ഒരു പ്രണയം അവളെ മോഹിപ്പിച്ചു കടന്നു പോയാൽ എനിക്ക് നഷ്ടമാകുന്നത് എന്റെ മോളെ ആയിരിക്കും...

Valappottukal
"ഉമ്മാ അയാൾക്ക് എന്നെ ശരിക്കും ഇഷ്ടമാണ്..
ഇന്ന് അയാൾ എന്റെ മുടിയിഴകളിൽ ചുംബിച്ചു..
എന്തൊരഴകാണ് നിന്റെ കാർകൂന്തൽ എന്ന് പറഞ്ഞിട്ട്..

'അത് കേട്ടപ്പോൾ ഉമ്മ ഒന്ന് ശ്രദ്ധിക്കാതിരുന്നില്ല ഇവനെ കുറിച്ച് ഇപ്പൊ കുറെ ആയല്ലോ കേൾക്കുന്നെ..

'അവൾക്ക് ഒരുത്തമ കൂട്ടുകാരിയാണ് താൻ
എല്ലാം തുറന്നു പറയാൻ തക്ക സ്വാതന്ത്ര്യം ഉള്ള കൂട്ടുകാരി..
ഉമ്മയും ഉപ്പയും അതും താൻ തന്നെ..!
താനറിയാത്ത ഒരു നിമിഷം പോലും അവളിൽ കടന്നു പോകില്ല..

'ഉമ്മ അന്ന് നമ്മൾ കണ്ട ആൾ ഇല്ലേ അയാൾ ഇന്ന് ബസിൽ കണ്ടപ്പോൾ എന്നെ നോക്കി ചിരിച്ചു..

'അല്ലെങ്കിൽ ഫേസ്ബുക്കിൽ എന്നോട് ഒരാൾ ഇഷ്ടമാണെന്ന് പറഞ്ഞു..
അങ്ങനെയങ്ങനെ അവൾ ഓരോ കാര്യങ്ങളും പറയാറുണ്ട് താനതിനൊക്കെ അതിന് വേണ്ടുന്ന ഗൗരവമേ കൊടുക്കാറുള്ളൂ..

'എന്നാൽ ഇപ്പറഞ്ഞത് ഗൗരവമാണ്..
ഈയിടെയായി താടിയും കണ്ണടയും കൈയ്യിൽ ഒരു ചെയിനും കെട്ടിയ ഈ ആളെ കുറിച്ച് മാത്രമേ അവൾക്ക് പറയാനുള്ളൂ..
ഇന്റർനെറ്റ് കഫേയിൽ ജോലിക്ക് നിൽക്കുന്ന അവളുടെ മുതലാളിയുടെ കൂട്ടുകാരനാണ് ഇയാൾ..

'ഞാൻ എന്റെ കാര്യങ്ങൾ എല്ലാം അയാളോട് പറഞ്ഞു ഉമ്മാ..
മകൾ തുടരുകയാണ്..
എനിക്ക് വലിയ അസുഖംവന്നതാണ് ഇതിനേക്കാൾ മുടി ഉണ്ടായിരുന്നു അന്ന് പോയതാണ് മുടിയെല്ലാം..
ഇപ്പോൾ പുതിയവ വീണ്ടും വന്നതാണ് എന്നൊക്കെ..
അപ്പോൾ അയാൾക്ക് എന്നോട് കുറച്ചു കൂടി ഇഷ്ടം കൂടുകയാണ് ചെയ്തത്..
അപ്പോഴാണ് അയാൾ മുടിയിൽ ചുംബിച്ചത്..

'ഉമ്മ ഒന്നും മിണ്ടിയില്ല ചങ്കിലേക്ക് ഒരു പാട് സങ്കടങ്ങൾ ഒരുമിച്ചു തികട്ടി വന്നു..
മോള് ശ്രദ്ധിക്കണം അങ്ങനെ ഒരു ചതി കൂടി ഉണ്ടായാൽ മോൾക്ക് താങ്ങില്ല ഉമ്മാക്കും..

