ഒരു മൂക്കുത്തി കഥ....

Valappottukal
ഹരിയേട്ടാ  എനിക്കൊരു   മൂക്കുത്തി   വേണം.

മൂക്കുത്തിയോ , ഈ  പാതിരാത്രിയിലോ.. അല്ലാ.. ഇപ്പൊ   എന്താ  മൂക്കുത്തി   കുത്താൻ   ഒരു   മോഹം.

ഒന്നുല്ല   എനിക്ക്   വേണംന്ന്   തോന്നി. പ്ലീസ്   വാങ്ങിച്ചു  തരുവോ....?

എന്റെ   ഗീതു   മൂക്ക്   കുത്തിയാൽ   ഒരുപാട്  വേദനിക്കും  ഒരു   മുള്ള്   കൊണ്ടാൽ   സഹിക്കാത്ത   നീയാണോ   ഇനി   മൂക്ക്   കുത്താൻ  പോകുന്നെ. മിണ്ടാണ്ട്  കിടക്കടി  പെണ്ണെ..

ഹരിഏട്ടന്റെ  വാക്കുകൾ  കേട്ട്  വാടിയ  റോസാപൂ  പോലെയായി  അവള്ടെ  മുഖം..

പിണങ്ങിയോ...

ഇല്ല..

പിന്നെന്തേ  മിണ്ടാത്തെ..

ഒന്നൂല്ല..
പിണങ്ങി  മുഖം  തിരിച്ചു  ഇരുന്നു  അവൾ

വിഷമിക്കണ്ട  നാളെ  മുക്കുത്തി  വാങ്ങാം..
അവള്ടെ  വാടിയ  മുഖത്തെയ്ക്ക്  നോക്കി  അവൻ  പറഞ്ഞു

അത്  കേട്ടതും  വിശ്വസിക്കാനാവാതെ  അവൾ  അവനെ  തന്നെ  നോക്കി

ശരിക്കും , എന്നെ  പറ്റിക്കാൻ  പറയുന്നതല്ലല്ലോ....

അല്ലടീ..

അപ്പൊ  എന്നോട്  സ്നേഹം  ഉണ്ടല്ലേ..
 ന്റെ   ചക്കര  ഹരിയേട്ടൻ... അവൾ   അവനെ   കെട്ടിപിടിച്ചു   കവിളിൽ   ചുംബിച്ചു. അവള്ടെ   ചുംബനം   ഒരുപാട്   ആസ്വദിച്ചെങ്കിലും   അത്   പുറത്തു  കാട്ടാതെ   അൽപ്പം   ജാഡയ്ക്ക്  ഇരുന്നു. അല്ലെങ്കിൽ   അടുത്ത  ആവശ്യവുമായി   ഉടനെ  വരും.

ഓ   ഈ   പെണ്ണ്. കിടന്നുറങ്ങടി   പോത്തേ   എനിക്ക്   രാവിലെ   എണീറ്റു   ഓഫീസിൽ   പോകാൻ  ഉള്ളതാ...

മ്മ്   ഈ   ഹരിയേട്ടൻ.... അവൾ   ചിണുങ്ങിക്കൊണ്ട്   കട്ടിലിൽ   തിരിഞ്ഞു   കിടന്നു. നാളെ   പുതിയ   മൂക്കുത്തി   ഇടുന്നത്  മനസ്സിൽ   സ്വപ്നം  കണ്ടു   എപ്പോഴോ   ഉറങ്ങിപോയി.  പിറ്റേന്ന്   അതിരാവിലെ   ഉണർന്നു  ജോലിയെല്ലാം   തീർത്തു.

ഹരിയേട്ടാ   എണീക്ക്   ഓഫീസിൽ   പോകണ്ടേ...

കുറച്ചു   നേരം   കൂടി   കിടക്കട്ടെ   ഗീതു.

വേണ്ട   വേണ്ട. ഇപ്പൊ   എണീറ്റാലെ   നേരത്തെ   ഓഫീസിൽ   പോകാൻ   പറ്റു.

നേരത്തെ   ചെന്നിട്ട്   എന്തിനാ....?

