്കവേ മനസ്സിൽ ഒരു കുളിരനുഭവപ്പെടുന്നതറിഞ്ഞു.... മിഴികൾ ഉയർത്തി ഹാളിൽ അമ്മയോടൊപ്പം ഇരിക്കുന്ന അവളെ നോക്കവേ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു....

അവിടെയിരുന്നുകൊണ്ട് അമ്മയെ വിളിച്ചപ്പോൾ അമ്മ അവളെയും കൂട്ടി അടുത്തേക്ക് വന്നു.... ഓരോ സർട്ടിഫിക്കറ്റുകളും എടുത്തു നോക്കുമ്പോൾ അമ്മയുടെ മനസ്സിൽ നിറയുന്ന അഭിമാനം ആ മുഖത്തും പ്രതിഫലിച്ചു.....

ഇത്ര മിടുക്കിയായിട്ടും ഭ്രാന്തിയെന്നു കള്ളം പറഞ്ഞു മുറിയിൽ പൂട്ടിയിട്ട് അവളെ ദ്രോഹിച്ച ആ സ്ത്രീയോട് ആ സമയം പകയും വെറുപ്പും തോന്നി..... അച്ഛന്റെയും അമ്മയുടെയും ഫോട്ടോ നോക്കി കരയുന്ന അവളെ ചേർത്തു പിടിച്ചു കൊണ്ട് അമ്മ ആശ്വസിപ്പിക്കുന്നതും കണ്ടുകൊണ്ട് നേരെ അജിത്തിനെ കാണുവാനായി പോയി.....
Loading...

ജാനകിയമ്മയിൽ നിന്നും അറിഞ്ഞ വിവരങ്ങൾ എല്ലാം അവനോട് പറയവേ അവൻ അന്വേഷണത്തിൽ നിന്നും അറിഞ്ഞ വിവരങ്ങൾ എന്നോടും പങ്കുവച്ചു......

അവൾക്കു കഴിക്കാനായി കൊടുത്തുകൊണ്ടിരുന്നത് വെറും ഉറക്കഗുളികകൾ ആയിരുന്നു..... സീൽ പൊട്ടിച്ച കുപ്പിയിൽ പകുതിയോളം ഗുളികകളെ ഉണ്ടായിരുന്നു.... അത് തീരുമ്പോൾ അവരോട് പറഞ്ഞാൽ മതി ബാക്കി എത്തിച്ചു തന്നേക്കാം എന്നാണ് അന്ന് പറഞ്ഞതു..... ആ സമയത്തു ഉണ്ടായിരുന്ന ബഹുമാനവും വിശ്വാസവും മൂലം അവർ പറഞ്ഞത് വിശ്വസിച്ചു....

അമിതമായാൽ അമൃതും വിഷമാണെന്ന് പറയുന്നത് പോലെ ദിവസവും മൂന്നുനേരം ഉറക്കഗുളിക കഴിച്ചാൽ സംഭവിക്കാവുന്ന ദൂഷ്യവശങ്ങൾ ഒരു വശത്തു..... അതിലുപരി മരുന്ന് തീർന്നാൽ രണ്ടാമത് അവർ തരുന്നത് മരുന്നിനു പകരം മറ്റെന്തെങ്കിലും ആണെങ്കിൽ....... അതറിയാതെ അവൾക്കു മരുന്നുകൊടുത്തു എന്തെങ്കിലും സംഭവിച്ചിരുന്നു എങ്കിൽ....... ഓർക്കവേ തലയ്കകത് വല്ലാത്ത ഭാരം നിറയുന്നപോൽ തോന്നി.....പണത്തിന്റെ പുറകെ പാഞ്ഞപ്പോൾ അതുമൂലം സംഭവിക്കാവുന്ന വിപത്തുകളെ പറ്റി ചിന്തിച്ചതേ ഇല്ല........

രണ്ടു ദിവസങ്ങളോളം അജിത്തിന്റെ കൂടെ കാര്യങ്ങൾ കൂടുതൽ അന്വേഷിക്കാൻ നടന്നു.... അത് പ്രകാരം മനസ്സിലാക്കിയതെന്തെന്നാൽ..

അച്ഛന്റെ മരണ ശേഷം സ്വാഭാവികമായുംസ്വത്തുവകകൾ മുഴുവൻ മറ്റു അവകാശികൾ ഇല്ലാത്തതിന്റെ പേരിൽ അവളുടെയും ആ സ്ത്രീയുടെയും പേരിലാകും.... അതിൽ അവൾക്കവകാശപെട്ടതിന്റെ ഇരുപത് ശതമാനത്തിൽ താഴെമാത്രമേ അവളുടേതെന്ന പേരിൽ ഞങ്ങൾക്ക് നൽകിയിട്ടുള്ളൂ.... ബാക്കി എൺപതു ശതമാനത്തിനു മുകളിൽ സ്വത്തു വകകൾ അവരുടെ കൈവശം ആണ്..... വേണ്ടത്ര ബന്ധുബലമോ സുഹൃത്തുക്കളോ ഇല്ലാത്തതിനാൽ ആരുടെ ഭാഗത്തു നിന്നും ഒരന്വേഷണമോ സംശയമോ ഉണ്ടാകില്ല....