'പിന്നെ ആ ഉമ്മാക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല മോളെ നെഞ്ചോട് ചേർത്ത് പിടിച്ച് അമർത്തി പിടിച്ച സങ്കടം കണ്ണീരിൽ ഒഴുക്കി..
ഒരു പാട് കാലങ്ങൾക്ക് ശേഷം അന്ന് ഉമ്മ മകളുടെ മുന്നിൽ കരഞ്ഞു..

'ഇവൾക്ക് അഞ്ചു വയസ്സുള്ളപ്പോൾ പോയാതാണ് കെട്ടിയോൻ..
അന്ന് മുതൽ ചേരിപ്രദശത്തെ ഈ കുടിലിൽ ഒറ്റക്കാണ് താനും മോളും..
വലിയ വീടുകളിൽ അകം അടിച്ചും തുടച്ചും പാത്രം കഴുകിയും മോളെ വളർത്തി..

'മോളെ നെഞ്ചോട് ചേർത്തുറങ്ങി ഞാനെന്റെ സ്വപ്നങ്ങൾക്ക് നിറം പകർന്നു..
വലിയ വീടുകളിലെ ഒരാളും ഒരിക്കൽ പോലും കടന്ന് ചെന്നിട്ടില്ലാത്ത വലിയ റൂമുകളിൽ ഞാനെന്റെ സങ്കടം കരഞ്ഞു തീർത്തു..
രണ്ട് പേർക്കൊക്കെ താമസിക്കാൻ എന്തിനാ ഇത്ര വലിയ വീടെന്ന് പലപ്പോഴും ആലോചിട്ടുണ്ട്..

'ഇപ്പൊ മനസ്സിലായി അതെന്തിനാണ് എന്ന്..
തന്നെ പോലെ അവിടം അടിച്ചു തുടക്കാൻ ചെല്ലുന്നവർക്ക് സ്വാതന്ത്ര്യത്തോടെ പൊട്ടി കരയാൻ ആണെന്ന്...!

'നോട്ടം കൊണ്ടും വാഗ്ദാനങ്ങൾ കൊണ്ടും പലരും പ്രലോഭിപ്പിക്കുന്നുണ്ട്..
എങ്കിലും ഉപദ്രവം ഉണ്ടായിട്ടില്ല..

'വീടുകളിലെ ചില ആണുങ്ങൾക്ക് ഞാനൊന്ന് സമ്മതം മൂളിയാൽ സ്വന്തമായി ഒരു വീട് വരെ പണി കഴിച്ചു തരാം എന്ന് വരെ പറഞ്ഞിട്ടും
ഒന്നിലും വീണില്ല..

ഉള്ളത് കൊണ്ട് സന്തോഷത്തോടെ ജീവിച്ചു പോന്നു..

'എപ്പോഴാണ് സ്വപ്നങ്ങൾക്ക് മേലെ കരിനിഴൽ വീണത്..
എപ്പോഴാണ് നെഞ്ചിലേക്ക് ഒരുൾക്ക വന്നടിച്ചു ചിതറിയത്...

'ഒന്നോർമ്മയുണ്ട്..
ഒരു പക്ഷി കുഞ്ഞിന്റെ അത്രയും ഭാരം ഇല്ലാതെ എന്റെ മോൾ  എന്റെ കൈകളിൽ തളർന്ന് വീണത്..

'നേരം പുലർന്നിട്ടും എഴുന്നേൽക്കാതിരുന്ന മോളെ വിളിക്കാൻ ചെന്നപ്പോൾ ആണ് പ്രാണൻ തൊണ്ടകുഴിയിൽ കുടുങ്ങി കണ്ണുകൾ മേല്പോട്ട് മറിഞ്ഞു എന്റെ മോൾ..

'ആരെ വിളിക്കണം ആരോട് പറയണം..
എന്റെ മോളെ എനിക്ക് വേണം..
വെളിച്ചമില്ലാത്ത ആ ഒറ്റമുറിയിൽ സ്വന്തം  നിഴൽ പോലും കൂട്ടിനില്ലാതെ ഞാൻ ചങ്ക് പൊട്ടി വിളിച്ചു..

'പടച്ചവനേ.. !

'അപ്പോഴേക്കും ആളുകൾ ഓടി കൂടി ..
ആശുപത്രിയിലേക്ക് മോളെയും കൂട്ടിപിടിച്ചു ഓടുമ്പോൾ..
ഒളിഞ്ഞും തെളിഞ്ഞും ആളുകൾ പറഞ്ഞു..