മറന്നോ... ഇന്ന്   എനിക്ക്   പുതിയ   മൂക്കുത്തി   വാങ്ങി   തരാന്ന്   പറഞ്ഞില്ലായിരുന്നോ. നേരത്തെ   ഇറങ്ങിയാൽ   അല്ലെ   വാങ്ങിച്ചു   തന്നിട്ട്   ഓഫീസിൽ   പോകാൻ   പറ്റു.

എന്റെ   ഗീതു   ഞാനത്   വെറുതെ   പറഞ്ഞതല്ലേ... നീ   മൂക്ക്   കുത്തുവൊന്നും   വേണ്ട . അവൻ  പാതി ഉറക്കത്തിൽ   പറഞ്ഞു.

എന്താ   നിങ്ങള്   പറഞ്ഞേ   വെറുതെ   പറഞ്ഞതാണെന്നോ...

അതേ   ഗീതു..

അടക്കിപ്പിടിച്ച   തേങ്ങൽ   കേട്ട്   ഹരി   കണ്ണുതുറന്നപ്പോൾ   കണ്ടത്   കട്ടിലിന്റെ   മൂലയ്ക്കിരുന്നു   കരയുന്ന   ഗീതുവിനെ  ആണ്.

ഗീതു   നീ   എന്തിനാ   കരയുന്നെ.

വേണ്ട   എന്നോട്   മിണ്ടണ്ട. ഹരിയേട്ടന്   എന്നോട്   ഒരു   സ്നേഹവും  ഇല്ല.

എന്റെ   പെണ്ണേ  ഒരു   മൂക്കുത്തിയിലാണോ   സ്നേഹം   ഇരിക്കുന്നെ . നീ   എന്തൊരു   മണ്ടിയാ.

അതേ   ഞാൻ   മണ്ടിയാ   ഹരിയേട്ടൻ   കഴിഞ്ഞദിവസം   ന്റെ   കൂട്ടുകാരിയുടെ  മൂക്കുത്തിയെ എന്ത്   മാത്രമാ   പുകഴ്ത്തിയെ. ഹരിയേട്ടന്   മൂക്കുത്തി   വല്യ   ഇഷ്ടാണെന്ന്   പറഞ്ഞില്ലേ.

ഓ  ഈ   പെണ്ണ്   അതും   മനസ്സിൽ   വെച്ചു   നടക്കുവാണോ... പോട്ടെ   സാരല്ല....

വേണ്ട   എന്നോട്   മിണ്ടണ്ട.

ന്റെ   ഗീതു   നിന്റത്ര   സുന്ദരി  ഒന്നും   അല്ല  അവര്. അവര്   മൂക്കുത്തി   ഇടുമ്പഴായിരിക്കും    സുന്ദരി. നീ   അതിലും   സുന്ദരിയല്ലേ. പൊട്ട്   തൊട്ടില്ലേലും  കണ്ണെഴുതിയില്ലേലും  ന്റെ   ഗീതുവാ  സുന്ദരി..ഹരിയേട്ടന്   വേഗം  പോയി  ഒരു ചായ   എടുത്തോണ്ട്   വാ   ഓഫീസിൽ   പോകാൻ   ലേറ്റാവും...

അവൾ   കണ്ണ്  തുടച്ചു  പുറത്തേയ്ക്ക്   പോയി. പാവം ,  ഹരി  മനസ്സിൽ   കരുതി.
അന്ന്   വൈകുന്നേരം   ഹരികൃഷ്ണൻ    ഗീതുനേം   കൂട്ടി    പുറത്തേയ്ക്ക് പോയി. ഒരുപാട്   നാളുകൾക്ക്  ശേഷമാണ്  അവളെയും   കൊണ്ട്  ഒന്ന്  പുറത്തെയ്ക്ക്  പോകുന്നത്. അവൾക്കിഷ്ടപെട്ട   ഡ്രെസ്സും     ഫുഡും   വാങ്ങിക്കൊടുക്കുന്നതിനിടയിലും  അവള്ടെ  മുഖത്തു  ഒരു  പ്രേത്യേക  തെളിച്ചം  ഇല്ലായിരുന്നു. ഒന്നും  മിണ്ടാതെ  അവൾ  ഹരിഏട്ടന്റെ  പിന്നാലെ  നടന്നു. ഒരു  കൊച്ചു കുട്ടിയെ പോലെ..