അവളുടെ ചികിത്സക്കെന്നപേരിൽ കുറേ പണം ചിലവായിട്ടുണ്ട് എന്നും അതിനായി സ്വന്തിന്റെ ഒരുപങ്ക്‌ വിൽക്കുകയും ചെയ്തു എന്ന് എല്ലാവരോടും കള്ളം പറഞ്ഞു വിശ്വസിപ്പിച്ചു അത് അവർ സ്വന്തം പേരിലാക്കി.....ആ വീട്ടിൽ വച്ചു അവൾക്കു എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം മുഴുവൻ അവരുടെ തലയിലാകും എന്നുള്ളതും കൂടാതെ ചിലപ്പോൾ അച്ഛന്റെ മരണത്തിലും ആരെങ്കിലും സംശയം പ്രകടിപ്പിക്കുകയും ചെയ്താൽ കാര്യങ്ങൾ കൈവിട്ടുപോകും എന്നുള്ളതുകൊണ്ടും ബുദ്ധിപൂർവം അവർ അവളെ വിവാഹം കഴിപ്പിച്ചത് ആണ്....

അങ്ങനെ ആലോചന നടക്കുന്ന സമയത്താകും പെങ്ങളെ പരിചയപ്പെട്ടത്.... പെങ്ങളോട് കൂടുതൽ അടുത്തു സംസാരിച്ചു അവർ അവളെപ്പറ്റി പറഞ്ഞപ്പോൾ പൊതുവെ ആർത്തികരിയായ പെങ്ങൾ എനിക്ക് വേണ്ടി കല്യാണം ആലോചിച്ചത്.... ആ സമയം കടം കയറി നില്കുന്നതിനാൽ പണം മാത്രം ആയിരുന്നു ലക്ഷ്യം... ഇത്ര വേഗം ആവശ്യമുള്ള പണം കിട്ടാൻ മറ്റൊന്നുമാലോചിക്കാതെ അവരുടെ മുന്നിൽ തല വച്ചു കൊടുത്തു....

ഞങ്ങളുടെ വീട്ടിൽ വച്ചു അവൾക്കു എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം ഞങ്ങളുടെ മേൽ വരികയും ഒപ്പം അവർ കേസ് കൊടുത്താൽ അവർ ഞങ്ങൾക്ക് നൽകിയ പണവും സ്വർണവും ഒപ്പം നഷ്ടപരിഹാരവും കൂടെ അവർക്കു ലഭിക്കും..... ബുദ്ധിപൂർവം അവർ കളിച്ച കളിയിൽ ഞങ്ങൾ പെട്ടുപോയിരിക്കുകയാണ്.....

അവളെ ചികിൽസിക്കാൻ എന്നപേരിൽ അവിടെ വന്നിരുന്ന ആ ഡോക്ടർ ഒരു മനഃശാസ്ത്രജ്ഞനും   ആ സ്ത്രീയുടെ രഹസ്യകാരനും  ആണ്..നാട്ടുകാരും കരുതിയിരുന്നത് അവളെ ചികിൽസിക്കാൻ വരുന്നതാണെന്നാണ്.... പക്ഷെ... അവളെ വിവാഹം കഴിപ്പിച്ചു വിട്ടതിനു ശേഷവും അയാളുടെ വരവ് തുടർന്നപ്പോൾ നാട്ടുകാർ ചിലർക്ക് ചില സംശയങ്ങൾ തോന്നിയെങ്കിലും ആരും പുറത്തു പറയാൻ ധൈര്യപ്പെട്ടില്ല....

അജിത്തിനോടൊപ്പം ഉള്ള അന്വേഷണങ്ങളിൽ പലരും ഇതേപ്പറ്റി സൂചിപ്പിക്കുകയുണ്ടായി.... അവർ പറയുന്നതൊക്കെയും അവർ അറിയാതെ എല്ലാം റെക്കോർഡ് ചെയ്തു വച്ചു.... കാരണം ഇതൊക്കെയല്ലാതെ മറ്റൊരു തെളിവും ഞങ്ങളുടെ പക്കൽ ഇല്ല എന്നത് തന്നെ....