'എന്തിനാ അതിനെ ഇനി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുന്നത്..
കൊണ്ട് പോയാലും വെള്ളപുതപ്പിച്ചേകൊണ്ട് വരൂ..
അതിന്റെ കണ്ണിൽ മരണമുണ്ട്.. !
എന്നുവരെ പറഞ്ഞു കളഞ്ഞു.. !

'ഹോസ്പിറ്റലിലെ പരിശോധനകൾ ,ടെസ്റ്റുകൾ..
എല്ലാത്തിനും ഒടുവിൽ അവർ കണ്ടെത്തി...
നിങ്ങളുടെ മോൾക്ക് അർബുദം എന്ന മഹാമേരി ആണെന്ന്..

'ആരുടെ ചുമലിലേക്ക് ഞാൻ വീഴണം..
അല്ലെങ്കിൽ എനിക്കൊന്നു തളർന്നു വീഴാൻ പറ്റുമോ..
ഇല്ല പറ്റില്ല
ഞാൻ വീണാൽ ഞാൻ തളർന്നാൽ ആര് കാണാൻ ആര് താങ്ങാൻ..!
ഇല്ല ഞാൻ ഒരു ശില പോലെ നിന്നു..
അപ്പോൾ ഡോക്ടറുടെ ശബ്ദം എന്റെ ചെവിയിലൂടെ ഒരു മൂർക്കൻ പാമ്പിനെ പോലെ ഇഴഞ്ഞു പോയി...

'രണ്ടു ലക്ഷം രൂപ കെട്ടി വെക്കണം..
തുടർ ചികിത്സക്ക്...

'ഇപ്രാവശ്യം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല..
തളർന്നു വീണു..
ഡോക്ടറുടെ കാലിലേക്ക്..

'വീട്ടു പണിക്ക് പോയി കുടുംബം പോറ്റുന്നവൾ ആണ്..
ഞാൻ ഇത്രയും പൈസ ഇന്ന് വരെ കണ്ടിട്ടുപോലുമില്ല..
എനിക്കെന്റെ മോളെ വേണം..

'ചർച്ചകൾ തീരുമാനങ്ങൾ അവസാനം ആ ഡോക്ടർ ദൈവമായി മാറി..
അയാളുടെ കരുണ
എന്റെ മോൾക്ക് മേൽ വർഷിച്ചു

'ഒരു ലക്ഷം ഡോക്ടർ എടുക്കും അമ്പതിനായിരം നഴ്‌സുമാർ പിരിവെടുത്ത് എടുക്കും
ബാക്കി അമ്പതിനായിരം
രൂപ നിങ്ങൾ തരൂ ...!
സിസ്റ്റർ വന്നു പറഞ്ഞു...

'അന്ന് മോളെ ഹോസ്പിറ്റലിലാക്കി ഞാൻ നേരെ ഓടി..
എനിക്ക് വീട് വേണമെങ്കിലും പണി കഴിപ്പിച്ചു തരാം എന്ന് പറഞ്ഞ മുതലാളിയുടെ അടുത്തേക്ക്...

'തല കുമ്പിട്ടു നിന്ന് അയാളോട് കാര്യങ്ങൾ പറഞ്ഞു..
അയാൾ ഒന്നും മിണ്ടാതെ അകത്ത് പോയി പൈസ എടുത്ത് വന്നു കൈയ്യിൽ തന്നു..

'അതിനു മുമ്പ് എന്റെ വാരിയെല്ലുകൾ പൊട്ടും വിധം അയാൾ എന്നെ വരിഞ്ഞു മുറുക്കി..
മോളുടെ അസുഖം മാറി നീ വരുന്നതും കാത്ത് ഞാൻ ഇരിക്കും എന്ന് അയാൾ ചെവിയിൽ പറഞ്ഞു..

'അവിടെ നിന്ന് പോരുമ്പോൾ വറ്റിയ എന്റെ തൊണ്ട നനച്ചത് കണ്ണുനീരിന്റെ കൂടെ അയാൾ കടിച്ചു പൊട്ടിച്ച ചുണ്ടിലെ ചോര കൂടി ആയിരുന്നു..!