അവൻ  ഒന്നും  മിണ്ടാതെ  അവളെയും   കൂട്ടി  ഒരു   ജ്വല്ലറിയിൽ   കയറി. കല്ലുവെച്ച   മൂക്കുത്തി   വാങ്ങി. അത്  അവള്ടെ   മൂക്കിന്മേൽ   വെച്ചപ്പോ   രണ്ടുകണ്ണും   ഇറുക്കി  അടച്ചു   ഹരിയേട്ടാ..... ന്നു   വിളിച്ചു   കയ്യിൽ   മുറുക്കി   പിടിച്ചു. അതുകണ്ടപ്പൊ   അവനു   ചിരി   അടക്കാൻ  ആയില്ല

അവള്ടെ   മൂക്കിന്റെ   തുമ്പത്ത്  തിളങ്ങുന്ന  കല്ല്   വെച്ച   മൂക്കുത്തി   കിടന്നപ്പോൾ  അതിനേക്കാൾ   ഭംഗി   അവള്ടെ   മുഖത്തിനാണെന്ന്  തോന്നിപ്പോയി. അതിനിടയ്ക്ക്  അവള്ടെ    കണ്ണുകൾ   വേദന കൊണ്ട് നിറഞ്ഞൊഴുകിയിരുന്നു.

ഗീതൂ......   ഇപ്പൊ   നീ  സുന്ദരിയാട്ടോ.. 

ഹരിയുടെ  വാക്കുകൾ  കേട്ടതും  അവൾ   നാണം   കൊണ്ട്   പൂത്തുലഞ്ഞു.

വാ   നമ്മുക്ക്   പോകണ്ടേ... !

മ്മ്...

അവൻ   അവള്ടെ   കയ്യ്   പിടിച്ചു   പുറത്തേയ്ക്ക്   നടന്നു. അപ്പോഴാണ്  എതിരെ  തന്നോടൊപ്പം  ഓഫീസിൽ  ജോലി  ചെയ്യുന്ന  നിഖില  വരുന്നതവർ  കണ്ടത്

ഹായ്   ഇതാര് ? ഹരിയേട്ടനോ .... എന്താ   ഇവിടെ...

എടീ   ഗീതു.... ഇതെന്താ... മൂക്കുത്തിയോ   അയ്യേ... എന്തൊരു   വൃത്തികേടാ.....

ഹരി   ഗീതുവിന്റെ   മുഖത്തേയ്ക്ക്   നോക്കി. അവള്ടെ   കണ്ണുകൾ   നിറഞ്ഞിട്ടുണ്ടയിരുന്നു

ഹരിയേട്ടാ  ഗീതുവിന്‌   വല്ല    ജീൻസും   ടോപ്പും   ഒക്കെ   എടുത്തു   കൊടുക്ക്.പിന്നെന്തേലും   കഴിക്കാനും   വാങ്ങി  കൊടുക്ക്   ഇതെന്തു   കോലമാ ഈർക്കിലി   പോലെ... പിന്നെ   ഈ    സാരി   ഒട്ടും   ചേരത്തില്ല  കേട്ടോ.. ഇപ്പഴത്തെ   പെൺപിള്ളേർ   ഒക്കെ   മോഡേൺ  ആയിട്ടല്ലേ  നടക്കുന്നത്

നിഖിലാ   ഞങ്ങൾക്ക്   പോയിട്ട്   കുറച്ചു   ധൃതി   ഉണ്ടായിരുന്നു....
ഹരി  ഒട്ടും  ഇഷ്ടപ്പെടാത്ത  രീതിയിൽ  അവളോട്  പറഞ്ഞു.

ശരി   ഹരിയേട്ടാ   ഗീതു  പിന്നെ   കാണാം..

അവൾ  നടന്നകന്നതും  അവൻ  അവളെ  കൂടുതൽ  ചേർത്ത് നിർത്തി

അയ്യേ  ഇത്രെയുള്ളോ  എന്റെ  പെണ്ണ്.  വല്ലവരും  എന്തെങ്കിലും  പറഞ്ഞുന്ന്  വെച്ച്..