അന്വേഷണം നടക്കുന്നതോടൊപ്പം അവളെക്കൂട്ടി  രഹസ്യമായി ഒരു ഡോക്ടറെ ചെന്നു കണ്ടു.... കാര്യങ്ങൾ വിശദമാക്കിയപ്പോൾ അദ്ദേഹം അത് കേസ് ആക്കാൻ നിർദ്ദേശിച്ചെങ്കിലും അത്യാവശ്യം വേണ്ട  തെളിവുകൾ കഴിയുന്നതും വേഗം സംഘടിപ്പിച്ചതിനു ശേഷം കേസ് കൊടുക്കാം എന്ന് പറഞ്ഞു....

ചികിത്സ നൽകിയാലും കേൾവിശക്തി തിരികെ ലഭിക്കില്ല എന്നുള്ളത് കുറച്ചു വിഷമം നൽകിയെങ്കിലും ഹിയറിങ് എയ്ഡ് വച്ചുകഴിഞ്ഞാൽ അവൾക്കു അത് സാധ്യമാകും എന്നറിഞ്ഞതും എത്രയും വേഗം അത് ലഭിക്കുന്നതിനായി പരിശ്രമിച്ചു.....

അതോടൊപ്പം തന്നെ അവളെ ഒരു മാനസികരോഗ വിദഗ്ദ്ധന്റെ അടുത്തു കൊണ്ടുപോവുകയും അദ്ദേഹത്തോടും കാര്യങ്ങൾ വിശദീകരിക്കുകയും  അദ്ദേഹം പരിഹാരമായി അവൾക് കൗൺസിലിംഗ് നിർദ്ദേശിക്കുകയും അതിന്റെ ഫലമായി അവളുടെ മനസ്സിൽ അടിഞ്ഞുകൂടിയിരുന്ന ഭയത്തെയും മറ്റും ചെറിയ രീതിയിലുള്ള മെഡിറ്റേഷനുകളിലൂടെ അവർ നിയന്ത്രിക്കുകയും ചെയ്തു....

ഈ ഡോക്ടർമാരിൽ നിന്നെല്ലാം വിശദമായ മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങുകയും അതിൻ  പ്രകാരം അവൾക്കു ഭ്രാന്ത് എന്ന അവസ്ഥയില്ലെന്നു പൂർണമായും ബോധ്യപ്പെടുത്തുകയും ചെയ്തു..

ഹിയറിങ് എയ്ഡ് കൂടെ വച്ചതോടെ ഇപ്പോൾ അവൾ ഭ്രാന്തില്ലാത്ത.... കേൾക്കാൻ കഴിയുന്ന... സംസാരിക്കാൻ കഴിയുന്ന ഒരു സാധാരണ പെൺകുട്ടി തന്നെയായി.....അവളോടൊപ്പം ഇരിക്കുന്ന സമയങ്ങൾ അത്രയും ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു..... എന്റെ സ്വന്തം എന്ന അവകാശത്തോടെ അവളെയൊന്നു നെഞ്ചോടു ചേർക്കാൻ മനസ്സ് വല്ലാതെ കൊതിച്ചിരുന്നു.....എങ്കിലും എല്ലാ ആഗ്രഹങ്ങളും ഉള്ളിലൊതുക്കി വീണ്ടും പലതും ചെയ്തു തീർക്കാൻ ഉള്ളതിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചു ....

എങ്കിലും എന്നും എന്തിനും ഏതിനും കൂടെയുണ്ടെന്ന് പറയാതെ പറഞ്ഞിരുന്നു അവളോട്.... അജിത്തിന്റെ നിർദ്ദേശപ്രകാരം ആണ് അവനു പരിചയമുള്ള ഒരു ആശ്രമത്തിൽ അവളെ കൊണ്ട് ചെന്നു നിർത്തിയത്..... വളരെ ശാന്തമായ അന്തരീക്ഷം.... ചെറിയ ചെറിയ യോഗ മുറകളും പ്രാർത്ഥനയും ധ്യാനവും ആയി ശാന്തമായി പോകുന്ന ആശ്രമം.... രണ്ടാഴ്ചയോളം അവളെ അവിടെ നിർത്തി.... കൂട്ടിനു അമ്മയും ഉണ്ടായിരുന്നു.....

ഈ ആഴ്ചകൊണ്ട് പറ്റുന്നത്ര തെളിവുകൾ അവളുടെ അമ്മയ്‌ക്കെതിരെ ശേഖരിച്ചു.... ഒപ്പം അവരുടെ രഹസ്യക്കാരൻ ആയ ഡോക്ടറിനെതിരെയും ..... അതിൻ പ്രകാരം ശേഖരിച്ച തെളിവുകളുമായി പോലീസിൽ പരാതി നൽകുകയും അജിത്തിന്റെ സുഹൃത്തായ രാഷ്ട്രീയ നേതാവിന്റെ പിന്തുണയോടെ ആദ്യം രഹസ്യമായിത്തന്നെ പോലീസും അന്വേഷണം നടത്തുകയും.. ഞങ്ങൾ ഏല്പിച്ച തെളിവുകൾ സത്യമാണെന്ന്  ബോധ്യപ്പെടുകയും ചെയ്തു....