'ചികിത്സ തുടങ്ങിയപ്പോൾ മോൾക്ക് വേദന കൂടി കൂടി വന്നു..

'ചെറിയ ഒരു ശബ്ദം പോലും അവൾക്ക് കേൾക്കാൻ വയ്യെന്നായി..
ഒരു മാസത്തോളം ഊണും ഉറക്കവുമില്ലാതെ  ഞാൻ അവൾക്ക് കാവലിരുന്നു..

'ചില രാത്രികളിൽ അവൾ ശ്വാസം വലിക്കുന്നത് പോലും കേൾക്കാൻ വയ്യാത്ത അത്രയും നേർത്ത് പോകുമ്പോൾ
ഞാനവളുടെ പുറത്ത് അവൾ പോലും അറിയാതെ പതിയെ കൈ വെച്ച് നോക്കും..

'എന്തിനെന്ന് അറിയാമോ എന്റെ മോൾ ഒരു തുള്ളി വെള്ളം പോലും കിട്ടാതെ ഞാൻ പോലും അറിയാതെ മരിച്ചു പോകരുത് എന്ന് കരുതിയിട്ട്..

'അങ്ങനെ ആയിരുന്നു..
ആ ദിവസങ്ങൾ..

'ഉമ്മാ ഞാൻ പോകട്ടെ..
മോളുടെ ശബ്ദം ഉമ്മയുടെ ചിന്തകളെ ഉണർത്തി..

'അവൾ ബാഗും തോളിൽ തൂക്കി പോകുന്നതും നോക്കി ഉമ്മ നിന്നു..
റോഡിലേക്ക് തിരിയാൻ നേരം ഇനി അവളുടെ ഒരു തിരിഞ്ഞു നോട്ടം ഉണ്ട്...
അപ്പോൾ അവളുടെ ചിരി ഒന്ന് കാണണം..
ആദ്യമായി അവൾക്ക് പല്ല് വന്നപ്പോൾ ചിരിച്ച അതേ ചിരി..
ആ ചിരിയും തന്നു അവൾ മറഞ്ഞു..

'അന്ന് എല്ലാം ഭേദമായി വീട്ടിൽ എത്തുമ്പോൾ അവൾ ആകെ മാറിയിരുന്നു..
മുടി മുക്കാൽ ഭാഗം പോയിരുന്നു..
എങ്കിലും എന്റെ മോളെ എനിക്ക് കിട്ടി..
അപ്പോഴും ഡോക്ടർ പറഞ്ഞ ഒരു കാര്യം ഇപ്പോഴും നെഞ്ചിൽ തറച്ചു നിൽക്കുന്നു..
അസുഖം ഒരു പക്ഷേ വീണ്ടും വന്നേക്കാം ശ്രദ്ധിക്കണം എന്ന്...
മൂന്നു വർഷങ്ങൾ കഴിഞ്ഞു..
അതിന് ശേഷം ഒന്നും ഉണ്ടായിട്ടില്ല..
മുടിയും സൗന്ദര്യവും പഴയതിനേക്കാൾ കൂടുതൽ തിരിച്ചു വന്നു..

'ഒരു പ്രണയം അവളെ മോഹിപ്പിച്ചു കടന്നു പോയാൽ എനിക്ക് നഷ്ടമാകുന്നത് എന്റെ മോളെ ആയിരിക്കും..

'മറ്റുള്ളതെല്ലാം എനിക്ക് നഷ്ടമായി..
അയാൾക്ക് ആവശ്യമുള്ളപ്പോൾ ഒക്കെ ചിലപ്പോൾ ഈ വീട്ടിലേക്ക് വരെ മുതലാളി കടന്നു വന്നു..
അമ്പതിനായിരത്തിന്റെ മൂല്യം എന്റെ  ശരീരത്തിൽ നിന്ന് ,മേദ സുഖത്തിലൂടെ തിരിച്ചെടുക്കാൻ.. !

'അന്ന് ഞാൻ വീട്ടു പണിക്ക് ഒന്നും പോയില്ല..
ഉടുത്തൊരുങ്ങി നേരെ വെച്ച് പിടിച്ചു മകൾ ജോലി ചെയ്യുന്ന ഇന്റർനെറ്റ് കഫേയിലേക്ക്..