സാരല്ല... പോട്ടെ.... ആരെന്ത്   പറഞ്ഞാലും   നിന്റെ   ഹരിയേട്ടൻ  കൂടെയില്ലേ..

എനിക്ക്   വൃത്തികേടാണോ   ഹരിയേട്ടാ  ഈ  മൂക്കുത്തി.

ഏയ്   ഒരു   വൃത്തികേടും  ഇല്ല. അവൾക്ക്  കുശുമ്പ്  തോന്നിയിട്ട്  പറഞ്ഞതാ.. ന്റെ   ഗീതുവിനു   ഈ   മൂക്കുത്തി   നല്ലോണം   ചേരും.

അപ്പോ   സാരിയോ ?

സാരിയും   ചേരും. ഗീതുട്ടി   സാരി   ഉടുത്താൽ   എന്ത്   രസാന്നറിയോ   കാണാൻ.... സുന്ദരികുട്ടിയല്ലേ.....

  ന്റെ   ഗീതുട്ടിയെ   ഇനി   ആരും   കളിയാക്കില്ല. നാളെ   ഓഫീസിൽ   ചെല്ലുമ്പോ   നിഖിലയ്‌ക്കിട്ട്  ഒരു  പണി   കൊടുക്കാം..
ചിരിച്ചു  കൊണ്ട്  അവൻ അത്  പറയുമ്പോൾ  അവളും  അറിയാതെ  പുഞ്ചിരിച്ചു. സ്ട്രീറ്റ്  ലൈറ്റ് ന്റെ  വെളിച്ചത്തിലൂടെ  അവർ  നടന്നു.

ഹരിയേട്ടാ..

മ്മ് ..

എനിക്കൊരു  ഐസ്ക്രീം വാങ്ങിച്  തരുമോ..?

ഐസ്ക്രീമോ  ഈ  തണുപ്പും  പിടിച്ചു. ഗീതു നീ  മറന്നോ  നിനക്ക് തണുത്തത്  കഴിച്ചൽ  തൊണ്ട  വേദനിക്കും   എന്ന്..

അവൾ  ഒന്നും  മിണ്ടാതെ  പിണങ്ങി  നിന്നു.

പിണങ്ങല്ലേ  ഗീതു നിന്റെ  നല്ലതിന് വേണ്ടിയല്ലേ  ഞാൻ  പറയുന്നത്..

ഈ  ഒരു  തവണ  മാത്രം  മതി ഹരിയേട്ടാ പ്ലീസ്..

ശരി  ഇനി  അതിന്റെ  പേരിൽ  പിണങ്ങണ്ട  ഒരെണ്ണം  അതിൽ കൂടുതൽ  വേണമെന്ന്  പറയരുത്  കേട്ടല്ലോ..

ഇല്ല  പറയില്ല..

ചേട്ടാ  ഒരു  ഐസ്ക്രീം..

കടയിൽ  നിന്ന  ബംഗാളിയുടെ  കയ്യിൽ  നിന്നും  ഐസ്ക്രീം  വാങ്ങി  അവൾക്ക്  കൊടുക്കുമ്പോൾ  ഒരു  കൊച്ചു  കുട്ടിയുടെ  സന്തോഷം ആയിരുന്നു അവള്ടെ  മുഖത്തു .

വേഗം  നടക്ക്.. സമയം   ഒരുപാടായി ..

ഓട്ടോറിക്ഷ  പിടിക്ക്  ഏട്ടാ  പ്ലീസ്.. ന്റെ  നല്ല  ഏട്ടനല്ലേ..

ഇവള്ടെ  ഒരു  കാര്യം..

 *************************************

വീട്ടിൽ  എത്തിയതും  അവൾ  ഓടിപോയി  കണ്ണാടിയുടെ  മുന്നിൽ  നിന്നു.

ന്റെ  പെണ്ണെ  നീയതും  കണ്ടോണ്ട്  നിൽക്കാതെ  ഡ്രസ്സ്  മാറ്. എന്നിട്ട്  എനിക്ക്  പോയി  ഒരു  ചായ  ഇട്ടോണ്ട് വാ..

മ്മ്  ഇപ്പൊ  ഇട്ടോണ്ട്  വരാം..