ഈ സമയം ആ സ്ത്രീ വീടുവിൽക്കാനും കിട്ടുന്ന പണം കൊണ്ട് ഡോക്ടറോടൊപ്പം വിദേശത്തേക്ക് കടക്കാനും ആയിരുന്നു പദ്ധതി...പക്ഷേ അതിനു മുൻപ് തന്നെ ഞങ്ങൾ കൊടുത്ത കേസ് മൂലം അവരെ പോലീസ് തടഞ്ഞുവയ്ക്കുകയും ചോദ്യം ചെയ്യലിനായി വിളിപ്പിക്കുകയും ചെയ്തു....

ഈ നാളുകൾ കൊണ്ട് അവളുടെ ആശ്രമത്തിലെ വാസം അവസാനിച്ചു അമ്മയോടൊപ്പം അവൾ തിരികെ വീട്ടിലെത്തിയിരുന്നു.... പോലീസ് സ്റ്റേഷനിൽ അവളെയും കൂട്ടി ചെല്ലുമ്പോൾ ഞങ്ങൾക്ക് മുന്നേ തന്നെ അവളുടെ അമ്മയും ആ ഡോക്ടറും എത്തിയിരുന്നു.....

അവർ കാണാതെ ഞങ്ങൾ മാറിയിരുന്നു.... അവസാനം ഉദ്യോഗസ്ഥർ അവരെ അകത്തേക്ക് വിളിപ്പിക്കുകയും കേസിന്റെ കാര്യങ്ങൾ പറയുകയും ചെയ്തപ്പോൾ അവർ ആദ്യം ശക്തമായി എല്ലാം നിഷേധിക്കുകയും എതിർക്കുകയും ചെയ്തു..... അപ്പോളാണ് ഞങ്ങളെ അകത്തേക്ക് വിളിപ്പിച്ചത്..... ഞങ്ങളുടെ മുന്നിൽ വച്ചുതന്നെ ഉദ്യോഗസ്ഥർ അവരോട് വീണ്ടും ചോദ്യങ്ങൾ ചോദിക്കവേ അവർ പരിഹാസത്തോടെയും അമിതാത്മവിശ്വാസത്തോടെയും പറഞ്ഞത്എന്തെന്നാൽ......

"സാർ..... ഇവരുടെ വാക്ക് കേട്ടുകൊണ്ടാണോ  നിങ്ങൾ ഞങ്ങൾക്കെതിരെ കേസ് എടുത്തത്..... കഷ്ടം....
സാർ..... ഈ നിൽക്കുന്നവൻ അവളെ കല്യാണം കഴിച്ചത് പ്രേമം കൊണ്ടൊന്നുമല്ല.... അവളിലൂടെ വന്നുചേരുന്ന പണത്തെ കണ്ടുകൊണ്ട് മാത്രം ആണ്.... ഇപ്പോൾ ഈ കേസിന്റെ പിന്നിലെ ലക്ഷ്യം പോലും പണം മാത്രമാണ്.....
എന്റെ മോനെ.... നിനക്ക് കാശിനു ഇത്ര ആവശ്യം ഉണ്ടെങ്കിൽ എന്നോടൊരുവാക്കു പറഞ്ഞാൽ മതിയായിരുന്നല്ലോ.... അതിനു ഇങ്ങനെ ഒക്കെ കള്ളക്കേസ് കൊടുക്കേണ്ട കാര്യം ഉണ്ടോ.... "

അത്രയും പറഞ്ഞുകൊണ്ട് പൊട്ടിച്ചിരിക്കുകയായിരുന്നു ആ സ്ത്രീ...

"മ്മ്..... കഴിഞ്ഞോ..... പിന്നെ....  കേസ് കൊടുത്തത് അയാളല്ല ...... ഈ നിൽക്കുന്ന നിങ്ങളുടെ മകളാണ്... "

അതുകേട്ടതും അവർ ഒരു ഞെട്ടലോടെ ഞങ്ങളെ തിരിഞ്ഞു നോക്കി....

"സാർ എന്താണീ പറയുന്നത്... ഈ മിണ്ടാനും കേൾക്കാനും കഴിയാത്തവൾ ഞങ്ങൾക്കെതിരെ കേസ് കൊടുത്തെന്നോ..... അതിനേക്കാൾ വലിയകാര്യം എന്തെന്നാൽ.... ഇവൾ.... അവളൊരു മാനസിക രോഗിയാണ് സാർ.... ചില സമയത്തു ഓർമക്കുറവ് പോലും ഉണ്ട്.... അതൊക്കെ മുതലാക്കി അവൻ കളിക്കുന്ന കളിയാണിതെല്ലാം.... "

അവർ വെപ്രാളത്തോടെ പറഞ്ഞു നിർത്തി....