'മകൾ പറഞ്ഞ ആളെ കണ്ടെത്തി..
ചെറുപ്പക്കാരുടെ ഭാഷയിൽ പറഞ്ഞാൽ 'ഫ്രീക്കൻ..

'അബു എന്നാണ് അവന്റെ പേര്..
സോഫ്റ്റ്‌വെയർ എൻജിനീയർ മകളെ അവന് ഇഷ്ടമാണ് എന്ന് അവൻ ഉമ്മയോടും  പറഞ്ഞു..

'ഉമ്മ അവനോട് അവരുടെ ജീവിതം പറഞ്ഞു..
ഒരു പച്ച മരം നിന്ന് കത്തും പോലെ ആ ഉമ്മ അവനോട് എല്ലാം പറഞ്ഞു...
ഇടക്കെല്ലാം പൊട്ടി ചീറ്റി കൊണ്ട്..

'അവനൊന്നും മിണ്ടാതെ കേട്ട് നിന്നു...
പോരാൻ നേരം ആ ഉമ്മ ഒന്ന് കൂടി പറഞ്ഞു..

'ഞങ്ങളുടേത് ചെറിയ ഒരു തോണിയാണ് ചെറിയ സ്വപ്നങ്ങളും..
തുഴയാനും യാത്ര ചെയ്യാനും ഞങ്ങൾ മാത്രം..

'ഒരാൾ മുങ്ങിയാൽ പിന്നെ തോണിയും തുഴയും തുഴക്കാരനും ഒന്നും ബാക്കിയുണ്ടാകില്ല...

'ഉമ്മ വീട്ടിലേക്ക് പോന്നു..
മകളോട് അബുവിനെ കണ്ടതിനെ കുറിച്ചൊന്നും പറഞ്ഞില്ല...

'അതിന് ശേഷം അവൾ അബുവിനെ കുറിച്ചൊന്നും  പറഞ്ഞിട്ടില്ല അവൻ ജോലി സ്ഥലത്തേക്ക് പോയി പോലും..
ഇടക്കൊക്കെ വിളിക്കാറുണ്ട് എന്നും..
ഉമ്മ ഒന്നും പറഞ്ഞില്ല..
ആ വിളിയിൽ അവൾക്ക് എന്തെങ്കിലും സന്തോഷം കിട്ടുന്നുണ്ടെങ്കിൽ ആയിക്കോട്ടെ എന്ന് കരുതി..
എപ്പോൾ വേണമെങ്കിലും കെട്ടു പോയേക്കാവുന്ന കൽ വിളക്കിന് ഇനി എത്ര മുൻ കരുതൽ..

'ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നു പോയി..

'അതിനിടയിൽ മോൾക്ക് ഒരു പനി വന്നു..
ഡോക്ടറെ കാണിച്ചിട്ടും മരുന്ന് കഴിച്ചിട്ടും ഭേദമാകുന്നില്ല..
അവൾ ഓരോ ദിവസം കൂടും തോറും ക്ഷീണിച്ചു വന്നു..

'മുന്നേ കാണിച്ച ഡോക്ടറുടെ അടുത്തേക്ക് തന്നെ ഓടി..
പരിശോധനയെല്ലാം കഴിഞ്ഞ ഡോക്ടർ ആ സത്യം പറഞ്ഞു..

'ഇരുട്ടിൽ ഒളിച്ചു നിന്ന മരണത്തിന്റെ നിഴൽ വെളിച്ചത്തിലേക്ക് വന്നിരിക്കുന്നു.. !

'ഇപ്രാവശ്യം ഡോക്ടർ പോലും പ്രതീക്ഷ കൈ വിട്ടു..
ചികിത്സിക്കാം നോ ഗാരന്റി..

'വീണ്ടും പൈസ കെട്ടി വെക്കണം ഇനി എവിടേക്ക് ഓടും..
ഈ ശരീരം ആവശ്യമുള്ളവർ ഇനി ആരുണ്ട്..
മനസ്സ് മരവിച്ചു ശിലയായി
 മാറിയ ഈ ശരീരം ആർക്കെങ്കിലും വേണോ..
എങ്കിൽ വരൂ എനിക്ക് കുറച്ചു പൈസ വേണം...