അവൾ  കിണ്ങ്ങികൊണ്ട്  അടുക്കളയിലേയ്ക്ക്  ഓടി

ഹരിയേട്ടാ...

തലയിണയിൽ  കെട്ടിപിടിച്ചുകൊണ്ടവൾ  അവനെ  നോക്കി

എനിക്ക്   തൊണ്ട   വേദനിക്കുന്നു.

മ്മ്  കുറച്ചു  കൂടി  ഐസ്ക്രീം   തിന്ന്..

ഹരിയേട്ടാ....

ഞാനപ്പഴേ   പറഞ്ഞതാ   തണുപ്പും   പിടിച്ചു  ഇതൊന്നും   തിന്നേണ്ടന്ന്.

അവൾ   ചിണുങ്ങിക്കൊണ്ട്   അവന്റെ   നെഞ്ചിലേക്ക്   ചേർന്ന്   കിടന്നു.

സാരല്ല..  ഞാൻ   ചൂടുവെള്ളം   എടുത്തു   തരാം. അത്   കുടിച്ചാൽ   മതി  മാറിക്കോളും.

അവൻ  കട്ടിലിൽ  നിന്നെഴുന്നേറ്റു. കൂടെ   അവളും   ചാടിയെഴുന്നേറ്റു.

ഹരിയേട്ടാ....

എന്താടി...

ഫ്ലാസ്ക്കിൽ   നിന്ന്   ചൂടുവെള്ളം   ഗ്ലാസ്സിലേയ്ക്ക്   പകർന്നു   അവൾക്ക്   നീട്ടുന്നതിനിടയിൽ  പറഞ്ഞു
ഇത്   കുടിക്ക്.

ഹരിയേട്ടന്   എന്നോട്   ദേഷ്യമുണ്ടോ...?

എന്തിന്..? എനിക്കെന്തിനാ   നിന്നോട്   ദേഷ്യം...

അല്ലാ.......ഞാൻ   ഇങ്ങനൊക്കെ   ആയെന്. കൊച്ചുകുട്ടികളെപോലെ..

 ഹരിയേട്ടനെ   എപ്പോഴും   ഞാൻ   ബുദ്ധിമുട്ടിക്കുവല്ലേ...

നിറഞ്ഞു  തുളുമ്പിയ  മിഴികൾ   തുടച്ചു   ചേർത്ത്   പിടിച്ചു  അവൻ  പറഞ്ഞു.

 ഗീതു,  നീ   ഒരു   പാവമാ... ഒരു   പൊട്ടിപ്പെണ്ണ്. നിനക്ക്   സ്നേഹം   മാത്രേയുള്ളു. എന്നോടാണെൽ   ഒടുക്കത്തെ  സ്നേഹം. ഞാൻ   എന്തേലും   ഇഷ്ടമില്ലാത്തത്   പറഞ്ഞാൽ   ഉടനെ   കണ്ണ്   നിറയും...

എനിക്ക്   നിന്നെ   ഇഷ്ടാടി... ഒത്തിരി   ഇഷ്ടാ.. നിന്റെ   ഈ   കുസൃതികളും  കൊച്ചുകൊച്ചു   കുറുമ്പും   വാശിയും   ഒക്കെ   ഇഷ്ടാ...

ശരിക്കും   ഇഷ്ടാണോ...?

പിന്നേ.. ഒരുപാട്  ഇഷ്ടമാ..

അവൾ   ചിരിച്ചു. അപ്പോൾ  ആയിരം   നക്ഷത്രങ്ങൾ   ഒന്നിച്ചുദിച്ചതുപോലെ   ആയിരുന്നു   അവള്ടെ  മുഖം.

ഇങ്ങനെ   ചിരിക്കല്ലേ   പൊന്നേ... നിന്റെ   ഈ    ചിരിയാ....
അതും  പറഞ്ഞു  ഒരു  കള്ളചിരിയോടെ  അവൻ കിടന്നു.
നാളത്തെയ്ക്കുള്ള  മധുരസ്വപ്നങ്ങളും  കണ്ട്...

രചന :Rosily  joseph
ലൈക്ക് ചെയ്ത്, അഭിപ്രായങ്ങൾ അറിയിക്കണേ... കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top