"അത് ശരി.... അപ്പോൾ ഈ കുട്ടിക്ക് കാതു കേൾക്കാനും സംസാരിക്കാനും കഴിയില്ല.... അല്ലെ.......
ശരിയാണോടോ ഇവർ പറയുന്നത്..... തനിക്കു കാതു കേൾക്കാനും സംസാരിക്കാനും കഴിയില്ലേ.... "

അവളോടായി ഉദ്യോഗസ്ഥൻ ചോദിക്കവേ എന്നെനോക്കികൊണ്ട് അവൾ മുന്നോട്ടു നീങ്ങിനിന്നു.... തലയുയർത്തിപിടിച്ചുകൊണ്ട് തന്നെ അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു...

"കഴിയും സാർ.... എനിക്ക് കേൾക്കാനും സംസാരിക്കാനും കഴിയും... "

മുന്നിൽ നടക്കുന്നത് സ്വപ്നമോ യാഥാർഥ്യമോ എന്നറിയാതെ ഒരു ഞെട്ടലോടെ ആ സ്ത്രീയും ഡോക്ടറും ഇരുന്നിടത്തു നിന്നും എഴുന്നേറ്റു നിന്നു പോയി....

"കേട്ടല്ലോ...  ആ കുട്ടി പറഞ്ഞത്.... അവൾക്കു സംസാരിക്കാനും കേൾക്കാനും കഴിയുമെന്ന്....ഇനി എന്താ നിങ്ങള്ക്ക് പറയാൻ ഉള്ളത്.... "

പക്ഷെ അവർക്കൊന്നും പറയാൻ കഴിയാത്ത വിധം ഉള്ള ഞെട്ടലിൽ ആയിരുന്നു അവർ...

"എന്താ... ഒന്നും പറയാൻ ഇല്ലേ.... ശരി.... നിങ്ങൾക്കൊന്നും പറയാൻ ഇല്ലെങ്കിലും ഞങ്ങൾക്ക് ചിലത് പറയാൻ ഉണ്ട്... "

ശേഷം അന്വേഷണത്തിലൂടെ അറിഞ്ഞ കാര്യങ്ങൾ ഓരോന്നും എണ്ണിയെണ്ണി തെളിവുകൾ സഹിതം അവരുടെ മുന്നിൽ നിരത്തവെ കുറ്റം കണ്ടുപിടിച്ച വെപ്രാളത്തോടെ ഇരുവരും നിന്ന് വിറ കൊണ്ടു.....

പോലീസ് ഉദ്യോഗസ്ഥരുടെ വിശദമായ ചോദ്യം ചെയ്യലിൽ ഇരുവർക്കും കുറ്റം സമ്മതിക്കുകയല്ലാതെ മറ്റു വഴികൾ ഉണ്ടായില്ല...... ശേഷം നിയമപരമായി തന്നെ കാര്യങ്ങൾ അതിന്റെ വഴിക്കു നടന്നു... സമൂഹമാധ്യമങ്ങളും ചാനലുകാരും ഈ വാർത്ത ഏറ്റെടുത്തതുകൂടി കേസിനു കൂടുതൽ ജനപിന്തുണയും ലഭിച്ചു....

പക്ഷേ.... അപ്പോഴും ചിലർ പണത്തിനു വേണ്ടി പെണ്ണിനെ കെട്ടിയവൻ  എന്നാക്ഷേപിച്ചു സമൂഹ മാധ്യമങ്ങളിലൂടെ എനിക്കെതിരെ പോസ്റ്റുകളും വിഡിയോകളും എടുത്തു പ്രചരിപ്പിച്ചിരുന്നു എങ്കിലും ആ സമയം എനിക്ക് താങ്ങായി തണലായി എന്നും എപ്പോഴും എന്റെ കൂടെയുണ്ടായിരുന്നു അവൾ....

പരസ്യമായി എന്നെ ആക്ഷേപിച്ചവരുടെ മുന്നിൽ നിന്നുകൊണ്ട് ശക്തമായി എനിക്കുവേണ്ടി അവൾ വാദിച്ചു നിന്നു....