'അവൾ ശബ്ദമില്ലാതെ കരഞ്ഞു..
ഹോസ്പിറ്റലിലെ ശീതീകരിച്ച മുറിയിൽ തന്നെയും നോക്കി കിടക്കുന്ന മോളെയും നോക്കിക്കൊണ്ട്..

'അവൾഎവിടേക്കും പോയില്ല നാളെ പോകാം..
എവിടെ നിന്നെങ്കിലും പൈസ സംഘടിപ്പിക്കാം എന്ന സമാധാനത്തിൽ അവിടെ തന്നെ നിന്നു മോളെയും നോക്കി കൊണ്ട്..

'രാവിലെ നിന്ന നിൽപ്പ് ഉച്ചക്കും വൈകുന്നേരവും നിന്നു...
അന്ന് എല്ലാത്തിനും കൂടെ നിന്ന നഴ്സ് ഉമ്മയോട് ചോറ് തിന്നാൻ പറഞ്ഞെങ്കിലും കഴിച്ചില്ല...

'ഡോക്ടർ നഴ്‌സിനോട് രണ്ടോ മൂന്നോ ദിവസം കൂടിയേ ആ കുട്ടിക്ക് ഈ വേദന അനുഭവിക്കേണ്ടി വരൂ..
എന്ന് പറയുന്നത് ആ ഉമ്മയും കേട്ടിരുന്നു..

'സിസ്റ്ററെ എന്റെ മോളെ എനിക്കൊന്നു കാണണം അവളുടെ അടുത്ത് കുറച്ചു നേരം ഇരിക്കണം..
അല്ലെങ്കിൽ എന്നോട് യാത്ര പറയാതെ അവൾ പോകും..
പൈസ ഞാൻ നാളെ അടക്കാം...

'ഉമ്മ സിസ്റ്ററുടെ മുന്നിൽ വിതുമ്പി..
പൈസയൊക്കെ അടച്ചു..
ആ നിൽക്കുന്ന ആൾ അവർക്കും കാണാൻ പറ്റുമോ എന്ന് ചോദിച്ചിട്ടുണ്ട്...

'കണ്ണ് നീർ നിറഞ്ഞു കാഴ്ച മങ്ങിയ കണ്ണുമായി സിസ്റ്റർ ചൂണ്ടികാണിച്ച ആളെ കാണാൻ ഉമ്മ അങ്ങോട്ട് നോക്കി...

'അബു.... !

'നെഞ്ചിൽ  പിണച്ചു കെട്ടിയ കൈകൾ അഴിച്ചിട്ട് അബു അവരുടെ അടുത്തേക്ക് വന്നു..

'ഉമ്മ അബുവിനെ ചേർത്ത് പിടിച്ചു...
അങ്ങനെ ചേർന്ന് രണ്ടു പേരും മകളുടെ അടുത്തേക്ക്..
അവൾ ഉമ്മയെയും അബുവിനെയും മാറി മാറി നോക്കി..
അവളുടെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു..
ആദ്യമായി പല്ല് മുളച്ചപ്പോൾ ചിരിച്ച അതെ ചിരി..
നിഷ്കളങ്കമായ അതെ പുഞ്ചിരി...

'ശീതീകരിച്ച മുറിയുടെ തണുപ്പാണോ മരണത്തിന്റെ തണുപ്പാണോ ആ മുറി ഘനീഭവിച്ചു നിന്നു...

'സിസ്റ്റർ അവരോട് പുറത്ത് പോകാൻ പറഞ്ഞപ്പോഴും ആ തണുപ്പും അവരോടൊപ്പം പുറത്തേക്ക് പോന്നിരുന്നു...

'അതെ ഡോക്ടർ പറഞ്ഞ ദിവസത്തേക്കാളും മുന്നേ അവൾ പോയി വേദന ഇല്ലാത്ത ലോകത്തേക്ക്..
അതിന് മുമ്പ് ജീവിത നൗക തുഴയാൻ ഉമ്മാക് ഒരു മകനെ അവൾ കണ്ടെത്തി കൊടുത്തു..
ഫ്രീക്കനായ അബുവിനെ..

സ്നേഹത്തോടെ...
Abdulla Melethil

Follow Now....
To Top