മറ്റൊരു ചൂടുള്ള വാർത്ത ലഭിച്ചപ്പോൾ ഈ ചാനലുകാരും സമൂഹമാധ്യമങ്ങളും ഞങ്ങളെ വിട്ടു അതിന്റെ പുറകെ പോയെങ്കിലും കേസിൽ ഉറച്ചു തന്നെ ഞങ്ങൾ നിന്നതുകൊണ്ട് ആ സ്ത്രീയ്ക്കും ഡോക്ടറിനും തക്കതായ ശിക്ഷ ലഭിക്കുകയും അവൾക്കവകാശപെട്ട സ്വത്തുവകകൾ അവളിലേക്ക്‌ തന്നെ വന്ന് ചേരുകയും ചെയ്തു.....കേസിൽ ജയിച്ചതോടെ എല്ലാവരിലും സന്തോഷം നിറഞ്ഞുവെങ്കിലും എന്റെ മനസ്സിന്റെ ഒരു കോണിൽ ഉടലെടുത്തത് മറ്റൊരു ചിന്തയായിരുന്നു.....

ഒരുപക്ഷെ എല്ലാവരും ചിന്തിക്കുന്നതുപോലെ  ഇപ്പോഴും  അവളുടെ പണത്തിലാണ് എന്റെ ശ്രദ്ധ എന്ന് അവൾ വിചാരിക്കുന്നുണ്ടാകുമോ... പണത്തിനു വേണ്ടിയാണു ഞാൻ ഇതെല്ലാം ചെയ്തതെന്ന് അവൾ കരുതുന്നുണ്ടാകുമോ.... അറിയാതെ എപ്പോഴോ മനസ്സിൽ ഉടലെടുത്ത പ്രണയം എന്ന വികാരം എന്റെ അഭിനയമായി അവൾ കണക്കാക്കുമോ.....എന്നോട് അവൾക്കു ദേഷ്യം ഉണ്ടാകുമോ.... വെറുപ്പുണ്ടാകുമോ.... തുടങ്ങിയ ചിന്തകളാൽ ആകെ അസ്വസ്ഥമായിരുന്നു ഞാൻ....

പലപ്പോഴും അവളുടെ മുന്നിൽ ചെന്നു നിൽകുമ്പോൾ ഞാനൊന്നുമല്ലാത്ത രീതിയിൽ സ്വയം ചെറുതാകുന്നതുപോലെ തോന്നും..... എന്തുകൊണ്ടോ അതിനു ശേഷം അവളുടെ മുന്നിൽ പോലും ചെല്ലാത്ത വിധം ഒഴിഞ്ഞു മാറി നടക്കാൻ തുടങ്ങി... അവൾക്കെന്നെ ഇഷ്ടമായിരിക്കില്ല എന്ന് തന്നെ വിശ്വസിച്ചു.... പക്ഷേ... ആ വിശ്വാസം തെറ്റായിരുന്നു എന്ന് ബോധ്യപ്പെട്ടത് ഒരിക്കൽ അമ്മയില്ലാതെയിരുന്ന ദിവസം അവൾ എന്റെ മുന്നിൽ മനസുതുറന്നു പൊട്ടിക്കരഞ്ഞപ്പോൾ ആണ്....അന്നവൾ നിറകണ്ണുകളോടെ എന്നോട് ചോദിച്ചു...

"എന്താ... എന്താ... എന്നോട് മാത്രം മിണ്ടാത്തത്... എന്റെ മുന്നിൽ പോലും വരാത്തത്.... എന്നോട് ദേഷ്യം ആണോ.... അതൊ... വെറുപ്പാണോ.... എന്നെ ഇഷ്ടമല്ലേ..... അതുകൊണ്ടാണോ എന്നോടിങ്ങനെ പെരുമാറുന്നത്...
മ്മ്.... ശരിയായിരിക്കും അല്ലെ.... എനിക്ക് വിദ്യാഭ്യാസം ഇല്ല.... സൗന്ദര്യം ഇല്ല.... ചെവിയും കേൾക്കില്ല.... പിന്നെ.... പിന്നെ ഞാൻ ഭ്രാന്തിയും അല്ലെ..... അതുകൊണ്ടാണോ എന്നെ ഇഷ്ടമല്ലാത്തത്.... "

പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവൾ അവളുടെ മനസ്സിലുള്ള ദുഃഖം എന്നോട് പരിഭവങ്ങളായി പങ്കുവയ്ക്കവേ മനസ്സിന്റെ അടിത്തട്ടിൽ ഒളിപ്പിച്ച അവളോടുള്ള എന്റെ പ്രണയം അന്നാദ്യമായി ഞാൻ അവളോട് പറഞ്ഞു....

അവളെ നെഞ്ചോടു ചേർത്തു അവളാണെനിക്കെല്ലാം എന്ന് പറയവേ പരിഭവം എല്ലാം മാറി നാണത്തോടെ അവളെന്റെ മാറിൽ മുഖം ചേർത്തു....
പരസ്പരം പ്രണയം പങ്കുവച്ചുകൊണ്ട് അവളെ ഞാനെന്റെ സ്വന്തം ആക്കി.....

വർഷങ്ങൾക്കിപ്പുറം എന്റെ മാറിൽ തലചായ്ച്ചു കിടന്നുകൊണ്ട് അവൾ അവളുടെ മറ്റൊരു പരിഭവം പങ്കുവച്ചു..
"ഏട്ടാ... "
"മ്മ്.... "
"ഏട്ടാ.... "
"എന്താടി.... കാര്യം പറ നീ.... "
"അതേ.... പിന്നെ.... ഒരു കാര്യം ഉണ്ട്... "
"അതെനിക് മനസ്സിലായി.... അതുകൊണ്ടാ പറയാൻ പറഞ്ഞത്... "
"അതുപിന്നെ.... നമ്മുടെ അമ്മയ്ക്ക് ഇപ്പോൾ വയസായി വരികയാണ്.... അമ്മയ്ക്കും ഉണ്ടാകില്ലേ ചില ആഗ്രഹങ്ങൾ....നമ്മുടെ ഒരു കുഞ്ഞിനെ കളിപ്പിക്കണം എന്നും സ്നേഹിക്കണം എന്നും.... അത് സാധിച്ചു കൊടുക്കേണ്ട ഉത്തരവാദിത്തം നമുക്കില്ലേ.... ഇത്ര നാൾ എന്റെ പഠിത്തം കഴിയട്ടെ എന്നു പറഞ്ഞു നടന്നു.... ഇപ്പോൾ ഡിഗ്രിയും കഴിഞ്ഞു  പിജിയും കഴിഞ്ഞു..... ഇനിയെങ്കിലും ശ്രമിച്ചു കൂടെ.... നമ്മളല്ലാതെ വേറെയാരാ അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഉള്ളത്... "

അവളുടെ പരിഭവം കേട്ടു ഊറി വന്ന ചിരി അടക്കികൊണ്ട് കണ്ണുകൾ അടച്ചു കിടന്നു..... പല പ്രാവശ്യം അവൾ ഇതേ കാര്യം പറഞ്ഞിട്ടുണ്ട്.... അന്നൊക്കെ ഞാൻ തന്നെയാണ് അവളുടെ പഠനം കഴിയട്ടെ എന്നുപറഞ്ഞു തടഞ്ഞിരുന്നത്....

കാരണം മറ്റൊന്നുമല്ല....പണ്ട് അച്ഛന്റെ ബിസിനസ്‌ തകർന്നപ്പോൾ പലപ്പോഴും അച്ഛൻ പറയുന്നത് കേട്ടിട്ടുണ്ട്.... അമ്മയ്ക്കൊരു ജോലിയുണ്ടായിരുന്നു എങ്കിൽ അച്ഛനൊരു താങ്ങായേനെ എന്ന്.... അത് ശരിയാണെന്നു പലപ്പോഴും എനിക്കും തോന്നിയിട്ടുണ്ട്.... അങ്ങനെയെങ്കിൽ അച്ഛന് ആത്മഹത്യയെ പറ്റി ചിന്തിക്കേണ്ടി വരികയില്ലായിരുന്നു.... അച്ഛന്റെ മരണശേഷം കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവൻ സ്വയം ഏറ്റെടുത്തപ്പോഴും ചിന്തിച്ചിരുന്നു അമ്മയ്ക്കോ പെങ്ങൾക്കോ ഒരു ജോലി ഉണ്ടായിരുന്നുവെങ്കിൽ എന്ന്.....

അതുകൊണ്ട് തന്നെ എനിക്ക് നിർബന്ധം ഉണ്ടായിരുന്നു അവളുടെ മുടങ്ങിപ്പോയ പഠനം തുടരണം എന്ന്....സ്വന്തം കാലിൽ നില്കാൻ അവൾ പ്രാപ്തയാകണം എന്ന്....  ആദ്യം ഒക്കെ കുറച്ചു മടി കാണിച്ചുവെങ്കിലും എന്റെ നിര്ബന്ധത്താൽ അവൾ തുടർപഠനം ആരംഭിച്ചു..... എല്ലാറ്റിലും മികച്ച വിജയം കൈവരിച്ചു എന്നെന്നും അഭിമാനിക്കാൻ ഉള്ള മുഹൂർത്തങ്ങൾ ആണ് അവൾ സമ്മാനിച്ചത്.... പറഞ്ഞതുപോലെ അവളുടെ പിജി പഠനവും കഴിഞ്ഞു..... റിസൾട്ടിനായി കാത്തിരിക്കുകയാണ്.....
"ഏട്ടാ.... ഞാൻ പറഞ്ഞത് വല്ലതും കേട്ടോ... "

അവൾ കുലുക്കി വിളിച്ചപ്പോൾ ആണ് ഓർമകളിൽ നിന്നും ഉണർന്നത്.... പ്രതീക്ഷയോടെയുള്ള അവളുടെ നോട്ടം അവഗണിക്കാൻ എന്തോ മനസ്സുവന്നില്ല....
"സത്യം പറ.... ഇത് അമ്മയുടെ ആഗ്രഹമോ.... അതൊ നിന്റെ ആഗ്രഹമോ.... "
"രണ്ടും... "
"ആണോ.... എങ്കിലേ... ആ ആഗ്രഹം ഇനി നിറവേറ്റിയിട്ട് തന്നെ കാര്യം.... "

അവളെ വലിച്ചു നെഞ്ചോടു ചേർത്തുകൊണ്ട് പറഞ്ഞു..... അങ്ങനെ അവളുടെ ചെറുതും വലുതുമായ ആഗ്രഹങ്ങൾ സാധിച്ചു കൊടുത്തുകൊണ്ട് സന്തോഷകരമായ ജീവിതം തുടരുകയായി....

ഒരു വർഷത്തിന് ശേഷമുള്ള ഒരു പ്രഭാതം..... നഗരത്തിലെ പ്രമുഖ ആശുപത്രിയുടെ ലേബർ റൂമിനു മുന്നിലൂടെ ഉത്കണ്ഠയോടെ.... ആകാംഷയോടെ...നടക്കുന്നതിനിടയിൽ ആണ് ലേബർ റൂമിന്റെ വാതിൽ തുറന്നു ഒരു നേഴ്സ് പുറത്തേക്കു വന്നത്....

വേഗം അവരുടെ അടുത്തേക്ക് നടന്നു ചെല്ലവേ എന്റെ കൈകളിലേക്ക് വെള്ളത്തുണിയിൽ പൊതിഞ്ഞ ഒരു കുഞ്ഞിനെ വച്ചുതന്നുകൊണ്ട് അവർ പറഞ്ഞു....

"പെൺകുട്ടിയാണ്..... അമ്മ സുഖമായിരിക്കുന്നു... "

സന്തോഷം കൊണ്ട് കൈയിലിരിക്കുന്ന മാലാഖക്കുഞ്ഞിന്റെ നെറുകയിൽ ഒരു മുത്തം നൽകി തൊട്ടടുത്തു നിൽക്കുന്ന അമ്മയുടെ കൈകളിലേക്ക് കുഞ്ഞിനെ വച്ചു കൊടുത്തു.....

കുഞ്ഞിനെ വാങ്ങി അമ്മ  നെഞ്ചോടു ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു...

"കുഞ്ഞ് അവളെപോലെ ഇരിക്കുന്നുവല്ലേ... "

എന്നാൽ അമ്മയുടെ വാക്കുകൾ ഒന്നും തന്നെ ഞാൻ  ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.എന്റെ  ആവലാതികൾ മുഴുവൻ എനിക്കീ മാലാഖയെ സ്വന്തമാക്കാൻ അവസരം തന്ന എന്റെ നേർപാതിയെ കാണാനായി വെമ്പൽ കൊള്ളുകയായിരുന്നു.. അമ്മയുടെ കയ്യിൽ ഇരുന്ന ആ പിഞ്ചോമനയുടെ നെറുകയിൽ മെല്ലെയൊന്ന് തലോടിയ ശേഷം ലേബർ റൂമിലെ ഗ്ലാസ് ഡോറിന് അരികിലേക്ക് ചെന്ന് അകത്തേക്ക് നോക്കി,..

 നിരന്നു കിടക്കുന്ന ബെഡ്കളിൽ ഒന്നിൽ ചാരിയിരുന്ന് അമ്പരപ്പോടെ അവശതയോടെ ആരെയോ തേടുന്ന അവളുടെ മിഴികളുമായി എന്റെ നിറഞ്ഞ മിഴികൾ കൂട്ടിമുട്ടി.. ഒരു നിമിഷം ഇരുവരുടെയും മിഴികൾ നിയന്ത്രണമില്ലാതെ അണ പൊട്ടി ഒഴുകാൻ തുടങ്ങി.. തനിക്കൊന്നും ഇല്ല എന്ന് ആംഗ്യഭാഷയിൽ പറഞ്ഞു കൊണ്ട് അവൾ എന്നെ നോക്കിയിരുന്നു...

 നിമിഷങ്ങൾ കടന്നു പോയി... ആ നിമിഷങ്ങളിൽ എല്ലാം തന്നെ തന്റെ ഇരുൾമൂടിയ ജീവിതത്തിലേക്ക് കടന്നുവന്ന പ്രകാശം പരത്തിയ അവളുടെ ഓർമ്മകൾ നിറഞ്ഞ സ്വപ്നലോകത്ത് ഞാൻ കാത്തിരുന്നു അവൾക്കായി.....

അവസാനിച്ചു
***************
To Top